മാസ്റ്ററി ഇല്ലാത്ത
മൈക്കാടുപണിക്കാരാണ് കൂടുതല്‍ കവികളും,
മേസ്തിരിമാർ വിരലിലെണ്ണാവുന്നവർ മാത്രം
മാസ്റ്ററി ഇല്ലാത്ത മൈക്കാടുപണിക്കാരാണ് കൂടുതല്‍ കവികളും, മേസ്തിരിമാർ വിരലിലെണ്ണാവുന്നവർ മാത്രം.
ദലിത് കവി എന്നും ദലിത് കവിയായിരിക്കുന്നു. സ്ത്രീകവി , ആദിവാസികവി എല്ലാം അങ്ങനെ തന്നെ. അല്ലാതെ മേല്‍ജാതി കവികളെപ്പോലെ കവികളായിരിക്കാന്‍ അവര്‍ക്ക് പറ്റുന്നില്ല. നമ്മുടെ കവിതകള്‍ പ്രാദേശികമായ ഉള്ളടക്കങ്ങളില്‍ മാത്രമായി കുടുങ്ങിക്കിടക്കുന്നു. തികച്ചും വൈകാരികവും വൈയക്തികവുമാണത്. അവര്‍ ആവിഷ്‌കരിക്കുന്ന കാര്യങ്ങളെ ലോകത്തിലേക്ക് എത്തിക്കാനാവുന്നില്ല. മിക്കവാറും രേഖീയമായ ആഖ്യാനങ്ങളാണ് ഇന്നത്തെ കവിതകളിലുള്ളത്. മലയാളത്തിൽ എന്തുകൊണ്ട് പുതിയ ഒരു കാവ്യഭാവുകത്വത്തെക്കുറിച്ച് ചിന്തിക്കാൻ സമയമായി എന്ന് വിമർശനാത്മകമായി പരിശോധിക്കുകയാണ് എസ്. ജോസഫ്.
21 Apr 2022, 10:16 AM
‘എമേര്‍ജിംഗ് പോയട്രി’ എന്നത് യാദൃച്ഛികമായുണ്ടായ ഒരു കവിതാ സങ്കല്പന (Poetic Concept) മാണ്. ഫേസ്ബുക്കിലെഴുതിയ ‘പുതുകവികള്‍ക്കൊരു മാനിഫെസ്റ്റോ’ എന്ന പരമ്പരയുടെ ഒടുവിലാണ് അത്തരമൊരു ആശയമുണ്ടായത്. നിലവിലുള്ള കവിത പോരാ എന്ന ധാരണയാണ് കവിതയില്‍ ഒരു മാറ്റം അനിവാര്യമാക്കുന്നത്.
നിലവിലുള്ള കവിതയുടെ പ്രശ്‌നങ്ങള്‍ എന്തെന്ന് നോക്കാം:
ഏതാണ്ട് 1990 മുതല്‍ ഇന്നുവരെയുള്ള പുതുകവിതയില്‍ പ്രധാനമായും സ്ത്രീ , ദലിത്, പരിസ്ഥിതി, ആദിവാസി എന്ന മൂന്നുനാലു ധാരകളാണുള്ളത്. (ആദിവാസിധാര ഒടുവില്‍ വന്നതുകൊണ്ടാണ് മൂന്നുനാല് എന്നു പറഞ്ഞത്.) അതെല്ലാം സവിശേഷ കാവ്യലോകങ്ങളാണ്. സ്ത്രീ, പരിസ്ഥിതി എഴുത്തില്‍ എല്ലാവരും തന്നെയുണ്ട്. മറ്റ് രണ്ട് ധാരകള്‍ ജാതീയമാണ്, ഗോത്രപരമാണ്.
ജാതിയേയും ഗോത്രത്തെയും പൊട്ടിച്ച് പുറത്തുകടന്ന് മുഖ്യധാരയിലെത്തുക എന്നതാണ് അവയുടെ ലക്ഷ്യം. സ്ത്രീയെഴുത്തിലും ദലിതെഴുത്തിലും ദലിത് സ്ത്രീയെഴുത്ത് എന്നൊരു ഉപവിഭാഗവും ഉണ്ടായിട്ടുണ്ട്. പുരുഷാധിപത്യമൂല്യ വ്യവസ്ഥയെ ചെറുക്കുക എന്ന മാര്‍ഗവും സ്ത്രീ പുരുഷ സമത്വം കൈവരിക്കുക എന്ന ലക്ഷ്യവുമാണവയ്ക്കുള്ളത്. ഈ ധാരകളുടെ സ്വാധീനം പലരുടേയും കവിതകളില്‍ കാണാം. എന്റെ കവിതകളില്‍ മേല്‍പ്പറഞ്ഞ എല്ലാ ധാരകളും ഉണ്ടായിട്ടുണ്ട്.

സൂക്ഷ്മരാഷ്ട്രീയവുമായി ബന്ധപ്പെട്ട്, മുപ്പതുവര്‍ഷമായി മേല്‍പ്പറഞ്ഞ ധാരകള്‍ നിലനില്ക്കുന്നു. ഇവയുടെ ലക്ഷ്യം പക്ഷേ മരീചിക പോലെ അകന്നുപോകുന്നു.
ദലിത് കവി എന്നും ദലിത് കവിയായിരിക്കുന്നു. സ്ത്രീകവി , ആദിവാസികവി എല്ലാം അങ്ങനെ തന്നെ. അല്ലാതെ മേല്‍ജാതി കവികളെപ്പോലെ കവികളായിരിക്കാന്‍ അവര്‍ക്ക് പറ്റുന്നില്ല. അവരുടെ ചിറകുകള്‍ അരിയുന്നുണ്ട്. ഈ വഴികളിലൂടെ പോയാല്‍ ലക്ഷത്തിലെത്തുകയുമില്ല. മാത്രമല്ല, അന്തര്‍സംഘര്‍ഷങ്ങളിലൂടെ അവ ആത്മശൈഥില്യത്തെ നേരിടുന്നുമുണ്ട്.
ഈ പശ്ചാത്തലത്തിലാണ് ഏതാണ് രണ്ട് വര്‍ഷമായി തുടരുന്ന കോവിഡ് മഹാവ്യാധി ലോകത്തെ യഥാര്‍ത്ഥത്തില്‍ ആഗോളഗ്രാമമാക്കിയത്. ജീവിതം വളരെ അനിശ്ചിതമായി. ഇതിനിടയില്‍ത്തന്നെ തികച്ചും അയുക്തികമായ അഫ്ഗാന്‍ യുദ്ധം , റഷ്യ- യുക്രെയ്ൻ യുദ്ധം എന്നിവ വന്നു. ഇത് പ്രാദേശിക സവിശേഷ ജീവിതം മാത്രം അവതരിപ്പിക്കുന്ന നമ്മുടെ നിലവിലുള്ള കവിതയെ ഏറെ അപ്രസക്തമാക്കിയിരിക്കുന്നു. യുദ്ധം നമ്മളെയും ബാധിച്ചിരിക്കുന്നു. നമ്മുടെ കുട്ടികളുടെ വിദ്യാഭ്യാസത്തെയും പെട്രോളിന്റെയും നിത്യോപയോഗ സാധനങ്ങളുടെയും വിലകളെയും ബാധിച്ചിരിക്കുന്നു.

സവിശേഷതയുടെ വിമര്‍ശം
സവിശേഷത എന്ന സങ്കല്പത്തെ പുനഃപരിശോധിച്ചാല്‍ അതില്‍ത്തന്നെ സാമാന്യവും ഉണ്ട് എന്നുമനസിലാക്കാം. പ്രചാരം ലഭിക്കുന്ന ഏതൊരു സവിശേഷതയും സാമാന്യമാകുന്നു. സവിശേഷമായ ദലിത് കവിതയോ ആദിവാസി കവിതയോ സാമാന്യവുമാണ്. കാരണം അതിന് ഒരു പൊതു സ്വഭാവമുണ്ട്. സത്യത്തില്‍, ഏതൊരു പ്രസ്ഥാനത്തിലും ഒന്നോ രണ്ടോ കവികളും ബാക്കി അനുകര്‍ത്താക്കളുമാണുള്ളത്.
അങ്ങനെയാണ് അത് സാമാന്യമാകുന്നത്. സവിശേഷമായ കവിതകള്‍ ചെന്നെത്തുന്നത് പൊതുസമൂഹത്തിലേക്കാണുതാനും.
സാമാന്യവല്‍ക്കരിക്കപ്പെടാതെ ഒരു സവിശേഷതയും പ്രസ്ഥാനമാകുകയും ഇല്ല.
നമ്മുടെ കവിതകള്‍ പ്രാദേശികമായ ഉള്ളടക്കങ്ങളില്‍ മാത്രമായി കുടുങ്ങിക്കിടക്കുന്നു. തികച്ചും വൈകാരികവും വൈയക്തികവുമാണത്. അവര്‍ ആവിഷ്‌കരിക്കുന്ന കാര്യങ്ങളെ ലോകത്തിലേക്ക് എത്തിക്കാനാവുന്നില്ല.
മിക്കവാറും രേഖീയമായ ആഖ്യാനങ്ങളാണ് ഇന്നത്തെ കവിതകളിലുള്ളത്. കവിതയില്‍ മാസ്റ്ററി ഇല്ലാത്ത മൈക്കാടുപണിക്കാരാണ് കൂടുതല്‍ കവികളും. മേസ്തിരിമാരെ വിരലിലെണ്ണാം.

ഏതൊരു സവിശേഷ കവിതയേയും പൊതുമനുഷ്യരുടെ കവിതയാക്കി മാറ്റുന്ന ഒരു മാസ്റ്ററിയുണ്ട്. ലോകോത്തര കവികളായ നിക്കനോര്‍ പാര്‍റ, ചെസ് ലോവ് മിലോസ്, മിറോസ്ലോവ് ഹോലുബ് , വിസ്ലാവ സിമ്പോഴ്ഷ്‌ക എന്നീ കവികളെ ശ്രദ്ധിച്ചാല്‍ നമുക്കത് മനസിലാകും.
മലയാള കവിത മാറിയ പശ്ചാത്തലത്തില്‍ മാറാതെ നിലനില്ക്കുകയില്ല. നമ്മുടെ കവിതയെ ലോക നിലവാരത്തിലെത്തിക്കുന്ന ആശയലോകമാണ് ‘എമേര്‍ജിംഗ് പോയട്രി’യുടേത്. അതിന് നമ്മള്‍ കാവ്യ വിഷയങ്ങളില്‍ , കവിതയുടെ രൂപങ്ങളില്‍ വ്യത്യാസം വരുത്തേണ്ടിയിരിക്കുന്നു. ജാതിവ്യവസ്ഥയെ ഭേദിച്ച് നമ്മള്‍ മുഖ്യധാരയാവേണ്ടിയിരിക്കുന്നു. അതിനായി ഞാന്‍ എഴുതിയ ചില കവിതാ മാതൃകകള്‍ താഴെക്കൊടുക്കുന്നു.
ഇ.പി മീറ്റിംഗ്
‘പതിനഞ്ചുനിലക്കെട്ടിടമാണ്.
എട്ടാം നിലയിലെ ഹാളിലാണ് EP യുടെ മീറ്റിംഗ്
എട്ടാം നിലയില്‍ ആരും താമസിക്കുന്നില്ല
ഒരു വലിയ ഹാള്‍ മാത്രമേ അവിടെയുളളു.
എല്ലാ നിലകളിലുമുള്ള അന്തേവാസികളെ
ക്ഷണിച്ചിട്ടുണ്ട്.
മുകളിലുള്ളവര്‍ ലിഫ്റ്റിറങ്ങി താഴേക്ക് വരുമല്ലോ.
താഴെയുള്ളവര്‍ മുകളിലേക്കും എത്തുമല്ലോ.
ഭക്ഷണമുണ്ട്.
കവിത ചൊല്ലലും
കുട്ടികളുടെ നൃത്തവും
കവിതാ ചര്‍ച്ചയുമുണ്ട്.
ഫോട്ടോ സെഷനില്‍
നമ്മള്‍ ഒരു ഗ്രൂപ്പു ഫോട്ടോയും എടുക്കും.
ആരും വരാതിരിക്കരുത്. '
സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവര്‍ മുകളിലേക്കും മുകള്‍ത്തട്ടിലുള്ളവര്‍ താഴേക്കും വരുന്നതിലൂടെ എല്ലാവരേയും ഒരുമിപ്പിക്കാന്‍ ഇ.പി ശ്രമിക്കുന്നു എന്നതാണ് ഈ കവിത സൂചിപ്പിക്കുന്നത്. മേല്‍ത്തട്ടു മനുഷ്യരുടെ പിന്തുണയോടെ മാത്രമേ അടിസ്ഥാന മനുഷ്യരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാനാകൂ. കുറേ മേല്‍ത്തട്ടു കവികളെങ്കിലും പിന്തുണയ്ക്കാതിരിക്കില്ല.
മറ്റൊരു കവിത (പേരില്ല)
ഒരു തുള്ളി കണ്ണീര്‍ താഴേക്കുവീണു.
പതിനാലാം നിലയിലാണ് വാര്‍ഡ്
അയാള്‍ താഴേക്കു നോക്കി
കുറെ ദിവസം ഐ.സി.യു വിലായിരുന്നു
ഇപ്പോള്‍ വാര്‍ഡിലാണ്
ആരൊക്കെയോ ആശുപത്രിയിലെത്തിച്ചു.
ഒരാള്‍ വാഹനാപകടത്തില്‍ പെട്ടു.
ഒരാള്‍ വാഹനാപകടത്തില്‍ പെട്ടു.
ആരൊക്കെയോ ആശുപത്രിയിലെത്തിച്ചു.
ഇപ്പോള്‍ വാര്‍ഡിലാണ്
കുറെ ദിവസം ഐ.സി.യു വിലായിരുന്നു
അയാള്‍ താഴേക്കു നോക്കി
പതിനാലാം നിലയിലാണ് വാര്‍ഡ്
ഒരു തുള്ളി കണ്ണീര്‍ താഴേക്കു വീണു
(മുകളില്‍ നിന്നു വീഴുന്ന ഒരു തുള്ളിക്കണ്ണീരിനെ ആദ്യം താഴെ നിന്നു കാണുന്നതും പിന്നീട് മുകളില്‍ നിന്നു കാണുന്നതുമായ രണ്ടു കാഴ്ചകള്‍ ഈ കവിതയിലുണ്ട് . സാമ്പ്രദായികമായ ആഖ്യാനങ്ങളില്‍ നിന്നുള്ള മാറ്റമാണിത്. )
നിങ്ങള്‍ മടങ്ങിവരുമോ?
Do you come back?
‘ടാങ്കുകളോട് ആളുകള്‍ പറഞ്ഞു
People said to the tanks
ഞങ്ങള്‍ പടിഞ്ഞാറോട്ട് പോകുകയാണ്
We are leaving westward
മഞ്ഞുവീഴ്ചയോട് ആളുകള്‍ പറഞ്ഞു
People said to the nsowfall
ഞങ്ങള്‍ അകലങ്ങളിലേക്ക് പോകുകയാണ്
We are going far away
തകര്‍ന്നു വീണ കെട്ടിടങ്ങളോട് ആളുകള്‍ പറഞ്ഞു.
People said to the destroyed buildings
ഞങ്ങള്‍ അജ്ഞാതങ്ങളിലേക്ക് പോകുകയാണ്
We are going to the unknown
വഴിമരങ്ങളോട് ആളുകള്‍ പറഞ്ഞു
People said to the trees by the road side
ഞങ്ങള്‍ ഇല്ലായ്മയിലേക്ക് പോകുകയാണ്.
We are going nowhere
നിങ്ങള്‍ മടങ്ങി വരുമോ എന്നാരും ചോദിച്ചില്ല.
Nobody asks them if you come back?'
യുദ്ധം മലയാള കവിതയില്‍ ഒരു വിഷയമായി കടന്നുവരികയാണ്. അതും രണ്ടു ഭാഷകളുടെ ക്രോസ് കട്ടിംഗ് രീതിയോടെ.
മൂന്നു കവിതകള്‍ കൂടി താഴെ കൊടുക്കുന്നു:
ഒന്‍പത്
‘മുകളില്‍ വെള്ളനിറത്തില്‍ ഒമ്പതുപക്ഷികള്‍
താഴെ പച്ചയണിഞ്ഞ ഒമ്പതു മരങ്ങള്‍
അതിനും താഴെ ചുവന്ന തുണികളടുത്ത ഒമ്പതു സ്ത്രീകള്‍
വെള്ള, പച്ച, ചുവപ്പ്
പക്ഷികള്‍, മരങ്ങള്‍, സ്ത്രീകള്‍
മുകളില്‍ പച്ചനിറത്തില്‍ ഒമ്പതുപക്ഷികള്‍
താഴെ ചുവപ്പണിഞ്ഞ ഒമ്പതു മരങ്ങള്‍
അതിനും താഴെ വെളളത്തുണികളുടുത്ത ഒമ്പതു സ്ത്രീകള്‍
പച്ച ചുവപ്പ് വെള്ള
പക്ഷികള്‍, മരങ്ങള്‍, സ്ത്രീകള്‍
മുകളില്‍ ചുവപ്പുനിറത്തില്‍ ഒമ്പതുപക്ഷികള്‍
താഴെ വെള്ളയണിഞ്ഞ ഒമ്പതു മരങ്ങള്‍
അതിനും താഴെ പച്ചത്തുണികളുടുത്ത ഒമ്പതു സ്ത്രീകള്‍
ചുവപ്പ് , വെള്ള, പച്ച
പക്ഷികള്‍, മരങ്ങള്‍, സ്ത്രീകള്‍ '
അനുപാതം
‘വെളിച്ചത്തില്‍ നിന്ന് ഇരുട്ടിലേക്കുള്ള ദൂരവും
ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്കുള്ള ദൂരവും
തുല്യമാണെങ്കില്‍
വെളിച്ചത്തിന്റെ സ്വയം ദൂരമെത്ര?
ഇരുട്ടിന്റെ സ്വയം ദൂരമെത്ര?
വെളിച്ചമെന്ന പ്രതിഭാസത്തെ
വെളിച്ചവും ഇരുട്ടും തമ്മിലുള്ള ഏതെല്ലാം അനുപാതങ്ങളിലാണ് വെളിച്ചമെന്ന് പറയുക?
ഇരുട്ടെന്ന പ്രതിഭാസത്തെ
ഇരുട്ടും വെളിച്ചവും തമ്മിലുള്ള ഏതെല്ലാം
അനുപാതങ്ങളിലാണ് ഇരുട്ടെന്ന് പറയുക?
പെണ്‍കുട്ടിയാണോ അവളെ മൂടിനില്ക്കുന്ന ഇരുട്ടാണോ വിളക്കുവച്ചത്
ശവക്കല്ലറയുടെ മൂടി അടച്ചു ചുറ്റുപാടും
വ്യാപിച്ചു നിന്നത്
സങ്കടപ്പെടുന്നവരോ അതോ പകല്‍ വെളിച്ചമോ?'
പ്രണയം , സെക്‌സ്, ഭാഷ, യുദ്ധം
‘പ്രണയം: അധിനിവേശവും കീഴടങ്ങലും
അതിര്‍ത്തികള്‍ മാഞ്ഞു പോകാം.
സെക്‌സ്: അധിനിവേശവും കീഴടങ്ങലും
അതിര്‍ത്തികള്‍ മാഞ്ഞു പോകാം
ഭാഷ: അധിനിവേശവും കീഴടങ്ങലും
അതിര്‍ത്തികള്‍ മാഞ്ഞുപോകാം.
യുദ്ധം: അധിനിവേശവും കീഴടങ്ങലും
അതിര്‍ത്തികള്‍ മാഞ്ഞുപോകാം.'
‘എമേര്‍ജിംഗ് പോയട്രി’ക്കെതിരേ വിമര്‍ശനം
കവിതകള്‍ സ്വാഭാവികമായി ഉണ്ടാകേണ്ടതാണ്, ബോധപൂര്‍വ്വം ഉണ്ടാകേണ്ടതല്ല എന്നൊരു അഭിപ്രായമാണ് EP ക്കെതിരേ ആദ്യമായി ഉയര്‍ന്നുവന്നത്. ഇ. പിയില്‍ത്തന്നെ അത്തരം ചിന്താഗതിയുണ്ടായിരുന്നു. എന്നാല്‍ ബോധാബോധനിര്‍മ്മിതിയാണ് കവിത എന്ന അഭിപ്രായമാണ് ഇ.പിയുടെ തുടക്കം മുതലേ ഞങ്ങള്‍ മുന്നോട്ടുവച്ചത്.
സ്ത്രീപക്ഷത്തു നിന്ന് ധാരാളം ആക്ഷേപങ്ങള്‍ വന്നു. പ്രത്യയശാസ്ത്രപരമായ വിമര്‍ശനവും ഇ.പി യുടെ ഫേസ്ബുക്ക് മാസികയിലെ കവിതകളുടെ വിമര്‍ശനവുമായിരുന്നു അത്.
ഇ . പി ക്ക് രാഷ്ട്രീയമുണ്ട്. പക്ഷേ അത് നിലവിലുള്ള ഒരു രാഷ്ട്രീയചിന്തയോടും ബന്ധം പുലര്‍ത്തുന്നില്ല. ഇ.പി മാഗസിനില്‍ വന്ന കവിതകള്‍ ‘എമേര്‍ജിംഗ് പോയട്രി’യാണെന്ന് ഞങ്ങള്‍ പറഞ്ഞിട്ടില്ല. സച്ചിദാനന്ദന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, അമ്മ ദീപ, ശ്രീകുമാര്‍ കരിയാട്, വി.എം. ഗിരിജ , സാഹിറ, സായ്‌റ തുടങ്ങിയവരുടെ കവിതകള്‍ മാഗസിനില്‍ വന്നിരുന്നു. കവിതയിലെ ദിശാവ്യതിയാനം ഏതാണ്ട് 2030 നുള്ളിലേ സാധ്യമാകു എന്നാണ് ഞങ്ങള്‍ പറഞ്ഞിട്ടുള്ളത്. നിലവിലുള്ള കവിതയും ഇ.പിയും തമ്മിലുള്ള വ്യത്യാസം പെട്ടെന്ന് വ്യക്തമാകില്ല എന്നാണ് സച്ചി മാഷ് പ്രതികരിച്ചിട്ടുള്ളത്.
ഇ.പി ചത്തു, നിര്‍ത്തിക്കൂടേ ഇത് എന്നിങ്ങനെയുള്ള ധാരാളം പരാമര്‍ശങ്ങള്‍ ഇ.പി ക്കെതിരേ വന്നു. അതൊക്കെ അവഗണിക്കാനല്ലേ പറ്റൂ.
ഇ.പി, കവിതയിലെ വൈവിധ്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്നു. ഗദ്യകവിതകള്‍, ഫോക് സോംങ് , കാവ്യനാടകം, സംഭാഷണ രീതിയിലുള്ള കവിതകള്‍, നല്ല പദ്യകവിതകള്‍, ഗദ്യ പദ്യമിശ്രണം എന്നിവയും അന്യ രാജ്യ പശ്ചാത്തലത്തിലുള്ള അനുഭവങ്ങളുള്ള കവിതകളും യുദ്ധ പഞ്ചാത്തലങ്ങളും ഒക്കെ ഇ.പിക്ക് സ്വീകാര്യമാണ്. പക്ഷേ പുതുമ വേണം. പുതുതായി അനുഭവപ്പെടണം എന്നു മാത്രം.
ഇ.പി യുടെ പ്രവര്‍ത്തനങ്ങള്‍
നമ്മുടെ കാലഘട്ടം മനുഷ്യരെത്തന്നെ വിര്‍ച്വല്‍ ഇമേജുകളാക്കി മാറ്റിയിട്ടുണ്ട്. നമ്മള്‍ എവിടെയാണ് എന്ന് നമുക്കുപോലും അറിയാത്ത ഒരു അവസ്ഥ. സ്ഥല രാഹിത്യം ഉണ്ടായി. നമ്മള്‍ സൈബര്‍ സ്‌പേസില്‍ മാത്രം ജീവിക്കാന്‍ വിധിക്കപ്പെട്ടു. അല്ലെങ്കില്‍ വീട്ടുതടങ്കലില്‍. ആയതിനാല്‍ ഇ.പിയുടെ പ്രവര്‍ത്തനങ്ങള്‍ അധികം മുന്നോട്ടു കൊണ്ടുപോകാന്‍ സാധിച്ചിട്ടില്ല. ചില മീറ്റിംഗുകള്‍ ആലോചിക്കുന്നുണ്ട്. നമ്മുടെ സാഹചര്യങ്ങള്‍ കുറച്ചു കൂടി സ്വാഭാവികമാകേണ്ടതുണ്ട് എന്നതിനാല്‍ അതിന് കാലതാമസം വരും. വളരെ പ്രധാനമായ രണ്ട് കാര്യങ്ങള്‍ ഇവയാണ്.
കവിതകളുടെ പ്രദര്‍ശനം: ഫ്രെയിമിനുള്ളില്‍ കവിതകള്‍ ഡിസൈന്‍ ചെയ്തുള്ള പ്രദര്‍ശനമാണ് ഉദ്ദേശിക്കുന്നത്. ഇല്ലസ്‌ട്രേഷന്‍ ഉണ്ടാവില്ല. അതാകുമ്പോള്‍ കവിത ചിത്രം പോലെ ഒരു വസ്തുവാകും. കവിതാ പുസ്തകങ്ങള്‍ക്കുപോലും ശ്രദ്ധ കിട്ടാത്ത കാലത്ത് ഇത് വളരെ പ്രധാനപ്പെട്ട ഒരു ശ്രമമായി ഞങ്ങള്‍ കാണുന്നുണ്ട്. ഇതു പോലെ EP മാസികയുടെ ആറ് പതിപ്പുകളില്‍ നിന്ന് തിരഞ്ഞെടുത്ത കവിതകളുടെ ഇംഗ്ലീഷ് പതിപ്പ് ഏഴാമത്തെ മാഗസിനായി ഇറക്കുന്നതുമായിരിക്കും. മലയാള കവിതകളെ ലോകത്തിന്റെ വിശാലതയിലേക്കെത്തിക്കാനുള്ള ഒരു ശ്രമമാണിത്. അതിന്റെ തുടക്കം മാത്രം. ധാരാളം ആളുകളുടെ, പ്രത്യേകിച്ച് പുതുതായി എഴുതിത്തെളിയുന്നവരുടെ പിന്തുണ ഇ.പി യ്ക്കുണ്ട്. കാര്യം മനസിലാകാത്ത ശത്രുക്കളുമുണ്ട്. അതൊക്കെ സ്വഭാവികം.
വരുംകാലത്ത് ലോകം ശ്രദ്ധിക്കുന്ന കവിതകളായി നമ്മുടെ കവിതകള്‍ മാറുമെന്ന് ഞങ്ങള്‍ പ്രത്യാശിക്കുന്നു.
വി.കെ. ബാബു
Jan 28, 2023
8 minutes read
എസ്. ജോസഫ്
Jan 17, 2023
8 minutes read
ഇ.എ. സലീം
Jan 12, 2023
9 Minutes Watch
ടി.ഡി രാമകൃഷ്ണന്‍
Jan 07, 2023
27 Minutes Watch