സ്വാമി ആനന്ദതീർഥൻ എന്ന നിഷേധ പാഠം

'സ്വാമി ആനന്ദതീർഥൻ - നിഷേധിയുടെ ആത്മശക്തി' എന്ന ഡോക്യുമെൻററിയെക്കുറിച്ച് വി.എം ഉമ എഴുതുന്നു.

"എൻ്റെ ആനന്ദതീർഥനെ ലോകം അറിഞ്ഞിരുന്നുവെങ്കിൽ എത്രയോ മുമ്പ് അദ്ദേഹത്തിന് നോബൽ സമ്മാനം കിട്ടുമായിരുന്നു," തിരു- കൊച്ചി മന്ത്രിസഭയിലുണ്ടായിരുന്ന ജി. രാമചന്ദ്രൻ പറഞ്ഞ വാക്കുകളാണിത്. ആനന്ദതീർഥൻെറ ജീവിതം അടുത്തറിയുമ്പോൾ ഈ വാക്കുകൾ അതിശയോക്തിയല്ലെന്ന് ആർക്കും ബോധ്യപ്പെടും.

സ്വാമി ആനന്ദതീർഥൻെറ സമര- ജീവിത യാത്രയുടെ നാൾവഴികളെ ചരിത്രത്തിൽനിന്ന് ഖനനം ചെയ്ത് നമ്മിലെത്തിക്കുന്നതിന് കടമ്പകൾ ഏറെയുണ്ട്. ഒരു ജീവിതത്തെ പൂർണമായും ദൃശ്യമാധ്യമത്തിലൂടെ ആവിഷകരിക്കുകയെന്നത് ക്ലേശകരമാണ്. ഒരു വലിയ ദൗത്യമെന്ന നിലയിൽ ആനന്ദതീർഥൻെറ ജീവിതത്തെ തേടുന്ന ഡോക്യുമെൻറി - ‘സ്വാമി ആനന്ദ തീർഥൻ നിഷേധിയുടെ ആത്മശക്തി’ നാമോരുത്തരും കാണേണ്ടതാണ്.

സാമൂഹിക ഉച്ചനീചത്വങ്ങളെ ചെറുക്കുന്നതിൻ്റെ ഒരു ഉപാധി എന്ന നിലയിൽ ആനന്ദതീർഥൻ സ്ഥാപിച്ച ശ്രീനാരായണ വിദ്യാലയത്തിലെ ആദ്യകാല വിദ്യാർഥികളിലൊരാളായ കുഞ്ഞിക്കൃഷ്ണൻ മാങ്ങാടൻ നിർമ്മിച്ച് ബിന്ദുസാജൻ, അഭിജിത്ത് നാരായണൻ എന്നിവർ സംവിധായകരായ ഡോക്യുമെൻറി വരും തലമുറയ്ക്ക് മുന്നിൽ വലിയ ചരിത്രപാഠമായി നിലനിൽക്കും എന്ന കാര്യത്തിൽ സംശയമില്ല.

ഒരു പഴഞ്ചൻ തമിഴ് ഗ്രാമത്തിലേക്ക് ക്യാമറ തുറന്നുവെച്ചാണ് ഡോക്യുമെൻററി ആരംഭിക്കുന്നത്. തമിഴ്നാട്, കേരളം, കർണാടകം എന്നിവിടങ്ങളിലെല്ലാം ആനന്ദതീർഥൻ അയിത്തോച്ഛാടന പ്രവർത്തനങ്ങളുമായി ഒറ്റയാൾ പോരാട്ടത്തിനിറങ്ങിയിട്ടുണ്ട്. ആനന്ദതീർഥൻെറ ജീവിതം നൽകിയ വെളിച്ചം കൊണ്ട് സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർ, സഹയാത്രികർ തുടങ്ങിയവരുടെ വാക്കുകളിലൂടെ ആ സാമൂഹിക പരിഷ്കർത്താവിനെ പ്രേക്ഷകന് മുന്നിൽ കൃത്യായി എത്തിക്കാനായതിൽ അണിയറ പ്രവർത്തകർക്ക് അഭിമാനിക്കാം.

"ആളെ നമുക്കറിയാം... നാളെത്തന്നെ ദീക്ഷ നൽകാം…" എന്നാണ് ശ്രീനാരായണ ഗുരു പറഞ്ഞത്. ആ ദീക്ഷ എത്ര വലിയ ശരിയായിരുന്നുവെന്ന് കാലം തെളിയിച്ചു. മേലാളരുടെ വേഷം ധരിക്കുകയെന്നത് ഒരു സമരമാർഗമാക്കിയതുപോലെ ജാതിശ്രേണിയിൽ ഉയർന്നവരുടെ പേരുകളാക്കി ഒപ്പമുള്ള കുട്ടികളെ ചേർത്തുനിർത്തുക എന്നതാണ് ആനന്ദതീർഥൻ അവലംബിച്ച രീതി. വിദ്യാഭ്യാസത്തിലൂടെ മാത്രമേ സമത്വത്തെ തൊടാനാവൂ എന്ന് വ്യക്തമായി ബോധ്യമുണ്ടായിരുന്ന അദ്ദേഹം തൻ്റെ പ്രവർത്തന മേഖലയിലെ ദരിദ്രരായ, അക്ഷരം നിഷേധിക്കപ്പെട്ട കുട്ടികൾക്ക് ഒരു ആശ്രമം സ്ഥാപിച്ച് വിദ്യാഭ്യാസം നൽകി.

സ്വാമി ആനന്ദതീർത്ഥന്‍
സ്വാമി ആനന്ദതീർത്ഥന്‍

ജീവിതത്തിൽ കഷ്ടപ്പാട് അനുഭവിക്കുന്നവനെ സഹഭാവത്തോടെ സംരക്ഷിക്കാനാണ് ആനന്ദതീർഥൻ എക്കാലവും ശ്രമിച്ചത്. ദൈവത്തെത്തേടി അദ്ദേഹം അമ്പലത്തിൽ പോകാറില്ല. ദൈവം സർവവ്യാപിയാണെന്ന് അദ്ദേഹം വിശ്വസിച്ചു. എന്നാൽ, അമ്പലങ്ങളിൽ അയിത്തമില്ലാത്ത ദൈവം നിലനിൽക്കുന്നുണ്ടോ എന്നറിയാൻ താൻ അമ്പലത്തിൽ പോകുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. മാനവികതയിൽ അടിയുറച്ച ദൈവവിശ്വാസമാണ് തൻെറ പ്രവർത്തനങ്ങളെ സധൈര്യം മുന്നോട്ടു കൊണ്ടു പോകാൻ ആ നവോത്ഥാന നായകന് പിന്തുണയായത്.

ചാതുർവർണ്യത്തിൻ്റെ കെട്ടുകയറിൽ പെട്ട് സ്വത്വം നഷ്ടപ്പെട്ട് ജീവിക്കുന്നവരെ സ്വാതന്ത്ര്യം പുലരുന്ന മറ്റൊരു ഭൂമികയുണ്ടെന്ന് ആനന്ദതീർഥൻ ഓർമ്മിപ്പിച്ചു. ഗുരുവായൂർ ഊട്ടുപുര സംഭവം അദ്ദേഹത്തിന് ശാരീരികവും മാനസികവുമായി കടുത്ത ആഘാതം എൽപ്പിച്ചുവെങ്കിലും പിന്നീട് ഊട്ടുപുരയിൽ തുല്യത പുലർന്നുവെന്നത് ചരിത്രം.

ഡോക്യുമെൻററിയുടെ അണിയറ പ്രവർത്തകർ ഒരു നവോത്ഥാന നായകൻെറ ജീവിതത്തെ അവതരിപ്പിക്കുമ്പോൾ പുലർത്തിയ ശ്രദ്ധയും സൂക്ഷ്മതയും മികച്ച അനുഭവമായി. ആനന്ദ തീർഥൻെറ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന നിരവധിയായ സംഭവ സാക്ഷ്യങ്ങളിൽ ഏറെ പ്രാധാന്യമുള്ളവയുടെ കൂട്ടിച്ചേർക്കലുകളോടെ ഈ ഡോക്യുമെൻററി ഇനിയുമിനിയും കൂടുതൽ കാഴ്ചകളിലേക്കും ചർച്ചകളിലേക്കും എത്തേണ്ടതുണ്ട്. ഈ ഉദ്യമത്തിന് മുതിർന്ന അണിയറ പ്രവർത്തകർ തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു.

Comments