ഒഴുകണം വീണ്ടും കനോലി കനാൽ; മനുഷ്യരെ ഒഴിപ്പിക്കാതെ...

ഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പകുതി വരെ മലബാറിലെ ചരക്കു നീക്കം ഈ കനാലിലെ തെളിഞ്ഞ നീരൊഴിക്കിലൂടെ ആയിരുന്നു. 1848 ൽ മലബാർ ജില്ലാ കളക്ടറായിരുന്ന എച്ച് വി കനോലി മുൻകയ്യെടുത്താണ് പുഴകളെയും ജലാശയങ്ങളെയും കൂട്ടിയിണക്കി കോഴിക്കോട് മുതൽ കൊടുങ്ങല്ലൂർ വരെ കനാലുകൾ നിർമ്മിച്ചത്. മലബാറിലെ ജലഗതാഗതം സുഖമമാക്കാൻ വേണ്ടിയാണ് പുഴകളെ തമ്മിൽ ബന്ധിപ്പിച്ച് കൊണ്ട് ഒരു ജലപാത എന്ന പദ്ധതയിലേക്ക് കനോലി സായിപ്പ് എത്തുന്നത്. ഭൂവുടമകളും സാമൂദിരി രാജാവും ഒപ്പം നിന്നതോടെ കനോലി സായിപ്പിന് കനാൽ നിർമ്മാണം എളുപ്പമാക്കി. നിർമ്മാണത്തിന് മുൻകയ്യെടുത്ത കനോലിയുടെ പേര് ചേർത്ത് പിന്നീട് ഇത് കനോലി കനാൽ എന്ന് അറിയപ്പെട്ടു.

അക്കാലത്തെ വിശാലമായ ജലഗതാഗത മാർഗമായി ഇത് മാറിയെങ്കിലും കാലക്രമേണ കനാൽ ഉപയോഗശൂന്യമായി. കയ്യേറ്റങ്ങളും മാലിന്യനിക്ഷേപവും കാരണം കനാലിന്റെ നീരൊഴുക്കും ജലവാഹക ശേഷിയും കുറഞ്ഞു. മഴക്കാലത്ത് കോഴിക്കോട് നഗരത്തിലെ വെള്ളപ്പൊക്കത്തിന്റെ കാരണങ്ങളിൽ ഒന്നായി ഈ കനാൽ മാറി.

ഇപ്പോൾ കനോലി കനാൽ ജലപാതാ നിലവാരത്തിലേക്ക് വികസിപ്പിക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. കിഫ്ബി ധനസഹായത്തോടെ 1118 കോടി മുടക്കി കനോലി കനാലിനെ ആധുനിക നിലവാരത്തിൽ ടൂറിസത്തിനും ഗതാഗതത്തിനും അനുയോജ്യമായ രീതിയിൽ വികസിപ്പിക്കുകയാണ് സർക്കാറിന്റെ ലക്ഷ്യം. മലിനീകരണം ഒഴിവാക്കുന്നതിന് ഇന്റർസെപ്റ്റർ സ്വീവറുകളും ട്രിറ്റ്‌മെന്റ് സിസ്റ്റവും സ്ഥാപിക്കും. കനാൽതീരങ്ങളുടെ സൗന്ദര്യവൽകരണത്തിലൂടെ പ്രാദേശികമായി തൊഴിലവസരവും ഈ പദ്ധതിയിലൂടെ സൃഷ്ടിക്കപ്പെടും. കനോലി കനാൽ, യൂറോപ്യൻ രാജ്യങ്ങളിലേതുപോലെ ഒഴുകും. മലബാറിന്റെ മുഖച്ഛായ മാറും. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ കോഴിക്കോട് ഒരു കനാൽസിറ്റിയായി അറിയപ്പെടും.

വികസന പദ്ധതികൾ നാടിന്റെ മുഖച്ഛായ മാറ്റിമറിക്കും. പക്ഷേ എല്ലാ വികസന പദ്ധതികളും ഒരു കൂട്ടം അഭയാർത്ഥികളെ സൃഷ്ടിക്കും. ജീവിതം കെട്ടിപ്പടുത്തയിടങ്ങളിൽ നിന്ന് കുടിയിറങ്ങാൻ നിർബന്ധിതരാവുന്ന ദരിദ്രരും സാധാരണക്കാരും. കനോലി കനാലിന്റെ വികസനം പൂർത്തിയാവുമ്പോഴും കനാലിനോട് ചേർന്ന് താമസിക്കുന്ന അനേക കുടുംബങ്ങൾ കുടിയറക്കപ്പെടുമോ എന്നൊരു ആശങ്ക അവർക്കുണ്ട്. തങ്ങളുടെ നിലനിൽപ്പിനെ ചോദ്യം ചെയ്യാതെ തങ്ങൾക്ക് കൂടി അനുഭവിക്കാനും ആസ്വദിക്കാനും കഴിയും വിധത്തിലായിരിക്കണം ഈ പദ്ധതി നടപ്പിലാക്കേണ്ടത് എന്ന ആവശ്യവും അവർ മുന്നോട്ട് വെക്കുന്നുണ്ട്.

Comments