‘ദേവലോക'ത്തിനുവേണ്ടി മമ്മൂട്ടി കൊണ്ട വെയിലുകൾ, എഴുപതിലും കൊള്ളുന്ന വെയിലുകൾ

‘ദേവലോക’ത്തിനു വേണ്ടി പാലക്കാട് കോട്ടമൈതാനത്ത് മമ്മൂട്ടി വെയിൽ കൊണ്ടത് പാഴായില്ല. ആ വെയിലിനെ എം.ടിയും മറന്നില്ല. തൊട്ടടുത്ത വർഷം, 1980ൽ എം.ടിയുടെ തന്നെ തിരക്കഥയിൽ ആസാദ് സംവിധാനം ചെയ്ത ‘വിൽക്കാനുണ്ട് സ്വപ്നങ്ങൾ' എന്ന ചിത്രത്തിൽ ചെറുതെങ്കിലും ശ്രദ്ധേയമായൊരു വേഷം മമ്മൂട്ടിക്കു കിട്ടി. തുടർന്ന് കെ.ജി.ജോർജിന്റെ ‘മേള'. അവിടെ നിന്നങ്ങോട്ട് മലയാള സിനിമ മമ്മൂട്ടിയുടെ കൂടി മേളയായി- മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിലെ ചില നിർണായക സന്ദർഭങ്ങളിലൂടെ

Think

ഖാവ് പാപ്പച്ചൻ!
അതായിരുന്നു അഡ്വ. പി.ഐ. മുഹമ്മദ് കുട്ടിക്ക് മലയാള സിനിമയിൽ ആദ്യം കിട്ടിയ പേര്. മമ്മൂട്ടിയുടെ ആദ്യത്തെ ക്രെഡിറ്റഡ് കഥാപാത്രം.
നോവലിസറ്റും നാടകകൃത്തും പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ അമരക്കാരനുമായിരുന്ന ചെറുകാടിന്റെ ‘ദേവലോകം' എന്ന നോവലിലെ തൊഴിലാളി നേതാവ്. ചെറുകാടിന്റെ നോവൽ ആസ്പദമാക്കി തിരക്കഥയെഴുതിയത് എം.ടി.വാസുദേവൻ നായർ. സംവിധാനച്ചുമതല ഏറ്റെടുത്തതും എം.ടി. തന്നെ. നിർമ്മാണം ജനശക്തി ഫിലിംസ്.
നായക കഥാപാത്രമായിരുന്നു മമ്മൂട്ടിക്ക്.

അതിനകം രണ്ട് സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റായി അപ്രധാന കഥാപാത്രങ്ങളെ മമ്മൂട്ടി അവതരിപ്പിച്ചിരുന്നു. പേരുള്ളൊരു കഥാപാത്രം കിട്ടുന്നത് ആദ്യം. രണ്ടാഴ്ച പാലക്കാട് ഷൂട്ടിങ് നടന്നു. മമ്മൂട്ടി നയിക്കുന്നൊരു തൊഴിലാളിജാഥ പാലക്കാട് കോട്ടമൈതാനത്തെ കൊടുംവെയിലിലാണ് ചിത്രീകരിച്ചത്. അന്നുകൊണ്ട ആ വെയിൽ മമ്മൂട്ടി ഇന്നും കൊള്ളുന്നുണ്ട്-എഴുപതാം വയസ്സിലും ആറിത്തണുക്കാത്ത ഉച്ചവെയിൽ.

ദേവലോകത്തിന്റെ സെറ്റിൽ മമ്മൂട്ടി. സമീപം (ഇടത്തു നിന്ന്) സംവിധാന സഹായി പുരുഷൻ കടലുണ്ടി, സ്റ്റിൽ ഫോട്ടോഗ്രാഫർ ശ്രീധരൻ , നായക കഥാപാത്രത്തെ അവതരിപ്പിച്ച സാബു
ദേവലോകത്തിന്റെ സെറ്റിൽ മമ്മൂട്ടി. സമീപം (ഇടത്തു നിന്ന്) സംവിധാന സഹായി പുരുഷൻ കടലുണ്ടി, സ്റ്റിൽ ഫോട്ടോഗ്രാഫർ ശ്രീധരൻ , നായക കഥാപാത്രത്തെ അവതരിപ്പിച്ച സാബു

ചാത്തുണ്ണിമാസ്​റ്ററുടെ ‘ജനശക്​തി’

ജനശക്തി ഫിലിംസിനെക്കുറിച്ച് പറയാതെ മമ്മൂട്ടിയുടെ ആദ്യസിനിമയെപ്പറ്റി പറയാനാവില്ല. സി.പി.എം പിന്തുണയോടെ ദേശാഭിമാനി സ്റ്റഡി സർക്കിളിന്റെ ആഭിമുഖ്യത്തിൽ മുതിർന്ന സി.പി.എം. നേതാവ് കോഴിക്കോട്ടെ കെ.ചാത്തുണ്ണി മാസ്റ്ററാണ് ജനശക്തി ഫിലിംസ് സ്ഥാപിച്ചത്. പി.ഗോവിന്ദപ്പിളളയുമായി കൂടിയാലോചിച്ചാണ് തുടങ്ങിയത്. ചാത്തുണ്ണി മാസ്റ്റർ അന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പറും ദേശാഭിമാനി സ്റ്റഡി സർക്കിളിന്റെ ചുമതലക്കാരനുമാണ്. പാലക്കാട് ചിറ്റൂരിലെ അഭിഭാഷകനായിരുന്ന അഡ്വ. ജയപാലമേനോൻ, തിരുവനന്തപുരത്ത് പ്രസ് നടത്തുന്ന വി. സഹദേവൻ, അഡ്വ. ജി. ജനാർദ്ദനക്കുറുപ്പ്, ഫാറൂഖ് കോളേജിലെ മലയാളം പ്രൊഫസർ എ.പി.പി. നമ്പൂതിരി എന്നിവർ ജനശക്തിയുടെ ആദ്യത്തെ ഡയറക്ടർമാർ. എല്ലാവരും കമ്യൂണിസ്റ്റുകാർ.

ഫിലിം സൊസൈറ്റി പ്രവർത്തനങ്ങളിലും നവസിനിമയിലും ആകൃഷ്ടരായ ചെറുപ്പക്കാരെ പാർട്ടിയിലേക്ക് അടുപ്പിക്കുകയായിരുന്നു ജനശക്തിയുടെ ലക്ഷ്യം.

1971-ൽ കർഷക കൺവെൻഷനിൽ പങ്കെടുത്ത് സംസാരിക്കുന്ന കെ.ചാത്തുണ്ണി മാസ്റ്റർ. വേദിയിൽ ഇ.എം.എസ്, എ.വി. കുഞ്ഞമ്പു, പി.വി. കുഞ്ഞിക്കണ്ണൻ, എം.പി. നാരായണൻ നമ്പ്യാർ / K Venugopal. fb, page.
1971-ൽ കർഷക കൺവെൻഷനിൽ പങ്കെടുത്ത് സംസാരിക്കുന്ന കെ.ചാത്തുണ്ണി മാസ്റ്റർ. വേദിയിൽ ഇ.എം.എസ്, എ.വി. കുഞ്ഞമ്പു, പി.വി. കുഞ്ഞിക്കണ്ണൻ, എം.പി. നാരായണൻ നമ്പ്യാർ / K Venugopal. fb, page.

ജനശക്തി ഭാരവാഹികൾ 1978 മേയ് 10ന് നടത്തിയ പത്രസമ്മേളനത്തിൽ ചാത്തുണ്ണി മാസ്റ്റർ ജനശക്തിയുടെ നിലപാട് വ്യക്തമാക്കിയത് ഇങ്ങനെ: ‘‘മാർക്സിസ്റ്റുകാരും ജനശക്തി ഫിലിംസുമായി സഹകരിക്കുന്നു. സിനിമ, കല എന്നീ രംഗങ്ങളിൽ മാർക്സിസ്റ്റുകാർ ചിന്തിക്കുന്നതു പോലെ മാറ്റങ്ങൾ ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നവരും ജനശക്തി ഫിലിംസുമായി സഹകരിക്കുന്നു. ജനശക്തി മാർക്സിസ്റ്റുകാരുടെ മാത്രം ഒരേർപ്പാടാണെന്ന തെറ്റിദ്ധാരണ നിലനിൽക്കുന്നുണ്ട്. ജൂൺ മാസത്തോടു കൂടി ജനശക്തി ഫിലിംസ് കയ്യൂരിന്റെ കഥ സിനിമയാക്കുന്നുണ്ട്. ചെറുകാടിന്റെ ദേവലോകം സിനിമയാക്കാനുള്ള ആലോചനയുമുണ്ട്' (കോഴിക്കോട്ടെ അദ്വൈത് ബുക്സ് 2014ൽ പ്രസിദ്ധീകരിച്ച ജനശക്തി ഫിലിംസ് എവിടെ എന്ന പുസ്തകത്തിൽ ശിഖ മോഹൻദാസ് രേഖപ്പെടുത്തിയത്).

ചെറിയ മുതൽമുടക്കിൽ നല്ല സിനിമകളെടുക്കാൻ വരുന്നവരെ പ്രോൽസാഹിപ്പിക്കുക, വിതരണക്കാരെ കിട്ടാതെ കെട്ടിക്കിടക്കുന്ന നല്ല സിനിമകളുടെ പ്രദർശനത്തിന് സഹായിക്കുക തുടങ്ങിയവയായിരുന്നു ജനശക്തിയുടെ ആദ്യപ്രവർത്തനങ്ങൾ. പാർട്ടി അനുഭാവികളിൽ നിന്ന് ഓഹരി പിരിച്ചാണ് മൂലധനം സ്വരൂപിച്ചത്. 5000 രൂപ മുഖവിലയുള്ള 118 ഓഹരികളാണ് ഉണ്ടായിരുന്നത്. ജി.എൻ.പണിക്കരുടെ ‘ഏകാകിനി', പി.എ.ബക്കറിന്റെ ‘കബനീനദി ചുവ ന്നപ്പോൾ', ജോൺ ഏബ്രഹാമിന്റെ ‘അഗ്രഹാരത്തിലെ കഴുത' എന്നീ പടങ്ങൾ ജനശക്തി വിതരണത്തിനെത്തിച്ചു. നിലമ്പൂർ ബാലൻ സംവിധാനം ചെയ്ത‘അന്യരുടെ ഭൂമി', ജോൺ ഏബ്രഹാമിന്റെ ‘ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ', കമലിന്റെ തിരക്കഥയിൽ പടിയൻ സംവിധാനം ചെയ്ത ‘ത്രാസം' എന്നിവക്ക് ജനശക്തി സാമ്പത്തിക സഹായം നൽകിയതായും കേട്ടിട്ടുണ്ട്. (‘അന്യരുടെ ഭൂമി'യുടെ അണിയറക്കാർക്ക് നിർമ്മാതാവിൽ നിന്ന് കിട്ടാനുള്ള പണം ആവശ്യപ്പെട്ട് നിലമ്പൂർ ബാലന്റെ നേതൃത്വത്തിൽ ചിലർ ‘ദേവലോകം' ഷൂട്ടിങ് സ്ഥലത്ത് ബഹളമുണ്ടാക്കിയിരുന്നു).

‘ദേവലോകം’ ഒരുങ്ങുന്നു

രണ്ട് സിനിമകളാണ് ജനശക്തി ആദ്യഘട്ടത്തിൽ നിർമ്മിക്കാൻ തീരുമാനിച്ചത്. കയ്യൂർ സമരം ആസ്പദമാക്കി കന്നഡ എഴുത്തുകാരൻ നിരഞ്ജന എഴുതിയ ‘ചിരസ്മരണ' എന്ന നോവൽ മലയാളത്തിൽ സിനിമയാക്കാനാണ് ആദ്യം പരിപാടിയിട്ടത്. മൃണാൾ സെൻ സംവിധാനച്ചുമതല ഏറ്റു. രണ്ടാമത്തെ നിർമാണ സംരംഭമാണ് ചെറുകാടിന്റെ ‘ദേവലോകം'. എം.ടി. തിരക്കഥയും സംവിധാനവും ഏറ്റെടുക്കാമെന്ന് സമ്മതിച്ചു. (മൃണാൾസെൻ പിന്നീട് കയ്യൂർ പ്രോജക്ടിൽ നിന്ന് പിന്മാറി).

'തൃഷ്ണ' യിലെ മമ്മൂട്ടി
'തൃഷ്ണ' യിലെ മമ്മൂട്ടി

ദേശാഭിമാനി സ്റ്റഡി സർക്കിളും ജനശക്തി ഫിലിംസും ചേർന്ന് 1978 ഒക്ടോബറിൽ എറണാകുളത്ത് ഒരു സംസ്ഥാനതല ചലച്ചിത്രോൽസവം നടത്തിയിരുന്നു. മൃണാൾ സെൻ ആയിരുന്നു ഉദ്ഘാടനം. ശ്യാം ബെനഗൽ, കു മാർ സാഹ്നി, മണി കൗൾ, ജയകാന്തൻ, പ്രേമാകാരന്ത്, പി.ലങ്കേഷ്, ഗിരീഷ് കാസറവള്ളി, അടൂർ ഗോപാലകൃഷ്ണൻ, എം.ടി., ജോൺ ഏബ്രഹാം, അരവിന്ദൻ തുടങ്ങിയ നിരവധി പ്രശസ്തർ അതിൽ പങ്കെടുത്തു. സ്വദേശിയും വിദേശിയുമായ സിനിമകളുടെ പ്രദർശനം, സെമിനാറുകൾ ഒക്കെ ഉണ്ടായിരുന്നു. പി.ഗോവിന്ദപ്പിള്ളയായിരുന്നു ഫെസ്റ്റിവൽ ചെയർമാൻ. ജയപാലമേനോൻ സെക്രട്ടറിയും.

ഒരു കള്ളം, മമ്മൂട്ടി ‘ദേവലോക’ത്ത്​

മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ ശ്രീധരൻ നായരുടെ കീഴിൽ ജൂനിയർ വക്കീലായി പ്രാകടീസ് ചെയ്യുകയായിരുന്ന കോട്ടയം ചെമ്പ് സ്വദേശി പി.ഐ മുഹമ്മദ് കുട്ടി എന്ന ചെറുപ്പക്കാരൻ ആ ഫിലിം ഫെസ്റ്റിവലിൽ വെച്ചാണ് എം.ടി.വാസുദേവൻ നായരെ പരിചയപ്പെടുന്നത്. ഭാരത് ടൂറിസ്റ്റ് ഹോമിൽ താമസിച്ചിരുന്ന എം.ടിയെ രണ്ട് കൂട്ടുകാരോടൊപ്പം പോയി കാണുകയായിരുന്നു. സിനിമയടക്കം പല കാര്യങ്ങളെപ്പറ്റി അപരിചിതത്വമില്ലാതെ തന്നോട് സംസാരിച്ചു കൊണ്ടിരുന്ന മുഹമ്മദ് കുട്ടിയുടെ രൂപം എം.ടി. അന്നേ മനസ്സിൽ കുറിച്ചിട്ടു. അവിടെ നിന്ന് തുടങ്ങുന്നു, മമ്മൂട്ടി കൊള്ളാൻ തുടങ്ങിയ അധ്വാനത്തിന്റെയും അംഗീകാരത്തിന്റെയും വെയിലുകൾ.

ജയമാല
ജയമാല

1979ലായിരുന്നു ദേവലോകം നിർമ്മാണം. സിനിമാനിർമ്മാതാവും തൃശൂരിലെ ശോഭന സ്റ്റുഡിയോ ഉടമയും എം.ടിയുടെ അടുത്ത സുഹൃത്തുമായിരുന്ന ശോഭന പരമേശ്വരൻ നായരുടെ ജ്യേഷ്ഠന്റെ മകൻ സാബുവാണ് ദേവലോകത്തിലെ നായകകഥാപാത്രത്തെ അവതരിപ്പിച്ചത്. പിൽക്കാലത്ത് ശബരിമല പ്രശ്നചിന്ത വിവാദത്തിലുൾപ്പെട്ട കന്നഡനടി ജയമാല നായിക. നായകൻ കഴിഞ്ഞാൽ തൊട്ടടുത്ത പ്രധാനകഥാപാത്രമാണ് മമ്മൂട്ടിയുടെ ട്രേഡ് യൂണിയൻ നേതാവ്.
ആ റോളിലേക്കും എം.ടിയിലേക്കും ദേവലോകത്തിലേക്കും മമ്മൂട്ടി എത്തിപ്പെട്ടത് എങ്ങനെയെന്ന് അന്ന് ജനശക്തി മാനേജരായിരുന്ന പാലക്കാട് ചിറ്റൂർ സ്വദേശി പി.എൻ.അജയകുമാർ, ശിഖ മോഹൻദാസിന്റെ ‘ജനശക്തി ഫിലിംസ് എവിടെ' എന്ന പുസ്തകത്തിൽ വിവരിക്കുന്നത് ഇങ്ങനെയാണ്: ‘‘നാടകനടൻ ബാലചന്ദ്രനെയായിരുന്നു ദേവലോകത്തിൽ തൊഴിലാളി നേതാവിന്റെ റോളിൽ അഭിനയിപ്പിക്കാൻ എം.ടി. തീരുമാനിച്ചിരുന്നത്. എന്നാൽ എനിക്ക് മമ്മൂട്ടിയെ നേരത്തേ അറിയാമായിരുന്നു. മമ്മൂട്ടി അന്ന് എൽ.എൽ.ബി. കഴിഞ്ഞ് മഞ്ചേരിയിൽ പ്രാക്ടീസ് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. കോർട്ടിനടുത്തുള്ള ടോവാങ് പാലസ് എന്നൊരു പഴയ വീട്ടിലെ ഒരു മുറിയിലാണ് അന്ന് അദ്ദേഹം വാടകയ്ക്ക് താമസിച്ചിരുന്നത്. എക്സ്-മേജറായ നിക്കോളാസ് ആയിരുന്നു ആ വീടിന്റെ ഉടമസ്ഥൻ.....അതിലൊരു മുറിയിൽ എന്റെ അടുത്ത സുഹൃത്ത് ബാലസുബ്രഹ്മണ്യത്തിന്റെ കൂട്ടുകാരായിരുന്നു താമസിച്ചിരുന്നത്.

ഇലക്​ട്രിസിറ്റി ബോർഡിൽ എഞ്ചിനീയറായ രണ്ടു പേർ. വിജയനും മെഹബൂബും. അവിടെ ഞാൻ താമസിച്ചിട്ടുണ്ട്. അങ്ങനെയാണ് മമ്മൂട്ടിയുമായി പരിചയത്തിലാവുന്നത്. പിന്നീട് ഞാൻ ‘ജനശക്തി’യുടെ മാനേജരായി എറണാകുളത്ത് താമസിക്കുമ്പോൾ മമ്മൂട്ടി പലപ്പോഴും ‘ജനശക്തി’യിൽ വരാറുണ്ടായിരുന്നു. ഫിലിം ഫെസ്റ്റിവൽ സമയത്ത് എം.ടി ഇന്ന ദിവസം വരുന്നെന്നും അന്ന് വന്നാൽ എം.ടിയെ പരിചയപ്പെടാമെന്നും ഞാനാണ് മമ്മൂട്ടിയെ വിവരമറിയിക്കുന്നത്. ‘ജനശക്തി’ ദേവലോകംതുടങ്ങുന്ന വിവരമറിഞ്ഞ് മമ്മൂട്ടി ജനശക്തിയിൽ വരുകയുണ്ടായി. ഞാൻ എങ്ങനെയെങ്കിലും ‘ദേവലോക'ത്തിൽ ഒരു റോൾ മമ്മൂട്ടിക്ക് കൊടുക്കണമെന്ന് തീരുമാനിച്ചു. എം.ടിയാണെങ്കിൽ ബാലചന്ദ്രനെയായിരുന്നു ഉദ്ദേശിച്ചിരുന്നത്.

'ദേവലോക'ത്തിൽ നിന്ന്.
'ദേവലോക'ത്തിൽ നിന്ന്.

ഷൂട്ടിങ് നടക്കുന്നതിനു മുമ്പ് ഒരു ക്യാരക്ടർ ചെയ്യുന്നതിന് രണ്ടോ മൂന്നോ ആളെ ചാൻസ് നൽകാമെന്ന് പറഞ്ഞ് കണ്ടുവെച്ചിരിക്കും. ഏതെങ്കിലും സാഹചര്യത്തിൽ ഷൂട്ടിങ് സമയത്ത് ഒരാൾക്ക് വരാൻ കഴിഞ്ഞില്ലെങ്കിൽ മറ്റൊരാളെ വിളിക്കാമല്ലോ എന്നു കരുതി. അങ്ങനെ തൊഴിലാളി നേതാവിന്റെ റോളിൽ അഭിനയിപ്പിക്കുന്നതിന് ബാലചന്ദ്രനെയും മമ്മൂട്ടിയെയും മറ്റൊരാളെയും നോക്കിവെച്ചിരുന്നു. അവരിൽ മൂന്നാമത്തെ ആളായിരുന്നു മമ്മൂട്ടി. മമ്മൂട്ടിക്ക് ചാൻസ് തീരെയില്ല. എന്നാൽ ഷൂട്ടിങ് ഇന്ന ദിവസം തുടങ്ങാൻ തീരുമാനിച്ചപ്പോൾ ഞാൻ ബാലചന്ദ്രനെ വിവരമറിയിച്ചില്ല. എന്നിട്ട് എം.ടിയോട് ബാലചന്ദ്രൻ സ്ഥലത്തില്ലെന്ന് കള്ളം പറഞ്ഞു. മമ്മൂട്ടി സ്ഥലത്തുണ്ടെന്നും ഞാൻ പറഞ്ഞു. അങ്ങനെയാണ് മമ്മൂട്ടി ആ സിനിമയിൽ അഭിനയിക്കുന്നത്. എന്റെ വീട്ടിൽ വെച്ചാണ് മമ്മൂട്ടിയുടെ ആദ്യ സീൻ ഷൂട്ട് ചെയ്യുന്നത്. അതു കഴിഞ്ഞ് പാലക്കാട് ടൗണിൽ മമ്മൂട്ടി ഉൾപ്പെടുന്ന ഒരു പ്രകടനം ഷൂട്ട് ചെയ്തു...’’

ജീവിതത്തിലെ നവവരൻ എം.ടിയോട്​ അവധി ചോദിക്കുന്നു

പാലക്കാട് കോട്ടമൈതാനത്തിൽ ആ പ്രകടനം ഷൂട്ട് ചെയതു തീർന്നപ്പോഴുണ്ടായ ഒരു സംഭവം എം.ടി. എഴുതിയിട്ടുണ്ട്: ‘‘...കോട്ടമൈതാനത്ത് കൊടുംചൂടിൽ ഒരു ജാഥയെടുത്തു. ജാഥയ്ക്ക് വിചാരിച്ചതിലേറെ ആളുകൾ വന്നുചേർന്നു. ജയപാലമേനോന്റെ ശ്രമക്കാരുടെ സ്വാധീനം കൊണ്ടാവണം അത്രയും പേർ എത്തിയത്. രാവിലെ മൂന്നു മണിക്കൂർ, ഉച്ചസൂര്യൻ ചെരിഞ്ഞ ശേഷം വീണ്ടും മൂന്നുമൂന്നര മണിക്കൂർ. ഭയങ്കര അധ്വാനമായിരുന്നു. എന്നാലും ധാരാളം ഷോട്ടുകൾ കിട്ടിയ സംതൃപ്തി എല്ലാവർക്കുമുണ്ട്. തൊഴിലാളി നേതാവായി അഭിനയിക്കാൻ വന്ന ജൂനിയർ വക്കീൽ അൽപ്പം സംശയത്തോടെ എന്റെ അടുത്ത് വന്നു ചോദിച്ചു: ‘നാളെ എനിക്ക് വർക്കുണ്ടാവോ സർ?'
ചാർട്ട് നോക്കാതെ തന്നെ എനിക്ക് അറിയാം. ഞാൻ പറഞ്ഞു: ‘ഉണ്ടാവില്ല'.
അയാൾ ഒരു ചിരി ഒതുക്കി പറഞ്ഞു: ‘കല്യാണം കഴിഞ്ഞിട്ട് ഏതാനും ദിവസങ്ങളേ ആയിട്ടുള്ളൂ'.
‘എന്നോട് നേർത്തേ പറയായിരുന്നില്യേ? രണ്ടു ദിവസം കഴിഞ്ഞ് വന്നാൽ മതി'.
ആ ജൂനിയർ വക്കീലാണ് പിന്നീട് പ്രസിദ്ധനായ മമ്മൂട്ടിയായത് (ചിത്രത്തെരുവുകൾ: എം.ടി.വാസുദേവൻ നായർ, കറൻറ്​ ബുക്സ് തൃശൂർ).

ആസാദ്, രാമചന്ദ്രബാബു, സ്റ്റിൽ ഫോട്ടോഗ്രാഫർ ശ്രീധരൻ മാസ്റ്റർ തുടങ്ങിയവരാണ് ദേവലോകത്തിൽ എം.ടിയെ കാര്യമായി സഹായിക്കാനുണ്ടായിരുന്നത്. രണ്ടാഴ്ചയോളം മാത്രമേ ദേവലോകം ഷൂട്ടിങ് നടന്നുള്ളൂ. ‘ജനശക്തി’യുടെ ഫണ്ട് തീർന്നതോടെ ചിത്രീകരണം നിലച്ചു. എം.ടി. കോഴിക്കോട്ടേക്ക് മടങ്ങി. ഫണ്ട് ശേഖരിക്കാൻ ജയപാലമേനോൻ കുറേ ഓടിനടന്നെങ്കിലും ഫലമുണ്ടായില്ല. പാർട്ടിയും ജനശക്തിയെ കൈവിട്ടതോടെ ദേവലോകം പെട്ടിയിലൊതുങ്ങി.

അതേക്കുറിച്ചും എം.ടി. എഴുതിയിട്ടുണ്ട്: ‘‘പാർട്ടി ‘ജനശക്തി’യെയും ജയപാലമേനോനെയും കയ്യൊഴിഞ്ഞത് വളരെക്കഴിഞ്ഞാണ് ഞാനറിയുന്നത്. പതുക്കെപ്പതുക്കെ ചാത്തുണ്ണി മാസ്റ്ററെയും പുറമ്പോക്കിലേക്കു നീക്കുകയാണെന്നും കേട്ടു'.
(‘ജനശക്തി’യുമായി ബന്ധപ്പെട്ട സാമ്പത്തികഇടപാടുകളിലെ ക്രമക്കേട് ഉൾപ്പെടെ ആരോപിച്ചാണ് ചാത്തുണ്ണി മാസ്റ്ററെ പിന്നീട് വർഷങ്ങൾക്ക് ശേഷം സി.പി.എം. പുറത്താക്കിയത്. പാർട്ടിയിൽ നിന്ന് പുറത്താക്കിക്കൊണ്ടുള്ള തീരുമാനം ദേശാഭിമാനി 1985 ജൂൺ 24ന് പ്രസിദ്ധീകരിച്ചു: ‘‘ചാത്തുണ്ണി മാസ്റ്റർ സാമ്പത്തിക ഇടപാടുകളിൽ സത്യസന്ധത പാലിക്കാതിരിക്കുകയും തന്മൂലം അദ്ദേഹത്തെപ്പറ്റി പാർട്ടി മെമ്പർമാരുടെയും സുഹൃത്തുക്കളുടെയും ഇടയിൽ അവിശ്വാസവും അവമതിപ്പും സൃഷ്ടിക്കുകയും ചെയ്തതിനും പാർട്ടി നയത്തിന് വിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനും കമ്യൂണിസ്റ്റ് (മാർക്സിസ്റ്റ്) പാർട്ടി കേരള സംസഥാന കമ്മിറ്റി മെമ്പറായ കെ.ചാത്തുണ്ണി മാസ്റ്ററെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു.’’

കെ.ചാത്തുണ്ണി മാസ്റ്റർ
കെ.ചാത്തുണ്ണി മാസ്റ്റർ

പത്ത് വർഷം നിയമസഭാംഗവും ആറ് വർഷം രാജ്യസഭാംഗവും സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും കർഷക സംഘം സംസ്ഥാന സെക്രട്ടറിയും ദേശാഭിമാനി പത്രാധിപരും അഖിലേന്ത്യാ കിസാൻ സഭ സെക്രട്ടറിയുമായിരുന്ന ചാത്തുണ്ണി മാസ്റ്റർ ശൂന്യമായ കൈകളുമായാണ് പാർട്ടിയുടെ പടിയിറങ്ങിയത്. അദ്ദേഹത്തെ അറിയാവുന്നവരാരും ആ സാമ്പത്തികാരോപണം അന്നും ഇന്നും വിശ്വസിച്ചിട്ടില്ല. ചില ഉന്നതനേതാക്കളുൾപ്പെട്ട ഗൂഢാലോചനകൾ മറ്റു ചില കാരണങ്ങളാൽ നടന്നതായി അക്കാലത്ത് പറയപ്പെട്ടിരുന്നെങ്കിലും കാലക്രമത്തിൽ ദേവലോകവും ‘ജനശക്തി’യും പോലെ കെ.ചാത്തുണ്ണി മാസ്റ്ററും മറവിയിലേക്ക് തള്ളപ്പെട്ടു.
ദുരിതമയമായിരുന്നു അവസാനകാലം. ക്യാൻസർ ബാധിതനായി 1990 ആഗസ്റ്റ് പത്തിന് മരണമടഞ്ഞു).

ഉത്കണ്ഠയുടെ അനേകം നിമിഷങ്ങൾ

ദേവലോകത്തിനു വേണ്ടി പാലക്കാട് കോട്ടമൈതാനത്ത് മമ്മൂട്ടി വെയിൽ കൊണ്ടത് പാഴായില്ല. ആ വെയിലിനെ എം.ടിയും മറന്നില്ല. തൊട്ടടുത്ത വർഷം, 1980ൽ എം.ടിയുടെ തന്നെ തിരക്കഥയിൽ ആസാദ് സംവിധാനം ചെയ്ത ‘വിൽക്കാനുണ്ട് സ്വപ്നങ്ങൾ' എന്ന ചിത്രത്തിൽ ചെറുതെങ്കിലും ശ്രദ്ധേയമായൊരു വേഷം മമ്മൂട്ടിക്കു കിട്ടി. തുടർന്ന് കെ.ജി.ജോർജിന്റെ ‘മേള'. അവിടെ നിന്നങ്ങോട്ട് മലയാള സിനിമ മമ്മൂട്ടിയുടെ കൂടി മേളയായി.

'മേള' യിലെ മമ്മൂട്ടി
'മേള' യിലെ മമ്മൂട്ടി

"ദേവലോകം' സ്വന്തം നിലയ്ക്ക് ഒരുപാട് കഷ്ടനഷ്ടങ്ങളുണ്ടാക്കിയതായി എം.ടി. പിന്നീട് പറഞ്ഞിട്ടുണ്ട്: ‘‘ചില സൗഭാഗ്യങ്ങളും ആ കണക്കിൽ ഞാൻ രേഖപ്പെടുത്തിവച്ചിട്ടുണ്ട്. അഭിനയിക്കാൻ ഞാൻ ക്ഷണിച്ച ആ ജൂനിയർ വക്കീലുമായി തുടങ്ങിവച്ച ഗാഢ സൗഹൃദബന്ധം. കോട്ടമൈതാനത്തിലെ പൊരിവെയിലിന്റെ കാഠിന്യത്തെപ്പറ്റി ഒരിക്കലും മമ്മൂട്ടി എന്നോടു പറഞ്ഞില്ല. നവവധുവിനെ കാണാൻ അവധി അനുവദിച്ച കാര്യം ഞാൻ അങ്ങോട്ടും പറഞ്ഞിട്ടില്ല. സമാനമെന്നു വിശേഷിപ്പിക്കാവുന്ന മറ്റൊരനുഭവം മമ്മൂട്ടി പറയുകയുണ്ടായി. കൊഡൈക്കനാലിൽ തൃഷ്ണയുടെ ഷൂട്ടിങ് നടക്കുന്നു. സുലുവിന്റെ പ്രസവം അടുത്തിരിക്കുന്ന സമയമാണ്. രണ്ടു നാഴിക ഇറക്കവും കയറ്റവും കഴിഞ്ഞു വേണം പോസ്റ്റ് ഓഫീസിലെത്താൻ. ചിലപ്പോൾ കാറുണ്ടായി എന്നു വരില്ല. ട്രങ്ക് കോൾ ബുക്ക് ചെയ്ത് കാത്തിരിക്കണം.

‘വിൽക്കാനുണ്ട് സ്വപ്നങ്ങൾ'  ലെ മമ്മൂട്ടി
‘വിൽക്കാനുണ്ട് സ്വപ്നങ്ങൾ' ലെ മമ്മൂട്ടി

പലപ്പോഴും ലൈനില്ല. അടക്കാൻ കഴിയാത്ത ഉത്കണ്ഠയുടെ അനേകമനേകം നിമിഷങ്ങൾ. ഫോൺ കിട്ടി. ആശ്വാസത്തോടെ ഹോട്ടലിൽ തിരിച്ചെത്തുന്നത് ചിലപ്പോൾ മണിക്കൂറുകൾ കഴിഞ്ഞാവും. ഇതു പറയുമ്പോൾ മമ്മൂട്ടിയുടെ മുൻപിൽ മൂന്ന് മൊബൈൽ ഫോണുകൾ നിരത്തിവച്ചിട്ടുണ്ടായിരുന്നു. ഇതുകേട്ട് ഞാൻ നിശ്ശബ്ദം പറഞ്ഞു: ജീവിതം തന്നെ വലിയൊരു ഉത്കണ്ഠയല്ലേ മമ്മൂട്ടി? അനേകം ഉത്കണ്ഠകളിലൂടെയാണല്ലോ നാം നമ്മുടെ ഈ താവളങ്ങളിൽ എത്തിപ്പെട്ടത്?'’ (ചിത്രത്തെരുവുകൾ: എം.ടി.വാസുദേവൻ നായർ).


Summary: ‘ദേവലോക’ത്തിനു വേണ്ടി പാലക്കാട് കോട്ടമൈതാനത്ത് മമ്മൂട്ടി വെയിൽ കൊണ്ടത് പാഴായില്ല. ആ വെയിലിനെ എം.ടിയും മറന്നില്ല. തൊട്ടടുത്ത വർഷം, 1980ൽ എം.ടിയുടെ തന്നെ തിരക്കഥയിൽ ആസാദ് സംവിധാനം ചെയ്ത ‘വിൽക്കാനുണ്ട് സ്വപ്നങ്ങൾ' എന്ന ചിത്രത്തിൽ ചെറുതെങ്കിലും ശ്രദ്ധേയമായൊരു വേഷം മമ്മൂട്ടിക്കു കിട്ടി. തുടർന്ന് കെ.ജി.ജോർജിന്റെ ‘മേള'. അവിടെ നിന്നങ്ങോട്ട് മലയാള സിനിമ മമ്മൂട്ടിയുടെ കൂടി മേളയായി- മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിലെ ചില നിർണായക സന്ദർഭങ്ങളിലൂടെ


Comments