എന്തിനാണ്​ പി.ജി. ഡോക്​ടർമാർ സമരം ചെയ്യുന്നത്​? സർക്കാർ എന്തുചെയ്യണം?

കോവിഡിന്റെ ആദ്യ ഘട്ടത്തിൽ ഏറ്റവും മികച്ച രോഗ പ്രതിരോധ പ്രവർത്തനങ്ങളുമായി കേരളം അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആ നേട്ടത്തിന്റെ പ്രധാന പങ്കാളികളാണ്​ ഇന്ന് സമരം ചെയ്യുന്ന പി.ജി. ഡോക്​ടർമാർ. അടിയന്തര ഘട്ടങ്ങളിൽ നടത്തുന്ന സേവനങ്ങൾക്ക് ലഭിക്കുന്ന സ്തുതിവാക്കുകൾക്കപ്പുറം ഡോക്ടർമാരുടെ അവസ്ഥയെന്താണ്? അവർ സമരമുഖത്തേക്ക് ഇറങ്ങിയത് എന്തിനാണ്? ഇഷ്ടപ്പെട്ട് തിരഞ്ഞെടുത്ത വിഷയങ്ങൾ കൃത്യമായി പഠിക്കാനുള്ള സമയം പോലും പി.ജി. ഡോക്ടർമാർക്ക് കിട്ടിയിട്ടില്ല. അതുകൊണ്ടുതന്നെ അടുത്ത് വരാനിരിക്കുന്ന പരീക്ഷകളെ ഏറെ പേടിയോടെയാണ് രണ്ടാം വർഷ വിദ്യാർത്ഥികൾ കാണുന്നത്.

കേരളത്തിലെ മെഡിക്കൽ കോളേജുകളിലെ ഏറ്റവും വലിയ വർക്ക് ഫോഴ്സായ പി.ജി ഡോക്ടർമാർ രണ്ടാഴ്​ചയായി നടത്തുന്ന സമരം ആരോഗ്യ മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്​. സർക്കാർ ആശുപത്രികളിൽ അടിയന്തര ചികിത്സയും ഒ.പി പ്രവർത്തനവും മുടങ്ങുന്ന വിധത്തിൽ, സമരം തുടങ്ങിയിട്ട്​ ദിവസങ്ങളായി. കെ.ജി.എം.ഒ.എയുടെ നേതൃത്വത്തിൽ സെക്ര​ട്ടേറിയറ്റ്​ പടിക്കൽ ഡോക്​ടർമാരുടെ നിൽപുസമരം ഒരാ​ഴ്​ചയിലേക്കു കടക്കുകയാണ്​. ഹൗസ്​ സർജന്മാരുമായി ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ്​ സെക്രട്ടറി ചർച്ച നടത്തിയെങ്കിലും പി.ജി.ഡോക്​ടർമാരുമായി ചർച്ച നടന്നിട്ടില്ല. പി.ജി ഡോക്​ടർമാരുടെ ആവശ്യം ന്യായമാണെന്ന്​ ആരോഗ്യമന്ത്രി വീണ ജോർജ്​ സമ്മതിക്കുന്നുണ്ടെങ്കിലും ഒന്നാംവർഷ പി.ജി പ്രവേശനം സുപ്രീംകോടതിയുടെ പരിഗണനയിലായതിനാൽ സർക്കാറിനുമാത്രമായി ഒന്നും ചെയ്യാനാകില്ലെന്നാണ്​ അവർ പറയുന്നത്​.

ആരോഗ്യമന്ത്രി വീണ ജോർജ്​

കോവിഡിന്റെ ആദ്യ ഘട്ടത്തിൽ ഏറ്റവും മികച്ച രോഗ പ്രതിരോധ പ്രവർത്തനങ്ങളുമായി കേരളം അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആ നേട്ടത്തിന്റെ പ്രധാന പങ്കാളികളാണ്​ ഇന്ന് സമരം ചെയ്യുന്ന ഡോക്​ടർമാർ. അടിയന്തര ഘട്ടങ്ങളിൽ നടത്തുന്ന സേവനങ്ങൾക്ക് ലഭിക്കുന്ന സ്തുതിവാക്കുകൾക്കപ്പുറം ഡോക്ടർമാരുടെ അവസ്ഥയെന്താണ്? അവർ സമരമുഖത്തേക്ക് ഇറങ്ങിയത് എന്തിനാണ്?

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രധാന സർക്കാർ ആശുപത്രികളിലെല്ലാം മുൻനിര പോരാളികളായത് പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാർത്ഥികളായിരുന്നു. മറ്റ് ചികിത്സകൾക്കൊപ്പം പ്രത്യേക കോവിഡ് ഡ്യൂട്ടി കൂടി വന്നതോടെ ആവശ്യത്തിന്​ ഡോക്ടർമാർ ഇല്ലാതായതും ഒന്നാം വർഷ വിദ്യാർത്ഥികളുടെ പ്രവേശനത്തിൽ വന്ന അനിശ്ചിതത്വവും നിലവിലുള്ള പി.ജി ഡോക്ടർമാരുടെ ജോലിഭാരം ഇരട്ടിയിലധികമാക്കി. ആറ് മാസമായി കോവിഡ്​ ചികിത്സക്ക്​ നേതൃത്വം നൽകുന്നത്​ നിലവിലുള്ള രണ്ട് ബാച്ചുകളിലെ 200-ൽ താഴെയുള്ള പി.ജി ഡോക്ടർമാരാണ്. രണ്ടാം വർഷ പി.ജി ഡോക്ടർമാരുടെ പരീക്ഷ ആരംഭിച്ചാൽ അടിയന്തര സാഹചര്യങ്ങളിലുൾപ്പെടെ അവശേഷിക്കുന്ന ഒരേയൊരു ബാച്ചിലെ ഡോക്ടർമാരെ മാത്രം ആശ്രയിക്കേണ്ട ഗതികേടാണുണ്ടാവുക.

തൊഴിൽ പരിചയത്തിന്റെ പേരിൽ തുടർച്ചയായി 48 ഉം 72 ഉം മണിക്കൂറുകൾ തുടർച്ചയായി ജോലി ചെയ്യേണ്ടി വരുന്ന വിദ്യാർത്ഥി ഡോക്ടർമാർ തൊഴിൽപരമായും വ്യക്തിപരമായും നേരിടേണ്ടി വന്ന സമ്മർദ്ദങ്ങളുടെ ആകെത്തുകയാണ് ഇപ്പോൾ നടക്കുന്ന സമരം. വിശ്രമമില്ലാതെ മണിക്കൂറുകളും ദിവസങ്ങളും നീളുന്ന ഡ്യൂട്ടി സമയം പി.ജി ഡോക്ടർമാരുടെ ഭക്ഷണം, ഉറക്കം, ആരോഗ്യം തുടങ്ങി അടിസ്ഥാനാവശ്യങ്ങൾക്കുള്ള സമയം പോലും അപഹരിക്കുന്നു. ഇത് പലരുടെയും മാനസിക - ശാരീരികാരോഗ്യത്തെയും പഠനത്തെയും സാരമായി ബാധിക്കുകയും രോഗികളെ പരിചരിക്കുമ്പോൾ വീഴ്ച സംഭവിക്കാനുള്ള സാധ്യതകളിലേക്കുവരെ അവരെ കൊണ്ടെത്തിക്കുകയും ചെയ്തിട്ടുണ്ട്. ഇഷ്ടപ്പെട്ട് തിരഞ്ഞെടുത്ത വിഷയങ്ങൾ കൃത്യമായി പഠിക്കാനുള്ള സമയം പോലും പി.ജി. ഡോക്ടർമാർക്ക് കിട്ടിയിട്ടില്ല. അതുകൊണ്ടുതന്നെ അടുത്ത് വരാനിരിക്കുന്ന പരീക്ഷകളെ ഏറെ പേടിയോടെയാണ് രണ്ടാം വർഷ വിദ്യാർത്ഥികൾ കാണുന്നത്.

പി.ജി. ഡോക്ടേഴ്സ് അസോസിയേഷൻ കോഴിക്കോട് ചാപ്റ്റർ പ്രസിഡൻറ്​ അജിൽ ആന്റണി പറയുന്നു: ""ആറു മാസമായി ഓവർ ജോലി ഭാരമാണ്. നീറ്റ് പി.ജി പരീക്ഷ ജനുവരിയിൽ നടന്ന് മെയ് ആകുമ്പോഴേക്കും ഫസ്റ്റ് ബാച്ച് വരേണ്ടതാണ്. അവസാനവർഷ ബാച്ച് പരീക്ഷ കഴിഞ്ഞ് പോയി. ഇപ്പോൾ ഒരു ബാച്ച് മൊത്തത്തിൽ കുറവാണ്​. കോവിഡ് കാരണം ജനുവരിയിൽ നടത്താനിരുന്ന നീറ്റ് പരീക്ഷ ഏപ്രിലിലേക്ക് മാറ്റി. ഏപ്രിലിൽ പരീക്ഷ നടക്കുന്നതിന് തലേദിവസം വീണ്ടും മാറ്റി വെക്കുകയും അനിശ്ചിതകാലത്തേക്ക് പരീക്ഷ നടക്കാതിരിക്കുകയും ചെയ്തു. ഈ സമയം, കോവിഡിന്റെ പീക്ക് സമയമായിരുന്നു. അന്നുതുടങ്ങി പിന്നീടങ്ങോട്ട് സാധാരണ വാർഡുകളിലും, ഐ.സി.യുകളിലും, ഒ.പിയിലും ജോലി ചെയ്യുന്നതിന് പുറമെ കോവിഡ്​ വാർഡുകളും ഐ.സി.യുവിലും ഒക്കെ ജോലി ചെയ്തത് പി.ജി ഡോക്ടർമാരും ഹൗസ് സർജൻമാരുമാണ്. പി.പി.ഇ കിറ്റ് ഇട്ടു വിയർത്തുകുളിച്ച്​​ മണിക്കൂറുകൾ ദൈർഘ്യമുള്ള ഡ്യൂട്ടിയിലേർപ്പെടുന്നത് അസഹ്യമാണ്​. അത്യാവശ്യത്തിന് പോലും ലീവും കിട്ടാത്ത അവസ്​ഥയും.''

സംവരണത്തിൽപെട്ട് ഒന്നാം വർഷ പ്രവേശനം

മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് കഴിഞ്ഞ സെപ്റ്റംബർ 11 ന് നടന്നെങ്കിലും ഒക്ടോബർ 26 ന് ആരംഭിക്കേണ്ടിയിരുന്ന അലോട്ട്മെൻറ്​ പ്രക്രിയ നടന്നിട്ടില്ല. ഒ.ബി.സി സംവരണം, മുന്നാക്കക്കാരിലെ പിന്നാക്കക്കാരെ നിർണയിക്കൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിലുള്ള കേസിന്റെ അന്തിമ വിധി നീണ്ടു പോകുന്നതാണ് അലോട്ട്മെൻറ്​ നടക്കാത്തതിന്റെ കാരണം. സംവരണ വിഷയത്തിൽ അടിയന്തര തീരുമാനമുണ്ടാക്കാൻ അതുമായി ബന്ധപ്പെട്ട സമിതികളിൽ സമ്മർദ്ദം ചെലുത്താമെങ്കിലും നിസംഗത കൈവിടാതെ തന്നെ മുന്നോട്ട് പോകുകയാണ് കേന്ദ്ര സർക്കാർ.

നീറ്റ് മത്സര പരീക്ഷ നടന്ന് മാസങ്ങൾ കഴിഞ്ഞിട്ടും പ്രവേശന നടപടി ഇഴഞ്ഞ് നീങ്ങുന്നത് അനാസ്ഥ തന്നെയായി വേണം കണക്കാക്കാൻ. സംവരണത്തിന്റെ സാമ്പത്തിക മാനദണ്ഡം ഉറപ്പുവരുത്തി കേസ് കഴിയുന്നത്ര വേഗതയിൽ തീർപ്പാക്കുകയും ഒന്നാം വർഷ വിദ്യാർത്ഥികളുടെ നീറ്റ് മെഡിക്കൽ കൗൺസലിങ്ങ് താമസം കൂടാതെ നടപ്പിലാക്കുകയും ചെയ്യണമെന്ന ആവശ്യം മുൻ നിർത്തി കേരളത്തിൽ മാത്രമല്ല ഇന്ത്യയിലെ മുഴുവൻ മെഡിക്കൽ പി.ജി വിദ്യാർത്ഥികളും രാജ്യവ്യാപക സമരത്തിലാണ്. അഖിലേന്ത്യാ തലത്തിൽ ഇ.എ. ഐ, എം. എം. എ, എഫ്.ഒ.ആർ. ഡി. എ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ സമരം നടക്കുമ്പോൾ കേരളത്തിൽ കെ.എം.പി.ജിയാണ് പി.ജി ഡോക്ടർമാരുടെ സമരം ഏകോപിപ്പിക്കുന്നത്.

സമരം സർക്കാറിനോട് പറയുന്നത്

നീറ്റ് പി.ജി മെഡിക്കൽ കൗൺസിലിങ്ങ് വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാറിന് സംസ്ഥാന സർക്കാർ കത്തയക്കണമെന്നത് സമരക്കാർ മുന്നോട്ട് വെച്ച പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു. ആദ്യ ദിവസങ്ങളിൽ അത്യാഹിത വിഭാഗങ്ങൾ ബഹിഷ്​കരിക്കാതെ നടന്ന സമരം പിന്നീട്
കോവിഡ് ഒഴികെയുള്ള എല്ലാ ചികിത്സാവിഭാഗങ്ങളിൽ നിന്നും വിട്ടു നിന്ന്​മുന്നോട്ട് പോയിട്ടും സുപ്രീം കോടതിയുടെ പരിഗണയിലിരിക്കുന്ന വിഷയത്തിൽ തങ്ങൾക്കൊന്നും ചെയ്യാനില്ലന്ന നിലപാടല്ലാതെ സംസ്ഥാന സർക്കാറിന്റെ ഭാഗത്തുനിന്ന് കാര്യമായ അനുനയ ശ്രമം ഉണ്ടാവാതിരുന്നത് പ്രതിസന്ധി രൂക്ഷമാക്കി. നീറ്റ് മെഡിക്കൽ കൗൺസിലിങ്ങ് നടപടികൾ ത്വരിതപ്പെടുത്തണമെന്ന് കേന്ദ്രത്തോട്​ ആവശ്യപ്പെടാൻ പോലും സംസ്ഥാന സർക്കാർ തയാറായിട്ടില്ലെന്ന്​ സമരം ചെയ്യുന്ന ഡോക്​ടർമാർ പറയുന്നു.

ഈ വിഷയത്തിൽ ചെയ്യാനാകുന്ന കാര്യങ്ങളിൽ പലതും സംസ്ഥാന സർക്കാർ ചെയ്തിട്ടില്ലെന്നാണ് അജിൽ ആൻറണി പറയുന്നത്: ‘‘നീറ്റ്​ ഫലം, ക്വാളിഫൈഡ് ആയവരുടെ മാർക്കുകൾ എന്നിവ വന്നുകഴിഞ്ഞിട്ടും ആർക്കൊക്കെ അപേക്ഷിക്കാം എന്നതിനെ സംബന്ധിച്ച് ഏകദേശ ധാരണയായിട്ടും സെൻട്രൽ കൗൺസലിങ്​ നടന്നു കഴിഞ്ഞാൽ എത്രയും പെ​ട്ടെന്ന് സ്റ്റേറ്റ് കൗൺസലിങ്ങും നടത്താൻ കഴിയുന്ന രീതിയിലേക്ക് സംവരണത്തിന് പുറത്തുനിൽക്കുന്നവരുടെ ഡോക്യുമെൻറ്​ വെരിഫിക്കേഷനുൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്ത് തീർക്കാൻ ഇത്ര സാവകാശം കിട്ടിയിട്ടും സംസ്ഥാനം തയ്യാറായിട്ടില്ല. ഇപ്പോഴേ എല്ലാം റെഡിയാക്കി കഴിഞ്ഞാൽ സെൻട്രൽ കൗൺസലിങ്​ തുടങ്ങി എത്രയും വേഗം സ്റ്റേറ്റ് കൗൺസിലിങ്ങും പൂർത്തിയാക്കാൻ സാധിക്കും. അല്ലാത്ത പക്ഷം പിന്നെയും ഒരു മാസം വരെ താമസം നേരിടേണ്ടി വരും.’’

ഡോക്ടർമാരുടെ കുറവ് നേരിട്ട സാഹചര്യങ്ങളിൽ ഹെൽത്ത് സിസ്റ്റം വിപുലപ്പെടുത്താതെ ജോലി ചെയ്തുകൊണ്ടിരിക്കുന്നവരെ തന്നെ വീണ്ടും അങ്ങോട്ടുമിങ്ങോട്ടുമിട്ട് ജോലി ചെയ്യിക്കുന്ന രീതിയാണ് സർക്കാർ മെഡിക്കൽ കോളേജുകൾ സ്വീകരിച്ചത്. 8 മണിക്കൂറിലധികമുള്ള തൊഴിലെടുപ്പിക്കൽ മനുഷ്യാവകാശ ലംഘനമാണെന്നിരിക്കെയാണ് സാമൂഹ്യ പ്രതിബദ്ധതയുടെ പേരിലുള്ള ഈ പിഴിച്ചിൽ. ഡോക്ടർമാരുടെ കുറവ് നേരിടുന്ന അവസരത്തിൽ ആവശ്യമുള്ളത്ര നോൺ അക്കാദമിക് ജൂനിയർ റെസിഡന്റുമാരെ താൽക്കാലിക തസ്തികളിലേക്ക് നിയമനം നടത്തണമെന്നതും സമരക്കാർ ഉയർത്തിപ്പിടിക്കുന്ന മറ്റൊരു ആവശ്യമാണ്. റസിഡൻറ്​ ജൂനിയർ ഡോക്ടർമാരെ നിയമിച്ച് സർക്കാർ ഉത്തരവിറക്കിയെങ്കിലും ജോലി വ്യവസ്ഥ സംബന്ധിച്ചും മറ്റും വ്യക്തതയില്ലെന്നാണ് ഡോക്ടർമാർ പറയുന്നത് . മാത്രമല്ല ആവശ്യമുള്ളതിലും വളരെ കുറവ് നിയമനത്തിനു മാത്രമാണ് സർക്കാർ തയ്യാറാവുന്നതെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.

വിശ്രമമില്ലാതെ ജോലി ചെയ്ത ഈ സമയത്തും ഡോക്ടർമാർക്ക് കിട്ടേണ്ടിയിരുന്ന വാർഷിക അടിസ്ഥാനത്തിലുള്ള സ്റ്റൈപ്പൻറിന്റെ നാല് ശതമാനം വർധനവ് നടന്നിട്ടില്ല. തമിഴ്നാട്, മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങൾ കോവിഡ് കാലത്ത് രാപ്പകലില്ലാതെ ജോലി ചെയ്യേണ്ടി വന്ന പി.ജി വിദ്യാർത്ഥികൾക്ക് ഇൻസെന്റിവും, അലവൻസും പ്രഖ്യാപിച്ചപ്പോഴാണ് ന്യായമായ സ്റ്റൈപ്പൻറ്​ വർധനവ് ആവശ്യപ്പെട്ട് കേരളത്തിലെ പി.ജി ഡോക്ടർമാർക്ക് സമരത്തിനിറങ്ങേണ്ടി വന്നത്. ഇതേ വിഷയം ഉന്നയിച്ച്​ മാസങ്ങൾക്കുമുൻപ് സമരം നടക്കുകയും അതിനെ തുടർന്ന് ആരോഗ്യമന്ത്രി വാക്കാൽ അനുകൂലമായ ഉറപ്പ് നൽകുകയുമുണ്ടായി. സർക്കാർ ഉത്തരവായി പുറത്തിറങ്ങാത്തതിനാൽ ആ തീരുമാനം നടപ്പിലായിരുന്നില്ല.

സമരക്കാരെ അടിച്ചമർത്തുന്നുവെന്ന്​ ആരോപണം

സമരം ചെയ്യുന്ന ഗർഭിണികളടക്കമുള്ള ഡോക്ടർമാരെ അവർ താമസിക്കുന്ന ഹോസ്റ്റലുകളിൽ നിന്നും പഠിക്കുന്ന കാമ്പസുകളിൽ നിന്നും പുറത്താക്കാനും സമരത്തെ അടിച്ചമർത്താനുമുള്ള മനുഷ്യത്വരഹിതമായ നീക്കം നടക്കുന്നതായും ഡോക്​ടർമാർ ആരോപിക്കുന്നു. വിമർശനങ്ങളെയും പ്രതിഷേധങ്ങളെയും തുടർന്ന് അത്തരം നടപടികളിൽ നിന്ന് പിൻമാറിയെങ്കിലും സമരത്തിന് ചേരുന്ന അവസാന വർഷ വിദ്യാർത്ഥികളുടെ പരീക്ഷാനുമതി നിഷേധിക്കുമെന്നും സമരക്കാർക്കെതിരെ കർശന നടപടികളെടുക്കുമെന്നുമുള്ള ഭീഷണി ഒളിഞ്ഞും തെളിഞ്ഞും നിലനിൽക്കുന്നുണ്ട്.

സഹിക്കേണ്ടി വരുന്നത് രോഗികൾ

പി.ജി ഡോക്ടർമാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുള്ള അക്കാദമിക് സീനിയർ റസിഡൻറ്​ ഓഫീസർമാരുടെയും ഹൗസ് സർജൻസി ന്റെയുമെല്ലാം ജോലി ബഹിഷ്ക്കരണം മെഡിക്കൽ കോളേജ് ആശുപത്രികളെ ആശ്രയിക്കുന്ന രോഗികളെയാണ്​ വലക്കുന്നത്​. ഐ.സി.യു, ഒ.പി വാർഡുകൾ, അത്യാഹിത വിഭാഗം എന്നിവയുടെ പ്രവർത്തനങ്ങളെല്ലാം താളം തെറ്റിക്കിടക്കുകയാണ്​. അടിയന്തരമായി നടത്തേണ്ട ശസ്​ത്രക്രിയകളൊഴികെ നേരത്തേ തീരുമാനിച്ച പല സർജറികളും റദ്ദാക്കുകയും ഗുരുതര പ്രശ്നങ്ങളില്ലാത്ത രോഗികളെ പറഞ്ഞ് വിടുകയുമാണ്. ഇപ്പോൾ ഒ.പികളിൽ നിന്ന് നേരിട്ട് വാർഡുകളിലേക്ക് രോഗികളെ അഡ്മിറ്റ് ചെയ്യുന്നതും നിർത്തി. സർക്കാർ മെഡിക്കൽ കോളേജുകളെ ആശ്രയിക്കുന്നവരിൽ ഭൂരിപക്ഷവും
സാധാരണക്കാരാണ്. സമരം തുടങ്ങിയതിൽപിന്നെ പലരും മണിക്കൂറുകളോളം ഡോക്ടറെ കാണാൻ കാത്തുനിന്ന് മടങ്ങുകയാണ്. ഈ സമരത്തിന്റെ ഏറ്റവും ദുരിത മുഖങ്ങളിലൊന്ന് ആ രോഗികളുടേത് കൂടിയാണ്.

Comments