ആട് ഒരു ജനപ്രിയ ജീവിയാണ്. പരിണാമദശയിൽ തന്നെ മനുഷ്യജീവിതത്തോട് ചേർത്തുനിർത്തപ്പെട്ട ജീവിയാണത്. ചിലസമയം ആട് അരുമയാവുകയും മറ്റൊരിക്കൽ അറുക്കപ്പെടുകയും ചെയ്യുന്നു. ഗ്രീക്ക് പുരാണങ്ങളിൽ 'പാൻ' എന്ന ദേവനിലൂടെ ദൈവീക പരിവേഷം ലഭിക്കുന്ന ആട് ബൈബിൾ കഥകളിലെത്തുമ്പോൾ പാപമുക്തിയുടെ ബലിയാടാവുന്നു. ശ്രീബുദ്ധൻ മുടന്തനായ ആട്ടിൻകുട്ടിയിലൂടെ മഗധയുടെ രാജാവ് ബിംബിസാരനിൽ കരുണ നിറയ്ക്കുന്നു. മൃഗബലികൾ നിർത്തലാക്കുന്നു. ഇത്തരത്തിൽ മനുഷ്യനൊരു സമൂഹജീവിയായി പരിണമിച്ചത് മുതൽക്കേ മനുഷ്യ ഭാവനകളിലെ ഭാസുര സ്ഥാനികരാണ് ആടുകൾ. ഇത്തരം പ്രതീകവൽക്കരണങ്ങൾക്കപ്പുറം സാധാരണക്കാരുടെ ജീവിത ചുറ്റുപാടുകളിൽ ആടിന് നിസ്ഥൂലമായ സ്ഥാനമുണ്ട്. അവരുടെ ദൈനംദിന ജീവിതത്തിന് ആവശ്യമായ വരുമാനമാർഗമായും, കാർഷികവൃത്തിക്ക് ആവശ്യമായ വളസ്രോതസായും, ആരോഗ്യ പരിപാലനത്തിന് പാലായും, രസായനമായും, സൂപ്പായും ആട് മനുഷ്യജീവിതത്തിൽ നിറഞ്ഞ് നിൽക്കുന്നു. അതുകൊണ്ടുതന്നെ ആടൊരു ജനപ്രിയ ജീവിയാണ്.
ആടിൻറെ ഈ ജനകീയവും നിഷ്കളങ്കവുമായ മുഖത്തെ മലയാള സാഹിത്യവും സിനിമയും ഉപയോഗപ്പെടുത്തിയതിൽ ചില കൗതുകങ്ങളുണ്ട്. വൈക്കം മുഹമ്മദ് ബഷീറിൻറെ വിശ്വവിഖ്യാതമായ പാത്തുമ്മയുടെ ആടിൽ നിന്ന് തുടങ്ങി ബെന്യാമിന്റെ ആടുജീവിതത്തിലൂടെ അതെത്തി നിൽക്കുന്നത് മിഥുൻ മാനുവൽ തോമസിന്റെ ആട് എന്ന സിനിമയിലാണ്. അതിനിടയിലായി ആടിനെ സമർത്ഥമായി കെട്ടിയ ജനപ്രിയതയുടെ ചേരുവകൾ ഉള്ളതും ഇല്ലാത്തതുമായ നിരവധി സൃഷ്ടികൾ. ഇടശ്ശേരിയുടെ ‘ബിംബിസാരന്റെ ഇടയൻ’ എന്ന കവിത, എ അയ്യപ്പൻറെ ‘ബുദ്ധനും ആട്ടിൻകുട്ടിയും’ എന്ന കവിത, തോമസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്ത ‘ജമ്നാപ്യാരി’ എന്ന സിനിമ, ബ്ലെസ്സി സംവിധാനം ചെയ്ത ‘ആടുജീവിതം’ എന്ന പുനരാഖ്യാന സിനിമ തുടങ്ങി ആട് മലയാളിയുടെ കലാസാഹിത്യജീവിതത്തിൽ പലപ്പോഴായി മേഞ്ഞു നടന്നിട്ടുണ്ട്.
എന്നാൽ ഭാഷ കൊണ്ടും, ഘടനകൊണ്ടും, ആഖ്യാനരീതി കൊണ്ടും ഒരു ജനപ്രിയ സൃഷ്ടിയുടെ എല്ലാ മെയ് വഴക്കവും ചേർന്ന് നിൽക്കുന്നത് പാത്തുമ്മയുടെ ആടിലും ആട് ജീവിതത്തിലും (നോവൽ) ആട് സിനിമയിലുമാണ്. ആട് ഒരു കേന്ദ്ര കഥാപാത്രമാകുന്നതോടുകൂടി ഈ സൃഷ്ടികൾക്കൊരു സാധാരണീകരണം സംഭവിക്കുന്നുണ്ട്. ആടിന് സാധാരണക്കാരുടെ ജീവിത പരിസരമുണ്ട്. പട്ടികളെപോലെ കാഴ്ച്ചക്കാരെ കൂട്ടുന്ന ധനാഢ്യത നിറഞ്ഞ നിർമ്മിതബ്രീഡുകളില്ല. പശുവിനെ മതവുമായ് ചേർത്ത് ഗോമാതാവെന്ന് വിശേഷിപ്പിക്കും പോലെ ആടിനെയൊരിക്കലും അജമാതാവാക്കി തീർത്തിട്ടില്ല. ആടിന് ഓമനത്വവും നിഷ്കളങ്കതയും നിറഞ്ഞൊരു മുഖംമാത്രം. ജനപ്രിയതയുടെ മികച്ച മാതൃകകളായ ഈ മൂന്ന് സൃഷ്ടികളിലും ആടൊരു പൊതുബിംബമായത് യാദൃശ്ചികമാണെന്ന് തോന്നിയേക്കാം. പക്ഷെ ആടെന്ന ജീവിയുടെ ബിംബവൽക്കണം ഈ സൃഷ്ടികളെ ജനകീയമാക്കുന്നതിനു കൂടി സഹായിച്ചിട്ടുണ്ട്. എന്നാൽ ആടെന്ന ബിംബത്തോടൊപ്പം മറ്റ് പല സമാനതകളും ഈ സൃഷ്ടികളെ ചേർത്തു നിർത്തുകയും ജനകീയമാക്കുകയും ചെയ്യുന്നു.

ഭാഷാപരമായ ലളിതവൽക്കരണം ജനപ്രിയ സാഹിത്യത്തിൻറെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകതയാണ് വാമൊഴിയോ അതിനോട് ചേർന്ന് നിൽക്കുന്നതോ ആയ ഗ്രാമ്യഭാഷയിൽ ആവിഷ്കരിക്കപ്പെടുന്നു എന്നതാണ് ജനപ്രിയ സൃഷ്ടികളുടെ പ്രധാന പ്രത്യേകത. സാഹിത്യത്തിൽ ലളിതഭാഷയായും സിനിമയിൽ വാമൊഴിയായുമാണ് ജനപ്രിയതയുടെ ഭാഷാ സാധ്യതകൾ ഉപയോഗപ്പെടുത്താറുള്ളത്. സിനിമയിൽ അത് കുറെ കൂടി പ്രകടനപരത കൈവരിക്കുന്നത് കാണാം. ബഷീറിൻറെ ഒട്ടുമിക്ക കൃതികളുടെയും ജീവശ്വാസമായ അദ്ദേഹത്തിൻറെ ഭാഷ പാത്തുമ്മയുടെ ആടിൽ അതിന്റെ എല്ലാ പകിട്ടോടും കൂടി ഉപയോഗിച്ചിരിക്കുന്നു. സംഭാഷണത്തിലൂടെയും അല്ലാതെയും ബഷീറിയൻ ഭാഷാഭേദമെന്നോ മുസ്ലിം സമുദായത്തിന്റെ തനത് ഭാഷാഭേദമെന്നോ വിളിക്കാവുന്ന രസകരമായ മാപ്പിള ഭാഷയിലൂടെയാണ് കഥ പറച്ചിൽ. ജനപ്രിയതയുടെ ഈ ഭാഷാ സാധ്യത ആട് സിനിമയിലും ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നുണ്ട്. ഡ്യൂഡിന്റെ കൊച്ചി ഭാഷയിലൂടെയും ഷാജി പാപ്പന്റെ കോട്ടയം ഭാഷയിലൂടെയുമുള്ള ലളിതവും രസകരവുമായ സംഭാഷണങ്ങൾ ആട് എന്ന സിനിമയെ ജനപ്രിയമാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. ആട്ജീവിതത്തിൽ ഭാഷാഭേദത്തിന്റെ സാധ്യത ഉപയോഗപ്പെടുത്തിയിട്ടില്ലെങ്കിലും ഏറ്റവും ലളിതമായ ഭാഷാ സംവേദനത്തിനായി ഉപയോഗിക്കുന്നതിലൂടെ നോവലിസ്റ്റ് നോവലിനെ സാധാരണക്കാരുടേതാക്കി മാറ്റുകയും ജനപ്രിയമാക്കുകയും ചെയ്തു. നജീബിന്റെ സങ്കീർണ ജീവിതം അവതരിപ്പിക്കാൻ തീരെ സങ്കീർണമല്ലാത്ത ഭാഷയാണ് ബെന്യാമിൻ ഉപയോഗിക്കുന്നത്. ഏതു വായനക്കാർക്കും ഒറ്റയിരിപ്പിൽ വായിച്ചു തീർക്കാൻ പറ്റുന്ന തരത്തിലാണ് അതിന്റെ ഭാഷാപരമായ ഒഴുക്ക്. അതുതന്നെയാണ് മലയാള സാഹിത്യത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട നോവലുകളിലൊന്നായി ആടുജീവിതത്തെ മാറ്റുന്നത്.
ഹാസ്യാത്മകതയും വൈകാരികതയും ആണ് ജനപ്രിയ സാഹിത്യത്തിന്റെ പ്രധാന മഷിപാത്രങ്ങൾ. ഒന്നുകിൽ സന്ദർഭങ്ങളെ വൈകാരികമാക്കി പ്രേക്ഷകരെ കരയിക്കുക, അതല്ലെങ്കിൽ ഹാസ്യാത്മകമാക്കി ചിരിപ്പിക്കുക. അതുമല്ലെങ്കിൽ പ്രേമം, കാമം, തുടങ്ങിയ വികാരങ്ങളിൽ ഏതെങ്കിലുമൊന്നിനെ തീവ്രമായ് അവതരിപ്പിക്കുക ഇതിലേത് സ്വീകരിക്കുകയാണെങ്കിലും എത്തിച്ചേരുക ജനപ്രിയതയിലേക്കാണ്.
പശുവിനെ മതവുമായ് ചേർത്ത് ഗോമാതാവെന്ന് വിശേഷിപ്പിക്കും പോലെ ആടിനെയൊരിക്കലും അജമാതാവാക്കി തീർത്തിട്ടില്ല. ആടിന് ഓമനത്വവും നിഷ്കളങ്കതയും നിറഞ്ഞൊരു മുഖംമാത്രം.
ഏകാന്തതയുടെ വലിയ നേരങ്ങളിൽ നജീബ് ആടുകൾക്കൊപ്പം നടന്നു നീങ്ങുന്നത്, മണലാരണ്യത്തിൽ ചവിട്ടി കാലുപൊള്ളുന്നത്, മഴ കൊള്ളുമ്പോൾ ദേഹം പൊള്ളിവീർക്കുന്നത് തുടങ്ങി വൈകാരികമായി ആവിഷ്കരിക്കപ്പെട്ട ഇടങ്ങൾ ആടുജീവിതത്തിൽ ഒട്ടേറെയാണ്. ഇത്തരത്തിൽ നജീബിന്റെ ഒറ്റപ്പെടലും രക്ഷപ്പെടലും വൈകാരികമായി അവതരിപ്പിക്കുന്നതിലെ മിടുക്ക് വായനക്കാരുടെ കണ്ണ് നനയിക്കാൻ കാരണമായിട്ടുണ്ട്. ഇതിനെ വികാരവിമലീകരണം എന്ന് സൈദ്ധാന്തികവൽക്കരിക്കുകയോ ഉള്ളിൽ തൊടുന്ന എഴുത്ത് എന്ന് ഊറ്റം കൊള്ളുകയോ ചെയ്യാം. പക്ഷേ ആത്യന്തികമായി അവ ജനപ്രിയതയിലേക്കുള്ള ഊടുവഴികളായിരുന്നു. ഹാസ്യാത്മകതയിലൂടെ ജനപ്രിയത എന്ന കുറുക്കു വഴിയാണ് ആട് സിനിമയുടെ കാതൽ. ഏത് സന്ദർഭത്തെയും അതിനി കരയിക്കുന്നതാണെങ്കിൽ കൂടിയും ഹാസ്യവൽക്കരിക്കുക എന്നതാണ് സിനിമയുടെ പ്രഖ്യാപിത ലക്ഷ്യം. നടുവെട്ടി കിടക്കുമ്പോൾ ഭാര്യ ഉപേക്ഷിച്ചു പോവുക, പോരാട്ടവിജയത്തിലേക്ക് ഒരു വെടി ദൂരത്ത് നിൽക്കുമ്പോൾ മഴപെയ്തു തോക്ക് നനഞ്ഞ് ചീറ്റി പോവുക തുടങ്ങി എന്തിനെയും ഹാസ്യവത്കരിക്കലാണ് ആട് സിനിമയുടെ രീതി. ചിരിപ്പിക്കുക എന്നത് മാത്രമാണ് സിനിമയുടെ ആത്യന്തിക ലക്ഷ്യം. ഒരു കഥ പറയുക എന്നതിലുപരി ഹാസ്യവൽകരിക്കാൻ സാധ്യമായ ഒരുപറ്റം സന്ദർഭങ്ങളെ ചേർത്തുവയ്ക്കുക എന്ന തരത്തിലാണ് ആട് സിനിമയുടെ രൂപഘടന. പാത്തുമ്മയുടെ ആട് തുടങ്ങുന്നത് തന്നെ അതൊരു തമാശ കഥയാണെന്ന ലേബലിലാണ്. തുടക്കം മുതൽ ഒടുക്കം വരെ ഉള്ളടക്കത്തിലും അവതരണത്തിലും ഹാസ്യരസച്ചരട് പൊട്ടാതെ കൊണ്ടുപോകാൻ ബഷീറിന് സാധിക്കുന്നുണ്ട്. ഒരാടിനെ എത്ര സമർത്ഥമായി ഹാസ്യനിർമാണത്തിന്റെ ആലയാക്കി മാറ്റാമെന്ന് ബഷീറിന് ഉത്തമ ബോധ്യമുണ്ട്. കുട്ടികളിലേക്കും കുട്ടികളിൽ നിന്നും മുതിർന്നവരിലേക്കും ആണിലേക്കും പെണ്ണിലേക്കും ബഷീർ ഹാസ്യത്തെ മേയാൻ വിടുന്നു. മൂന്ന് കാലത്താണെങ്കിൽ കൂടിയും ബഷീറിനും ബെന്യാമിനും മിഥുൻ മാന്വൽ തോമസിനും ജനപ്രിയതയിലേക്കുള്ള ഉടുവഴികൾ മനപ്പാഠമാണ്.

ഹാസ്യാത്മകതയോടൊപ്പം ചേർത്ത് വായിക്കേണ്ടുന്ന പ്രത്യേകതയാണ് ജനപ്രിയ സൃഷ്ടികളുടെ പ്രമേയത്തിലെ ആക്ഷേപഹാസ്യ പ്രവണത. ബഷീറിന് അത് കൈമുതലാണ്. മനുഷ്യ സമൂഹത്തെ, ഭാഷയിലെ വരേണ്യതയെ സാഹിത്യ വിമർശനധാരയെ, രാഷ്ട്രീയ പ്രവർത്തനത്തെ തുടങ്ങി ചുറ്റുമുള്ള എന്തിനേയും ആക്ഷേപഹാസ്യ വൽക്കരിക്കുക എന്നത് ബഷീറിൻറെ ഇഷ്ടവിനോദമാണ്. അതിന് പ്രത്യേകം പ്രമേയങ്ങളോ സന്ദർഭങ്ങളോ നിർമ്മിച്ചെടുക്കാൻ ബദ്ധപ്പെടുകയില്ല. ഏത് സന്ദർഭത്തിലും ആക്ഷേപഹാസ്യത്തെ ചാട്ടവാറുപോലെ എടുത്തടിക്കാൻ ബഷീറിനുള്ള കഴിവ് വിഖ്യാതമാണ്. ഘോരഘോരമായ വിമർശന പീരങ്കികളേറ്റ ശബ്ദങ്ങൾ എന്ന പുസ്തകം തിന്നുമ്പോൾ ആ പുസ്തകം തിന്നാൻ ആട് ധൈര്യപ്പെടുമോ എന്ന ഹാസ്യാത്മക ചോദ്യം, സാഹിത്യമര്‍ശനത്തിനു മുതിരുന്ന അനുജൻ അബ്ദുൽ ഖാദറിനോട് എടുത്തോണ്ട് പോടാ നിൻറെ ആഖ്യയും ആഖ്യാതവും എന്ന് പറയുമ്പോഴുള്ള വിമർശന സ്വഭാവം ഇതൊക്കെ വായനക്കാരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യും. ഇതേ ആക്ഷേപഹാസ്യ ചൂട് ആടിലെ പി.പി ശശി എന്ന കഥാപാത്രത്തിലൂടെ മിഥുൻ മാനുവൽ തോമസ്സ് മുന്നോട്ടുവെയ്ക്കുന്നുണ്ട്. ഹൈറേഞ്ചിലെ ഏറ്റവും ജനകീയനായ രാഷ്ട്രീയ നേതാവിൻ്റെ നാക്കുപ്പിഴകളെയോ, അബദ്ധധാരണകളെയോ പകർത്തുക മാത്രമല്ല പി പി ശശി എന്ന കഥാപാത്രത്തിന്റെ ഉദ്ദേശം കേരള രാഷ്ട്രീയ രംഗത്തെ പാപ്പരത്വത്തെയും മേലാള സ്വഭാവത്തെയും കണക്കറ്റ് പരിഹസിക്കാൻ കൂടി പി. പി ശശിയെ ഉപയോഗപ്പെടുത്തുന്നുണ്ട്. അതോടൊപ്പം സിനിമ തന്നെയും ഒരു ആക്ഷേപഹാസ്യ രീതിയിലാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ഓരോ കഥാപാത്രങ്ങൾക്കും നൽകുന്ന പശ്ചാത്തല സംഗീതം, പാട്ടുകൾ, സിനിമയുടെ ഗതി നിർണയിക്കുന്ന ട്വിസ്റ്റുകൾ എന്നിവയിലെല്ലാം ആക്ഷേപഹാസ്യത്തിന്റെ വിപുലമായ അവതരണമുണ്ട്. അവ ആട് സിനിമയുടെ ഓരോ പതിപ്പ് പുറത്തിറങ്ങുമ്പോഴും ഏറെ ആഘോഷിക്കപ്പെടുന്നത് ഈ ജനകീയ സ്വഭാവത്തിന്റെ പ്രകടമായ തെളിവുകളാണ്.

അജസുന്ദരിയായ പാത്തുമ്മയുടെ ആടും ഷാജി പാപ്പന്റെ പിങ്കിയും നജീബിന്റെ പോച്ചക്കാരി രമണിയുമെല്ലാം കേവലം വളർത്തുമൃഗങ്ങളായ ആടുജീവിതങ്ങളല്ല. ചിലപ്പോളവ ബിംബിസാരൻ്റെ യാഗശാലയിലേക്ക് ബലിയാടായ് നടക്കുന്ന മുടന്തനായ ആട്ടിൻകുട്ടിയോ, യേശുദേവന്റെ കരവലയത്തിൽ ലാളനകളേൽക്കുന്ന കുഞ്ഞാടുകളോ ആവാം. ആടിനെ കുറിച്ചുള്ള ഏത് സൃഷ്ടികളെടുത്താലും അതിലൊന്നും ആടൊരു ഭീകരജീവിയല്ല. കാരുണ്യത്തിൻ്റെയൊ നിഷ്കളങ്കതയുടേയൊ നൻമയുടേയോ പ്രതിരൂപങ്ങൾ മാത്രമാണ്. മുട്ടനാടുകളെ തമ്മിലടിപ്പിച്ച് ചോര കുടിക്കുന്ന ചെന്നായ കൂട്ടത്തിനിടയിലായാലും ആട്ടിൻ തോലണിഞ്ഞ കുറുക്കൻമാർക്കിടയിലായാലും ആടൊരു ബലിയാടുതന്നെ. മനുഷ്യ പ്രയാണത്തിൻ്റെ ഒരു ഘട്ടത്തിലും പട്ടിയേയൊ പശുവിനെയൊ പോലെ ആടൊരു ഭീഷണി ശബ്ദം മുഴക്കുകയൊ മുഴക്കാനിടവരുത്തുകയോ ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെയാവും ആടൊരു ജനപ്രിയജീവിയാകുന്നതും ജനപ്രിയതകളിലെ സമാനതയാവുന്നതും.
