സമഗ്ര ശിക്ഷാ കേരളം:
ഫണ്ട് നിഷേധത്തിന് പുറകിലുണ്ട്
ചില ‘കേന്ദ്ര പദ്ധതികൾ’

വിദ്യാഭ്യാസത്തിന്റെ ഒന്നും രണ്ടും തലമുറപ്രശ്നങ്ങളെ ഘട്ടംഘട്ടമായി പരിഹരിച്ച്, സങ്കീർണവും വെല്ലുവിളി നിറഞ്ഞതുമായ സമഗ്ര ഗുണമേൻമ എന്ന ലക്ഷ്യത്തിലേക്ക് ചുവടുവെച്ചു കൊണ്ടിരിക്കുന്ന കേരളത്തിന്റെ പരിശ്രമങ്ങളെയാണ് വിവേചന നിലപാടിലൂടെ കേന്ദ്രസർക്കാർ അട്ടിമറിക്കാൻ ശ്രമിക്കുന്നത്. ഡോ. എ.കെ. അബ്ദുൽ ഹക്കീം എഴുതുന്നു.

രാജ്യത്തെ മുഴുവൻ കുട്ടികൾക്കും ഗുണമേൻമയുള്ള സ്കൂൾ വിദ്യാഭ്യാസം ഉറപ്പാക്കുക എന്നതാണ് സമഗ്ര ശിക്ഷാ വിദ്യാഭ്യാസ പദ്ധതിയുടെ പ്രാഥമികലക്ഷ്യം. പ്രൈമറി വിദ്യാഭ്യാസത്തിനായുള്ള സർവ ശിക്ഷാ അഭിയാനും (SSA) സെക്കന്ററി വിദ്യാഭ്യാസത്തിനായുള്ള രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാനും (RMSA ) സംയോജിപ്പിച്ച്, പ്രീപ്രൈമറി മുതൽ ഹയർ സെക്കന്ററി വരെയുള്ള സ്കൂൾ വിദ്യാഭ്യാസ പദ്ധതിയായാണ് സമഗ്ര ശിക്ഷാ അഭിയാൻ (Samagra Shiksha Abhiyan- SSA) ആസൂത്രണം ചെയ്യപ്പെട്ടത്. കേന്ദ്രാവിഷ്കൃത പദ്ധതിയാണെങ്കിലും, സംസ്ഥാന സർക്കാറുകൾക്കാണ് നിർവഹണ ചുമതല എന്നതിനാൽ നടപ്പിലാക്കുന്ന സംസ്ഥാനത്തിന്റെ പേര് കൂടി ചേർത്താണ് പദ്ധതി അറിയപ്പെടുക. സമഗ്ര ശിക്ഷാ കേരളം (Samagra Shiksha Kerala) എന്നാണ് നമ്മുടെ സംസ്ഥാനത്തെ പദ്ധതിയുടെ പേരെങ്കിൽ തൊട്ടയൽപക്കത്ത് ഈ പദ്ധതിയുടെ പേര് സമഗ്ര ശിക്ഷാ തമിഴ്നാട് എന്നാണ്.

സംസ്ഥാനങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് അവർ തയാറാക്കി സമർപ്പിക്കുന്ന പ്ലാനും ബഡ്ജറ്റും പരിശോധിച്ച ശേഷമാണ് ഓരോ വർഷത്തെയും പദ്ധതികൾക്ക് കേന്ദ്രസർക്കാർ അംഗീകാരം നൽകുക. പ്രോജക്ട് അപ്രൂവൽ ബോർഡ് അംഗീകരിച്ച പദ്ധതികൾ നടപ്പിലാക്കാനാവശ്യമായ ബഡ്ജറ്റിന് മാത്രമാണ് അംഗീകാരം ലഭിക്കുക. അംഗീകരിക്കപ്പെട്ട ബഡ്ജറ്റിന്റെ 60 ശതമാനം കേന്ദ്രസർക്കാറും 40 ശതമാനം സംസ്ഥാന സർക്കാറുകളും വഹിക്കുന്ന രീതിയിലാണ് പ്രോജക്ടിന്റെ പ്രവർത്തനഘടന. സംസ്ഥാനങ്ങളുടെ ആവശ്യങ്ങളും പ്രശ്നങ്ങളും മനസിലാക്കി പ്ലാനുകൾ അംഗീകരിക്കുക എന്നതാണ് വ്യവസ്ഥയെങ്കിലും, പല തരത്തിലുള്ള താൽപര്യങ്ങളും അപ്രൈസൽ ഘട്ടത്തിൽ സ്വാധീനമായി വരാറുണ്ട് എന്നതാണ് വസ്തുത.

രാജ്യത്തെ മുഴുവൻ കുട്ടികൾക്കും ഗുണമേൻമയുള്ള സ്കൂൾ വിദ്യാഭ്യാസം ഉറപ്പാക്കുക എന്നതാണ് സമഗ്ര ശിക്ഷാ വിദ്യാഭ്യാസ പദ്ധതിയുടെ പ്രാഥമികലക്ഷ്യം.
രാജ്യത്തെ മുഴുവൻ കുട്ടികൾക്കും ഗുണമേൻമയുള്ള സ്കൂൾ വിദ്യാഭ്യാസം ഉറപ്പാക്കുക എന്നതാണ് സമഗ്ര ശിക്ഷാ വിദ്യാഭ്യാസ പദ്ധതിയുടെ പ്രാഥമികലക്ഷ്യം.

മാർച്ച് 31 ന് അവസാനിച്ച, 2024 - 25 സാമ്പത്തിക വർഷം കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങൾക്ക് ഒരു രൂപ പോലും സമഗ്ര ശിക്ഷാ പദ്ധതിക്കായി കേന്ദ്രസർക്കാർ അനുവദിച്ചിട്ടില്ല. എന്തുകൊണ്ടാണ് ഇങ്ങനെയൊരു വിവേചനം എന്ന കാര്യത്തിൽ ഗൗരവപ്പെട്ട ഒരു വിശദീകരണവും ഇതുവരെ ഉണ്ടായിട്ടുമില്ല. എന്തുകൊണ്ടാണ് ഈ മൂന്ന് സംസ്ഥാനങ്ങൾക്ക് മാത്രം ഫണ്ട് അനുവദിക്കാത്തത് എന്ന് രാജ്യസഭാ എം.പിയായ ജോൺ ബ്രിട്ടാസിന്റെ ചോദ്യത്തിന് വളരെ സാങ്കേതികമായ മറുപടി മാത്രമാണ് കേന്ദ്രമന്ത്രി ജയന്ത് ചൗധരി നൽകിയിരിക്കുന്നത്.

28 സംസ്ഥാനങ്ങൾക്കും എട്ട് കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി 45,830.21 കോടി വകയിരുത്തുകയും 27,833.50 കോടി രൂപ മാർച്ചിന് മുമ്പെ തന്നെ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. കേരളം, ബംഗാൾ, തമിഴ്നാട് സംസ്ഥാനങ്ങൾക്കുള്ള തുക മാത്രമാണ് പിടിച്ചുവെച്ചിരിക്കുന്നത്.

ഫണ്ട് അനുവദിക്കുന്നതിന് പലവിധ മാനദണ്ഡങ്ങളുണ്ട്. ചെലവുകൾ കൈകാര്യം ചെയ്യുന്ന വേഗത, ആനുപാതികമായ സംസ്ഥാന വിഹിതത്തിന്റെ രസീത്, ഓഡിറ്റ് ചെയ്ത അക്കൗണ്ടുകൾ, കുടിശ്ശികയുള്ള അഡ്വാൻസുകളെക്കുറിച്ചുള്ള വിവരങ്ങൾ, നിലവിലുള്ള ചെലവുകളെക്കുറിച്ചുള്ള വിവരങ്ങൾ, മുൻവർഷങ്ങളിലെ ഓഡിറ്റ് ചെലവുകൾ എന്നിവയെല്ലാം കൃത്യമായി സമർപ്പിക്കേണ്ടതുണ്ട്, ഇത് സമർപ്പിക്കുന്നതിൽ വന്നിരിക്കുന്ന വീഴ്ചയായിരിക്കാം ഫണ്ട് അനുവദിക്കുന്നത് വൈകുന്നതെന്ന മറുപടിയാണ് കേന്ദ്രമന്ത്രി നൽകുന്നത്. ഇത് വസ്തുതകൾക്ക് നിരക്കുന്നതല്ലെന്ന് സംസ്ഥാനം തെളിവു സഹിതം വിശദീകരിച്ചിട്ടുമുണ്ട്.

ഔദ്യോഗികമായി പുറത്തുവന്നിട്ടുള്ള രേഖകൾ പ്രകാരം കേരളത്തിന് 328.90 കോടി രൂപയും തമിഴ്നാടിന് 2151.60 കോടി രൂപയും ബംഗാളിന് 1745.80 കോടി രൂപയുമാണ് 2024-25 സാമ്പത്തികവർഷത്തിലെ പദ്ധതിയിനത്തിൽ കേന്ദ്രസർക്കാർ നൽകാനുള്ളത്. കഴിഞ്ഞ മൂന്ന് വർഷത്തെ കണക്കെടുത്താൽ 1186 കോടി രൂപ കുടിശികയാണെന്നാണ് കേരളത്തിന്റെ കണക്ക്.

എന്തുകൊണ്ടാണ് മൂന്ന് സംസ്ഥാനങ്ങൾക്ക് മാത്രം ഫണ്ട് അനുവദിക്കാത്തത് എന്ന് രാജ്യസഭാ എം.പിയായ ജോൺ ബ്രിട്ടാസിന്റെ ചോദ്യത്തിന് വളരെ സാങ്കേതികമായ മറുപടിയാണ് കേന്ദ്രമന്ത്രി ജയന്ത് ചൗധരി നൽകിയിരിക്കുന്നത്.
എന്തുകൊണ്ടാണ് മൂന്ന് സംസ്ഥാനങ്ങൾക്ക് മാത്രം ഫണ്ട് അനുവദിക്കാത്തത് എന്ന് രാജ്യസഭാ എം.പിയായ ജോൺ ബ്രിട്ടാസിന്റെ ചോദ്യത്തിന് വളരെ സാങ്കേതികമായ മറുപടിയാണ് കേന്ദ്രമന്ത്രി ജയന്ത് ചൗധരി നൽകിയിരിക്കുന്നത്.

ഈ മൂന്ന് സംസ്ഥാനങ്ങളൊഴികെ മറ്റെല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രം ഫണ്ട് നൽകിയിട്ടുമുണ്ട്. 28 സംസ്ഥാനങ്ങൾക്കും എട്ട് കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി 45,830.21 കോടി വകയിരുത്തുകയും 27,833.50 കോടി രൂപ മാർച്ചിന് മുമ്പെ തന്നെ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. കേരളം, ബംഗാൾ, തമിഴ്നാട് സംസ്ഥാനങ്ങൾക്കുള്ള തുക മാത്രമാണ് പിടിച്ചുവെച്ചിരിക്കുന്നത്. പദ്ധതിയിൽ ഏറ്റവും കൂടുതൽ തുക അനുവദിച്ചത് ഉത്തർപ്രദേശിനാണ്. 6971.26 കോടി രൂപ വകയിരുത്തിയതിൽ 4487.46 കോടി രൂപ യുപിക്ക് നൽകിക്കഴിഞ്ഞു. ആസാം, രാജസ്ഥാൻ, ഒഡീഷ മുതലായ സംസ്ഥാനങ്ങൾക്കും ആയിരക്കണക്കിന് കോടി രൂപ വകയിരുത്തി നൽകിയ സർക്കാർ, കൃത്യമായ രാഷ്ട്രീയലക്ഷ്യത്തോടെ മൂന്ന് സംസ്ഥാനങ്ങളെ മാത്രം ഒഴിവാക്കുകയായിരുന്നു എന്ന ആരോപണമാണ് ഉയർന്നിരിക്കുന്നത്.

യൂണിയൻ ബഡ്ജറ്റിൽ സംസ്ഥാനങ്ങൾക്ക് മാറ്റിവെച്ച പ്ലാൻ ഫണ്ടുകൾ മറ്റെന്തെങ്കിലും വ്യവസ്ഥകളുടെ പേരിൽ നൽകാതിരിക്കുക എന്നത് ഫെഡറൽ തത്വങ്ങളുടെ നഗ്നമായ ലംഘനമാണ്.

ദേശീയ വിദ്യാഭ്യാസ പദ്ധതിയുടെ (National Education Policy) ഭാഗമായി നടപ്പിലാക്കുന്ന പിഎം ശ്രീ പദ്ധതി ഉൾപ്പെടെയുള്ള വ്യവസ്ഥകളിൽ ഒപ്പുവെക്കാൻ തയാറാവാത്തതുകൊണ്ടാണ് ഈ മൂന്ന് സംസ്ഥാനങ്ങൾക്ക് ഫണ്ട് നൽകാത്തതെന്നാണ് സൂചന. യൂണിയൻ ബഡ്ജറ്റിൽ സംസ്ഥാനങ്ങൾക്ക് മാറ്റിവെച്ച പ്ലാൻ ഫണ്ടുകൾ മറ്റെന്തെങ്കിലും വ്യവസ്ഥകളുടെ പേരിൽ നൽകാതിരിക്കുക എന്നത് ഫെഡറൽ തത്വങ്ങളുടെ നഗ്നമായ ലംഘനമാണ്. ഡി.എം.കെ ഭരിക്കുന്ന തമിഴ്നാട്ടിൽ NEP നിർദ്ദേശിക്കുന്ന ത്രിഭാഷാ പദ്ധതിക്കെതിരെ പ്രത്യക്ഷസമരം തന്നെ നടക്കുന്നുണ്ട്. തമിഴ് നാടിന് പുറമെ ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിനും തൃണമുൽ കോൺഗ്രസ് ഭരിക്കുന്ന പശ്ചിമ ബംഗാളിനുമാണ് കേന്ദ്രഫണ്ട് അനുവദിക്കാതിരിക്കുന്നത് എന്നതുകൂടി കൂട്ടിവായിച്ചാൽ ഫണ്ട് നിഷേധത്തിന്റെ രാഷ്ട്രീയം കൂടുതൽ വ്യക്തമാവും.

കേന്ദ്രമന്ത്രി ജയന്ത് ചൗധരി
കേന്ദ്രമന്ത്രി ജയന്ത് ചൗധരി

കേരളത്തിന്റെ പ്രതിസന്ധികൾ

സമഗ്ര ഗുണമേൻമ എന്ന ലക്ഷ്യത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന സംസ്ഥാനമാണ് കേരളം. കുട്ടികളെ മുഴുവൻ സ്കൂളിലെത്തിക്കുക, എൻറോൾ ചെയ്ത കുട്ടികൾ സ്കൂൾ ഉപേക്ഷിച്ചു പോവാതെ പിടിച്ചു നിർത്തുക എന്നീ പ്രാഥമികവും ദ്വിദീയവുമായ ലക്ഷ്യങ്ങൾ നേരത്തെ മറികടന്ന ഒരു സംസ്ഥാനമെന്ന രീതിയിൽ "എല്ലാവർക്കും" ഗുണമേൻമയുള്ള വിദ്യാഭ്യാസം ഉറപ്പു വരുത്തുക എന്നതാണ് സംസ്ഥാനം ഏറ്റെടുത്തിരിക്കുന്ന വെല്ലുവിളി. അതോടൊപ്പം ഒന്നും രണ്ടും തലമുറ പ്രശ്നങ്ങളിൽ എന്തെങ്കിലും പോരായ്മകൾ അവശേഷിക്കുന്നുണ്ടെങ്കിൽ അതുകൂടി പരിഹരിച്ചു കൊണ്ടുവേണം സമഗ്ര ഗുണമേൻമ ഉറപ്പാക്കാനുള്ള പദ്ധതികൾ നടപ്പിലാക്കി വിജയിപ്പിക്കേണ്ടത്. സാമൂഹ്യനീതിയിൽ ഊന്നിക്കൊണ്ടാവണം ഗുണത ഉറപ്പാക്കൽ എന്നതിനാൽ വലിയ സാമ്പത്തികബാധ്യത കൂടി സർക്കാർ ഏറ്റെടുക്കേണ്ടി വരുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാറിന്റെ ഈ കൊടുംവെട്ട് എന്നത് രൂക്ഷമായ പ്രതിസന്ധിയാണ് കേരളത്തിൽ ഉണ്ടാക്കുക.

എല്ലാ സംസ്ഥാനങ്ങളെയും മുന്നിൽ കണ്ടുകൊണ്ട് മാത്രമേ കേന്ദ്രസർക്കാറിന് നിയമനിർമാണങ്ങൾ നടത്താൻ കഴിയൂ എന്നതിനാൽ, കേന്ദ്രനയങ്ങളെ അതേപടി സ്വീകരിച്ച് നടപ്പിലാക്കുക എന്നത് സംസ്ഥാനങ്ങളെ സംബന്ധിച്ച് പ്രായോഗികമാവില്ല.

വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളുമായി താരതമ്യം പോലും സാധ്യമല്ലാത്ത വിധം സാമൂഹ്യവളർച്ച നേടിയ സംസ്ഥാനമാണ് കേരളം. ഐക്യരാഷ്ട്ര സഭയുടെ "എല്ലാവർക്കും വിദ്യാഭ്യാസം" (Education for All)എന്ന മുദ്രാവാക്യം ലോകം കേൾക്കുന്നതിന് മുമ്പേ തന്നെ പ്രസ്തുത ലക്ഷ്യത്തിലേക്കുള്ള യാത്ര കേരളം ആരംഭിച്ചിരുന്നു. സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങളും നവേത്ഥാനമുന്നേറ്റങ്ങളുമെല്ലാം ചേർന്നാണ് ആ യാത്രയ്ക്ക് ഇന്ധനം പകർന്നത്. സംസ്ഥാന രൂപീകരണത്തെത്തുടർന്ന് അധികാരത്തിൽ വന്ന ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള ആദ്യ കമ്യൂണിസ്റ്റ് സർക്കാർ വിദ്യാഭ്യാസത്തിന് നൽകിയ പ്രാധാന്യവും കേരളത്തിന്റെ വളർച്ചയിൽ നാഴികക്കല്ലായി. പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയെന്ന ധിഷണാശാലിയായ വിദ്യാഭ്യാസമന്ത്രിയും വിദ്യാഭ്യാസബില്ലുൾപ്പെടെയുള്ള നിയമനിർമാണങ്ങളും സംസ്ഥാനത്തിന്റെ വിദ്യാഭ്യാസവളർച്ചയ്ക്ക് അടിത്തറയായി മാറിയ വസ്തുതകളാണ്.

പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയെന്ന ധിഷണാശാലിയായ വിദ്യാഭ്യാസമന്ത്രിയും വിദ്യാഭ്യാസബില്ലുൾപ്പെടെയുള്ള നിയമനിർമാണങ്ങളും സംസ്ഥാനത്തിന്റെ വിദ്യാഭ്യാസവളർച്ചയ്ക്ക് അടിത്തറയായി മാറിയ വസ്തുതകളാണ്.
പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയെന്ന ധിഷണാശാലിയായ വിദ്യാഭ്യാസമന്ത്രിയും വിദ്യാഭ്യാസബില്ലുൾപ്പെടെയുള്ള നിയമനിർമാണങ്ങളും സംസ്ഥാനത്തിന്റെ വിദ്യാഭ്യാസവളർച്ചയ്ക്ക് അടിത്തറയായി മാറിയ വസ്തുതകളാണ്.

കൺകറന്റ് ലിസ്റ്റിൽപ്പെട്ട ഒരു ഇടപെടൽ മേഖലയാണ് വിദ്യാഭ്യാസം. കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും തുല്യമായ അധികാരവും ഉത്തരവാദിത്വവുമുള്ളതിനാൽ ദേശീയ വിദ്യാഭ്യാസ നയങ്ങൾ അംഗീകരിക്കാൻ സംസ്ഥാനങ്ങൾക്ക് ബാധ്യതയുണ്ട്. എന്നാൽ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളെയും മുന്നിൽ കണ്ടുകൊണ്ട് മാത്രമേ കേന്ദ്രസർക്കാറിന് നിയമനിർമാണങ്ങൾ നടത്താൻ കഴിയൂ എന്നതിനാൽ, കേന്ദ്രനയങ്ങളെ അതേപടി സ്വീകരിച്ച് നടപ്പിലാക്കുക എന്നത് സംസ്ഥാനങ്ങളെ സംബന്ധിച്ച് പ്രായോഗികമാവില്ല. ഓരോ സംസ്ഥാനത്തിന്റെയും ആവശ്യങ്ങളും സവിശേഷതകളുമനുസരിച്ച് പദ്ധതികൾ ആസൂത്രണം ചെയ്യാനും മുൻഗണനാക്രമങ്ങൾ നിശ്ചയിക്കാനുമുള്ള അധികാരം സംസ്ഥാനങ്ങൾക്ക് നൽകിക്കൊണ്ടാണ് സമഗ്ര ശിക്ഷാ അഭിയാൻ രൂപപ്പെടുത്തിയിട്ടുള്ളത്. ഇത്തരം മാറ്റങ്ങളോടു കൂടിയാണ് ഇക്കാലമത്രയും കേന്ദ്ര വിദ്യാഭ്യാസനയങ്ങൾ നടപ്പിലാക്കപ്പെട്ടിട്ടുള്ളത്. മാത്രമല്ല ഫെഡറൽ സംവിധാനം നിലനിൽക്കുന്ന ഒരു രാജ്യത്ത് സംസ്ഥാനങ്ങൾക്കുള്ള അധികാരവും സ്വാതന്ത്ര്യവും എടുത്തു കളയുക അസാധ്യവുമാണ്.

സമഗ്രശിക്ഷയുടെ ലക്ഷ്യങ്ങൾ

2021 ഏപ്രിൽ ഒന്നു മുതൽ 2026 മാർച്ച് 31 വരെയുള്ള അഞ്ച് വർഷം കൊണ്ട് പൂർത്തിയാക്കും വിധമാണ് 294283.04 കോടി രൂപയുടെ സമഗ്ര ശിക്ഷാ പദ്ധതി രൂപപ്പെടുത്തിയിട്ടുള്ളത്. രാജ്യത്തെ 11.6 ലക്ഷം സ്കൂളുകളിലായി 15.6 കോടി കുട്ടികൾ ഗുണഭോക്താക്കളായി വരുന്ന പദ്ധതി അംഗീകരിക്കപ്പെട്ടമ്പോഴുള്ള ലക്ഷ്യങ്ങളിൽ പ്രധാനപ്പെട്ടവയെ ഇങ്ങനെ സംഗ്രഹിക്കാം.

  • 1. മുഴുവൻ കുട്ടികൾക്കും സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനായുള്ള വിദ്യാഭ്യാസ അവകാശ നിയമം പൂർണമായും നടപ്പിലാക്കുക.

  • 2. സ്കൂൾ പ്രായമെത്തുന്നതിനു മുമ്പുള്ള കുട്ടികളുടെ സംരക്ഷണവും വിദ്യാഭ്യാസവും ഉറപ്പാക്കുക.

  • 3. ഭാഷയിലും ഗണിതത്തിലും നേടേണ്ട അടിസ്ഥാനശേഷികൾ പ്രൈമറി ക്ലാസുകളിൽ വെച്ചുതന്നെ ഉറപ്പാക്കുക.

  • 4. സമഗ്രവും ഉൾചേർന്നതുമായ (Holistic and inclusive) വിദ്യാലയാന്തരീക്ഷവും പാഠ്യപദ്ധതിയും ഉറപ്പാക്കുക. പ്രവർത്തനാധിഷ്ഠിത ക്ലാസ്മുറികൾ സജ്ജീകരിക്കുക.

  • 5. പഠനനേട്ടങ്ങൾ നിശ്ചയിച്ച് ഗുണമേൻമാ വിദ്യാഭ്യാസം ഉറപ്പാക്കുക.

  • 6. സാമൂഹ്യവും ലിംഗപരവുമായ വിടവുകൾ ഇല്ലാതാക്കും വിധം വിദ്യാഭ്യാസ പ്രക്രിയകളെ രൂപകൽപ്പന ചെയ്യുക.

  • 7. വിദ്യാഭ്യാസത്തെ തൊഴിൽമേഖലകളുമായി പരമാവധി ബന്ധപ്പെടുത്തുക.

ആമുഖമായി നൽകിയിട്ടുള്ള ലക്ഷ്യങ്ങളിൽ പലതും ഇതിനകം നേടിക്കഴിഞ്ഞതാകയാൽ, കേരളം മുന്നോട്ടുവെക്കുന്ന പദ്ധതികൾ പലതും വികസിതരാജ്യങ്ങളോട് മാത്രം താരതമ്യം ചെയ്യാവുന്നതാണ്. ഫിൻലൻറ്, ജപ്പാൻ, സിംഗപ്പൂർ, ദക്ഷിണ കൊറിയ, ചൈന തുടങ്ങി വിദ്യാഭ്യാസ നിലവാരത്തിൽ മുന്നിൽ നിൽക്കുന്ന രാജ്യങ്ങളോട് എങ്ങനെ കിടപിടിക്കാനാവും എന്ന അന്വേഷണമാണ് കേരളം നടത്തുന്നത്. ക്ലാസ്മുറികളുടെ ഡിജിറ്റൽവൽകരണവും നിർമിതബുദ്ധി ഉൾപ്പെടെയുള്ള സങ്കേതങ്ങളെ സ്കൂൾ വിദ്യാഭ്യാസവുമായി ബന്ധിപ്പിക്കലുമെല്ലാം ഇതിന്റെ ഭാഗമാണ്. കേരളത്തിലെ പൊതുവിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങുന്ന കുട്ടികൾ, ലോകത്തെവിടെയും അതേ ക്ലാസിൽ പഠിക്കുന്ന കുട്ടികളോട് മത്സരിക്കാൻ പ്രാപ്തിയുള്ളവരാകണം എന്നതാണ് നമ്മുടെ കാഴ്ചപ്പാട്. ഈ ലക്ഷ്യസാക്ഷാൽക്കാരത്തിനുതകും വിധം, സ്കൂളുകളിൽ ഭൗതിക സൗകര്യങ്ങളൊരുക്കാനും അധ്യാപകർക്ക് നിരന്തര പരിശീലനം നൽകാനും സംസ്ഥാനത്തിന് കഴിഞ്ഞിട്ടുമുണ്ട്.

മാറ്റങ്ങളോടു കൂടിയാണ് ഇക്കാലമത്രയും കേന്ദ്ര വിദ്യാഭ്യാസനയങ്ങൾ നടപ്പിലാക്കപ്പെട്ടിട്ടുള്ളത്. മാത്രമല്ല ഫെഡറൽ സംവിധാനം നിലനിൽക്കുന്ന ഒരു രാജ്യത്ത് സംസ്ഥാനങ്ങൾക്കുള്ള അധികാരവും സ്വാതന്ത്ര്യവും എടുത്തു കളയുക അസാധ്യവുമാണ്.

എന്നാൽ ദീർഘകാലത്തെ സാമൂഹ്യശ്രേണീകരണത്തിന്റെ ഭാഗമായി അധ:സ്ഥിത ജീവിതം നയിക്കേണ്ടിവന്ന മനുഷ്യരുടെ തുല്യാവകാശങ്ങൾ ഉറപ്പാക്കാൻ ഇനിയുമേറെ ചെയ്യാനുണ്ട് എന്നതാണ് യാഥാർത്ഥ്യം. സ്കൂളിലെത്താതിരിക്കുകയോ എത്തിയാൽ തന്നെ നിലവാരതുല്യതയോടെ പഠനം പൂർത്തിയാക്കാൻ കഴിയാതെ വരികയോ ചെയ്യുന്ന കുട്ടികൾ സമൂഹത്തിന്റെ അടിപ്പടവിൽ ജീവിക്കുന്നവരാണ്. സൗജന്യമായ പാഠപുസ്തകവും യൂണിഫോമും ഉച്ചഭക്ഷണവും യാത്രാ സംവിധാനങ്ങളുമെല്ലാമൊരുക്കുന്നത് ഇവരുടെ കൂടി വിദ്യാഭ്യാസ അവകാശം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്. കേരളത്തിന്റെ തുല്യപാതിയ്ക്ക് അവകാശമുള്ള മലയോരവാസികളെയും തീരദേശവാസികളെയും കൂടി ഉൾക്കൊള്ളുന്ന ക്ലാസ്മുറികൾ യാഥാർത്ഥ്യമായിട്ടുണ്ടെങ്കിലും പഠനനിലവാരത്തിലുള്ള തുല്യതയിലേക്ക് ഇനിയും നാം സഞ്ചരിക്കേണ്ടതുണ്ട്.സമഗ്ര ശിക്ഷാ പദ്ധതിയിലൂടെ നിരവധി പാക്കേജ് പ്രോഗ്രാമുകൾ (മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ്, ഗണിത വിജയം...) നടപ്പിലാക്കിയതും പഠനപിന്നാക്കാവസ്ഥയുള്ള കുട്ടികളെ മുന്നിൽ കണ്ടുകൊണ്ടായിരുന്നു.

കേരളത്തിന്റെ തുല്യപാതിയ്ക്ക് അവകാശമുള്ള മലയോര വാസികളെയും തീരദേശ വാസികളെയും കൂടി ഉൾക്കൊള്ളുന്ന ക്ലാസ്മുറികൾ യാഥാർത്ഥ്യമായിട്ടുണ്ടെങ്കിലും പഠനനിലവാരത്തിലുള്ള തുല്യതയിലേക്ക് ഇനിയും നാം സഞ്ചരിക്കേണ്ടതുണ്ട്.
കേരളത്തിന്റെ തുല്യപാതിയ്ക്ക് അവകാശമുള്ള മലയോര വാസികളെയും തീരദേശ വാസികളെയും കൂടി ഉൾക്കൊള്ളുന്ന ക്ലാസ്മുറികൾ യാഥാർത്ഥ്യമായിട്ടുണ്ടെങ്കിലും പഠനനിലവാരത്തിലുള്ള തുല്യതയിലേക്ക് ഇനിയും നാം സഞ്ചരിക്കേണ്ടതുണ്ട്.

ഭിന്നശേഷി സൗഹൃദ സംസ്ഥാനമായി പ്രഖ്യാപിച്ചിട്ടുള്ള കേരളത്തിൽ ഒട്ടേറെ കാര്യങ്ങൾ നമുക്കിനിയും ചെയ്തു തീർക്കേണ്ടതുണ്ട്. വീട്ടകങ്ങളിൽ നിന്ന് പൊതുസ്ഥലങ്ങളിലേക്ക് പോലും പ്രവേശനമില്ലാതിരുന്ന ഭിന്നശേഷിക്കാരായ കുട്ടികൾ സ്കൂളിലെത്തി എന്നതും അവർക്കാവശ്യമായ ഒട്ടേറെ പദ്ധതികൾ നടപ്പിലാക്കി വരുന്നു എന്നതും വലിയ നേട്ടമാണെങ്കിലും പൂർണാർത്ഥത്തിലുള്ള പിന്തുണ ഉറപ്പാക്കുക എന്നത് ഇപ്പോഴും വെല്ലുവിളി തന്നെയാണ്. സ്പെഷ്യൽ എഡുക്കേറ്റർമാരുടെ മുഴുവൻ സമയ സേവനം, മുടങ്ങാതെ നൽകുന്ന ചികിത്സകളും തെറാപ്പികളും, പരിമിതികളെ മറികടക്കാൻ സഹായിക്കുന്ന ഉപകരണങ്ങളുടെ ലഭ്യത, 168 ബ്ലോക്കുകളിലും പ്രവർത്തിക്കുന്ന ഓട്ടിസം സെന്ററുകൾ, പരിമിതികൾ ഉൾക്കൊണ്ടു കൊണ്ട് അനുരൂപീകരിച്ച പാഠ്യപദ്ധതിയും പഠനോപകരണങ്ങളും സ്കൂളിൽ വരാൻ കഴിയാത്ത വിധം കിടപ്പിലുള്ള കുട്ടികൾക്കും ക്ലാസനുഭവം ഉറപ്പാക്കുന്ന വിർച്വൽ ക്ലാസ്റൂമുകൾ, ചങ്ങാതിക്കൂട്ടം പോലെയുള്ള സൗഹ്യദപരിപാടികൾ എന്നിങ്ങനെ ഭിന്നശേഷി കുട്ടികളുടെ വിദ്യാഭ്യാസ അവകാശം ഉറപ്പു വരുത്താനുള്ള ഒട്ടേറെ പദ്ധതികൾ സംസ്ഥാനത്തുണ്ട്. ഇതൊന്നും മുടങ്ങാൻ പാടില്ല എന്നുമാത്രമല്ല, കാലോചിതമായ പുതുക്കലുകൾ കൂടി നമ്മുടെ ലക്ഷ്യമാണ്. അതിഥിത്തൊഴിലാളികളായി സംസ്ഥാനത്ത് താമസിക്കുന്നവരുടെ മക്കളുടെ കാര്യത്തിലും സർക്കാറിന്റെ കരുതൽ പ്രധാനപ്പെട്ടതാണ്.

ഇങ്ങനെ വിദ്യാഭ്യാസത്തിന്റെ ഒന്നും രണ്ടും തലമുറപ്രശ്നങ്ങളെ ഘട്ടംഘട്ടമായി പരിഹരിച്ച്, സങ്കീർണവും വെല്ലുവിളി നിറഞ്ഞതുമായ സമഗ്ര ഗുണമേൻമ എന്ന ലക്ഷ്യത്തിലേക്ക് ചുവടുവെച്ചു കൊണ്ടിരിക്കുന്ന കേരളത്തിന്റെ പരിശ്രമങ്ങളെയാണ് വിവേചന നിലപാടിലൂടെ കേന്ദ്രസർക്കാർ അട്ടിമറിക്കാൻ ശ്രമിക്കുന്നത്.

ഭിന്നശേഷി സൗഹൃദ സംസ്ഥാനമായി പ്രഖ്യാപിച്ചിട്ടുള്ള കേരളത്തിൽ ഒട്ടേറെ കാര്യങ്ങൾ നമുക്കിനിയും ചെയ്തു തീർക്കേണ്ടതുണ്ട്.
ഭിന്നശേഷി സൗഹൃദ സംസ്ഥാനമായി പ്രഖ്യാപിച്ചിട്ടുള്ള കേരളത്തിൽ ഒട്ടേറെ കാര്യങ്ങൾ നമുക്കിനിയും ചെയ്തു തീർക്കേണ്ടതുണ്ട്.

മുമ്പേ നടക്കുന്ന സംസ്ഥാനങ്ങൾക്ക് പ്രോത്സാഹനങ്ങളും പിന്നാക്കത്തിലായ സംസ്ഥാനങ്ങൾക്ക് കൈത്താങ്ങും നൽകി ഒരു രാഷ്ട്രത്തെ ഒന്നാകെ പുരോഗതിയിലേക്ക് നയിക്കുക എന്ന ഭരണഘടനാബാധ്യതയിൽ നിന്നുള്ള പിൻവാങ്ങലായി ഈ നടപടികളെ കാണേണ്ടിയിരിക്കുന്നു. ആനുപാതികമായ ഫണ്ട് വിഹിതം കേന്ദ്രസർക്കാരിൽ നിന്ന് ലഭ്യമാവാതെ വരുമ്പോൾ തകരുക പൊതുവിദ്യാഭ്യാസരംഗം മാത്രമല്ല, സാമൂഹ്യനീതിയിലും തുല്യതയിലും അധിഷ്ഠിതമായ സമൂഹം എന്ന കേരളത്തിന്റെ സ്വപ്നം കൂടിയായിരിക്കും


Summary: Central government not ready to pay Samagra Shiksha Abhiyan SSA fund to Kerala and two other states, Dr AK Abdul Hakeem writes.


ഡോ. എ.കെ. അബ്​ദുൽ ഹക്കീം

എഴുത്തുകാരൻ, വിദ്യാഭ്യാസ പ്രവർത്തകൻ. സമഗ്ര ശിക്ഷ കേരളയിൽ (എസ്.എസ്.എ) കോഴിക്കോട് ജില്ല പ്രൊജക്റ്റ് കോ ഓർഡിനേറ്റർ. സാഹിത്യ- വിദ്യാഭ്യാസ വിഷയങ്ങളുമായി ബന്ധപ്പെട്ട് 10 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. പുതിയ ടീച്ചറും പുതിയ കുട്ടിയും, ദേശീയ വിദ്യാഭ്യാസ നയത്തിലെ ഒളിയജണ്ടകൾ, സ്കൂളിലെ ഓൺലൈൻ പഠനം, മാറുന്ന വിദ്യാഭ്യാസം, ശിലയിൽ തീർത്ത സ്മാരകങ്ങൾ, അരാജകവാദിയുടെ ആത്മഭാഷണങ്ങൾ,

ആഫ്രിക്കൻ യാത്രകളുടെ സാംസ്കാരിക ദൂരങ്ങൾ, എഴുത്ത് അഭിമുഖം നിൽക്കുന്നു തുടങ്ങിയ പ്രധാന പുസ്തകങ്ങൾ.

Comments