ജാതിബോധം ഇന്ത്യൻ ജനതയുടെ മനസ്സിലും സാമൂഹിക ഇടപെടലുകളിലും എന്നും ഏറിയും കുറഞ്ഞും നിലനിൽക്കുന്ന പ്രതിഭാസമാണ്. അതിൽ നിന്ന് ആർക്കും മോചനമില്ലെന്നത് സമൂഹ ശാസ്ത്രജ്ഞരും ആത്മീയ പണ്ഡിതന്മാരും സമ്മതിക്കുന്ന യാഥാർത്ഥ്യമാണ്. അസമത്വത്തിന്റെയും വിവേചനത്തിന്റെയും രൂപങ്ങൾ ജാതിയിൽ അന്തർലീനമാണ്. മനുഷ്യരെ ജാതി തിരിച്ച് നിർവചിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നുണ്ട്. അതിന് മനുഷ്യരെ അടയാളപ്പെടുത്താനും കള്ളികളിലാക്കാനും സ്വതസിദ്ധമായ വഴക്കമുണ്ട്. അതുകൊണ്ടാണ് ജാതിനിർമൂലനം അനിവാര്യമായ സാമൂഹിക ആവശ്യമാണെന്ന് ഡോ. ബി.ആർ. അംബേദ്ക്കർ വാദിച്ചത്. ഇന്ത്യയ്ക്ക് ഒരു സ്വതന്ത്ര ആധുനിക സമൂഹമായി രൂപാന്തരപ്പെടണമെങ്കിൽ ജാതിയെ ഇല്ലാതാക്കാനുള്ള രാഷ്ട്രീയപദ്ധതി ആവിഷ്കരിക്കണമെന്ന തത്വബോധത്തിലാണ് ഇന്ത്യൻ ഭരണഘടന, ഭരണഘടനാ ധാർമ്മികതയെന്ന രാഷ്ട്രീയ ഭാവനയെ അടിവരയിടുന്നത്. കാരണം, ഇന്ത്യൻ ജനതയുടെ സ്വാഭാവിക ധാർമ്മികത തരംതിരിവിന്റേതാണ്. മേൽ കീഴ് ബന്ധങ്ങളിലൂടെയാണ് ഇന്ത്യൻ ജനത അവരുടെ സഹജീവികളെ കാണുന്നതും മനസ്സിലാക്കുകയും ചെയ്യുന്നത്.
അതുകൊണ്ട് ജാതിയുടെ അനുരണനങ്ങൾ നിത്യജീവിതത്തിൽ വന്നുചേരുന്നത് സ്വാഭാവിക പരിണതിയാണ്. അതുകൊണ്ട് ജാതി എവിടെ പ്രത്യക്ഷപ്പെടും എവിടെ അപ്രത്യക്ഷമാകും എന്നത് നമുക്ക് മനസ്സിലാക്കാൻ കഴിയാത്ത തരത്തിൽ സാമൂഹിക ജീവിതത്തിൽ വീട്ടിലും കാട്ടിലും നാട്ടിലും പള്ളിക്കൂടങ്ങളിലും വിദ്യാലയങ്ങളിലും അംഗൻവാടികളിലും സർവകലാശാലകളിലും മാത്രമല്ല, ഇന്ത്യയിൽ മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ജാതിയുണ്ട്. ചിലർക്ക് അത് മനസ്സിലാവും, മറ്റു ചിലർക്ക് അതാണെന്ന് തിരിച്ചറിയുക പോലുമില്ല. ജാതി പ്രവർത്തിക്കുന്നത് അതുകൊണ്ടുതന്നെ ബോധത്തിലല്ല, അബോധത്തിലാണ്. Caste is unconscious എന്നു പറയുന്നത് ഇതുകൊണ്ടാണ്. ജാതിയുടെ ഭീതി മറികടക്കാൻ ഹിന്ദുമതം വിട്ട് മറ്റുമതങ്ങളിലേക്ക് ചേർന്നവരോടായി ഡോ. അംബേദ്ക്കർ പറയുന്ന ഒരു വാക്യമുണ്ട്: നിങ്ങൾ ഇന്ത്യയിൽ ഒരു തൊട്ടുകൂടാത്തവനാണെങ്കിൽ ഏതു മതത്തിലും തൊട്ടുകൂടാത്തവനായി നിലനിൽക്കും. മതം കൊണ്ട് പരിഹരിക്കാൻ പറ്റുന്ന ഒരു പ്രശ്നമല്ല ജാതി. ജാതിയിൽ നിന്ന് മോചനം ലഭിക്കുവാൻ നാം ജാതിയെ തന്നെ പ്രശ്നവൽക്കരിക്കണം.
അതുകൊണ്ടാണ് ഇന്ത്യൻ ഭരണഘടനയുടെ അനുഛേദങ്ങളിൽ ജാതി നിർമൂലനം ചെയ്തതായി പ്രഖ്യാപിക്കുന്നത്. നാം ഇന്ത്യക്കാരാണെന്ന് ഭരണഘടനയുടെ ആമുഖത്തിൽ അടിവരയിടുന്നത്, നാം എന്നൊരു തോന്നൽ ബോധപൂർവ്വം നിർമ്മിച്ചെടുക്കാൻ കൂടിയാണ്. നാം എന്ന ബോധ്യം ഇന്ത്യക്കാർക്കില്ല എന്നൊരു യാഥാർത്ഥ്യവും ഈ അടിവരയിലുണ്ട്. സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും അതിന്റെ കൊടുക്കൽ വാങ്ങലിലൂടെ ഒരിന്ത്യയെ നിർമ്മിക്കണമെന്ന ആഗ്രഹമാണ് ഭരണഘടനയുടെ ആമുഖം മുന്നോട്ടുവെക്കുന്നത്. സ്വാതന്ത്ര്യം എന്നാൽ വെറും സ്വാതന്ത്ര്യമല്ല. അത് രാഷ്ട്രീയമായും സാമ്പത്തികമായും നേടണം. സാമൂഹികമായി ഉണ്ടാക്കിയെടുക്കണം. അത് എല്ലാവർക്കും നേടിയെടുക്കാൻ കഴിയുന്ന സാമൂഹ്യ വ്യവസ്ഥ സംജാതമായി വരണം. സാമ്പത്തിക സ്വാതന്ത്ര്യമില്ലാതെ രാഷ്ട്രീയ സ്വാതന്ത്ര്യത്തിന് ഒരർത്ഥവുമില്ലെന്ന് നാം ഓർക്കണം. സാമൂഹിക സ്വാതന്ത്ര്യമില്ലാതെ രാഷ്ട്രീയ സ്വാതന്ത്ര്യം സാധ്യമല്ലെന്നും ഇന്ത്യക്കാർ ഓർക്കണമെന്ന് ഭരണഘടന നിർദ്ദേശിക്കുന്നു. ഇത് രണ്ടും ഇല്ലാത്ത ഒരു സമൂഹത്തിൽ സാഹോദര്യത്വം ഉണ്ടാകില്ലെന്ന് പറയേണ്ടതില്ല.

ജാതി ഉന്നതകുലജാതരെയും അല്ലാത്തവരെയും ബാധിക്കുന്നുണ്ട്. ജന്മം കൊണ്ട് കീഴ് നിലയിൽ ജീവിക്കേണ്ടിവരുന്നവരും ജന്മം കൊണ്ട് മേൽനിലാ ബോധം പേറുന്നവരും ഒരുപോലെ ജാതിയുടെ ഇരകളാണെങ്കിലും മേൽനിലയിലുള്ളവർക്ക് ജാതിയുടെ സ്വാഭാവികനേട്ടം ലഭിക്കുന്നുണ്ട്. തന്റേതല്ലാത്ത കാരണങ്ങൾ കൊണ്ട് ലഭിക്കുന്ന സൗകര്യങ്ങൾ, ഉടമസ്ഥത, സാമ്പത്തികശേഷി, സാമൂഹിക അംഗീകാരം, സ്വീകാര്യത എന്നിവ ജാതി പ്രദാനം ചെയ്യുന്ന ഗുണങ്ങളായി ഭവിക്കുമ്പോൾ അതിന്റെ വിപരീത ഫലമാണ് കീഴ്ജാതി വിഭാഗങ്ങൾ പേറുന്നത്. ഭൂമിയുടെ ഉടമസ്ഥത, വിഭവങ്ങളുടെ ലഭ്യത, പാരമ്പര്യ സ്വത്ത്, എഴുത്തും വായനയുമുള്ള മുൻമുറക്കാർ എന്നിവ സവർണ ജാതികളുടെ കൂടപ്പിറപ്പാവുമ്പോൾ ഇതിന്റെയെല്ലാം അഭാവം കീഴ് ജാതികളുടെ ജാതിഅനുഭവമായി മാറുന്നു. ജാതിയുടെ ശ്രേണീബന്ധത്തിൽ മേൽജാതികൾ മുകളിലേക്ക് പോകുന്തോറും അവരർഹിക്കുന്നതോ അല്ലാത്തതോ ആയ ബഹുമതി ലഭിക്കുന്നു. എന്നാൽ ജാതിശ്രേണിയുടെ കീഴ് നിലയിലേക്ക് വിന്യസിക്കപ്പെട്ട ജാതികൾക്ക് കീഴ് നിലയുടെ സ്ഥാനമനുസരിച്ച് അവഗണന ലഭിക്കുന്നു.
രണ്ടു തരം ജാതികളും ജാതിയുടെ ഇരയായി മാറുമ്പോൾ തന്നെ ജാതിയുടെ സാമൂഹിക അനുഭവം കീഴാളർക്ക് തിക്തവും അവമതിപ്പുണ്ടാക്കുന്ന മനോനിലയുമാണ് പ്രദാനം ചെയ്യുന്നത്. മേലാളർക്ക് ബഹുമതിയുടെ ഏറ്റക്കുറച്ചിലുകൾ മാത്രമാണ് പ്രശ്നമാകുന്നത്. ബഹുമതി സ്വാഭാവികമായി ലഭിക്കുന്ന ഒന്നായി സവർണ ജാതികൾക്ക് വന്നുചേരുന്നു. ജാതിയെയും അതിന്റെ അസമത്വ സാമൂഹ്യരൂപങ്ങളെയും മറികടക്കാൻ, ജാതി ഒരു യാഥാർത്ഥ്യമാണെന്ന് ആദ്യം മനസ്സിലാക്കണം.
അറിവ് അധികാരമായും അധികാരം അറിവിനെയും നിരന്തരം സ്വാധീനിക്കും. അറിവ് അധികാര വ്യവസ്ഥകളെ നിർമ്മിക്കും. അത് മനുഷ്യരെ വർഗീകരിക്കുകയും തരംതിരിക്കുകയും ചെയ്യും. അതുകൊണ്ടാണ് ഫ്രഞ്ച് സാമൂഹ്യശാസ്ത്രജ്ഞനായ പിയറി ബോർഡോ വിദ്യാഭ്യാസം സമത്വത്തെയല്ല ഉണ്ടാക്കിയെടുക്കുന്നത്, മറിച്ച്, അത് അസമത്വത്തിന്റെ ആക്കം കൂട്ടുകയാണെന്ന് പറയുന്നത്.
മനുഷ്യജാതിയിൽ പിറന്നവർക്ക് പൊതുവിൽ മറ്റൊരാളോട് വിവേചനം കാണിക്കാൻ തോന്നുന്നത് മനുഷ്യസഹജമാണ്. ‘ഞാൻ അവളേക്കാൾ കേമം’ ആണെന്ന തോന്നൽ ഓരോ മനുഷ്യർക്കുമുണ്ടാവാം. സ്വത്തുള്ളവർക്ക് സ്വത്തില്ലാത്തവരോട് മതിപ്പുണ്ടാകില്ല. അവർ അവരെ കീഴ് നിലയിലുള്ള ഒരാളാണെന്ന് കരുതി വിവേചിക്കാൻ എല്ലാ സാധ്യതയുമുണ്ട്. എഴുത്തും വായനയും അറിയുന്ന ഒരാൾക്ക് അതില്ലാത്ത ഒരാളോട് മതിപ്പുണ്ടാകണമെന്നില്ല. മറിച്ച് അയാളെ കീഴ് നിലയിലുള്ള ഒരാളായി തോന്നുകയും ചെയ്യാം. നീളമുള്ള ഒരാൾക്ക് കുറിയ ഒരാളോട്, നീളമുള്ളതാണ് നല്ലത് എന്ന തോന്നൽ ഉണ്ടായി വന്നാൽ, ‘കുള്ളന്മാരാ’യിട്ടാണ് മറ്റുള്ളവരെ മനസ്സിലാക്കുക. വിവേചനത്തിന്റെ വ്യാകരണം ഇത്തരം സന്ദർഭങ്ങളിൽ അറിയാതെ പ്രത്യക്ഷപ്പെടാം. അവർ ജീവിക്കുന്ന സമൂഹം വെളുപ്പിനെ സൗന്ദര്യത്തിന്റെ ലക്ഷണമായി കണ്ടാൽ കറുപ്പ് അതിന്റെ വിപരീതമായി തോന്നാം. ആണധികാരവ്യവസ്ഥകളുള്ള ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നതെങ്കിൽ പെണ്ണ് അധികാരമില്ലാത്ത മനുഷ്യവർഗമായിട്ടേ അത്തരക്കാർക്ക് തോന്നൂ.
ഈ വിവേചനരൂപങ്ങൾ നിറത്തിലും ശരീരത്തിലും സമ്പന്നതയിലും അറിവിലും അധികാരത്തിലും മാത്രമല്ല, ചില പ്രദേശങ്ങളിൽ ജീവിക്കുന്നവരോടും തോന്നാം. ഗ്രാമത്തിൽ ജീവിക്കുന്നവരോട് പുച്ഛം തോന്നുന്ന നഗരവാസികളെ നമുക്ക് കാണാം. ഗ്രാമത്തിൽ ജീവിക്കുന്നവരെ കല്യാണം കഴിക്കാൻ നഗരവാസികൾ മടിക്കുന്നതിന്റെ ഉദാഹരണങ്ങൾ ഏറെയുണ്ട്. നഗരത്തിനുള്ളിലെ ചേരികളിൽ താമസിക്കുന്നവരോട് നഗരവാസികൾക്കും ഗ്രാമവാസികൾക്കും ഒരുപോലെ പുച്ഛവും അവഗണനയും തോന്നുന്നു. വെളുത്ത വർഗ്ഗക്കാരും കറുത്ത വർഗ്ഗക്കാരും പരിഷ്കൃതരും അപരിഷ്കൃതരും ഉണ്ടായി വരുന്നതിന്റെ സാമൂഹിക ശാസ്ത്രം ഈ വ്യത്യസ്ത അനുഭവ പശ്ചാത്തലങ്ങളാണ്.

ഈ അനുഭവ പശ്ചാത്തലമാണ് വിവേചനം നടത്താനുള്ള രുചി മനുഷ്യരിൽ ഉണ്ടാക്കിയെടുക്കുന്നത്. ഇതിനെ Taste for Discrimination എന്നാണ് പറയുക. വിവേചനം നടത്താനുള്ള മനുഷ്യന്റെ സാമൂഹികരീതി. ഒരു വ്യക്തി മറ്റൊരു വ്യക്തിയോട് മാത്രമല്ല വിവേചനം കാണിക്കുക. വ്യക്തികളടങ്ങിയ വർഗ്ഗവും സാമ്പത്തിക വിഭാഗങ്ങളും കീഴ് നിലയിലുള്ള വർഗ്ഗങ്ങളെ ചൂഷണം ചെയ്യുന്നു. അംഗബലമാണ് ഇവിടെ സ്വാധീനശക്തിയായി മാറുക. നമ്മുടെ വിഭാഗത്തിനാണ് അംഗബലം എന്ന അഹന്തയിലാണ് ഈ വിവേചനം.
വ്യക്തിയുടെ ഗുണഗണങ്ങൾ നോക്കാതെ അവരുൾപ്പെടുന്ന സാമൂഹിക വിഭാഗത്തെ കുറിച്ചുള്ള മുൻവിധികളാണ് ഇത്തരം വിവേചനത്തിന്റെ അടിസ്ഥാനം. ഉദാഹരണത്തിന് കറുത്തവർ കഴിവില്ലാത്തവരാണെന്ന ബോധ്യത്തിൽ അവരോട് വിവേചനം കാണിക്കാം. സ്ത്രീകളോടും കുട്ടികളോടും നടത്തുന്ന വിവേചനങ്ങൾ ഇത്തരത്തിൽ രൂപപ്പെടുന്നവയാണ്. ഒരു വ്യക്തിയുടെ ഉൽപ്പാദനക്ഷമതയെ കുറിച്ച് ഒരു അറിവും ഇല്ലാതെ ആ വ്യക്തി കഴിവുകെട്ടവനാണെന്ന് അവരുടെ വർഗ നിലയോ ജാതിയോ വെച്ച് മുൻവിധിയിലെത്തുന്ന രീതി സാധാരണമാണ്.
എന്നാൽ ഇത്തരം വിവേചനങ്ങൾ തീർത്തും മുൻവിധിയിൽ മാത്രമല്ല നടത്തുന്നത്. ചിലതരം സ്ഥിതിവിവരക്കണക്കുകൾ അടിസ്ഥാനപ്പെടുത്തിയും നടത്തും. തിരിച്ചടവിന് കഴിയാത്ത വ്യക്തികളെ സാമ്പത്തികമായി തരംതിരിക്കാൻ ചില കണക്കുകൾ ലഭ്യമാകാം. അതിന്റെ അടിസ്ഥാനത്തിലും വിവേചനമുണ്ടാകും. തൊഴിലാളികളെ സ്വന്തം സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിപ്പിക്കുമ്പോൾ, പൊതുവെ യുവാക്കളെ പരിഗണിക്കുന്നത് അവരുടെ ആരോഗ്യം നല്ലതാണെന്നും അതുകൊണ്ട് കുറേക്കൂടി ഉൽപ്പാദനക്ഷമത കാണിക്കുമെന്നുമുള്ള ചില കണക്കുകളുടെ അടിസ്ഥാനത്തിലാണ്. ഒരേ തൊഴിൽ ചെയ്യുന്ന ആണിനും പെണ്ണിനും വ്യത്യസ്ത കൂലി കൊടുക്കുന്നത്, പെണ്ണിന് ഉൽപ്പാദന ക്ഷമത കുറവാണെന്ന ധാരണയിൽ കൂടിയാണ്. മറ്റു പല കാരണങ്ങളാൽ ചില സന്ദർഭങ്ങളിൽ സ്ത്രീകളുടെ ജോലി തടസ്സപ്പെടാമെങ്കിലും ഇത്തരം സങ്കൽപ്പങ്ങൾ യുക്തിപരമായി രേഖപ്പെടുത്തുന്ന സ്ഥിതിവിവരക്കണക്കുകൾ തൊഴിൽദാതാവിന് ലഭിച്ചെന്നും വരാം. ഇങ്ങനെ യുക്തിപരമായും സ്ഥിതിവിവരക്കണക്കിന്റെയും അടിസ്ഥാനത്തിലാണെന്ന് വിലയിരുത്തി നടത്തുന്ന വിവേചനരൂപത്തെ Statistical Discrimination എന്നു വിളിക്കുന്നു.
ഇന്ത്യയിൽ കൃഷി നടത്തിയിരുന്നവർ ബ്രാഹ്മണരല്ല. മറിച്ച്, അനേകം തനത് മനുഷ്യരായിരുന്നു. പക്ഷേ അമ്പലകേന്ദ്രിത സമൂഹരൂപീകരണം കൃഷിയുടെ അനുഭവപാഠത്തെ എഴുത്തുരൂപത്തിലേക്ക് പകർത്തിയെഴുതിയപ്പോൾ അത് അറിവായി വാഴ്ത്തപ്പെട്ടു.
മനുഷ്യർക്ക് വിവേചനം നടത്താനുള്ള രുചി അവരുടെ പെരുമാറ്റത്തിൽ അന്തർലീനമായതിനാലാണ് ജാതിവ്യവസ്ഥ പോലുള്ള അതീവ തീവ്രതയുള്ള വിവേചനരൂപങ്ങൾ ഒരു തത്വശാസ്ത്രം പോലെ ഇന്ത്യയിൽ ഉരുത്തിരിഞ്ഞുവന്നത്. ജാതി എങ്ങനെ വന്നു എന്ന് ഇന്ന് അന്വേഷിക്കുന്നതിൽ കാര്യമുണ്ടെന്ന് തോന്നുന്നില്ല. എങ്ങനെ വന്നാലും ജാതി യാഥാർത്ഥ്യമാണ്. അതുകൊണ്ട് അതിന്റെ സമകാലിക പ്രതിപ്രവർത്തനം എങ്ങനെ നടക്കുന്നു എന്ന് അന്വേഷിക്കുന്നതായിരിക്കും യുക്തം. അത് നമുക്ക് ചുറ്റും നിലനിൽക്കുന്നുണ്ട്. ഇന്ത്യയിലെ ഭൂമിക്ക് ജാതിയുണ്ട്, ജനങ്ങൾക്ക് ജാതിയുണ്ട്, കിണറിനും വെള്ളത്തിനും ജാതിയുണ്ട്, പൊതുനിരത്തുകൾക്ക് ജാതിയുണ്ട്, അമ്പലത്തിലും മറ്റ് ആരാധനാസ്ഥലങ്ങളിലും സ്ഥാപനത്തിലും ജാതിയുണ്ട്, തൊഴിൽമേഖലയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജാതി ഒരു ഭൂതം പോലെ ഒളിഞ്ഞും തിരിഞ്ഞും നിൽപ്പുണ്ട്. മാധ്യമങ്ങളെ ജാതിയുടെ ദൃശ്യവും അദൃശ്യവുമായ കരങ്ങൾ വലിഞ്ഞുമുറുക്കുന്നുണ്ട്. എന്തുകൊണ്ടാണ് ദലിത് സ്ത്രീയെ മീഡിയാ റൂമുകളിൽ കാണാത്തത്? എന്തുകൊണ്ടാണ് കറുത്ത സ്ത്രീയെ ഹോട്ടലുകളിലെ സ്വീകരണ കവാടത്തിൽ കാണാത്തത്? ജാതി നിറത്തിന്റെയും യോഗ്യതയുടെയും മുൻവിധിയിൽ പ്രവർത്തിക്കും.

ജ്ഞാനകേന്ദ്രങ്ങളിലെ ജാതി
ജ്ഞാനത്തിന്റെ ഉടമസ്ഥർ എന്ന നില ഉറപ്പിച്ചുകൊണ്ടാണ് ബ്രാഹ്മണർ ഇന്ത്യൻ മനസ്സിനെ കീഴ്പ്പെടുത്തിയത്. എഴുത്തിന്റെയും ഭാഷയുടെയും വ്യാകരണങ്ങളിലൂടെ നിരക്ഷര സമൂഹത്തെ അപരിഷ്കൃതരാക്കുന്നത് ഈ അക്ഷര സംസ്കാരമാണ്. അക്ഷരമുള്ള ജനത അക്ഷരമില്ലാത്ത ജനങ്ങളെ കീഴ്പ്പെടുത്തുന്നത് ചരിത്രത്തിലെ സാധാരണത്വമാണ്. അറിവ് അധികാരമായും അധികാരം അറിവിനെയും നിരന്തരം സ്വാധീനിക്കും. അറിവ് അധികാര വ്യവസ്ഥകളെ നിർമ്മിക്കും. അത് മനുഷ്യരെ വർഗീകരിക്കുകയും തരംതിരിക്കുകയും ചെയ്യും. അതുകൊണ്ടാണ് ഫ്രഞ്ച് സാമൂഹ്യശാസ്ത്രജ്ഞനായ പിയറി ബോർഡോ വിദ്യാഭ്യാസം സമത്വത്തെയല്ല ഉണ്ടാക്കിയെടുക്കുന്നത്, മറിച്ച്, അത് അസമത്വത്തിന്റെ ആക്കം കൂട്ടുകയാണെന്ന് പറയുന്നത്. അറിവുണ്ടെന്ന് കരുതുന്ന ജനവിഭാഗം അറിവില്ലാത്തവരെയും ഇനി അറിവുള്ളവരെയും അറിവിന്റെ അളവനുസരിച്ച് തരംതിരിച്ച് അവയെ കള്ളികളാക്കുന്നു. അത് ഒന്ന് മറ്റൊന്നിന്റെ മേലിൽ പതിക്കുന്ന അധികാരമായി പ്രവർത്തിക്കുന്നു. ജാതിയുടെ സവർണസ്വഭാവം ഭാഷയുടെയും അതിന്റെ നാനാ പ്രയോഗത്തിലൂടെയും ഉണ്ടാക്കിയതാണ്.
ഭാഷയിലുള്ള പ്രാവീണ്യം കൃതികളിലൂടെ മനുഷ്യരുടെ മനസ്സിനെ കീഴടക്കുന്നു. ഒരുതരം സാംസ്കാരിക അധിനിവേശം ഭാഷകൾക്കുണ്ട്. സംസ്കൃതഭാഷ ദേവഭാഷയായി മാറുന്നത് ഈ പരിണതിയിലാണ്. വട്ടെഴുത്തും കോലെഴുത്തും പ്രാചീന ലിപി പാരമ്പര്യങ്ങളുടെ ഉള്ളറകൾ അറിയുന്നവരാണ് ചരിത്രകാരരായി വാഴ്ത്തപ്പെടുന്നത്. ഭാഷാ പാണ്ഡിത്യം ഇന്ത്യൻ ബ്രാഹ്മണരുടെ മേധാവിത്വത്തെ ഉറപ്പിക്കുന്നുണ്ട്. ആദ്യകാല അറിവുരൂപങ്ങളുടെ എഴുതപ്പെടുന്ന വ്യാകരണം സാമൂഹിക നിയന്ത്രണത്തിന്റെ അടിത്തറ പാകുന്നുണ്ട്. രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും വിവിധ തരം ഭാഷ്യങ്ങൾ, പറയലുകൾ, പാട്ടുകൾ എന്നിവ ലഭ്യമാണെങ്കിലും അത് പാടുകയും പറയുകയും ചെയ്തിട്ടുള്ളവർക്ക് ഇതിഹാസപാഠ പാരമ്പര്യത്തിന്റെ അവകാശികളാകാൻ കഴിഞ്ഞിട്ടില്ല. മറിച്ച്, അതിന്റെ എഴുത്തുരൂപങ്ങളിൽ വിഹരിച്ചവർ അതിന്റെ എഴുത്തുകാരായി മാറുന്നുണ്ട്. എഴുത്തിന് പറച്ചിലിനേക്കാൾ അധീശത്വം ലഭിക്കുന്നത് എഴുതാനറിയാവുന്നവർ കുറച്ചും അതറിയാത്തവർ കൂടതലും ഉള്ളതുകൊണ്ടാണ്. സംസ്കൃതപാരമ്പര്യം തനത് പാരമ്പര്യങ്ങളെ സ്വാംശീകരിക്കുകയോ അതിനെ ഇല്ലാതാക്കുകയോ ചെയ്തിട്ടുണ്ട്.
സർവകലാശാലകളിൽ വിജ്ഞാനം നിർമ്മിക്കാനും പ്രസരിപ്പിക്കാനുമുള്ള അവസരം എല്ലാവർക്കും ഭരണഘടനാപ്രകാരം ലഭ്യമാണെങ്കിലും സാമൂഹിക മൂലധനം സ്വരൂപിക്കാൻ നേരത്തെ കഴിഞ്ഞ ജാതി ജനവിഭാഗങ്ങൾക്കാണ് പുതിയ വിജ്ഞാന കേന്ദ്രത്തിലും എളുപ്പം പ്രവേശനം ലഭിക്കുന്നത്.
വടക്കുനിന്ന് കുടിയേറിയ ആര്യന്മാർ കൃഷിക്കനുയോജ്യമായ നിലങ്ങൾ കണ്ടെത്തി ആരാധനാലയങ്ങൾ സ്ഥാപിച്ച് അനേകം പറച്ചിൽ പാരമ്പര്യങ്ങളെ എഴുത്തുരൂപങ്ങളാക്കി, ആ ജനങ്ങൾക്ക് ഇതാണ് യഥാർത്ഥ അറിവെന്നുപറഞ്ഞ് പടർത്തുകയാണ് ചെയ്തത്. തനത് മനുഷ്യരുടെ കൃഷിരീതികളെ സാങ്കേതിക പദങ്ങളുപയോഗിച്ച് തരംതിരിച്ച് എഴുത്തുരൂപങ്ങളാക്കി മാറ്റിയപ്പോൾ എഴുത്ത് അറിവിന്റെ നിറകുടവും അനുഭവം വെറും സാമാന്യ യുക്തിയുമായി മാറി.
ഇന്ത്യയിൽ കൃഷി നടത്തിയിരുന്നവർ ബ്രാഹ്മണരല്ല. മറിച്ച്, അനേകം തനത് മനുഷ്യരായിരുന്നു. പക്ഷേ അമ്പലകേന്ദ്രിത സമൂഹരൂപീകരണം കൃഷിയുടെ അനുഭവപാഠത്തെ എഴുത്തുരൂപത്തിലേക്ക് പകർത്തിയെഴുതിയപ്പോൾ അത് അറിവായി വാഴ്ത്തപ്പെട്ടു. പ്രാചീന ഭാഷയുടെ പ്രയോക്താക്കൾക്ക് ബുദ്ധിജീവി പരിവേഷം ലഭിക്കുന്നത് ഇങ്ങനെയുമാണ്. ഒരു നാടൻ പാട്ട് പാടിയാൽ നമുക്കൊരു വലിയ കാര്യമാണെന്ന് തോന്നുകയില്ല. എന്നാൽ അതേ അർത്ഥമുള്ള വരികൾ സംസ്കൃതത്തിൽ ചൊല്ലിയാൽ അത് കേമമാണെന്ന് തോന്നുന്നത് ഭാഷയുടെ ശക്തി മാത്രമല്ല. ഭാഷയുടെ സാമൂഹിക - ജാത്യാധികാരത്തിന്റെ സ്വാധീനവുമാണ്.
കേരളോൽപ്പത്തി പച്ചമലയാളത്തിൽ ഉച്ചത്തിൽ പാടിയാൽ അത് വെറും ആവർത്തനം മാത്രമായാണ് കരുതുന്നത്, എന്നാൽ അത് സംസ്കൃതത്തിൽ ചൊല്ലിയാലോ ഇംഗ്ലീഷിൽ പരാവർത്തനം ചെയ്ത് പറഞ്ഞാലോ പാണ്ഡിത്യലക്ഷണമായി തോന്നുന്നത് എഴുത്തധികാരമുണ്ടാക്കിയ മനോനിലയാണ്. ബ്രാഹ്മണൻ ബ്രഹ്മാവിന്റെ തലയിൽ നിന്ന് ജനിച്ചു എന്ന് മലയാളത്തിൽ പറഞ്ഞാൽ ജനം ചിലപ്പോൾ ‘ഞങ്ങൾ തന്തയില്ലാത്തവരാണോ’ എന്ന് മറുചോദ്യം ചോദിക്കും. എന്നാൽ പുരുഷസൂക്തവാക്യം സംസ്കൃതത്തിൽ ചൊല്ലിയാൽ അത് ശരിയായിരിക്കുമെന്ന തോന്നൽ ഭാഷയുടെ വെറും പ്രയോഗം മാത്രമല്ല. അത് ബ്രാഹ്മണ്യത്തിന്റെ അധീശത്വം സാധാരണ മനുഷ്യരിൽ പ്രവർത്തിക്കുന്നതുകൊണ്ടാണ്.
അറിവിന്റെ പ്രകാശനത്തിന്റെ മറ്റൊരു ഭാഷാപ്രയോഗമാണ് ഇംഗ്ലീഷിലൂടെ വെളിപ്പെട്ടത്. കോളനിഭരണകാലത്ത് വെള്ളക്കാരുടെ ഭാഷ ഇംഗ്ലീഷായതുപോലെ മറ്റൊരു കോളനിവാഴ്ചാമൂപ്പ് വ്യവസ്ഥയിലാണ് സംസ്കൃതം അധികാരികളുടെ ഭാഷയായി മാറിയത്. ആധുനിക വിദ്യാഭ്യാസ കേന്ദ്രങ്ങളായ സർവകലാശാലകളിൽ പഠിക്കുന്ന കുട്ടികളെ ഇംഗ്ലീഷ് പരിജ്ഞാനമില്ലാത്തതിന്റെ പേരിൽ കളിയാക്കുന്നതും പുറന്തള്ളുന്നതും നമുക്ക് കാണാം. ഇംഗ്ലീഷ് ആധുനിക വിദ്യാഭ്യാസത്തിനുള്ള വിനിമയഭാഷയായി പരിണമിക്കുന്നതിനും അധീശത്വ ശക്തികളുടെ മേൽക്കോയ്മ വഴിയാണെന്ന് സാരം.

ഭാഷയിന്മേലുള്ള അധികാരം പോലെയാണ് കണക്കുകളിലൂടെ രൂപമെടുത്ത വിവിധയിനം അളവുകോലുകളുടെ പഠനം. സംഖ്യാശാസ്ത്രത്തിന്റെ ചെറുതും വലുതുമായ പെരുപ്പിക്കലും അതിന്റെ ഹൃദ്യസ്ഥപഠനങ്ങളും. സാങ്കേതികമായ പഠനങ്ങൾ ഭാഷാടിസ്ഥാനത്തിൽ സംസ്കൃതത്തിലും വിവിധതരം അളവുകൾ സംഖ്യാടിസ്ഥാനത്തിലും വിദ്യയായി പകർന്നപ്പോൾ തനത് അളവുകോലുകൾ വിലമതിക്കാത്ത അറിവായി മാറി. ഉദാഹരണത്തിന് ആശാരിമാരുടെ അറിവ് ലോകം മുഴക്കോലുകൾ കൊണ്ട് മരത്തെ അളന്നപ്പോൾ ആ അളവ് വിലമതിക്കാത്തതായി മാറുന്നത് സെന്റിമീറ്ററുകളുടെ ആധുനിക അളവ് രീതികൾ സാർവത്രികമാക്കുക വഴിയാണ്. പിന്നീട് അളവുകൾ അതിന്റെ പ്രത്യേകതരം തിട്ടപ്പെടുത്തലുകൾ വഴി ആധുനിക ശാസ്ത്ര മേഖലയുടെ വളർച്ചയിലൂടെ ആധിപത്യം നേടി. ആശാരിമാർ ഒരു മരത്തടി മറ്റൊന്നിനോട് കൂട്ടിച്ചേർക്കുന്നത് മരം ഉപയോഗിച്ചായിരുന്നു. ഒരു കസേരയുടെ ഒരു ഭാഗം മറ്റൊന്നുമായി കൂട്ടിച്ചേർക്കുന്നത് ചെറിയതരം മരക്കഷണങ്ങൾ മിനുക്കിയായിരുന്നു. എന്നാൽ ആണി വന്നതോടെ ആശാരിമാരുടെ അറിവുലോകത്തേക്ക് പുതിയ സാങ്കേതികവിദ്യ കടന്നുവരികയാണ്. ആണിയെ ആശാരിപ്പണിയിൽ ഉപയോഗിക്കാൻ പറ്റില്ലെന്ന് ശഠിച്ചിരുന്നവരുണ്ടായിരുന്നു. വെള്ളക്കാർക്കും അതുവഴി നാട്ടുപ്രമാണിമാർക്കും ആണിയടിച്ചില്ലെങ്കിൽ നിർമ്മാണം പൂർത്തിയാവില്ലെന്ന ധാരണ പരന്നപ്പോൾ ആണി ഉപയോഗിക്കാൻ ആശാരിമാർ നിർബന്ധിതരായി. സാധാരണ മനുഷ്യരുടെ അറിവ് ലോകത്തിന്മേൽ ഭാഷയുടെയും വിവിധതരം അളവുകോലുകൾ വഴിയും പുതിയ ജ്ഞാനബോധം കീഴാള മനുഷ്യരെ കീഴ്പ്പെടുത്തുന്നുണ്ട്.
ഇന്ത്യൻ സർവകലാശാലകളിൽ പട്ടികജാതി - പട്ടിക വർഗ വിഭാഗങ്ങൾക്ക് പ്രവേശനം ലഭിക്കുന്നത് സംവരണതത്വം നിർബന്ധമായും പാലിക്കേണ്ടതുകൊണ്ടാണ്.
ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ പിറവിയോടെയാണ് ജ്ഞാനം എല്ലാവർക്കും ലഭിക്കാവുന്ന ഒന്നായി അംഗീകരിക്കപ്പെട്ടത്. സർവകലാശാലകളിൽ വിജ്ഞാനം നിർമ്മിക്കാനും പ്രസരിപ്പിക്കാനുമുള്ള അവസരങ്ങൾ എല്ലാവർക്കും ഭരണഘടനാപ്രകാരം നൽകുന്നുണ്ടെങ്കിലും അത് സ്വായത്തമാക്കാനുള്ള സാമൂഹിക മൂലധനത്തെയും ഇത്തരം സാമൂഹിക മൂലധനം സ്വരൂപിക്കാൻ നേരത്തെ കഴിഞ്ഞ ജാതി ജനവിഭാഗങ്ങൾക്കുമാണ് പുതിയ വിജ്ഞാന കേന്ദ്രത്തിലും എളുപ്പം പ്രവേശനം ലഭിക്കുന്നതെന്ന യാഥാർത്ഥ്യം പലപ്പോഴും ഇന്ത്യക്കാർ മറക്കാറുണ്ട്. പുതിയ സംവിധാനവും പഴയതിന്റെ തുടർച്ചയുടെ ഭാഗമായതുകൊണ്ട് പഴയതിൽ രൂഢമൂലമായിരുന്ന വിജ്ഞാന അധികാരബന്ധങ്ങൾ പുതിയതിലും പ്രവർത്തിക്കും. സർവകലാശാലകൾ സ്വതന്ത്ര വിജ്ഞാനകേന്ദ്രങ്ങളാകുമ്പോഴും പാരമ്പര്യ ജാതി മാമൂലുകളും പെരുമാറ്റരീതികളും ഇത്തരം ആധുനിക ഇടങ്ങളിലും പ്രവർത്തിക്കുന്നു.
ഇന്ത്യൻ സർവകലാശാലകളിൽ പട്ടികജാതി - പട്ടിക വർഗ വിഭാഗങ്ങൾക്ക് പ്രവേശനം ലഭിക്കുന്നത് സംവരണതത്വം നിർബന്ധമായും പാലിക്കേണ്ടതുകൊണ്ടാണ്. ഭരണകൂടത്തിന്റെ നയമായതിനാൽ ഭരണക്രമത്തിലിരിക്കുന്നവർക്ക് അതിനെ തള്ളിക്കളയാൻ നിവൃത്തിയില്ലാത്തതുകൊണ്ടാണ് ഇന്ത്യയിലെ ഗ്രാമങ്ങളിൽ കൂലിപ്പണിയും അടിമപ്പണിയും ചെയ്തിരുന്നവരുടെ പുതിയ തലമുറ വിദ്യാലയങ്ങളിൽ കടന്നുവരുന്നത്. വിദ്യാഭ്യാസം ജനാധിപത്യവൽക്കരിക്കുന്നതിൽ സർവകലാശാലകൾക്ക് പങ്കുണ്ടെങ്കിലും സർവകലാശാലകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെടുന്ന സമിതികൾ ജാതീയവും യാഥാസ്ഥിതികവുമായ മനോനില വെച്ചു പുലർത്തുന്നവരാൽ ഭരിക്കപ്പെടുന്നുവെങ്കിൽ ജാതിയും അതിന്റെ മനോഭാവവും അവിടങ്ങളിലും പ്രവർത്തിക്കും. സാധാരണ കുടുംബങ്ങളിൽ നിന്നും പിന്നോക്ക - ജാതി വിഭാഗങ്ങളിൽ നിന്നും വരുന്ന വിദ്യാർത്ഥികൾ അതുകൊണ്ടുതന്നെ രണ്ടുതരം പ്രതിസന്ധികളെ നേരിടും.
ഒന്ന്, ഭാഷയും സംഖ്യാശാസ്ത്രവും തരുന്ന പുതു ലോകത്തേക്ക് കടക്കാനുള്ള കടമ്പ. രണ്ട്, ആധുനിക വിദ്യാഭ്യാസകേന്ദ്രങ്ങളിൽ ഒളിഞ്ഞും തെളിഞ്ഞും പ്രത്യക്ഷപ്പെടുന്ന ജാതീയതയിൽ നിന്ന് സ്വന്തമായി രക്ഷപ്പെടാനുള്ള മെയ് വഴക്കവും.
