പ്രകൃതിയോട് ഇണങ്ങി ജീവിക്കുക എന്നതൊരു ആദർശമാണെന്ന് പറയാനാവില്ല. പ്രയോഗത്തിലെത്താൻ പ്രയാസമായത് എന്നുകൂടിയാണ് ആദർശം എന്ന് ഇടശ്ശേരി എഴുതിയത് ഓർക്കുന്നു. ആഹ്വാനവുമല്ല അത്. അതിന് വേണമെങ്കിൽ നിവൃത്തികേട് എന്നും പറയാം. മറ്റൊരു ഗതിയുമില്ലാത്തതിന്റെ, മറ്റൊരു തെരഞ്ഞെടുപ്പില്ലാത്തതിന്റെ അവസ്ഥയാണത്. അതുകൊണ്ട് പ്രകൃതിയിലേക്ക് മടങ്ങുക എന്നത് സാമാന്യാർഥങ്ങളിൽ തന്നെ അംസംബന്ധമാണ്. കാരണം അതല്ലാതെ ഒരു സാധ്യത പ്രകൃതിയിൽ ഒന്നിനുമില്ല. മാത്രമല്ല മടങ്ങാൻ പ്രകൃതിയിൽ നിന്ന് ആരും പുറത്തുപോകുന്നുമില്ല. മനുഷ്യനിൽ നിന്ന് വ്യത്യസ്തമായ ഒന്നായി പ്രകൃതിയെ കാണുന്നതിന്റെ പന്തികേട് ഈ ആലോചനയിലുണ്ട്. വീടിനെ സംബന്ധിച്ചും സമാനമാണ് കാര്യങ്ങൾ. വീട് നാം നമുക്കായി പണിയുന്നതാണ്. അതിൽനിന്ന് പുറത്തുപോവുകയോ തിരികെ വരികയോ ചെയ്യാം. വീടിനെ ചുറ്റിപ്പറ്റി അതിനോട് ഇണങ്ങി ജീവിക്കുകയും ചെയ്യാം. വീട്ടിലേക്ക് മോശം മാനസികാവസ്ഥയിൽ തിരിച്ചെത്തുന്ന ചെറുപ്പക്കാരനായ ഒരാൾക്ക് എന്തൊക്കെ ചെയ്യാനാവും എന്നതും അയാൾ ചെയ്യുന്നത് എങ്ങനെയാണ് സാർഥകമായി പരിവർത്തിക്കപ്പെടുന്നത് എന്നും കണ്ടിരുന്നുപോവുകയാണ് ലോങ് ടേക്സ് എന്ന സിനിമാനുഭവം. IEFFK-യുടെ ഏഴാംപതിപ്പിലെ വ്യത്യസ്തമായ ആനന്ദാനുഭവമായിരുന്നു ലോങ് ടേക്സ്.
ഡോൺ ആൻ്റണി കുഴമറിഞ്ഞതും വിഷാദം നിറഞ്ഞതുമായ മാനസികനിലയിലാണ് സ്വന്തം വീട്ടിലേക്ക് തിരികെ വരുന്നത്. മധ്യവയസ്സ് പിന്നിട്ട അപ്പനും അമ്മയുമാണ് അവിടെയുള്ളത്. ചുറ്റും റബർ മരങ്ങളുള്ള ഉയർന്ന ഒരു പ്രദേശത്തെ ഒറ്റപ്പെട്ട വീടാണത്. അയാൾ വീട്ടിലേക്ക് എത്തുന്നതോടെ മഴക്കാലവും എത്തുന്നു. ഒന്നും ചെയ്യാനാവാത്ത അവസ്ഥ. സിനിമക്കാരനാകാൻ കൊതിക്കുന്ന ഡോണിന് സ്വന്തം സ്മാർട്ട് ഫോണിൽ ചുറ്റുമുള്ളതെല്ലാം പകർത്തുക എന്ന ഒരു പരീക്ഷണം മാത്രമേ തോന്നിയുള്ളൂ. പുറത്തിറങ്ങാൻ അനുവദിക്കാതെ മഴ പെയ്യുന്നതിനാൽ അയാൾ വീട്ടകം ഷൂട്ട് ചെയ്യുന്നു. ക്യാമറയിൽ അമ്മയും അപ്പനും അവരുടെ ചൂടും സ്നേഹവുംപറ്റി കഴിഞ്ഞുകൂടുന്ന രണ്ട് പൂച്ചകളും ഒരു നായയുമെല്ലാം നടീനടന്മാരാകുന്നു. തുടർച്ചയായ ചിത്രീകരണമായതുകൊണ്ട് സംഭവിക്കുന്നതെല്ലാം സ്വാഭാവികമാകുന്നു, ടേക്കെല്ലാം ലോങ്ങാകുന്നു. ഒടുവിൽ ഷൂട്ട് ചെയ്ത പരശതം മണിക്കൂറുകളിൽനിന്ന് കുറച്ചുഭാഗം അയാൾ എഡിറ്റ് ചെയ്തെടുക്കുന്നു. അതാണ് അക്ഷരാർഥത്തിൽ പരിപൂർണപരീക്ഷണമായി മാറിയ ലോങ് ടേക്സ് എന്ന സിനിമ.

സിനിമയുടെ കാഴ്ചാനുഭവം പക്ഷെ ഇതിനേക്കാൾ ലളിതമായിരുന്നു എന്നതാണ് വസ്തുത. ശാന്തമായും സ്വസ്ഥമായും ഒരു വീട്ടിലെ ദിനചര്യകൾ നാം കാണുന്നു. മനുഷ്യർ, തിര്യക്കുകൾ എന്ന വ്യത്യാസം ആദ്യ മിനിറ്റുകളിൽതന്നെ അപ്രസക്തമാകുന്നു. പൂച്ചയും പൂമ്പാറ്റയും പട്ടിയും മഴയുംവരെ കാണിയും സംവിധായകനും ഒന്നായിത്തീരുന്ന സ്ക്രീനിലെത്തി മനോഹരമായി ജീവിക്കുന്നു. മനുഷ്യർ മലയാളത്തിൽ ചോദിക്കുന്ന ചോദ്യങ്ങൾക്ക് പൂച്ചകൾ അവരുടെ ഭാഷയിൽ മറുപടി പറയുന്നു. ദൃശ്യങ്ങൾ കാണുകയാണോ അനുഭവിക്കുകയാണോ അതോ നമ്മൾതന്നെ ഷൂട്ട് ചെയ്തെടുക്കുകയാണോ എന്നൊന്നും വേർതിരിച്ചറിയാൻ കഴിയാത്തവിധം കാണിയും ടേക്സ് എടുത്ത് മുന്നേറുമ്പോൾ മറ്റൊരു പട്ടികൂടി വീട്ടിലെത്തുന്നു. പതിയെ അവനും ആ വീടിന്റെ, പ്രകൃതിയുടെ ലയത്തിലേക്ക് കണ്ണിചേരുന്നു.
പ്രത്യേകിച്ചൊരു കഥയോ സ്ക്രിപ്റ്റോ സംഭാഷണമോ രൂപമോ ഇല്ലാതെ തുടർച്ചയായുള്ള ചില ടേക്കുകൾ ഒരു സിനിമാരൂപവും ഭാവവും നിർമ്മിച്ചെടുക്കുന്നതാണ് ലോങ് ടേക്സ് എന്ന് പറയാം. മറ്റൊരർഥത്തിൽ സ്വയംഭൂവായ സിനിമ എന്നും. കാരണം ആ വിഷ്വലുകൾ കാണിയിൽ വ്യത്യസ്തമായ കഥകളും ഓർമ്മകളും അനുഭവങ്ങളും നിർമ്മിച്ചെടുക്കുകയാണ്. അതിനാൽ കാണുന്ന ഓരോരുത്തരും ഓരോ സിനിമയായി അതിനെ എഡിറ്റ് ചെയ്തെടുക്കുകയാണ്. അതായത് സിനിമയുടെ ഫസ്റ്റ് കട്ട് മാത്രമാണ് ഡോണിൻ്റേത്. ബാക്കി പ്രേക്ഷകരാണ് സ്വേച്ഛയാൽ ചെയ്യുന്നത്. സിനിമ എഡിറ്റിങ്ങിന്റെ കലയാണ് എന്നതുപോലെ കാണിയുടെ കലയുമാണ് എന്ന് ലോങ് ടേക്സ് തെളിയിക്കുന്നു.
തിര്യക്കുകളാണ് സിനിമയിലെ പ്രധാന ഘടകങ്ങൾ. പൂച്ചകളും പട്ടികളും. വന്നുപോകുന്ന ചിത്രശലഭങ്ങളും പാറ്റകളുമെല്ലാം സ്വധർമ്മം നടിച്ചെന്നോണം പിൻവാങ്ങുന്നുണ്ട്. സജീവ സാന്നിധ്യങ്ങൾ പൂച്ചകളാണ്. അവർക്ക് സമയാസമയം തീറ്റ കൊടുത്തും കൊഞ്ചിച്ചും ഉപദേശിച്ചും ഡോണിന്റെ അമ്മ സ്വാഭാവികമായി അഭിനയിക്കുകയും ജീവിക്കുകയുമാണ്. അപ്പൻ ഇടയ്ക്ക് പൂച്ചകളെ തിരയുകയും കാണാതെ വിഷമിക്കുകയുമൊക്കെ ചെയ്ത് അമ്മയോട് പങ്കുചേരുന്നു. വീടിന്റെ പുറമാകട്ടെ ഇരുണ്ടും മഴയാൽ നനഞ്ഞും അതിന്റെ മറ്റൊരു ഋതുവിനെ അറിയുകയാണ്.

ലോങ് ടേക്സ് വാചാലതയില്ലാത്ത ഒരു സിനിമയാണ്. ഒരുപക്ഷെ സ്ഥൂലത്തിൽ ഒന്നും പറയാത്ത സിനിമ. സൂക്ഷ്മത്തിലാണ് സിനിമയുടെ സംവേദവും ദർശനവും. അതാകട്ടെ നേരത്തേ സൂചിപ്പിച്ചതുപോലെ പ്രതിജനഭിന്നവിചിത്രമായേക്കും. ചിലർക്ക് സ്വന്തം ജീവിതത്തിലേക്കുള്ള സ്മരണായനമോ ഗൃഹാതുരതയോ ആവാം അത്. മറ്റു ചിലർക്ക് നേരിയ വിഷാദമോ കുറ്റബോധമോ ആവാം. ഇനിയും ചിലർക്ക് സ്വയം തെളിഞ്ഞുകാണാവുന്ന കണ്ണാടിയായും മാറാം. ഭൂമിയുടെ അവകാശികൾ എഴുതിയ ബഷീറിയൻ ഹൃദയമായിരിക്കും ചിലരിൽ അന്നേരം മിടിക്കുക. ഇങ്ങനെ പല തലങ്ങളിൽ, ബഹുമാനങ്ങളിൽ കണ്ടനുഭവിക്കാവുന്ന സിനിമയാണ് ലോങ് ടേക്സ്.
മഴയാണ് ലോങ് ടേക്സിന്റെ സജീവമായ സാന്നിദ്ധ്യം. അധികം വിഷ്വലുകൾ ഇല്ലാതെതന്നെ പുറത്തെ മഴ സ്ഥായിയായ അനുഭവവും അനുഭൂതിയും ആകുന്നു. ഒരു കുടുംബത്തിന്റെ ദിനചര്യകൾ അഥവാ ആവർത്തനങ്ങൾ ആണ് സിനിമയുടെ ഭാവം. എന്നാൽ കുടുംബം മനുഷ്യരാൽ അല്ല നിർണ്ണയിക്കപ്പെട്ടിരിക്കുന്നത് എന്നുമാത്രം. പലപ്പോഴും വളർത്തുമൃഗങ്ങൾ എന്ന നിലവിട്ട് വീട്ടിലെ മനുഷ്യരോളം പ്രാധാന്യമുള്ള അംഗങ്ങൾ എന്ന നിലയിലാണ് ഇതിലെ തിര്യക്കുകൾ ഉള്ളത്. പാലും ഇറച്ചിയും എന്നുവേണ്ട വീട്ടിലെ വെപ്പും തീനുമെല്ലാം തിര്യക്കുകളുമായി അത്രമേൽ ബന്ധപ്പെട്ടാണ് കിടക്കുന്നത്. വീട്ടിൽ നടക്കുന്ന നിർമ്മാണപ്രവർത്തനങ്ങൾപോലും തിരുക്കുകൾക്കുള്ളതാണ്. ഇപ്രകാരം ഒരു സാകല്യബോധം നിർമ്മിച്ചെടുക്കുന്നതോടെ സിനിമ ഭാഷയ്ക്കും കാലത്തിനും സ്ഥലരാശിയ്ക്കുമപ്പുറമുള്ള ഒരു ദർശനത്തിലേക്ക് നീങ്ങുന്നു. കാണി അയാളുടെ ഓർമകളെയും അനുഭവങ്ങളെയും ചേർത്താണ് സിനിമയുടെ ഭാവതലം പൂരിപ്പിക്കുന്നത് എന്നതിൽ സംഘർഷങ്ങളൊഴിയുന്ന ഒരുതരം കഥാർസിസ് സംഭവിക്കുന്നു. അരിസ്റ്റോട്ടിലിന്റെ സങ്കല്പനത്തിൽ ദുരന്തേതിവൃത്തങ്ങൾക്ക് മാത്രം സാധ്യമായിരുന്ന വിമലീകരണം ശുഭാന്തത്തിന് സാധിക്കുന്നതിന്റെ കൗതുകവും ലോങ്ങ് ടേക്സിനുണ്ട്. ഡോണിനും സിനിമ തെരഞ്ഞെടുത്ത ഫെസ്റ്റിവെലിനും അഭിനന്ദനങ്ങൾ.
