നല്ല വിത്ത് വിതയ്ക്കുന്നവനാണ്
നല്ല മനുഷ്യപുത്രൻ: അഥവാ,
വിതയ്ക്കുന്നവൻ്റെ ഉപമ - ഒരു ദൃഷ്ടാന്തം
▮
“All men live in a constant and open conflict between their conscience and their way of life”.
- Leo Tolstoy: The Kingdom of God Is Within You (Chapter 5).
▮
“People are not like that… Human beings are like rivers; the water is one and the same in all of them but every river is narrow in some places, flows swifter in others… It is the same with men. Every man bears within him the germs of every human quality, and now manifests one, now another, and frequently is quite unlike himself, while still remaining the same man.”
- Leo Tolstoy: Resurrection: Part one (chapter 28).
▮
എൻ്റെ ബിരുദ- ബിരുദാനന്തര പഠനകാലത്തുതന്നെ കെ.വി. ശരത്ചന്ദ്രൻ അറിയപ്പെടുന്ന കഥാകൃത്തായിരുന്നു. അദ്ദേഹത്തിൻ്റെ ബിരുദാനന്തര പഠനകാലത്ത് 1986-ൽ പ്രസിദ്ധീകരിച്ച ‘ഒഴിവുദിനചിന്തകൾ’, 1988-ൽ പ്രസിദ്ധീകരിച്ച ‘ഇരിപ്പിടങ്ങൾ’ എന്നിവ ഹിംസ, നിഷ്‌ക്രിയത, നിസ്സംഗത, വിരക്തി, അന്യവത്കരണം തുടങ്ങിയ മനുഷ്യാവസ്ഥകളെ ആവിഷ്‌കരിക്കുന്ന ശ്രദ്ധേയ കഥകളാണ്.
ഞാൻ പഠിക്കുന്ന മദ്രാസ് യൂനിവേഴ്സിറ്റിയുടെ മറീന അനക്സിൽ 92 അവസാനം അദ്ദേഹം വന്നപ്പോൾ ഞാനവിടെയുണ്ടായിരുന്നില്ല. കെ.വി. ശരത്ചന്ദ്രൻ വന്നിട്ടുണ്ടായിരുന്നുവെന്ന് അയാൾ പോയിക്കഴിഞ്ഞ ഉടൻ ക്യാമ്പസ്സിലെത്തിയ എന്നോട്, എൻ്റെ സീനിയറായി എം.ഫിൽ പഠിക്കുകയായിരുന്ന പ്രദീപ് പനങ്ങാടാണ് പറഞ്ഞതെന്നോർക്കുന്നു. അപ്പോഴേക്കും അയാൾ എം.എ പഠനം കഴിഞ്ഞയുടൻ ലഭിച്ച പഞ്ചാബ്- സിന്ധ് ബാങ്കിൽ നാലുവർഷക്കാലത്തോളം ഏർപ്പെട്ടിരുന്ന ജോലി ഉപേക്ഷിച്ച് ആകാശവാണിയിലേക്ക് ചേക്കേറിയിരുന്നു.
സമീപ ജില്ലക്കാരാണെങ്കിലും അതേവരെ ശരത്ചന്ദ്രനെ ഞാൻ കണ്ടിട്ടുണ്ടായിരുന്നില്ല. പിന്നീട് ശരത്ചന്ദ്രൻ്റെ കഥകൾ അധികം പ്രസിദ്ധീകരിച്ചു കണ്ടിട്ടുമില്ല. അയാളിലെ കഥാകൃത്ത് തൊണ്ണൂറിൻ്റെ മധ്യത്തിലെവിടെയോ സ്വയം അപ്രത്യക്ഷനാവുകയും ചെയ്തു. പിന്നീട് 2008-ലും 2009-ലുമാണ് ശരത്ചന്ദ്രൻ്റെ മൂന്നു കഥകൾ - ‘അപ്രത്യക്ഷരാവുന്ന ചിലർ’ (2009), ‘വനം’ (2008), ‘ഒരു സിനിമാക്കഥ’ (2009) എന്നിവ ആനുകാലികങ്ങളിൽ വായിക്കാൻ കഴിഞ്ഞത്.
പഠനകാലത്തുതന്നെ മാതൃഭൂമി ആഴ്ചപ്പതിപ്പിലടക്കം കഥകൾ പ്രസിദ്ധീകരിച്ച് കഥാകൃത്തായി അറിയപ്പെട്ടിരുന്ന ഒരാൾ പിന്നീട് അവയെല്ലാമുപേക്ഷിച്ച് മൗനത്തിലേക്ക് ഇറങ്ങിപ്പോയത് ഒരുപക്ഷേ, മറ്റൊരു ആഖ്യാന രൂപത്തെ അതുവരെയുണ്ടായിരുന്ന ഭാവുകത്വത്തേയും അവതരണത്തേയും മാറ്റിമറിച്ചുകൊണ്ട് ശക്തമായ മാധ്യമമായി ഉയിർപ്പിച്ചെടുക്കാൻ വേണ്ടിക്കൂടിയാവണം എന്നു തോന്നുന്നു. നഷ്ടപ്പെടാതെ കണ്ടെത്താനായ 15 കഥകൾ ചേർത്ത് 2017-ൽ പ്രസിദ്ധീകരിച്ച ‘എവിടെയോ മാത്രമാണ്’ ഒരു കഥാസമാഹാരമായി ശരത് ചന്ദ്രനുള്ളത്. കഥാകൃത്ത് എന്നതിനെക്കാൾ തൻ്റെ തൊഴിൽമേഖലയ്ക്കായി സ്വയം സമർപ്പിതനായ ഒരാൾ, ആ മേഖലയിൽത്തന്നെയുള്ള ഒരാവിഷ്കാരത്തിൻ്റെ മാസ്റ്ററായി മാറുന്നതാണ് പിന്നീട് അനുഭവപ്പെട്ടത്.
എൻ്റെയകത്തും കഥാകൃത്തായ കെ.വി. ശരത്ചന്ദ്രൻ എവിടെയോ മാഞ്ഞുമാഞ്ഞ് ഇല്ലാതായിക്കഴിഞ്ഞിരുന്നു. അപ്പോഴേക്കും അങ്ങേയറ്റം ആത്മസമർപ്പണത്തോടെ ഏർപ്പെട്ട പുതിയ ആവിഷ്‌കാരത്തിലൂടെ അയാൾ എൻ്റെ ആത്മാവിനെ എവിടെയൊക്കെയോ അഗാധമായി തൊട്ടുകഴിഞ്ഞിരുന്നു. അവ ഇപ്പോഴും എന്നെ വല്ലാതെ വിമലീകരിച്ചുകൊണ്ടേയിരിക്കുന്നുണ്ട്. അതുകൊണ്ടുകൂടിയാണ് ഈ കുറിപ്പെഴുതാൻ ഞാൻ നിർബന്ധിതനായത്.

ഒന്നരപ്പതിറ്റാണ്ടിലേറെ എന്നെ ആവേശിച്ചിരുന്ന ആ ബാധയെ മാന്യവായനക്കാർക്കും ശ്രോതാക്കൾക്കും ഈ എഴുത്തിലൂടെ പകർന്ന് ഉച്ചാടനം ചെയ്യാൻ ശ്രമിക്കുകയാണ്. അപ്പോഴും എന്നെ വിട്ടൊഴിയാത്ത മറ്റൊരുബാധ ശരത്ചന്ദ്രൻ്റേതായി ഏറെക്കാലമായി എന്നിൽ ആവേശിച്ചിട്ടുണ്ട്. എന്നെപ്പോലെ ചില ശ്രോതാക്കളേയും. ആകാശവാണിക്കായി ശരത്ചന്ദ്രൻ തയ്യാറാക്കി പ്രക്ഷേപണം ചെയ്ത അനേകം എപ്പിസോഡുകളുള്ള മലയാള ചലച്ചിത്ര ഗാനങ്ങളുടെ ബൃഹത് ചരിത്രമാണത്.
ആകാശവാണിയിലെ തൻ്റെ ഔദ്യോഗിക ജീവിതവുമായി ബന്ധപ്പെട്ട് ശരത്ചന്ദ്രൻ ഏർപ്പെട്ട ആഖ്യാനരൂപത്തെ അതീവ ലളിതമായി, പാരമ്പര്യമായി വിശേഷിപ്പിക്കുന്ന റേഡിയോ നാടകം എന്ന സംജ്ഞ തന്നെ വിളിക്കാം. ഈ ആഖ്യാനരൂപം റേഡിയോ എന്ന ശ്രാവ്യ മാധ്യമത്തിലൂടെ വിനിമയം ചെയ്യുന്നതാണെങ്കിലും അതിന് നാടകവുമായാണോ, അതോ ചലച്ചിത്രത്തിൻ്റെ ശബ്ദരേഖയുമായി (sound track) ആണോ ചാർച്ച എന്നൊക്കെ ആലോചനകൾ നീളാവുന്നതാണ്. ശ്രാവ്യനാടകവേദി (Audio theatre) എന്നോ അതോ ശബ്ദാഖ്യാനം (Audio fiction) എന്നോ, ഒന്നുകൂടി സൂക്ഷമായി നിർവ്വചിക്കാൻ ശ്രമിക്കാം.
പരമ്പരാഗതമായി റേഡിയോ നാടകങ്ങൾ എന്നു വിളിക്കുന്ന കെ.വി. ശരത്ചന്ദ്രൻ്റെ ആഖ്യാനരൂപത്തിന്, സ്റ്റേജിൽ അവതരിപ്പിക്കാൻ കഴിയുന്ന നാടകങ്ങളായും സിനിമകളായും ഒരേസമയം രൂപാന്തരപ്രാപ്തി സാധ്യമാക്കുന്നുവെന്ന പ്രത്യേകതയുണ്ട്.
ഭാവനാത്മകമായ ഒരു ദൃശ്യാനുഭവത്തെ ശബ്ദത്തിൻ്റെ ഉചിതമായ വിന്യാസത്തിലൂടെ വിനിമയം ചെയ്ത് ശ്രോതാവിൽ പകരുന്നുണ്ട് എന്ന് ശരത് ചന്ദ്രൻ്റെ സൃഷ്ടികളെ ആസ്പദമാക്കി ഈ ആഖ്യാനരൂപത്തെക്കുറിച്ച് ഉറപ്പ് പറയാൻ കഴിയും. അതുകൊണ്ടുതന്നെ പ്രക്ഷേപണം ചെയ്യുന്ന ശബ്ദരൂപത്തിലൂടെ ശ്രോതാവിൻ്റെ ഭാവനയ്ക്കനുസരിച്ച് ദൃശ്യവത്കരിക്കാൻ നൽകുന്ന സാധ്യതയെ ‘കാൺക, കടലിനെ.... കൺതുറക്കാതെ’ എന്ന് തൻ്റെ പുതിയ ആഖ്യാനത്തിൻ്റെ ടൈറ്റിലിലൂടെ രൂപകാത്മകമായി സൈദ്ധാന്തികവൽക്കരിച്ചിരിക്കുന്നു. ഇങ്ങനെ ശബ്ദവിന്യാസം കൊണ്ട് ഭാവനാത്മകമായി ദൃശ്യവത്കരണം സാധിക്കാൻ കഴിയുന്നു എന്ന പ്രത്യേകത, പരമ്പരാഗതമായി റേഡിയോ നാടകങ്ങൾ എന്നു വിളിക്കുന്ന കെ.വി. ശരത്ചന്ദ്രൻ്റെ ആഖ്യാനരൂപത്തിന്, സ്റ്റേജിൽ അവതരിപ്പിക്കാൻ കഴിയുന്ന നാടകങ്ങളായും സിനിമകളായും ഒരേസമയം രൂപാന്തരപ്രാപ്തി സാധ്യമാക്കുന്നുവെന്ന പ്രത്യേകതയുണ്ട്.
1952-ൽ പ്രസിദ്ധീകരിച്ച് 1953-ൽ അരങ്ങേറിയ സാമുവൽ ബെക്കറ്റിൻ്റെ ‘ഗോദോയെക്കാത്ത്’ (waiting for Godot) നാടകമായി രംഗത്ത് അവതരിപ്പിക്കാൻ കഴിയുന്നുവെങ്കിൽ, ശരത്ചന്ദ്രൻ്റെ സ്‌ക്രിപ്റ്റുകളും നല്ല സംവിധായകർക്ക് രംഗാവതരണം നടത്തി അരങ്ങിൽ അവതരിപ്പിക്കാൻ അനായാസമായി കഴിയും. നവീന നാടകങ്ങളുടെ വക്താക്കളായിരിക്കെ, സ്ഥലം, കാലം, ക്രിയാംശം, ചലനം തുടങ്ങിയ പരമ്പര്യ നാടകബോധത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പ്രദായിക നാടകചിന്തകളിൽ മനസ്സുകൊണ്ട് നിഗൂഢമായി അഭിരമിക്കുന്നവർക്കു മാത്രമേ ആകാശവാണിയുടെ നാടകമത്സരങ്ങൾക്കായി ശരത് ചന്ദ്രൻ തയ്യാറാക്കിയ സ്ക്രിപ്റ്റുകളെ നാടകങ്ങളുടെ പരിധിയിൽനിന്ന് പുറത്താക്കാൻ കഴിയൂ. ആ നിലയ്ക്ക് പ്രസിദ്ധീകരിച്ചുവന്ന അദ്ദേഹത്തിൻ്റെ പുസ്തകങ്ങളിലെ ഒമ്പത് സ്ക്രിപ്റ്റുകളേയും നാടകരൂപങ്ങളായി പരിഗണനാർഹങ്ങളല്ല എന്നു വിധിയെഴുന്നവർ സഹതാപം മാത്രമാണ് അർഹിക്കുന്നത്. അതേസമയം, മികച്ച സിനിമകൾക്കുള്ള തിരക്കഥകളായും ഈ രചനകളെ ഉപയോഗപ്പെടുത്താൻ കഴിയും. ഇങ്ങനെ റേഡിയോ പ്രക്ഷേപണത്തിനായുള്ള രചനാരൂപങ്ങൾ എന്നതിനപ്പുറം ബഹുതല (multi-disciplinary) സ്വഭാവം ശരത് ചന്ദ്രൻ്റെ രചനകൾക്കുണ്ട്.

തൊഴിലിൻ്റെ ഭാഗമായി റേഡിയോ നാടകമെന്ന വ്യവഹാരരൂപത്തിലേക്ക് എത്തിപ്പെട്ട കെ.വി. ശരത്ചന്ദ്രൻ മറ്റു രചനകളുടെ നിർവ്വഹണത്തിലാണ് തുടങ്ങിയത്. ഇത്തരത്തിൽ സംവിധാനം നിർവ്വഹിക്കുന്നതിന് തൻ്റെ കയ്യിലെത്തിയ സ്ക്രിപ്റ്റിനെ പുതുക്കിപ്പണിതാണ് അയാൾ രചനയുടെ തച്ചുശാസ്ത്രം പഠിച്ചത്. രചനയും നിർവ്വഹണവും ചേർന്നുവന്നപ്പോഴാണ് അയാളിലെ പ്രതിഭാശാലിയായ നിർമ്മാതാവ് (Maker) രൂപപ്പെട്ടു വന്നത്. രചന (script) എന്ന നിലയിലും നിർമ്മിതി (making) എന്ന വിധത്തിലും സ്വതന്ത്രാസ്തിത്വം ശരത്ചന്ദ്രൻ നിർവ്വഹിച്ച റേഡിയോ നാടകങ്ങൾക്കുണ്ട്. ഒരേസമയം രചനകൾ ശബ്ദാഭിനയത്തിനു പറ്റിയ സ്ക്രിപ്റ്റായി മാറുന്നു. മറ്റൊരു ഭാഗത്ത് അവ വായനയ്ക്കുതകുന്ന മികച്ച സാഹിത്യസൃഷ്ടിയായും അസ്തിത്വം പ്രാപിക്കുന്നുണ്ട്. ഇങ്ങനെ ഒരേസമയം രചന എന്ന നിലയിൽ അത് രണ്ട് പ്രകാരത്തിലും മികച്ചു നിൽക്കുന്നു.
മറ്റൊന്ന് രചനയുടെ ആവിഷ്കാരമാണ്. നിർവ്വഹണത്തിനായി തൻ്റെ കഥാപാത്രങ്ങളെ പൂർത്തീകരിക്കാൻ ഉചിതമായ അഭിനേതാക്കളെ അന്വേഷിച്ച് അയാൾ അങ്ങേയറ്റം പോകുന്നുണ്ട്. അത് മികച്ച ചലച്ചിത്രനടന്മാരായ തിലകനിലും എൻ.എഫ്. വർഗ്ഗീസിലും സിദ്ദിഖിലും പിന്നണിഗായികയായ സയനോര ഫിലിപ്പിലും മറ്റും എത്തിച്ചേരുന്നുണ്ട്. അവരാകട്ടെ, അവരുടെ ശബ്ദം കൊണ്ടുള്ള അഭിനയത്തികവിൻ്റെ പൂർണ്ണത പുറത്തെടുക്കാൻ അങ്ങേയറ്റം പരിശ്രമിച്ചിട്ടുമുണ്ട്.
തിക്കോടിയനെക്കുറിച്ചുള്ള ബയോ സ്കെച്ച് ആയ ‘കാൺക, കടലിനെ.... കൺതുറന്ന്’ എന്നതിൻ്റെ ആവിഷ്കരണത്തിലെത്തുമ്പോൾ സ്വാഭാവികതയ്ക്കായി തിക്കോടിയൻ, ഉറൂബ്, കെ. രാഘവൻ മാസ്റ്റർ എന്നിവരുടെ ശബ്ദം ആർട്ടിഫിഷ്യൽ ഇൻറലിജെൻസിൻ്റെ സഹായത്തോടെ പുനഃസൃഷ്ടിച്ച് ഉപയോഗപ്പെടുത്തുന്നു.
ഒരു നടനെക്കൊണ്ടുതന്നെ എല്ലാ കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നതിൻ്റെ റിസ്കും അയാൾ എടുക്കുന്നുണ്ട്. ഒറ്റക്കഥാപാത്രത്തിൻ്റെ മുഴുനീള പകർന്നാട്ടത്തെ ഉപയുക്തമാക്കുന്നതിലേക്കും ഈ ദൗത്യം നീളുന്നുണ്ട്. ഈ പരീക്ഷണങ്ങളെല്ലാം വൻ വിജയമായിത്തീരുന്നത് ആ അഭിനേതാക്കളുടെ ശബ്ദവിന്യാസത്തിൻ്റെ പാടവം കൊണ്ടു മാത്രമല്ല, അഭിനയത്തോടുള്ള അവരുടെ ആസക്തിയും ആവേശവും കൊണ്ടുകൂടിയാണ്. ഇങ്ങനെയുള്ള പ്രധാന അഭിനേതാക്കളുടെ നിഴലായി മറ്റു പല നാടക അഭിനയകേസരികളും മാറുന്നുണ്ടെങ്കിലും ആവിഷ്കാരത്തിലെ മികവുകൊണ്ട് അവയെയെല്ലാം അതിജീവിക്കുന്ന ഒരു സൃഷ്ടി രൂപപ്പെടുത്തിയെടുക്കാൻ ശരത്ചന്ദ്രന് കഴിയുന്നുവെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
തിക്കോടിയനെക്കുറിച്ചുള്ള ബയോ സ്കെച്ച് ആയ ‘കാൺക, കടലിനെ.... കൺതുറന്ന്’ എന്നതിൻ്റെ ആവിഷ്കരണത്തിലെത്തുമ്പോൾ സ്വാഭാവികതയ്ക്കായി തിക്കോടിയൻ, ഉറൂബ്, കെ. രാഘവൻ മാസ്റ്റർ എന്നിവരുടെ ശബ്ദം ആർട്ടിഫിഷ്യൽ ഇൻറലിജെൻസിൻ്റെ (AI) സഹായത്തോടെ പുനഃസൃഷ്ടിച്ച് ഉപയോഗപ്പെടുത്തുന്നു. AI ഉപയാഗിച്ച് ശബ്ദം പുനഃസൃഷ്ടിച്ച ആദ്യ റേഡിയോ നാടകവും ഇതുതന്നെയാണ്. ഇങ്ങനെ തൻ്റെ സൃഷ്ടികളുടെ പെർഫെക്ഷനുവേണ്ടി റിസ്കെടുത്ത് അങ്ങയറ്റംവരെ പോകാൻ തയ്യാറാണ് എന്നതാണ് ശരത് ചന്ദ്രനെ വേറിട്ടുനിർത്തുന്ന ഒരു ഘടകം. ആവിഷ്കരിക്കുന്ന ഇതിവൃത്തം മാത്രമല്ല, അതിൻ്റെ രൂപത്തെ കൂടി തൻ്റെ ഓരോ നാടകത്തിലും അഴിച്ചു പണിതുകൊണ്ട് നവീകരിക്കുന്നുവെന്നതും ശരത് ചന്ദ്രൻ്റെ നാടകങ്ങളുടെ പ്രത്യേകതയാണ്.
2001-ൽ സംവിധാനം ചെയ്ത ‘ശാന്തസമുദ്ര’മാണ് ശരത്ചന്ദ്രൻ്റെ ആദ്യ റേഡിയോ നാടകം. തുടർന്ന് 2003-ൽ ‘ശത്രു’, 2005-ൽ ‘എൻ്റെ വീട്’, ‘2500 സ്ക്വയർ ഫീറ്റ്’, 2008-ൽ ‘പിയാനോ’, 2009-ൽ ‘ഒറ്റ’, 2011-ൽ ‘ഹത്യ’, 2013-ൽ ‘വിതയ്ക്കുന്നവൻ്റെ ഉപമ’, 2018-ൽ ‘രക്തം സാക്ഷി’, 2026-ൽ ‘കാൺക, കടലിനെ, കൺ തുറക്കാതെ’....... എന്നിങ്ങനെ ഒമ്പത് എണ്ണമാണ് കെ.വി ശരത്ചന്ദ്രൻ രചനയും സംവിധാനവും നിർവ്വഹിച്ച് ആകാശവാണി പ്രക്ഷേപണം ചെയ്ത നാടകങ്ങൾ.

‘ശാന്തസമുദ്രം’ മുതൽ ‘രക്തം സാക്ഷി’ വരെ ആകാശവാണി ദേശീയ നാടകോത്സവത്തിനായി ശരത്ചന്ദ്രൻ ജോലി ചെയ്ത കൊച്ചി, കണ്ണൂർ നിലയങ്ങൾക്കുവേണ്ടി ഒരുക്കിയതാണ്. അവയെല്ലാം വിവിധ പുരസ്കാരങ്ങൾ നേടി. ഏറ്റവും ഒടുവിൽ, 2026 മേയിൽ രചനയും സാക്ഷാത്കാരവും നിർവ്വഹിച്ച ‘കാൺക, കടലിനെ.... കൺതുറന്ന്’ ഈ വർഷത്തെ ആകാശവാണിയുടെ അഖില കേരള നാടകോത്സവത്തിൽ കോഴിക്കോട് നിലയം അവതരിപ്പിച്ച നാടകമാണ്. ആകാശവാണിയിൽ നിന്ന് വിരമിക്കുന്നതുകൊണ്ട് ഇനി ശരത്ചന്ദ്രൻ രചനയും സംവിധാനവും നിർവ്വഹിച്ച നാടങ്ങൾ ഔദ്യോഗിക ജീവിതത്തിൻ്റെ ഭാഗമായി ആകാശവാണി എന്ന മാധ്യമത്തിലൂടെ കേൾക്കാനാകില്ല. 2018-ൽ ‘രക്തം സാക്ഷി’ പ്രക്ഷേപണം ചെയ്ത നാടകോത്സവത്തോടുകൂടി ആകാശവാണി ദേശീയ നാടകമത്സരം അവസാനിപ്പിച്ചിരുന്നു. അതുകൊണ്ടുകൂടിയാണ് നാടകങ്ങൾ ചെയ്യാനുള്ള അവസരങ്ങൾ ഈ ഏഴുവർഷക്കാലം ശരത്ചന്ദ്രന് നിർബന്ധപൂർവ്വം ഏറ്റെടുക്കേണ്ടിവരാതിരുന്നത്.
ഭരണകൂടത്തിൻ്റെ ശബ്ദമായ ആകാശവാണി എന്ന ഔദ്യോഗിക മാധ്യമത്തിലൂടെ ഭരണകൂട ഭീകരതയെ തുറന്നുകാട്ടാനും സർക്കാറിൻ്റെ ജനവിരുദ്ധ നയങ്ങളേയും സാമൂഹ്യ വിപത്തുകളെയും എതിർക്കാനും വിമർശിക്കാനും തൻ്റെ റേഡിയോ നാടകങ്ങളിലൂടെ ശരത്ചന്ദ്രന് കഴിഞ്ഞു എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ആകാശവാണി, ദൂരദർശൻ തുടങ്ങിയ ഔദ്യോഗിക മാധ്യമങ്ങളിൽ ജോലി ചെയ്യുന്നവർക്കൊന്നും സാധിക്കാത്ത കാര്യം, ഈ അപകടമേഖലയെ അതിവിദഗ്ദ്ധമായി ഉപയോഗപ്പെടുത്തി ‘ശത്രു’ (2003), ‘വിതയ്ക്കുന്നവൻ്റെ ഉപമ’ (2011), ‘ഹത്യ’ (2013) എന്നീ നാടകങ്ങളുടെ രചനയിലൂടെയും അവതരണത്തിലൂടെയുംപ്രത്യക്ഷമായിത്തന്നെ ശരത്ചന്ദ്രന് കഴിഞ്ഞുവെന്നത് ഒരുപക്ഷേ, ഇന്ത്യയിൽ ഈ ഔദ്യോഗിക മാധ്യമത്തിൻ്റെ ചരിത്രത്തിൽത്തന്നെ സംഭവിക്കാത്ത കാര്യമാണ്. അതോടൊപ്പം, വ്യവസ്ഥാപിതമായ അധികാരത്തേയും അതിൻ്റെ അസ്വാതന്ത്ര്യത്തേയും ചങ്ങലക്കെട്ടുകളേയുമൊക്കെ നിശിതമായി തുറന്നുകാണിക്കുകയും ചെയ്യുന്നുണ്ട്. വ്യവസ്ഥയ്ക്കെതിരേയും ഗാർഹികവും സാമൂഹ്യവുമായ അധികാരത്തിനും എതിരേയുള്ളവയാണ് തിലകൻ തകർത്തഭിനയിച്ച ‘ഒറ്റ’ (2009), ഗായികയായ സയനോര ഫിലിപ്പ് മികവോടെ ശബ്ദം നൽകിയ ‘രക്തം സാക്ഷി’ (2018) എന്നീ നാടകങ്ങൾ.
ഭരണകൂടത്തിൻ്റെ സ്ഥാപനത്തെ, വ്യവസ്ഥയുടെ കുത്തക സ്ഥാപനങ്ങളെത്തന്നെ ഉപയോഗപ്പെടുത്തി ഭരണകൂടവിമർശനവും വ്യവസ്ഥാവിമർശനവും സാധിക്കുക എന്നത് സ്വേച്ഛാധിപത്യഭരണത്തിനു കീഴിൽ കലാസൃഷ്ടികളെ കൂച്ചുവിലങ്ങിടാൻ നടപ്പിലാക്കുന്ന നിയന്ത്രണങ്ങളെ മറികടക്കുന്നതിന് തുല്യമാണ്.
വ്യവസ്ഥാവിമർശനങ്ങളെയും അധികാര കേന്ദ്രീകരണത്തെയും ഭരണകൂട ഭീകരതയെയും ലിംഗാധികാരത്തെയുമെല്ലാം (Gender Power) തുറന്നുകാണിക്കലും ശരത്ചന്ദ്രൻ്റെ റേഡിയോ നാടകങ്ങളുടെ പ്രധാന സ്വഭാവമാണ്. ഭരണകൂടത്തിൻ്റെ സ്ഥാപനത്തെ, വ്യവസ്ഥയുടെ കുത്തക സ്ഥാപനങ്ങളെത്തന്നെ ഉപയോഗപ്പെടുത്തി ഭരണകൂടവിമർശനവും വ്യവസ്ഥാവിമർശനവും സാധിക്കുക എന്നത് സ്വേച്ഛാധിപത്യഭരണത്തിനു കീഴിൽ കലാസൃഷ്ടികളെ കൂച്ചുവിലങ്ങിടാൻ നടപ്പിലാക്കുന്ന നിയന്ത്രണങ്ങളെ മറികടക്കുന്നതിന് തുല്യമാണ്. ഭരണകൂടത്തിൻ്റെ / വ്യവസ്ഥയുടെ നിയന്ത്രണങ്ങൾക്കകത്താണ് അവരുടെ സ്ഥാപനങ്ങൾ, പ്രത്യേകിച്ച് വാർത്താവിതരണ പ്രക്ഷേപണ ഏജൻസികളായ ആകാശവാണിയും ദൂരദർശനും പ്രവർത്തിക്കുന്നത്. ഭരണകൂടത്തിൻ്റെ ഈ നിയന്ത്രണങ്ങൾ യഥാർത്ഥത്തിൽ സെൻസർഷിപ്പ് തന്നെയാണ്. എങ്ങനെയാണോ സർഗ്ഗാത്മകതയുള്ള സാഹിത്യകാരരും നാടക-ചലച്ചിത്ര സംവിധായകരും സംഗീതജ്ഞരും കലാകാരരും തന്ത്രപരമായി ഭരണകൂട നിയന്ത്രണങ്ങളെ സർഗ്ഗാത്മകമായി അതിലംഘിച്ച് മഹത്തായതും സൂക്ഷ്മമായതുമായ സാഹിത്യം, സിനിമ, കല, സംഗീതം എന്നിവയൊക്കെ ഉണ്ടാക്കുന്നത്, അതേ ധർമ്മമാണ് കെ.വി. ശരത്ചന്ദ്രനും തൻ്റെ മാധ്യമത്തിലൂടെ നിർവ്വഹിക്കുന്നത്. അതും ഇത്തരം സെൻസർഷിപ്പുകൾ നടപ്പിലാക്കാൻ നിയുക്തമായ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നുകൊണ്ട്, തൻ്റെ ഔദ്യോഗിക ജീവിതത്തിൻ്റെ ഭാഗമായിക്കൊണ്ട് എന്നത് അങ്ങേയറ്റം അപകടകരമായ കാര്യമാണ്.

വളരെ സൂക്ഷ്മമായി ഈ ധർമ്മം നിർവ്വഹിക്കാൻ അങ്ങേയറ്റത്തെ സർഗ്ഗാത്മകതയും അതോടൊപ്പം അസാമാന്യമായ ചങ്കൂറ്റവും ശരിക്കൊപ്പം നിൽക്കാനുള്ള ശക്തമായ രാഷ്ട്രീയബോധ്യവും പ്രത്യയശാസ്ത്രനിലപാടും സാംസ്കാരിക ഊർജ്ജവും ജ്ഞാനവും ആവശ്യമാണ്. തീർച്ചയായും ശരത്ചന്ദ്രൻ്റെ ആപത്കരമായ ഈ സർഗ്ഗാത്മകനീക്കങ്ങളിൽ ആ അപകടാവസ്ഥയെ മുഴുവൻ മറികടക്കാനുള്ള സ്വപ്രത്യയസ്ഥൈര്യം സഹജമായിത്തന്നെയുണ്ട്. ശരത്ചന്ദ്രൻ്റെ ആഖ്യാനങ്ങൾ ഉയർത്തിപ്പിടിച്ച ഭരണകൂട വ്യവസ്ഥാ വിമർശനങ്ങൾ പിൽക്കാല ആകാശവാണി നാടകങ്ങളിൽ വളരെ ദുർബലമായി അനുകരിക്കപ്പെടുന്നുവെന്നത് അദ്ദേഹം നൽകിയ സംഭാവനകളുടെ സ്വീകാര്യതയെ കൂടിയാണ് വ്യക്തമാക്കുന്നത്.
ഏകാധിപത്യ ഭരണകൂടങ്ങൾ പൗരാവകാശങ്ങളും സ്വാതന്ത്ര്യവും ഹനിച്ച് ജനജീവിതത്തിൻ്റെ സ്വാഭാവികതയേയും അഭിപ്രായങ്ങളേയും താല്പര്യങ്ങളേയും ഇല്ലായ്മ ചെയ്യുന്നേടത്തെല്ലാം, അതിൻ്റെ ഭാഗമായി കലയേയും സാഹിത്യത്തേയും സംഗീതത്തേയും സിനിമയെയുമെല്ലാം നിയന്ത്രിക്കുന്ന ഇടങ്ങളിലെല്ലാം സർഗ്ഗാത്മകത കൊണ്ട് അതിനെ മറികടക്കുന്ന ആവിഷ്കാരങ്ങൾ ശക്തമായിത്തന്നെ രൂപപ്പെടാറുണ്ട്. അത്തരം ആവിഷ്കാരങ്ങൾക്ക് രൂപം നൽകാൻ കഴിയുന്നവരെയാണ് പ്രതിഭാശാലികൾ എന്ന് വിശേഷിപ്പിക്കാൻ കഴിയുക. ഇസ്ലാമിക് വിപ്ലവാനന്തരം ഇറാനിലും കമ്യൂണിസ്റ്റ് ഭരണകൂടങ്ങൾ ഏകാധിപത്യത്തിലേക്ക് കൂപ്പുകുത്തിയിറങ്ങിയ കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കൻ സാമ്രാജ്യത്വത്തിൻ്റെ പിണിയാളുകളായി സ്വേച്ഛാധിപതികൾ ജനജീവിതത്തെ വേട്ടയാടിയ ലാറ്റിനമേരിക്കൻ രാജ്യങ്ങളിലുമെല്ലാം സാഹിത്യവും സിനിമയും കലയുമെല്ലാം ശക്തമായ അനുഭവങ്ങളുടെ ആവിഷ്കാരമായിത്തീരുന്നത് അതിവിദൂരമല്ലാത്ത ചരിത്രത്തിൻ്റെ ഭാഗമാണ്.
ഭരണകൂടനയങ്ങളോടും ദുഷ്പ്രവൃത്തികളോടുമുള്ള എതിർശബ്ദത്തിൻ്റെ ആവിഷ്കാരത്തിന് അതേ ഭരണകൂടം ഏർപ്പെടുത്തിയ ദേശീയ പുരസ്കാരം ലഭിക്കുക എന്ന അപൂർവ്വമായ മഹാഭാഗ്യവും ശരത്ചന്ദ്രന് കൈവന്നിട്ടുണ്ട്.
‘ക്ലാൻ്റെസ്റ്റിൻ ഇൻ ചിലി’ (Clandestine in Chile: The adventures of Miguel Littin -1987) എന്ന പുസ്തകത്തിൽ മാർക്വേസ് ആവിഷ്കരിച്ച, General Act of Chile (1986) എന്ന ഡോക്യുമെൻ്ററി സിനിമ ചെയ്യാൻ 1986-ൽ മിഗ്വിൽ ലിറ്റൻ 12 വർഷത്തെ പ്രവാസത്തിനുശേഷം വേഷപ്രച്ഛന്നനായി, തന്നെ നാടുകടത്തിയ ക്രൂരനായ ഏകാധിപതിയായ അഗസ്റ്റിനോ പിനോഷെയുടെ ഭരണകാലത്തുതന്നെ ചിലിയിൽ തിരിച്ചെത്തി സിനിമ ചെയ്തതുപോലെ കെ.വി. ശരത്ചന്ദ്രനും തൻ്റെ ആഖ്യാനങ്ങളിലൂടെയും അതിൻ്റെ ആവിഷ്കാരങ്ങളിലൂടെയും ഒരു ഒളിച്ചുകടത്തൽ ഭരണകൂട മാധ്യമമായ ആകാശവാണിയിലൂടെ, അധികാരത്തിൻ്റെ ക്രൂരവും ഭീഷണവുമായ ചെയ്തികൾ തുറന്നുകാട്ടി, ഭരണകൂടവിമർശം നിർവ്വഹിക്കുന്നതിലൂടെ ചെയ്യുന്നുണ്ട്. അസാമാന്യമായ സർഗ്ഗാത്മകതയും നിലപാടുകളുടെ ദൃഢതയും ജനാധിപത്യബോധവുമുള്ള ഒരാൾക്ക് മാത്രമേ ഇത്തരം ആവിഷ്കാരങ്ങൾ നിർവ്വഹിക്കാൻ സാധിക്കൂ.
പാക്കിസ്ഥാനിൽ ജനറൽ സിയ ഉൽ ഹഖ് ഫയസ് അഹ്മദ് ഫയസിൻ്റെ കവിതകൾ നിരോധിച്ചപ്പോൾ പ്രശസ്‌ത സംഗീതജ്ഞ ഇഖ്‌ബാൽ ബാനോ പട്ടാള ഭരണകൂടത്തിൻ്റെ വിലക്ക് ലംഘിച്ച് ലാഹോറിൽ 1986 ഫെബ്രുവരി 13 ന് ഫയസിൻ്റെ ‘ഹം ദേഖേഗേ’ ആലപിച്ചതുമെല്ലാം ചരിത്രസംഭവങ്ങളാണ്. ‘ശത്രു’വിലൂടേയും ‘വിതയ്ക്കുന്നവൻ്റെ ഉപമ’യിലൂടേയും ‘ഹത്യ’യിലൂടേയും ഇത്തരത്തിൽ നിശിതമായ ഭരണകൂടവിമർശനമാണ് ശരത്ചന്ദ്രൻ സാധിക്കുന്നത്. ഈ മൂന്ന് വിഷയങ്ങളും ഭരണകൂടത്തിൻ്റെ തന്ത്രപ്രധാനവും നിർണ്ണായകവുമായ പ്രതിരോധം, സാമ്പത്തികം, കാർഷികം, പരിസ്ഥിതി എന്നീ മേഖലകളുമായി നേരിട്ട് ബന്ധപ്പെട്ടതാണ് എന്നതാണ് അത്ഭുതകരം. ഇതേ ഭരണകൂടനയങ്ങളോടും ദുഷ്പ്രവൃത്തികളോടുമുള്ള എതിർശബ്ദത്തിൻ്റെ ആവിഷ്കാരത്തിന് അതേ ഭരണകൂടം ഏർപ്പെടുത്തിയ ദേശീയ പുരസ്കാരം ലഭിക്കുക എന്ന അപൂർവ്വമായ മഹാഭാഗ്യവും ശരത്ചന്ദ്രന് കൈവന്നിട്ടുണ്ട്.

2015-ൽ മലയാളത്തിലെടുത്ത മേജർ രവിയുടെ ‘പിക്കറ്റ്’ എന്ന സിനിമയുടെ ആശയത്തിന് ശരത്ചന്ദ്രൻ്റെ ‘ശത്രു’വിനോട് (2001) ചാർച്ചയുണ്ടെന്ന് കാണാം. എ.ആർ. മുരുകദോസിൻ്റെ ‘കത്തി’ (2014) എന്ന വിജയ് സിനിമയുടെ പ്രമേയത്തിനും ‘വിതയ്ക്കുന്നവൻ്റെ ഉപമ’യിലെ ഒരു ഉപാഖ്യാനവുമായി ബന്ധം കാണാൻ കഴിയും. പക്ഷേ, കലയുടെ വാണിജ്യമേഖലയെ അഭിസംബോധന ചെയ്യുന്നുവെന്നതാണ് ആ സിനിമകളുടെ പരിമിതി. എന്നാൽ ശരത്ചന്ദ്രനാവട്ടെ, മനുഷ്യസമൂഹം അനുഭവിക്കുന്ന അടിസ്ഥാന പ്രമേയങ്ങളെ കേവലം സോദ്ദേശ്യാധിഷ്ഠിതമോ പൊളിറ്റിക്കൽ കറക്ടനെസ്സോ ഉള്ള സാമൂഹ്യ വിഷയങ്ങൾ മാത്രമാക്കി മാറ്റാതെ, മനുഷ്യമനസ്സിൻ്റെ സങ്കീർണ്ണതകളുടെ ഉൾച്ചുഴികളിലേക്ക് ഇറങ്ങിച്ചെന്ന് ആവിഷ്കരിച്ചിരിക്കുന്നു. അതു കൊണ്ടാണ് ഒരു കലാസൃഷ്ടി എന്ന നിലയ്ക്ക് ശരത്ചന്ദ്രൻ തയ്യാറാക്കിയ റേഡിയോ നാടകരൂപങ്ങൾ നമ്മുടെ അകത്തേക്ക് ഇറങ്ങിച്ചെന്ന് മനസ്സിനെ വല്ലാതെ പിടിച്ചുകുലുക്കുന്നത്.
ഫ്യോദോർ ദോസ്തോയേവ്സ്കിയുടെ കുറ്റവും ശിക്ഷയും, കാരമസോവ് സഹോദരന്മാർ, ല്യോ ടോൾസ്റ്റോയിയുടെ ഉയർത്തെഴുന്നേല്പ് തുടങ്ങിയ മഹത് സൃഷ്ടികളിലെന്നപോലെ, പാപവും വിശുദ്ധിയും നന്മയും തിന്മയും ഇരുളും വെളിച്ചവുമെല്ലാം ചേർന്ന് സങ്കീർണ്ണമായ മനുഷ്യമനസ്സിൻ്റെ ആവിഷ്കാരമായി ശരത്ചന്ദ്രൻ്റെ രചനകളും അതിൻ്റെ അവതരണവും മാറുകയും വായനക്കാരുടെ / ശ്രോതാക്കളുടെ ആത്മാവിനെ അഗാധമായിത്തന്നെ സ്പർശിക്കുകയും ചെയ്യുന്നു. അത്തരമൊരു മാനസിക സ്പർശത്തിലാണ് ഞാൻ ശരത്ചന്ദ്രൻ്റെ എഴുത്തുകളെയും ആവിഷ്കാരത്തേയും എന്നിലേക്ക് ആഴത്തിൽത്തന്നെ സ്വീകരിച്ചത്. അവ എന്നെ വല്ലാതെ വിമലീകരിക്കുന്നുമുണ്ട്.
‘വിതയ്ക്കുന്നൻ്റെ ഉപമ’യിൽ അസാമാന്യമായ ശബ്ദനിയന്ത്രണത്തിൻ്റേയും വിന്യാസത്തിൻ്റേയും വൈഭവത്താൽ തീർത്തും വ്യത്യസ്തമായ അഞ്ച് കഥാപാത്രങ്ങൾക്കും സിദ്ദീഖ് തന്നെയാണ് ശബ്ദം പകർന്നത് എന്ന പ്രത്യേകതയുമുണ്ട്.
എടുത്തുപറയേണ്ട മറ്റൊരു പ്രത്യേകത, ഇവയുടെ ആഖ്യാനത്തിലും നിർവ്വഹണത്തിലും ശരത്ചന്ദ്രൻ സ്വീകരിക്കുന്ന സമീപനമാണ്. ആഖ്യാനം ചെയ്യുന്ന വിഷയത്തെ വൈകാരികത ചോർന്നുപോകാതെ തീവ്രമായി ആവിഷ്കരിക്കുന്നതിന്, ആഖ്യാനത്തിലും അവതരണത്തിലും രൂപത്തിലും ഘടനയിലും നടത്തുന്ന അഴിച്ചുപണികളാണ്. അവിടെ ആഖ്യാനത്തിനുള്ളിൽ ആഖ്യാനങ്ങൾ കടന്നുവരുന്നു. നാടകത്തിനകത്ത് നാടകങ്ങൾ ഉപയോഗപ്പെടുത്തുന്നു. സ്ഥലകാലങ്ങളെ ഷഫ്ൾ ചെയ്യുന്നു. ഭൂതവർത്തമാനങ്ങളിലേക്ക് സഞ്ചരിക്കുന്നു. ഒരൊറ്റ കഥാപാത്രം തന്നെ മുഴുനീള ആഖ്യാനം നിർവ്വഹിക്കുന്നു. മൃഗങ്ങളും പ്രധാന കഥാപാത്രമായി വരുന്നു. ഒരേ നടൻ എല്ലാ കഥാപാത്രങ്ങളെയും കൈകാര്യം ചെയ്യുന്നു. എഐ പോലുള്ള സങ്കേതങ്ങൾ ഉപയോഗിച്ച് യഥാർത്ഥ ശബ്ദത്തെ പുനഃസൃഷ്ടിക്കുന്നു. രേഖീയമെന്നു തോന്നിക്കുന്ന ആഖ്യാനത്തെ ഒരൊറ്റ സംഭവവികാസത്തിലൂടെ അതിയാഥാർത്ഥ്യ കഥനമാക്കി മാറ്റുന്നു. ഇത്തരം അഴിച്ചുപണികൾ വളരെ സ്വാഭാവികമായ ആഖ്യാനത്തിനും ആവിഷ്കരണത്തിനുമുള്ള മുന്നോട്ടുപോക്കിന് ഏറെ സഹായകമായി വർത്തിക്കുന്നു. പരീക്ഷണങ്ങളിലുള്ള കൗതുകമല്ല, മറിച്ച് ആഖ്യാനം ചെയ്യുന്ന വിഷയത്തെ ശക്തമായും വൈകാരികമായുമെല്ലാം മുന്നോട്ടു കൊണ്ടുപോകാനുള്ള ഉപാധിയായാണ് ഈ അഴിച്ചുപണികൾ വർത്തിക്കുന്നത്.
ഭീകരവാദത്തെ നേരിടാൻ നിയുക്തനായിരുന്ന ഒരു പട്ടാള ഓഫീസറും ഭീകരവാദിയും തമ്മിലുള്ള, ജീവിതത്തിനും മരണത്തിനുമിടയിലുള്ള മുഹൂർത്തമാണ് ‘ശത്രു’വിൽ. തീവ്രവാദികൾ വെറുക്കപ്പെടേണ്ടവരും കൊലചെയ്യപ്പെടേണ്ടവരുമാണെന്ന ഏകപക്ഷീയമായ പ്രമാണത്തിനുപകരം ബൈബിൾ പുതിയ നിയമത്തിലെ ലൂക്കോസിൻ്റെ പതിനഞ്ചാം അധ്യായത്തിലെ കാണാതായ ആടിനെക്കുറിച്ചുള്ള ഉപമയും മുടിയനായ പുത്രൻ്റെ ഉപമയും ആദിപ്രരൂപമായി (architype) സ്വീകരിച്ചുകൊണ്ടാണ് ‘ശത്രു’ വികസിപ്പിച്ചത്. വർഗീസിനെ വെടിവെച്ചു കൊല്ലാൻ നിയുക്തനായ രാമചന്ദ്രൻ നായരുടെ വർഷങ്ങൾ കഴിഞ്ഞുള്ള മനസ്സാക്ഷിയുടെ വെളിപ്പെടുത്തലും ഈ നാടകം രൂപപ്പെടാൻ പ്രചോദനമായിട്ടുണ്ടാവാം. തീവ്രവാദവേട്ടയുടെ മറവിൽ നിസ്സഹായരായ ജനതയുടെ മേൽ സൈന്യത്തിൻ്റെ ക്രൂരമായ കടന്നുകയറ്റവും കൊലപാതകങ്ങളും ബലാൽക്കാരങ്ങളും കണ്ടുമടുത്തവനാണ് ഉള്ളിലെ കൊടുംപകയാൽ ഇങ്ങനെ ഹിംസയുടെ വിധ്വംസകതയുടെ മൂർധന്യത്തിലെത്തിച്ചേർന്നത്. 1987-91 കാലത്തെ ശ്രീലങ്കയിലെ ഇന്ത്യൻ സുരക്ഷാ സേനയുടെ ഇടപെടലും ഇങ്ങനെ നിശിത വിമർശനം ഏറ്റുവാങ്ങിയിരുന്നു.

എങ്ങനെയാണ് ഒരാൾ ഇത്തരത്തിൽ തീവ്രവാദത്തിലേക്കും വിഘടനവാദത്തിലേക്കും എത്തിച്ചേരുന്നത്? ചേർത്തുപിടിച്ച് തിരുത്തി കൂടെ നിർത്താതെ ആട്ടിയകറ്റി മാറ്റുമ്പോൾ നമ്മുടെ കുഞ്ഞുങ്ങൾ ഏതു പാളയത്തിലേക്കാണ് എത്തിച്ചേരുന്നത്? അവരെക്കുറിച്ചോർത്ത് ആധിപൂണ്ട വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും മറ്റുള്ളവരും തിന്നുന്ന തീ എത്ര വലുതാണ്. വേട്ടയാടുന്ന ശത്രുവായിട്ടും ഒരുമിച്ചുകഴിയുമ്പോൾ അയാളുടെ സാന്നിധ്യം പോലും ആശ്വാസകരമായിത്തീരുന്ന അവസ്ഥ ഈ ആഖ്യാനത്തിൽ വല്ലാതെ അനുഭവപ്പെടുന്നുണ്ട്. എത്ര കൊടിയ വിധ്വംസകതയെയും നന്മയിലേക്ക് വീണ്ടെടുക്കുന്ന മാനുഷികതയും. പല തലങ്ങളാൽ നിബന്ധിതമാണ് ഈ രചന. മരണത്തിലേക്ക് എത്തിച്ചേർന്ന മനുഷ്യൻ ഉള്ളിലെ വിധ്വംസകതയും വിദ്വേഷവും മുഴുവനും മായ്ച്ചുകളഞ്ഞ് ഒരു മനുഷ്യനായാണ് മരണത്തെ വരിച്ചത് എന്നറിയുമ്പോഴുള്ള ശാന്തത ഒരു വലിയ വിമലീകരണപ്രക്രിയ തന്നെയായി മാറുന്നു. ‘ശാന്തസമുദ്ര’വും ഇതേ അനുഭവം പകരുന്നുണ്ട്. ചേർത്തുനിർത്തി തിരുത്തി ശരിയായ മാർഗ്ഗത്തിലേക്ക് നയിക്കേണ്ടുന്ന പ്രായത്തിൽ, ആട്ടിയോടിക്കപ്പെട്ട് പകയുടെയും ഹിംസയുടെയും പടുകുഴിയിലേക്ക് പോകാൻ നിമിത്തമായ സഹോദരനോടു മാത്രം ക്ഷമിച്ചില്ലെന്നറിയുമ്പോഴുണ്ടാകുന്ന മനസ്താപം തുടങ്ങിയവയെല്ലാം വല്ലാതെ വേദനിപ്പിക്കുന്ന അനുഭവമായി മാറുന്നു.
മനുഷ്യൻ എന്ന സങ്കീർണ്ണതയെ മുഴുവനും അതിൻ്റെ എല്ലാ നിഗൂഢതകളോടും തീവ്രമായി ആവിഷ്കരിച്ച് വായനക്കാരുടെ / ശ്രോതാക്കളുടെ ഉളളിലെ ഹിംസാത്മകതയെപ്പോലും അലിയിച്ചുകളയുന്ന മാസ്മരികത ഈ രചനയ്ക്കുണ്ട്. രചനയുടെ മനോഹാരിതയെ മുന്നോട്ടു കൊണ്ടുപോകുന്ന ഇതിൻ്റെ നിർവഹണവും അസാമാന്യമായ അനുഭവമായിത്തീരുന്നു. അതാണ് രചനയിലും നിർവ്വഹണത്തിലുമുള്ള ശരത്ചന്ദ്രൻ്റെ മിടുക്ക്. വിഘടനവാദവും തീവ്രവാദവും രാജ്യസ്നേഹവും മാത്രമല്ല ‘ശത്രു’വിൻ്റെ പ്രമേയം. അധികാരവും ഭരണകൂടവും പ്രസരിപ്പിക്കുന്ന ഹിംസാത്മകതയും മാത്രമല്ല, അതിനെ പൂരിപ്പിക്കുന്ന കരുണയും മാനുഷികതയും ചേരുന്ന മനോഹരമായ ഒരു സ്ഥലി കൂടി ശത്രുവിനുണ്ട്. ചലച്ചിത്ര നടൻ സിദ്ദീഖ് അസാമാന്യമായി ശബ്ദം പകർന്ന് നടത്തിയ പെർഫോമൻസ് ഈ ആവിഷ്കാരത്തെ അങ്ങേയറ്റം മികവുറ്റതാക്കുന്നുണ്ട്. ഇതിൻ്റെ തുടർച്ചയായിത്തന്നെ ‘വിതയ്ക്കുന്നവൻ്റെ ഉപമ’യേയും കാണേണ്ടതുണ്ട്. ‘വിതയ്ക്കുന്നൻ്റെ ഉപമ’യിൽ അസാമാന്യമായ ശബ്ദനിയന്ത്രണത്തിൻ്റേയും വിന്യാസത്തിൻ്റേയും വൈഭവത്താൽ തീർത്തും വ്യത്യസ്തമായ അഞ്ച് കഥാപാത്രങ്ങൾക്കും സിദ്ദീഖ് തന്നെയാണ് ശബ്ദം പകർന്നത് എന്ന പ്രത്യേകതയുമുണ്ട്.
സെൻസർ നിയമങ്ങളെ കബളിപ്പിച്ച് സർഗ്ഗാത്മകമായ സാഹിത്യവും സിനിമകളും മറ്റു കലകളും സൃഷ്ടിച്ച ഫാഷിസ്റ്റ് രാജ്യങ്ങളിലെ മികച്ച രചനകളോടൊപ്പം ‘ശത്രു’വും ‘വിതയ്ക്കുന്നവൻ്റെ ഉപമ’യും ‘ഹത്യ’യും ‘ഒറ്റ’യും ചേർത്തുവെക്കാനാകും.
‘ശത്രു’വിൻ്റെ തുടരാഖ്യാനമായിത്തന്നെ ‘വിതയ്ക്കുന്നവൻ്റെ ഉപമ’യെ കാണേണ്ടിവരും. വളരെ സമകാലിക പ്രസക്തിയുള്ള സംഭവ വികാസങ്ങളുടെ കൊളുത്തിലാണ് രണ്ട് ആഖ്യാനങ്ങളും രൂപപ്പെടുത്തിയിരിക്കുന്നതെങ്കിലും അവ കേവലം പ്രചരണാത്മകമായ സോദ്ദേശ്യ സാഹിത്യമായിത്തീരാതെ മനുഷ്യമനസ്സിൻ്റെ സങ്കീർണ്ണതകളിലേക്ക് ആഴ്ന്നിറങ്ങി നന്മ, തിന്മ, പാപം, പാപബോധം, പശ്ചാത്താപം, പ്രായശ്ചിത്തം, സ്നേഹം, വിശുദ്ധി, പക, വെറുപ്പ്, ആർത്തി, നിസ്സംഗത എന്നിവയെല്ലാം ഉൾച്ചേർന്ന് സൃഷ്ടിക്കുന്ന മനുഷ്യൻ എന്ന സങ്കീർണ്ണമായ വ്യക്തിത്വത്തെ അനാവരണം ചെയ്യുന്നു. ‘ശത്രു’വിൽ, നല്ല മനുഷ്യനായിത്തീർന്നിട്ടും തിരുത്താൻ അവസരം നൽകാൻ കഴിയുമായിരുന്നിട്ടും തിരുത്താൻ ജീവിതം നൽകുന്നില്ലെങ്കിൽ, ‘വിതയ്ക്കുന്നവൻ്റെ ഉപമ’യിൽ തിരുത്തിയെടുക്കാനും ജീവിതത്തിൽ മുന്നോട്ടുപോവാനുമുള്ള അവസരം ലഭ്യമാവുന്നു. വേൾഡ് ട്രേഡ് ഓർഗനൈസേഷനും ആഗോളീകരണത്തിനും ജനിതകമാറ്റം വരുത്തിയ വിത്തുകൾക്കുമെതിരെ ഇന്ത്യ കണ്ട ശക്തമായ കാർഷിക പോരാട്ടത്തെ അനുസ്മരിക്കുന്ന സംഭവങ്ങളും ഈ ആഖ്യാനത്തിൽ കേന്ദ്രസ്ഥാനത്തു വരുന്നു.
ജനിതക വ്യതിയാനം വരുത്തിയ മോൺസാന്റോ വിത്തുകൾക്കും വിളകൾക്കുമെതിരെ കർണ്ണാടകയിൽ സോഷ്യലിസ്റ്റായ നഞ്ചുണ്ടസ്വാമിയുടെ നേതൃത്വത്തിൽ കർണ്ണാടക രാജ്യ റയ്ത്തെ സംഘം (karnataka state farmers association) നടത്തിയ സമരങ്ങളെ ‘വിതയ്ക്കുന്നവൻ്റെ ഉപമ’യിലെ ഗോപാലേട്ടൻ്റെ നേതൃത്വത്തിലുള്ള പ്രക്ഷോഭങ്ങൾ ഓർമ്മിപ്പിക്കുന്നു. കാർഗിലെ സീഡ് കമ്പനിക്കും കെൻ്റക്കി ചിക്കനും മെക് ഡൊണാൾഡിനും പിസ്സ ഹട്ടിനും പെപ്സിക്കും കൊക്കോ കോളയ്ക്കുമെതിരെ 1996 മുതൽ ഇന്ത്യ മുഴുവനും നഞ്ചുണ്ടസ്വാമി നയിച്ച ശക്തമായ സമരങ്ങളുടെ തീച്ചൂളയുടെ കരുത്തിന്റെയും പാരിസ്ഥികരംഗത്തും കാർഷികമേഖലയിലും ബദൽ ജീവിതം നയിച്ച പാപ്പിനിശ്ശേരിയിലെ ശിവപ്രസാദ് മാഷുടെയും നീതിക്കായുള്ള പോരാട്ടത്തിൻ്റെ വിട്ടുവീഴ്ചയില്ലാത്ത കരുത്തായ ഗ്രോ വാസുവിൻ്റെയുമൊക്കെ കലർപ്പ് എന്നു പറയാവുന്ന കഥാപാത്രമാണ് ഗോപാലേട്ടൻ. ഇങ്ങനെ ഇന്ത്യ ഗവൺമെൻ്റിൻ്റെ നയങ്ങൾക്കെതിരെ നടന്ന ശക്തമായ സമരത്തിൻ്റെ ആഖ്യാനം കൂടിയായി ‘വിതയ്ക്കുന്നവൻ്റെ ഉപമ’ മാറുന്നു.

വിതയ്ക്കുന്നവൻ്റെ ഉപമ എന്ന യേശുവിൻ്റെ ഏറ്റവും പ്രസിദ്ധമായ, മത്തായി 13:3- 9, 18:23, മാർക്കോസ് 4:3-9, 13-20, ലൂക്കോസ് 8: 5-8, 11-15 എന്നിവരുടെ ആഖ്യാനങ്ങളിൽ പറഞ്ഞ ഉപമ സ്വീകരിച്ച്, "നല്ല വിത്ത് വിതയ്ക്കുന്നവനാണ് നല്ല മനുഷ്യപുത്രൻ’’ (മത്തായി 13:37) എന്ന ആശയം ഉയർത്തിപ്പിടിച്ച്, പാപത്തിൽനിന്ന് കൈ പിടിച്ചുയർത്തി ആത്മാവിനെ നന്മയിലേക്ക് നയിച്ച് അങ്ങേയറ്റം വിമലീകരിക്കുകയാണ് ‘വിതയ്ക്കുന്നവൻ്റെ ഉപമ’. എത്ര വിദഗ്ധമായാണ് ശരത്ചന്ദ്രൻ ഈ നാടകത്തിൽ ഭരണകൂടനയങ്ങളെ ഭരണകൂട മാധ്യമത്തിലൂടെ തുറന്നുകാട്ടി, വിമർശന വിധേയമാക്കി അതേ മാധ്യമത്തിൻ്റെ ദേശീയ പുരസ്കാരം നേടിയത്. പ്രതിഭാശാലിയായ ഒരു സർഗ്ഗാത്മക രചയിതാവിന് മാത്രം കഴിയുന്ന ഒന്നാണ് ഈ കബളിപ്പിക്കൽ. അതുകൊണ്ടാണ് സെൻസർ നിയമങ്ങളെ കബളിപ്പിച്ച് സർഗ്ഗാത്മകമായ സാഹിത്യവും സിനിമകളും മറ്റു കലകളും സൃഷ്ടിച്ച ഫാഷിസ്റ്റ് രാജ്യങ്ങളിലെ മികച്ച രചനകളോടൊപ്പം ‘ശത്രു’വും ‘വിതയ്ക്കുന്നവൻ്റെ ഉപമ’യും ‘ഹത്യ’യും ‘ഒറ്റ’യും ചേർത്തുവെക്കാൻ കഴിയുന്നത്. ഇങ്ങനെ ഭരണകൂടഭീകരതയേയും അതിൻ്റെ ജനവിരുദ്ധനയങ്ങളേയും തുറന്നു കാണിക്കുക എന്ന സോദ്ദേശ്യാധിഷ്ഠിത ലക്ഷ്യത്തോടൊപ്പം മനുഷ്യമനസ്സിൻ്റെ സങ്കീർണ്ണതകളിലേക്കും സംഘർഷങ്ങളിലേക്കും ഇറങ്ങിച്ചെന്ന് അതിനെ വിമലീകരിച്ചെടുക്കുകയുംചെയ്ത് മഹത്തായ സൃഷ്ടിയാക്കി മാറ്റാൻ ഒരു തുടർച്ചയെന്ന പോലെ ഈ നാടകങ്ങൾക്കും കഴിഞ്ഞിട്ടുണ്ട്. രണ്ടിനും പ്രധാനമായും ശബ്ദം പകരുന്നത് ഒരൊറ്റ നടനാണ് എന്നത് യാദൃച്ഛികമല്ല.
▮
കെ.വി. ശരത്ചന്ദ്രന്റെ
റേഡിയോ നാടകങ്ങൾ കേൾക്കാം
(അവസാനിക്കുന്നില്ല)







