‘പ്രത്യേക ദുരന്തം’; പ്രഖ്യാപനത്തിൽനിന്ന്
പരിഹാരത്തിലേക്കുള്ള ദൂരങ്ങൾ

കഴിഞ്ഞ ആഴ്ച, ഒറ്റ ദിവസം കൊണ്ട് മൂന്നു പേരാണ് സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 2024- ൽ ഇതുവരെ സംസ്ഥാനത്ത് കാട്ടാന ആക്രമണത്തിൽ മാത്രം കൊല്ലപ്പെട്ടത് 9 പേരാണെന്നതും പേടിപ്പെടുത്തുന്ന കണക്കാണ്. കാട്ടാന ആക്രമണത്തിൽ ഇന്ന്, ​മാർച്ച് എട്ടിന്, കർണാടകത്തിലും രണ്ടുപേർക്ക് ജീവൻ നഷ്ടമായി. കേരളത്തിന്റെ വനമേഖലയോടു ചേർന്ന പ്രദേശങ്ങളിലും മലയോരങ്ങളിലും ജീവിക്കുന്ന മനുഷ്യരുടെ ജീവിതം അത്യന്തം സംഘർഷഭരിതമായ ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നത്.

Human wants are unlimited,
but resources are scares
- Lionnel Robbins, British Economist

കാടുമായി ചേർന്ന് ജീവിക്കുന്ന മനുഷ്യർക്ക് എക്കാലവും അഭിമുഖീകരിക്കേണ്ടി വരുന്ന പ്രധാന പ്രശ്‌നങ്ങളിൽ ഒന്ന് കാട്ടുമൃഗങ്ങളുമായുള്ള നിരന്തര സംഘർഷമാണ്. സംഘർഷങ്ങളുടെ ഈ ചരിത്രത്തിന് മനുഷ്യജീവിതം ആരംഭിച്ച കാലത്തോളം പഴക്കവുമുണ്ട്. വിഭവങ്ങൾക്കുമേലുള്ള ആധിപത്യത്തിന് മനുഷ്യനും മൃഗങ്ങളും നടത്തിയ യുദ്ധങ്ങളുടെ ചരിത്രം കൂടിയാണ് അത്. മനുഷ്യനും മനുഷ്യ സംസ്‌കാരവും ഭൂഖണ്ഡങ്ങളിലേക്ക് പടർന്നപ്പോൾ വിഭവങ്ങളുടെ പങ്കുവെക്കലിലും അസമത്വം ഉണ്ടായി. മനുഷ്യ- വന്യജീവി സംഘർഷങ്ങളുടെ എറ്റവും പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്ന് ഇതാണ്. വിഭവങ്ങളുടെ പങ്കുവെക്കലിലുള്ള അസമത്വം.

അടുത്ത കാലത്തായി മനുഷ്യരും വന്യജീവികളും തമ്മിലുള്ള ഇത്തരം സംഘർഷങ്ങളുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടായിട്ടുണ്ട്. കേരളത്തിൽ, വയനാട്ടിലും ഇടുക്കിയിലുമെല്ലാം കാട്ടുമൃഗങ്ങളുടെ ആക്രമണത്തിൽ മനുഷ്യർ കൊല്ലപ്പെടുന്നത് പതിവായിരിക്കുന്നു. വർഷം തോറും ഈ സംഘർഷങ്ങളുടെ എണ്ണം വർദ്ധിച്ചുകൊണ്ടുമിരിക്കുന്നു. ഇത്തരം മനുഷ്യ വന്യജീവി സംഘർഷങ്ങൾ വയനാട്ടിലും ഇടുക്കിയിലും മാത്രമല്ല, കേരളത്തിന്റെ മലയോരമേഖലകളിലെ മനുഷ്യർക്ക് വലിയ സാമൂഹിക പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. മുന്നോട്ടുള്ള ജീവിതത്തിനായി കരുതിവെച്ചത് പലതും ആനയും കാട്ടുപോത്തും എടുത്ത് പോകുമ്പോൾ എന്ത് ചെയ്യണമെന്നറിയാതെ നിസ്സഹായരാണ് ഇപ്പോഴും ഈ നാട്ടിലെ മനുഷ്യർ.

കഴിഞ്ഞ വർഷത്തെ സാമ്പത്തിക അവലോകന റിപ്പോർട്ടിലെ കണക്കുകൾ പ്രകാരം കേരളത്തിലെ മനുഷ്യ വന്യജീവി സംഘർഷങ്ങളുട എണ്ണത്തിൽ കുറേ നാളുകളിലായി വലിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. 2022-23ൽ കാട്ടാന ആക്രമണത്തിൽ മാത്രം 27 പേരാണ് മരിച്ചത്. 71 പേർക്ക് സാരമായ അപകടങ്ങളുണ്ടായി. കാട്ടാന ആക്രമണത്തിൽ തന്നെ 8 കന്നുകാലി മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. 4087 കൃഷി / വസ്തു നാശങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതായത് ആകെ 4193 നാശനഷ്ടങ്ങളാണ് കാട്ടാന ആക്രമണം കൊണ്ട് കഴിഞ്ഞ വർഷം മാത്രം ഉണ്ടായത്. കാട്ടാനയുടെ ആക്രമണത്തിൽ ഇന്ന്, ​മാർച്ച് എട്ടിന്, കർണാടകത്തിലും തമിഴ്‌നാട്ടിലും രണ്ടുപേർക്ക് ജീവൻ നഷ്ടമായി. തമിഴ്‌നാട്ടില്‍മസിനഗുഡിയിലും കര്‍ണാടകത്തില്‍ ദേവർഷോല ദേവൻ ഡിവിഷനിലുമാണ് രണ്ടുപേർക്ക് ജീവൻ നഷ്ടമായത്. മസിനഗുഡിയിലെ മായാറിൽ നാഗരാജ്, ദേവർഷോലയിലെ മാതേവ് എന്നിവരാണ് ഇന്ന് കൊല്ലപ്പെട്ടത്.

കഴിഞ്ഞ പത്തുവർഷത്തെ കണക്ക് നോക്കുകയാണെങ്കിൽ 53 പേരാണ് വയനാട്ടിൽ കൊല്ലപ്പെട്ടത്. അതായത് 43 വർഷത്തെ ആക്രമണങ്ങളേക്കാൾ ഫ്രീക്വൻസിയുണ്ട്, കഴിഞ്ഞ പത്തുവർഷത്തെ ആക്രമണങ്ങൾക്ക്.

2023-ൽ കാട്ടുപന്നി ആക്രമണത്തിൽ 7 പേർ മരിച്ചു. 261 പേർക്ക് സാരമായി പരിക്കേറ്റതായും സാമ്പത്തിക അവലോകന റിപ്പോർട്ട് പറയുന്നു. 4 കന്നുകാലി മരണങ്ങളും ഉണ്ടായി. കാട്ടുപന്നി ആക്രമണത്തിൽ തന്നെ കൃഷിനാശത്തിന്റെയും വസ്തുനാശത്തിന്റെയും 1252 സംഭവങ്ങളുമുണ്ടായി. കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾ മരിച്ചപ്പോൾ 5 പേർക്ക് സാരമായ പരിക്കേറ്റു. 25 കൃഷിനാശം / വസ്തുനാശവും ഉണ്ടായി.
കൂടാതെ പാമ്പുകടിയേറ്റ് 48 പേർ മരിച്ചു. 871 പേർക്ക് അപകടവും 65 കന്നുകാലി മരണവും സംഭവിച്ചു. മൊത്തം 10,48,86,515 രൂപയുടെ നഷ്ടങ്ങളാണ് വന്യജീവി ആക്രമണത്തിൽ സംഭവിച്ചിട്ടുള്ളതെന്നും സാമ്പത്തിക അവലോകന റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇത് 2022 - 23 വർഷത്തെ മാത്രം കണക്കുകളാണെന്നോർക്കണം. ഇവിടെയാണ് വന്യജീവി- മനുഷ്യ സംഘർഷം എത്രത്തോളം ഗൗരവമുള്ള പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് വ്യക്തമാവുക. വർഷങ്ങൾ ഇനിയും പിന്നോട്ട് പോയാൽ വന്യജീവി ആക്രമണത്തിന്റെയും നഷ്ടങ്ങളുടെയും കണക്കുകൾ ഭീകരമാവും.

കഴിഞ്ഞ ആഴ്ച, ഒറ്റ ദിവസം കൊണ്ട് മൂന്നു പേരാണ് വന്യജീവി ആക്രമണത്തിൽ സംസ്ഥാനത്ത് കൊല്ലപ്പെട്ടത്. വനമേഖലയോട് ചേർന്ന പ്രദേശങ്ങളിലാണ് ഈ ആക്രമണങ്ങൾ നടന്നത് എന്നതുകൊണ്ട് തള്ളിക്കളയാൻ കഴിയുന്നതല്ല ഈ ദുരന്തങ്ങളൊന്നും. മലപ്പുറം മഞ്ചേരിയിൽ കാട്ടുപന്നി കുറുകേ ചാടി ഓട്ടോ മറിഞ്ഞ് ഡ്രൈവർ കാരക്കുന്നം പഴയിടം സ്വദേശി ഷഫീഖ് മരിച്ചതാണ് അവസാനത്തെ സംഭവം. തൃശൂർ പെരിങ്ങൽക്കുത്തിൽ കാട്ടാന ആക്രമണത്തിൽ മരിച്ചത് വാച്ചമരം ഊരുമൂപ്പന്റെ ഭാര്യ വത്സ. കോഴിക്കോട്ട് കാട്ടുപോത്ത് ആക്രമണത്തിൽ മരിച്ചത് കക്കയം സ്വദേശി എബ്രഹാം. മൂന്ന് മരണങ്ങളും നടന്നത് ഒറ്റദിവസം.
2024- ൽ ഇതുവരെ സംസ്ഥാനത്ത് കാട്ടാന ആക്രമണത്തിൽ മാത്രം കൊല്ലപ്പെട്ടത് 9 പേരാണെന്നതും പേടിപ്പെടുത്തുന്ന കണക്കാണ്. വയനാട്ടിൽ കഴിഞ്ഞ 43 വർഷത്തിനിടെ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത് 152 പേരാണ്. കഴിഞ്ഞ പത്തുവർഷത്തെ കണക്ക് നോക്കുകയാണെങ്കിൽ 53 പേരാണ് വയനാട്ടിൽ കൊല്ലപ്പെട്ടത്. അതായിത് 43 വർഷത്തെ ആക്രമണങ്ങളേക്കാൾ ഫ്രീക്വൻസിയുണ്ട്, കഴിഞ്ഞ പത്തുവർഷത്തെ ആക്രമണങ്ങൾക്ക്. ഇതിൽതന്നെ കാട്ടാന ആക്രമണം മൂലം 43 പേരാണ് മരിച്ചത്. കടുവ ആക്രമണത്തിൽ 7 പേരും മരിച്ചു. കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 2 പേരും കാട്ടുപന്നിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഒരാളുമാണ്.

കാട്ടുപന്നി ആക്രമണത്തിൽ കഴിഞ്ഞ വർഷം കൃഷിനാശത്തിന്റെയും വസ്തുനാശത്തിന്റെയും 1252 സംഭവങ്ങളുണ്ടായി.
കാട്ടുപന്നി ആക്രമണത്തിൽ കഴിഞ്ഞ വർഷം കൃഷിനാശത്തിന്റെയും വസ്തുനാശത്തിന്റെയും 1252 സംഭവങ്ങളുണ്ടായി.

ആക്രമണത്തിന്റെ തോത് വർഷാവർഷം ഉയരുകയാണ്. വന്യജീവികളുടെ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിലും മനുഷ്യരെ സംരക്ഷിക്കുന്നതിലും വനം- വന്യജീവി വകുപ്പ് പരാജയമാണെന്ന് പൊതുജനാഭിപ്രായവും ഉയരുന്നുണ്ട്. കഴിഞ്ഞ ഒന്നു രണ്ട് മാസങ്ങളായി ഏതാണ്ട് എല്ലാ ദിവസവുമെന്ന പോലെ തുടരുന്ന വന്യജീവികളുടെ, പ്രത്യേകിച്ച് കാട്ടാനകളുടെ ആക്രമണത്തിന് ശാശ്വത പരിഹാരം ഉണ്ടാകണമെങ്കിൽ ഇനി ആരുടെ വാതിലാണ് മുട്ടേണ്ടത് എന്നാണ് ഈ മനുഷ്യരുടെ മുന്നിൽ അവശേഷിക്കുന്ന ചോദ്യം.

കഴിഞ്ഞ എട്ട് വർഷത്തിനിടെ വന്യജീവി ആക്രമണത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി കൊല്ലപ്പെട്ടത് 909 പേരാണ്. 7492 പേർക്ക് ആക്രമണങ്ങളിൽ പരിക്കേറ്റു. 68 കോടി രൂപയുടെ കൃഷിനാശമാണ് ഈ കാലയളവിൽ വന്യജീവി ആക്രമണത്താൽ മാത്രമുണ്ടായത്.

ഇടുക്കിയിലും സ്ഥിതി വ്യത്യസ്തമല്ല. പകൽ പോലും പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണെന്നാണ് ജനം പറയുന്നത്. ഈ വർഷം മാത്രം ഇടുക്കിയിൽ കാട്ടാന അക്രമണത്തിൽ കൊല്ലപ്പെട്ടത് 5 പേരാണ്. സംസ്ഥാനത്ത് കാട്ടാന ആക്രമണത്തിൽ എറ്റവും കൂടുതൽ പേർ മരിച്ച ജില്ലയാണ് ഇടുക്കി. ഈ വർഷവും ഇടുക്കിയിലെ സ്ഥിതി മാറ്റമില്ലാതെ തുടരുകയാണ്. മറ്റ് വന്യജീവികളുടെ ആക്രമണത്തിൽ 60 പേരും കൊല്ലപ്പെട്ടിട്ടുണ്ട് ഇടുക്കിയിൽ. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ദേവികുളം റേഞ്ചിൽ മാത്രം കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 47 ൽ കൂടുതൽ വരും. ഹൈറേഞ്ചിലും ലോ റേഞ്ചിലുമെല്ലാം കാട്ടാന ശല്യം ഒരുപോലെ രൂക്ഷമാണ്. കാഞ്ഞിരവേലിയിൽ ഇന്ദിരാ ബാലകൃഷ്ണൻ ആണ് കാട്ടാന അക്രമണത്തിൽ അവസാനമായി കൊല്ലപ്പെട്ടത്. പലർക്കും വീട് ഉപേക്ഷിച്ച് പോകേണ്ടിവരുന്നു. പ്രതിഷേധിച്ച് മടുത്തു എന്നാണ് നാട്ടുകാർ പറയുന്നത്. ദുരിതങ്ങളുമായി സമരസപ്പെട്ട് ജീവിക്കുകയല്ലാതെ തങ്ങൾക്ക് ഇനി ഒന്നും ചെയ്യാനില്ലെന്നും അവർ പരിതപിക്കുന്നു. ഏത് സമയത്തും ഏത് ഭാഗത്തു നിന്നും ആനയുടെ ആക്രമണം പ്രതീക്ഷിച്ച് വേണം ഇവർക്ക് പുറത്തിറങ്ങാൻ. ഉത്തരവാദിത്തപ്പെട്ടവർ വേണ്ടത്ര സുരക്ഷ ഒരുക്കുന്നില്ലെന്നാണ് ഇവരുടെ പരാതി. മരണം സംഭവിച്ചിട്ടുപോലും വനം വകുപ്പ് നടപടികൾ കൈക്കൊണ്ടിട്ടില്ലെന്നും നാട്ടുകാർ പറയുന്നു. അത്യാവശ്യഘട്ടങ്ങളിൽ വാഹനങ്ങൾക്ക് പോലും എത്താൻ കഴിയാത്തത്ര ദുരിതമാണ് ആനകൾ ഉണ്ടാക്കുന്നത്.

വന്യജീവി ആക്രമണത്തിൽ കേരളത്തിന്റെ മൊത്തത്തിലുള്ള കണക്കുകളും പേടിപ്പെടുത്തുന്നതാണ്. കഴിഞ്ഞ എട്ട് വർഷത്തിനിടെ വന്യജീവി ആക്രമണത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി കൊല്ലപ്പെട്ടത് 909 പേരാണ്. 7492 പേർക്ക് ആക്രമണങ്ങളിൽ പരിക്കേറ്റു. 68 കോടി രൂപയുടെ കൃഷിനാശമാണ് ഈ കാലയളവിൽ വന്യജീവി ആക്രമണത്താൽ മാത്രമുണ്ടായത്. കഴിഞ്ഞ വർഷം മാത്രം സംസ്ഥാനത്താകെ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത് 85 പേരാണ്. 817 പേർക്ക് പരിക്കേറ്റു. സർക്കാർ നിയമസഭയിൽ നൽകിയ മറുപടിയിലാണ് ഈ കണക്കുകൾ.

2022-23ൽ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട വന്യജീവി- മനുഷ്യ സംഘർഷങ്ങളുമായി ബന്ധപ്പെട്ട കണക്ക്.
2022-23ൽ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട വന്യജീവി- മനുഷ്യ സംഘർഷങ്ങളുമായി ബന്ധപ്പെട്ട കണക്ക്.

എന്നാൽ വന്യജീവി ആക്രമണങ്ങളെ നേരിടാനും മനുഷ്യ മരണങ്ങളുണ്ടാകാതിരിക്കാനും ഗൗരവമായ നടപടികളാണ് വനംവകുപ്പ് സ്വീകരിക്കുന്നതെന്നാണ് സാമ്പത്തിക അവലോകന റിപ്പോർട്ടിലെ അവകാശവാദം. പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായാണ് നടപടി. കാട്ടാനകളെ പ്രതിരോധിക്കുന്നതിനുള്ള കിടങ്ങുകൾ, കടൽ ഭിത്തികൾ, സൗരോർജ്ജവേലി, മറ്റ് പ്രതിരോധ നടപടികൾ, വന്യജീവി അക്രമണത്തിനും വിളനാശത്തിനും ഇരയായവർക്കുള്ള നഷ്ടപരിഹാരം, വന്യജീവികളുടെ ആവാസ വ്യവസ്ഥ മെച്ചപ്പെടുത്തൽ, വന്യജീവികൾക്ക് വനത്തിനുള്ളിൽ തന്നെ തീറ്റയും വെള്ളവും ഉറപ്പാക്കൽ, റാപ്പിഡ് റെസ്‌പോൺസ് ടീമുകൾക്കുള്ളക്കുള്ള പിന്തുണ എന്നിവ ഇതിൽ ഉൾപ്പെടുന്നുണ്ട്. 2022 - 23 ൽ മനുഷ്യരുടെ മരണങ്ങളുടെ പ്രധാന കാരണം പാമ്പുകടിയായിരുന്നെങ്കിൽ വിളനാശത്തിന്റെ പ്രധാന കാരണമായത് കാട്ടാനകളുടെ ആക്രമണമായിരുന്നെന്നും കാണാം. വന്യജീവികളുടെ ആവാസവ്യവസ്ഥയുടെ നാശവും ശിഥിലീകരണവും, കാലാവസ്ഥാ വ്യതിയാനവും അതിന്റെ ഫലമായുണ്ടാകുന്ന പാരിസ്ഥിതിക ആഘാതങ്ങളും, കൃഷിരീതിയിലുണ്ടായ മാറ്റങ്ങൾ എന്നിവയെല്ലാമാണ് വർദ്ധിച്ചുവരുന്ന മനുഷ്യ വന്യജീവി സംഘർഷത്തിന്റെ പ്രധാന കാരണങ്ങൾ.
ജനജാഗ്രാതാ സമിതികൾ, വനസംരക്ഷണ സമിതികൾ, ഇക്കോ ഡവലപ്പ്‌മെന്റ് കമ്മറ്റികൾ, എന്നിവയുടെ പിന്തുണയോടെ വനംവകുപ്പ് തദ്ദേശസ്ഥാപനങ്ങളുമായും ബന്ധപ്പെട്ട വകുപ്പുകളുമായും സഹകരിച്ച് വനാതിർത്തികളിലെ സംഘർഷ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നുണ്ടെന്നും സാമ്പത്തിക അവലോകന റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.

പാലക്കാട് ധോണിയിൽ നിന്ന് പിടികൂടിയ പി.ടി 7 ആനയെ വാഹനത്തിൽ കയറ്റുന്നു
പാലക്കാട് ധോണിയിൽ നിന്ന് പിടികൂടിയ പി.ടി 7 ആനയെ വാഹനത്തിൽ കയറ്റുന്നു

2022 - 23 ൽ മനുഷ്യ വന്യജീവി സംഘർഷം കുറയക്കുന്നതിനുള്ള നടപടികൾ എന്ന പദ്ധതി പ്രകാരം 158.4 കിലോമീറ്റർ കാട്ടാന പ്രതിരോധ ട്രഞ്ചുകളുടെ അറ്റകുറ്റപണിയും 42.6 കിലോമീറ്ററിൽ സോളാർ വേലിയും 237 മീറ്റർ കോമ്പൗണ്ട് ഭിത്തിയും നിർമിച്ചു എന്നും സാമ്പത്തിക അവലോകന റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാനത്തെ ഉയർന്ന സംഘർഷ മേഖലാ പ്രദേശങ്ങളിൽ സ്ഥിരമായി എട്ടും താത്കാലകമായി ഏ.ഴും ഉൾപ്പടെ 15 ആർ.ആർ.റ്റികൾ ഇതിനകം രൂപീകരിച്ചിട്ടുമുണ്ട്.

ആക്രമണങ്ങൾ തുടർക്കഥയായതോടെ കഴിഞ്ഞ ദിവസം മനുഷ്യ- വന്യജീവി സംഘർഷങ്ങളെ സംസ്ഥാനം പ്രത്യേക ദുരന്തമായി (സ്റ്റേറ്റ് സ്‌പെസിഫിക് ഡിസാസ്റ്റർ) പ്രഖ്യാപിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രവർത്തനം കൂടെ ഇതിൽ ഉൾപ്പെടുത്തി ഏകോപിപ്പിക്കും എന്നും തിരുമാനമുണ്ട്. ഇതിനായി സംസ്ഥാനതലത്തിൽ മുഖ്യമന്ത്രി അധ്യക്ഷനായി സമിതി രൂപീകരിക്കും. വനം വകുപ്പ് മന്ത്രി, റവന്യൂ വകുപ്പ് മന്ത്രി, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി, പട്ടികജാതി പട്ടികവർഗ വകുപ്പ് മന്ത്രി എന്നിവർ അംഗങ്ങളും, ചീഫ് സെക്രട്ടറി കൺവീനറുമായിരിക്കും. ഈ സമിതിയാകും സംസ്ഥാന തലത്തിൽ ആവശ്യമായ നിർദേശങ്ങൾ നൽകുക.

ഇതിനെല്ലാമപ്പുറമാണ് ഒരോ തവണ വന്യജീവി ആക്രമണങ്ങൾ ഉണ്ടാകുമ്പോഴും സംഭവിക്കുന്ന സാമ്പത്തിക നഷ്ടങ്ങൾ. വന്യജീവികൾ നശിപ്പിക്കുന്നതും വന്യജീവികളെ പേടിച്ച് മനുഷ്യന്റെ സ്വാഭാവിക വ്യവഹാരങ്ങൾ തടസ്സപ്പെടുന്നതുമാണ് സാമ്പത്തിക നഷ്ടമുണ്ടാവാനുള്ള പ്രധാന കാരണങ്ങൾ. കാട്ടാന ഭീതിയിൽ വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചു എന്ന വാർത്തകൾ പുറത്തു വന്നത് രണ്ടാഴ്ച മുമ്പ് മാത്രമാണ്. വയനാടിന്റെ വരുമാനത്തിൽ വലിയ പങ്കുവഹിക്കുന്ന ഘടകമാണ് ടൂറിസവും ടൂറിസ്റ്റ് കേന്ദ്രങ്ങളും എന്നത് ഒരു യാഥാർഥ്യമാണ്. വയനാടിന്റെ പരമ്പരാഗത ടൂറിസം വരുമാനത്തെ വലിയ തോതിൽ പ്രതികൂലമായി ബാധിക്കുന്നതാണ് ഇത്. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ഈ ടൂറിസ്റ്റ് കേന്ദ്രങ്ങൾ തുറക്കരുതെന്നാണ് കോടതി ഉത്തരവും. ഇക്കോ ടൂറിസം കേന്ദ്രങ്ങൾ ഉടൻ തുറക്കില്ലെന്ന് കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാരും കോടതിയിൽ വ്യക്തമാക്കി.
കഴിഞ്ഞ മാസം വയനാട്ടിൽ ഇറങ്ങിയ ബേലൂർ മഖ്‌ന എന്ന എന്ന കാട്ടാനയെ പിടികൂടാൻ ഏതാണ്ട് 200 വനപാലകരും 200 പൊലീസ് ഉദ്യോഗസ്ഥരും നൂറോളം മറ്റ് വകുപ്പ് ജീവനക്കാരുമായി 500ഓളം മനുഷ്യരാണ് ദിവസങ്ങളോളം അധ്വാനിച്ചത്. കഴിഞ്ഞ വർഷം ഇടുക്കിയിൽ ദുരിതം വിതച്ച അരിക്കൊമ്പനെ പിടികൂടാൻ 150 പേരാണ് രണ്ടുമാസത്തോളം അധ്വാനിച്ചത്.

മരണങ്ങളും അതുമായി ബന്ധപ്പെട്ട ജനരോഷത്തിനുമുള്ള താൽക്കാലിക പരിഹാരങ്ങളാണ് ഭരണകൂടങ്ങളുടെ നേതൃത്വത്തിൽ ഇതുവരെയുണ്ടായിട്ടുള്ളത്. അതിനുപകരം, വനമേഖലയോടുചേർന്ന മനുഷ്യജീവിതത്തിന് സ്ഥായിയായ സുരക്ഷ നൽകുന്ന നടപടികളാണ് അനിവാര്യം.

എന്നാൽ ആനകൾ കാടുവിട്ട് നാട്ടിലിറങ്ങുന്നത് എന്തുകൊണ്ടെന്നതും ഈ പ്രശ്‌നങ്ങൾ അവശേഷിപ്പിക്കുന്ന വലിയ ചോദ്യമാണ്. ഭക്ഷണവും വെള്ളവും തേടി തന്നെയാണ് ആനകൾ നാട്ടിലിറങ്ങുന്നത് എന്ന് തന്നെയാണ് ഇതിന്റെ പ്രാഥമിക ഉത്തരം. കാട്ടിൽ ആവശ്യത്തിന് തീറ്റ കുറഞ്ഞത് ഇതിന് പ്രധാന കാരണമാണെന്ന് പറയാം. കേരളത്തിലെ വന്യജീവി അക്രമത്തിൽ ഏറിയ പങ്കും ഉണ്ടായിട്ടുള്ളത് കാടിന് പുറത്താണ് എന്ന് കാണാം. കേരളത്തിന്റെ ആകെ വനവിസ്തൃതിയിൽ 29.11 ശതമാനമാണ് വനവിസ്തൃതിയുള്ളത്. വന്യജീവികളുടെ ആവാസവ്യവസ്ഥയിൽ മാറ്റമുണ്ടാകുമ്പോൾ വിഭവങ്ങൾക്ക് വേണ്ടിയുള്ള മത്സരങ്ങളും വർദ്ധിക്കുന്നു. സംസ്ഥാനത്ത് ആകെ 1004 മനുഷ്യ വന്യജീവി സംഘർഷ കേന്ദ്രങ്ങളുണ്ടൈന്നാണ് വനംവകുപ്പിന്റെ 2022-ലെ കണക്കുകളും വ്യക്തമാക്കുന്നു.

മറ്റൊന്ന്, കേരളത്തിൽ ഒരു ആനയുടെ വിഹാരപരിധി 1.70 ചതുരശ്ര കിലോമീറ്റർ മാത്രമാണ്. യഥാർഥത്തിൽ ഇത് 90 മുതൽ 800 ചതുരശ്ര കിലോമീറ്ററുകൾ വരെയാണ് വേണ്ടത്. 679 ആനകൾ മാത്രമുള്ള ഝാർഖണ്ഡിലാണ് ആനകൾക്ക് എറ്റവും കൂടുതൽ വിഹാര പരിധയുള്ളത്. 33.80 ചതുരശ്ര കിലോമീറ്റർ ആണിത്. ഇതും കേരളത്തിൽ കാട്ടന ആക്രമണങ്ങളുടെ തോത് വർദ്ധിപ്പിക്കുന്നതിന്റെ പ്രധാന കാരണമാണ്.

മുഖ്യമന്ത്രി പിണറായി വിജയൻ, വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ
മുഖ്യമന്ത്രി പിണറായി വിജയൻ, വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ

മരണങ്ങളും അതുമായി ബന്ധപ്പെട്ട ജനരോഷത്തിനുമുള്ള താൽക്കാലിക പരിഹാരങ്ങളാണ് ഭരണകൂടങ്ങളുടെ നേതൃത്വത്തിൽ ഇതുവരെയുണ്ടായിട്ടുള്ളത്. അതിനുപകരം, വനമേഖലയോടുചേർന്ന മനുഷ്യജീവിതത്തിന് സ്ഥായിയായ സുരക്ഷ നൽകുന്ന നടപടികളാണ് അനിവാര്യം.

Comments