ഡിസംബർ 13 മുതൽ 20 വരെ നടക്കുന്ന കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് (The International Film Festival of Kerala -IFFK) സ്ത്രീസംവിധായകരുടെ നാല് സിനിമകൾ. ഇന്ദുലക്ഷ്മി സംവിധാനം ചെയ്ത 'അപ്പുറം' (The Other Side) അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ പ്രദർശിപ്പിക്കും. ആദിത്യ ബേബിയുടെ 'കാമദേവൻ നക്ഷത്രം കണ്ടു' (Cupid Saw The Star), ശോഭന പടിഞ്ഞാറ്റിൽ സംവിധാനം ചെയ്ത 'ഗേൾ ഫ്രണ്ട്സ്' (Girl Friends), ജെ. ശിവരഞ്ജിനിയുടെ 'വിക്ടോറിയ' (Victoria) എന്നിവ ‘മലയാളം സിനിമ ടുഡേ’ വിഭാഗത്തിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. ചലച്ചിത്രമേളയുടെ ചരിത്രത്തിൽ സ്ത്രീസംവിധായകരുടെ ഇത്രയും സിനിമകൾ വരുന്നത് ഏറെ പ്രാധാന്യമർഹിക്കുന്നു.
ഐ.എഫ്.എഫ്.കെ ഔദ്യോഗികമായി പ്രഖ്യാപിച്ച പട്ടികയിൽ 14 സിനിമകളാണുള്ളത്. രണ്ടെണ്ണം അന്താരാഷ്ട്ര മത്സരവിഭാഗത്തിലും 12 എണ്ണം ‘മലയാളം സിനിമ ടുഡേ’ വിഭാഗത്തിലുമാണ്. ഫാസിൽ മുഹമ്മദിൻെറ 'ഫെമിനിച്ചി ഫാത്തിമ്മ'യാണ് അന്താരാഷ്ട്ര മത്സരവിഭാഗത്തിലെ രണ്ടാമത്തെ സിനിമ.
‘ഷോർട്ട് ഫിലിം’ എന്ന ആശയം മുന്നിൽ കണ്ടാണ് ഗേൾ ഫ്രണ്ട്സ് എന്ന സിനിമ തുടങ്ങിയതെന്നും സിനിമ എന്താണെന്നുപോലും അറിയാത്ത, ഒരു സിനിമയുടെ പിറകിൽ പോലും പ്രവർത്തിക്കാത്ത വ്യക്തി എന്ന നിലയിൽ തന്റെ സിനിമയ്ക്ക് ലഭിച്ചത് വലിയൊരു അംഗീകാരമാണെന്നും സംവിധായിക ശോഭന പടിഞ്ഞാറ്റിൽ ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു.
‘‘25 വയസിന് മുൻപ് എനിക്ക് സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഇപ്പോൾ 50 വയസ്സ് കഴിഞ്ഞു. എന്റെ 25 വർഷത്തെ കാത്തിരിപ്പിന്റെ ഫലമാണ് ഈ സിനിമ എന്നു പറയാം. 25-ാം വയസ്സിൽ സിനിമ സംവിധാനം ചെയ്യാൻ ഇറങ്ങിപുറപ്പെടാൻ പെൺകുട്ടികൾക്ക് പറ്റില്ലല്ലോ. എങ്ങനെയാണ് സിനിമയിലേക്ക് എത്തിപ്പെടേണ്ടത് എന്ന് അറിയില്ലായിരുന്നു. വീടുവിട്ട് പോയി ജീവിക്കാൻ പറ്റുന്ന ലോകമായിരുന്നില്ല ചുറ്റും. ധാരാളം സ്‌ക്രിപ്റ്റുകൾ എഴുതാൻ ശ്രമിച്ചുകൊണ്ടാണ് എന്റെ സിനിമാ ആഗ്രഹം തുടങ്ങുന്നത്. ഈ സിനിമക്ക് പണം മുടക്കിയിരിക്കുന്നത് ഞാൻ തന്നെയാണ്. കോവിഡ് കാലത്ത് 10 മിനിറ്റുള്ള ഷോർട്ട് ഫിലിം ആയി ചെയ്യാനുദ്ദേശിച്ച സിനിമയാണിത്. പൂർത്തിയായപ്പോൾ 45 മിനിറ്റ് ആയി. അത് കണ്ടപ്പോൾ എനിക്ക് നല്ല ആത്മവിശ്വാസമായി. 45 മിനിറ്റ് എന്നത് 70 മിനിറ്റായാൽ അതൊരു സിനിമയാകുമല്ലോ. കുറെ കൂടി പണം മുടക്കി അത്തരമൊരു സിനിമയാക്കാം എന്ന് തീരുമാനിച്ചു. അങ്ങനെ സമയം കിട്ടുമ്പോഴൊക്കെ ഷൂട്ട് ചെയ്ത് 70 മിനിട്ടിലേക്കെത്തിച്ചു. ഇപ്പോൾ സിനിമ 1.45 മണിക്കൂറുണ്ട്’’- ശോഭന പടിഞ്ഞാറ്റിൽ പറഞ്ഞു.
സ്വന്തം നിർമിക്കുന്ന സിനിമയാണെങ്കിൽ നിർമ്മാണത്തിലുള്ള സ്വാതന്ത്ര്യം പൂർണമായും തങ്ങൾക്കുതന്നെയായിരിക്കുമെന്നും അത് സ്വന്തം ഐഡിയോളജി പ്രതിഫലിപ്പിക്കാൻ സഹായിക്കുമെന്നും അവർ പറഞ്ഞു:
‘‘ഈ സിനിമ ചെയ്യുന്നതിന് എനിക്ക് കോൺഫിഡൻസ് തന്ന രണ്ട് കാര്യങ്ങളുണ്ട്. ഒന്ന്, ഞാൻ തന്നെ നിർമിക്കുന്നുവെന്നത്. നമ്മുടെ ഐഡിയോളജി എന്താണോ അത് സിനിമയിൽ പ്രതിഫലിപ്പിക്കാൻ കഴിഞ്ഞതും സ്വയം നിർമിച്ചതുകൊണ്ടാണ്. ‘ഗേൾ ഫ്രണ്ട്സി’ൽ ഞാൻ സ്ത്രീകളെ പറ്റി തന്നെയാണ് പറയുന്നത്. ഞാനോ ചുറ്റുമുള്ള സ്ത്രീകളോ ആണ് ഇതിലുള്ളത്. പുരുഷന്റെ കണ്ണിലൂടെയല്ലാതെ സ്ത്രീകളുടെ കണ്ണിലൂടെ കാണുമ്പോൾ വ്യത്യാസമുണ്ട്. അത്തരമൊരു വ്യത്യാസം കൊണ്ടുവരാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. സ്വന്തം ശരീരത്തെ പറ്റി അടക്കം സംസാരിക്കുന്ന സ്ത്രീകളെയാണ് കൊണ്ടുവരാൻ ശ്രമിച്ചിട്ടുള്ളത്. സ്ത്രീകൾ അവരുടേതായ വ്യത്യസ്തകളുള്ളവരാണ്. ഇങ്ങനെ ആവണം, ഇങ്ങനെ ജീവിക്കണം എന്ന് അടിച്ചേൽപ്പിക്കപ്പെടുന്നവരിൽ നിന്ന് വ്യത്യസ്തരായ സ്ത്രീകളാണ് സിനിമയിലുള്ളത്. വിവിധതരം ലൈംഗികതകളെ അംഗീകരിക്കാൻ തുടങ്ങിയ സമൂഹത്തിലാണ് നാം ജീവിക്കുന്നത്. അതിനെ കൂടി പുറത്തു കൊണ്ടുവരാനായിരുന്നു ശ്രമം’’- ശോഭന പറയുന്നു.
സ്വയം നിർമിച്ച് സംവിധാനം ചെയ്ത എന്ന നിലയ്ക്ക്, സിനിമ എടുക്കുന്ന സമയത്ത് വലിയ പ്രതിസന്ധികളുണ്ടായില്ല എന്ന് ശോഭന പറയുന്നു: ഇൻഡസ്ട്രി സിനിമകൾ എടുക്കുമ്പോഴാണ് ഒരുപാട് പ്രയാസങ്ങൾ നേരിടേണ്ടിവരുന്നത്. സിനിമ എന്നാൽ നമ്മൾ പലപ്പോഴും അർഥമാക്കുന്നത് മുൻനിര സിനിമകളെ പറ്റിയാണ്. സ്വതന്ത്ര സിനിമകൾ എന്നൊരു പ്രധാന മേഖല കൂടിയുണ്ട്. ഇവയ്ക്ക് വലിയ കാഴ്ചക്കാരില്ല. ചെറിയ ഒരു ക്രൂവിനെ വച്ചാണ് നമ്മൾ സിനിമ എടുക്കുന്നത്. വിതരണം, പ്രദർശനം എന്നിവയുടെ കാര്യത്തിൽ പ്രശ്നമുണ്ടാകും. ഞാൻ ഇപ്പോൾ അതിനെ പറ്റി ആലോചിക്കുന്നില്ല. സിനിമ തിയേറ്ററിൽ ഇറക്കുക എന്നതെല്ലാം വലിയ ചെലവുള്ള കാര്യങ്ങളാണ്. എന്റെ സ്വപ്നം IFFK പോലുള്ള വേദികളിൽ കാണിക്കുകയാണ്. അവിടെ, ഒരുപാട് പേർ അത് കാണണം.’’
സിനിമയിലെ പലതരം സംഘടനകളും ക്രൂകളുമൊക്കെയായി ഇടപെടുമ്പോഴോണ് സംഘർഷങ്ങൾ ഉണ്ടാവാൻ സാധ്യതയെന്നാണ് ശോഭന പറയുന്നത്: ‘‘എനിക്ക് ബുദ്ധിമുട്ട് ഉണ്ടായിട്ടില്ല എന്നല്ല. എന്നെക്കൊണ്ട് നിയന്ത്രിക്കാൻ പറ്റുന്ന തരത്തിലുള്ളവരെ വച്ചാണ് ഞാൻ സിനിമ ചെയ്തത്. അവരുടെ വലിയ സഹകരണം ഉണ്ടായിരുന്നു. പല അഭിനേതാക്കളും പുതുമുഖങ്ങളായിരുന്നു’’.
‘ഗേൾ ഫ്രണ്ട്സ് ’ എങ്ങനെയാണ് തന്നെ സംബന്ധിച്ച് ഒരു ലേണിങ് എക്സ്പീരിയൻസ് ആയതെന്നും ശോഭന വ്യക്തമാക്കുന്നു: ‘‘എല്ലാം പഠിച്ചുവരികയാണ് ചെയ്തത്. ക്യാമറ, എഡിറ്റിങ്, കളറിങ് തുടങ്ങിയവയെല്ലാം സിനിമ എടുക്കുന്ന സമയത്താണ് പഠിച്ചത്. അഭിനേതാക്കളെ കണ്ടെത്തിയത് പല വഴികളിലൂടെയായിരുന്നു. സോഷ്യൽ മീഡിയയും അതിന് സഹായിച്ചിട്ടുണ്ട്. എനിക്ക് പരിചയമുള്ള എല്ലാവരും സിനിമയിലുണ്ട്. സ്ത്രീകൾ സിനിമ ചെയ്യുമ്പോഴുള്ള വ്യത്യാസം കൂടി ‘ഗേൾ ഫ്രണ്ടിസിൽ’ കാണാം. നമുക്ക് എല്ലാ കാര്യത്തിനും നമ്മുടെതായ വെർഷനുണ്ടാവും. അത് ചെയ്യാൻ പറ്റി. ഈ സിനിമ കുറച്ചുപേരെ കാണിച്ചപ്പോൾ, സ്ത്രീകൾക്ക് വളരെയധികം ഇഷ്ടപ്പെടുന്നുണ്ട്. പുരുഷമാർക്ക് അത്രയധികം ഇഷ്ടപ്പെടുന്നുമില്ല. പലർക്കും ബന്ധപ്പെടാൻ കഴിയുന്ന സിനിമയായിരിക്കുമിത്’’.
‘‘Movement for Independent Cinema’ എന്നതാണ് ഈ വർഷത്തെ IFFK-യുടെ പ്രധാന പ്രത്യേകത. സ്വതന്ത്ര സിനിമ എടുക്കുന്നവർക്കുള്ള വേദി. ഇത്തരം സിനിമകളുടെ പ്രമോഷൻ നമ്മൾ തന്നെയാണ് കൊടുക്കുക. ഞാൻ സർക്കാർ സർവീസിൽ ജോലി ചെയ്യുന്ന ആളാണ്. എനിക്ക് ഘട്ടം ഘട്ടമായി മാത്രമേ പ്രമോഷൻ പറ്റുകയുള്ളൂ. സിനിമ കണ്ട് എല്ലാവരും അഭിപ്രായം പറയട്ടെ. അതിനുള്ള വേദിയായി IFFK മാറട്ടെ’’- ശോഭന പറഞ്ഞു.
കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറെഷന്റെ (KSFDC) കീഴിൽ തന്റെ ആദ്യ സിനിമ ‘നിള’ ഒരുക്കിയ സംവിധായികയാണ് ഇന്ദു ലക്ഷ്മി. സിനിമ പുറത്തിറങ്ങിയശേഷം സിനിമാപ്രവർത്തകരോട്, പ്രത്യേകിച്ച്, സ്ത്രീസംവിധായകരോടുള്ള KSFDC- യുടെ സമീപനത്തെ നിശിതമായി അവർ വിമർശിച്ചിരുന്നു. ഇപ്പോൾ തന്റെ രണ്ടാമത്തെ സിനിമ അപ്പുറം IFFK- യിലെ അന്താരാഷ്ട്ര മത്സരവിഭാഗത്തിലേക്ക് തിരെഞ്ഞെടുക്കപ്പെട്ടതിൽ ആഹ്ലാദം പ്രകടിപ്പിക്കുകയാണ് ഇന്ദുലക്ഷ്മി: ‘‘ഞാൻ തിരുവനന്തപുരം സ്വദേശിയാണ്. നാട്ടിൽ തന്നെ സിനിമ അവതരിപ്പിക്കാൻ കഴിയുന്നു എന്നത് വലിയ സന്തോഷം നൽകുന്ന കാര്യമാണ്. ‘അപ്പുറം’ എന്ന സിനിമയുമായി ബന്ധപ്പെട്ട് എനിക്ക് വലിയ പ്രശ്നങ്ങളുണ്ടായിട്ടില്ല. കാരണം, നിർമാണം ഞാൻ തന്നെയാണ്. ‘നിള’യുടെ സമയത്ത്, KSFDC-യുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടായിരുന്നു. എന്നാൽ, ‘അപ്പുറ’ത്തിന്റെ ഭാഗമായവരെല്ലാം നല്ല രീതിയിൽ സഹകരിച്ചതിനാൽ സംവിധായിക എന്ന നിലയിൽ പ്രശ്നങ്ങളുണ്ടായില്ല. ‘നിള’ എന്ന ആദ്യ സിനിമ KSFDC നിർമ്മിച്ചില്ലായിരുന്നുവെങ്കിൽ ‘അപ്പുറ’മായേനെ എന്റെ ആദ്യ സിനിമ. ഇപ്പോൾ ആലോചിക്കുമ്പോൾ, അത് അങ്ങനെയായിരുന്നെങ്കിൽ എന്ന് തോന്നുന്നുണ്ട്. ‘നിള’ എന്ന സിനിമ കഴിഞ്ഞ്, അതുമായി ബന്ധപ്പെട്ട് വലിയ വെല്ലുവിളികളുണ്ടായപ്പോൾ, അതിനെ മറിക്കടക്കേണ്ടത് അനിവാര്യമായിരുന്നു. 2024 ജനുവരിയിൽ കുടുംബത്തോടൊപ്പം ജർമ്മനിയിലേക്ക് ഷിഫ്റ്റ് ചെയ്യാൻ തീരുമാനിച്ചിരുന്നു. ആ ചെറിയ സമയത്തിനുള്ളിൽ സിനിമയുടെ ഷൂട്ടിങ്ങും മറ്റും പൂർത്തിയാക്കേണ്ടതിനാൽ ‘നിള’ കഴിഞ്ഞയുടൻ ‘അപ്പുറ’ത്തിന്റെ വർക്കിലേക്ക് കടക്കുകയായിരുന്നു’’.
സംവിധായിക എന്ന നിലയിൽ എന്തെങ്കിലും ആനൂകൂല്യങ്ങൾ ലഭിക്കണമെന്ന് ആഗ്രഹിക്കുന്നില്ലെന്നും അതുകൊണ്ടുതന്നെ സർക്കാരിന്റെ വനിതാ സംവിധായകരുടെ സിനിമ പോലുള്ള പദ്ധതികളിൽ വിശ്വസിക്കുന്നില്ലെന്നും ഇന്ദുലക്ഷ്മി പറയുന്നു. തൊഴിലിടത്തെ മോശം അനുഭവങ്ങളെ കുറിച്ച് തുറന്നുപറഞ്ഞപ്പോൾ നിരവധി ഭീഷണികൾ വന്നതായും അവർ പറഞ്ഞു:
‘‘സിനിമ എന്നത് ഒരു individual journey ആണ്. അതിൽ ഒരു തരത്തിലുള്ള അസ്സോസിയേഷനുകളോ സംഘടനകളോ ഒന്നും നമ്മളെ സഹായിക്കാൻ പോകുന്നില്ല. നമ്മുടെ അദ്ധ്വാനം തന്നെയാണ് ഏറ്റവും പ്രധാനം. സ്ത്രീശാക്തികരണത്തിന്റെ പേരിലുള്ള പദ്ധതി പ്രകാരം സിനിമ ചെയ്ത് ഏറ്റവും മോശം അനുഭവമുണ്ടായ വ്യക്തിയാണ് ഞാൻ. അതുകൊണ്ടുതന്നെ അത്തരം പദ്ധതികളിലും പരിപാടിയിലും എനിക്ക് ഒട്ടും വിശ്വാസമില്ല. കഷ്ടപ്പെട്ട് പ്രവർത്തിച്ചാൽ, സ്ത്രീയുടെതായാലും പുരുഷന്റെതായാലും സിനിമ വിജയിക്കും. പ്രതിസന്ധി എല്ലാവർക്കും ഒരു പോലെയാണ്. വനിത എന്ന നിലയ്ക്ക് ഒരു ആനുകൂല്യവും കിട്ടുന്നില്ല, അത് ആഗ്രഹിക്കുന്നുമില്ല. പരിഗണനയല്ല ആവശ്യം. പറ്റുമെങ്കിൽ ഉപദ്രവിക്കാതിരിക്കുക എന്നതാണ് എന്റെ ആഗ്രഹം’’
ആദ്യ സിനിമയുടെ പ്രതിസന്ധിയിൽനിന്ന് രണ്ടാമത്തെ സിനിമയുണ്ടാകുമ്പോൾ അത് തന്നെ സംബന്ധിച്ച് സത്യം ജയിച്ചതിന് തുല്യമാണെന്ന് ഇന്ദുലക്ഷ്മി പറയുന്നു: ‘‘അപ്പുറം എന്ന സിനിമ എനിക്ക് ‘നിള’യിൽ നിന്നുള്ള അതിജീവനമാണ്. സിനിമയുടെ പ്രവർത്തകർ തന്നെയാണ് അതിന്റെ വിജയം അല്ലാതെ ഒരു അസ്സോസിയേഷന്റെയും സംഘടനയുടെയും സഹായത്തിലല്ല സിനിമ ചെയ്തത്. നിള എന്ന സിനിമയുടെ ഭാഗമായി തൊഴിലിടത്തെ സംബന്ധിച്ച് നിരവധി പ്രശ്നങ്ങളുണ്ടായിരുന്നു. അതിനെ കുറിച്ച് ഒരുപാട് എഴുതുകയും പറയുകയും ചെയ്തു. ആ സമയത്ത് വ്യക്തിപരമായി പലതരം ഭീഷണികളുണ്ടായി. അതിനെ അതിജീവിച്ചു എന്ന് പറയാൻ കഴിയില്ല. എന്നാൽ പോലും അടുത്ത ഒരു സിനിമ എന്നെക്കൊണ്ട് ചെയ്യിപ്പിക്കില്ല എന്ന് പറഞ്ഞിടത്തുനിന്ന് ‘അപ്പുറം’ എന്ന സിനിമ ചെയ്ത് ഇത്തരത്തിലൊരു വേദിയിലെത്തിയത് എന്നെ സംബന്ധിച്ച് സത്യം ജയിച്ചതിന് തുല്യമാണ്’’.
KSFDC നിർമ്മിച്ച് ശിവരഞ്ജിനി സംവിധാനം ചെയ്ത വിക്ടോറിയ ‘മലയാളം സിനിമ ടുഡെ’ വിഭാഗത്തിലേക്കാണ് തിരഞ്ഞെടുക്കപ്പെട്ടത്. നിലവിലുള്ള ഒരു സിസ്റ്റത്തിനുള്ളിൽ നിന്നുകൊണ്ട് സിനിമയിലൂടെ എന്തെല്ലാം മാറ്റങ്ങൾ കൊണ്ടുവരാനാണ് താൻ ശ്രമിച്ചത് എന്ന് പറയുകയാണ്, ശിവരഞ്ജിനി:
‘‘IFFK-യിൽ എന്റെ സിനിമക്കൊപ്പം മൂന്ന് സ്ത്രീകളുടെ കൂടി സിനിമകൾ വരുന്നു എന്നത് വലിയ സന്തോഷം നൽകുന്നു. പഠിക്കുന്ന സമയത്ത് ചെയ്ത ഷോട്ട് ഫിലിമുകൾ ഐഡിഎസ്എസ്എഫ്കെയിൽ കാണിച്ചിട്ടുണ്ട്. ഫീച്ചർ സിനിമ ചെയ്യാൻ മാനസികമായി തയാറെടുക്കാത്തതിനാൽ പിഎച്ച് ഡിയ്ക്ക് ചേർന്നു. അപ്പോഴാണ് സർക്കാർ പ്രോജക്റ്റിനെ പറ്റി അറിയുന്നത്. ഒരു വൺ ലൈൻ മനസിൽ കണ്ടാണ് അപ്ലൈ ചെയ്യുന്നത്. കഴിഞ്ഞ വർഷമാണ് ഷൂട്ട് കഴിഞ്ഞത്. സിനിമയെടുക്കാൻ എന്റെ സുഹൃത്തുക്കൾക്ക് നിർമാതാക്കളുമായി ബന്ധപ്പെട്ടുണ്ടായ ബുദ്ധിമുട്ടുകൾ ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ ഇങ്ങനെയൊരു സിനിമയിൽ ആരും വാണിജ്യവിജയം പ്രതീക്ഷിക്കുന്നില്ലല്ലോ. അതുകൊണ്ടുതന്നെ സിനിമ ചെയ്യുന്നതിൽ നമ്മുടേതായ സ്വാതന്ത്ര്യമുണ്ട്. ഇവിടെ ഒരു പാട്ട് വേണം, ഇവിടെ മ്യൂസിക് ഇടണം എന്നൊന്നും ആരും ആവശ്യപ്പെടില്ല. ആദ്യത്തെ സിനിമയുടെ സംവിധായിക എന്ന നിലയ്ക്ക് ഇത് വലിയ കാര്യമാണ്. അതേസമയം, പണം ലഭിക്കാൻ വൈകുന്നതുപോലുള്ള പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. ഏത് സർക്കാർ സ്ഥാപനങ്ങളിൽ പോകുമ്പോഴും ഉണ്ടാവുന്ന പ്രശ്നം ഉണ്ടല്ലോ.. അതൊക്കെ തന്നെയാണ് ഇവിടെയും. ഇതുപോലുള്ള സിസ്റ്റത്തിനുള്ളിൽനിന്ന് സിനിമ ചെയ്യുന്നതിന്റെ ബുദ്ധിമുട്ടുണ്ടായിട്ടുമുണ്ട്. സിസ്റ്റം കുറച്ചുകൂടി മെച്ചപ്പെടാനുണ്ടെന്നാണ് തോന്നുന്നത്. അതേസമയം, കാലാനുസൃതമായി മെച്ചപ്പെട്ടിട്ടുമുണ്ട്’’.
വിക്ടോറിയ എന്ന സിനിമയെക്കുറിച്ചും ശിവരഞ്ജിനി പറയുന്നു: ‘‘ഒരു ബ്യൂട്ടി പാർലറിൽ ഒരു ദിവസം നടക്കുന്ന കാര്യങ്ങൾ പറയുന്ന സിനിമയാണ് വിക്ടോറിയ. പാർലറിലെ ബ്യൂട്ടിഷനാണ് പ്രധാന കഥാപാത്രമായ വിക്ടോറിയ. മീനാക്ഷി ജയൻ ആണ് വിക്ടോറിയയായി വേഷമിടുന്നത്. അങ്കമാലി പരിസരത്തെ ഏതാനും സ്ത്രീകളാണ് അഭിനേതാക്കൾ. പുരുഷമാരില്ല. ഇടപ്പള്ളി പള്ളിയിൽ നേർച്ചയ്ക്ക് കൊടുക്കുന്ന ഒരു പൂവൻ കോഴി മാത്രമാണ് ഇതിലെ പുരുഷ കഥാപാത്രം. ജോളി ചിറയത്തും കഴിഞ്ഞ വർഷം സഹനടിയ്ക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ച ശ്രീഷ്മ ചന്ദ്രനും അഭിനയിക്കുന്നുണ്ട്. ബാക്കിയെല്ലാം പുതിയ ആൾക്കാരാണ്. IFFK വേദിയിൽ പ്രദർശിപ്പിക്കുക എന്നത് നല്ല കാര്യമായിട്ടാണ് തോന്നുന്നത്. ഇത്തവണ തുടക്കക്കാർക്ക് മുൻഗണന കൊടുത്ത പോലെ തോന്നി. ലിസ്റ്റിലുള്ളതിൽ പലരുടെയും ആദ്യ സിനിമയാണ്. - ശിവരഞ്ജിനി പറയുന്നു.
കഴിഞ്ഞ IFFK-യിൽ പ്രേക്ഷകർ ഏറ്റെടുത്ത സിനിമയായിരുന്നു നീല മുടി (blue hair). ഇതിലെ പ്രധാന കഥാപാത്രമായ ആദിത്യ ബേബിയുടെ ‘കാമദേവൻ നക്ഷത്രം കണ്ടു’ എന്ന സിനിമ ഇത്തവണ IFFK- യിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെക്കുറിച്ച് ആദിത്യ ബേബി ട്രൂകോപ്പി തിങ്കിനോട് സംസാരിക്കുന്നു:
‘‘നല്ലൊരു ടീമുണ്ടായതുകൊണ്ടാണ് ഇങ്ങനെയൊരു വേദിയിലെത്താനായത്. സിനിമ എന്ന ആഗ്രഹം വച്ചാണ് ഡ്രാമ സ്കൂളിലേക്ക് ആദ്യം വരുന്നത്. അങ്ങനെ ആ ടീമുമായി സിനിമയെ പറ്റി സംസാരിക്കുന്നു. അങ്ങനെയാണ് കഴിഞ്ഞ വർഷം പ്രദർശിപ്പിച്ച ‘നീലമുടി’ ഉണ്ടാവുന്നതും ഇത്തവണ ‘കാമദേവൻ നക്ഷത്രം കണ്ടു’ എന്ന സിനിമ ഉണ്ടാവുന്നതും. സാമ്പത്തിക ബുദ്ധിമുട്ട് തന്നെയാണ് ഏറ്റവും കൂടുതലുണ്ടായത്. ക്രിയേറ്റീവായ ആളുകളും ചിന്തകളും ഒക്കെ ഉണ്ടായിരുന്നെങ്കിലും സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നു. മാർക്കറ്റിങ് മറ്റൊരു വലിയ പ്രതിസന്ധിയാണ്. IFFK പോലുള്ള വേദികളുണ്ടായതുകൊണ്ടുതന്നെയാണ് ഞങ്ങളെ പോലുള്ളവർ വർക്ക് ചെയ്യുന്നുണ്ടെന്ന കാര്യം പുറത്തേക്ക് വരുന്നതുതന്നെ. അങ്ങനെയുള്ള പ്ലാറ്റ്ഫോമുകൾ കുറവാണ് എന്നതും വലിയ പ്രതിസന്ധിയാണ്’’.
hyper sexual ആയ രണ്ട് യുവാക്കളുടെ യാത്രയിലൂടെ അവരുടെ കാഴ്ചപ്പാടും വർത്തമാനവും ലോകവുമാണ് ‘കാമദേവൻ നക്ഷത്രം കണ്ടു’ എന്ന സിനിമയെന്ന് ആദിത്യ ബേബി പറഞ്ഞു: അതിന്റെ ഇടയിലേക്ക് ഒരു സ്ത്രീ കഥാപാത്രം കടന്നുവരുന്നതിലൂടെ സിനിമ സഞ്ചരിക്കുന്നു.‘നീലമുടി’യുടെ അതേ ടീം തന്നെയാണ് ഇതിലും അഭിനയിച്ചിരിക്കുന്നത്.’’