മലയാളം പേരിൽ
കേരളത്തിന്റെ സ്വന്തം കാണി മരഞണ്ട്

മരത്തിൽ മാത്രം ജീവിക്കുന്ന ഒരു ഞണ്ടിനെ പശ്ചിമഘട്ടത്തിൽ അഗസ്ത്യമലയിൽ നിന്ന്, ഇന്ത്യയിലാദ്യമായി കണ്ടെത്തിയിരിക്കുന്നു- ‘കാണി മരഞണ്ട്’. ശാസ്ത്രനാമം പൂർണമായും മലയാളത്തിലുള്ള ഏക ജീവി കൂടിയാണിത്. ആ അത്യപൂ​ർവ കണ്ടെത്തലിന്റെ ശാസ്ത്രവഴികളെക്കുറിച്ച് എഴുതുന്നു, പ്രൊഫ. എ. ബിജു കുമാർ.

ഇന്ത്യയിലെ ആദ്യത്തെ മരഞണ്ട്

ണ്ടുകളെ ശുദ്ധജലാശയങ്ങളിലും (അരുവികൾ, തടാകങ്ങൾ, പുഴകൾ), ചതുപ്പുകളിലും, കടലിലും ഒക്കെയാണ് സാധാരണ കണ്ടുവരുന്നത്. എന്നാൽ മരത്തിൽ മാത്രം ജീവിക്കുന്ന ഒരു ഞണ്ടിനെ ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയത് പശ്ചിമഘട്ടത്തിൽ അഗസ്ത്യമലയിൽ നിന്നുമാണ്. കേരളത്തിലെ കാടുകളിൽ മാത്രം കാണപ്പെടുന്ന ഒരു തദ്ദേശ ഇനമാണ് കാണി മരഞണ്ട്.

കണ്ടെത്തിയ വഴി

ശുദ്ധജലമത്സ്യങ്ങളിലും ഞണ്ടുകളിലും ഗവേഷണം നടത്തുന്ന സ്മൃതിരാജും ഞാനും അഗസ്ത്യമലയിൽ നടത്തിയ യാത്രകളിലൊന്നിലാണ് ഞങ്ങൾക്ക് വഴികാട്ടികളായിരുന്ന കാണിക്കാർ (കാണി ആദിവാസി സുഹൃത്തുക്കളായ രാജനും മല്ലനും), വെള്ളത്തിൽ മാത്രമല്ല ഒരിനം ഞണ്ട് മരപ്പൊത്തിലും ഉണ്ട് എന്ന് ഞങ്ങളോട് പറയുന്നത്. മരപ്പൊത്തിൽ കഴിയുന്ന ഞണ്ടിനെത്തേടിയായി പിന്നീടുള്ള യാത്രകൾ. ഒരു ദിവസം കോട്ടൂർ വനമേഖലയിൽ ആദിവാസി ഊരുകൾക്കുസമീപം ഒരു മരത്തിലെ വലിയ പൊത്തിലെ വെള്ളത്തിൽ നിന്നാണ് രാജനും മല്ലനും ഒരു ഞണ്ടിനെ പിടിച്ച് ഞങ്ങൾക്ക് കൈമാറുന്നത്.

പശ്ചിമഘട്ടത്തിലെ അഗസ്ത്യമലയിൽ കണ്ടെത്തിയ ‘കാണി മരഞണ്ട്’.
പശ്ചിമഘട്ടത്തിലെ അഗസ്ത്യമലയിൽ കണ്ടെത്തിയ ‘കാണി മരഞണ്ട്’.

കണ്ടപ്പോൾ തന്നെ ഒരുകാര്യം വ്യക്തമായി, ഇതുപോലെ ഒന്ന് ആരും കണ്ടെത്തി ശാസ്ത്രീയമായി വിവരിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടില്ല. സ്ഥിരീകരിക്കാനായി നിരവധി ചിത്രങ്ങളെടുത്ത് ഞണ്ടുകളുടെ വർഗ്ഗീകരണ ശാസ്ത്രത്തിൽ ആഗോള പ്രശസ്തനായ സിംഗപ്പൂർ സർവകലാശാലയിലെ പ്രൊഫസറും എന്റെ സുഹൃത്തും പ്രസ്തുത വിഷയത്തിൽ എന്റെ ഗുരുവും കൂടിയായ പീറ്റർ ഉങ്ങിന് അയച്ചു. അതിയായ സന്തോഷത്തിലായി പീറ്ററും. അതിനു കാരണവുമുണ്ട്. പൂർണമായും മരത്തിൽ ജീവിക്കുന്ന മരഞണ്ടുകൾ ഇതിനു മുമ്പ് ശ്രീലങ്കയിലും ബോർണിയോയിലും മഡഗാസ്കറിലും നിന്നു മാത്രമേ കണ്ടെത്തിയിട്ടുള്ളൂ, പീറ്റർ അതിൽ പങ്കാളിയും ആയിരുന്നു.

കേരള സർവകലാശാലയുമായി ഗവേഷണത്തിന് ഒരു ധാരണാപത്രത്തിൽ ഒപ്പിട്ട് ഇന്ത്യയിലേക്കുള്ള യാത്ര തുടങ്ങാനുള്ള തയ്യാറെടുപ്പിലുമായിരുന്നു പീറ്റർ അപ്പോൾ. ഇന്ത്യയിലെത്തിയ പീറ്ററും ഞങ്ങളും ചേർന്ന് പുതുതായി കണ്ടെത്തിയ മരഞണ്ടിനെ ശാസ്ത്രീയമായി വർഗീകരിക്കുകയും വിവരിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തു (ജേർണൽ ഓഫ് ക്രസ്റ്റേഷ്യൻ ബയോളജി; Journal of Crustacean Biology, 37(2), 157–167, 2017. doi:10.1093/jcbiol/rux012). ഇന്ത്യയിൽ നിന്ന് കണ്ടെത്തുന്ന ആദ്യത്തെ മരഞണ്ടും കൂടിയാണ് കാണി മരഞണ്ട്.

ആ മലയാളം പേരിനുപിന്നിൽ

ജീവികളുടെ ശാസ്ത്രീയ നാമകരണത്തിന് രണ്ട് പദങ്ങൾ ഉൾപ്പെടുന്ന പേരു നൽകുന്ന രീതിയാണ് നിലവിലുള്ളത് (binomial nomenclature). ഇതിൽ ആദ്യ വാക്ക് ജനുസ്സിനെയും (genus) രണ്ടാമത്തെ വാക്ക് സ്പീഷീസിനെയും (species) പ്രതിനിധീകരിക്കുന്നു.

പുതിയ മരഞ്ഞണ്ടിന്റെ ജനുസ്സിന് മരഞണ്ടിനെ കണ്ടെത്താൻ സഹായിച്ച കാണിക്കാരുടെ ഓർമ്മക്കായി ‘കാണി’ എന്നും സ്പീഷീസിന് മലയാളം പേരായ ‘മരഞ്ഞണ്ട്’ എന്നുമാണ് നാമകരണം ചെയ്തിരിക്കുന്നത്. അങ്ങനെ ശാസ്ത്രനാമം പൂർണമായും മലയാളത്തിലുള്ള ഏക ജീവിയായി മരഞ്ഞണ്ട്. (ശാസ്ത്രനാമം: Kaani maranjandu Kumar, Raj & Ng, 2017; ഇതിൽ അവസാനം നൽകുന്നത് കണ്ടെത്തി വിവരിച്ച വ്യക്തികളുടെ പേരാണ്).

മരഞണ്ടിനെ കണ്ടെത്താൻ സഹായിച്ച രാജൻ കാണി, മല്ലൻ കാണി എന്നിവരോടൊപ്പം ​​ഡോ. എ. ബിജുകുമാർ
മരഞണ്ടിനെ കണ്ടെത്താൻ സഹായിച്ച രാജൻ കാണി, മല്ലൻ കാണി എന്നിവരോടൊപ്പം ​​ഡോ. എ. ബിജുകുമാർ

ജന്തുക്കളുടെ ശാസ്ത്രീയനാമങ്ങളുടെ ശരിയായ ഉപയോഗത്തെക്കുറിച്ചുള്ള വിവരങ്ങൾ സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് ഇന്റർനാഷണൽ കമീഷൻ ഓൺ സുവോളജിക്കൽ നോമൻക്ലേച്ചർ (ICZN) എന്ന സംഘടനയാണ്. ജന്തുക്കളുടെ പേരിടുന്നതിനും നാമകരണ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമുള്ള ഒരു കൂട്ടം നിയമങ്ങൾ - ജന്തുനാമകരണത്തിന്റെ അന്താരാഷ്ട്ര നിയമാവലി (International Code of Zoological Nomenclature) നിർമ്മിക്കുന്നതിനുള്ള ഉത്തരവാദിത്തം ICZN-നാണ്. ജന്തുക്കളുടെ സാധാരണ നാമങ്ങളും (common names) പ്രാദേശിക നാമങ്ങളും ഏറെ വ്യത്യസ്തമായിരുക്കുന്നതിനാൽ ശാസ്ത്രീയ നാമങ്ങൾ ആഗോളതലത്തിൽ ജീവികളെ ഒറ്റപേരിൽ അറിയപ്പെടാൻ സഹായിക്കുന്നുവെന്ന് മാത്രമല്ല, ഏതുഭാഷയിലും ശാസ്ത്രനാമത്തിന് വ്യത്യാസം സംഭവിക്കാത്തതിനാൽ ഇവയെ കണ്ടെത്താനും രേഖപ്പെടുത്താനും (പ്രത്യേകിച്ച് കമ്പ്യൂട്ടർ വിവരശേഖരങ്ങളിലും സെർച്ച് എഞ്ചിനുകളിലും) കൂടുതൽ ഫലപ്രദമാവുകയും ചെയ്യുന്നു.

അന്താരാഷ്ട്ര നിയമാവലിയിൽ ജന്തുക്കൾക്ക് പേരുനൽകുന്നതിന് ചില നിഷ്കർഷകളുണ്ട്. ഏറെ സങ്കീർണമായ നിയമാവലിയിലെ ചില വ്യവസ്ഥകൾ ചുരുക്കിപ്പറയാം.

നിയമത്തിലെ 11.2, 11.3 അംശങ്ങൾ ലാറ്റിൻ അക്ഷരമാലയുടെ നിർബന്ധിത ഉപയോഗവും, ശാസ്ത്രനാമം ലാറ്റിൻ, ഗ്രീക്ക് അല്ലെങ്കിൽ മറ്റേതെങ്കിലും ഭാഷയിൽ നിന്നോ ഉരുത്തിരിഞ്ഞതോ ആവണം എന്ന് നിഷ്കർഷിക്കുന്നു. ഉദാഹരണത്തിന്, കേരളത്തിൽ ഏറ്റവും പ്രശസ്തമായ മാവേലി തവളയുടെ കാര്യമെടുക്കാം. Nasikabatrachus sahyadrensis Biju & Bossuyt- 2003 എന്നതാണ് ഇതിന്റെ ശാസ്ത്രനാമം. ഇതിൽ ജനുസ്സിന്റെ പേര് 'നാസികാബട്രാക്കസ്' എന്നും സ്പീഷീസിന്റെ പേര് 'സഹ്യാദ്രൻസിസ്' എന്നുമാണ്. പൂർണമായും നിയമം പാലിച്ചാണ് നാമകരണം. മറ്റു തവളകളിൽ നിന്ന് വ്യത്യസ്തമായി നീണ്ട മൂക്കുള്ള തവള ആയതിനാൽ മൂക്കിന്റെ സംസ്കൃതനാമം 'നാസിക'യും

കേരളത്തിലെ ഏറ്റവും പ്രശസ്തമായ മാവേലി തവള. Nasikabatrachus sahyadrensis Biju & Bossuyt- 2003 എന്നതാണ് ഇതിന്റെ ശാസ്ത്രനാമം: Photo / indiabiodiversity.org
കേരളത്തിലെ ഏറ്റവും പ്രശസ്തമായ മാവേലി തവള. Nasikabatrachus sahyadrensis Biju & Bossuyt- 2003 എന്നതാണ് ഇതിന്റെ ശാസ്ത്രനാമം: Photo / indiabiodiversity.org

തവളക്ക് ഗ്രീക്ക് ഭാഷയിൽ പറയുന്ന 'ബട്രാക്കസ്' (batrachos) എന്ന പേരും ചേർത്ത് ലാറ്റിനീകരിച്ചാണ് 'നാസികാബട്രാക്കസ്' എന്ന പേര് തിരഞ്ഞെടുത്തിരിക്കുന്നത്. സഹ്യാദ്രിയിൽ നിന്ന് കണ്ടെത്തിയതിനാൽ ലാറ്റിനീകരിച്ച പേരായ 'സഹ്യാദ്രൻസിസ്' എന്ന നാമം സ്പീഷീഷിനും നൽകി. പുതുതായി കണ്ടെത്തുന്ന ജീവിയുടെ പേരിടീൽ കർമത്തിന്റെ പൂർണസ്വാതന്ത്യം കണ്ടെത്തുന്നവർക്കാണ്, അത് നിയമവിധേയമായിരിക്കണമെന്ന് മാത്രം. ചില ജീവികൾക്ക് വ്യക്തികളുടെ പേര് നൽകുന്ന രീതിയും നിലവിലുണ്ട്. സുവർണാദേവിയും പീറ്ററും ചേർന്ന് കാസർഗോട്ടുനിന്ന് പുതുതായി കണ്ടെത്തിയ കണ്ടൽ ഞണ്ടിന് എന്റെ പേരാണ് നൽകിയിരിക്കുന്നത്, ലെപ്റ്റർമാ ബിജു (Leptarma biju).

പാരമ്പര്യവാദികൾ ലാറ്റിനീകരിച്ച പദങ്ങൾ തന്നെ ശാസ്ത്രനാമത്തിൽ വരണം എന്ന് ശഠിക്കുന്നവരാണ്. എന്നാൽ നിയമത്തിലെ ആർട്ടിക്കിൾ 26, ശാസ്ത്രീയ നാമങ്ങളിൽ ഗ്രീക്ക് അല്ലെങ്കിൽ ലാറ്റിൻ അനുമാനം ആവാം എന്ന് പറയുന്നുണ്ട്. ഇതനുസരിച്ച് നാം മലയാള പദങ്ങൾ അല്ലെങ്കിൽ മറ്റേതെങ്കിലും ഭാഷാപദങ്ങൾ ശാസ്ത്രനാമത്തിന് പരിഗണിച്ചാലും രചയിതാവ് മറ്റെന്തെങ്കിലും പ്രസ്താവിക്കുന്നില്ലെങ്കിൽ പ്രസ്തുത പേരോ ആ ഘടകമോ നിയമത്തിലെ പ്രസക്തമായ ഭാഷയിലെ (ഗ്രീക്ക് അല്ലെങ്കിൽ ലാറ്റിൻ) ഒരു പദമായി കണക്കാക്കും. നിയമത്തിലെ പ്രസ്തുത നിബന്ധന അനുസരിച്ചാണ് ‘കാണി മരഞണ്ട്’ എന്ന പേരുതന്നെ നൽകാൻ തീരുമാനിച്ചത്. ശാസ്ത്രനാമം ശാസ്ത്രമുള്ള കാലമത്രയും നിലനിൽക്കും, ഒപ്പം അങ്ങനെ നൽകിയ മലയാളം പേരും.

ഘടന, സവിശേഷത

കുറുകെ അണ്ഡാകൃതിയിലുള്ള പുറന്തോടും വളരെ നീണ്ട കാലുകളുമാണ് കാണി മരഞണ്ടിനെ മറ്റു ഞണ്ടുകളിൽനിന്ന് വ്യത്യസ്തമാക്കുന്നത്. നീണ്ട കാലുകളും ആദ്യ കാലിലെ അഗ്രഭാഗം വളഞ്ഞ ഉറച്ചമുള്ളുകളും അനായാസമായി മരം കയറാൻ ഇവയ്ക്ക് സഹായകമാകുന്നു. ശരീരത്തിന് നീലകലർന്ന കറുപ്പുനിറമാണ്. അടിവശത്തും പാർശ്വങ്ങളിലും ഓറഞ്ചുകലർന്ന മഞ്ഞനിറവുമുണ്ട്. മരപ്പൊത്തുകളിലെ വെള്ളത്തിൽ കഴിയുന്ന ഇവ അപൂർവമായേ പുറത്തിറങ്ങൂ, അതും പ്രധാനമായി രാത്രികളിൽ. ഇവ പ്രജനനം നടത്തുന്നതും മരപ്പൊത്തുകളിലാണ്. താന്നി, മരുത്, വയണ, ഏഴിലംപാല തുടങ്ങിയ മരങ്ങളിലെ പൊത്തുകളിലാണ് സാധാരണയായി ഇവയെ കാണുന്നത്.

കുറുകെ അണ്ഡാകൃതിയിലുള്ള പുറന്തോടും വളരെ നീണ്ട കാലുകളുമാണ് കാണി മരഞണ്ടിനെ മറ്റു ഞണ്ടുകളിൽനിന്ന് വ്യത്യസ്തമാക്കുന്നത്.
കുറുകെ അണ്ഡാകൃതിയിലുള്ള പുറന്തോടും വളരെ നീണ്ട കാലുകളുമാണ് കാണി മരഞണ്ടിനെ മറ്റു ഞണ്ടുകളിൽനിന്ന് വ്യത്യസ്തമാക്കുന്നത്.

വലിയ മരപ്പൊത്തിൽ ഒന്നിലധികം ഞണ്ടുകൾ ചിലപ്പോൾ ഒരുമിച്ചു താമസിക്കും. അവ താമസിക്കുന്ന പൊത്തിൽനിന്ന് പുറത്തേക്കുകളയുന്ന പൊടിയും വിസർജ്യവസ്തുക്കളും വെള്ളത്തിൽ നിന്ന് വരുന്ന കുമിളകളും നോക്കിയാണ് മരഞ്ഞണ്ടിന്റെ സാന്നിധ്യം കാണിക്കാർ തിരിച്ചറിയുന്നത്. കാണിക്കാർ ചർമ്മരോഗങ്ങൾ മാറ്റാൻ എണ്ണ കാച്ചാൻ മരഞണ്ടുകളെ ഉപയോഗിക്കാറുണ്ട്. മൂങ്ങ, കീരി തുടങ്ങിയവയാണ് മരഞ്ഞണ്ടിന്റെ പ്രധാന ശത്രുക്കൾ. ഇലകൾ, വിത്തുകൾ, ഒച്ച്‌, പ്രാണികൾ തുടങ്ങിയവയാണ് മരഞ്ഞണ്ടിന്റെ ആഹാരം.

പാരിസ്ഥിതിക സൂചകങ്ങൾ

നിറയെ വെള്ളമുള്ള മരപ്പൊത്തുകളിൽ മാത്രമാണ് മരഞണ്ടുകൾ താമസിക്കുന്നത്. വേനൽക്കാലത്ത് വെള്ളമില്ലാത്ത പൊത്തുകളിൽ നിന്ന് മരങ്ങളിൽ ഉയരത്തിലുള്ള പൊത്തുകളിലേക്ക് ഇവ കയറിപ്പോകും. അപൂർവ്വമായ മരഞ്ഞണ്ടുകളുടെ സാന്നിധ്യം പശ്ചിമഘട്ടത്തിൽ വനമേഖലയിലും അതിനോട് ചേർന്നുനിൽക്കുന്ന പ്രദേശങ്ങളിലേയും വലിയ മരങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യം വ്യക്തമാക്കുന്നു. മരപ്പൊത്തിലെ വെള്ളത്തിൽ മാത്രം ജീവിക്കാൻ കഴിയുന്ന മരഞ്ഞണ്ടുകളെ കാടിന്റെ ആരോഗ്യത്തിന്റെ പ്രതീകങ്ങളായും കാണാൻ കഴിയും.

നിറയെ വെള്ളമുള്ള മരപ്പൊത്തുകളിൽ മാത്രമാണ് മരഞണ്ടുകൾ താമസിക്കുന്നത്. വേനൽക്കാലത്ത് വെള്ളമില്ലാത്ത പൊത്തുകളിൽ നിന്ന് മരങ്ങളിൽ ഉയരത്തിലുള്ള പൊത്തുകളിലേക്ക് ഇവ കയറിപ്പോകും.
നിറയെ വെള്ളമുള്ള മരപ്പൊത്തുകളിൽ മാത്രമാണ് മരഞണ്ടുകൾ താമസിക്കുന്നത്. വേനൽക്കാലത്ത് വെള്ളമില്ലാത്ത പൊത്തുകളിൽ നിന്ന് മരങ്ങളിൽ ഉയരത്തിലുള്ള പൊത്തുകളിലേക്ക് ഇവ കയറിപ്പോകും.

തുടർപഠനങ്ങൾ

ആദ്യം അഗസ്ത്യമലയിലെ കാടുകളിൽ മാത്രമാണ് കണ്ടതെങ്കിലും പിന്നീട് പഠനം ഏറ്റെടുത്ത എന്റെ ഗവേഷണ വിദ്യാർഥിനി സൗമ്യ, മരഞണ്ടിന്റെ സാന്നിദ്ധ്യം കേരളത്തിൽ ഒട്ടാകെ ഉണ്ടാകാം എന്ന് സാക്ഷ്യപ്പെടുത്തുന്നു. പല സുഹൃത്തുക്കളും കേരളത്തിലെ വിവിധ വനമേഖലകളിൽ നിന്ന് അയച്ചുതരുന്ന ചിത്രങ്ങളും ഇത് ശരിവയ്ക്കുന്നു. പാലക്കാട് ചുരത്തിന് വടക്ക് വയനാട്ടിലും കോഴിക്കോടുമൊക്കെ ഇവയെ കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ ജീവശാസ്ത്രവും സ്വഭാവരീതികളും ഇപ്പോൾ കൂടുതൽ പഠനവിധേയമാക്കുന്നു. മരപ്പൊത്തിൽ പെൺഞണ്ടുകളുടെ ഉദരത്തിൽ തന്നെ വിരിയുന്ന കുഞ്ഞുങ്ങൾ അമ്മയോടൊപ്പം വെള്ളത്തിൽ മുതുകിലേറി നടക്കുന്നതും തുടർപഠനങ്ങളിൽ കണ്ടിട്ടുണ്ട്.

സൗമ്യ നടത്തിക്കൊണ്ടിരിക്കുന്ന ജീനോം പഠനങ്ങൾ ഇവയുടെ പരിണാമശാസ്ത്രത്തെപറ്റി രസകരമായ കൂടുതൽ വിവരങ്ങൾ വരുംനാളുകളിൽ ലഭ്യമാക്കുമെന്ന് പ്രതീക്ഷിക്കാം. ഒപ്പം, അധികം പഠനവിധേയമാക്കിയിട്ടില്ലാത്ത പശ്ചിമഘട്ടത്തിലെ ശുദ്ധജലജൈവവൈവിധ്യം, പ്രത്യേകിച്ചും അധികം അറിയപ്പെടാത്ത ജീവികളായ ഞണ്ടുകൾ, മറ്റ് ചെറിയ അകശേരുകികൾ എന്നിവയുടെ വൈവിധ്യം, കൂടുതൽ വ്യക്തമായി രേഖപ്പെടുത്തേണ്ട ആവശ്യവും ഇത്തരം പഠനങ്ങൾ വ്യക്തമാക്കുന്നു.

ആദ്യം അഗസ്ത്യമലയിലെ കാടുകളിൽ മാത്രമാണ് കാണി മരഞ്ഞണ്ടിനെ കണ്ടതെങ്കിലും പിന്നീട് പഠനം ഏറ്റെടുത്ത ഗവേഷണ വിദ്യാർഥിനി സൗമ്യ, മരഞണ്ടിന്റെ സാന്നിദ്ധ്യം കേരളത്തിൽ ഒട്ടാകെ ഉണ്ടാകാം എന്ന് സാക്ഷ്യപ്പെടുത്തുന്നു. .
ആദ്യം അഗസ്ത്യമലയിലെ കാടുകളിൽ മാത്രമാണ് കാണി മരഞ്ഞണ്ടിനെ കണ്ടതെങ്കിലും പിന്നീട് പഠനം ഏറ്റെടുത്ത ഗവേഷണ വിദ്യാർഥിനി സൗമ്യ, മരഞണ്ടിന്റെ സാന്നിദ്ധ്യം കേരളത്തിൽ ഒട്ടാകെ ഉണ്ടാകാം എന്ന് സാക്ഷ്യപ്പെടുത്തുന്നു. .

ശുദ്ധജല ഞണ്ടുകളും
പാരിസ്ഥിതിക സേവനങ്ങളും

ശുദ്ധജല ആവാസവ്യവസ്ഥയിൽ ശുദ്ധജല ഞണ്ടുകൾ പാരിസ്ഥിതിക സന്തുലിതാവസ്ഥയ്ക്കും ജല പരിസ്ഥിതികളുടെ ആരോഗ്യത്തിനും ഗണ്യമായ സംഭാവന നൽകുന്നു.

  1. പോഷക ചംക്രമണവും വിഘടനവും

  • ശുദ്ധജല ഞണ്ടുകൾ പലപ്പോഴും ജല ആവാസവ്യവസ്ഥകളിലെ ‘തോട്ടിപ്പണി’ക്കാരാണ്- ചത്ത സസ്യങ്ങൾ, മൃഗങ്ങൾ, ജലത്തിലും തീരത്തിലുമുള്ള ജൈവവസ്തുക്കളാണ് ഇവയുടെ ഭക്ഷണം. ഇത്തരം ഭക്ഷ്യരീതികളിലൂടെ പോഷകങ്ങളെ ആവാസവ്യവസ്ഥയിലേക്ക് പുനരുൽപ്പാദിപ്പിക്കാൻ അവ സഹായിക്കുന്നു, മറ്റ് ജീവജാലങ്ങൾക്ക് അവ ലഭ്യമാക്കുന്നു.

  • ചിലയിനം ശുദ്ധജല ഞണ്ടുകൾ വെള്ളത്തിൽ വീഴുന്ന ഇലകൾ കഴിക്കുന്നു, ഇത് ദ്രവീകരണ പ്രക്രിയയെ സുഗമമാക്കുകയും ജലത്തിന്റെ പോഷക സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.

  1. ഭക്ഷ്യശൃംഖലയിലെ വേട്ടക്കാരനും ഇരയും

  • ശുദ്ധജല ഞണ്ടുകൾ ആവാസവ്യവസ്ഥയ്ക്കുള്ളിൽ വേട്ടക്കാരായും ഇരയായും പ്രവർത്തിക്കുന്നു. അവ ചെറിയ അകശേരുക്കൾ, ആൽഗകൾ, ജൈവാവശിഷ്ടങ്ങൾ (ഡിട്രിറ്റസ്) എന്നിവയെ ഭക്ഷിക്കുന്നു. ഇവ പ്രസ്തുത ജീവികളുടെ ജനസംഖ്യ നിയന്ത്രിക്കുകയും അമിതവളർച്ചയോ അസന്തുലിതാവസ്ഥയോ തടയുകയും ചെയ്യുന്നു.

  • മത്സ്യം, പക്ഷികൾ, ഉരഗങ്ങൾ, സസ്തനികൾ എന്നിവയുൾപ്പെടെ പല ശുദ്ധജല ജീവിവർഗങ്ങൾക്കും ഞണ്ടുകൾ ഒരു പ്രധാന ഭക്ഷണ സ്രോതസ്സാണ്. ഇരയെന്ന നിലയിൽ ഇവയുടെ പങ്ക് ഈ ജീവിവർഗങ്ങളുടെ ഭക്ഷണത്തെയും നിലനിൽപ്പിനെയും പിന്തുണയ്ക്കുന്നു, ഇത് ജല- ഭൗമ ഭക്ഷ്യ വലകളെ ബന്ധിപ്പിക്കുന്നു.

  1. അവസാദങ്ങളിലെ വായുസഞ്ചാരവും ഉലച്ചിലും ബയോടർബേഷനും

  • ഞണ്ടുകൾ അവസാദങ്ങളിൽ (സാധാരണയായി ജലത്തിൽ നിക്ഷേപിക്കപ്പെട്ടിട്ടുള്ളതും സംയോജിച്ച് ഒന്നായി തീർന്നിട്ടില്ലാത്തതുമായ തരിരൂപത്തിലുള്ള ഖനിജങ്ങൾ- Sediment) കുഴിയെടുക്കുമ്പോൾ, അവ ജലാശയങ്ങളുടെ അടിത്തട്ടിനെ വായുസഞ്ചാരമുള്ളതാക്കാൻ സഹായിക്കുന്നു. ഇത്തരം ഉലച്ചിൽ (Bioturbation) അവസാദങ്ങളിൽ വസിക്കുന്ന സൂക്ഷ്മാണുക്കൾക്കും സസ്യവേരുകൾക്കും പ്രയോജനകരമാണ്. ഇത്തരം പ്രവർത്തനങ്ങൾ പോഷക ചംക്രമണത്തെയും പുനർവിതരണത്തെയും സഹായിക്കുകയും ആരോഗ്യകരമായ ജലാന്തരീക്ഷം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

  1. ആൽഗകളുടെ വളർച്ച നിയന്ത്രിക്കൽ

  • പല ശുദ്ധജല ഞണ്ടുകളും ആൽഗകളെ ഭക്ഷിക്കുന്നു, പ്രത്യേകിച്ച് അവയുടെ ആവാസ വ്യവസ്ഥയിലെ പാറകളിലും ചെടികളിലും. ആൽഗ കഴിക്കുന്നതിലൂടെ, അമിതമായ ആൽഗകളുടെ വളർച്ച തടയാൻ അവ സഹായിക്കുന്നു. ഇത് ഒരു പരിധിവരെ വെള്ളത്തിന്റെ അതിപോഷകത്വം (Eutrophication) തടയാനും വെള്ളത്തിലെ ഓക്സിജന്റെ അളവ് ആവശ്യമായ തോതിൽ നിലനിര്ത്താനും സഹായിക്കും.

  1. വിത്ത് വ്യാപനവും ആവാസവ്യവസ്ഥാ പരിഷ്കരണവും

  • ചില ശുദ്ധജല ഞണ്ടുകൾ വെള്ളത്തിൽ വീഴുന്ന പഴങ്ങളോ വിത്തുകളോ ഭക്ഷിക്കുന്നു. ഈ പ്രക്രിയയിൽ, അവ അവയുടെ ആവാസവ്യവസ്ഥയിൽ വിത്തുകളുടെ വ്യാപനത്തെയും അതുവഴി സസ്യ വൈവിധ്യത്തെ പ്രോത്സാഹിപ്പിക്കുകയും തീരപ്രദേശങ്ങളിൽ കണ്ടൽ ചെടികൾ എത്തിച്ചേരാൻ സഹായിക്കുകയും ചെയ്യും.

  • പ്രാണികൾ, ചെറുമത്സ്യങ്ങൾ, ഉഭയജീവികൾ എന്നിവയുൾപ്പെടെയുള്ള വിവിധ ജീവജാലങ്ങളെ പിന്തുണയ്ക്കുന്ന മൈക്രോഹാബിറ്റാറ്റുകൾ സൃഷ്ടിക്കുന്ന, നദീതീരങ്ങളുടെയോ തടാകതീരങ്ങളുടെയോ ഘടനയെ ഞണ്ടുകളുടെ കുഴിയെടുക്കൽ പ്രവർത്തനം സ്വാധീനിക്കും.

  1. ആവാസവ്യവസ്ഥയുടെ ആരോഗ്യത്തിന്റെ സൂചകങ്ങൾ

  • മലിനീകരണം, താപനിലയിലെ ഏറ്റക്കുറച്ചിലുകൾ, അമ്ലതയുടെ വ്യതിയാനങ്ങൾ തുടങ്ങിയ ജലത്തിന്റെ ഗുണനിലവാരത്തിലെ മാറ്റങ്ങളോട് ശുദ്ധജല ഞണ്ടുകൾ സംവേദനക്ഷമമാണ്. ശുദ്ധജല സംവിധാനത്തിലെ അവയുടെ സാന്നിധ്യവും ആരോഗ്യവും ആവാസവ്യവസ്ഥയുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ സൂചിപ്പിക്കാൻ സഹായകമാവും. ശുദ്ധജല ഞണ്ടുകളുടെ എണ്ണം കുറയുന്നത് മലിനീകരണം അല്ലെങ്കിൽ ആവാസവ്യവസ്ഥയുടെ തകർച്ച പോലുള്ള പ്രശ്‌നങ്ങളെ സൂചിപ്പിക്കാം, ഇത് അവയെ സംരക്ഷണ ശ്രമങ്ങൾക്ക് ഉപയോഗപ്രദമായ ജൈവ സൂചകങ്ങളാക്കി മാറ്റുന്നു.

  1. ജൈവവൈവിധ്യ സംരക്ഷണത്തിനുള്ള പിന്തുണ

  • ശുദ്ധജല ഞണ്ടുകൾക്ക് പലപ്പോഴും പ്രത്യേക ആവാസ വ്യവസ്ഥകൾ ഉണ്ടായിരിക്കുകയും അവയുടെ ആവാസവ്യവസ്ഥയിൽ അതുല്യമായ പങ്ക് വഹിക്കുകയും ചെയ്യുന്നു. ഈ ആവാസ വ്യവസ്ഥകളെ സംരക്ഷിക്കുന്നത് ഞണ്ടുകളെ മാത്രമല്ല, അവ പിന്തുണയ്ക്കുന്ന ജൈവവൈവിധ്യത്തെയും പാരിസ്ഥിതിക പ്രക്രിയകളെയും സംരക്ഷിക്കുന്നു.

  • അവ പലപ്പോഴും അദ്വിതീയമോ ഒറ്റപ്പെട്ടതോ ആയ ശുദ്ധജല സംവിധാനങ്ങളിൽ വസിക്കുന്നതിനാൽ, ചില സ്പീഷീസുകൾ പ്രാദേശികമാണ്, അതായത് അവ മറ്റെവിടെയും കാണില്ല. ഈ പ്രദേശങ്ങളുടെ പാരിസ്ഥിതിക തനിമ നിലനിർത്തുന്നതിന് അവയുടെ സംരക്ഷണം അത്യന്താപേക്ഷിതമാണ്.

  • ചുരുക്കത്തിൽ, ശുദ്ധജല ഞണ്ടുകൾ ശുദ്ധജല ആവാസവ്യവസ്ഥയുടെ ആരോഗ്യത്തിനും സ്ഥിരതയ്ക്കും അവിഭാജ്യമാണ്. പോഷക സൈക്ലിംഗ്, ആവാസ വ്യവസ്ഥ പരിഷ്ക്കരണം, ജൈവവൈവിധ്യ പിന്തുണ എന്നിവയിൽ അവരുടെ പങ്ക് നദികളുടെയും തടാകങ്ങളുടെയും അരുവികളുടെയും പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ അവരെ നിർണായകമാക്കുന്നു.


Summary: A tree-dwelling crab named Kani Maranjandu has been discovered for the first time in India from the Western Ghats. it also became the only species whose scientific name is completely in Malayalam.


ഡോ. എ. ബിജു കുമാർ

പ്രൊഫസർ ആന്റ് ഹെഡ്, ഡിപ്പാർട്ടുമെന്റ് ​ഓഫ്

അക്വാട്ടിക് ബയോളജി & ഫിഷറീസ്, കേരള സർവകലാശാല, കാര്യവട്ടം, തിരുവനന്തപുരം.

Comments