കെ.വി ശരത്ചന്ദ്രൻ.

ആകാശവാണിയ്ക്കായി
സ്വയംവിമർശനപരമായ
ഒരു ഹംസഗാനം…

കെ.വി. ശരത്ചന്ദ്രന്റെ റേഡിയോ നാടകങ്ങളെക്കുറിച്ച് എൻ. സന്തോഷ്കുമാർ എഴുതിയ സമഗ്ര പഠനത്തിന്റെ അവസാനഭാഗം.

നല്ല വിത്ത് വിതയ്ക്കുന്നവനാണ്
നല്ല മനുഷ്യപുത്രൻ: അഥവാ,
വിതയ്ക്കുന്നവൻ്റെ ഉപമ - ഒരു ദൃഷ്ടാന്തം: 3

കുടുംബത്തിനകത്തെ അധികാരഘടനയെ മറ്റൊരുവിധത്തിൽ ആവിഷ്കരിക്കുകയാണ് ‘എൻ്റെ വീട് 2500 സ്ക്വയർ ഫീറ്റ്’ എന്ന നാടകം. ‘രക്തം സാക്ഷി’ ആഖ്യാനം ചെയ്യുന്ന അധികാരഘടന മറ്റൊരു വിധത്തിൽ ആവിഷ്കരിക്കാനുതകുന്ന പശ്ചാത്തലം മാത്രമാണ് ഇതിലെ പ്രധാന ആഖ്യാന വിഷയമായ ഗൃഹനിർമ്മാണം. ഗൃഹനിർമ്മാണവുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങളിലൂടെ ആവിഷ്കരിക്കുന്നത് കുടുംബത്തിലെ ആൺകോയ്മ എന്ന ഘടനയെത്തന്നെയാണ്. ഈ ആണധികാരത്തെ തുറന്നുകാട്ടാനുള്ള ഉപാധിയാണ് ഗൃഹനിർമ്മാണം. അതേസമയം, അത് മധ്യവർഗ്ഗ മനുഷ്യരുടെ ആർത്തിയുടേയും ആസക്തിയുടേയും പ്രദർശനപരതയുടേയും അതൃപ്തിയുടേയും മേധാവിത്വത്തിൻ്റേയും ഭാഗമായിക്കൂടിയാണ് കേന്ദ്രപ്രമേയമായി വരുന്നത്.

തൻ്റെ സ്വപ്നത്തിലും ആഗ്രഹത്തിലും ഉള്ളതും എന്നാൽ വരുമാനത്തിനകത്ത് നിൽക്കാത്തതുമായ വീടുനിർമ്മാണത്തിന് തുനിഞ്ഞിറങ്ങുന്ന മധ്യവർഗ്ഗ മനുഷ്യരുടെ തത്രപ്പാട് ‘എൻ്റെ വീട് 2500 സ്ക്വയർ ഫീറ്റി’ൽ ആവിഷ്കരിക്കുന്നു, ഒപ്പം മനുഷ്യമനസ്സിൻ്റെ സങ്കീർണ്ണമായ ഉൾച്ചുഴികൾ കൂടി അതിൽ ലയിച്ചു ചേർത്തിരിക്കുന്നു. ആവശ്യത്തിലധികം ഈഗോട്ടിക്കായ ശ്രീകാന്തിനെ സഹിക്കുന്ന ഭാര്യ സീത, സീതയുടെ അച്ഛൻ, അദ്ദേഹത്തിൻ്റെ ശിഷ്യൻ ജയിംസ്, എഞ്ചിനീയർ നന്ദകുമാർ എന്നിവരും സീതയിലൂടെ പരാമർശവിധേയരാവുന്ന ശ്രീകാന്തിൻ്റെ അച്ഛനമ്മമാരും ഏക മകനും, ജയിംസിൻ്റെ ഭാര്യയുമടങ്ങുന്ന ലോകം അനാവരണം ചെയ്യുന്നതിലൂടെ കുടുംബ- മാനുഷിക ബന്ധങ്ങൾ, സൗഹൃദങ്ങൾ, പ്രണയം, അടുപ്പങ്ങൾ, അകൽച്ചകൾ, അസംതൃപതികൾ, കോംപ്ലക്സുകൾ, പരിമിതികൾ, രേഖീയമാണെന്ന് തോന്നിക്കുമെങ്കിലും അങ്ങനെയല്ലാത്ത സങ്കീർണ്ണ മാനസികഭാവങ്ങൾ, വിചാരങ്ങൾ, വികാരങ്ങൾ, തീർത്തും വ്യത്യസ്തമായ മാനസിക ലോകങ്ങൾ എന്നിവയെല്ലാം ഉൾച്ചേർന്ന സങ്കീർണ്ണവും വ്യത്യസ്തവുമായ മനോഘടനകളിലേക്ക് കടന്നുചെല്ലാനാണ് ഈ നാടകം ശ്രമിക്കുന്നത്. ഈയൊരു തലമാണ് പ്രചരണാത്മകമായ, ഉപരിപ്ലവമായ സോദ്ദേശ്യ രചനകളായി മാറാതെ, തീർത്തും വ്യത്യസ്തമായി കെ.വി ശരത്ചന്ദ്രൻ്റെ ആവിഷ്കാരങ്ങളെ ഇത്ര സൗന്ദര്യാത്മക (aesthetical) അനുഭവമാക്കി മാറ്റുന്നത്.

ശ്രീകാന്തിൽനിന്ന് വ്യത്യസ്തനായ, തൻ്റെ അതേ അഭിരുചികളും താത്പര്യങ്ങളുമുള്ള ജയിംസിൽ സീത അനുരക്തയാവുന്നതുപോലെ, ഭാര്യയായ തെരേസയിൽനിന്ന് അകന്നു കഴിയുന്ന ജയിംസും സ്വാഭാവികമായും സീതയിലേക്ക് എത്തിച്ചേരുന്നു. അസംതൃപ്തിയാണ് ഇതിനു പിന്നിലെ പ്രധാന ഘടകം. വീടിനെക്കുറിച്ചുള്ള ഭൗതികവും ആന്തരികവുമായ സങ്കല്പനം, സംഗീതം, ഗവേഷണ വിഷയം, അഭിരുചികൾ, താത്പര്യങ്ങൾ എന്നിവയിലെല്ലാം ഒരേ തരംഗദൈർഘ്യം (wave length) ഇരുവർക്കുമുണ്ടെന്നതാണ് ഇവരെ ഏകോപിപ്പിക്കുന്ന ഘടകം. അത് അല്പംപോലും ശ്രീകാന്തുമായി ചേർന്നുപോകാത്തതുമാണ്.

ടി. പത്മനാഭൻ, ബാലകൃഷ്ണൻ കൊയ്യാൽ എന്നിവർക്കൊപ്പം കെ.വി ശരത്ചന്ദ്രൻ.
ടി. പത്മനാഭൻ, ബാലകൃഷ്ണൻ കൊയ്യാൽ എന്നിവർക്കൊപ്പം കെ.വി ശരത്ചന്ദ്രൻ.

ഗ്രാമത്തിലുള്ള ശ്രീകാന്തിൻ്റെ വീട്ടിൽ അച്ഛനമ്മമാരോടും മകനുമൊപ്പം ജീവിക്കാനാഗ്രഹിക്കുന്ന സീതയെ അവിടന്നെല്ലാം അകറ്റിമാറ്റി, മകനെ ബോർഡിങ്ങിൽ ചേർത്ത്, പട്ടണത്തിൽ ഇരുവരും മാത്രമായ ഏകാന്ത ജീവിതത്തിലേക്ക് തള്ളിവിട്ട്, എടുത്താൽ പൊന്താത്ത വീട് എന്ന സ്വപ്നം ഒരു ബാധയായിത്തീരുന്നതിൻ്റെ അടിസ്ഥാനം ശ്രീകാന്തിൻ്റെ ഈഗോ സെൻട്രിക്കായ മനോഘടനയാണ്. ആ മനോഘടന അല്പംപോലും ചെറുതോ ലഘുവോ ആയ കാര്യങ്ങളെ ഉൾക്കൊള്ളാൻ കഴിയുന്ന ഒന്നല്ല. അയാളെ സംബന്ധിച്ച് ഊതിപ്പെരുപ്പിച്ച ഈഗോ സെൻട്രിക്കായ മനോഘടനയ്ക്കനുസരിച്ച് മറ്റുള്ളവരിൽനിന്ന് വ്യത്യസ്തവും വലിപ്പവുമുള്ളതുമായവ മാത്രമേ ആശയങ്ങളുടെ കാര്യത്തിൽപ്പോലും സ്വീകാര്യമാവൂ. എന്നാൽ അതിനുള്ള കോപ്പ് കൈയ്യിലില്ലതാനും.

ഇങ്ങനെ മറ്റുള്ളവരെ കാണിക്കാനായി നിർമ്മിക്കുന്ന വീടുപണിയുടെ കടക്കെണിയിലകപ്പെട്ടുപോകുന്ന മധ്യവർഗ്ഗത്തിൻ്റെ ഈഗോ ശ്രീകാന്തിലൂടെ അഭിവ്യക്തമാകുന്നു. ശ്രീകാന്തിൻ്റെ ഇതേ മനോഘടനയാണ് പ്രദർശനവസ്തുവായ വീടു നിർമ്മാണത്തിന് മലയാളികളെ പ്രേരിപ്പിക്കുന്നത്. ഇങ്ങനെ പാതിവഴിയിൽ നിർമ്മാണം നിലച്ച് ഡെഡ് മണിയായിത്തീർന്ന മലയാളി വീടുകൾ ജപ്തിക്കും ആത്മഹത്യയ്ക്കുമുള്ള കുരുക്കുകൾ മാത്രമായിത്തീരുന്ന സാമൂഹ്യാവസ്ഥ ഈ നാടകത്തിൽ പ്രവർത്തിക്കുന്നുണ്ട്.

ആകാശവാണിയിൽനിന്നുള്ള കെ.വി. ശരത്ചന്ദ്രൻ്റെ ഔദ്യോഗിക വിടവാങ്ങലിൻ്റെ ഹംസഗാനമായി അവതരിപ്പിക്കുന്ന നാടകമാണ് ‘കാൺക, കടലിനെ.... കൺതുറക്കാതെ’. കോഴിക്കോട് ആകാശവാണിയും അവിടെ ജീവനക്കാരനായിരുന്ന തിക്കോടിയനും ജീവൻ നൽകുന്നു, ഈ ആഖ്യാനത്തിൽ.

പൂർത്തികരിക്കാതെ ഉപേക്ഷിക്കേണ്ടിവന്ന മോഹങ്ങളാണ് നാടകത്തിന്റെ കാതൽ. ശ്രീകാന്തിന് തൻ്റെ സ്വപ്നമായ വീട് എന്ന പോലെ ജയിംസിന് ഗവേഷണവും ഉപേക്ഷിക്കേണ്ടിവരുന്നു. സീതയ്ക്കും ജെയിംസിനും പരസ്പര പ്രണയത്തിൽനിന്ന് ഭൗതികമായെങ്കിലും അകന്നുമാറേണ്ടിവരുന്നു. ശ്രീകാന്തിൻ്റെ അച്ഛനമ്മമാരോടും മകനോടുമൊപ്പമുള്ള ഗ്രാമീണജീവിതവും സീതയ്ക്ക് നഷ്ടപ്പെടുന്നു. ഇവയെല്ലാം ചേർന്ന് രൂപപ്പെടുന്ന അഗാധവും വ്യാപ്തിയുള്ളതും പ്രക്ഷുബ്ധവുമായ സങ്കീർണ്ണതയാണ് ഈ ആവിഷ്കാരത്തിൻ്റെ ജീവൻ. ഈഗോ മുഴുവൻ കുടഞ്ഞുകളഞ്ഞ് ഗ്രൗണ്ട് റിയാലിറ്റിയിലെത്തിയ ശ്രീകാന്തിൻ്റെ തിരിച്ചറിവിലൂടെയും ജെയിംസിൻ്റെ തിരിച്ചുപോക്കിലൂടെയും അവസാനം എല്ലാം കലങ്ങിത്തെളിഞ്ഞ് ശുഭപര്യവസായിയായി കലാശിക്കുന്നുണ്ടെങ്കിലും, ഓർക്കാനിഷ്ടപ്പെടുന്ന പിരിഞ്ഞുപോകലിൻ്റെ വേദന അതിൽ അലിഞ്ഞു കിടക്കുന്നുണ്ട്. ഇങ്ങനെ മനുഷ്യമനസ്സിൻ്റെ ഉൾച്ചുഴികളയും തമോഗർത്തങ്ങളെയും അവയുടെ സങ്കീർണ്ണതകളേയും സൂക്ഷ്മമായി ആവിഷ്കരിക്കുന്ന മികച്ച അനുഭവമായി ‘എൻ്റെ വീട് 2500 സ്ക്വയർ ഫീറ്റ്’ മാറുന്നു.

ആകാശവാണിയിൽ നിന്നുള്ള ശരത്ചന്ദ്രൻ്റെ ഔദ്യോഗിക വിടവാങ്ങലിൻ്റെ ഹംസഗാനമായി അവതരിപ്പിക്കുന്ന നാടകമാണ് ‘കാൺക, കടലിനെ.... കൺതുറക്കാതെ’. കോഴിക്കോട് ആകാശവാണിയും അവിടെ ജീവനക്കാരനായിരുന്ന തിക്കോടിയനും ജീവൻ നൽകുന്ന ഈ ആഖ്യാനത്തിൽ അക്കാലത്ത് കോഴിക്കോട് ആകാശവാണിയുടെ ജീവനാഡിയായിരുന്ന പി.സി. എന്ന പി.സി. കുട്ടികൃഷണൻ (സാക്ഷാൽ ഉറൂബ്), കെ. രാഘവൻ മാഷ്, അനൗൺസർമാരായിരുന്ന ലക്ഷ്മിദേവി, മായാനാരായണൻ എന്നിവരും പിൽക്കാലത്ത് ആകാശവാണി ജീവനക്കാരിയായി മാറിയ തിക്കോടിയൻ്റെ മകൾ പുഷ്പയുടെ ബാല്യ, യൗവ്വന, വർത്തമാനങ്ങളും കടന്നുവരുന്നു. ഈ ആഖ്യാനത്തിൻ്റെ കാലം 1950-ന്റെ മധ്യമാണ്.

‘വിതയ്ക്കുന്നവന്റെ ഉപമ’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിൽനിന്ന്.
‘വിതയ്ക്കുന്നവന്റെ ഉപമ’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിൽനിന്ന്.

ഈ നാടകാഖ്യാനം പല പ്രകാരത്തിലും സവിശേഷമായി അനുഭവപ്പെടുന്നു. താൻ ജോലിചെയ്ത് വിരമിക്കുന്ന സ്ഥാപനത്തിന്റെ മുഖമുദ്ര (icon) യായവരെക്കുറിച്ചുള്ള ആദരവും ഓർമപ്പെടുത്തലുമാണ് ഇതിൽ പ്രധാനം. അക്കാലത്തെ മുൻനിർത്തി ജീവനക്കാരുടെ പരസ്പരസ്നേഹവും സഹകരണവും എത്രമാത്രം പ്രധാനമാണ് എന്ന ഓർമ്മിപ്പിക്കൽ. ഇത്തരം ഇടങ്ങളുടെ പരിമിതികളെയും അവിടുത്തെ ചീത്ത ബ്യൂറോക്രാറ്റുകളെയും ബ്യൂറോക്രസിയേയും തുറന്നുകാട്ടൽ. ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ടും മറ്റും അങ്ങേയറ്റത്തെ ത്യാഗമനുഭവിച്ച മഹാകവി പി. ഭാസ്കരനെ സ്വതന്ത്ര്യാനന്തരം താനടക്കം നിർമ്മിച്ചെടുത്ത തദ്ദേശീയ ഭരണകൂടം നിർദ്ദയം പിരിച്ചുവിട്ടതിൽ ഭരണകൂട നിലപാടിനോടുള്ള പ്രതിഷേധം രേഖപ്പെടുത്തൽ. പി. ഭാസ്കരനടക്കം ത്യാഗം ചെയ്ത്, കഷ്ടപ്പെട്ട് നേടിയെടുത്ത ദേശസ്വാതന്ത്ര്യത്തിനുമേൽ കെട്ടിപ്പടുത്ത ഭരണകൂടമാണ് അദ്ദേഹത്തെപ്പോലൊരു മഹാത്യാഗിയേയും പ്രതിഭാശാലിയായ കവിയേയും നിഷ്കരുണം ബ്യൂറോക്രാറ്റ് മാത്രമായ മേലധികാരിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ പുറത്താക്കുന്നത്. (സ്വാതന്ത്ര്യസമരത്തിനും ദേശീയപ്രസ്ഥാനത്തിനും കമ്യൂണിസ്റ്റ് പാർട്ടിക്കും വേണ്ടി അങ്ങേയറ്റം ത്യാഗത്തോടെ പ്രവർത്തിച്ച, സ്വാതന്ത്ര്യാനന്തരം ആകാശവാണി ജീവനക്കാരനായിരിക്കെ കമ്യൂണിസ്റ്റ് പാർട്ടിപ്രവർത്തകനെന്നു മുദ്രകുത്തി പിരിച്ചുവിടപ്പെട്ട, ദേശീയ പ്രസ്ഥാനത്തിൻ്റെ പിന്തുടർച്ചാവകാശികളെന്ന് അവകാശപ്പെടുന്നവരും കമ്യൂണിസ്റ്റു പാർട്ടിക്കാരും ആകാശവാണിയും ബോധപൂർവ്വം വിസ്മരിച്ച പി. ഭാസ്കരൻ്റെ ജന്മശതാബ്ദി 2025-ൽ കണ്ണൂർ ആകാശവാണിയിൽ പ്രോഗ്രാം ഹെഡ്ഢായിരിക്കെ ഒരു വർഷക്കാലം ഭംഗിയായി ആഘോഷിക്കുന്നതിന് നേതൃത്വം നൽകിയ വ്യക്തി കൂടിയാണ് ശരത്ചന്ദ്രൻ എന്ന് ഈ സന്ദർഭത്തിൽ ഓർമ്മിപ്പിക്കട്ടെ.)

സ്ഥാപനമേധാവികളും സ്ഥാപനവും ഞരുക്കിക്കളയുന്ന പ്രതിഭകളുടെ ആത്മസംഘർഷങ്ങൾ വെളിപ്പെടുത്താൻ കഴിയുന്നുവെന്നതാണ് ‘കാൺക, കടലിനെ.... കൺതുറക്കാതെ’ എന്ന നാടകത്തിന്റെ ഒരു പ്രത്യേകത.

തിക്കോടിയന് മേലധികാരി നൽകിയ മെമ്മോ എന്ന പൊതുവിവക്ഷിതത്തിൽ ഇന്നറിയപ്പെടുന്ന ഇണ്ടാസിനെ മുൻനിർത്തി ഇത്തരം സ്ഥാപന മേലധികാരികാരികളുടെ സ്വർത്ഥതയേയും അധികാര ദുർവിനിയോഗത്തേയും ദുഷ്പ്രവർത്തികളേയും അഹന്തയേയും വിവരമില്ലായ്മയേയും തുറന്നുകാട്ടുന്നു ഈ നാടകം. അങ്ങനെ താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിൻ്റെ തിന്മയെയും താൻ ഇന്ന് വഹിക്കുന്ന പദവിയേയും കൂടി വിമർശനവിധേയമായി തുറന്നുകാട്ടി, സ്വയം വിമർശനമെന്ന നിലയിൽ കൂടിയാണ് ഈ ആഖ്യാനം ശരത്ചന്ദ്രൻ നിർവ്വഹിക്കുന്നത്. ഭരണകൂടത്തേയും സ്ഥാപനവത്കരണത്തേയും വിമർശിക്കാനുള്ള ശരത്ചന്ദ്രൻ്റെ നിശ്ചയദാർഢ്യത്തിനുകാരണം, തൻ്റെ മാധ്യമത്തിലുള്ള അസാമാന്യമായ കയ്യടക്കമാണ്, പ്രതിഭയാണ്.

അവതരണത്തിന് തിക്കോടിയൻ എന്ന വിഷയം തെരഞ്ഞെടുത്തത് ഇത്തരം സാധ്യതകളുണ്ടെന്ന് അറിഞ്ഞുതന്നെയാണ്. മറ്റൊന്ന്, ഇന്ന് സംഘപരിവാർ ഭരണകാലത്ത്, ഭരണഘടന നൽകുന്ന സ്വാതന്ത്ര്യം, സമത്വം തുടങ്ങിയ മൗലികാവകാശങ്ങളും പൗരാവകാശങ്ങളുമെല്ലാം അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്കകത്ത് ഇല്ലാതാക്കപ്പെടുമ്പോൾ തിക്കോടിയൻ്റെ ജീവിതത്തിലെ സ്വാതന്ത്ര്യസമരചരിത്രത്തിലെ പങ്ക് ഓർമ്മിപ്പിച്ച്, പൗരസ്വാതന്ത്ര്യത്തെക്കുറിച്ചും മൗലികാവകാശങ്ങളെക്കുറിച്ചും ജാഗ്രത പുലർത്താനുള്ള ഓർമ്മപ്പെടുത്തലുമാണ്. അതുവഴി ഇന്ത്യൻ ഭരണകൂടത്തെയും അപ്രഖ്യാപിത അടിയന്തരാവസ്ഥയേയും തുറന്നുകാണിക്കാനും കഴിയുന്നു.

‘ഒറ്റ’ പുസ്തകപ്രകാശന ചടങ്ങിൽ കെ.വി. ശരത്ചന്ദ്രൻ സംസാരിക്കുന്നു.
‘ഒറ്റ’ പുസ്തകപ്രകാശന ചടങ്ങിൽ കെ.വി. ശരത്ചന്ദ്രൻ സംസാരിക്കുന്നു.

പ്രഖ്യാപിത ചരിത്രത്തിനകത്ത് ബോധപൂർവ്വം രൂപപ്പെടുത്തിയെടുത്ത തമോഗർത്തങ്ങളേയും വ്യാജ പ്രചരണങ്ങളേയും തുറന്നുകാണിക്കുക എന്നതാണ് മറ്റൊരു കാര്യം. തിക്കോടിയൻ കീഴരിയൂർ കേസ്സിലെ മാപ്പുസാക്ഷിയായി ഒറ്റുകാരനായി എന്ന വ്യാജ നിർമ്മിതിപോലെ, അടുത്ത കാലത്ത് മഹാത്യാഗിയായ ടി. സുബ്രഹ്മണ്യൻ തിരുമുമ്പിൻ്റെ (ടി.എസ്. തിരുമുമ്പ്) മാപ്പപേക്ഷയെ മുൻനിർത്തിയും വ്യാജ ചരിത്രനിർമ്മാതാക്കളായ ചിലർ ഒറ്റുകാരൻ്റെ മുദ്ര ചാർത്തിയത് ഈ സന്ദർഭത്തിൽ കൂട്ടിവായിക്കേണ്ടതാണ്. ടി.എസ്. തിരുമുമ്പും തിക്കോടിയനുമടക്കമുള്ളവരുടെ മഹാത്യാഗത്തെ ബോധപൂർവ്വം റദ്ദ് ചെയ്യാൻ കൃത്രിമമായി രൂപപ്പെടുത്തുന്ന വ്യാജ ചരിത്രനിർമ്മിതികളെ വസ്തുതകളിലൂടെ തുറന്നുകാട്ടാനും കഴിയുന്നു.

സ്ഥാപനമേധാവികളും സ്ഥാപനവും ഞരുക്കിക്കളയുന്ന പ്രതിഭകളുടെ ആത്മസംഘർഷങ്ങൾ വെളിപ്പെടുത്താൻ കഴിയുന്നുവെന്നതാണ് ഈ നാടകത്തിന്റെ മറ്റൊരു പ്രത്യേകത. ഇതിലൂടെ തിക്കോടിയൻ ആകാശവാണിയിലനുഭവിച്ച അന്തസ്സംഘർഷങ്ങൾ വെളിപ്പെടുത്തുന്നു. സ്വന്തം മകളോട് താൻ ജോലി ചെയ്യുന്ന ആകാശവാണിയിൽ ജോലിക്ക് ചേരരുത് എന്നു പറയുന്നത്ര വേദനാജനകമാണ് തിക്കോടിയനെ സംബന്ധിച്ച് ആ സന്ദർഭങ്ങൾ. തിക്കോടിയൻ അനുഭവിച്ച അന്തസ്സംഘർഷങ്ങൾ മറ്റൊരു പ്രകാരത്തിൽ വർക്ക് ഹോളിക്കായ കെ.വി. ശരത്ചന്ദ്രനും അനുഭവിക്കുന്നുണ്ട്. അങ്ങനെ, തന്റെ ഔദ്യോഗിക ജീവിതം കൂടി അവതരിപ്പിക്കാനാണ്, തിക്കോടിയനെത്തന്നെ ആഖ്യാനവിഷയമായി തെരഞ്ഞെടുക്കുന്നത്. തിക്കോടിയൻ വിരമിച്ച് കൃത്യം 50 വർഷം തികയുമ്പോഴാണ് ശരത്ചന്ദ്രൻ വിരമിക്കുന്നത് എന്ന പ്രത്യേകതയും യാദൃച്ഛികമായി സംഭവിക്കുന്നുണ്ട്.

പി. ഭാസ്കരൻ, ഉറൂബ്, തിക്കോടിയൻ, കെ. രാഘവൻ എന്നിവരുടെ മഹത്തായ പാരമ്പര്യത്തെ ഓർമ്മിപ്പിച്ച്, പിൽക്കാലത്ത് ജോലി ചെയ്ത എൻ.എൻ. കക്കാട്, കെ.എ. കൊടുങ്ങല്ലൂർ, അക്കിത്തം, ഖാൻ കാവിൽ, പി. ഉദയഭാനു, കെ.എം. നരേന്ദ്രൻ തുടങ്ങിയ പ്രതിഭകൾ കൂടി രൂപപ്പെടുത്തിയെടുത്തതാണ് കോഴിക്കോട് ആകാശവാണിയുടെ വ്യക്തിത്വം എന്ന് ഔദ്യോഗിക പദവിയിലും ബ്യൂറോക്രാറ്റിക് ജാഡകളിലും അഭിരമിക്കുന്ന സഹപ്രവർത്തകരെയും പൊതുസമൂഹത്തെയും ഓർമ്മിപ്പിക്കുന്നുണ്ട് ഈ നാടകം. ഒപ്പം, പദവികളുടേയും പകിട്ടുകളുടെയും പെരുമയുടേയും ആലഭാരങ്ങളൊന്നുമില്ലാതെ സാധാരണ മനുഷ്യരോടുള്ള തുല്യതാബോധത്തിലധിഷ്ഠിതമായ ഇടപെടലുകളുടെ ഓർമ്മപ്പെടുത്തൽ.

പി. ഭാസ്കരൻ, ഉറൂബ്, തിക്കോടിയൻ, കെ. രാഘവൻ, എൻ.എൻ. കക്കാട്, കെ.എ. കൊടുങ്ങല്ലൂർ, അക്കിത്തം, ഖാൻ കാവിൽ, പി. ഉദയഭാനു, കെ.എം. നരേന്ദ്രൻ തുടങ്ങിയ പ്രതിഭകൾ രൂപപ്പെടുത്തിയെടുത്തതാണ് കോഴിക്കോട് ആകാശവാണിയുടെ വ്യക്തിത്വം.

‘കരളെരിഞ്ഞാലും തല പുകഞ്ഞാലും ചിരിക്കണമതേ വിദൂഷകധർമ്മം’ എന്ന് സഞ്ജയൻ പറഞ്ഞതുപോലെ, സുഹുത്തുക്കളെ, ലോകത്തെ മുഴുവൻ ചിരിപ്പിച്ച മനുഷ്യൻ്റെയുള്ളിലെ തേങ്ങൽ ഈ ആഖ്യാനത്തിൽ വ്യക്തമാണ്. സുഖാസക്തികൾക്കായി സ്വന്തം മക്കളെപ്പോലും ഉപേക്ഷിക്കുകയോ കൊലപ്പെടുത്തുകയോ ചെയ്യുന്ന സമകാലിക സമൂഹത്തിനെ, രണ്ടു വയസ്സിലേ അമ്മ നഷ്ടപ്പെട്ട പെൺകുട്ടിക്ക് അച്ഛനു പുറമേ അമ്മയുമായി സ്വയം സമർപ്പിച്ച തിക്കോടിയൻ്റെ ത്യാഗത്തേയും നന്മയേയും ഓർമ്മിപ്പിക്കൽ. ഇതിനൊക്കെ അപ്പുറം, അങ്ങേയറ്റം അടുപ്പം സൂക്ഷിച്ച മകൾ തൻ്റെ പ്രണയം, വിവാഹം എന്നീ നിർണ്ണായക തീരുമാനങ്ങൾ അച്ഛനിൽനിന്ന് മറച്ചുവെച്ചതും അത് മറ്റുള്ളവർ പറഞ്ഞ് അറിയേണ്ടിവരികയും ചെയ്ത നിസ്സഹായാവസ്ഥ. അത്രയേറെ അടുപ്പമുണ്ടായിട്ടും ജീവിതം തന്നെ സമർപ്പിച്ചിട്ടും അച്ഛനെ മനസ്സിലാക്കാതെ പോയ മകളുടെ അവസ്ഥ. ഇങ്ങനെ അസംഖ്യം കാരണങ്ങൾ തിക്കോടിയൻ എന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രചയിതാവിന് പറയാനുണ്ടാവും.

കെ.വി ശരത്ചന്ദ്രന്റെ യൂണിവേഴ്സിറ്റി പഠനകാലത്ത് ഒ.വി.വിജയനൊടൊപ്പം. വിജു നായരങ്ങാടി, പി. സുരേന്ദ്രൻ, സി.ജെ. ജോർജ് എന്നിവരെയും കാണാം.
കെ.വി ശരത്ചന്ദ്രന്റെ യൂണിവേഴ്സിറ്റി പഠനകാലത്ത് ഒ.വി.വിജയനൊടൊപ്പം. വിജു നായരങ്ങാടി, പി. സുരേന്ദ്രൻ, സി.ജെ. ജോർജ് എന്നിവരെയും കാണാം.

മരണത്തെക്കുറിച്ചുള്ള മലയാള സാഹിത്യത്തിലെ മികച്ച ആഖ്യാനങ്ങളിലൊന്ന്, ഭാര്യയുടെ മരണത്തെക്കുറിച്ച് ഏറ്റവും കുറഞ്ഞ വാക്കുകളിൽ ആത്മകഥയായ ‘അരങ്ങുകാണാത്ത നടനി’ൽ തിക്കോടിയൻ കോറിയിട്ടതാണ്. ഈ ആത്മകഥയിൽനിന്നുള്ള പാർവ്വതിടീച്ചറുടെ മരണം ആഖ്യാനം ചെയ്താണ് നാടകം ആരംഭിക്കുന്നത്.

ഇതിനൊക്കെയുള്ള ഉപാധിയെന്ന നിലയിൽ വളരെ ബോധപൂർവ്വമാണ് തിക്കോടിയനെ ഈ ആഖ്യാനത്തിൽ അവതരിപ്പിക്കുന്നത്. പ്രധാന കഥാപാത്രങ്ങൾക്കു പുറമേ തിക്കോടിയനുമായി ബന്ധപ്പെട്ട കടലവില്പനക്കാരൻ, കൊടുവള്ളി ബാലൻ, ഹംസ തുടങ്ങി മറ്റു മനുഷ്യരുമായുള്ള ആത്മബന്ധം- ഇങ്ങനെ ബന്ധങ്ങളുടെയും സൗഹൃദങ്ങളുടെയും ഇഴയടുപ്പം. വൈകാരികമായ ഒട്ടേറെ മുഹൂർത്തങ്ങൾ ഈ ആഖ്യാനത്തിലുണ്ട്.

ആകാശവാണി പോലെ ഒരു ജനപ്രിയമാധ്യമത്തിൽ ജോലി ചെയ്ത്, ആ മാധ്യമത്തിനാവശ്യമായ ആഖ്യാനവും ആവിഷ്കാരവും നടത്തുമ്പോഴും അത്തരത്തിലൊരു ജനപ്രിയത ശരത്ചന്ദ്രൻ ആഗ്രഹിക്കുന്നേയില്ല.

സാധാരണ തൻ്റെ മറ്റ് രചനകളും ആവിഷ്കാരങ്ങളും ശരത്ചന്ദ്രൻ സമകാലിക സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട ഒരു കൊളുത്തിലാണ് രൂപപ്പെടുത്തിയെടുക്കാറ്. എന്നാൽ അവയിൽനിന്നെല്ലാം വ്യത്യസ്തമായി ഈ ആഖ്യാനത്തിൽ അത്തരമൊരു സമകാലിക സന്ദർഭം പ്രകടമായി ഉപയോഗപ്പെടുത്തുന്നേയില്ല. എന്നാൽ മൗലികാവകാശങ്ങളും പൗരസ്വാതന്ത്ര്യവുമടക്കമുള്ള ഒട്ടേറെ വർത്തമാനകാല രാഷ്ട്രീയ സന്ദിഗ്ധതകൾ ആഖ്യാനത്തിൽ അന്തർലീനമാണ് താനും. അതുകൊണ്ടുതന്നെ ശരത്ചന്ദ്രൻ്റെ മറ്റു രചനകളിൽനിന്ന് അത്യന്തം ഭിന്നമാണ് ഈ നാടകം.

മെലോഡ്രാമയാക്കി മാറ്റി ശ്രോതാക്കളെ കയ്യിലെടുക്കാൻ കഴിയുന്ന ഓരോ ചടുല മുഹൂർത്തങ്ങളും അങ്ങനെയായിത്തീരാൻ അല്പം പോലും അനുവദിക്കാതെ, ഏറ്റവും സർഗ്ഗാത്മകമായി ആവിഷ്കരിച്ച് ഉജ്ജ്വലമാക്കി മാറ്റുന്നുവെന്നതാണ് ഈ നാടകത്തിന്റെ പ്രത്യേകത. ഇത് കെ.വി ശരത്ചന്ദ്രൻ്റെ രചനയുടെ ആന്തരസത്തയുടെ ഉൾബലത്താൽ സഹജമായി സംഭവിക്കുന്നതാണ്. അഴുകിയ പൾപ്പായിത്തീരാൻ തൻ്റെ രചനയേയും ആവിഷ്കാരത്തേയും അയാൾ അനുവദിക്കുന്നേയില്ല. ആകാശവാണി പോലെ ഒരു ജനപ്രിയമാധ്യമത്തിൽ ജോലി ചെയ്ത്, ആ മാധ്യമത്തിനാവശ്യമായ ആഖ്യാനവും ആവിഷ്കാരവും നടത്തുമ്പോഴും അത്തരത്തിലൊരു ജനപ്രിയത ശരത്ചന്ദ്രൻ ആഗ്രഹിക്കുന്നേയില്ല. മറിച്ച് തൻ്റെ രചനകളുടെയും ആവിഷ്കാരങ്ങളുടേയും സർഗ്ഗാത്മകമായ പേശീബലം കൊണ്ടും വ്യത്യസ്തത കൊണ്ടും സ്വീകരിക്കപ്പെടാനാണ് ശരത്ചന്ദ്രനും ആഗ്രഹിക്കുന്നത്.

കെ.വി ശരത്ചന്ദ്രൻ. PHOTO/ KAMALRAM SAJEEV
കെ.വി ശരത്ചന്ദ്രൻ. PHOTO/ KAMALRAM SAJEEV

തിക്കോടിയൻ, ഉറൂബ്, കെ. രാഘവൻ എന്നിവരുടെ ശബ്ദം ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) ഉപയോഗിച്ച് പുനഃസൃഷ്ടിച്ചുവെന്നതുകൊണ്ടു മാത്രമല്ല ‘കാൺക, കടലിനെ .... കൺതുറക്കാതെ’ എന്ന നാടകം മലയാള നാടക / റേഡിയോ നാടക ആവിഷ്‌കാരത്തിലെ നാഴികക്കല്ലായി മാറുന്നത്. അത്തരത്തിലുള്ള ആദ്യ നാടകമാണെങ്കിലും അവരുടെ യഥാർത്ഥ ശബ്ദത്തിൻ്റെ പുനഃസൃഷ്ടിയിലൂടെ വീണ്ടെടുത്ത സംഭാഷണരീതി സാധാരണ നാടകങ്ങളിൽ കണ്ടുവരാത്ത രീതിയിലുള്ള, തീർത്തും സഹജവും സ്വാഭാവികവുമായ ഡയലോഗ് ഡെലിവറി സാധ്യമാക്കിയിരിക്കുന്നു. ശബ്ദത്തിൻ്റെ ബാസ്സും വ്യതിയാനവും ഉപയോഗിച്ച് സുഷ്ടിക്കുന്ന അതിഭാവുകത്വം, അതിവൈകാരികത തുടങ്ങിയ കൃത്രിമത്വങ്ങളെ പുറംതള്ളി സാധാരണ മട്ടിൽ മനുഷ്യർ പെരുമാറുകയും സംസാരിക്കുകയും ചെയ്യുന്ന രീതിയിൽ സന്നിവേശിപ്പിക്കാൻ സാധിച്ചിരിക്കുന്നു. അതിനായി പശ്ചാത്തല സംഗീതം (BGM) പോലും അങ്ങേയറ്റം ലഘുകരിച്ച് നിജപ്പെടുത്തിയിട്ടുണ്ട്. ഇത് നിലനിൽക്കുന്ന നാടക / റേഡിയോ നാടകരംഗം അനുവർത്തിച്ചുവരുന്ന സാമ്പ്രദായികരീതിയെ അട്ടിമറിച്ച് പുതിയ അവതരണം സാധ്യമാക്കിയിരിക്കുന്നു.

ഇത്തരത്തിൽ സഹജവും സ്വാഭാവികവുമായി പെരുമാറുകയും സംസാരിക്കുകയും ചെയ്യുക എന്നത് പൊതുവേ നാടകാഭിനയത്തിൽ, അങ്ങേയറ്റം അതിഭാവുകത്വവും അതിവൈകാരികതയും ഒഴിവാക്കിയ നാടകങ്ങളിൽപ്പോലും അസാധ്യമാണ്. ശബ്ദത്തിൻ്റെ നേർമ്മതയും ഘനവും പരിവർത്തനപ്പെടുത്തി രൂപപ്പെടുത്തിയടുത്ത വികാരങ്ങളുടെ വ്യതിയാനത്തിലൂടെയുള്ള വിനിമയ രീതിയെയാണ് ഈ പരീക്ഷണത്തിലൂടെ ശരത്ചന്ദ്രൻ പൊളിച്ചെഴുതുന്നത്. അഭിനയിക്കുന്നുന്നവെന്ന തോന്നൽ കേൾവിക്കാർക്ക് ഒരിക്കലും അനുഭവപ്പെടില്ല. ഈയൊരു പൊളിച്ചെഴുത്തിനാണ് AI സാങ്കേതികവിദ്യയെ ശരത്ചന്ദ്രൻ ഉപയോഗിച്ചിരിക്കുന്നത്.

ആദ്യകാല ഗായിക ആലപ്പുഴ പുഷ്പയോടൊപ്പം കെ.വി. ശരത്ച​ന്ദ്രൻ. സംഗീത ഗവേഷകൻ ബി.വിജയകുമാർ സമീപം.
ആദ്യകാല ഗായിക ആലപ്പുഴ പുഷ്പയോടൊപ്പം കെ.വി. ശരത്ച​ന്ദ്രൻ. സംഗീത ഗവേഷകൻ ബി.വിജയകുമാർ സമീപം.

പൊതുവേ, ബയോ സ്കെച്ച് നമ്മുടെ റേഡിയോ നാടകങ്ങളിൽ തീരെ ഇടം പിടിക്കാത്തവയാണ്. സ്റ്റേജ് നാടകങ്ങളിൽ പോലും അപൂർവം. ഇവിടെ തിക്കോടിയൻ്റെ ജീവിതത്തിലെ ചില മുഹൂർത്തങ്ങൾ മാത്രം അവതരിപ്പിച്ച്, സർഗ്ഗാത്മകതയുള്ള ഒരു മനുഷ്യൻ്റെ വ്യക്തിപരവും ഗാർഹികവും തൊഴിൽപരവും സാമൂഹ്യവും രാഷ്ട്രീയവുമായ ഏർപ്പെടലുകളും അവ ഉളവാക്കുന്ന സംഘർഷങ്ങളും സങ്കീർണ്ണതകളും അങ്ങനെയുണ്ടെന്നു തോന്നിക്കാത്ത വിധം ലാളിത്യത്തോടെ ആവിഷ്കരിക്കുകയാണ്. സമാന അനുഭവങ്ങളിലൂടെ കടന്നുപോകുന്നവരിലേക്കും അത് സംക്രമിക്കുന്നുണ്ട്. വൈകാരികതയിലൂടെയോ അതിവൈകാരികതയിലൂടെയോ വെർബൽ ഡയേരിയയിലൂടെയോ അല്പം പോലും കടത്തിവിടാതെ വൈകാരികമായ മുഹൂർത്തങ്ങൾ സംഭവങ്ങളുടെ സഹജമായ ആവിഷ്കാരത്തിലൂടെയും സ്വാഭാവികമായ സംഭാഷണങ്ങളിലൂടെയും പകരാൻ കഴിയും എന്നും ഈ നാടകം അനുഭവപ്പെടുത്തുന്നു.

ആകാശവാണിയിലെ ഔദ്യാഗിക ജീവിതത്തിൽനിന്ന് വിരമിക്കുമ്പോൾ, താൻ ചെയ്ത കാര്യങ്ങളെ സൈദ്ധാന്തികമായി അവതരിപ്പിക്കാനുള്ള ഉപാധിയായിക്കൂടിയാണ് ശരത്ചന്ദ്രൻ തിക്കോടിയൻ്റെ ജീവിതത്തെ തന്റെ ഔദ്യോഗിക ജീവിതത്തിലെ അവസാന രചനയുടെ വിഷയമായി തെരഞ്ഞെടുത്തിട്ടുണ്ടാകുക.

‘കാൺക, കടലിനെ.... കൺതുറന്ന്’ എന്ന ശീർഷകം, ആഖ്യാനത്തിൽ കടന്നുവരുന്നത് മൂന്നിടത്താണ്. ബാലികയായ മകളോടുള്ള തിക്കോടിയൻ്റ പ്രതികരണത്തെ മുൻനിർത്തിയിലുള്ള വിശദീകരണമാണ് ഒന്ന്. റേഡിയോ നാടകങ്ങളുടെ ഔദ്യോഗികമായ ഉത്തരവാദിത്തത്തിലേക്ക് മാറുന്ന ആകാശവാണി സ്റ്റാഫായ അതേ മകൾക്ക് തിക്കോടിയൻ നൽകുന്ന ഉപദേശത്തിലാണ് മറ്റൊരു തവണ. ഒടുവിൽ, തിക്കോടിയൻ്റെ മരണാനന്തരം കൺതുറക്കാതെ കണ്ടനുഭവിക്കാൻ കഴിയുന്ന മഹാസാഗരമായി അച്ഛനെ അനുഭവിക്കുന്ന മകളുടെ പ്രതികരണത്തിലും. ഇവയെല്ലാം താൻ എന്താണ് റേഡിയോ നാടകങ്ങളിലൂടെ അവതരിപ്പിക്കാൻ ഉദ്ദേശിച്ചത്, എന്താണ് ശ്രോതാക്കളെ അനുഭവിപ്പിക്കാൻ ശ്രമിച്ചത് എന്നതിൻ്റെതന്നെ വിശദീകരണങ്ങളാണ്. ആ നിലയ്ക്ക് തൻ്റെ രചനകളുടെ സൈദ്ധാന്തിക അടിത്തറ കൂടി വിശദീകരിക്കുകയാണ്, ‘കാൺക, കടലിനെ.... കൺതുറക്കാതെ’ എന്ന പ്രസ്താവനയിലൂടെ, ശരത്ചന്ദ്രൻ.

ഒരുപക്ഷേ, ആകാശവാണിയിലെ ഔദ്യാഗിക സ്ഥാനങ്ങളിലും ചട്ടക്കൂടുകൾക്കും അകത്തിരുന്ന്, ആ ജീവിതത്തിൽ നിന്ന് വിരമിക്കുമ്പോൾ, താൻ ചെയ്ത കാര്യങ്ങളെ സൈദ്ധാന്തികമായി അവതരിപ്പിക്കാനുള്ള ഉപാധിയായിക്കൂടിയാണ് ശരത്ചന്ദ്രൻ തിക്കോടിയൻ്റെ ജീവിതത്തെ തന്റെ ഔദ്യോഗിക ജീവിതത്തിലെ അവസാന രചനയുടെ വിഷയമായി തെരഞ്ഞെടുത്തിട്ടുണ്ടാകുക. തൻ്റെ തൊഴിലിടത്തെ അങ്ങേയറ്റം സർഗ്ഗാത്മകമാക്കി മാറ്റിയ ഒരാൾക്ക്, പടിയിറങ്ങുമ്പോൾ അവതരിപ്പിക്കാനുള്ള അവസാന സൊനാറ്റയായി ഈ ഹംസഗാനം മാറുന്നു. ഈ ആവിഷ്കാരം വായിച്ചു / ശ്രദ്ധിച്ചു കഴിയുമ്പോൾ കണ്ണടച്ച് അകലെ എവിടെയോ ഉളള കടലിനെ, അതിലെ ഓരോ നുരയും തിരയും ചുഴിയുമടക്കം, മഹത്തായ ഒരു പിയാനോ വായനയിലെന്നപോലെ, വിശദാശംങ്ങളോടെ, ഓരോ ശ്രോതാവും സ്വന്തം ഭാവനയിൽ അനുഭവിച്ചുകൊണ്ടേയിരിക്കുകയാവും; ഈ ഞാനും.

(അവസാനിച്ചു).

പി. സുശീലയും കെ.വി. ശരത് ചന്ദ്രനും ‘ഗാനലോകവീഥികളിൽ’ എന്ന ചലച്ചിത്രസംഗീതചരിത്രപരമ്പരയുടെ ശബ്ദലേഖനവേളയിൽ.
പി. സുശീലയും കെ.വി. ശരത് ചന്ദ്രനും ‘ഗാനലോകവീഥികളിൽ’ എന്ന ചലച്ചിത്രസംഗീതചരിത്രപരമ്പരയുടെ ശബ്ദലേഖനവേളയിൽ.
യേശുദാസിനൊപ്പം കെ.വി. ശരത് ചന്ദ്രൻ. ഷിജോ മാനുവൽ, ബി.വിജയകുമാർ എന്നിവർ സമീപം.
യേശുദാസിനൊപ്പം കെ.വി. ശരത് ചന്ദ്രൻ. ഷിജോ മാനുവൽ, ബി.വിജയകുമാർ എന്നിവർ സമീപം.
കെ.വി. ശരത് ചന്ദ്രൻ, നടൻ തിലകൻ, ഡോ. സി.ജെ. ജോൺ എന്നിവർ ‘ഒറ്റ’ എന്ന നാടകത്തിന്റെ ശബ്ദലേഖനവേളയിൽ.
കെ.വി. ശരത് ചന്ദ്രൻ, നടൻ തിലകൻ, ഡോ. സി.ജെ. ജോൺ എന്നിവർ ‘ഒറ്റ’ എന്ന നാടകത്തിന്റെ ശബ്ദലേഖനവേളയിൽ.
വി.ടി. കുമാരൻ പുരസ്കാരം ഖദീജ മുംതാസിൽനിന്ന് കെ.വി. ശരത് ചന്ദ്രൻ സ്വീകരിക്കുന്നു.
വി.ടി. കുമാരൻ പുരസ്കാരം ഖദീജ മുംതാസിൽനിന്ന് കെ.വി. ശരത് ചന്ദ്രൻ സ്വീകരിക്കുന്നു.
കെ.വി ശരത്ചന്ദ്രൻ ന്യൂദൽഹിയിൽ ആകാശവാണി ദേശീയ പുരസ്കാര ചടങ്ങിൽ.
കെ.വി ശരത്ചന്ദ്രൻ ന്യൂദൽഹിയിൽ ആകാശവാണി ദേശീയ പുരസ്കാര ചടങ്ങിൽ.
മാമുക്കോയക്കൊപ്പം കെ.വി. ശരത്ചന്ദ്രൻ.
മാമുക്കോയക്കൊപ്പം കെ.വി. ശരത്ചന്ദ്രൻ.
അന്തരിച്ച ഗായകൻ എം. കുഞ്ഞിമൂസയോടൊപ്പം കെ.വി. ശരത്ചന്ദ്രനും വി.ടി. മുരളിയും.
അന്തരിച്ച ഗായകൻ എം. കുഞ്ഞിമൂസയോടൊപ്പം കെ.വി. ശരത്ചന്ദ്രനും വി.ടി. മുരളിയും.

കൂത്ത് / കൂടിയാട്ട കലാകരൻ മാണി വാസുദേവചാക്യാരും കെ.വി. ശരത് ചന്ദ്രനും.
കൂത്ത് / കൂടിയാട്ട കലാകരൻ മാണി വാസുദേവചാക്യാരും കെ.വി. ശരത് ചന്ദ്രനും.
കോഴിക്കോട് ആകാശവാണിയിൽ, നിലയം ആരംഭിച്ച 1950-ൽ തന്നെ സ്ക്രിപ്റ്റ് റൈറ്റർമാരായി ചേർന്ന ഉറൂബും (വലത്), തിക്കോടിയനും (ഇടത്). അന്ന് പ്രോഗ്രാം അസിസ്റ്റൻ്റും പിൽക്കാലത്ത് ദീർഘകാലം പോർട്ട് ബ്ലയർ നിലയത്തിൻ്റെ ഡയറക്ടറുമായിരുന്ന പി. പുരുഷോത്തമൻ നായരാണ് നടുവിൽ. Photo Courtesy -ഡി. പ്രദീപ്കുമാർ
കോഴിക്കോട് ആകാശവാണിയിൽ, നിലയം ആരംഭിച്ച 1950-ൽ തന്നെ സ്ക്രിപ്റ്റ് റൈറ്റർമാരായി ചേർന്ന ഉറൂബും (വലത്), തിക്കോടിയനും (ഇടത്). അന്ന് പ്രോഗ്രാം അസിസ്റ്റൻ്റും പിൽക്കാലത്ത് ദീർഘകാലം പോർട്ട് ബ്ലയർ നിലയത്തിൻ്റെ ഡയറക്ടറുമായിരുന്ന പി. പുരുഷോത്തമൻ നായരാണ് നടുവിൽ. Photo Courtesy -ഡി. പ്രദീപ്കുമാർ
പി. ഭാസ്‌കരനും തിക്കോടിയനും ഉറൂബും കെ. രാഘവനും അടക്കമുള്ളവർ ജോലി ചെയ്തിരുന്ന കോഴിക്കോട്ടെ പഴയ ആകാശവാണി കെട്ടിടം.
പി. ഭാസ്‌കരനും തിക്കോടിയനും ഉറൂബും കെ. രാഘവനും അടക്കമുള്ളവർ ജോലി ചെയ്തിരുന്ന കോഴിക്കോട്ടെ പഴയ ആകാശവാണി കെട്ടിടം.
തിക്കോടിയൻ, തൃശൂർ പി. രാധാകൃഷ്ണൻ, കോന്നിയൂർ ആർ. നരേന്ദ്രനാഥ്, പി ഭാസ്കരൻ, ജാനകി മേനോൻ, കെ. വി. രാമചന്ദ്ര: പഴയൊരു ആകാശവാണിക്കാലം.
തിക്കോടിയൻ, തൃശൂർ പി. രാധാകൃഷ്ണൻ, കോന്നിയൂർ ആർ. നരേന്ദ്രനാഥ്, പി ഭാസ്കരൻ, ജാനകി മേനോൻ, കെ. വി. രാമചന്ദ്ര: പഴയൊരു ആകാശവാണിക്കാലം.

Summary: A comprehensive study of K.V. Sarathchandran's radio plays: N. Santhoshkumar writes. Part 3


എൻ. സന്തോഷ്​കുമാർ

എഴുത്തുകാരൻ, വിവർത്തകൻ, അധ്യാപകൻ. സാഹിത്യം: അധികാരവും സംസ്കാരവും, അജ്ഞാനദേശങ്ങളുടെ ആഖ്യാനങ്ങൾ, ഭാവനയുടെ കോളനികൾ, ജോൺ എബ്രഹാമിന്റെ കയ്യൂർ (എഡിറ്റർ), നോവൽ പഴമ സീരീസ്: മലയാളത്തിലെ 19-ാം നൂറ്റാണ്ടിലെ നോവലുകളുടെ സമഗ്രത എന്നിവ പ്രധാന പുസ്​തകങ്ങൾ.

Comments