അവന് അവനായിത്തീരുന്നത് മരണത്തിലൂടെ. അവന് തെളിവ് അവന്റെ മരണസര്‍ട്ടിഫിക്കറ്റ് മാത്രം എന്ന വരിയിലെ ഘനഗംഭീര ശബ്ദത്തോടെയാണ് ആനന്ദ് രംഗപ്രവേശനം ചെയ്തത്- ഇ.ജെ. സക്കറിയാസിന്റെ "ആള്‍ക്കൂട്ട" അനുഭവം.
5 Jun 2020, 02:46 PM
വായിച്ച പുസ്തകങ്ങളിലേയ്ക്ക് തിരിച്ചു വരുമ്പോഴൊക്കെ അടിവരകള്‍ നിറഞ്ഞ ചില താളുകള്‍ കാണാറുണ്ട്. കറുപ്പിന്റെ കട്ടി പൊടിഞ്ഞു തുടങ്ങിയ പെന്‍സില്‍ വരകളായും, മഷിയുടെ ഗന്ധം മറന്ന് കടലാസിലേയ്ക്ക് പതിഞ്ഞ നീലയും ചുവപ്പും നിറങ്ങളിലുള്ള നിഴലുകളായും. ഏറിയും ഇറങ്ങിയും നേര്‍രേഖ പാലിക്കാതെ, അടഞ്ഞ താളുകള്‍ക്കിടയില്‍ അവശേഷിക്കുന്ന ആ അടിവരകളിലൂടെയുള്ള സഞ്ചാരങ്ങള്‍, അത്രേയും കാലം പിറകിലെ എന്നിലേയ്ക്ക് തന്നെയുള്ള മടക്കയാത്രകളാണെന്നു തിരിച്ചറിയുന്നത് അടിവരകള്‍ താങ്ങി നിര്‍ത്തിയ വരികള്‍ വീണ്ടും വായിക്കുമ്പോള്‍ പൊടുന്നനെ വന്നു മൂടുന്ന അപരിചിതത്വത്തില്‍ നിന്നുമാണ്. അതിന് അപവാദമാണ് 'കണക്ക് ശരിയാണ്, സംഖ്യകള്‍ തെറ്റി' എന്ന വരി. കാരണം ആനന്ദ് എന്ന എഴുത്തുകാരനെ പുസ്തകങ്ങളില്‍ അനുഭവിച്ചു തുടങ്ങിയതിന് ശേഷം ജീവിതം അത്രമാത്രമൊന്നും മാറിയിട്ടില്ല എന്നതിനാലാവാം അല്ലെങ്കില്‍, ആനന്ദ് ഞാന്‍ എന്ന വായനക്കാരനിലൂടെ എന്നിലെ മനുഷ്യനെ, അന്നുവരെ അജ്ഞാതമായിരുന്ന ജീവിത യാഥാര്‍ത്ഥങ്ങളിലേയ്ക്കും ചുറ്റുപാടുകളിലേയ്ക്കും അതിശക്തമായി തള്ളിവിട്ടതിനാലാവാം.
നല്ല പുസ്തകം എന്ന നിര്‍വചനം തികയ്ച്ചും അപേക്ഷികവും വ്യക്തിപരവുമാണ്. പക്ഷെ ഒരു വായനക്കാരനെ സംബന്ധിച്ച് അവന്‍ അനുഭവിക്കുന്ന ഒരു നല്ല പുസ്തകം അയാളുടെ ജീവിതത്തെ തന്നെ "ആ പുസ്തകം വായിക്കുന്നതിനു മുന്‍പ്, അതിനു ശേഷം' എന്ന വിധം രണ്ടായി വിഭജിക്കുന്നു. എണ്ണമറ്റ അത്തരം വായനാനുഭവങ്ങളിലൂടെ അയാള്‍ ഒരായുസ്സില്‍ പലവട്ടം ഉടച്ചുവാര്‍ക്കപ്പെടുന്നു. എന്നേ സംബന്ധിച്ചിടത്തോളം ആനന്ദ് എന്ന സാഹിത്യകാരന്‍ തന്നെയാണ് ജീവിതത്തില്‍ അങ്ങനെയൊരു ഇടപെടല്‍ നടത്തിയത് .
ഇംഗ്ലീഷ് മീഡിയം ക്ലാസ് മുറികളുടെ ശ്വാസം മുട്ടിക്കുന്ന ബ്രിട്ടീഷ് ചിട്ടവട്ടങ്ങളിലും CBSE-NCERT പുസ്തകങ്ങളില്‍ അച്ചടിച്ച പോളണ്ടിലെ സോളിഡാരിറ്റിയുടെ കഥപറഞ്ഞു തുടങ്ങുന്ന പൊളിറ്റിക്കല്‍ സയന്‍സ് പാഠങ്ങളിലും രജപുത്ര-മറാഠ-രാമായണ വീരഗാഥകളുടെ വാഴ്ത്ത്പാട്ടുകള്‍ നിറഞ്ഞ അമര്‍ ചിത്രകഥകളിലും കുരുങ്ങി മലയാളം അക്ഷരങ്ങള്‍ പോലും മര്യാദയ്ക്കറിയാത്ത ബാല്യവും കൗമാരവും കടന്ന് തികയ്ച്ചും ലീനിയറായ, ഡയലോഗുകള്‍ക്ക് യാതൊരു സ്ഥാനവുമില്ലാത്ത മരവിച്ച ധിഷണയുമായി യാത്രതുടര്‍ന്ന എന്റെ രണ്ടാം ഗര്‍ഭപാത്രമായിരുന്നു കോളേജ് ലൈബ്രറി.
പുതിയ പുസ്തകങ്ങളുടെ ഉള്‍ത്താളുകളുടെ ഗന്ധത്തോടുള്ള ഇഷ്ടം മറന്നു പോയ ഒരു കലാഘട്ടം ആയിരുന്നു പച്ചനിറമുള്ള രണ്ട് ലൈബ്രറി കാര്‍ഡുകള്‍ കൈയില്‍ കിട്ടിയ ആ ദിവസത്തിന് തൊട്ടുമുന്‍പ് വരെ. ചോദ്യങ്ങള്‍ ചോദിക്കാന്‍ പഠിക്കാതെ അര്‍ത്ഥമറിയാതെ ഉത്തരങ്ങള്‍ മാത്രം എഴുതാന്‍ ശീലിച്ച സിലബസ്സ് വിദ്യാഭ്യാസത്തിനൊപ്പം കമ്പ്യുട്ടര്‍ ഗെമുകളും ഇന്റര്‍നെറ്റും വിലയ്‌ക്കെടുത്ത ടീന്‍ ഏജ് കാലം. ആസ്റ്ററിക്‌സും ടിന്റ്റിനും നിറഞ്ഞാടിയ എന്റെ കാലവും ദേശവും ഓര്‍മ്മയില്‍ അനുഭവത്തിന്റെ ഒരു തരിപോലും ബാക്കി നില്‍ക്കാതെ മാഞ്ഞു. ആര്‍.എല്‍ സ്റ്റീവന്‍സണ്ണും, അലക്‌സാണ്ടര്‍ ദ്യുമയും എന്റെ ആരുമല്ലാതായി. അച്ഛന്റെ ട്രെയിന്‍ യാത്രകള്‍ കൊണ്ടുവന്ന ചെറിയ H&C പുസ്തകങ്ങളും (കടമറ്റത്ത് കത്തനാര്‍ മുതല്‍ വടക്കന്‍ പാട്ട് കഥകള്‍ വരെ) സീക്രട്ട് സെവനും, ഫേമസ് ഫൈവും എന്റെ വലിയ വീടിന്റെ ഏതോ ചെറിയ കോണില്‍ കിടന്ന് പൊടി തിന്നു. ഷെര്‍ലക്ക് ഹോംസ് ആവണം എന്ന ജീവിതലക്ഷ്യം മറ്റ് പലതിനും വഴി മാറി. ജി.റ്റി.എ വൈസിറ്റിയില്‍ ഞാന്‍ അനേകായിരം സായിപ്പന്മാരെയും നീഗ്രോ ഗുണ്ടകളെയും വെടിവയ്ച്ചു കൊന്ന് ജീവിതം സഫലമാക്കി. "അമേരിക്കന്‍ പൈ' കാഴ്ചകള്‍ റിപ്പീറ്റ് മോഡില്‍ അരങ്ങ് വാണു. ബാലരമയും ബാലഭൂമിയും, സത്യന്‍ മാഷിന്റെ ബ്ലാക് ആന്‍ഡ് വൈറ്റ് സിനിമകളും (തൊണ്ണൂറുകളില്‍ ജനിച്ച ദൂരദര്‍ശന്‍ കിഡ് ആണ് ഇതെഴുതുന്നത്) കണ്ണിനും എന്റെ ഉള്ളിലെ മുതിര്‍ന്നു മൂത്ത് പന്തലിച്ച മനുഷ്യനും അവന്റെ പുച്ഛ ബോധത്തില്‍ കഴുക്കോല്‍ നാട്ടിയ ആസ്വാദന തത്വങ്ങള്‍ക്കും അരോചകമായി. വെളിവുകേടിന്റെ വലിയൊരു ഇടവേളയുടെ ഒടുക്കത്തിലേക്ക് ഒരു ഗ്രന്ഥാലയത്തിന്റെ വാതിലുകള്‍ തുറന്നു.
ആ ലൈബ്രറിയുടെ കോണുകളില്‍വയ്ച്ച് പരിചയപ്പെട്ട, അറുപതു വാട്ട് ബള്‍ബിന്റെ നിറം മങ്ങിയ ഓര്‍മ്മയുമായി, ഒരിക്കലും മടങ്ങി വരാത്ത വിരല്‍ സ്പര്‍ശനങ്ങളുടെ നോസ്റ്റാള്‍ജിയയില്‍, എന്നോ കനച്ചുപോയ വായുവിന്റെ നിശബ്ദത പാതി തിന്നു തീര്‍ത്ത പച്ചയും കറുപ്പും അടര്‍ന്നു തുടങ്ങിയ മറ്റേനകം നിറങ്ങളും പുതയ്ച്ച ബൈന്റുകള്‍ക്കുള്ളില്‍ അവശേഷിച്ചിരുന്ന പഴയ താളുകള്‍ - ആദ്യമായി ഒരു വൃദ്ധസദനം സന്ദര്‍ശിച്ചത് ആ മരയലമാരകളിലായിരുന്നുവെന്നാണ് തോന്നുന്നത്. ഓര്‍മ്മയിലെ പല ബന്ധങ്ങള്‍ക്കും, പഴയ ഗില്‍റ്റ് എഡ്ജ്ഡ് ബൈന്റിനുള്ളില്‍ മരണം കാത്ത് കിടക്കുന്ന ഒരു ക്ലാസ്സിക് കഥയുടെ കനവും വിലയും മാത്രമേ ഉള്ളൂ. ഖസാക്കും, സ്മാരകശിലകളും രണ്ടിടങ്ങഴിയുമൊക്കെ ആദ്യമായി വായിക്കുകയായിരുന്നു. എം ടി , പത്മരാജന്‍, എസ് .കെ, പുനത്തില്‍, മാര്‍ക്കേസ്, രാമചന്ദ്ര ഗുഹ, കുല്‍ദീപ് നയ്യാര്‍, അടിയന്തരാവസ്ഥ - ഈ പേരുകളൊക്കെ ഒരു നൈന്റീസ് കിഡ് ആദ്യമായി വായിക്കുന്നത്, ഇടയ്‌ക്കെപ്പോഴോ ചിന്നി മറഞ്ഞ പത്രത്തലക്കെട്ടുകളുടെ ഓര്‍മ്മകള്‍ ഒഴിച്ച്, അവന്റെ ഇരുപതാം വയസിലാണ്. അതുവരെയുണ്ടായ എന്നിലെ അജ്ഞതയ്ക്ക് ആരാണ് കാരണക്കാര്‍?
ആനന്ദും പാമുക്കും ആരും പറയാതെ വന്നവരാണ്. പാമുക്കിന് മുന്‍വാക്കായി വര്‍ഷങ്ങള്‍ക്ക് മുന്‍പ് കണ്ട "കയ്യൊപ്പ്' ഉണ്ടായിരുന്നു. പക്ഷെ ആനന്ദ് മനോഹരമായൊരു ആകസ്മികതയായിരുന്നു.
മേല്‍പ്പറഞ്ഞ പല പേരുകളെയും അവരുടെ പലകൃതികളെയും വായിക്കാന്‍ പലരും പറഞ്ഞു. പക്ഷെ ആനന്ദും പാമുക്കും ആരും പറയാതെ വന്നവരാണ്. പാമുക്കിന് മുന്‍വാക്കായി വര്‍ഷങ്ങള്‍ക്ക് മുന്‍പ് കണ്ട "കയ്യൊപ്പ്' ഉണ്ടായിരുന്നു. പക്ഷെ ആനന്ദ് മനോഹരമായൊരു ആകസ്മികതയായിരുന്നു. ജാതിയും മതവും കക്ഷിരാഷ്ട്രീയവും ജീവിതത്തില്‍ അനുവാദമില്ലാതെ ഇടപെട്ട് തുടങ്ങിയ നാല്‍ക്കവലയില്‍ വയ്ച്ചാണ് "മനുഷ്യന്റെ പരമാവധി അസ്തിത്വം ക്രിമേറ്ററി ക്ലാര്‍ക്കിന്റെ രജിസ്റ്ററിലെ വരിയുടേയും കോളത്തിന്റെയും കോ-ഓര്‍ഡിനെറ്റുകള്‍ കൂട്ടിമുട്ടുന്നിടത്തു മാത്രമാണെന്നു തോന്നും. "അവന്‍ അവനായിത്തീരുന്നത് മരണത്തിലൂടെ. അവന് തെളിവ് അവന്റെ മരണസര്‍ട്ടിഫിക്കറ്റ് മാത്രം' എന്ന വരിയിലെ ഘനഗംഭീര ശബ്ദത്തോടെയാണ് ആനന്ദ് രംഗപ്രവേശനം ചെയ്തത്. കുന്ദനും വിഭജനങ്ങളും ഗോവര്‍ധനൊപ്പമുള്ള യാത്രകളും അതുവരെ ഞാന്‍ ശീലിച്ച ഭാഷയെയും ഗദ്യത്തെയും നിര്‍ദാക്ഷണ്യം ഉടച്ചുകളഞ്ഞു.
ആനന്ദിന്റെ കഥകള്‍ ഞാന്‍ പഠിച്ച ഹിസ്റ്ററി- സിവിക്സ് - ജിയോഗ്രഫി - പൊളിറ്റിക്‌സ് ടെക്സ്റ്റ് ബുക്കുകളെ വെട്ടിത്തിരുത്തി. എല്ലാ സദസ്സുകളിലും ഞാന്‍ പാമുക്കിനെയും ആനന്ദിനെയും ഉച്ചത്തില്‍ ഉദ്ധരിച്ചുകൊണ്ടേയിരുന്നു. ചരിത്രവും രാഷ്ട്രീയവും ദേശവും എങ്ങനെ ഇഴചേര്‍ന്ന് ഒരാളുടെ സ്വത്വത്തെ രൂപപ്പെടുത്തുന്നു എന്നത് പാമുക്ക് സാഹിത്യം ചൂണ്ടിക്കാട്ടിയെങ്കിലും, ഇസ്താന്‍ബുള്ളിന്റെ സാംസ്‌കാരിക അസമത്വങ്ങളും വ്രണിത സ്വത്വവും സര്‍വ്വോപരി തുര്‍ക്കിയുടെ മുറിവുകളും നിറഞ്ഞാടിയ അദ്ദേഹത്തിന്റെ കൃതികള്‍ക്ക് കാല്‍പനികച്ഛായ ഉണ്ടായിരുന്നു. ഓരോ വരിയും കണക്കുകൂട്ടി എഴുതുന്ന പാമുക്ക് ഗദ്യത്തിന്റെ സ്വാധീനതയില്‍ നിന്നും "ഒരു നഗരവുമായി ഒരിക്കലെങ്കിലും പ്രണയത്തിലാവാത്ത മനുഷ്യര്‍ ഉണ്ടാവില്ല ' എന്നൊക്കെയുള്ള ഡയറിക്കുറിപ്പുകള്‍ ഞാന്‍ ഉണ്ടാക്കി.
"തുര്‍ക്കിയായാലും എപ്പോഴും അടഞ്ഞു കിടക്കുന്ന ചങ്ങനാശ്ശേരി പബ്ലിക്ക് ലൈബ്രറിയുടെ സിഗരറ്റ് തിങ്ങുന്ന റീഡിങ് റൂമായാലും നമ്മളെല്ലാം മറ്റാരോ ആവാനുള്ള ശ്രമത്തിലാണ് ' എന്നൊക്കെ ഫേസ്ബുക്കില്‍ പഞ്ച് ലൈന്‍ ഇട്ടപ്പോഴും മണ്ണില്‍ ചവുട്ടി നില്‍ക്കാന്‍ പഠിച്ചെങ്കിലും, ഉള്ളില്‍ ഉണരാന്‍ ഇനിയും ബാക്കിയുള്ള ഇടങ്ങള്‍ ഉണ്ടായിരുന്നു. അനിവാര്യമായ ആ ഉണര്‍ച്ചയിലേയ്ക്ക് ആനന്ദിന്റെ ഓരോ കൃതിയും എന്നെ നയിച്ചു. മിത്തുകളും കല്ലുവയ്ച്ച നുണകളും ചേര്‍ത്ത് തുന്നിയ ഒരു ലാബിറിന്തിലാണ് ഞാന്‍ ജീവിക്കുന്നത് എന്ന തോന്നല്‍ എന്നേ ശ്വാസം മുട്ടിച്ചു. വായിച്ച ആനന്ദ് പുസ്തകങ്ങളിലേയ്ക്ക് വലിയ ഇടവേളകള്‍ ഇല്ലാതെ തിരികെയെത്തി. പക്ഷെ അപ്പോഴൊക്കെയും "ആള്‍ക്കൂട്ടം' അകന്ന് നിന്നു. പല തവണ ഷെല്‍ഫില്‍ കണ്ടെങ്കിലും, എന്തോ, വായിച്ചില്ല. ചില പുസ്തകങ്ങള്‍ അങ്ങനെയാണ്. ഗ്രന്ഥാലയങ്ങളിലും പുസ്തകക്കടകളിലും നമ്മുടെ വിരലറ്റത്ത് വരെ എത്തിയിട്ടും ഒഴിഞ്ഞുമാറും. പിന്നീടൊരു തിരിവില്‍ രംഗബോധമുള്ള ഒരു കഥാപ്രത്രത്തെപോലെ അവ വായനക്കാരന്റെ ജീവിതത്തിന്റെ തട്ടിലേക്ക് ചുവട് വയ്ക്കും.
ആള്‍ക്കൂട്ടത്തില്‍ തീര്‍ത്തും തനിച്ചായ നാളുകളില്‍ ഒന്നിലാണ് ഞാന്‍ "ആള്‍ക്കൂട്ടം' തപ്പിയിറങ്ങിയത്. കോളേജ് കാലം തീര്‍ന്നു. കൊടിയ വിഷാദത്തില്‍ സ്തബ്ധനായി ഞാന്‍ നിന്നു. മുന്‍പോട്ടുള്ള വഴിയറിയാം - CA പഠനം അവസാന ഘട്ടം. വര്‍ണ്ണശബളമായ കലാലയാദ്ധ്യായത്തിന്റെ പൊടുന്നനെയുള്ള അന്ത്യത്തില്‍, ഒരു കാര്‍ണിവല്‍ രാവരങ്ങിന്റെ കാഴ്ച്ചകള്‍ക്കിടയില്‍ അച്ഛന്റെ വിരലില്‍ നിന്നും ഊര്‍ന്ന് പോയ കുട്ടിയെപ്പോലെ ഞാന്‍ നിന്നു. ആഘോഷങ്ങള്‍ തീര്‍ന്നു ആരവങ്ങള്‍ മാഞ്ഞു, അലങ്കാരങ്ങള്‍ അഴിഞ്ഞു; ഞാനാ രാത്രിയില്‍ അപരിചിത മുഖങ്ങളുടെ കുത്തൊഴുക്കില്‍ കരയാന്‍ മറന്ന് നിന്നു.
പിന്നീടുള്ള നാളുകള്‍ ഓഡിറ്റ് സീസണുകളുടേതായിരുന്നു. 2014 മെയ് മാസത്തിനും ഒരു വര്‍ഷം ശേഷം. മാറിയ രാഷ്ട്രീയാന്തരീക്ഷം പുതിയ രൂപത്തില്‍ ജീവിതത്തില്‍ ഇടപെടാന്‍ തുടങ്ങി. മുന്‍പ് ആ ഇടപെടലുകള്‍ എന്റെ മേധാശക്തിയെ കൂടുതല്‍ പാകപ്പെടുത്താന്‍ ഉതകിയിരുന്നവയായിരുന്നെങ്കില്‍, അക്കൗണ്ടുകളുടെയും ടാക്‌സ് കണക്കുകളുടെയും തൊഴിലിടത്തില്‍ അവ എന്നെ കൂടുതല്‍ തളര്‍ത്തി. മാതൃഭാഷ പ്രശ്‌നമായി, ഞാന്‍ ജനിച്ച മതം (സെമിറ്റിക് എന്നതില്‍ ഉപരി ബ്രാഹ്മണിക്കല്‍ അല്ലാത്ത എന്തും ഏതും എന്ന വിശാലാര്‍ത്ഥം അവരുടെ പരിഹാസങ്ങളില്‍ ഒളിപ്പിച്ചിരുന്നു. മതം എന്ന ചട്ടകൂടില്‍ നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ ഇല്ലയോ എന്നൊന്നും അവര്‍ക്ക് പ്രശ്‌നമല്ല. പറഞ്ഞ് മനസ്സിലാക്കാന്‍ തുനിഞ്ഞുമില്ല) എങ്ങനെ ഈ പ്രൊഫഷനെ കളങ്കപ്പെടുത്തി എന്ന് പരസ്യമായി അവര്‍ ക്ലാസ്സ് എടുത്തു. ഉച്ചഭക്ഷണത്തില്‍ നോണ്‍ വെജ് കണ്ട് അവര്‍ രഹസ്യമായി മുറുമുറുത്തു. പ്രഥമ യോഗദിനത്തില്‍ പ്രഥമന്റെയും ബാബാ രാംദേവിന്റെയും ഫോട്ടോയ്ക്ക് മുന്നില്‍ കുമ്പിടാന്‍ ഉത്തരവിട്ടു. ഒട്ടും ബഹളം വയ്ക്കാതെ ഒഴിഞ്ഞു മാറിക്കൊണ്ട് "സൗകര്യമില്ല' എന്ന് പ്രഖ്യാപിച്ചു. പ്രത്യാഘാതങ്ങള്‍ വ്യക്തിപരമായിരുന്നു. ജീവിതം കൂടുതല്‍ കലുഷിതമായ നാളുകളില്‍ ഓഡിറ്റുകളുടെ പേരില്‍ അനേകം യാത്രകള്‍ ചെയ്തു. പുതിയ നഗരങ്ങളില്‍ ഉണര്‍ന്ന പുലരികളില്‍, ജനനിബിഡമായ തെരുവുകളിലൂടെയുള്ള രാത്രിനടത്തങ്ങളില്‍ ഞാന്‍ വായിച്ച പുസ്തകങ്ങളെ ഓര്‍ത്തു. അപ്പോഴെല്ലാം വായിക്കാന്‍ ബാക്കി വായിച്ച "ആള്‍ക്കൂട്ടം' മനസ്സില്‍ വന്നത് ഒരു കുടിയിറക്കലിന്റെ ദൃക്സാക്ഷ്യ ഓര്‍മ്മയുടെ ഭാഗമായാണ്.
പക്ഷെ അപ്പോഴൊക്കെയും "ആള്‍ക്കൂട്ടം' അകന്ന് നിന്നു. പല തവണ ഷെല്‍ഫില്‍ കണ്ടെങ്കിലും, എന്തോ, വായിച്ചില്ല. ചില പുസ്തകങ്ങള്‍ അങ്ങനെയാണ്. ഗ്രന്ഥാലയങ്ങളിലും പുസ്തകക്കടകളിലും നമ്മുടെ വിരലറ്റത്ത് വരെ എത്തിയിട്ടും ഒഴിഞ്ഞുമാറും.
കോളജിലെ അവസാന മാര്‍ച്ചിലൊരു ദിവസം. സ്വയംഭരണാവകാശം ലഭിച്ചതിനോടനുബന്ധിച്ചു തുടങ്ങിയ പരിഷ്‌കാരങ്ങളില്‍ ആദ്യത്തേത് ലൈബ്രറി മോടിപിടിപ്പിക്കലായിരുന്നു. പരിഷ്‌കാരങ്ങളുടെ പുറംചട്ട മിനുക്കലുകളുടെ പേരില്‍, പഴയതെന്ന് മുദ്രകുത്തിയതെല്ലാം ഏതോ കൊണ്ട്രാക്ടര്‍ക്ക് തൂക്കി വിറ്റു. ശപിക്കപെട്ട ഓര്‍മ്മയാണ് ആ കുടിയോഴിപ്പിക്കലുകളുടെ നാളുകള്‍. പടിക്കെട്ട് കയറി ചെല്ലുന്ന എന്റെ തലയ്ക്ക് മുകളിലൂടെ പുറത്തേയ്ക്ക് പറക്കുന്ന പുസ്തകങ്ങള്‍, താഴെയൊരു കോണില്‍ കൂമ്പാരമായി കൂടിയ ആഘാതത്തില്‍ തകര്‍ന്ന ഹാര്‍ഡ്കവറുകള്‍, അഴിഞ്ഞു പിഞ്ചിചിതറിയ താളുകള്‍ - ബ്രദേഴ്‌സ് കരമസോവ്, യുദ്ധവും സമാധാനവും, ലൈഫ് ആന്‍ഡ് ഒപ്പീനിയന്‍സ് ഓഫ് ട്രിസ്ട്രാം ഷാന്റ്റി, കയര്‍, ബാല്യകാല സഖി, അങ്ങനെയെത്രയോ സുന്ദരികളും സുന്ദരന്മാരും ഒപ്പം അവിടുണ്ടായിരുന്ന മുഴുവന്‍ സാക്കിസ് കൃതികളും. അതിനിടയില്‍, അടര്‍ന്ന താളുകള്‍ കൂട്ടിപ്പിടിക്കാന്‍ വിഫലമായി ശ്രമിക്കുന്ന കീറിയ പുറംതാളില്‍ 'ആള്‍ക്കൂട്ടം' എന്ന് കണ്ടു. വലിയ എന്തോ അവസരം നഷ്ടപ്പെടുത്തിയത് പോലൊരു കുറ്റബോധം അന്ന് മുതല്‍ എന്നെ പിന്തുടര്‍ന്നു.
ഓരോ യാത്രകളിലും കേരളത്തിനങ്ങോളമിങ്ങോളം പുസ്തക വില്‍പ്പനശാലകളില്‍ ഞാന്‍ 'ആള്‍ക്കൂട്ടം' തിരഞ്ഞു. റീപ്രിന്റ് വന്നിട്ട് കാലങ്ങളായി എന്ന് ഗൂഗിള്‍ പറഞ്ഞിട്ടും അത് തുടര്‍ന്നു. കഥ അറിയില്ല, ഉള്ളടക്കത്തെപ്പറ്റി സൂചനകള്‍ ഒന്നുമില്ല പക്ഷെ , ഒരു പുസ്തകം എന്നെ തിരയുന്നതായ തോന്നലില്‍, വില്‍ക്കാതിരിക്കുന്ന ഒരു കോപ്പി എവിടെയെങ്കിലും കാണുമെന്ന പ്രതീക്ഷയില്‍ എന്റെ യാത്രകളില്‍ പിഞ്ചിയ കവര്‍ പേജിന്റെ ഓര്‍മ്മയില്‍ ഞാന്‍ ആ പുസ്തകത്തിനായി തിരഞ്ഞു. പെട്ടെന്നൊരു ദിവസം 'ആള്‍ക്കൂട്ടം' എന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. താളുകള്‍ ഇല്ല , ഭാരം പൂജ്യം , അക്ഷരങ്ങള്‍ മാത്രം - ഈ - ബുക്ക് എഡിഷന്‍ ലഭ്യമായിരുന്നു. ആ സാധ്യത ഒരിക്കലും പ്രതീക്ഷിച്ചില്ല. പ്രതിമാസം 2000 രൂപ സ്‌റ്റൈപെന്‍ഡ് എന്ന എന്റെ ബഡ്ജറ്റില്‍ നിന്നും 250 മുടക്കാന്‍ രണ്ടാമതൊരു ആലോചന എന്ന പ്രശ്‌നം ഒട്ടുമുദിച്ചില്ല.
നാലഞ്ച് വര്‍ഷംപഴക്കം ചെന്ന പാവം നോക്കിയാ ഫോണിന്റെ പൊട്ടിയ സ്‌ക്രീനിന്റെ വിള്ളലുകള്‍ക്കിടയിലൂടെ ഞാന്‍ ''ആള്‍കൂട്ടം'' വായിച്ചു തുടങ്ങി. ഓരോ വരി കഴിയും തോറും ചുറ്റുമുള്ള ലോകം കൂടുതല്‍ നിശബ്ദമായി. മഴയിരമ്പുന്ന വൈകുന്നേരങ്ങളില്‍ കടത്തിണ്ണകള്‍ക്കോരം നിന്ന്, സ്ലീപ്പര്‍ക്ലാസിലെ ലോവര്‍ബര്‍ത്തിന്റെ ഞെരുക്കത്തില്‍ രാത്രികാല തീവണ്ടിയാത്രകളില്‍, കോഫി ഹൗസുകളില്‍, നീണ്ട ബസ്സ് കാത്തുനില്‍പ്പുകള്‍ക്കിടയില്‍ - വലിയ ആള്‍ക്കൂട്ടങ്ങള്‍ക്കിടയില്‍ എകാന്തമായോരിടം അതായിരുന്നു എനിക്ക് ''ആള്‍ക്കൂട്ടം'' എന്ന നോവല്‍. മറ്റ് ആനന്ദ് കൃതികളേക്കാള്‍ സ്വാഭാവിക ജീവിതത്തോട് ചേര്‍ന്ന് നിന്നിരുന്ന ജൈവ പരിസരങ്ങളാണ് ആള്‍ക്കൂട്ടത്തിലേത്. സാങ്കേതിക ബുദ്ധിമുട്ടുകള്‍ സഹിച്ചുള്ള വായന ആയിരുന്നെങ്കിലും ഒട്ടും വിരസത തോന്നിയിട്ടേയില്ല കാരണം, ജീവിതത്തിന്റെ ആ കാലഘട്ടത്തില്‍ ഞാന്‍ വായിക്കാനാഗ്രഹിച്ച വരികളായിരുന്നു നോവല്‍ നിറയെ. നോവലിലെ ബോംബെ നഗരം എനിക്ക് കോട്ടയവും, ചങ്ങനാശ്ശേരിയുമോക്കെയായി. പാമുക്ക് വായനയുടെ അധിനിവേശത്തില്‍ കൊച്ചിയില്‍ ബോസഫറസും, ബാലവാരികകള്‍ വാങ്ങിച്ചിരുന്ന ടൗണിലെ കടയുടമയില്‍ അല്ലാദിന്റെ മുഖച്ഛായ തിരഞ്ഞും, നഗരത്തിലെ ചുവരെഴുത്തുകളില്‍ മുഖങ്ങളുടെ മഹാ സാഗരത്തിലേക്ക് ഒരു തുള്ളിപോലെ നഷ്ട്ടമായ പ്രണയിനി എന്ന സങ്കല്‍പ്പത്തെ തേടിയും നടത്തിയ കാല്‍പ്പനിക സ്വത്വാന്വേഷണങ്ങളില്‍ നിന്നും യാഥാര്‍ത്ഥ്യങ്ങള്‍ മാത്രം നിറഞ്ഞ മൗലിക ഇന്ത്യന്‍ അവസ്ഥയിലേയ്ക്ക് എന്നേ കൈപിടിച്ചു നടത്തി ആള്‍ക്കൂട്ടം. എന്നെങ്കിലും കണ്ടുമുട്ടേണ്ട പ്രവാസം എന്ന ജീവന സാധ്യതയെ പൊടിപ്പും തൊങ്ങലുമില്ലാതെ പച്ചയായി ആള്‍ക്കൂട്ടം എന്നിലേയ്ക്ക് പകര്‍ത്തി. ആരാഷ്ട്രീയജീവികളെ നേരിടാനുള്ള മനോബലം നല്‍കി. സ്വാനുഭവങ്ങളെ സ്വതന്ത്രമായി വിശകലനം ചെയ്യാനും, തിരുത്തുകള്‍ വേണ്ടിടത്ത് തിരുത്താനുമുള്ള ധൈര്യം നല്‍കി.
നിരക്ഷരരെന്ന് മുദ്രപതിഞ്ഞ കഥാപാത്രങ്ങള്‍ വലിയ കാര്യങ്ങള്‍ പറയുന്നത് വായിച്ച് ഞാന്‍ എന്റെ നടപ്പാതകളില്‍ കണ്ടുമുട്ടിയ സാധാരണക്കാരുടെ ഉള്ളിലേയ്ക്ക് പുതിയ കണ്ണുകളോടെ നോക്കി. ഒരു ലോട്ടറി വില്‍പ്പനക്കാരന്‍, ഒരു ചെരുപ്പുകുത്തി ചിലപ്പോള്‍ സ്ഥിരമായി ബസ് സ്റ്റേഷനില്‍ കാണുന്ന ഒരു മദ്യപാനി അതുമല്ലെങ്കില്‍ ബസ്സില്‍ ജനാലയ്ക്കരികില്‍ തലചായ്ച്ച് ഇമാചിമ്മാന്‍ മറന്ന് പുറത്തെ കാഴ്ചകളില്‍ മുഴുകിയിരിക്കുന്ന ഒരു മാനക്വിനെ ഓര്‍മ്മപ്പെടുത്തുന്ന പെണ്‍കുട്ടി. ഒരു മനുഷ്യന്റെ സൗന്ദര്യബോധത്തെ മുഴുവനായി തന്നെ മാറ്റിയെഴുതാന്‍ ഉതകുന്ന കാലാതീതമായ ദാര്‍ശനിക സ്പഷ്ട്ടത ആള്‍ക്കൂട്ടത്തിന്റെ ഗദ്യത്തിനുണ്ട്.
ഓഡിറ്റ് സന്ദര്‍ശനങ്ങള്‍ക്കിടയില്‍, തങ്ങളുടെ ചെറിയ ചെറിയ പ്രശ്‌നങ്ങളും ജോലിയിടങ്ങളിലെ വ്യഥകളും പങ്കുവയ്ച്ചുകൊണ്ട് ഒരുപാട് ആളുകള്‍ വരുമായിരുന്നു. തങ്ങളുടെ പരാതികള്‍ മുകള്‍ത്തട്ടില്‍ എത്തിക്കാന്‍, അവരെ കേള്‍ക്കാന്‍, അവര്‍ക്ക് മനസ്സ് തുറക്കാന്‍ ഒരിടമായിരുന്നിരിക്കണം അവരെ സംബന്ധിച്ച് ഓഡിറ്റര്‍ എന്ന സങ്കല്പം. അവര്‍ പറയുന്നത് ക്ഷമയോടെ കേള്‍ക്കാനുള്ള തുറവി പരിശീലിച്ചത് ആള്‍ക്കൂട്ടത്തില്‍ കണ്ടുമുട്ടിയ കഥാപാത്രങ്ങളില്‍ നിന്നുമാണ്. ചിലപ്പോള്‍ ശബ്ദമുയര്‍ത്തി അവര്‍ പരാതികള്‍ പറയും, വീട്ടിലെ കാര്യങ്ങള്‍ പറഞ്ഞ് കരയും, ഉറപ്പിച്ചിരിക്കുന്ന വിവാഹത്തെക്കുറിച്ചും ഒരു വീട്, ഗള്‍ഫില്‍ ജോലി എന്നൊക്കെയുള്ള അവരുടെ കുഞ്ഞു സ്വപ്നങ്ങള്‍ നനുത്ത ചിരിയോടെ പറയും. അതെല്ലാം കേട്ടിരിക്കുമ്പോള്‍ ഞാനും ആള്‍ക്കൂട്ടത്തിലെ ഒരു കഥാപാത്രമായി മാറി.
സമരങ്ങളുടെ പുസ്തകമാണ് ആള്‍ക്കൂട്ടം. മനുഷ്യന്‍ സ്വന്തം വ്യധകളിലൂടെ അവനവനെ തേടുന്നതിന്റെ കഥ. നോവല്‍ എഴുതിയിരിക്കുന്നത് മലയാളത്തിലാണ്, പക്ഷെ കഥാപാത്രങ്ങള്‍ പറയുന്നത് അവരുടെ ഭാഷയാണ്. അതിനു വ്യക്തമായ പേരില്ല, കാരണം അവര്‍ സംസാരിക്കുന്നത് ഇനിയെത്ര പതിറ്റാണ്ടുകള്‍ കഴിഞ്ഞാലും മാറാത്ത ഇന്ത്യയെക്കുറിച്ചാണ്. വേര്‍തിരിച്ചെടുക്കനാവാത്ത ശബ്ദമുഖരിതമായ മനുഷ്യ ദു:ഖങ്ങളുടെ, സന്ദേഹങ്ങളുടെ ആഴക്കടലാണ് ഓരോ നഗരവുമെന്ന് ആള്‍ക്കൂട്ടം പറയുന്നു. തിരകള്‍ തീരത്തെഴുന്നു നില്‍ക്കുന്ന പാറക്കൂട്ടങ്ങളിലേയ്ക്ക് ആര്‍ത്തിരമ്പി ചിതറും പോലെ, അനേകായിരം ചരാചരങ്ങളുടെ ഹൃദയമിടിപ്പുകള്‍ വന്നലയ്ക്കുന്ന ഒരു അദൃശ്യ ഇടമുണ്ട് ഓരോ നഗരത്തിലും, അതിന്റെ ആത്മാവ് രാപ്പാര്‍ക്കുന്ന അദൃശ്യമായോരിടം എന്ന് ആനന്ദ് ആള്‍ക്കൂട്ടത്തിലൂടെ സ്ഥാപിക്കുന്നു.
പിന്നീട് പുതിയ എഡിഷന്‍ പുറത്തിറങ്ങിയപ്പോള്‍ ഞാന്‍ വാങ്ങി. വീണ്ടും വായിച്ചു. എനിക്ക് വേണ്ടി എഴുതിയതെന്ന് തോന്നിയ അനേകം വരികള്‍ക്കടിയില്‍ ഞാന്‍ പെന്‍സില്‍ വരകള്‍ തീര്‍ത്തു. ഒരു വരി മാത്രം, വീണ്ടും വീണ്ടും എന്നേ വിഷമിപ്പിച്ചു ''കണക്ക് ശരിയാണ്, സംഖ്യകള്‍ തെറ്റി''. ഒറ്റ വരിയില്‍ അനേകം ജീവിതങ്ങളെ ആനന്ദ് നിര്‍വചിച്ചിരിക്കുന്നു.
വായിച്ച പുസ്തകങ്ങളാണ് ഒരു വായനക്കാരന്‍; ഹൃദയം പതിഞ്ഞ കടലാസിടങ്ങളില്‍ അവന്‍ അടിവരയിട്ട വരികള്‍ ചേര്‍ന്ന് രഹസ്യമായി അവന്റെ ഗതകാല ജീവചരിത്രം പൂരിപ്പിക്കുന്നു. മങ്ങിയ മഷിപ്പാടുകള്‍ ഉതിര്‍ക്കുന്നത് ഓര്‍മ്മകളുടേത് മാത്രമല്ല, അവന്റെ സ്വപ്നങ്ങളുടെ കണ്ണീര്‍ ഉപ്പ് കലര്‍ന്ന രക്തത്തുള്ളികളുടെ ഗന്ധം കൂടിയാണ്. അതെ പോലെ തന്നെയാണ് പണ്ട് എഴുതിയ വരികളും. കാലങ്ങള്‍ക്ക് ശേഷം നമ്മള്‍ എഴുതിയ വരികളിലേയ്ക്ക് തിരികെ വരുമ്പോള്‍ പഴയ എന്റെയും നിന്റെയും കാല്‍പ്പാടുകള്‍ കാണാം. ഒരു കുട്ടി അവന്‍, പിച്ചവയ്ച്ചു നടന്നതിന്റെ അടയാളങ്ങള്‍ നിറഞ്ഞ മണലിടങ്ങള്‍ തേടി നടത്തുന്ന ഒരു തീര്‍ത്ഥാടനം പോലെയത് നമ്മുടെ മറവികളെ പൊള്ളിക്കും.
ജീവിതത്തെ നേരിടാനുള്ള ധൈര്യം പകര്‍ന്നു തരുന്ന അനേകം വരികള്‍ ചേര്‍ന്ന് പൂരിപ്പിച്ച സത്യങ്ങളുടെ പുസ്തകമാണ് ആള്‍ക്കൂട്ടം. തലമുറകള്‍ അനേകം കഴിഞ്ഞാലും, ''ആനന്ദിന്റെ ആള്‍ക്കൂട്ടം'' തിരഞ്ഞ് ചിലര്‍ പുസ്തകശാലകളില്‍ വന്നുകൊണ്ടേയിരിക്കും. കാരണം, അവനറിയാം ഒരു കോപ്പി അവനെ തേടുന്നുണ്ട് എന്ന്.
Sachin Jose
11 Jun 2020, 03:18 PM
ഒന്ന് വിമർശിക്കാൻ വന്നതാ . കൈയടിച്ചിട്ടു പോവുന്നു . കലക്കി ബ്രോ ....very touching...waiting for more...
പ്രിയദർശിനി കെ വി
10 Jun 2020, 08:49 PM
പുസ്തകം വായിക്കാൻ പ്രേരിപ്പിക്കുന്ന ലേഖനം. നിരൂപണങ്ങൾ പൊതുവെ വായിച്ചു മനസിലാക്കാൻ തന്നെ പാടുപെടാറുണ്ട്. അതിൽ നിന്നും ഏറെ വ്യത്യസ്ഥമായ ഈ ശൈലി ഇഷ്ട്ടപ്പെട്ടു. തുടർ എഴുത്തുകൾ പ്രതീക്ഷിക്കുന്നു സക്കറിയാസ്.
Ravichandran
8 Jun 2020, 11:30 AM
"ഇംഗ്ലീഷ് മീഡിയം ക്ലാസ് മുറികളുടെ ശ്വാസം മുട്ടിക്കുന്ന ബ്രിട്ടീഷ് ചിട്ടവട്ടങ്ങളിലും CBSE-NCERT പുസ്തകങ്ങളില്‍ അച്ചടിച്ച പോളണ്ടിലെ സോളിഡാരിറ്റിയുടെ കഥപറഞ്ഞു തുടങ്ങുന്ന പൊളിറ്റിക്കല്‍ സയന്‍സ് പാഠങ്ങളിലും രജപുത്ര-മറാഠ-രാമായണ വീരഗാഥകളുടെ വാഴ്ത്ത്പാട്ടുകള്‍ നിറഞ്ഞ അമര്‍ ചിത്രകഥകളിലും കുരുങ്ങി മലയാളം അക്ഷരങ്ങള്‍ പോലും മര്യാദയ്ക്കറിയാത്ത ബാല്യവും കൗമാരവും കടന്ന് തികയ്ച്ചും ലീനിയറായ, ഡയലോഗുകള്‍ക്ക് യാതൊരു സ്ഥാനവുമില്ലാത്ത മരവിച്ച ധിഷണയുമായി യാത്രതുടര്‍ന്ന എന്റെ രണ്ടാം ഗര്‍ഭപാത്രമായിരുന്നു കോളേജ് ലൈബ്രറി." ചർച്ച ചെയ്യപ്പെടേണ്ടുന്നത് തന്നെ . ഈ ലേഖനത്തിൽ മറ്റൊരു ആനന്ദിൻ്റെ ഉദയം കാണുന്നു . ഒരു പുസ്തകത്തെ മുൻ നിർത്തി ഏതാനം വരികളിൽ, സാധാരണക്കാരൻ്റെ ഭാഷയിൽ, അവൻ്റെ കാലം മുഴുവനായി തന്നെ അടയാളപ്പെടുത്തിയിരിക്കുന്നു ഈ ചെറുപ്പക്കാരൻ . ട്രൂ കോപ്പിയിലെ മികയ്ച്ച ഒരു ലേഖനം തന്നെ ഇത് . എഴുത്തിടങ്ങളെ കൂടുതൽ ജനകീയമാക്കാനുള്ള സംവേദന ശേഷിയുണ്ട് ഇത്തരം ലേഖനങ്ങൾക്ക് .
Sreelima
7 Jun 2020, 07:10 PM
ഓരോ എഴുത്തിനു പിന്നിലും ഇത്രമാത്രം കഠിനദ്ധ്വാനം ചെയ്യുന്ന എഴുത്തുകാരാ.... ഓരോ വാക്കിനും വരിക്കും പിന്നിൽ സത്യസന്ധമായി ജീവിതത്തെയും നീ ചേർത്ത് നിർത്തുന്നുണ്ട്.... ഇ.ജെ.യുടെ എഴുത്തിൻ്റേയും വായനയുടേയും ചിന്തകളുടേയും ആഴവും ഭംഗിയും അത്രയേറെ വേറിട്ടതാണ്.
Jomon K
7 Jun 2020, 04:12 PM
Loved this. Very engaging and thought provoking at the same time. Rich text and strong reflections on how politics interferes in common man's life. So many dimensions involved in this narration. Best wishes to Sakkariah. Waiting for your next. Truecopy is getting interesting....
PJJ Antony
7 Jun 2020, 04:06 PM
''കണക്ക് ശരിയാണ്, സംഖ്യകള്‍ തെറ്റി''. ഒറ്റ വരിയില്‍ അനേകം ജീവിതങ്ങളെ ആനന്ദ് നിര്‍വചിച്ചിരിക്കുന്നു." . Personal and public at the same time. The perspective of a contemporary youngman. Engaging reading. Thanks EJZ
Nasif p Nazar
7 Jun 2020, 12:27 PM
EJ, Reading എനിക്ക് വല്യ താൽപര്യം ഇല്ലാത്ത പരിപാടി ആണ്. പക്ഷെ ഇത് ഞാൻ വായിച്ചു.... കൊള്ളാം ബ്രോ... നന്നായിട്ടുണ്ട് ..... ആശംസകൾ .....
പദ്മനാഭൻ മഠത്തിൽ
7 Jun 2020, 12:26 PM
വായന സുഖത്തിനു അപ്പുറം ഇതിൽ ശക്തമായ രാഷ്ട്രീയമുണ്ട്. ചർച്ചചെയ്യപ്പെടേണ്ട അനേകം നിരീക്ഷണങ്ങളും അക്കാദമിക്ക് സ്വഭാവമുമുള്ള വിമർശനങ്ങളും. അഭിനന്ദനങ്ങൾ. കമൽറാം മറ്റൊരു കണ്ടത്തൽ നടത്തിയതിന്റെ സൂചന ഇതിൽ വ്യക്തമാണ്. കൂടുതൽ എഴുതുക സക്കറിയാസ്.
Linu
7 Jun 2020, 09:58 AM
Always an inspiration you are EJ. ഒരു പുസ്തകവുമായി ക്യാംപസിൽ കാണുന്ന നിങ്ങൾ എന്നും ഒരു കൗതുകവും ഊർജവും ആയിരുന്നു. വീണ്ടും എഴുതി കണ്ടതിൽ സന്തോഷം.
Kerala Sahitya Akademi Award 2019
വിനോയ് തോമസ്
Feb 17, 2021
5 Minutes Listening
Kerala Sahitya Akademi Award 2019
എം.ആര്‍ രേണുകുമാര്‍
Feb 17, 2021
4 Minutes Read
Kerala Sahitya Akademi Award 2019
പി. രാമന്‍
Feb 17, 2021
3 Minutes Read
Think
Feb 15, 2021
1 Minute Read
പി ആന്റണി
1 Jul 2020, 08:54 PM
എഴുത്തു രസകരമായിട്ടുണ്ട്. തുടരുമല്ലോ