സീരിയലുകളുടെ നിലവാരം അന്വേഷിക്കേണ്ടതു​ണ്ടോ? ചില സംശയങ്ങൾ

സീരിയലുകളുടെ നിലവാരം എന്നത് സ്വയം ജനകീയമായി തീരുന്ന ഒന്നാണെന്നും അതിന്റെ "നിലവാരം" പിന്നെ സെപ്പറേറ്റായി അന്വേഷിക്കുന്നതൊക്കെ ഒരു വക വരേണ്യവാദം മാത്രമാണെന്നും ധ്വനിപ്പിക്കുന്ന പലതരം പ്രതികരണങ്ങൾ കണ്ടു. ശരി. ചില സംശയങ്ങൾ മാത്രം മുന്നോട്ട് വയ്ക്കുന്നു.

രുപാടുപേർ കാണുന്നതായതുകൊണ്ട് സീരിയലുകളുടെ നിലവാരം എന്നത് സ്വയം ജനകീയമായി തീരുന്ന ഒന്നാണെന്നും അതിന്റെ "നിലവാരം' പിന്നെ സെപ്പറേറ്റായി അന്വേഷിക്കുന്നതൊക്കെ ഒരു വക വരേണ്യവാദം മാത്രമാണെന്നും ധ്വനിപ്പിക്കുന്ന പലതരം പ്രതികരണങ്ങൾ കണ്ടു. ശരി. ചില സംശയങ്ങൾ മാത്രം മുന്നോട്ട് വയ്ക്കുന്നു.

ഒരുപാടുപേർ അനുവർത്തിക്കുന്നതുകൊണ്ടാണ് സ്ത്രീധനം പോലയുള്ള സംഗതികൾ സമൂഹത്തിൽ നിലനിൽക്കുന്നത്, ആർത്തവ രക്തം അശുദ്ധമാണെന്ന വൈദികബോധം നിലനിൽക്കുന്നത്, ദലിതർക്ക് ശുദ്ധാശുദ്ധവുമായി ബന്ധപ്പെട്ട "നിഷ്ഠ' കൾ പുലർത്താൻ ആവില്ല എന്ന ബോധം നിലനിൽക്കുന്നത്, പശുവിനെ അറുക്കുന്നത് ഹൈന്ദവ സാംസ്കാരിക ബോധത്തിനുമേൽ നടത്തുന്ന വാൾപ്രയോഗമായി അനുഭവപ്പെടുന്നത്... ഇവയൊക്കെ ചേരുന്നതാണ് പൊതുബോധം.

അത് സബ്സ്ക്രൈബ് ചെയ്യാൻ ആളുള്ളതുകൊണ്ടാണ് ഇന്ത്യ ഒരു "ഹിന്ദു രാഷ്ട്ര' വഴിയിൽ ആയത്. ഇതൊക്കെ ഓവർ നൈറ്റ് ഇല്ലാതാവണം എന്ന് പറയുന്നത് "ശാഠ്യം' തന്നെയാണ്. അതിന് ശ്രമിച്ചാൽ പണി പാലും വെള്ളത്തിൽ കിട്ടുകയും ചെയ്യും. എന്നുവച്ച് നിലവാരം എന്ന ഒന്നില്ല, എല്ലാം ആഖ്യാനം മാത്രം എന്ന ഉത്തരാധുനിക ബുജി വാദത്തെ അതുപോലെ എടുത്താലോ.

‘പോ മോ’ വാദം അതുപോലെ എടുത്താൽ ശബരിമലയിൽ യുവതികൾ കയറിയാൽ എന്താ കുഴപ്പം എന്ന ആഖ്യാന യുക്തിപോലെ ഒന്നാണ് കയറാതെ ഇത്തിരി വെയിറ്റ് ചെയ്‌താൽ എന്താണ് കുഴപ്പം എന്നതും. ശബരിമലയിൽ കയറണം എന്നുപറഞ്ഞ് സ്ത്രീകളുടെ ഒരു മാസ് മൂവ്മെൻറ്​ തെരുവിലേക്ക് വളരുന്നത് നമ്മൾ കണ്ടില്ല. എന്നാൽ അത് തടയുന്ന ഒന്ന് സ്ത്രീകൾ തന്നെ മുന്നിൽ നിന്ന് നയിക്കുന്നത് നമ്മൾ കണ്ടു, അതിപ്പോൾ സംഘികൾ ഓർഗനൈസ് ചെയ്തതാണ് എന്ന് പറഞ്ഞാലും മറിച്ചുള്ള ഒന്ന് മതേതര പുരോഗമന സ്ത്രീപക്ഷ കേരളത്തിന് കഴിഞ്ഞില്ലല്ലോ.

പൂക്കാലം വരവായി സീരിയലിലെ രംഗം.

അപ്പോൾ നിലവാരം എന്ന ഒന്നില്ല എന്നതുപോലെ പുരോഗമനം എന്ന ഒന്നും ഇല്ല എന്നുപറയാം. ഇവ ഒക്കെയും ആപേക്ഷികമാണെന്നും പറഞ്ഞുവരുമ്പോൾ രണ്ട് തരം ആഖ്യാനങ്ങൾ മാത്രമാണെന്നും വാദിക്കാം. എന്നാൽ അത് ഒരു ഡയലക്ടിക്കൽ ആയ വാദമല്ല, രേഖീയമായ വാദമാണ് എന്ന് തിരിച്ചറിയുകയാണ് ഇടത് സാംസ്കാരികത ചെയ്യേണ്ടത്. മൂല്യങ്ങൾ ആപേക്ഷികമാണ് എന്നല്ല, മൂല്യ വികാസം സമൂഹ തലത്തിൽ സംഭവിക്കുന്നത് പലപ്പോഴും ആപേക്ഷികമായി ആയിരിക്കും എന്നതാണ് മനസിലാക്കേണ്ടത്. അതുകൊണ്ടുതന്നെ നവോത്ഥാനം ഉണ്ടായിട്ടില്ല, നിലവാരം ഇല്ല, കലയും സംസ്കാരവും അളക്കാൻ സ്വർണത്തിന്റെ ക്യാരറ്റ് അളക്കുന്നതുപോലെ വല്ലതും ഉണ്ടോ തുടങ്ങിയ മുട്ടാപ്പോക്ക് യുക്തികൾ മുഴുവൻ സമൂഹത്തിന്റെ വൈരുദ്ധ്യാത്മക വികാസത്തിന്റെ ചരിത്രത്തെ മനസ്സിലാക്കുന്നതിൽ ഉണ്ടാവുന്ന വീഴ്ചകൾ മാത്രമാണ്.

ഇതിനെയൊക്കെ "എലീറ്റിസം" എന്ന ഒറ്റവാക്കിൽ അടിച്ചിരുത്തുന്നതാണ് പോസ്റ്റ് മോഡേൺ കാലത്തെ പബ്ലിക് സെമിനാറുകളിലെ ലാസ്‌റ്റ് പതിനഞ്ച് മിനിറ്റിൽ രണ്ടെണ്ണം ഇട്ടിട്ട് വന്ന വിപ്ലവകാരികൾ സാധ്യമാക്കുന്നതും. അവസാനം നിഷ്പക്ഷർ നോക്കുമ്പോൾ അവതരിപ്പിച്ചവർ അടിച്ചതും പ്രതികരിച്ചവർ അടിച്ചതും എല്ലാം ഒന്നിന്റെ പല ബ്രാൻഡുകൾ. എല്ലാം ഒരേ കാറ്റലിസ്റ്റിന്റെ പുറത്ത്. അപ്പൊ പിന്നെ എല്ലാം ഒരേ ആഖ്യാനത്തിന്റെ പല വകഭേദങ്ങൾ തന്നെയല്ലേ...

അങ്ങനെ നോക്കിയാൽ ശരിയാണ്​. ധാന്യം വാറ്റിയ ദ്രാവകം കുടിക്കുന്നതിന് മുമ്പും പിന്നെയും ഈ ധാന്യങ്ങൾ ഒക്കെത്തന്നെയല്ലേ എല്ലാവരും തിന്നുന്നത്. അതുകൊണ്ട് മനുഷ്യർ "ന സ്വാതന്ത്ര്യം അർഹതി’.
കാരണം അത് തന്നെയും ഒരു ആഖ്യാനമാണ്. ‘ബന്ധുര കാഞ്ചന കൂട്ടിലായാലും ബന്ധനം ബന്ധനം തന്നെ പാരിൽ’ എന്നൊക്കെ പറയുന്നത് കൂട്ടിൽ കിടക്കുന്ന പക്ഷികളുടെ ഏജൻസിക്കുമേൽ നടത്തുന്ന ഒരു കടന്നാക്രമണമാണ്.

കാരണം സ്വാതന്ത്ര്യം എന്നതുതന്നെ ഒരു ആഖ്യാനമാണ്.

Comments