കുഞ്ഞിലയുടെ ചോദ്യങ്ങളെ അക്കാദമിക്ക്​ നിശ്ശബ്​ദമാക്കാൻ കഴിയില്ല

‘‘കുഞ്ഞില മസിലമണിയുടെ അസംഘടിതർ എന്ന സിനിമ ഒരു ആന്തോളജിയുടെ ഭാഗമാണ്, അത് ഒ.ടി.ടി. പ്ലാറ്റ്‌ഫോമിൽ എല്ലാവരും കണ്ടതുമാണ്. വനിത സംവിധായകരുടെ റിലീസ് ചെയ്യപ്പെടാത്ത നാല് സിനിമകൾ ലഭിച്ചതിനാൽ ഈ സിനിമ ഞങ്ങളുടെ പരിഗണനയിലേക്ക് വന്നിട്ടേയില്ല’’, വനിതാ ചലച്ചിത്രമേളയുമായി ബന്ധപ്പെട്ട വിവാദത്തിന്​ ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രൻ മറുപടി പറയുന്നു.

സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിച്ച മൂന്നാമത് അന്തർദേശീയ വനിത ചലച്ചിത്രമേള കഴിഞ്ഞ ദിവസം കോഴിക്കോട് സമാപിച്ചതേയുള്ളൂ. ചലച്ചിത്രമേളയുടെ ഉദ്ഘാടനവേദിയിൽ പ്രതിഷേധിച്ച സംവിധായിക കുഞ്ഞില മസിലമണി ചില ചോദ്യങ്ങളുന്നയിച്ചിരുന്നു.
ആരൊക്കെയാണ് ഫെസ്റ്റിവലിന് സിനിമ തെരഞ്ഞെടുക്കുന്നത്, എന്തൊക്കെയാണ് മാനദണ്ഡം?.
ഒ.ടി.ടി. പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്ത ഫ്രീഡം ഫൈറ്റ് എന്ന ആന്തോളജിയിലെ അസംഘടിതർ എന്ന, താൻ സംവിധാനം ചെയ്ത സിനിമ മേളയിൽ ഉൾപ്പെടാത്തതിനെ തുടർന്നാണ് കുഞ്ഞില ഈ ചോദ്യങ്ങൾ ഉന്നയിച്ചത്.

ചലച്ചിത്ര അക്കാദമി ചെയർമാനും ചലച്ചിത്ര സംവിധായകനുമായ രഞ്ജിത്തിന് ഇക്കാര്യങ്ങൾ ചോദിച്ച്​ വാട്‌സാപ്പിൽ സന്ദേശം അയച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്ന് പറഞ്ഞ് മേള തുടങ്ങുന്നതിന് ദിവസങ്ങൾക്കുമുമ്പ് കുഞ്ഞില ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. രഞ്ജിത്തിനയച്ച വാട്‌സാപ്പ് സന്ദേശത്തിന്റെ സ്‌ക്രീൻഷോട്ടും പോസ്റ്റിനൊപ്പം ചേർത്തിരുന്നു.
അക്കാദമിയുടെ ഭാഗത്തുനിന്ന് മറുപടിയൊന്നും കിട്ടാതിരുന്നതിനെ തുടർന്നാണ് കുഞ്ഞില മേളയിലെത്തുകയും ഉദ്ഘാടനവേദിയിൽ പ്രതിഷേധിക്കുകയും ചെയ്തത്. പ്രതിഷേധിച്ച കുഞ്ഞിലയെ പൊലീസ് അറസ്റ്റ് ചെയ്ത് വലിച്ചിഴച്ച് കൊണ്ടുപോവുകയാണ് ചെയ്തത്.

പരിഗണിച്ചത് റിലീസ് ചെയ്യാത്ത സിനിമകൾ- അക്കാദമി

ഐ.എഫ്.എഫ്.കെ., ഐ.ഡി.എസ്.എഫ്.കെ. പോലെയുള്ള വലിയ ചലച്ചിത്ര മേളകളിൽ എൻട്രി ക്ഷണിച്ച് കമ്മിറ്റികളെ വെച്ചാണ് സിനിമകൾ സെലക്ട് ചെയ്യുന്നതെന്നും എന്നാൽ വനിത ഫെസ്റ്റിവൽ പോലെയുള്ള മൂന്നുദിവസം മാത്രമുള്ള ചെറിയ മേളകൾ അങ്ങനെയല്ലെന്നും ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രൻ പറഞ്ഞു: ""നാഷണൽ ഫിലിം ഫെസ്റ്റിവൽ, വനിത ഫിലിം ഫെസ്റ്റിവൽ തുടങ്ങിയ ചെറിയ മേളകളിലേക്കുള്ള സിനിമകൾ തെരഞ്ഞെടുക്കുന്നത് അക്കാദമിയുടെ ഫെസ്റ്റിവൽ ഡിവിഷൻ തന്നെയാണ്. 25-ാമത് ഐ.എഫ്.എഫ്.കെ.യിൽ വന്ന് അംഗീകാരം നേടിയിട്ടുള്ള ഒമ്പത് സിനിമകളാണ് വനിത ഫെസ്റ്റിവലിൽ ലോക സിനിമ വിഭാഗത്തിൽ ഉൾപ്പെടുത്തിയത്. ഐ.ഡി.എസ്.എഫ്.കെ.യിൽ വന്ന് അംഗീകാരം നേടിയിട്ടുള്ളവയാണ് ഡോക്യുമെന്ററി, ഷോർട്ട് ഫിലിം വിഭാഗത്തിൽ ഉൾപ്പെടുത്തിയത്. വനിതകൾ സംവിധാനം ചെയ്ത, റിലീസ് ചെയ്തിട്ടില്ലാത്ത സിനിമകൾ എന്ന മാനദണ്ഡമാണ് മലയാളം സിനിമാ വിഭാഗത്തിന് പരിഗണിച്ചത്. ആകെ ഉൾപ്പെടുത്തിയ നാല് സിനിമകളിൽ രണ്ടെണ്ണം കെ.എസ്.എഫ്.ഡി.സി. പിന്തുണയോടെ നിർമിച്ച നിഷിദ്ധോയും ഡിവോഴ്‌സുമാണ്. പിന്നെ ഐഷ സുൽത്താനയുടെ ഫ്ലഷും വിധു വിൻസെന്റിന്റെ വൈറൽ സെബിയും. ഈ നാല് സിനിമകളും തിയേറ്ററിലോ ഒ.ടി.ടി.യിലോ റിലീസ് ചെയ്തവയല്ല. മാനദണ്ഡം ഇതായിരുന്നതിനാൽ അവിടെ ആരെയെങ്കിലും ഒഴിവാക്കുക എന്ന പ്രശ്‌നം വരുന്നില്ല.'' - അജോയ് ചന്ദ്രൻ വ്യക്തമാക്കി.

""കുഞ്ഞിലയുടെ സിനിമ ഒരു ആന്തോളജിയുടെ ഭാഗമാണ്, അത് ഒ.ടി.ടി. പ്ലാറ്റ്‌ഫോമിൽ എല്ലാവരും കണ്ടതുമാണ്. വനിത സംവിധായകരുടെ റിലീസ് ചെയ്യപ്പെടാത്ത നാല് സിനിമകൾ ലഭിച്ചതിനാൽ ഈ സിനിമ ഞങ്ങളുടെ പരിഗണനയിലേക്ക് വന്നിട്ടേയില്ല.'' - അജോയ് പറഞ്ഞു.
നിലമ്പൂർ ആയിഷ, കുട്ട്യേടത്തി വിലാസിനി, വിധുബാല തുടങ്ങിയ കോഴിക്കോട് ജൻമദേശമോ പ്രവർത്തനകേന്ദ്രമോ ആക്കിയിട്ടുള്ള 13 കലാകാരികളെയാണ് ആദരിച്ചതെന്നും ഇത് തുടക്കമാണെന്നും അജോയ് പറയുന്നു. ഭാവിയിൽ സിനിമയുടെ മറ്റു മേഖലകളിലുള്ളവരെയും ഉൾപ്പെടുത്തും. ടെക്‌നിക്കൽ മേഖലകളിൽ സ്ത്രീകൾക്ക് പരിശീലനം നൽകാനുള്ള പദ്ധതിയും അക്കാദമിക്കുണ്ട്. അജോയ് ചന്ദ്രൻ പറഞ്ഞു.

എന്നാൽ, അക്കാദമിയുടെ ഭാരവാഹികൾ ഇപ്പോൾ പറയുന്ന മാനദണ്ഡങ്ങൾ നേരത്തെ പ്രഖ്യാപിക്കപ്പെട്ടിരുന്നില്ല എന്നതാണ് പലരുടെയും പ്രതിഷേധങ്ങൾക്ക് കാരണം. ഇതാണ് മാനദണ്ഡമെന്നും സിനികൾ തിരഞ്ഞെടുക്കാൻ എൻട്രിയോ ജൂറിയോ ഇല്ലെന്നും ആദ്യം തന്നെ വ്യക്തമാക്കിയിരുന്നെങ്കിൽ, ആദ്യം ചോദ്യം ഉന്നയിക്കപ്പെട്ടപ്പോൾ മറുപടി നൽകിയിരുന്നെങ്കിൽ ഉദ്ഘാടനവേദിയിലെ നിർഭാഗ്യകരമായ സംഭവങ്ങൾ ഒരുപക്ഷെ ഒഴിവാക്കാനാകുമായിരുന്നു.

കോഴിക്കോട് മിഠായിത്തെരുവിലെ വ്യാപാരസ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന അസംഘടിതരായ സ്ത്രീകളുടെ മൂത്രമൊഴിക്കാനുള്ള അവകാശത്തിനുവേണ്ടി, ഇരിക്കാനുള്ള അവകാശത്തിനുവേണ്ടി "പെൺകൂട്ട്' എന്ന സംഘടന നടത്തിയ സമരത്തിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് കുഞ്ഞില സംവിധാനം ചെയ്ത അസംഘടിതർ. വിജി പെൺകൂട്ടിന്റെ നേതൃത്വത്തിൽ നടത്തിയ ആ സമരം ആഗോളതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു. പെൺകൂട്ടിന്റെ സമരം തുടങ്ങിയപ്പോൾ അവർ നേരിട്ട പരിഹാസവും കുറ്റപ്പെടുത്തലുകളുമെല്ലാം വളരെ വലുതായിരുന്നു. അതെല്ലാം മറികടന്നാണ് പെൺകൂട്ട് സമരം വിജയത്തിലേക്കെത്തിച്ചത്. കോഴിക്കോടിനെ സംബന്ധിച്ച്, കേരളത്തെ സംബന്ധിച്ച് സുപ്രധാനമായ ഒരു സംഭവമായിരുന്നു പെൺകൂട്ടിന്റെ സമരം. ഇന്നും യാത്ര ചെയ്യുന്ന സ്ത്രീകളനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം തന്നെയാണ് കേരളത്തിൽ പൊതുടോയ്‌ലറ്റുകൾ ഇല്ല എന്നത്. സ്ത്രീമുന്നേറ്റത്തിന്റെ ശക്തമായ മാതൃകയായ കോഴിക്കോട്ടെ സ്ത്രീകളുടെ സമരം ചിത്രീകരിച്ച ഒരു സിനിമ കോഴിക്കോട്ട് നടക്കുന്ന വനിതാ ചലച്ചിത്രമേളയിൽ ഉൾപ്പെടുത്താത്തത് എന്തുകൊണ്ട് എന്ന ചോദ്യം ഉയർന്നത്​ അതുകൊണ്ടുതന്നെ സ്വഭാവികമായിട്ടായിരുന്നു.

അസംഘടിതർ സിനിമയിൽ വിജി പെൺകൂട്ട്, ശ്രിന്ദ, കബനി തുടങ്ങിയവർ

അസംഘടിതർ മാത്രമല്ല, കോഴിക്കാട്ടുകാരിയായ രത്തീന സംവിധാനം ചെയ്ത പുഴു എന്ന സിനിമയും ഉൾപ്പെടുത്തിയിരുന്നില്ല. ഒ.ടി.ടി.യിൽ വന്ന തമിഴ് സംവിധായികയുടെ സിനിമ ഉൾപ്പെടുത്തുകയും പലരും ചെയ്യാൻ മടിക്കുന്ന വളരെ സുപ്രധാനമായ വിഷയം കൈകാര്യം ചെയ്ത, ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമ ചെയ്ത മലയാളി സംവിധായികയെ അവഗണിച്ചതായാണ്​ പരാതി ഉയർന്നത്​. സിനിമ മേളയിൽ പ്രദർശിപ്പിച്ചില്ലെങ്കിൽ പോലും ഒരു വനിത ചലച്ചിത്രമേള നടക്കുമ്പോൾ ഈ സംവിധായികമാർ പരിഗണന അർഹിക്കുന്നുണ്ടെന്നതിൽ സംശയമില്ല.

മേളയുടെ ഭാഗമായി ആദരിക്കപ്പെട്ടവരെല്ലാം പ്രേക്ഷകർക്ക് പരിചിതരായ നടിമാർ മാത്രമാണ്. അവരൊക്കെത്തന്നെയും തീർച്ചയായും ആദരം അർഹിക്കുന്നുണ്ട്. സ്‌ക്രീനിൽ കാണുന്നവരെപ്പോലെ തന്നെ സിനിമയുടെ പിന്നണിയിൽ പ്രവർത്തിക്കുന്നവരും ആദരിക്കപ്പെടേണ്ടതുണ്ട്. അഭിനയിക്കുന്ന സ്ത്രീകൾ ധാരാളമുണ്ട്. മുഖമുള്ളവരായതുകൊണ്ടുതന്നെ അവർക്ക് എപ്പോഴും അംഗീകാരം ലഭിക്കുന്നുമുണ്ട്. എന്നാൽ സിനിമയുടെ ടെക്‌നിക്കൽ മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ എണ്ണം വളരെ കുറവാണ്. അതിൽ തന്നെ കോഴിക്കോട്ടുകാർ എത്ര പേരുണ്ടാകും. എന്തായാലും മലയാള സിനിമയിൽ ഇന്നുള്ള സംവിധായികമാരിൽ കോഴിക്കോട്ടു നിന്നുള്ളവർ അഞ്ജലി മേനോനും രത്തീനയും കുഞ്ഞിലയും മാത്രമാണ്. അഞ്ജലി മേനോൻ ചലച്ചിത്ര അക്കാദമി കൗൺസിൽ അംഗമെന്ന നിലയിൽ മേളയുടെ ഭാഗമാണ്. ആദ്യ സിനിമകൾ മികച്ച രീതിയിൽ അവതരിപ്പിച്ച രത്തീനയും കുഞ്ഞിലയുമാണ് അവഗണിക്കപ്പെട്ടത്.

സ്ത്രീകളെ ആദരിക്കുമ്പോൾ ഇവർ നടികളെ മാത്രമെ എപ്പോഴും കാണാറൂള്ളൂവെന്നും ഡബ്ല്യു.സി.സി. എന്ന് പറയുമ്പോഴും നടികൾ മാത്രമാണെന്ന ഒരു ധാരണയുണ്ടെന്നും തിരക്കഥാകൃത്ത് ദീദി ദാമോദരൻ പറയുന്നു. ""എന്തെങ്കിലും വിഷയമുണ്ടാകുമ്പോൾ നടിമാർ പ്രതികരിച്ചില്ലെങ്കിൽ ഡബ്യു.സി.സി. പ്രതികരിച്ചില്ല എന്നുപറയും. മുഖമുള്ളവരെ മാത്രമാണ് അക്കാദമിയും ആദരിക്കുന്നവരും കാണുന്നത്. മുഖം കണ്ടിട്ടില്ലാത്ത ആളുകളെ ആദരിക്കുന്ന ഒരു ശീലം സിനിമയിലില്ല. നടികളെയും ഗായകരെയുമൊക്കെ ആദരിക്കണം. പക്ഷെ വളരെ കുറച്ചുപേർ മാത്രമുള്ള ടെക്‌നീഷ്യൻസിനെയും അവർക്കൊപ്പം പരിഗണിക്കേണ്ടതുണ്ട്.'' - ദീദി പറഞ്ഞു.

കുഞ്ഞിലയുടേത് വികൃതിയോ?

സിനിമാസ്വാദകയായ ഒരു പെൺകുട്ടിയുടെ വികൃതി മാത്രമായി കുഞ്ഞിലയുടെ പ്രതിഷേധത്തെ കാണാൻ ചലച്ചിത്ര അക്കാദമിയുടെ തലപ്പത്തിരിക്കുന്നവർക്ക് തോന്നുന്നത് എന്തുകൊണ്ടാണ്. പകരം, അവർ ഉന്നയിച്ച ചോദ്യങ്ങൾ അവഗണിക്കാനുള്ള പ്രവണത കാണിച്ചത്​ എന്തുകൊണ്ടാണ്?.

രഞ്ജിത്‌

ഒരുവശത്ത് നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയ കേസിലെ പ്രതിയായ നടൻ ദിലീപിനെ ജയിലിൽ പോയി കാണുകയും അതിലൂടെ ആ പ്രതിയെ പിന്തുണയ്ക്കുന്നു എന്ന പ്രതീതി സൃഷ്​ടിക്കുകയും മറുവശത്ത് അതിജീവിതയായ നടിയെ ചലച്ചിത്രമേളയുടെ വേദിയിലേക്ക് അഭിമാനപൂർവം സ്വാഗതം ചെയ്യുകയും ചെയ്യുന്നതിലെ വൈരുദ്ധ്യം തന്നെയാണ് ചലച്ചിത്ര അക്കാദമിയെ മൊത്തത്തിൽ ചൂഴ്ന്നുനിൽക്കുന്നത്. കൂടുതൽ സ്ത്രീകൾക്ക് സിനിമാസ്വാദനത്തിന് അവസരമൊരുക്കുകയും സ്ത്രീകൾക്ക് ചലച്ചിത്രമേഖലയിലേക്ക് കടന്നുവരാൻ പ്രോത്സാഹനം നൽകുകയുമൊക്കെയായിരിക്കണമല്ലോ മറ്റു ചലച്ചിത്രമേളകളുള്ളപ്പോൾ പ്രത്യേകമായി വനിത ചലച്ചിത്രമേള നടത്തുന്നതിന്റെ ഉദ്ദേശ്യം.

2017-ലാണ് ആദ്യമായി വനിത ചലച്ചിത്ര മേള നടക്കുന്നത്. പിന്നീട് ഒരു മേള കൂടി നടന്നു. അതിനുശേഷം കോവിഡിനെ തുടർന്ന് മേള ഉണ്ടായിരുന്നില്ല. പിന്നെ ഇപ്പോഴാണ് മൂന്നാമത്തെ എഡിഷൻ നടക്കുന്നത്. വനിതാ ചലച്ചിത്രമേളയ്ക്ക് തുടക്കം കുറിച്ച് അഞ്ചുവർഷമാകുമ്പോഴും മേളയുടെ നടത്തിപ്പ് ജനാധിപത്യ രീതിയിലേക്ക് മാറിയിട്ടില്ലെന്നതാണ് മൂന്നാം മേളയുടെ ഉദ്ഘാടന ദിവസം നടന്ന സംഭവങ്ങൾ വ്യക്തമാക്കുന്നത്.

കുഞ്ഞിലയുടെ പ്രതിഷേധരീതിയെ പക്വതയില്ലായ്മയായും രാഷ്ട്രീയം കലർത്തലായും വിമർശിക്കുന്നവർ അറിയേണ്ട കാര്യം, പ്രതിഷേധം എങ്ങനെ വേണമെന്ന് അത് നടത്തുന്നവരുടെ അവകാശമാണ്, തീരുമാനമാണ് എന്നതാണ്​. ഉന്നയിക്കുന്ന വിഷയം എത്തേണ്ടിടത്ത് എത്താൻ ചിലപ്പോൾ അസ്വാഭാവികമായ പ്രതിഷേധരീതികൾ വേണ്ടിവരും. ഒരു സമരവും എല്ലാവരും ഉൾക്കൊള്ളുന്നതാവില്ല. അതുകൊണ്ടുതന്നെ സമരരീതിയെ വിമർശിക്കുകയല്ല വേണ്ടത്, എന്തിനുവേണ്ടിയാണ് സമരം എന്നതാണ് പ്രധാനം.

വനിത ഫിലിം ഫെസ്റ്റിവൽ ഉദ്ഘാടനവേദിയിൽ പ്രതിഷേധിച്ച കുഞ്ഞില മസിലമണിയെ പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു

ഐ.എഫ്.എഫ്.ഐ.യിലും ഐ.എഫ്.എഫ്.കെയിലുമൊക്കെ പലവിധത്തിലുള്ള പ്രതിഷേധങ്ങൾ മുമ്പും അരങ്ങേറിയിട്ടുണ്ട്. തന്റെ സിനിമ ഉൾപ്പെടുത്താത്തതിന് പ്രതിഷേധിച്ച സംവിധായിക, അതുമായി ബന്ധമില്ലാത്ത മുദ്രാവാക്യങ്ങൾ വിളിച്ചതാണ് ചിലരുടെ പ്രശ്‌നം. ചലച്ചിത്രമേളയുടെ വേദിയിൽ സിനിമയുമായി ബന്ധമില്ലാത്ത വിഷയങ്ങൾ പറയരുതെന്ന് നിയമമുണ്ടോ?. താൻ എന്തുകൊണ്ട് ആ മുദ്രാവാക്യങ്ങൾ വിളിച്ചു എന്ന് കുഞ്ഞില പിന്നീട് വിശദീകരിച്ചിട്ടുമുണ്ട്. സിനിമ തഴയപ്പെടുന്നതിന് തന്റെ രാഷ്ട്രീയം കാരണമാണെന്ന് അവർ കരുതുന്നുണ്ടെങ്കിൽ അത് തെറ്റാണെന്ന് മറ്റുള്ളവർക്ക് പറയാനാകില്ല.

ചലച്ചിത്രമേളകളിൽ രാഷ്ട്രീയ വിഷയങ്ങൾ ഉന്നയിക്കുന്നത് ലോകത്ത് പലയിടത്തും നടന്നിട്ടുണ്ട്. യുക്രെയിനിൽ റഷ്യൻ സൈന്യം നടത്തുന്ന റേപ്പുകൾക്കെതിരെ കഴിഞ്ഞ കാൻ ഫിലിം ഫെസ്റ്റിവലിൽ ഒരു സ്ത്രീ അർധനഗ്നയായി പ്രതിഷേധിച്ചിരുന്നു. അവരെ അവിടെ നിന്ന് മാറ്റുക മാത്രമാണ് സുരക്ഷാ ഉദ്യോഗസ്ഥർ ചെയ്തത്. പ്രതിഷേധം ലോകത്തിന്റെ ശ്രദ്ധയിലെത്തിക്കാനുള്ള ഏറ്റവും നല്ല ഇടമായി അവർ ഫെസ്റ്റിവൽ വേദിയെ കണ്ടതുകൊണ്ടാണ് അങ്ങനെ ചെയ്തത്.

മറുപടിയിലെ പ്രശ്​നങ്ങൾ

കുഞ്ഞിലയുടെ പ്രതിഷേധത്തിനുശേഷം സിനിമാമേഖലയിൽ നിന്ന്​പലവിധത്തിലുള്ള പ്രതികരണമാണുണ്ടായത്​. കുഞ്ഞിലയെ പിന്തുണച്ച്​ സംവിധായിക വിധു വിൻസെൻറ്​ തന്റെ സിനിമയായ വൈറൽ സെബി മേളയിൽ നിന്ന് പിൻവലിച്ചിരുന്നു. ഡോ. ബിജു, പ്രതാപ് ജോസഫ്, ദീദി ദാമോദരൻ തുടങ്ങി നിരവധിയാളുകളാണ് സിനിമാ മേഖലയിൽ നിന്ന് കുഞ്ഞില ഉന്നയിച്ച ചോദ്യങ്ങൾ ആവർത്തിച്ചത്.

വിധു വിൻസെന്റ്‌

ഏതൊരു മേളയായാലും അവാർഡുകളായാലും അതിനൊരു സെലക്ഷൻ മാനദണ്ഡമുണ്ടാകും. ഒരു കമ്മിറ്റിയുണ്ടാകും. അവരുടെ തീരുമാനം, അവരുടെ സെലക്ഷൻ എല്ലാവർക്കും സ്വീകാര്യമാകണമെന്നില്ല. എതിർപ്പുകൾ പലർക്കും ഉണ്ടാകാം. പക്ഷെ അത് കൃത്യമായ രീതികളിലൂടെയുള്ളതാകുമ്പോൾ വിയോജിപ്പുകളുണ്ടെങ്കിലും പൊതുവിൽ അംഗീകരിക്കപ്പെടും. എ.എഫ്.എഫ്.കെ. ഉൾപ്പെടെയുള്ള മേളകളും ചലച്ചിത്ര അവാർഡുകളുമെല്ലാം കാലങ്ങളായി ഇവിടെ നടക്കുന്നത് അങ്ങനെയാണ്. അതിലൊക്കെ പലപ്പോഴും എതിരഭിപ്രായങ്ങളും വിമർശനങ്ങളുമൊക്കെ ഉണ്ടാകാറുണ്ടെങ്കിലും അംഗീകരിക്കപ്പെടുകയാണ് ചെയ്യുന്നത്.

ചലച്ചിത്ര അക്കാദമി നൽകിയ ഒരു അനൗദ്യോഗിക വിശദീകരണം ഒ.ടി.ടി.യിൽ വന്ന സിനിമകൾ ഒഴിവാക്കി പുതിയ സിനിമകൾക്ക് അവസരം നൽകി എന്നതാണ്. കൂടാതെ ഒരു ആന്തോളജിയിലെ ഒരു സിനിമ മാത്രമെടുത്ത് പ്രദർശിപ്പിക്കാനാവില്ലെന്നും പറയുന്നു. അതേസമയം, ഒ.ടി.ടി.യിൽ റിലീസ് ചെയ്ത സുധ കോങ്ങരയുടെ സൂരരൈ പോട്ര് മേളയിലുണ്ടായിരുന്നു. വനിതാ ചലച്ചിത്ര മേളയിൽ തന്നെ മുമ്പ് ആന്തോളജിയിലെ ഒരു സിനിമ മാത്രം ഷോട്ട് ഫിലിം വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്. അപ്പോൾ ഇത് രണ്ടുമല്ല അംസഘടിതരെ ഒഴിവാക്കാനുള്ള കാരണം എന്ന വ്യക്തമാണ്​.

ലോകത്തെ എല്ലാ പ്രധാന ചലച്ചിത്ര മേളകളിലുമുള്ള നിബന്ധനയാണ് മേള നടക്കുന്ന രാജ്യത്ത് മുമ്പ് റിലീസ് ചെയ്ത സിനിമകൾ ഉൾപ്പെടുത്തില്ല എന്നത്. എന്നാൽ കേരളത്തിലെ ഏറ്റവും വലിയ ചലച്ചിത്രമേളയായ ഐ.എഫ്.എഫ്.കെ.യിൽ അങ്ങനെയൊരു നിയമം നടപ്പാക്കിയിട്ടില്ല. തിയേറ്ററിലും ഒ.ടി.ടി.യിലും റിലീസ് ചെയ്ത സിനിമകൾ ഐ.എഫ്.എഫ്.കെ.യിലേക്കും തെരഞ്ഞെടുക്കപ്പെടാറുണ്ട്. ഐ.എഫ്.എഫ്.കെയിലെ മലയാള സിനിമകൾ കേരള പ്രീമിയർ ആയിരിക്കണമെന്ന ആവശ്യം നിരന്തരം ഉന്നയിക്കപ്പെടുന്നുണ്ടെങ്കിലും നടപ്പാക്കപ്പെടുന്നില്ലെന്ന് സംവിധായകൻ ഡോ. ബിജു പറയുന്നു. 2018-ൽ താൻ കൂടി അംഗമായ കമ്മിറ്റി ഫെസ്റ്റിവൽ നിയമാവലി പുതുക്കിയപ്പോൾ ഈ നിർദേശം മാത്രം അംഗീകരിക്കപ്പെട്ടില്ലെന്നാണ് ഡോ. ബിജു ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്.

ജിയോ ബേബി

ഇത് ഇപ്പോൾ മാത്രമുണ്ടായ പ്രശ്‌നമല്ലെന്നും വനിതാ ചലച്ചിത്രമേളയിൽ സിനിമകൾ തെരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡം എന്താണെന്ന് മുൻ മേളകൾ നടന്നപ്പോഴും ഒട്ടേറെ സ്വതന്ത്ര ചലച്ചിത്ര പ്രവർത്തകർ ചോദിച്ചിട്ടുണ്ടെന്നും സംവിധായകൻ ജിയോ ബേബി പറഞ്ഞു. വനിത ചലച്ചിത്ര മേള വരുന്നു, അതിൽ ഈ സിനിമകളൊക്കെ ഉണ്ട് എന്ന് പറയുന്നതല്ലാതെ എങ്ങനെ ഈ സിനിമകൾ സെലക്ട് ചെയ്യുന്നു എന്നത് അക്കാദമി ഇതുവരെ എവിടെയും പറഞ്ഞതായി തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു: ""ഫെസ്റ്റിവലിൽ കാണിക്കുന്നവയിൽ നല്ല സിനിമകളുണ്ട്, ചലച്ചിത്ര അക്കാദമി നിർമിച്ചിട്ടുള്ള സിനിമകളുണ്ട്. പലതും നിലവാരമുള്ളവ തന്നെയാണ്. പക്ഷെ ഇതെങ്ങനെ ഇതിലേക്ക് വരുന്നു. ഒ.ടി.ടി. സിനിമകൾ ഉൾപ്പെടുത്തുന്നില്ല എന്നതൊക്കെ അനൗദ്യോഗികമായ വിവരങ്ങൾ മാത്രമാണ്. സിനിമയെടുക്കുന്ന ഒരു സ്ത്രീ എങ്ങനെയാണ് തന്റെ സിനിമ ഇതിലേക്ക് എത്തിക്കേണ്ടത്?. ഇതിനൊരു വ്യക്തത വേണം. അത് മാത്രമാണ് ആവശ്യപ്പെടുന്നത്. ഇപ്പോൾ മൂന്നാമത്തെ മേളയായി. ഇനിയെങ്കിലും അത് ചെയ്യണം. വനിത ചലച്ചിത്ര പ്രവർത്തകർക്ക് ഇത് ഉപകാരപ്രദമാകട്ടെ.'' - ജിയോ ബേബി പറയുന്നു. തന്റെ സിനിമ ഇത്തരം ഫെസ്റ്റിവലിൽ ഉൾപ്പെടുത്താത്തതിൽ വ്യക്തിപരമായി യാതൊരു പരാതിയുമില്ലെന്നും എന്നാൽ ഇതിന്റെ മാനദണ്ഡം എന്താണെന്നുള്ളത് തന്നെ ബാധിക്കുന്ന വിഷയമാണെന്നും ജിയോ ബേബി വ്യക്തമാക്കുന്നു.

ഇത്തവണത്തെ മേളയിൽ മലയാളം സിനിമ വിഭാഗത്തിൽ ആകെ ഉൾപ്പെടുത്തിയത് റിലീസ് ചെയ്തിട്ടില്ലാത്ത നാല് സിനിമകളായിരുന്നുവെന്നും അതിൽ കുഞ്ഞിലയുടെയും രത്തീനയുടെയും സിനിമകൾ കൂടി വന്നാൽ എന്ത് പ്രശ്‌നമാണുണ്ടാവുകയെന്നും സംവിധായിക വിധു വിൻസെൻറ്​ ചോദിക്കുന്നു. ""ഒരു വർഷം 200-270 സിനിമകൾ ഇറങ്ങുമ്പോൾ അതിൽ സ്ത്രീയുടേതെന്ന് പറയുന്നത് വിരലിലെണ്ണാവുന്നവ മാത്രമായിരിക്കും. അങ്ങനെയൊരു സാഹചര്യത്തിലാണ് ശ്രദ്ധേയമായ സിനിമകളെടുത്തവരെ മാറ്റിനിർത്തുന്നത്. നാലിന് പകരം ആറ് സംവിധായകരുടെ സിനിമകളുണ്ടായാൽ അത് ആരുടെയും സമയം കവരുകയില്ല. മാത്രമല്ല, തെരഞ്ഞെടുക്കപ്പെടുന്നവരെ സംബന്ധിച്ച് അത് വലിയ അംഗീകാരമാവുകയും ചെയ്യും. ഐ.എഫ്.എഫ്.കെ. പോലെയുള്ള വേദികളാണെങ്കിൽ വലിയ മത്സരങ്ങൾ നടക്കുന്നവയായതിനാൽ അവിടെ എല്ലാവരെയും ഉൾപ്പെടുത്തുക സാധ്യമല്ല. പക്ഷെ വനിത ഫെസ്റ്റിവലിൽ അങ്ങനെയൊരു പ്രശ്‌നമില്ല. അവിടെയാണ് കുഞ്ഞിലയുടെ ചോദ്യം പ്രസക്തമാകുന്നത്.'' - വിധു പറഞ്ഞു.

""ചലച്ചിത്ര അക്കാദമിക്കും ഭാരവാഹികൾക്കും അറിയാത്തവരും സിനിമയെടുക്കുന്നുണ്ടാവും. അവർക്കും മേളകളുടെ ഭാഗമാകണമെങ്കിൽ അതിന് എന്താണ് ചെയ്യേണ്ടതെന്ന് അവർ അറിയണം. എൻട്രി അയക്കാനുള്ള അവസരമുണ്ടാകണം. അതിൽ നിന്ന് മാനദണ്ഡമനുസരിച്ച് അവർ തെരഞ്ഞെടുക്കട്ടെ. അങ്ങനെയാകുമ്പോൾ എല്ലാവർക്കും അവസരം ലഭിക്കും. പക്ഷെ അവരുടെ മാനദണ്ഡമെന്ന് പറയുന്നത് സ്ത്രീകളുടെ ആത്മവിശ്വാസത്തെ കെടുത്തിക്കളയുന്നതാകരുത്. നാളെ ഗംഭീരമായ സിനിമകളെടുക്കേണ്ടവരാണ് കുഞ്ഞിലയെപ്പോലെയുള്ളവർ. അവരുടെ ആത്മവിശ്വാസം ഇല്ലാതാക്കുന്ന രീതിയിൽ അക്കാദമി പ്രവർത്തിക്കരുത്.'' - വിധു പറയുന്നു.

അക്കാദമിയിലുള്ളപ്പോഴും ഒന്നും അറിഞ്ഞിരുന്നില്ല

ഇതുവരെ സമാന്തര സിനിമ കണ്ടുശീലമില്ലാത്ത ഒരുപാട് ആളുകളെ അതിന്റെ ഭാഗമാക്കിമാറ്റാൻ ഫെസ്റ്റിവലുകളിലൂടെ സാധിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ രണ്ട് വനിത ഫിലിം ഫെസ്റ്റിവലുകളുടെയും ഭാഗമായിരുന്ന തിരക്കഥാകൃത്ത് ദീദി ദാമോദരൻ പറഞ്ഞു. കഴിഞ്ഞ രണ്ട് ഫെസ്റ്റിവലുകളിലും സിനിമകളെല്ലാം അവതരിപ്പിച്ചത് വിവിധ മേഖലകളിൽ നിന്നുള്ള സ്ത്രീകളായിരുന്നു. വളരെ പ്രിവിലേജ്ഡാണെന്ന് നമ്മൾ കരുതുന്ന സ്ത്രീകൾക്കു പോലും സമാന്തര സിനിമകൾ കാണാനുള്ള സൗകര്യമുണ്ടായിരുന്നില്ലെന്ന തിരിച്ചറിവാണ് രണ്ട് ഫെസ്റ്റിവലുകൾ കഴിഞ്ഞപ്പോൾ ഉണ്ടായതെന്ന് ദീദി ചൂണ്ടിക്കാട്ടുന്നു.

ദീദി ദാമോദരൻ

ഫെസ്റ്റിവലിൽ പങ്കെടുത്തതിനുശേഷം അവരിൽ പലും വനിത ഫിലിം സൊസൈറ്റികൾ രൂപീകരിക്കാൻ താത്പര്യം പ്രകടിപ്പിക്കുകയും അങ്ങനെ ചെയ്യുകയും ചെയ്തിരുന്നു. സമാന്തര സിനിമകൾ അവരെ അത്രയേറെ ആവേശം കൊള്ളിച്ചിരുന്നു. അതുകൊണ്ടുതന്നെ അങ്ങനെയുള്ള നിരവധിയാളുകൾ മൂന്നാമത്തെ മേളയ്ക്കായുള്ള കാത്തിരിപ്പിലായിരുന്നു. എന്നാൽ ഈ ഫെസ്റ്റിവലിന്റെ സംഘാടകസമിതിയുടെ ആദ്യത്തെ യോഗത്തിൽ താൻ പങ്കെടുത്തിരുന്നതായും അവിടെ പ്രസംഗിച്ച ചിലർ ഇത് ആദ്യത്തെ വനിത ഫിലിം ഫെസ്റ്റിവലാണ് എന്ന രീതിയിൽ സംസാരിച്ചതായും ദീദി പറഞ്ഞു. ആദ്യത്തെ മീറ്റിങ് കഴിഞ്ഞപ്പോൾ തന്നെ താൻ അതിന്റെ ഭാഗമല്ലെന്ന് മനസ്സിലായതായി ദീദി പറഞ്ഞു. ഏതോ ഒരു കമ്മിറ്റിയിൽ തന്റെ പേര് പറയുന്നത് കേട്ടതായി ചിലർ പറഞ്ഞെങ്കിലും പിന്നീട് മേളയുടെ സംഘാടനത്തിൽ താൻ ഉണ്ടായിരുന്നില്ലെന്ന് അവർ വ്യക്തമാക്കി.

കുഞ്ഞില അവരുടെ സിനിമ ഉൾപ്പെടുത്താതിനെക്കുറിച്ച് ചോദിച്ച് മെസേജ് അയച്ചിരുന്നതായി ദീദി പറഞ്ഞു. രഞ്ജിത്തിനൊപ്പം മീറ്റിങ്ങിൽ പങ്കെടുത്ത ദീദി തന്റെ സിനിമ ഒഴിവാക്കിയതിന്റെ കാരണം പറയണം എന്നുപറഞ്ഞ് കുഞ്ഞില ഫേസ്ബുക്കിൽ പോസ്റ്റിടുകയും ചെയ്തിരുന്നു. ""മേള ഏത് ദിവസങ്ങളിൽ നടക്കും, ഏതൊക്കെ തിയേറ്ററുകളിലാണ്, ഏതൊക്കെ സിനിമകളാണ് തുടങ്ങിയ കാര്യങ്ങൾ പറയുകയാണ് ആദ്യത്തെ മീറ്റിങ്ങിൽ ചെയ്തത്. തീരുമാനങ്ങളെടുക്കാനുള്ള ഒരു മീറ്റിങ്ങായിരുന്നില്ല. ഇക്കാര്യം വ്യക്തമാക്കി കുഞ്ഞിലയ്ക്ക് മറുപടി നൽകിയിരുന്നു. അക്കാദമിയിലെ ചുമതലയുള്ളയാളോട് അന്വേഷിച്ചപ്പോൾ കുഞ്ഞിലയെ അവർ അറിയിച്ചോളാം എന്ന മറുപടിയാണ് ലഭിച്ചത്. അതുകൊണ്ടാണ് ഞാൻ അതേക്കുറിച്ച് പിന്നീട് ആലോചിക്കാതിരുന്നത്.'' - ദീദി വിശദീകരിച്ചു.

അക്കാദമി അംഗമായിരിക്കുമ്പോൾ പോലും ഫെസിറ്റിവലിലേക്ക് സിനിമകൾ തെരഞ്ഞെടുക്കുന്നത് എങ്ങനെയെന്ന് അറിയില്ലായിരുന്നുവെന്നും പലപ്പോഴും ഇക്കാര്യം ഉത്തരവാദപ്പെട്ടവരോട് ചോദിച്ചിട്ടുണ്ടെങ്കിലും വ്യക്തമായ മറുപടി കിട്ടിയിരുന്നില്ലെന്നും ദീദി പറയുന്നു. ""കാവ്യ പ്രകാശ് സംവിധാനം ചെയ്ത വാങ്ക് എന്താണ് ഉൾപ്പെടുത്താത്തത്, എന്താണ് ഇതിന്റെ മാനദണ്ഡം എന്ന് ചോദിച്ച് സംവിധായകൻ വി.കെ. പ്രകാശ് മേസേജ് അയച്ചിരുന്നു. അതുപോലെ രത്തീനയുടെ പുഴു എന്തുകൊണ്ട് ഉൾപ്പെടുത്തിയില്ലെന്ന സംശയവും എനിക്കുണ്ട്. എന്നാൽ കൃത്യമായ മാനദണ്ഡങ്ങളുണ്ടായിരുന്നെങ്കിൽ ഈ സംശയങ്ങളൊന്നും ഉണ്ടാകുമായിരുന്നില്ല. ഒരു കമ്മിറ്റി അല്ലെങ്കിൽ ജൂറി എടുക്കുന്ന തീരുമാനത്തെ ചോദ്യംചെയ്യേണ്ടതില്ല.'' - ദീദി പറഞ്ഞു.

എന്തിനാണ് വനിതാ ചലച്ചിത്രമേള?

മലയാള സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന വിവേചനങ്ങളും അവഗണനകളും വലിയതോതിൽ ചർച്ചയാകുന്ന കാലമാണിത്. സ്ത്രീസൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിന് അനുകൂല നിലപാടുകൾ സ്വീകരിക്കുന്നുവെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. അപ്പോൾ വനിത ചലച്ചിത്രമേള നടത്തുന്നത് സ്ത്രീകളെ ആദരിക്കുന്നതുമൊക്കെ നല്ല കാര്യം തന്നെയാണ്. പക്ഷെ അവിടെയും വിവേചനവും അവണനയുമാണെങ്കിൽ പിന്നെ എന്ത് പ്രയോജനമാണുണ്ടാവുക. സിനിമയിലെ ലിംഗവിവേചനത്തെപ്പറ്റിയും ചൂഷണത്തെപ്പറ്റിയും പറയുമ്പോൾ, സിനിമയുടെ എല്ലാ മേഖലകളിലും സ്ത്രീകളുടെ സാന്നിധ്യമുണ്ടാവുകയാണ് അതിന് ഒരു പരിഹാരമായി പലപ്പോഴും പറയാറുള്ളത്. കൂടുതൽ സ്ത്രീകൾക്ക് സിനിമയിലേക്ക് കടന്നുവരാനുള്ള ആത്മവിശ്വാസം നൽകുന്നതും കടന്നുവരുന്നവർക്ക് പ്രോത്സാഹനം നൽകുന്നതുമായിരിക്കണം ഇത്തരം വേദികൾ. അതല്ലെങ്കിൽ ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ തന്നെ പറഞ്ഞതുപോലെ എന്തിനാണ് ഇങ്ങനെയൊരു വനിതാ ചലച്ചിത്രമേള എന്ന ചോദ്യം തന്നെ ചോദിക്കേണ്ടിവരും. വലിയ ഒരു ചലച്ചിത്രമേളയുള്ളപ്പോൾ വനിതാ ചലച്ചിത്രമേള എന്തിനാണെന്നാണ് ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ സംശയം പ്രകടിപ്പിച്ചത്. രണ്ടാഴ്ച മുമ്പ് കോഴിക്കോട് നടന്ന വനിതാ ഫെസ്റ്റിവൽ സംഘാടകസമിതി യോഗത്തിലാണ് വൈസ് ചെയർമാന്റെ ഈ പരാമർശമുണ്ടായത്. കോഴിക്കോട്ടെ തിയേറ്ററുകളുടെ മോശം അവസ്ഥയെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് "കോളാമ്പിയിൽ ആരെങ്കിലും പാൽപായസം വിളമ്പുമോ' എന്ന രഞ്ജിത്തിന്റെ ചോദ്യമുണ്ടായതും ഇതേ യോഗത്തിലായിരുന്നു.

എന്തുകൊണ്ടാണ് വനിത ചലച്ചിത്ര മേള പ്രത്യേകമായി നടത്തേണ്ടിവരുന്നത്, എന്തുകൊണ്ടാണ് വനിത സംവരണം വേണ്ടിവരുന്നത്, സ്ത്രീശാക്തീകരണ പരിപാടികൾ എന്തിനാണ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചൊന്നും അക്കാദമിക്കോ ഭാരവാഹികൾക്കോ യാതൊരു ബോധ്യവുമില്ലെന്നാണ് ഈ പ്രതികരണം വ്യക്തമാക്കുന്നത്. ആ ബോധ്യമില്ലായ്മ തന്നെയാണ് വനിത ചലച്ചിത്ര മേളയിലാകെ കണ്ടതും.

മുൻ ഫെസ്റ്റിവലുകളിലും അവഗണിക്കപ്പെട്ടതായി പരാതികളുള്ളവർ ഉണ്ടാകാഞ്ഞിട്ടല്ല. പക്ഷെ അവരാരും കുഞ്ഞിലയുടേതുപോലെ ശബ്ദമുയർത്തിയിരുന്നില്ല എന്നതുകൊണ്ടാണ് ആരും അറിയാതെപോയത്. ഒരു സ്ത്രീ തനിക്ക് അർഹമായ സ്ഥാനത്തിനുവേണ്ടി ശബ്ദമുയർത്തുമ്പോൾ ഒപ്പം നിൽക്കാൻ അവരുടെ സഹപ്രവർത്തകർക്കും പൊതുസമൂഹത്തിനും ബാധ്യതയുണ്ട്. കുഞ്ഞിലയുടെ രീതി പൂർണമായും ശരിയാണോ തെറ്റാണോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. പക്ഷെ അവർ ഉന്നയിച്ച ചോദ്യങ്ങളും അവരുടെ പേരും അവഗണിച്ച്​ ഈയൊരു ഫെസ്റ്റിവൽ ഇനി ഓർമിക്കപ്പെടില്ല എന്നതുതന്നെ പ്രതിഷേധത്തിന്റെ വിജയമാണ്.

സ്ത്രീകളുടെയും ഭിന്നലൈംഗികതയുള്ളവരുടെയും കറുത്തവരുടെയുമൊക്കെ സിനിമകൾക്ക് പ്രാതിനിധ്യം ഉണ്ടാകുന്നതിനുവേണ്ടി ഓസ്‌കർ അക്കാദമി അവരുടെ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയപ്പോഴാണ് നൊമാഡ്‌ലാൻഡ്‌
ഉൾപ്പെടെയുള്ള സിനിമകൾക്ക് അവാർഡ് ലഭിച്ചത്. കൂടുതൽ സ്ത്രീകളും കറുത്തവർഗക്കാരും ഓസ്‌കർ അവാർഡിന് നോമിനേറ്റ് ചെയ്യപ്പെടുകയും ചെയ്തുതുടങ്ങി. ഇത്തരത്തിൽ എല്ലാവരെയും ഉൾക്കൊള്ളാനുള്ള വിശാല താത്പര്യങ്ങളോടെ ഇത്രയും വലിയ അക്കാദമി അതിന്റെ ഘടനയിൽ മാറ്റം വരുത്തുകയാണ്. ഇങ്ങനെയുള്ള കാര്യങ്ങൾ ലോകത്ത് നടക്കുമ്പോഴാണ് കേരളത്തിലെ ചലച്ചിത്ര അക്കാദമി ഇവിടത്തെ സിനിമയെടുക്കുന്ന സ്ത്രീകളോട് ഇത്തരത്തിലുള്ള നിലപാട് സ്വീകരിക്കുന്നത്.

Comments