പ്രതികരണശേഷിയുള്ള സമൂഹമാണ് എല്ലാകാലത്തും ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നത്. ജനാധിപത്യത്തിന്റെ പൊതു സിദ്ധാന്തങ്ങളിൽ വരുന്ന ഒരു കാര്യമാണിത്. ഈ ആശയത്തെ മുൻനിർത്തി തന്നെയാണ് അടിസ്ഥാനപരമായി രാഷ്ട്രീയപാർട്ടികളും സംഘടനകളും ഗ്രൂപ്പുകളും എല്ലാം പ്രവർത്തിക്കുന്നത്. ഭരണകൂടത്തിന്റെ അധികാര ദുഷ്പ്രവണതകളെ ചോദ്യം ചെയ്യുക, എല്ലാ വിഭാഗം ജനങ്ങൾക്കും സാമൂഹികനീതിയും തുല്യതയും ഉറപ്പുവരുത്തുക, ഭരണത്തിന്റെ ആനുകൂല്യങ്ങൾ നീതിപൂർവമായി വിതരണം ചെയ്യുന്നുണ്ട് എന്ന് ഉറപ്പുവരുത്തുക എന്നിവയെല്ലാം ക്രിയാത്മകമായി പരിശോധിക്കുന്നത്, ചോദ്യം ചെയ്യുന്നത്, തിരുത്തൽ ശക്തിയാവുന്നത് എല്ലാം ഇത്തരം പ്രതികരണങ്ങളിലൂടെയാണ്.
ഇന്ത്യ പോലെ വിശാലമായ ജനാധിപത്യരാജ്യത്ത് ‘മൾട്ടി പാർട്ടി സിസ്റ്റം’ ശക്തമായി നിലനിൽക്കുന്ന രാഷ്ട്രീയവ്യവസ്ഥിതിയിൽ, സമൂഹത്തിന്റെ ബഹുഭൂരിപക്ഷം പ്രതികരണങ്ങളും ഒരു രാഷ്ട്രീയ പാർട്ടിയുടെ കാമ്പയിനുകളോ പരിപാടികളോ ആയി വരുന്നുണ്ട് എന്നത് ഒരു സവിശേഷതയാണ്. ഭരണപക്ഷത്തും പ്രതിപക്ഷത്തും ഇരിക്കുന്ന സമയങ്ങളിൽ രാഷ്ട്രീയപാർട്ടികൾ എടുക്കുന്ന നിലപാടുകളിലെ വ്യത്യാസങ്ങൾ, നയങ്ങൾ എന്നിവയെ മുൻനിർത്തിയാണ് ജനങ്ങളെ കൂടെ നിർത്തുന്നതിലും പോപ്പുലർ ക്യാമ്പയിൻ സൃഷ്ടിക്കുന്നതിലും രാഷ്ട്രീയപാർട്ടികൾ എത്രത്തോളം വിജയിച്ചു എന്ന് മനസ്സിലാക്കാൻ കഴിയുക. എന്നാൽ അധികാരത്തിന്റെ കിട മത്സരങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്ക് പലപ്പോഴും ജനങ്ങളുടെ ഇത്തരം പ്രശ്നങ്ങൾ ഏറ്റെടുക്കാൻ കഴിയുന്നുണ്ടോ എന്ന കാര്യം വിമർശനവിധേയമായി പരിശോധിക്കപ്പെടേണ്ടതാണ്.
ഇത്തരം സന്ദർഭങ്ങളിൽ തന്നെയാണ് സമൂഹത്തിൽ പലതരം പൊതുജനഗ്രൂപ്പുകൾ രൂപം കൊള്ളുന്നത്. ഏതെങ്കിലും സാമൂഹിക വിഷയങ്ങളെ മുൻനിർത്തി ആദ്യം ഒരു ഇൻട്രസ്റ്റ് ഗ്രൂപ്പായി പ്രവർത്തിക്കുകയും പിന്നീട് വിശാലമായ ഇന്ത്യൻ സാമൂഹിക ഭൂപടത്തിലേക്ക് ഇറങ്ങുകയും ചെയ്യുന്ന ശൈലിയാണ് ഇത്തരം സാമൂഹിക സംഘടനകളും പോപ്പുലർ ഗ്രൂപ്പുകളും മുന്നോട്ടുവയ്ക്കുന്ന ശൈലി. എന്നാൽ ഇവയുടെ വളർച്ചയുടെ ചരിത്രം പരിശോധിക്കുമ്പോൾ പല സംഘടനകളും ഉദ്ദേശലക്ഷ്യങ്ങളിൽ നിന്ന് മാറി, രാഷ്ട്രീയ പാർട്ടിയായി, ഭരണകൂടരാഷ്ട്രീയം തെരഞ്ഞെടുക്കാറുണ്ട്. ഇന്ത്യയുടെ സവിശേഷ സാഹചര്യത്തിൽ രാജ്യത്താകമാനം സ്വാധീനശക്തിയാകാൻ കഴിയുന്ന ഇത്തരം മൂവ്മെന്റുകൾ അത്ര പ്രബല സ്വാധീനമായി വരാറില്ല.

അധികാരമുപയോഗിച്ച് ഭരണകൂടം പൊതുനീതിയെ ചോദ്യം ചെയ്യുന്ന ഘട്ടങ്ങളിൽ ശക്തമായ പ്രതികരണങ്ങൾ, പ്രതിഷേധങ്ങൾ ഉയർന്നു വരേണ്ടത് നീതിപൂർവ്വമായ മുന്നോട്ടുപോക്കിന് ആവശ്യമാണ്. അരാഷ്ട്രീയവാദികൾ എന്ന് പൊതുവിൽ വിളിക്കപ്പെടുന്ന പുതുതലമുറയിലാണ് ഇത്തരം സോഷ്യൽ ഗ്രൂപ്പുകളുടെ സ്വാധീനം ശക്തമായി ഉണ്ടാകുന്നത്. വിവരസാങ്കേതികവിദ്യയുടെ പുതിയ കാലത്ത് സോഷ്യൽ മീഡിയ പോലുള്ള ഇടങ്ങളാണ് പലപ്പോഴും ഇത്തരം ഗ്രൂപ്പുകൾക്ക് ജന്മം നൽകുന്നത്. രാഷ്ട്രീയത്തിൽ ഇടപെടാൻ ഒരു രാഷ്ട്രീയപാർട്ടിയിലെ അംഗത്വം ആവശ്യമില്ല എന്ന സാമാന്യ രാഷ്ട്രീയ കാഴ്ചപ്പാട് ആ തലമുറയ്ക്കുണ്ട് എന്നതാണ് അതിന്റെ അർത്ഥം. പരമ്പരാഗത രാഷ്ട്രീയ പാർട്ടികളിൽ വിശ്വാസം നഷ്ടപ്പെടുന്ന സാഹചര്യത്തിൽ തങ്ങളുടെ ശബ്ദം അധികാരകേന്ദ്രങ്ങളിലേക്ക് എത്തിക്കാൻ സോഷ്യൽ ഗ്രൂപ്പുകളിലൂടെ സാധിക്കും എന്ന് അവർ വിശ്വസിക്കുന്നു. ജെൻസി തലമുറയുടെ ഇത്തരം പ്രതികരണങ്ങളുടെ ഫലമാണ് ഈയിടെ ഉയർന്നുവന്ന പോപ്പുലർ സോഷ്യൽ ഗ്രൂപ്പായ കോക്കറോച്ച് ജനതാപാർട്ടി (CJP). ഒരു സോഷ്യൽ മീഡിയ ട്രെൻഡ് ആയുള്ള ആ വരവിനുപിന്നിൽ ശക്തമായ ഒരു കാരണമുണ്ട്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ഇന്ത്യയിലെ യുവാക്കളെക്കുറിച്ച് നടത്തിയ ഒരു പരാമർശം: ഇന്ത്യയിൽ ഒരു പണിയുമില്ലാത്ത കുറെ ചെറുപ്പക്കാരുണ്ടെന്നും അവർ പാരസൈറ്റുകളാണെന്നും പാറ്റകളാണെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് ഈ വിഷയത്തിൽ വ്യക്തത നൽകാൻ അദ്ദേഹം ശ്രമിച്ചു. താൻ ഉദ്ദേശിച്ചത് വ്യാജ സർട്ടിഫിക്കറ്റുകളുമായി നടക്കുന്നവരെയാണെന്നും എല്ലാ യുവാക്കളെയും അല്ല എന്നും യുവാക്കൾ ഇന്ത്യയുടെ വളർച്ചയുടെ മുഖ്യ പങ്കാളികളാണെന്നും വിശദീകരണമുണ്ടായി.
നീറ്റ് ചോദ്യപേപ്പർചോർച്ച മുതൽ CBSE പ്ലസ് ടുവിലെ ക്രമക്കേട് വരെയുള്ള, വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങളാണ് ഇപ്പോൾ CJP എന്ന ഗ്രൂപ്പ് ഏറ്റെടുത്തിരിക്കുന്നത്.
പക്ഷേ ഇതിനിടയിൽ ഒളിഞ്ഞിരിക്കുന്ന ഒരു ഇന്ത്യൻ യാഥാർത്ഥ്യമുണ്ട്. അഭ്യസ്തവിദ്യരായിട്ടും യുവാക്കൾ തൊഴിലില്ലാതെ ജീവിക്കാൻ കഷ്ടപ്പെടുന്നുണ്ട്. വേണ്ടത്ര തൊഴിലവസരമില്ലാത്ത ഒരു രാജ്യത്ത്, വിലക്കയറ്റം ഉൾപ്പെടെയുള്ള സാമൂഹിക പ്രശ്നങ്ങൾ ശക്തമായി നിലനിൽക്കുന്ന ഒരു സമൂഹത്തിൽ, ഭരണകൂടനയങ്ങളെ ചോദ്യം ചെയ്യുന്ന യുവതലമുറയെ പാറ്റകൾ എന്ന് വിശേഷിപ്പിക്കുന്നത് യുവാക്കൾ വൈകാരികമായി എടുത്താൽ അതിനെ തെറ്റ് പറയാൻ കഴിയില്ല. ഈ സാധ്യത തന്നെയാണ് CJP- യെ പ്രസക്തമാക്കുന്നത്.
ചീഫ് ജസ്റ്റിസിന്റെ പരാമർശത്തിന് തൊട്ടടുത്ത ദിവസം അമേരിക്കയിലെ ബോസ്റ്റൺ സർവകലാശാലയിലെ ഇന്ത്യൻ വിദ്യാർത്ഥി മുപ്പത് വയസ്സുകാരനായ അഭിജിത് ദീപ്കെ നടത്തിയ ട്വീറ്റിലെ, ‘പാറ്റകളെല്ലാം ഒരുമിച്ചുവന്നാൽ’ എന്ന ഒറ്റവരിയുടെ തുടർച്ചയായാണ് CJP എന്ന സോഷ്യൽ മീഡിയ അക്കൗണ്ടും വെബ്സൈറ്റും ആരംഭിച്ചത്. ദിവസങ്ങൾക്കകം അതിശക്തമായ പിന്തുണയാണ് ഈ സോഷ്യൽ മീഡിയ പേജുകൾക്ക് ലഭിച്ചത്. ഒരു പൊളിറ്റിക്കൽ സെറ്റയർ എന്ന നിലയിലാണ് രാഷ്ട്രീയ വിജ്ഞാനസമൂഹം ഇതിനെ കണ്ടത്. ഇൻസ്റ്റഗ്രാം പോലെയുള്ള നവമാധ്യമങ്ങളുടെ ചരിത്രത്തിൽ കുറഞ്ഞ ദിവസം കൊണ്ട് ഏറ്റവും അധികം ഫോളോവേഴ്സ് ഉണ്ടാകുന്ന അക്കൗണ്ടായി ഇത് മാറി. ഒറ്റനോട്ടത്തിൽ ഹാസ്യാത്മകമായി തോന്നുന്നതും എന്നാൽ സൂക്ഷ്മാർത്ഥത്തിൽ അതിശക്തമായ രാഷ്ട്രീയസന്ദേശം കൈമാറുന്നതുമായ ചില ക്യാമ്പയിനുകൾ സി ജെ പി മുന്നോട്ടുവയ്ക്കുന്നതായി കാണാം. ദിവസങ്ങൾക്കു ശേഷം സി ജെ പി അഞ്ച് ആവശ്യങ്ങളടങ്ങിയ മാനിഫെസ്റ്റോ പുറത്തിറക്കി.

നീറ്റ് ചോദ്യപേപ്പർചോർച്ച മുതൽ CBSE പ്ലസ് ടുവിലെ ക്രമക്കേട് വരെയുള്ള, വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങളാണ് ഇപ്പോൾ ഈ ഗ്രൂപ്പ് ഏറ്റെടുത്തിരിക്കുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെയും മന്ത്രാലയത്തെയും അവരുടെ പ്രവർത്തനത്തിലെ വീഴ്ചകൾ ചൂണ്ടിക്കാണിച്ചാണ് ഈ സംഘടന അതിന്റെ ആദ്യ രാഷ്ട്രീയ ക്യാമ്പയിൻ പ്രഖ്യാപിച്ചത്. വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജൂൺ ആറിന് ദൽഹിയിലെ ജന്തർ മന്ദറിൽ സി.ജെ.പി പ്രതിഷേധം സംഘടിപ്പിക്കുകയാണ്.
പരമ്പരാഗത രാഷ്ട്രീയപാർട്ടികളും ഭരണകൂടങ്ങളും പരിഗണിക്കാത്ത പുതിയ തലമുറയുടെ പ്രശ്നങ്ങളെ മുൻനിർത്തിയുള്ള ഇടപെടൽ, പുതിയ കാലത്ത് അനിവാര്യമായ ഒരു രാഷ്ട്രീയപ്രവർത്തനം കൂടിയാണ്.
CJP കാമ്പയിന് വർധിച്ചുവരുന്ന പിന്തുണ കേന്ദ്ര സർക്കാരിനെ അസ്വസ്ഥമാക്കുന്നുണ്ട്. ഇടതുപക്ഷം ഔദ്യോഗിക നിലപാട് പറഞ്ഞിട്ടില്ലെങ്കിലും ചില ഇടതുപക്ഷനേതാക്കൾ CJP മുന്നോട്ടുവയ്ക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യേണ്ടവയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കോൺഗ്രസും ഈ മൂവ്മെന്റിനെ സൂക്ഷ്മമായി നിരീക്ഷിക്കുന്നു. പൊളിറ്റിക്കൽ സറ്റയർ എന്നതിലുപരി യുവാക്കൾക്കിടയിൽ പൊതുചലനം സൃഷ്ടിക്കാൻ ഈ ഗ്രൂപ്പിന് കഴിയുന്നുണ്ട് എന്ന കാര്യത്തിൽ സംശയമില്ല.
പരമ്പരാഗത രാഷ്ട്രീയപാർട്ടികളും ഭരണകൂടങ്ങളും പരിഗണിക്കാത്ത പുതിയ തലമുറയുടെ പ്രശ്നങ്ങളെ മുൻനിർത്തിയുള്ള ഇടപെടൽ, പുതിയ കാലത്ത് അനിവാര്യമായ ഒരു രാഷ്ട്രീയപ്രവർത്തനം കൂടിയാണ്. അതുകൊണ്ടുതന്നെ, കൃത്യമായ രാഷ്ട്രീയമുദ്രാവാക്യങ്ങളുയർത്തുന്ന പുതിയ ഗ്രൂപ്പുകൾ ഉണ്ടാകുന്നത് കൂടുതൽ മെച്ചപ്പെട്ട നിലയിലേക്ക് സമൂഹത്തെ നയിക്കുകയെയുള്ളൂ. പക്ഷേ ഇത്തരം ഗ്രൂപ്പുകൾ അരാഷ്ട്രീയ വഴികളിലേക്ക് സഞ്ചരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനവില്ല. ഭരണകൂട രാഷ്ട്രീയത്തെ മൊത്തത്തിൽ വിമർശിക്കുന്ന അരാഷ്ട്രീയവാദവും ഇത്തരം ഗ്രൂപ്പുകളുടെ വൈകാരികരാഷ്ട്രീയവും തമ്മിൽ അധികം അകലമില്ല. അതേസമയം, യുവാക്കളുടെ ക്രിയാത്മക ഇടപെടലുകളെ രാഷ്ട്രീയമായി ചാനലൈസ് ചെയ്യാനുള്ള ശ്രമമെന്ന നിലയ്ക്ക് ഇത്തരം ഗ്രൂപ്പുകൾ സഹായിക്കുമെങ്കിൽ അത് തീർച്ചയായും നല്ലതുതന്നെയാണ്.

ഭാവിസമൂഹം സൃഷ്ടിക്കുന്നവരാണ് പുതിയ തലമുറ. അതുകൊണ്ടുതന്നെ അവർക്ക് കൃത്യമായ ദിശാബോധമുണ്ടാവേണ്ടതുണ്ട്. ആ ഇടങ്ങൾ രാഷ്ട്രീയപാർട്ടികൾ നഷ്ടപ്പെടുത്തുമ്പോഴാണ് ഇത്തരം സോഷ്യൽ ഗ്രൂപ്പുകൾക്ക് ഉയർന്നു വരാനുള്ള ഇടം ലഭിക്കുന്നത്. ഈ പ്രശ്നം ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികളും അഡ്രസ് ചെയ്യേണ്ടതുണ്ട്. ഒരു പോപ്പുലർ ഗ്രൂപ്പിനെ സൃഷ്ടിക്കുന്ന അരാഷ്ട്രീയ സംഘടനകയായി മാറാതെ, വരുംകാല സമൂഹത്തിന് ഗുണകരമായ രീതിയിൽ പ്രവർത്തിക്കാൻ കഴിയുന്ന സോഷ്യൽ ഗ്രൂപ്പായി പ്രവർത്തിക്കാൻ കോക്കറോച്ച് ജനതാപാർട്ടിക്കും കഴിയേണ്ടതുണ്ട്. ചുരുക്കത്തിൽ യുവാക്കളെ കൂടി പരിഗണിക്കുന്ന രാഷ്ട്രീയ സംസ്കാരവും നിയമനിർമ്മാണസംവിധാനവും ഒരു ജനാധിപത്യ രാജ്യത്തിൽ കൃത്യമായി പുലരേണ്ടത് വർത്തമാന സമൂഹത്തിന്റെ ആവശ്യം തന്നെയാണെന്ന കാര്യത്തിൽ സംശയമില്ല.
