ഖാദർ കമ്മറ്റിയെ എന്തിന് പേടി? മാറ്റങ്ങളോടുള്ള എതിർപ്പ് അനാവശ്യം

കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് സമൂലമാറ്റം നിർദ്ദേശിച്ച് കൊണ്ടുള്ള ഖാദർ കമ്മറ്റി റിപ്പോർട്ട് നടപ്പിലാക്കുന്നതിൽ എന്താണ് തടസ്സം? വിദ്യാഭ്യാസ പരിഷ്കാരങ്ങൾക്കു നേരേയുള്ള ആക്രമണങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഡോ. പി.കെ തിലക് എഴുതുന്നു...

കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസത്തിൽ ഏതു തരം പരിഷ്കാരം കൊണ്ടുവന്നാലും പ്രതിഷേധിക്കുക എന്നത് ഒരു ഫാഷനായി മാറിയിരിക്കുകയാണ്. അടുത്ത കാലത്ത് ഖാദർ കമ്മറ്റി റിപ്പോർട്ട് കത്തിച്ചുകൊണ്ട് ചില അധ്യാപക സംഘടനകൾ തെരുവിൽ പ്രതിഷേധം പ്രകടിപ്പിച്ചതായി പത്രവാർത്ത കണ്ടു. കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസത്തിൽ സമൂലമായ മാറ്റം ആവശ്യമാണെന്ന കാര്യത്തിൽ വിദ്യാഭ്യാസപുരോഗതി കാംക്ഷിക്കുന്ന ആർക്കും ഭിന്നാഭിപ്രായം ഉണ്ടാവാൻ ഇടയില്ല. അത്രമേൽ ക്ഷീണിതമായ അവസ്ഥയിലൂടെയാണ് അത് കടന്നുപോകുന്നത്.

ആന്തരികമായ ശക്തിപ്പെടലിന് പകരം ബാഹ്യമോടികളിലുള്ള അമിത ശ്രദ്ധ, ചടങ്ങുകൾക്കും ഉത്സവങ്ങൾക്കും നൽകിവരുന്ന അമിത പ്രാധാന്യം, ഉദ്യോഗസ്ഥ മേധാവിത്വത്തിന്റെ വിളയാട്ടം, ജാതിമതശക്തികളുടെ ആധിപത്യം, കേവലം മുദ്രാവാക്യങ്ങളിൽ അഭിരമിക്കുന്ന അന്തസ്സാരശൂന്യമായ പദ്ധതികൾ, വൈരനിര്യാതനബുദ്ധിയോടെയുള്ള നടപടികൾ തുടങ്ങി ശോഷണത്തിന്റെ ലക്ഷണങ്ങൾ അനവധിയാണ്. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട വിദ്യാഭ്യാസ പ്രക്രിയയും മികച്ച അധ്യാപകരും കേരളത്തിന് സ്വന്തമാണ്. അതുകൊണ്ടു തന്നെ കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്ന വിദ്യാർത്ഥികൾ മറ്റേത് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ നിന്ന് പഠിച്ചിറങ്ങുന്നവരോടുമൊപ്പം മികവ് പുലർത്തുന്നുണ്ട്.

കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്ന വിദ്യാർത്ഥികൾ മറ്റേത് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ നിന്ന് പഠിച്ചിറങ്ങുന്നവരോടുമൊപ്പം മികവ് പുലർത്തുന്നുണ്ട്.
കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്ന വിദ്യാർത്ഥികൾ മറ്റേത് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ നിന്ന് പഠിച്ചിറങ്ങുന്നവരോടുമൊപ്പം മികവ് പുലർത്തുന്നുണ്ട്.

അധ്യാപകരുടെ മികവും സേവന മനോഭാവവും വേണ്ടത്ര പ്രയോജനപ്പെടുത്താൻ നമുക്ക് കഴിയുന്നില്ല. വിദ്യാഭ്യാസത്തിന് അനുകൂലമായ സാമൂഹികാന്തരീക്ഷം, കുട്ടികളുടെ ഉത്സാഹം, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയവ പരമാവധി പ്രയോജനപ്പെടുത്തി വിദ്യാഭ്യാസ പുരോഗതി സാധ്യമാക്കാൻ സഹായിക്കുന്ന ഏത് റിപ്പോർട്ടിനെയും ഹൃദയപൂർവം സ്വീകരിക്കുന്ന സംസ്കാരം വളർന്നു വരണം. രാഷ്ട്രീയ താല്പര്യങ്ങൾ അതിന് വിലങ്ങുതടിയാവരുത്. സമീപനങ്ങളിലും കാഴ്ചപ്പാടിലും നേരിയ വ്യത്യാസം മാത്രമുള്ള രാഷ്ട്രീയ പാർട്ടികളാണ് കേരളത്തിൽ മാറിമാറി ഭരണത്തിൽ വരുന്നത്. പൊതുമണ്ഡലത്തിൽ അസ്വസ്ഥതകൾ ഉണ്ടാക്കി രാഷ്ട്രീയ നേതൃത്വങ്ങളെ തൃപ്തിപ്പെടുത്താൻ മാത്രം അധ്യാപക സംഘടനകൾ പ്രതിലോമശക്തിയായി നിലയുറപ്പിക്കുന്നത് സ്വന്തം നിലനില്പിന്റെ കടയ്ക്കൽ കത്തിവയ്ക്കലാണ്.

പൊതുവിദ്യാഭ്യാസത്തെ ഏറ്റവുമധികം നെഞ്ചേറ്റിയ വിദ്യാഭ്യാസവകുപ്പു മന്ത്രിയായിരുന്നു പ്രൊഫസർ സി. രവീന്ദ്രനാഥ്. പൊതുവിദ്യാഭ്യാസത്തോട് അദ്ദേഹത്തിന് ഉണ്ടായിരുന്ന ഇഷ്ടം പരിഗണിച്ച് ഉന്നതവിദ്യാഭ്യാസത്തിന്റെ ചുമതല ഒഴിവാക്കുകപോലും ചെയ്തത് ഓർക്കുമല്ലോ. അദ്ദേഹം വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്താണ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്. പൊതുവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട എന്തിനെക്കുറിച്ചും അഭിപ്രായം പറയാൻ അവസരം നൽകുന്ന തരത്തിലാണ് കമ്മറ്റിയുടെ ടേംസ് ഒഫ് റഫറൻസ് ചിട്ടപ്പെടുത്തിയത്. ഇതുവരെ റിപ്പോർട്ടിന്റെ രണ്ട് ഭാഗങ്ങൾ കമ്മറ്റി സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. ഒന്നാം ഭാഗം കഴിഞ്ഞ മന്ത്രിസഭയുടെ അവസാന നാളുകളിലാണ് സമർപ്പിച്ചത്. രണ്ടാം ഭാഗം ഈ സർക്കാരിന്റെ മധ്യകാലത്ത് സമർപ്പിച്ചിരിക്കുന്നു.

പൊതുവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട എന്തിനെക്കുറിച്ചും അഭിപ്രായം പറയാൻ അവസരം നൽകുന്ന തരത്തിലാണ് ഖാദർ കമ്മിറ്റിയുടെ ടേംസ് ഒഫ് റഫറൻസ് ചിട്ടപ്പെടുത്തിയത്.
പൊതുവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട എന്തിനെക്കുറിച്ചും അഭിപ്രായം പറയാൻ അവസരം നൽകുന്ന തരത്തിലാണ് ഖാദർ കമ്മിറ്റിയുടെ ടേംസ് ഒഫ് റഫറൻസ് ചിട്ടപ്പെടുത്തിയത്.

ലഭ്യമായ വിവരങ്ങൾ അനുസരിച്ച് ഖാദർ കമ്മറ്റി റിപ്പോർട്ട് നൽകിയിട്ടുള്ള ശുപാർശകൾ ഇവയാണ്:

ഹയർ സെക്കൻഡറി വിഭാഗം ഹൈസ്കൂൾ വിഭാഗത്തോടൊപ്പം ചേർക്കുക. കേന്ദ്രസർക്കാരും ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളും ഈ രീതിയാണ് പിന്തുടരുന്നത്. സെക്കൻഡറി വിദ്യാഭ്യാസത്തെക്കുറിച്ച് അര നൂറ്റാണ്ട് മുമ്പ് പഠിച്ച മുതലിയാർ കമ്മിഷന്റെ ശുപാർശയും അതു തന്നെയായിരുന്നു. നാല് പതിറ്റാണ്ട് മുമ്പ് യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മിഷൻ നിലപാട് കടുപ്പിച്ചതോടെയാണ് മിക്ക സംസ്ഥാനങ്ങളും ഈ വഴിക്കുള്ള നടപടികൾക്ക് വേഗം കൂട്ടിയത്. കൗമാരക്കാരായ വിദ്യാർത്ഥികളുടെ സമഗ്രവികസനത്തിന് സ്കൂൾ അന്തരീക്ഷം തന്നെയാണ് ഉചിതം എന്ന് രാജ്യത്തെ പ്രധാന വിദ്യാഭ്യാസ വിദഗ്ധരെല്ലാം അഭിപ്രായപ്പെട്ടിട്ടുണ്ട്.

സ്കൂൾ പ്രവൃത്തി സമയം പുനഃക്രമീകരിക്കണം എന്നതാണ് മറ്റൊരു ശുപാർശ. കേരള പാഠ്യപദ്ധതി ചട്ടക്കൂട് 2005 ഇക്കാര്യം ശുപാർശ ചെയ്തിരുന്നു. സംസ്ഥാനത്ത് ഉൾപ്പെടെ രാജ്യത്തെ മിക്ക സി.ബി.എസ്.ഇ സ്കൂളുകളും രാവിലെ എട്ട് മണിക്ക് ആരംഭിച്ച് ഉച്ചയോടെ അവസാനിപ്പിക്കുന്നു. കേന്ദ്രീയ വിദ്യാലയങ്ങളിലും കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള മറ്റ് സ്കൂളുകളിലും സമാനമായ സമയക്രമമാണ് പിന്തുടരുന്നത്. ഉഷ്ണ മേഖലാപ്രദേശമായ കേരളത്തിൽ വെയിലിന് ചൂടേറും മുമ്പ് കുട്ടികൾ സ്കൂളിൽ എത്തുന്നതു തന്നെയാണ് ഏറ്റവും ഉചിതം. ഉച്ചയ്ക്ക് ശേഷമുള്ള സമയങ്ങളിൽ സ്വതന്ത്രമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കുട്ടികൾക്ക് അവസരം ലഭിക്കുകയും ചെയ്യും.

ആരുടെയും മേൽ അധികാരം പ്രയോഗിക്കാതെയും ആർക്കും കാര്യമായ അലോഹ്യം ഉണ്ടാക്കാതെയും സ്കൂളുകളിലെ അധ്യാപക നിയമനം ഉൾപ്പെടെയുള്ള കാര്യങ്ങൾ സർക്കാർ നിയന്ത്രണത്തിൽ കൊണ്ടുവരാൻ കഴിയും.
ആരുടെയും മേൽ അധികാരം പ്രയോഗിക്കാതെയും ആർക്കും കാര്യമായ അലോഹ്യം ഉണ്ടാക്കാതെയും സ്കൂളുകളിലെ അധ്യാപക നിയമനം ഉൾപ്പെടെയുള്ള കാര്യങ്ങൾ സർക്കാർ നിയന്ത്രണത്തിൽ കൊണ്ടുവരാൻ കഴിയും.

കേരളത്തിലെ സ്വകാര്യവിദ്യാലയങ്ങളിൽ സമയമാറ്റം കൊണ്ടുവന്നത് ഏതെങ്കിലും ഉത്തരവിനെ അടിസ്ഥാനമാക്കിയാണെന്ന് തോന്നുന്നില്ല. സി.ബി.എസ്.ഇ.യോ മറ്റ് ഏജൻസികളോ സ്കൂൾ സമയം സംബന്ധിച്ച മാർഗനിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. സൗകര്യം കണക്കിലെടുത്ത് സ്കൂളുകൾ ഏർപ്പെടുത്തിയ ക്രമീകരണമെന്നാണ് ഞാൻ കരുതുന്നത്. ഇക്കാര്യത്തിൽ ഉത്തരവുകൾ ആവശ്യമുണ്ടോ? സ്കൂൾ നിലനിൽക്കുന്ന സമൂഹത്തെ ബോധ്യപ്പെടുത്തിയാൽ പോരേ? ശീലങ്ങളിൽ നിന്ന് വിട്ടുമാറാൻ വിമുഖതയുള്ള ചിലരാണ് എതിർപ്പുകൾക്ക് പിന്നിലുള്ളത്. മതപഠനത്തെ ബാധിക്കുമെന്ന വാദത്തിന് ഒരു കഴമ്പുമില്ല. മതപഠനത്തിന്റെ സമയം പരിഗണിച്ചല്ല സ്കൂൾ സമയം പത്ത് മണിയായി നിശ്ചയിച്ചിരുന്നത്. പത്ത് മണിക്ക് സ്കൂൾ ആരംഭിക്കുന്നത് പരിണിച്ച് അതിന് മുമ്പോ പിമ്പോ ഉള്ള സമയം മതപഠനത്തിന് തിരഞ്ഞെടുത്തുവെന്നു മാത്രം. സി.ബി.എസ്.ഇ. സ്കൂളുകളിലും മറ്റും പഠിക്കുന്ന കുട്ടികൾ നിരീശ്വരവാദികളും മതവിരുദ്ധരും ആയിക്കോട്ടേ എന്ന് കരുതുന്നുണ്ടോ. മതപഠനത്തിന് നേതൃത്വം നൽകുന്ന ആരും സ്കൂൾ സമയമാറ്റത്തിൽ എതിർപ്പ് പ്രകടിപ്പിക്കാൻ ഇടയില്ല.

എയ്ഡഡ് സ്കൂൾ അധ്യാപകനിയമനം സംബന്ധിച്ചതാണ് മറ്റൊരു ശുപാർശ. എല്ലാ നിയമനവും പി.എസ്.സി. വഴി എന്ന മുദ്രാവാക്യത്തിന് മുണ്ടശ്ശേരിയോളം പഴക്കമുണ്ട്. ഇക്കാര്യത്തിൽ സുചിന്തിതമായ നിലപാടെടുക്കാൻ ഇനിയും വൈകരുത്. ഏതെല്ലാം എതിർപ്പുകളെ നാം അതിജീവിച്ചിരിക്കുന്നു. ആരെയും പരാജയപ്പെടുത്തിക്കൊണ്ട് നിലപാടെടുക്കാൻ കഴിയില്ല. ബോധ്യപ്പെടുത്തിയും പൊതുവായ ധാരണകളിൽ എത്തിച്ചേർന്നും വിട്ടുവീഴ്ചകൾ ചെയ്തും സമൂഹത്തിന്റെ പൊതുനന്മയ്ക്കുവേണ്ടിയുള്ള പ്രയത്നം സഫലമാക്കാം.

എല്ലാ നിയമനവും പി.എസ്.സി. വഴി എന്ന മുദ്രാവാക്യത്തിന് മുണ്ടശ്ശേരിയോളം പഴക്കമുണ്ട്.
എല്ലാ നിയമനവും പി.എസ്.സി. വഴി എന്ന മുദ്രാവാക്യത്തിന് മുണ്ടശ്ശേരിയോളം പഴക്കമുണ്ട്.

അൺ എയ്ഡഡ് സ്കൂളുകൾ അടക്കം രാജ്യത്തെ എല്ലാ സ്കൂളുകളും കേന്ദ്രസർക്കാർ നിഷ്കർഷിക്കുന്ന അധ്യാപക യോഗ്യതകൾ പാലിക്കാൻ നിർബന്ധിതരായിട്ടുണ്ട്. സംവരണ മാനദണ്ഡങ്ങൾ പിന്തുടരാൻ എല്ലാ സ്ഥാപനങ്ങളെയും നിർബന്ധിതരാക്കുന്ന വിധത്തിലുള്ള കോടതിവിധികൾ വന്നുകൊണ്ടിരിക്കുന്നു. എയ്ഡഡ് സ്കൂളുകൾ പഴയതുപോലെ ലാഭകരമല്ലാതായി മാറിയിട്ടുണ്ട്. നിയമനം നൽകിയ അധ്യാപകർക്ക് പലർക്കും ശമ്പളം ലഭിക്കുന്നില്ല. പല പ്രദേശങ്ങളിലും കുട്ടികൾ കുറയുന്നത് മൂലം അധ്യാപകർക്ക് ജോലി നഷ്ടപ്പെടുന്നു. ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമെല്ലാം എയ്ഡഡ് സ്കൂളുകൾക്ക് പല തരം സമ്മർദ്ദങ്ങൾ നൽകുന്നു. ഒരുതരം ഞാണിന്മേൽ കളിയായിട്ടാണ് എയ്ഡഡ് സ്കൂൾ ഉദ്യോഗം മാറിയിരിക്കുന്നത്.

ഈ സാഹചര്യത്തിൽ ആരുടെയും മേൽ അധികാരം പ്രയോഗിക്കാതെയും ആർക്കും കാര്യമായ അലോഹ്യം ഉണ്ടാക്കാതെയും സ്കൂളുകളിലെ അധ്യാപക നിയമനം ഉൾപ്പെടെയുള്ള കാര്യങ്ങൾ സർക്കാർ നിയന്ത്രണത്തിൽ കൊണ്ടുവരാൻ കഴിയും. എയ്ഡഡ് സ്കൂൾ ബാധ മനസ്സിൽ കളിക്കുന്നതുകൊണ്ടാണ് സ്കൂളുകളിലെ സ്റ്റാഫ് ഫിക്സേഷന്റെ കാര്യത്തിൽ കമ്മറ്റി ആകുലപ്പെടുന്നത്. മൂന്ന് വർഷത്തിൽ ഒരിക്കൽ ഫിക്സേഷൻ മതി എന്നാണ് നിർദ്ദേശം. പുരോഗമനപരമായി ചിന്തിക്കുന്ന ഒരാൾ എല്ലാ കൊല്ലവും സ്കൂളുകളിലെ സ്റ്റാഫ് സ്ട്രെങ്ത് പരിശോധിക്കണമെന്നല്ലേ നിർദ്ദേശിക്കൂ. അധ്യാപകരെ പുറത്താക്കാനല്ല, കുട്ടികൾക്ക് മികച്ച പഠനാനുഭവം ഉറപ്പുവരുത്താൻ ആവശ്യമായ വൈദഗ്ധ്യം ലഭ്യമാക്കുവാനാണ് വിദ്യാഭ്യാസപ്രവർത്തകർ ശബ്ദമുയർത്തേണ്ടത്. സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രതയാണ് ലക്ഷ്യമെങ്കിൽ സെക്രട്ടറിയേറ്റ് പോലെ വെള്ളാനകളുടെ വിഹാരരംഗങ്ങളിൽ നിയന്ത്രണം നിർദ്ദേശിച്ചുകൂടേ.

എയ്ഡഡ് സ്കൂൾ ബാധ മനസ്സിൽ കളിക്കുന്നതുകൊണ്ടാണ് സ്കൂളുകളിലെ സ്റ്റാഫ് ഫിക്സേഷന്റെ കാര്യത്തിൽ കമ്മറ്റി ആകുലപ്പെടുന്നത്. മൂന്ന് വർഷത്തിൽ ഒരിക്കൽ ഫിക്സേഷൻ മതി എന്നാണ് നിർദ്ദേശം.
എയ്ഡഡ് സ്കൂൾ ബാധ മനസ്സിൽ കളിക്കുന്നതുകൊണ്ടാണ് സ്കൂളുകളിലെ സ്റ്റാഫ് ഫിക്സേഷന്റെ കാര്യത്തിൽ കമ്മറ്റി ആകുലപ്പെടുന്നത്. മൂന്ന് വർഷത്തിൽ ഒരിക്കൽ ഫിക്സേഷൻ മതി എന്നാണ് നിർദ്ദേശം.

അധ്യാപകരുടെ സ്ഥാനക്കയറ്റം കേവലം സേവനകാലം മാത്രം പരിഗണിച്ച് നടത്തരുതെന്ന് കമ്മറ്റി ശുപാർശ ചെയ്യുന്നു. ഇക്കാര്യത്തിലും തർക്കത്തിന് അവകാശമില്ല. ഇപ്പോൾ നിലവിലുള്ള നിയമങ്ങൾ പ്രകാരവും സേവനകാലം മാത്രം പരിഗണിച്ച് സ്ഥാനക്കയറ്റം നൽകാൻ വ്യവസ്ഥയില്ല. മാനേജർക്ക് സവിശേഷ അധികാരം ഇല്ലാത്ത എയ്ഡഡ് സ്കൂളുകളിൽ മാത്രമാണ് അതിന് അവസരമുള്ളത്. സർക്കാർ സ്കൂളുകളിൽ എല്ലാ വർഷവും അധ്യാപകരുടെ പെർഫോമൻസ് വിലയിരുത്തി സ്കൂൾ മേധാവി രഹസ്യ റിപ്പോർട്ട് സമർപ്പിക്കണം. സർവീസ് പ്രകാരം സ്ഥാനക്കയറ്റത്തിന് യോഗ്യരാകുന്നവരുടെ കോൺഫിഡൻഷ്യൽ റിപ്പോർട്ട് പി.എസ്.സി. ചെയർമാൻ അടങ്ങുന്ന സമിതി പരിശോധിച്ച് സാക്ഷ്യപ്പെടുത്തണം. ഡി.പി.സി. എന്നാണ് ഇതിനെ പറയുന്നത്. വിലയിരുത്തൽ കാര്യക്ഷമമായി നടത്താൻ സ്കൂൾ മേധാവിമാർ ശ്രമിക്കാത്തതുകൊണ്ടും ഡി.പി.സി. കൂടൽ വെറും ചടങ്ങായിമാത്രം നടക്കുന്നതുകൊണ്ടും സർവീസ് പരിഗണിച്ച് ജീവിച്ചിരിപ്പുണ്ടെങ്കിൽ സ്ഥാനക്കയറ്റം നൽകുക എന്ന സ്ഥിതിയിൽ എത്തിച്ചേർന്നു.

രാഷ്ട്രീയക്കാരുടെ പിൻബലവും സംഘശക്തിയും കൊണ്ട് ഏത് ഗുണനിലവാര പരിശോധനയെയും അട്ടിമറിക്കാൻ കഴിയും എന്നതാണ് അപ്രിയസത്യം. പി.എസ്.സി പോലുള്ള സ്ഥാപനങ്ങളിലെ അംഗങ്ങളുടെ നിയമനങ്ങൾ രാഷ്ട്രീയപാർട്ടികൾ പങ്കിട്ടെടുക്കുന്നതിനാൽ ഗുണകരമായ ഇടപെടൽ ആ ഭാഗങ്ങളിൽ നിന്ന് പ്രതീക്ഷിക്കാനാവില്ല. ഈ വസ്തുതകൾ നിലനിൽക്കെത്തന്നെ അധ്യാപകരുടെ ഗുണനിലവാരം ഉയർത്താനുള്ള നീക്കങ്ങൾ പല ഭാഗങ്ങളിൽനിന്നും ഉണ്ടാകുന്നുണ്ട്. വിവിധ തലങ്ങളിലെ അധ്യാപകരുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ചും ടെസ്റ്റ് യോഗ്യത സംബന്ധിച്ചും (ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്) കേന്ദ്ര സർക്കാർ കൃത്യമായ നിബന്ധനകൾ വച്ചിട്ടുണ്ട്. സംസ്ഥാനങ്ങൾക്ക് അവ ലംഘിക്കാനാവില്ല. (വിദ്യാഭ്യാസം കൺകറണ്ട് ലിസ്റ്റിൽ കൊണ്ടുവന്നതിന്റെ ചുരുക്കം ചില ഗുണങ്ങളിൽ ഒന്ന്) ടി.ഇ.ടി. ഏറ്റവും മാതൃകാപരമായ ഒരു മുന്നേറ്റമാണെന്ന അഭിപ്രായമില്ല. എങ്കിലും ചില നിയന്ത്രണങ്ങളും മേൽനോട്ടവും കൊണ്ടുവരാൻ അവസരമുണ്ടെന്ന ഓർമ്മപ്പെടുത്തലായി ഇതിനെ പരിഗണിക്കാം.

വിവിധ തലങ്ങളിലെ അധ്യാപകരുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ചും ടെസ്റ്റ് യോഗ്യത സംബന്ധിച്ചും (ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്) കേന്ദ്ര സർക്കാർ കൃത്യമായ നിബന്ധനകൾ വച്ചിട്ടുണ്ട്.
വിവിധ തലങ്ങളിലെ അധ്യാപകരുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ചും ടെസ്റ്റ് യോഗ്യത സംബന്ധിച്ചും (ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്) കേന്ദ്ര സർക്കാർ കൃത്യമായ നിബന്ധനകൾ വച്ചിട്ടുണ്ട്.

എൻ.ഇ.പി. 2020 മുന്നോട്ടു വയ്ക്കുന്ന നാഷണൽ പ്രൊഫഷണൽ സ്റ്റാന്റേർഡ്സ് ഫോർ ടീച്ചേഴ്സ് (എൻ.പി.എസ്.ടി) ഈ രംഗത്തെ മറ്റൊരു ഇടപെടലാണ്. ഇത് പ്രകാരം നിശ്ചിത സൂചകങ്ങളുടെ അടിസ്ഥാനത്തിൽ അധ്യാപകർ നിരന്തരം വിലയിരുത്തലിന് വിധേയമാവും. തൊഴിൽ സ്ഥിരതയും സ്ഥാനക്കയറ്റവുമെല്ലാം ഇതിന്റെ അടിസ്ഥാനത്തിൽ മാത്രമായി പരിമിതപ്പെടുത്തും. കേന്ദ്രാവിഷ്കൃതപദ്ധതികൾ കൊണ്ട് അമ്മാനമാടുന്ന സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസവകുപ്പുകൾക്ക് ഇതിൽ നിന്ന് പൂർണമായി മാറിനിൽക്കാനാവുമെന്ന് തോന്നുന്നില്ല. ചില വെള്ളം ചേർക്കലുകളോടെയാണെങ്കിലും എൻ.പി.എസ്.ടി.ക്ക് കേരളത്തിൽ കളമൊരുങ്ങും.

വിദ്യാഭ്യാസത്തെ കൺകറന്റ് ലിസ്റ്റിൽ നിന്ന് സ്റ്റേറ്റ് ലിസ്റ്റിലേക്ക് മാറ്റണമെന്നതാണ് മറ്റൊരു നിർദ്ദേശം. ദൗർഭാഗ്യവശാൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ഇന്ത്യൻ പാർലമെന്റാണ്. അടിയന്തരാവസ്ഥയുടെ സുവർണകാലങ്ങളിൽ ഭരണഘടനയ്ക്ക് ലഭിച്ച തലോടലുകളിൽ ഒന്നാണ് ഇത്. പുതിയ സാഹചര്യത്തിൽ പദവി മാറ്റാനുള്ള സാധ്യതകൾ വിരളമാണ്. കേന്ദ്രം ഭരിക്കുന്ന കക്ഷികളുടെ ജനദ്രോഹം പാരമ്യത്തിൽ എത്തുമ്പോൾ ഇന്ത്യയിലെ പ്രബുദ്ധരായ ജനങ്ങൾ ഉചിതമായ തീരുമാനം എടുക്കുമെന്നുമാത്രം നമുക്ക് പ്രതീക്ഷിക്കാം. ജനങ്ങളുടെ സഞ്ചാരവേഗം കൂടുകയും പ്രദേശങ്ങൾ തമ്മിലുള്ള വേർതിരിവുകൾ മാഞ്ഞുപോവുകയും അവകാശങ്ങളെക്കുറിച്ചുള്ള പുതിയ അവബോധം വേരൂന്നുകയും ചെയ്ത സാഹചര്യത്തിൽ ഇനിയൊരു മടക്കയാത്ര അസാധ്യമാണ്. പ്രാവർത്തിക തലത്തിൽ വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്റും സെൻട്രൽ ലിസ്റ്റും എല്ലാം അതിലംഘിച്ച് യൂണിവേഴ്സൽ ലിസ്റ്റിൽ ഇടം നേടിയിരിക്കുന്നു.

വിദ്യാഭ്യാസത്തെ കൺകറന്റ് ലിസ്റ്റിൽ നിന്ന് സ്റ്റേറ്റ് ലിസ്റ്റിലേക്ക് മാറ്റണമെന്നതാണ് മറ്റൊരു നിർദ്ദേശം. ദൗർഭാഗ്യവശാൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ഇന്ത്യൻ പാർലമെന്റാണ്.
വിദ്യാഭ്യാസത്തെ കൺകറന്റ് ലിസ്റ്റിൽ നിന്ന് സ്റ്റേറ്റ് ലിസ്റ്റിലേക്ക് മാറ്റണമെന്നതാണ് മറ്റൊരു നിർദ്ദേശം. ദൗർഭാഗ്യവശാൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ഇന്ത്യൻ പാർലമെന്റാണ്.

ശനിയാഴ്ചകൾ പ്രവൃത്തിദിവസമാക്കരുത് എന്ന് കമ്മറ്റി നിർദ്ദേശിക്കുന്നു. ആഴ്ചയിൽ അഞ്ച് ദിവസം പഠനം മതി എന്ന തത്വം മുൻനിറുത്തിയാണ് ഈ നിർദ്ദേശം. പല കാര്യങ്ങളിലും അധ്യാപകസംഘടനകളുടെ എതിർപ്പ് ഏറ്റുവാങ്ങേണ്ടിവന്ന കമ്മറ്റിയുടെ സമാശ്വാസ നിർദ്ദേശമായി ഇതിനെ പരിഗണിക്കാം. അധ്യാപകർക്കൊപ്പം ട്യൂഷൻ ലോബിയും ഹർഷപുളകിതരാകും. കുട്ടികളെ സംബന്ധിച്ചിടത്തോളം അവരുടെ വിദ്യാഭ്യാസകാലം സമൃദ്ധവും ഇടതടവില്ലാത്തതും ആകണം. എല്ലാ ദിവസവും പഠനവും വികാസവും നടക്കണം. അതിന് പശ്ചാത്തലമൊരുക്കുകയാണ് സ്കൂളിന്റെ ചുമതല. പഴയ ചട്ടപ്പടി ക്ലാസ് മുറിയെക്കുറിച്ചാണെങ്കിൽ അത് ആഴ്ചയിൽ രണ്ട് ദിവസമാക്കി കുറച്ചാൽ കുട്ടികൾ ആഹ്ലാദിക്കും. എല്ലാ കാര്യങ്ങളിലും അഭിപ്രായം പറയാൻ അധികാരപ്പെട്ട കമ്മറ്റി പുതിയ കാലത്തെ പഠനത്തെക്കുറിച്ചും അതിൽ കുട്ടികൾക്ക് ലഭിക്കേണ്ട പിന്തുണയെക്കുറിച്ചുമാണ് പറയേണ്ടിയിരുന്നത്. ജീവനക്കാരാണോ കുട്ടികളാണോ വിദ്യാഭ്യാസ കമ്മറ്റികളുടെ പരിഗണനാവിഷയം എന്ന് ഇടയ്ക്കൊക്കെ ഉറപ്പിക്കുന്നത് നന്നായിരിക്കും.

പ്രീസ്കൂൾ വിദ്യാഭ്യാസവും അവകാശങ്ങളുടെ ഭാഗമാക്കണമെന്ന് കമ്മറ്റി ശുപാർശ ചെയ്യുന്നു. ഇക്കാര്യത്തിൽ മദ്രാസ് ഹൈക്കോടതിയുടെ അടുത്തകാലത്തുണ്ടായ ഒരു വിധിന്യായം ശ്രദ്ധിക്കപ്പെടേണ്ടതാണ്. വിദ്യാഭ്യാസ അവകാശ നിയമം ആറ് വയസ്സ് മുതൽ പതിനാല് വയസ്സ് വരെയുള്ള കുട്ടികളെക്കുറിച്ചാണ് പറയുന്നതെങ്കിലും പ്രീസ്കൂളുകളുടെ പ്രവർത്തനത്തിലും അതിന്റെ പ്രതിഫലനം ഉണ്ടാകണം എന്നതായിരുന്നു അതിന്റെ സന്ദേശം. കുട്ടികളുടെ അവകാശനിയമവും കൂടെ ചേർത്ത് വായിക്കുമ്പോൾ അത് വളരെ പ്രസക്തമാണ്. വിദ്യാഭ്യാസത്തിനുള്ള ചുമതല സർക്കാർ ഏറ്റെടുക്കാൻ തീരുമാനിക്കുന്നതോടെ അതിലെ ലാഭനഷ്ടങ്ങളെക്കുറിച്ചുള്ള കണക്കുകൾ അപ്രസക്തമാകുന്നു. ജനനം മുതൽ പ്രായപൂർത്തിയാകുന്നതു വരെയുള്ള എല്ലാ കുട്ടികളുടെയും സംരക്ഷണം സർക്കാരിന്റെ ചുമതലയാണ്. എൻ.പി.ഇ.2020 ഇക്കാര്യത്തിൽ അനുകൂലമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. പുതിയ സ്കൂൾ ഘട്ടങ്ങളുടെ വിഭജനം പഠനവിധേയമാക്കേണ്ടതാണ്. അതിലെ സ്വീകാര്യമായ അംശങ്ങൾ സംസ്ഥാനത്ത് നടപ്പിലാക്കണം. ഖാദർ കമ്മറ്റി റിപ്പോർട്ടും ആ സൂചനയാണ് നൽകുന്നത്. ഉച്ചഭക്ഷണം അടക്കമുള്ള സൗകര്യങ്ങൾ ചെയ്യണമെന്ന് നിർദ്ദേശിക്കുമ്പോൾ സ്വാഭാവികമായി അധ്യാപകരെയും സഹായികളെയും ഉറപ്പുവരുത്താനും ശ്രമിക്കേണ്ടതാണ്.

വിദ്യാഭ്യാസ അവകാശ നിയമം ആറ് വയസ്സ് മുതൽ പതിനാല് വയസ്സ് വരെയുള്ള കുട്ടികളെക്കുറിച്ചാണ് പറയുന്നതെങ്കിലും പ്രീസ്കൂളുകളുടെ പ്രവർത്തനത്തിലും അതിന്റെ പ്രതിഫലനം ഉണ്ടാകണം
വിദ്യാഭ്യാസ അവകാശ നിയമം ആറ് വയസ്സ് മുതൽ പതിനാല് വയസ്സ് വരെയുള്ള കുട്ടികളെക്കുറിച്ചാണ് പറയുന്നതെങ്കിലും പ്രീസ്കൂളുകളുടെ പ്രവർത്തനത്തിലും അതിന്റെ പ്രതിഫലനം ഉണ്ടാകണം

പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിൽ ഗുണകരമായ പല നിർദ്ദേശങ്ങളും ഉണ്ട്. അവ പുതിയവ അല്ലെന്നു മാത്രം. മുൻപുള്ള വിദ്യാഭ്യാസ കമ്മിഷൻ റിപ്പോർട്ടുകളിലും നയരേഖകളിലുമെല്ലാം പറഞ്ഞിട്ടുള്ള കാര്യങ്ങളാണ് അവയിൽ പലതും. സംസ്ഥാനം അവ ശ്രദ്ധാപൂർവം പരിഗണിക്കണം. പുതുതായി നയരേഖയിൽ ഉൾപ്പെടുത്തിയ കാര്യങ്ങളാകട്ടെ പലതും കാലഹരണപ്പെട്ടതും ആപൽക്കരങ്ങളുമാണ്. മൂല്യവിദ്യാഭ്യാസം, പാരമ്പര്യസംരക്ഷണം എന്നിവ നിരന്തരം ആവർത്തിക്കുന്നത് കാണാം. സ്വതന്ത്രഭാരതത്തിലെ ആദ്യത്തെ വിദ്യാഭ്യാസ കമ്മീഷനും മൂല്യവിദ്യാഭ്യാസത്തെക്കുറിച്ച് പറയുന്നുണ്ട്. പുറമെനിന്ന് പമ്പ് ചെയ്ത് നിറക്കേണ്ട ഒന്നായി മൂല്യങ്ങളെ കാണുന്നതാണ് മൂല്യച്യുതിക്ക് കാരണമെന്ന് അനുഭവം പഠിപ്പിക്കുന്നു. വിദ്യാഭ്യാസം തന്നെ ഒരു മികച്ച മൂല്യമായി മാറണം. മത്സരരഹിതവും അനുരഞ്ജനത്തിൽ അധിഷ്ഠിതവുമായ വിദ്യാഭ്യാസം മഹത്തായ മൂല്യമായി, സംസ്കാരമായി വിദ്യാർത്ഥികളിൽ നിറയണം. കടുത്ത മത്സരവും താങ്ങാനാവാത്ത സമ്മർദ്ദവും അടിച്ചേൽപ്പിച്ച ശേഷം മൂല്യവിദ്യാഭ്യാസവും മാനസികാരോഗ്യവും വേറിട്ട് പഠിപ്പിച്ചതുകൊണ്ട് എന്താണ് നേട്ടം.

എൻ.പി.ഇ- 2020 മത്സരാധിഷ്ഠിത വിദ്യാഭ്യാസമാണ് മുന്നോട്ടുവയ്ക്കുന്നത്. എസ്.എസ്.എൽ.സി.ക്ക് ഓരോ വിഷയത്തിനും മിനിമം മാർക്ക് നിർബന്ധിതമാക്കാൻ തീരുമാനിച്ച വിദ്യാഭ്യാസ മന്ത്രിയുടെ കാഴ്ചപ്പാടും അതിൽ നിന്ന് വ്യത്യസ്തമല്ല. ലിറ്ററസിയും ന്യൂമറസിയുമാണ് സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഫോക്കസ് ഏരിയ ആയി എൻ.പി.ഇ 2020 പരിഗണിക്കുന്നത്. അവയ്ക്കെല്ലാം അപ്പുറമുള്ളതാണ് വിദ്യാഭ്യാസം എന്ന് മനസ്സിലാക്കാൻ ഈ വിദ്യാഭ്യാസ വിദഗ്ധർക്ക് എത്ര കാലം വേണ്ടിവരും. കേരള വിദ്യാഭ്യാസ മന്ത്രിയുടെ സമീപനവും അതിൽ നിന്ന് വ്യത്യസ്തമല്ല.

എൻ.പി.ഇ.2020 മത്സരാധിഷ്ഠിത വിദ്യാഭ്യാസമാണ് മുന്നോട്ടു വയ്ക്കുന്നത്. ലിറ്ററസിയും ന്യൂമറസിയുമാണ് സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഫോക്കസ് ഏരിയ ആയി എൻ.പി.ഇ 2020 പരിഗണിക്കുന്നത്.
എൻ.പി.ഇ.2020 മത്സരാധിഷ്ഠിത വിദ്യാഭ്യാസമാണ് മുന്നോട്ടു വയ്ക്കുന്നത്. ലിറ്ററസിയും ന്യൂമറസിയുമാണ് സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഫോക്കസ് ഏരിയ ആയി എൻ.പി.ഇ 2020 പരിഗണിക്കുന്നത്.

ചില രാഷ്ട്രീയവിചാരങ്ങളും ഖാദർ കമ്മറ്റി റിപ്പോർട്ട് ചെയ്യുന്നു. രണ്ട് പതിറ്റാണ്ട് മുമ്പ് ഏതോ വ്യവഹാരവുമായി ബന്ധപ്പെട്ട് സ്കൂളുകളിൽ കക്ഷി അടിസ്ഥാനത്തിലുള്ള രാഷ്ട്രീയ പ്രവർത്തനം കോടതി തടയുകയുണ്ടായി. അത് പുനഃസ്ഥാപിക്കണമെന്ന് ശക്തിയുക്തം കമ്മറ്റി നിർദ്ദേശിച്ചു. അതിനോടൊപ്പം അധ്യാപകരുടെ സംഘടനാസ്വാതന്ത്ര്യത്തിൽ നിയന്ത്രണം ഏർപ്പെടുത്താനും നിർദ്ദേശമുണ്ട്. കലാപ്രവർത്തനം നടത്താൻ സ്കൂളിൽ സ്വാതന്ത്ര്യമുണ്ടെങ്കിൽ രാഷ്ട്രീയപ്രവർത്തനത്തിനും സ്വാതന്ത്ര്യമുണ്ട്. അത് ഏതെങ്കിലും കോടതിവിധിയെ ആശ്രയിച്ച് നടപ്പിലാക്കേണ്ടതല്ല. വിദ്യാഭ്യാസം തന്നെ ഒരു തരം രാഷ്ട്രീയപ്രവർത്തനമാണ്. എന്നാൽ, കക്ഷികൾ തമ്മിൽ അധികാരം കൈയാളാൻ നടത്തുന്ന ഹീനമായ കലാപങ്ങൾ നാട്ടിൻപുറങ്ങളിൽ നിന്ന് എന്നപോലെ വിദ്യാലയങ്ങളിൽ നിന്നും ഉച്ചാടനം ചെയ്യണം.

രാഷ്ട്രീയനയങ്ങളും രാജ്യഭരണവും കുട്ടികളെ ദൈനംദിന ജീവിതത്തിൽ സ്വാധീനിക്കുന്നു. അവ പഠനത്തിന്റെ ഭാഗമായി ചർച്ചചെയ്യുകയും ഭരണഘടന അനുശാസിക്കുന്ന ജനാധിപത്യ മാതൃകകൾ സ്കൂളുകളിൽ പ്രാവർത്തികമാക്കുകയും വേണം. ഉദ്ദേശ്യശുദ്ധിയാണ് ഇവിടെ പ്രധാനം. ദുഷിച്ച രാഷ്ട്രീയ ഉപജാപങ്ങൾ കൊഴുപ്പിക്കാനുള്ള ആയുധശാലയാക്കി വിദ്യാലയങ്ങളെ മാറ്റുന്നതിന്റെ തുടർച്ചയാണ് അധികാരസ്ഥാനങ്ങളിൽ എത്തുന്നവർ തങ്ങളുടെ കുട്ടികളെ മാതൃകാപരമായി സുരക്ഷിത കേന്ദ്രങ്ങളിൽ പഠിപ്പിക്കാൻ മുതിരുന്നത്. ലഹരി ഉപയോഗവും മദ്യാസക്തിയും ജാതിമതാദികളിലുള്ള അമിത വിശ്വാസവും വിദ്യാലയങ്ങളിൽ വേരൂന്നുകയാണെന്നും അതിന് കാരണം വിദ്യാലയരാഷ്ട്രീയം നിരോധിച്ചതാണെന്നുമുള്ള അപക്വമായ പ്രസ്താവനകൾ ഇത്തരം റിപ്പോർട്ടുകളിൽ ഒഴിവാക്കപ്പെടേണ്ടതാണ്. സമൂഹത്തിൽ വളർന്നുവരുന്ന പ്രവണതകൾ വിദ്യാലയങ്ങളിലും സംക്രമിക്കാമെന്നല്ലാതെ കണ്ടൽച്ചെടികളുടെ സംരക്ഷണം നഷ്ടപ്പെട്ടതോടെ തീരശോഷണമുണ്ടായി എന്ന പൊതുതത്വം പറയുന്നമാതിരി വിദ്യാർത്ഥിരാഷ്ട്രീയം പോയതോടെ സ്കൂളുകളിൽനിന്ന് നൈതികമൂല്യങ്ങൾ വാർന്നുപോയി എന്ന് പറയാനാവുമോ? കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ പഠിച്ച പഴയ തലമുറയാണ് മുമ്പെങ്ങും ഇല്ലാത്തവിധം അന്ധവിശ്വാസങ്ങള തഴുകുന്നത്. ജാതിമതാദികൾ ശക്തിപ്പെടുന്നതും ആ സമൂഹത്തിൽ നിന്നുതന്നെ.

കുട്ടികളെ പോലെ തന്നെ അധ്യാപകർക്കും സംഘടിക്കാൻ സ്വാതന്ത്ര്യമുണ്ട്. വ്യത്യസ്ത ആവശ്യങ്ങൾ പ്രമാണിച്ച് വ്യത്യസ്ത തരം കൂട്ടായ്മകളിൽ അവർ അംഗങ്ങളാവും. അതിനാൽ സ്കൂളിനുള്ളിൽ പല തരം അധ്യാപക കൂട്ടായ്മകൾക്ക് അവസരമുണ്ട്. അത് നിഷേധിക്കുന്നത് തികഞ്ഞ അത്യാചാരമാണ്. ആരെയോ ഏകഛത്രാധിപതിയായി അഭിഷേകം ചെയ്യാനുള്ള അച്ചാരം വാങ്ങലായേ ഈ നിർദ്ദേശത്തെ കാണാനാവൂ. വിദ്യാഭ്യാസ കമ്മിഷനുകളിലും കമ്മറ്റികളിലുമെല്ലാം പ്രവേശനം നൽകുന്നത് അധ്യാപക സംഘടനാ പ്രതിനിധികൾക്കാണ്. ശമ്പളപരിഷ്കരണം, പാഠ്യപദ്ധതി തീരുമാനിക്കൽ, കലാ-കായികമത്സരങ്ങളുടെ സംഘാടനം എന്നു തുടങ്ങി സ്കൂൾ വിദ്യാഭ്യാസത്തിന്റെ മാംസളഭാഗങ്ങൾ സംഘടനാ നേതൃത്വങ്ങൾക്ക് അവകാശപ്പെട്ടതാണ്. അത് ഭുജിക്കുന്നതിൽ മത്സരം ഒഴിവാക്കാനാണ് ഇങ്ങനെ നിർദ്ദേശിച്ചിരിക്കുന്നത്. പാഠ്യപദ്ധതി രൂപീകരണത്തിൽ മുഖ്യപങ്ക് വഹിക്കേണ്ടത് അധ്യാപകരാണ്. വിദ്യാഭ്യാസപരിഷ്കാരങ്ങൾ സംബന്ധിച്ച് അധ്യാപകരുമായി കൂടിയാലോചിക്കണം. പക്ഷേ, അധ്യാപകരുടെ സ്ഥാനത്ത് അധ്യാപകസംഘടനകൾ വരുന്നത് ഗുണകരമല്ല. സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഭാഗമായി അനാവശ്യമായ ആഘോഷങ്ങൾ പരിമിതപ്പെടുത്തണമെന്ന മുറവിളി ഉയരുമ്പോഴും അതിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ കഴിയാതെ പോകുന്നത് ആഘോഷകമ്മറ്റികളുടെ സാധ്യതകൾ നിലനിൽക്കുന്നതുകൊണ്ടാണ്. വിദ്യാർത്ഥികൾക്ക് എന്നപോലെ അധ്യാപകർക്കും ജനാധിപത്യവേദികൾ ഉണ്ടാവണം. അവ സർക്കാരിനെ പാഠം പഠിപ്പിക്കാനോ നാട്ടുകാരെ നിലയ്ക്കു നിറുത്താനോ ആവരുതെന്ന് മാത്രം.

പാഠ്യപദ്ധതി രൂപീകരണത്തിൽ മുഖ്യപങ്ക് വഹിക്കേണ്ടത് അധ്യാപകരാണ്. വിദ്യാഭ്യാസപരിഷ്കാരങ്ങൾ സംബന്ധിച്ച് അധ്യാപകരുമായി കൂടിയാലോചിക്കണം.
പാഠ്യപദ്ധതി രൂപീകരണത്തിൽ മുഖ്യപങ്ക് വഹിക്കേണ്ടത് അധ്യാപകരാണ്. വിദ്യാഭ്യാസപരിഷ്കാരങ്ങൾ സംബന്ധിച്ച് അധ്യാപകരുമായി കൂടിയാലോചിക്കണം.

പതിറ്റാണ്ടുകളായി കേന്ദ്രസർക്കാർ നിർദ്ദേശിക്കുന്നതും പിന്തുടരുന്നതുമായ പാറ്റേൺ 5+3+4 ആണ്. എട്ടാം ക്ലാസ് വരെ എലിമെന്ററിയും തുടർന്നുള്ള നാല് വർഷം സെക്കന്ററിയുമാണ്. അത് സംസ്ഥാനത്ത് നടപ്പിലാക്കുന്നത് യുക്തിസഹമാണ്. നിലവിൽ കേരളത്തിൽ എട്ടാം ക്ലാസ് ഹൈസ്കൂളിന്റെ ഭാഗമാണ്. എന്നാൽ ഹൈസ്കൂളിൽ പഠിപ്പിക്കുന്ന അധ്യാപകർക്ക് എട്ടാം ക്ലാസ് അവിടെ ചേരാത്ത വിഭാഗമായി അനുഭവപ്പെടുന്നുണ്ട്. എലിമെന്ററിയിലെ പഠനരീതിയാണ് അവരുടെ വളർച്ചയ്ക്കും വികാസത്തിനും ചേർന്നത്. എട്ടാം ക്ലാസ് സെക്കന്ററിയിൽ തുടരണം എന്ന് കമ്മറ്റിക്ക് തോന്നാനുള്ള കാരണം വിദ്യാഭ്യാസപരമല്ല. അവരെ പിന്തുടരുന്നത് സ്റ്റാഫ് പാറ്റേണിൽ മാറ്റം വരുത്തുമ്പോൾ അധ്യാപകർ അസ്വസ്ഥരാകുമെന്ന ഭീതിയാണ്. ഒന്നാം ക്ലാസ് പ്രവേശനം ആറ് വയസ്സിൽ എന്ന കേന്ദ്രനിർദ്ദേശത്തെ പ്രതിരോധിക്കുന്നതും ഇതേ കാരണം കൊണ്ടാണ്. മൂന്ന് വയസ്സ് മുതൽ കുട്ടികളുടെ സംരക്ഷണം സർക്കാർ എറ്റെടുക്കുമ്പോൾ ഒന്നാം ക്ലാസ് എവിടെ തുടങ്ങിയാലും പ്രശ്നമില്ലല്ലോ. എയ്ഡഡ് സ്കൂൾ മാനേജർമാർ ഒരു വർഷം ഒന്നാം ക്ലാസ് പ്രവേശനത്തിൽ വലിയ കുറവ് അനുഭവിക്കേണ്ടിവരുമെന്ന കരുതൽ അഭിനന്ദനാർഹം തന്നെ.

ഇതൊക്കെയാണെങ്കിലും ഹയർ സെക്കന്ററിക്കാരെ ഒരു പാഠം പഠിപ്പിക്കണമെന്ന കാര്യത്തിൽ കമ്മറ്റിയിൽ അഭിപ്രായവ്യത്യാസമില്ല. നേരത്തേ സൂചിപ്പിച്ച തൊഴിൽപരമായ പദവിയിലെ ശോഷണം ഹയർസെക്കന്ററി അധ്യാപകർ അനുഭവിച്ചോട്ടെ. വിവിധ വിഭാഗങ്ങളിലെ അധ്യാപകരുടെ യോഗ്യത സംബന്ധിച്ചും ചില ഉൾക്കാഴ്ചകൾ അവതരിപ്പിക്കുന്നുണ്ട്. ഹയർ സെക്കന്ററി പ്രിൻസിപ്പൽ ഹയർസെക്കന്ററിയിൽ പഠിപ്പിച്ചിരിക്കണമെന്നോ ഹയർ സെക്കന്ററി അധ്യാപകർക്ക് നിഷ്കർഷിച്ചിട്ടുള്ള സെറ്റ് പോലുള്ള പരീക്ഷകൾ പാസാകണമെന്നോ നിർബന്ധമില്ല. ഹൈസ്കൂൾ ഹെഡ്മാസ്റ്ററായി സേവനം അനുഷ്ഠിച്ച പരിചയം കൊണ്ട് ഹയർ സെക്കന്ററിയിൽ പഠിപ്പിക്കുകയും അവിടത്തെ അക്കാദമിക പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും ചെയ്യാമെന്ന വ്യവസ്ഥ കേരളത്തിന്റെ മാത്രം സംഭാവനയാണ്. പുതിയ സാഹചര്യത്തിൽ എട്ട് മുതൽ പന്ത്രണ്ട് വരെ ഒറ്റ താവഴിയാകുമ്പോൾ എല്ലാ തർക്കങ്ങൾക്കും അവസാനമാകും.

എട്ടാം ക്ലാസ് വരെ എലിമെന്ററിയും തുടർന്നുള്ള നാല് വർഷം സെക്കന്ററിയുമാണ്. അത് സംസ്ഥാനത്ത് നടപ്പിലാക്കുന്നത് യുക്തിസഹമാണ്.
എട്ടാം ക്ലാസ് വരെ എലിമെന്ററിയും തുടർന്നുള്ള നാല് വർഷം സെക്കന്ററിയുമാണ്. അത് സംസ്ഥാനത്ത് നടപ്പിലാക്കുന്നത് യുക്തിസഹമാണ്.

ഖാദർ കമ്മറ്റി റിപ്പോർട്ട് അക്ഷരം പ്രതി നടപ്പിലാക്കുമെന്ന് പറഞ്ഞിരുന്ന വിദ്യാഭ്യാസമന്ത്രി പെട്ടെന്ന് ചുവട് മാറ്റിയിരിക്കുന്നു. തുടക്കത്തിൽ ഘട്ടം ഘട്ടമായി നടപ്പിലാക്കും എന്ന് മയപ്പെടുത്തി നോക്കി. പിന്നെ നിലപാട് കടുപ്പിച്ചു. കമ്മിറ്റിക്കാർ പലതും പറയും അതൊക്കെ അവരുടെ അഭിപ്രായങ്ങളാണ്. എല്ലാവരോടും ആലോചിച്ച് ആവശ്യമുള്ള നിർദ്ദേശങ്ങൾ നടപ്പിലാക്കും എന്ന തരത്തിൽ മാറിയിരിക്കുന്നു. ഇടയാൻ സാധ്യതയുള്ള ജാതിമതശക്തികളെ പിണക്കാതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാവാം ഈ ചുവടുമാറ്റം. എന്തായാലും പൊതുവിദ്യാഭ്യാസത്തെ രക്ഷിക്കാനായി അധികമൊന്നും ത്യജിക്കാൻ തയാറല്ലെന്ന് ചുരുക്കം.

വിദ്യാഭ്യാസ കമ്മറ്റി റിപ്പോർട്ടുകൾ അനന്തമായി ആഖ്യാനം ചെയ്യുന്നത് പുതിയ കാലത്തിന് ചേർന്നതല്ല. കോത്താരിയുടെ റിപ്പോർട്ടുമായി മത്സരിക്കാനാണോ ശ്രമം എന്ന് അറിയില്ല. റിപ്പോർട്ട് വായിക്കാതെ അടുത്ത കാലത്ത് വന്ന പത്രവാർത്തകളെ മാത്രം അടിസ്ഥാനമാക്കിയാണ് വിമർശനങ്ങൾ ഉന്നയിച്ചിട്ടുള്ളത്. അതെല്ലാം ശരിയായിക്കൊള്ളണമെന്നില്ല. നിശ്ചിത ഇടവേളകളിൽ പത്രവാർത്തകൾ പ്രത്യക്ഷപ്പെടുന്നത് പി.ആർ. വർക്കിന്റെ ഭാഗമായാണ്. വിദ്യാഭ്യാസമന്ത്രി അത്തരം ഏർപ്പാടുകൾ ചെയ്തിരിക്കാൻ ഇടയില്ല. അദ്ദേഹത്തിന് വാർത്തകൾ അലോസരം സൃഷ്ടിക്കുന്നതായാണ് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളത്. സർക്കാർ വിദ്യാഭ്യാസ കമ്മറ്റികളെ നിയമിക്കുമ്പോൾ ടേംസ് ഒഫ് റഫറൻസ് നിശ്ചിത കാലം കൊണ്ട് പൂർത്തിയാക്കാൻ കഴിയുന്ന വിധം പരിമിതപ്പെടുത്തണം. കാലാവധിയും റിപ്പോർട്ടിന്റെ വലിപ്പത്തെ സംബന്ധിച്ച നിർദ്ദേശങ്ങളും അവരെ അറിയിക്കണം. കേരളത്തിൽ നടന്നുവരുന്ന പാഠ്യപദ്ധതിപരിഷ്കാരങ്ങളിൽ റിപ്പോർട്ടിന്റെ പ്രതിഫലനം ഉണ്ടാവുമോ? അധ്യാപകവിദ്യാഭ്യാസം, സ്കൂളിലെ അടിസ്ഥാനസൗകര്യങ്ങൾ, ഉദ്യോഗസ്ഥവിന്യാസം, സ്കൂളുകളിൽ ലഭ്യാമാക്കേണ്ട ഇതര സേവനങ്ങൾ, പാഠ്യപദ്ധതിയുടെ സ്വഭാവം തുടങ്ങിയവ സംബന്ധിച്ച നിർദ്ദേശങ്ങൾ അറിയാൻ കഴിഞ്ഞിട്ടില്ല. വിദ്യാഭ്യാസരംഗത്ത് വളരെ വേഗത്തിൽ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നു. അതിനാൽ വൈകിയെത്തുന്ന നിർദ്ദേശങ്ങൾ കാലഹരണപ്പെടാനിടയുണ്ട്.


Summary: M.A Khader lead committee's recommendations suggests reforms in Kerala's school education system. Dr. PK Thilak analyses the report.


ഡോ. പി.കെ. തിലക്​

എസ്.സി.ഇ.ആർ.ടി റിസർച്ച് ഓഫീസറായിരുന്നു. കഥാ പഠനങ്ങൾ, കവിതാ പഠനങ്ങൾ, കലാപഠനങ്ങൾ എന്നീ മൂന്ന്​ ഭാഗങ്ങളുള്ള പുസ്​തകസെറ്റും തട്ടകപ്പോരിമ എന്ന പുസ്​തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments