ഒരു 'ഭയങ്കരാ' മമ്മൂട്ടി ഫാൻ

അങ്ങാടിയിലെ പച്ചമരുന്ന്, വായു ഗുളിക, മയിലെണ്ണ ഒക്കെ വിൽപ്പന നടത്തുന്ന ലാടന്മാരുടെ ഒഴുക്കിൽ, ആവേശത്തിൽ ചെക്കൻ മമ്മൂക്കയെപ്പറ്റി പറഞ്ഞു തുടങ്ങി...‘‘മമ്മൂട്ടിടെ എല്ലാ ഇന്റർവ്യൂവും ഞാൻ യൂട്യൂബിൽ സേർച്ച് ചെയ്ത് കാണും. മമ്മൂട്ടിടെ പഴയ പടവൊക്കെ എന്റെ കൈയിലൊണ്ട്. മമ്മൂട്ടി ജാടക്കാരനാന്നാ എല്ലാരും പറയുന്നെ. ആ ജാടയാ എനിക്കേറ്റവുമിഷ്ടം’’

മ്മൾ ഇപ്പോൾ വസിക്കുന്ന അച്ചായന്റെ വാഗ്ദത്ത ഭൂമിക്കടുത്ത് എല്ലാ വിധ കടൽ, കായൽ മത്സ്യങ്ങൾ, ആട്, പോത്ത്, കോഴി, താറാവ്, കാട, നാടൻ കോഴി, പച്ചക്കറി, പഴവർഗ്ഗങ്ങൾ, പാൽ, ബേക്കറി ഐറ്റംസ്, പലചരക്ക് എന്നിവയൊക്കെ കിട്ടുന്ന സെൻറ്​ മേരീസ് സ്റ്റോഴ്സ് എന്നൊരു സൂപ്പർ മാർക്കറ്റുണ്ട്. സെൻറ് മേരീസ് സ്റ്റോഴ്സിന്റെ ഉടമ ആ കടയുടെ കോംപൗണ്ടിൽത്തന്നെ ഒരു ഭാഗത്ത് ഊഞ്ഞാലുകളും, അവിടെ വരുന്ന കസ്റ്റമേഴ്സിന്റെ കുട്ടികൾക്ക് ചാടിക്കളിക്കാൻ ഒരു സ്പ്രിങ്ങ് ബെഡും, ഉണ്ടാക്കിയിട്ടിട്ടുണ്ട്. ചിക്കനും, താറാവും മീനും, കക്കയിറച്ചിയുമൊക്കെ മേടിക്കാൻ വരുന്നവർക്ക് അത് ഡ്രസ്സ് ചെയ്തു കിട്ടുന്ന സമയം വരെ ഇരുന്ന് വിശ്രമിക്കാനും ,കാറ്റു കൊള്ളാനും അവിടെ കസേരകളും നിരത്തി ഇട്ടിട്ടുണ്ട്. ഭക്തർക്കും, ഗാനാസ്വാദകർക്കും കേട്ടു രസിക്കാൻ ഹിന്ദു, മുസ്​ലിം, ക്രിസ്ത്യൻ ഭകതിഗാനങ്ങളും മറ്റു ഗാനങ്ങളും മാറി മാറി വെച്ചിട്ടുണ്ടാകും.

ഇഷാനെ വൈകുന്നേരങ്ങളിൽ അവിടെ സ്പ്രിങ്ങ് ബെഡ്ഡിൽ ചാടിക്കളിപ്പിക്കാനും, ഊഞ്ഞാലാട്ടാനും കൊണ്ടു പോവാറുണ്ട്. അവിടെയെത്തേണ്ട താമസം, നമ്മുടെ കൈ വിടുവിപ്പിച്ച് പഹയൻ ന്യൂ ജെൻ പയ്യൻമാരുടെ സൈലൻസറില്ലാത്ത ബൈക്കോടിക്കൽ സ്റ്റൈലിൽ സെൻറ്​ മേരീസിന്റെ ബേക്കറി സെക്ഷനിലേക്ക് പാഞ്ഞു പോകും. ഹൈപ്പർ ആക്ടിവിറ്റി കൂട്ടുന്ന ചോക്ലേറ്റ്, ബിസ്ക്കറ്റ് ഒന്നും അവന് കൊടുക്കാൻ പാടില്ല. ചെക്കന് പക്ഷേ അതേ വേണ്ടു. അതു മാത്രമേ പറ്റൂ. വാങ്ങിക്കൊടുത്തില്ലെങ്കിൽ നിലത്ത് കിടന്ന് കരയും. മീനും ഇറച്ചിയും പലചരക്കും വാങ്ങാൻ വരുന്നവരും വഴിപോക്കരുമെല്ലാം നിലത്ത് കിടന്നും, ഇരുന്നും, ചാടിയും ഗരുഡൻ പറവ തുള്ളുന്ന മകനേയും അവനോട് സാമദാന ഭേദ ദണ്ഡങ്ങൾ പരീക്ഷിച്ച് തോറ്റ് എന്തു ചെയ്യേണ്ടു എന്നറിയാതെ പകച്ചുനിൽക്കുന്ന നമ്മളേയും, ഈ പെണ്ണ് എന്നാ സാധനവാ, ആ കൊച്ചിന് രണ്ടു മിഠായി വാങ്ങി കൊടുത്തൂടെ എന്ന മട്ടിൽ സിനിമ കാണുന്ന ജിജ്ഞാസയോടെ നോക്കും.

"കൊച്ചിനെ വെറുതെ കരയിക്കാതെ ആന്റീ. അതിന് രണ്ട് മൊട്ടായി വാങ്ങിച്ച് കൊടുക്കെന്നേ.. ' എന്നായി ഇന്നൊരു പേരപ്പൻ.

ആന്റിയോ? നമ്മളയോ? പേരപ്പന് കുറഞ്ഞത് ഒരു എഴുപത് വയസ് ഉറപ്പാണ്. വിളി കേട്ട് ഒന്നു കൂടെ പകച്ചു നിൽക്കുമ്പോൾ പല്ലു പോയ, മുറുക്കാൻ കറ പുരണ്ട മോണകാട്ടി ഒരു സുന്ദരൻ ചിരിചിരിച്ച് പേരപ്പൻ രണ്ട് മഞ്ച് വാങ്ങി, "ഇന്നാ മോനേ, തിന്നോ'ന്നും പറഞ്ഞ് മകന് കൊടുക്കുന്നു. ആന്റി വിളി കേട്ട കൺഫ്യൂഷനിൽ കിറുങ്ങി നിന്നു പോയതിനാൽ പേരപ്പന്റെ മഞ്ച് ദാനത്തിൽ സമയോചിതമായി ഇടപെടാൻ പറ്റിയില്ല. നമ്മുടെ ബാല കോവാലൻ രണ്ടു മഞ്ചും ഒന്നിച്ച് പൊളിച്ച് കഷണങ്ങൾ മാറി മാറി വായിലിട്ട് ചവയ്ക്കുന്നു. പല്ല് കേടുള്ള ഭാഗത്ത് വെച്ച് ചവച്ചിട്ടാവും, കിളി പോയ പോലെ ഒരു സെക്കന്റ് പ്ളിങ്ങി നിൽക്കുന്നു. മഞ്ച് പറ്റിപ്പിടിച്ച പുഴുപ്പല്ല് കാട്ടി വായ തുറന്ന് ചിരിക്കുന്നു. നമ്മൾ ഭർത്താവ് കുറ്റപ്പെടുത്താറുള്ള വീക്ക് മദർ അഥവാ ദുർബലയായ അമ്മ തന്നെയെന്ന് വീണ്ടും തെളിയിക്കപ്പെട്ട ജാള്യതയിൽ പല്ലു കടിക്കുന്നു, അപാരതയിലേക്ക് നോക്കി നെടുവീർപ്പിട്ടു പോകുന്നു.

ചിത്രീകരണം : അമൃത ഷജിൻ

ചെക്കന്റെ തീറ്റയും, ചാട്ടവുമൊക്കെ കഴിഞ്ഞ് ഫ്ളാറ്റിലേക്ക് കയറാൻ നിൽക്കുമ്പോൾ പമ്പിന്റെ പിന്നിൽ, "ജെ.എൻ.ഫിഷറീസ്' (എല്ലാ വിധ കടൽ, കായൽ മത്സ്യങ്ങളും ലഭിക്കും, പച്ച മീനും ഇവിടെ ഡ്രസ് ചെയ്ത് കൊടുക്കും) എന്നൊക്കെ ബോർഡ് വെച്ച കടയുടെ മുൻപിൽ അച്ചായൻ, ചുരിദാറിട്ട ഒരു ചേച്ചിയുമായി സംസാരിച്ച് നിൽക്കുന്നുണ്ട്. അച്ചായൻ വാടകയ്ക്ക് കൊടുത്ത റൂമിലാണ് ആ മീൻ കട. മാസം പത്തു മുപ്പതിനായിരം രൂപയുടെ മീൻ വാങ്ങി അച്ചായൻ അവരുടെ വാടക കിഴിക്കുമെന്ന് ആരോ പറഞ്ഞിരുന്നു. അച്ചായന്റെ മൂത്ത മോൻ അപ്പുക്കുട്ടൻ വന്ന് ഇഷാനെ കൈപിടിച്ച് നടത്താൻ കൊണ്ടുപോയി.

"മിനി മോളേ.. ഇതാ ഞാമ്പറഞ്ഞ വക്കീല്.'
അച്ചായൻ പറഞ്ഞു.
ചുരിദാറിട്ട ചേച്ചി നോക്കി ചിരിച്ചു.
"എന്റെ പെങ്ങളാ വക്കീലേ. അമ്മച്ചിയൊണ്ട്. ഇതിലെ വരും എടക്കിടെ. പരിചയപ്പെടുത്താം. തറവാട്ടിനടുത്താ പെങ്ങള് താമസം. ഇവടൊരു കമ്പനീല് അക്കൗണ്ടന്റാ..'

സ്​കൂട്ടിയുടെ താക്കോൽ കറക്കി മിനിമോൾ ചേച്ചി കൈ പിടിച്ചു കുശലം പറഞ്ഞു. ഫോൺ ചെവിയിൽ വെച്ച് നടന്നു പോകുമ്പോൾ അച്ചായൻ ഓർമിപ്പിച്ചു; "മിനിമോളേ, കൊറച്ച് പൊറോട്ടേം, ബീഫും വാങ്ങീത് പജീറോയിൽ ഇരുപ്പുണ്ട്. പോവുമ്പോ വേണേ കൊണ്ടു പൊക്കോ കേട്ടോ'

മിനിമോള് ചേച്ചിയോട് യാത്ര പറഞ്ഞ് മുകളിലേക്ക് കയറി. ഫസ്റ്റ് ഫ്ലോറിൽ പൊളോണിക്ക ബ്യൂട്ടി പാർലർ ഉണ്ട്. ഒന്ന് പെഡിക്യൂർ ചെയ്താലോ? കാലാകെ വൃത്തികേടായി. വൃത്തിയായി കാലുകൾ തേച്ചും ഉരച്ചും ക്രീമുകൾ ഇട്ട് മസാജ് ചെയ്തും കഥകൾ പറഞ്ഞും പാർലറിലെ മുഖ്യ ബ്യൂട്ടിഷൻ മീന ചേച്ചി നല്ല പോലെ വൃത്തിയാക്കി ത്തന്നു. മോൻ വേഗം വർത്തമാനം പറയാൻ കർത്താവിനോട് പ്രത്യേകം പ്രാർത്ഥിക്കുന്നുണ്ടെന്ന് പറഞ്ഞു. ഹിന്ദുവായ മീന ചേച്ചിയെ ജീസസ് വിളിച്ച് ക്രിസ്ത്യാനിയാക്കിയതൊക്കെ ഒരു കഥയാണ്. യാത്ര പറഞ്ഞിറങ്ങാൻ നിൽക്കുമ്പോഴാണ് ഇന്നത്തെ കഥയിലെ നായകൻ, മീനചേച്ചിയുടെ മരുമകൻ അനന്തു രംഗപ്രവേശം ചെയ്തത്. മെലിഞ്ഞു നീണ്ടൊരു പത്തൊൻപതുകാരൻ. പ്രസാദം തുളുമ്പുന്ന ചിരി. കോട്ടയം തിരുവാർപ്പിലാണ് വീട്. ഓട്ടോ മൊബൈൽ എഞ്ചിനീയറിങ്ങ് വിദ്യാർത്ഥി. അവന് മീനമ്മയെ വീട്ടിലാക്കിയിട്ട് കോട്ടയത്ത് പോയി മമ്മൂട്ടിയുടെ പുതിയ റിലീസ് സിനിമ സ്ട്രീറ്റ് ലൈറ്റ് കാണണം. ചെക്കൻ തിരക്കിട്ട് മുള്ളേൽ നിൽക്കുകയാണ്.

"ഇവൻ മമ്മൂട്ടിടെ വെല്യ ഫാനാ മേഡം. ചെറുക്കന് മമ്മൂട്ടിന്ന് വെച്ചാ ജീവനാ. മമ്മൂട്ടിക്ക് വേണ്ടി ചങ്കും കരളും കൊടുക്കാനും ഇവൻ റെഡിയാ.' മമ്മൂട്ടിടെ പടം നെഞ്ചത്ത് പച്ചകുത്താൻ നടക്കുവാ ചെറുക്കൻ.
ഇവന് മാത്രമല്ല കേട്ടോ. എനിക്കും മമ്മൂട്ടിനെ വെല്യ ഇഷ്ടാ. ഞാൻ നേരിക്കണ്ടിട്ടൊണ്ടേ. എന്റെ വീട് കാരിത്താസിലാ. നാണയം സിനിമേടെ ഷൂട്ടിങ്ങ് അവടെ വെച്ചല്ലാരുന്നോ. ഒരു ജീപ്പേല് മമ്മൂട്ടിം മോഹൻലാലും പോകുവാ. പാട്ടുസീനോ മറ്റോ ആരുന്നു. ഞങ്ങള് പിള്ളാര് പൊറകേ ഓടണം.. മമ്മൂട്ടിടെ ഭങ്ങി കണ്ട് ഞാന്നോക്കി നിന്ന് പോയി. ഓടാനും മറന്നു. എന്നാ തെളക്കവാ,റോസ് നെറവാന്നോ മൊഖത്തൊക്കെ.' എന്ന്, മീന ചേച്ചി നാണത്തോടെ ഒറ്റ വീർപ്പിൽ പറഞ്ഞു നിർത്തി.
മുള്ളിൽ നിന്ന ചെക്കൻ മമ്മൂട്ടിയുടെ കാര്യം പറഞ്ഞപ്പോൾ ഒരിടത്തിരുന്നു.

ഹമ്പടാ, ലവൻ കൊള്ളാല്ലോ.!. ‘കോട്ടയം ഡയറി’യിൽ പിടിച്ചിടാൻ പറ്റിയ കഥാപാത്രം. ഒരു സി ബി ഐ ഡയറിക്കുറിപ്പിലെ മമ്മുക്കയെ നമിച്ച് ചെക്കനോട് പതിയെ നമ്മൾ കാര്യങ്ങൾ ചോദിച്ചറിയാൻ തുടങ്ങി. അങ്ങാടിയിലെ പച്ചമരുന്ന്, വായു ഗുളിക, മയിലെണ്ണ ഒക്കെ വിൽപ്പന നടത്തുന്ന ലാടന്മാരുടെ ഒഴുക്കിൽ, ആവേശത്തിൽ ചെക്കൻ മമ്മൂക്കയെപ്പറ്റി പറഞ്ഞു തുടങ്ങി.

"ഞാൻ മമ്മൂട്ടിടെ എല്ലാ പടവും റിലീസ് ദിവസം കാണും ചേച്ചി. ഫാൻസ് അസോസിയേഷനിലും ഒണ്ട്. ഗ്രേറ്റ് ഫാദറ് കാണാൻ ക്ലാസ്സ് കട്ട് ചെയ്തേച്ചാ പോയേ.. വീട്ടിന്ന് നല്ല അടി കിട്ടി. മമ്മൂട്ടിടെ മൂക്കാ എനിക്ക് ഫയങ്കര ഇഷ്ടം. എന്നാ ഇത്ര ഇഷ്ടവാകാൻ കാരണംന്ന് ചോദിച്ചാ മ്മൂട്ടിക്ക് പെണ്ണുങ്ങളെ ഫയങ്കര റെസ്പെക്ടല്ലേ. നല്ലപോലെ കുടുംബോം നോക്കും.(അമ്പടാ പത്തൊമ്പതുകാരാ, തേപ്പും, ചെത്തും സ്പൈക്കുമായി നടക്കേണ്ട പ്രായത്തിൽ കുടുംബ സ്നേഹം, സ്ത്രീപക്ഷം. നീ ഗൊള്ളാല്ലോ കുഞ്ഞേ,എന്ന് നമ്മ മനോഗതം )

ചേച്ചീ, ഈയെടെ മമ്മൂട്ടി പ്രണവിന് എൻട്രിക്ക് കൊടുത്ത സപ്പോർട്ട് നോക്കണം. ദുബായിൽ പോയപ്പം മമ്മൂട്ടി ഒരു മീറ്റിങ്ങിൽ പറഞ്ഞത് പ്രണവിനെ പറ്റിയാ. മമ്മൂട്ടിടെ എല്ലാ ഇന്റർവ്യൂവും ഞാൻ യൂട്യൂബിൽ സേർച്ച് ചെയ്ത് കാണും. മമ്മൂട്ടിടെ പഴയ പടവൊക്കെ എന്റെ കൈയിലൊണ്ട്. മമ്മൂട്ടി ജാടക്കാരനാന്നാ എല്ലാരും പറയുന്നെ. ആ ജാടയാ എനിക്കേറ്റവുമിഷ്ടം ( ചെക്കൻ രാജമാണിക്യം സ്റ്റൈലിൽ സ്ലാങ്ങ് മാറ്റുന്നു ) എത്ര കൊച്ചുങ്ങക്കാന്നറിയാവോ ജീവകാരുണ്യം നടത്തി ഹൃദയ ശസ്ത്രക്രിയക്ക് സഹായിച്ചെ! കൊല്ലത്ത് വെടിക്കെട്ടപകടം നടന്നപ്പോ അവടെ പോയി സഹായിച്ചു ചികിത്സാ ക്യാമ്പും നടത്തി. മമ്മൂട്ടിക്ക് മൂന്ന് ഫാഷയിലെ അഫിനയത്തിന് ദേശീയ അവാർഡ് കിട്ടീട്ടൊണ്ട്.

തമിഴന്മാർക്ക് വെല്യ ഇഷ്ടവാ. അവടെ മലയാളത്തിൽ നമ്മടെ മമ്മൂട്ടിടെ പടവാ ഏറ്റോം കൂടുതൽ ഓടുന്നെ. കൂടെ നിക്കുന്ന എല്ലാ നടന്മാരേം പ്രോത്സാഹിപ്പിക്കും. ഇന്ന് ഇൻഡസ്ട്രിലൊള്ള മിക്ക നടമ്മാരേം സംവിധായകരേം കൊണ്ടുന്നത് മമ്മൂട്ടിയാ. എന്നിട്ട് ഈയിടെ ആ നടി പാർവതിടെ വിവാദം വന്നപ്പം ഒരാളും മമ്മൂട്ടിനെ സപ്പോർട്ട് ചെയ്യാനൊണ്ടായില്ല. മോഹൻലാലിന് വിവാദം വന്നപ്പോ മമ്മൂട്ടി ടി.വി ൽ ഇന്റെർവ്യൂ കൊടുത്താ പറഞ്ഞെ ലാലിനെ വേട്ടയാടരുതെന്ന്. ഒരാളും മമ്മൂട്ടിടെ കാര്യം വന്നപ്പോ ഒണ്ടായില്ല. ഇതാ മലയാളിടെ സ്വഭാവം.. " ചെക്കൻ ഒന്നു നിറുത്തി. ശ്വാസം വിട്ടു.

ചെക്കന്റെ മമ്മൂക്ക വിവരണം കേട്ട് നമ്മൾ വാ പൊളിച്ചിരുന്നു പോയി.
എന്തോ ഓർത്ത പോലെ ചെക്കൻ മീന ചേച്ചിയോട് രഹസ്യം പറയുന്ന കണ്ടു. അവന് പെ​ട്ടെന്ന് നാണം വന്ന പോലെ.. "അല്ല, മേഡം, ഇവഞ്ചോദിക്കാ ആ ചേച്ചിക്ക് ഇതൊക്കെ അറിഞ്ഞിട്ടെന്തിനാന്ന്..' മീന ചേച്ചി ചിരിച്ചു.
മകനെ, നിന്റെ അത്രയും ഇല്ലെങ്കിലും നമ്മളുമൊരു ചെറിയ മമ്മൂട്ടി ഫാനാണെന്ന മറുപടി കേട്ടപ്പോൾ ചെക്കന് സമാധാനമായി. തഞ്ചത്തിൽ അവന്റെ ഒരു പടവും ഫോണിൽ പകർത്തി.

ചിത്രീകരണം : അമൃത ഷജിൻ

മമ്മൂക്കയെ ഒരിക്കലെങ്കിലും അകലെ നിന്ന് നേരിൽക്കാണുകയാണ് ജീവിതാഭിലാഷം എന്ന് പറഞ്ഞ് അനന്തു യാത്ര പറഞ്ഞു പോയപ്പോൾ പൊളോണിക്കയുടെ മുന്നിൽ എന്തിനോ വെറുതെ രണ്ടു മിനിട്ട് ചിന്താവിഷ്ടയായി നിന്നു പോയി. ഒരു അഗർബത്തിയുടെ പരസ്യത്തിൽ, പ്രാർത്ഥിക്കാൻ ഓരോരുത്തർക്കും ഓരോ കാരണം എന്നതുപോലെ എന്തുമാത്രം വ്യത്യസ്തമായ ജീവിതാഭിലാഷങ്ങളും മനസിൽ പേറിയാണ് ഓരോ മനുഷ്യനും ഈ ഭൂമിയിൽ ജീവിക്കുന്നത് എന്നോർത്തു. അച്ചായന്റെ പെട്രോൾ പമ്പിനപ്പുറത്തേക്ക് അനന്തു ചെക്കൻ, മീന ചേച്ചിയുമായി പോകുന്ന സ്ക്കൂട്ടർ ഓടി പോകുന്നു. സന്ധ്യയിലേക്ക് രാത്രി കൂടിക്കലർന്നു തുടങ്ങുന്നു. സെന്റ്മേരീസ് സ്റ്റോഴ്സിന്റെ കോംപൗണ്ടിൽ നീലയും ചുവപ്പും പച്ചയും നിറത്തിലുള്ള അലങ്കാര വിളക്കുകൾ തെളിഞ്ഞു കഴിഞ്ഞു.

ഇഷാൻ വാവയുമായി അപ്പുക്കുട്ടൻ നടന്നു വരുന്നുണ്ട്. ജോലി കഴിഞ്ഞ് സാധനങ്ങൾ വാങ്ങാൻ വരുന്നവരുടെ തിരക്ക് താഴെ കടകളിൽ കൂടി വരുന്നു. പമ്പിനപ്പുറം റോഡിരികിൽ ഒരു കുലപ്പൂക്കൾ മാത്രം കാലം തെറ്റി വിരിയിച്ച്, മാനത്തേക്ക് നോക്കി നിൽക്കുന്ന പൂവാകയുടെ പച്ച പടർന്ന മുഖം നോക്കി നിന്നപ്പോൾ, ഏപ്രിൽ മാസമായാൽ ആ മരം നിറയെ ക്രിസ്തുമസ് അപ്പൂപ്പന്റെ തൊപ്പി പോലെ നല്ല ചൊവന്ന പൂക്കളുണ്ടാകുമെന്ന് ആൻസിച്ചേച്ചി പറഞ്ഞത് ഓർത്തു.

(തുടരും)

Comments