എങ്ങനെയുണ്ടായി
ഇങ്ങനെയൊരു വയനാട്?

മനുഷ്യരും വന്യജീവികളും തമ്മിലുള്ള സംഘർഷത്തിന്റെ പ്രധാന കേന്ദ്രമായി വയനാട് എങ്ങനെ മാറി എന്ന ചോദ്യത്തിന് ഉത്തരം തേടുന്നു.

കുറെ കൊല്ലങ്ങൾക്ക് മുമ്പ്, മാധ്യമപ്രവർത്തനത്തിന്റെ ആദ്യ ദശകളിലാണ്. മുത്തങ്ങക്കടുത്തുള്ള ഒരു കാട്ടുനായ്ക്ക കോളനിയാണ് പരിസരം. തുടിയുടെയും കുഴലിന്റെയും ശബ്ദം കേട്ടാണവിടെ എത്തിയത്. ഒരു വന്മരത്തിന്റെ താഴെ ചെറിയ ആൾക്കൂട്ടം. മുന്നിൽ, നീണ്ടുനിവർന്നു കിടക്കുന്ന വിശാലമായ നെൽവയൽ. പിന്നിൽ, കൊടുങ്കാട്. അതിനിടയിൽ കുറെ കുടിലുകൾ. ഓരോ കൂരക്കുമരികിൽ കളിവീടുകൾ. അലക്ഷ്യമായി, ചുള്ളിക്കമ്പുകളും ഇലകളും കൊണ്ട് പണിത ഈ കളിപ്പുരകൾ അവരുടെ വേനൽക്കാലവസതിയാണ്. കോളനിയിൽ നിന്നകലെയല്ലാതെ, കൂറ്റൻ മാവിൻചുവട്ടിൽ, കൊടുംവെയിൽ പടിഞ്ഞാറോട്ട് ചായുന്ന സമയത്താണ് അവിചാരിതമായി എത്തിച്ചേർന്നത്. ദൈവവും മനുഷ്യരും പരസ്പരം സംവദിക്കുകയാണവിടെ. മാരിയമ്മയാണ് അവരുടെ ദൈവം. സൃഷ്ടിയും സ്ഥിതിയും സംഹാരവുമെല്ലാം അമ്മയുടെ മായാവിലാസങ്ങളാണ്. ഈ രൂഢവിശ്വാസത്തിലും മാരിയമ്മ അവർക്ക് കുലമൂപ്പനും തറവാട്ട് കാരണരവരുമാണ്. ഭയപ്പെടുന്നതിനൊപ്പം സ്‌നേഹിക്കാനും ശാസിക്കാനും കഴിയുന്ന ഒരു സുഹൃത്ത് കൂടിയാണ് മാരി. അവർക്കിടയിൽ കഴിയുകയും അവരിലൊരാളെപ്പോലെ ജീവിക്കുകയും ചെയ്യുന്ന കാരണവർ മാരിയമ്മയായി മാറുകയാണ് ചെയ്യുന്നത്. ഒരുതരം പരകായപ്രവേശം. ഒന്നോ അതിലധികമോ ദിവസങ്ങൾ ദൈർഘ്യമുള്ള ഉത്സവാവസരങ്ങളിൽ, സാധാരണ ജീവിതത്തിലേയ്ക്ക് ആവശ്യമുള്ളപ്പോൾ ഇറങ്ങിവരാനും മടങ്ങിപ്പോവാനും കഴിയും വിധം അയവുള്ളതും മാനവികവുമാണ് ഈ ഈശ്വരസങ്കൽപം.

അവിടെ കൂടിയിരുന്നവരിൽ ചിലരെ എനിക്കറിയാമെന്നത് അകൽച്ചയില്ലാതെ അവർക്കിടയിലേയ്ക്ക് പ്രവേശിക്കാൻ സഹായിച്ചു. മാരിയായി ആന്തരിക രൂപാന്തരം സംഭവിച്ചിരുന്ന ജഢയൻ എന്നെ മനസ്സിലാക്കിയെങ്കിലും പരസ്യമായി പരിചിതത്വം പ്രകടിപ്പിച്ചില്ല. ശരിക്കും ഒരു സംവാദമാണ് അവിടെ നടന്നുകൊണ്ടിരുന്നത്. ദൈവവും പ്രജകളും തമ്മിലുള്ള വാഗ്വാദം. ദൈവത്തെ ബന്ദിയാക്കി ഉത്തരം പറയിപ്പിക്കുകയാണവരെന്ന് തോന്നും വിധമായിരുന്നു അന്തരീക്ഷം. 'നിനക്കാവശ്യമുള്ളതെല്ലാം, നീ പറഞ്ഞതുപോലെ ഞങ്ങൾ തന്നില്ലേ? എന്നിട്ടും നീ എന്തുകൊണ്ടാണ് ഞങ്ങളുടെ രക്ഷക്കെത്താത്തത്? ഞങ്ങളിൽ എത്ര പേർ ഒരു കൊല്ലത്തിനിടെ രോഗികളായി? ചിലർ മരിച്ചില്ലേ? എല്ലാം നോക്കിക്കോളാം എന്ന് വാക്ക് തന്നിട്ട് കൊച്ചുകുട്ടിയെയും നീ മരണത്തിന് വിട്ട് കൊടുത്തില്ലേ? നീ പറഞ്ഞതുപോലെ പറവയും കള്ളും നിനക്ക് തന്നില്ലേ? ഇനി എന്താണ് നിനക്ക് വേണ്ടത്?'
പറയാനുള്ളത് മുഴുവൻ കേൾക്കാനായി കാത് കൂർപ്പിക്കുകയല്ലാതെ 'മാരി' ഒന്നും ഉരിയാടിയില്ല. ചെറുചലനങ്ങളിലൂടെ അവിടെ കൂടിയ ഓരോരുത്തരുടെയും ചോദ്യങ്ങളറിയുവാൻ, കാരണവർ, സാകൂതം ശ്രദ്ധയോടെ അവർക്കിടയിലൂടെ തെന്നി നീങ്ങിക്കൊണ്ടിരുന്നു. ഇതിനിടയിൽ പ്രത്യേക രീതിയിൽ അവർ ദൈവത്തോട് രോഷം കൊള്ളുകയും പ്രകോപിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. കൽവിഗ്രഹങ്ങളെ സ്വർണം പൊതിയുകയും ഉപഹാരങ്ങൾ കൊണ്ട് മൂടുകയും ചെയ്യുന്ന പരിഷ്‌കൃത നാട്യരുടെ ചെയ്തികളെ ഈ ലാളിത്യത്തോട് താരതമ്യം ചെയ്യാനാണ് അന്നേരം തോന്നിയത്. സൗഹൃദവും സ്‌നേഹവും മാത്രമല്ല, സങ്കടവും സന്തോഷവും ഇറക്കിവെക്കാവുന്ന ഒരത്താണിയാണ് ഗോത്ര ജനതയ്ക്ക് ദൈവം. ദുഃഖവും ദുരിതവും പേറി അവരോടൊപ്പം ജീവിക്കുകയാണ് അവരുടെ ഈശ്വരൻ. താലോലിക്കുന്ന മാരിയമ്മയെ ശകാരിക്കാനും ശിക്ഷിക്കാനും അവകാശമുണ്ടെന്നവർ കരുതുന്നു.

അലക്ഷ്യമായി, ചുള്ളിക്കമ്പുകളും ഇലകളും കൊണ്ട് പണിത കളിപ്പുരകൾ ആദിവാസികളുടെ വേനൽക്കാലവസതികളാണ്.

ഒടുവിൽ മാരിയമ്മ പറഞ്ഞു,  ''നിങ്ങൾ എനിക്ക് എല്ലാം തന്നു. ഞാൻ സന്തോഷവതിയായിരുന്നു. എന്നാൽ എന്നെ നിങ്ങൾ ധിക്കരിച്ചു. സുഖം വന്നപ്പോൾ എല്ലാം മറന്നു. നിങ്ങളെ ഒന്നു പേടിപ്പിക്കാൻ മാത്രമേ ഉദേശിച്ചുള്ളു. വന്ന രോഗം പലർക്കും ഭേദമായില്ലേ? എന്നാൽ കുട്ടിയെ ഞാൻ കൊണ്ടുപോയി. നിങ്ങൾ വലിയ തെറ്റു ചെയ്തു. ഒഴുകുന്ന തോട്ടിൽ മൂത്രമൊഴിച്ച്, നിങ്ങൾ മലിനമാക്കിയില്ലേ? അഹങ്കാരത്തോടെ നടന്നുപോവുമ്പോൾ കൈകളിൽ തടഞ്ഞ ചെടികളുടെ കൂമ്പ് നിങ്ങൾ മുറിച്ചുകളഞ്ഞില്ലേ? അതിനും ജീവനില്ലേ?''
പരസ്പരം നോക്കുകയും കുശുകുശുക്കുകയുമല്ലാതെ ആ ചെറുസംഘത്തിലാർക്കും മറുപടിയൊന്നും ഉണ്ടായിരുന്നില്ല. അൽപനേരം അവിടമാകെ നിശബ്ദത നിറഞ്ഞു. സന്ദർഭത്തിനനുകൂലമെന്നോണം വാദ്യഘോഷത്തിനും താൽകാലിക വിരാമം. കൂട്ടത്തിൽ മുതിർന്ന ഒരാൾ ഇരുവർക്കുമിടയിൽ അതായത് മാരിയമ്മയ്ക്കും വിശ്വാസിക്കുമിടയിൽ ഉടലെടുത്ത പ്രതിസന്ധി തീർക്കാൻ മുന്നോട്ടു വന്നു. 'രണ്ടു കൂട്ടർക്കും തെറ്റുപറ്റി. പരിഹാരം ഉണ്ടാവണം'.

ഒടുവിൽ അയാൾ ചില നിർദ്ദേശങ്ങൾ മുന്നോട്ട് വെക്കുന്നു. ദൈവപ്രീതിക്കായി ത്യാഗങ്ങളൊന്നുമല്ല അവിടെ അവതരിപ്പിക്കുന്നത്. എല്ലാവർക്കും സ്വീകാര്യമായവ മാത്രം. അരുതാത്തതൊന്നും ആവർത്തിക്കില്ലെന്ന് സംഘാംഗങ്ങളും എല്ലാവരെയും രക്ഷിക്കുമെന്ന് മാരിയമ്മയും ഉറപ്പു നൽകുന്നു. ഇങ്ങനെ പ്രകൃതിയോടിണങ്ങി ജീവിതം നയിച്ചിരുന്നവരുടെ വാസസ്ഥലമായിരുന്നു വയനാട്. ജീവിനുള്ളിടത്തിൽ കാടും നാടും വേർതിരിക്കാനാവുമെന്ന് ആദിമനിവാസികൾ ഒരിക്കലും കരുതില്ല. തങ്ങൾ ഉൾപ്പെടെ എല്ലാ ജീവജാലങ്ങൾക്കും ജീവിക്കാനൊരിടം എന്നേ അവർ വിചാരിച്ചുള്ളൂ.

ആദിവാസി കോളനി

വയനാട് പോലുള്ള സ്ഥലികളിലേയ്ക്ക് ആധിപത്യത്വരയോടെ കയറിവന്നവരുടേതാണ് ചൂഷണത്തിന്റെ പ്രഥമ മുദ്രകൾ. പശ്ചിമഘട്ടത്തിലെ മലനിരകളിലും താഴ് വാരങ്ങളിലും വ്യാപിച്ചുകിടന്നിരുന്ന വനം വെട്ടിവെളുപ്പിച്ചുകൊണ്ടാണത് അവസാനിക്കുന്നത്. കാട് അങ്ങനെ കാലാന്തരത്തിൽ അപ്രത്യക്ഷമായി. ചിലയിടങ്ങൾ പുൽമേടുകളായും അവശേഷിക്കുന്ന സ്ഥലങ്ങൾ ചതുപ്പുകളും വനങ്ങളുമായി പരിണമിക്കുകയും ചെയ്തു. ഇങ്ങനെ പുനരാവിഷ്‌കരിക്കപ്പെട്ട ജൈവാവസ്ഥയിലേക്കാണ് ആധുനിക കാലത്ത് കുടിയേറ്റം നടക്കുന്നത്. കാലഗണനയിൽ വയനാട്ടിലെ പൂർവ്വികർ ആരെന്നതിലുള്ള സന്ദേഹത്തെ തൽക്കാലം മാറ്റിനിർത്താം. എടക്കൽ ശിലാലിഖിതങ്ങൾ നൽകുന്ന സൂചനയനുസരിച്ച് അയ്യായിരം വർഷത്തെയെങ്കിലും പ്രാചീനത ഈ ദേശത്തെ മനുഷ്യവാസത്തിനുണ്ട്. സംസ്‌കൃതിയുടെ പൂർവ്വകാല സൂചകങ്ങളാണ് ഈ ചെറുശിലായുഗ രേഖപ്പെടുത്തലുകൾ. എന്തായാലും, അക്കാലം മുതലിങ്ങോട്ട് പരിഷ്‌കൃതമായ ഒരു മനുഷ്യ ജീവിതക്രമം ഇവിടെയുണ്ടെന്ന് അംഗീകരിക്കേണ്ടി വരും. അവരുടെ പിന്മുറക്കാരാണ് ആദിമനിവാസികളിൽ ചിലരെങ്കിലുമെന്ന് വിലയിരുത്തുന്നതിലും തെറ്റുണ്ടാവില്ല. അതിരുകളോ നിയന്ത്രണങ്ങളോ ഇല്ലാതെ മറ്റു ജീവജാലങ്ങളുടെകൂടെ മനുഷ്യരും ഇവിടെ വസിച്ചിരുന്നു എന്നതിനും ഇതിലേറെ തെളിവുകൾ ആവശ്യമില്ല.

2500 ലധികം മനുഷ്യവാസകേന്ദ്രങ്ങൾ വനത്തിനകത്ത് വയനാട്ടിൽ മാത്രമുണ്ട്. സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി തയ്യാറാക്കി ഇവരെ മാറ്റിപ്പാർപ്പിക്കാനുള്ള കേന്ദ്രസർക്കാർ പരിപാടി കാര്യക്ഷമമായി നടപ്പിലാക്കാൻ ഇന്നോളം സാധിച്ചിട്ടില്ല.

മനുഷ്യരും വന്യജീവികളും തമ്മിലുള്ള സംഘർഷത്തിന് പ്രകൃതിയോളം പഴക്കമുണ്ട്. സുരക്ഷിതമായ ഒരാവാസ സമ്പ്രദായം ആവിഷ്‌കരിക്കപ്പെടുന്നതുവരെ ഈ സംഘർഷം ലഘൂകരിക്കപ്പെടുമെന്നുo പ്രതീക്ഷിക്കാനാവില്ല.
രണ്ടാം ലോകമഹായുദ്ധത്തിന്റെ ഫലമായുണ്ടായ കൊടിയ ദുരിതത്തിന്റെ പ്രതിഫലനമാണ് വയനാട്ടിലേക്കുള്ള സംഘടിത കുടിയേറ്റം. അക്കാലത്തെ ഗവൺമെന്റുകൾ ആവിഷ്‌കരിച്ച 'ഗ്രോ മോർ ഫുഡ് പദ്ധതി' ഇത്തരത്തിലുള്ള പരിപാടികളിൽ പ്രധാനപ്പെട്ടതാണ്. ഏതാണ്ടിതേ കാലത്താണ് തങ്ങൾക്ക് നൽകിയ സൈനികസേവനം പരിഗണിച്ച് ബ്രിട്ടീഷ് സർക്കാർ നിരവധി പേർക്ക് വയനാട്ടിൽ ഭൂമി നൽകിയത്. സുൽത്താൻബത്തേരി താലൂക്കിൽ 30,000 ഏക്കർ ഭൂമി ഈ ഗണത്തിൽ പതിച്ചു കൊടുത്തു.
അതിനും നൂറ്റാണ്ടിന് മുമ്പ് നടന്ന വനംകൊള്ളയുടെ അനന്തരഫലം അനുഭവിക്കാൻ വയനാട്ടിലുള്ളവർ തുടങ്ങിയിരുന്നില്ല. അക്കാലത്ത്, വിലപിടിപ്പുള്ള വന്മരങ്ങൾ മുറിച്ചു കടത്തിയെങ്കിലും അവശേഷിക്കുന്നവ സംരക്ഷിക്കുന്നതിൽ ഇംഗ്ലീഷുകാർ ശ്രദ്ധ കൊടുത്തു. ഇതിന്റെ ഫലമായി പശ്ചിമഘട്ടത്തിലെ അനുകൂല കാലാവസ്ഥ പ്രയോജനപ്പെടുത്തി കൂടുതൽ ഇടതൂർന്ന കാടുകൾ ഇവിടെ വീണ്ടും രൂപപ്പെട്ടിരുന്നു. സ്വാതന്ത്ര്യലബ്ദിക്കുശേഷവും കുടിയേറ്റത്തോടുള്ള സമീപനത്തിൽ ദേശീയ സർക്കാർ മാറ്റം വരുത്തിയില്ല. പട്ടിണിയകറ്റാൻ അതല്ലാതെ മറ്റ് മാർഗ്ഗങ്ങളൊന്നും അവരുടെ മുന്നിലുണ്ടായിരുന്നില്ല. കാടുകൾ വെട്ടി വെളിപ്പിക്കാനും അവിടെ കൃഷിയിറക്കാനും കുടിയേറ്റക്കാർക്ക് അവർ അവസരം നൽകി.

വിലപിടിപ്പുള്ള വന്മരങ്ങൾ മുറിച്ചു കടത്തിയെങ്കിലും അവശേഷിക്കുന്നവ സംരക്ഷിക്കുന്നതിൽ ഇംഗ്ലീഷുകാർ ശ്രദ്ധ കൊടുത്തു. ഇതിന്റെ ഫലമായി പശ്ചിമഘട്ടത്തിലെ അനുകൂല കാലാവസ്ഥ പ്രയോജനപ്പെടുത്തി കൂടുതൽ ഇടതൂർന്ന കാടുകൾ ഇവിടെ വീണ്ടും രൂപപ്പെട്ടിരുന്നു.

നേരത്തെയാരംഭിച്ച പ്ലാന്റേഷനുകൾക്കു പുറമെ കുടിയേറ്റക്കാരുടെ കയ്യേറ്റം കൂടിയായതോടെ വനത്തിന്റെ വിസ്തൃതി വൻതോതിൽ കുറഞ്ഞു. അതുമാത്രമല്ല, ശേഷിച്ച വനങ്ങൾക്കകത്ത് കൃഷി ചെയ്യാനുള്ള അനുമതി നൽകാനും സർക്കാർ മടിച്ചില്ല. ഏതാണ്ട് 2500 ലധികം മനുഷ്യവാസകേന്ദ്രങ്ങൾ വനത്തിനകത്ത് വയനാട്ടിൽ മാത്രമുണ്ട്. സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി തയ്യാറാക്കി ഇവരെ മാറ്റിപ്പാർപ്പിക്കാനുള്ള കേന്ദ്രസർക്കാർ പരിപാടി കാര്യക്ഷമമായി നടപ്പിലാക്കാൻ ഇന്നോളം സാധിച്ചിട്ടില്ല.
വയനാടൻ വനങ്ങളുടെ പ്രധാന സവിശേഷത അവിടെ തഴച്ചുവളർന്ന മുളങ്കൂട്ടങ്ങളായിരുന്നു. ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥ രൂപപെടുന്നത് ഒരു സ്വാഭാവിക പ്രതിഭാസമാണ്. ഭക്ഷണവും വെള്ളവും വായുവുമടങ്ങിയ പ്രാഥമിക ആവശ്യങ്ങൾ അനായാസം ലഭ്യാമാവുന്ന ഒരിടമാണ് ഇങ്ങിനെ ഒരാവാസകേന്ദ്രമായി രൂപപ്പെടുന്നത്. ഏഷ്യൻ ആനകളുടെയും പുല്ല് പ്രധാന ആഹാരമായുള്ള മറ്റ് വന്യജീവികളുടെയും പ്രധാന ജീവിത പരിസരമായി വയനാട് പരുവപ്പെടുന്നതും സ്വാഭാവികമായ പ്രക്രിയയുടെ ഭാഗമായിരിക്കണം.
മർമ്മപ്രധാനമായ ഈ വസ്തുത അവഗണിച്ചുകൊണ്ടാണ് ഒരു കൂറ്റൻ വ്യവസായ ശാലക്ക് അസംസ്‌കൃത വസ്തുവായി മുള നൽകാൻ കേരള സർക്കാർ തീരുമാനിച്ചത്. മാവൂരിൽ സ്ഥാപിച്ച ഗ്വാളിയോർ റയോൺസ് എന്ന ഭീമൻ കമ്പനിയ്ക്ക് ആവശ്യമായ മുള ടൺ ഒന്നിന് കേവലം ഒരു രൂപ വിലയ്ക്ക് നൽകാമെന്നായിരുന്നു കമ്പനിയും കമ്യൂണിസ്റ്റ് പാർട്ടിയുടെ നിയന്ത്രണത്തിലുള്ള ഇ.എം.എസ് സർക്കാരും തമ്മിലുള്ള കരാർ. വയനാടൻ കാടുകൾ തരിശാക്കിയതും ചാലിയാർ എന്ന നദിയെ വിഷമയമാക്കിയതുമാണ് യഥാർത്ഥത്തിൽ ഈ കമ്പനി കേരളത്തിന് നൽകിയ പ്രതിഫലം.

തോട്ടങ്ങൾ വ്യാപിപ്പിച്ചതോടെ അവിടെ നിന്നു പിൻവാങ്ങിയ ആദിമ നിവാസികൾ കുടിയേറ്റക്കാരുടെ വരവോടെ അനാഥരും കൂടുതൽ ബഹിഷ്‌കൃതരുമായി.

അതിലോലമായി പാരിസ്ഥിതിക സവിശേഷതയുള്ള വയനാട്ടിലെ കൃഷിയിൽ വലിയ മാറ്റങ്ങളാണ് വന്നത്. വിപണിയിലെ വില പരിഗണിച്ച് വിളകൾ നിരന്തരം മാറ്റിയത് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കി. മണ്ണിന്റെ ഘടനയോ വൈവിധ്യമോ മാനിക്കാതെ ആവിഷ്‌കരിച്ച കൃഷിരീതികൾ തിരിച്ചടിയായി. യാതൊരു മയവുമില്ലാതെ മണ്ണിനോട് പൊരുതുകയും ചതുപ്പു നികത്തുകയും ചെയ്തത് മറ്റൊരടിയായി. കൂടാതെ, തോട്ടങ്ങൾ വ്യാപിപ്പിച്ചതോടെ അവിടെ നിന്നു പിൻവാങ്ങിയ ആദിമ നിവാസികൾ കുടിയേറ്റക്കാരുടെ വരവോടെ അനാഥരും കൂടുതൽ ബഹിഷ്‌കൃതരുമായി. അവർ കാടരികിലേക്കോ തോടിറമ്പിലേക്കോ പുരയോരങ്ങളിലേക്കോ ഒതുക്കപ്പെട്ടു. ഏതാണ്ട് സമാനമായിരുന്നു വന്യജീവികളുടെ നിലയും. ഇരു വിഭാഗത്തോടും അനുതാപത്തോടെ പെരുമാറാൻ സർക്കാരിനൊപ്പം കുടിയേറ്റക്കാരും തയ്യാറായില്ല.

ഈയിടെ നടന്ന ചില അത്യാഹിതങ്ങളാണ് ഒരു മാധ്യമപ്രവർത്തകനെന്ന നിലയിൽ പിൻതിരിഞ്ഞുനോക്കുന്നതിന്ന് പ്രേരണയായത്.

വയനാടൻ വനങ്ങളുടെ പ്രധാന സവിശേഷത അവിടെ തഴച്ചുവളർന്ന മുളങ്കൂട്ടങ്ങളായിരുന്നു.

വന്യജീവികൾ അനിയന്ത്രിതമായി നാട്ടിലിറങ്ങുന്നുവെന്ന പരാതി മുമ്പെങ്ങുമില്ലാത്തവിധം ഉയർന്ന സന്ദർഭമായിരുന്നു ഇത്. കാട്ടുമൃഗങ്ങൾ കൃഷിനശിപ്പിക്കുനെന്ന ആവലാതിയ്ക്ക് വയനാട്ടിൽ യാതൊരു പുതുമയുമില്ല. കാലാവസ്ഥാമാറ്റം തകർത്ത കർഷകരുടെ കൃഷിയിടത്തിലേക്കാണ് കാട്ടുമൃഗങ്ങൾ കൂട്ടത്തോടെ എത്തിയതെന്നാണ് ഇപ്പോഴത്തെ പ്രതിസന്ധി സങ്കീർണമാക്കിയത്. ആനയെ കൂടാതെ, മാനും, കാട്ടാടും, മയിലും, കാട്ടുപന്നിയും കർഷകരുടെ വീട്ടുവളപ്പിലേക്ക് ഭക്ഷണം തേടി വന്നു. കാട്ടുപന്നികൾ ശല്യക്കാരായ ജീവികളുടെ പട്ടികയിൽ ഇടം പിടിക്കുന്ന ഘട്ടം വരെയെത്തി. കൃഷിയിടത്തിലിറങ്ങുന്ന കാട്ടുപന്നികളെ വകവരുത്താൻ നിയമം വ്യവസ്ഥ ചെയ്തു. കർഷകരുടെ മുൻകരുതലുകൾ ഒന്നും ഫലിക്കാതായതോടെ മലയോര മേഖലയാകെ സംഘർഷത്തിലേക്ക് നീങ്ങി. ഈ സങ്കീർണ സാഹചര്യത്തിലേക്കാണ് കടുവകൾ കൂടി കാടിറങ്ങിയെത്തിയത്. ഇവ വളർത്തുമൃഗങ്ങളെ തീറ്റയാക്കിയതോടെ കർഷകർ പ്രക്ഷോഭത്തിന്റെ വഴിയിലേക്കിറങ്ങി. കടുവയുടെ വായിലകപ്പെട്ട വളർത്തുമൃഗങ്ങളുടെ ജഢവുമായി കർഷകർ തെരുവിലിറങ്ങി പാതകൾ ഉപരോധിച്ചു. ഉദ്യോഗസ്ഥരുമായി വിലപേശി നഷ്ടപരിഹാരം വാങ്ങുന്നതും ഇവിടെ പതിവായി. ഇതിനെല്ലാം നേതൃത്വം നൽകിയത് രാഷ്ട്രീയപാർട്ടികൾ ആയിരുന്നില്ല എന്നത് ഒരു പ്രത്യേകതയായിരുന്നു. ചിലപ്പോഴെല്ലാം സ്വതന്ത്രകർഷക സംഘടനകളെപ്പോലും തഴഞ്ഞ് കർഷകർ സംഘടിക്കാനായി പുതിയ പ്ലാറ്റ്‌ഫോമുകൾ പ്രയോജനപ്പെടുത്തി. അവയിലൊന്നാണ് 'കിഫ' (KIFA - Kerala Independent Farmers Association). FRF, INFAM എന്നിവയെയെല്ലാം അപ്രസക്തമാക്കിക്കൊണ്ടാണ് കിഫ രംഗത്തുവന്നത്.

രാഷ്ട്രീയപാർട്ടികളുടെ നിയന്ത്രണത്തിലുള്ള കർഷകസംഘടനകളെ കർഷകർ പാടെ ഉപേക്ഷിച്ചുവെന്നു തെളിയിക്കുന്നതായിരുന്നു ഈയിടെയുണ്ടായ ദൗർഭാഗ്യകരമായ സംഭവങ്ങൾ. മാനന്തവാടിയിൽ പയ്യമ്പള്ളിക്കടുത്ത് പടമലയിലും പുൽപ്പളി പാക്കത്തിനടുത്തുമുള്ള രണ്ടു പേരാണ് അടുത്തടുത് ദിവസങ്ങളിൽ കാട്ടാനയുടെ കുത്തും ചവിട്ടുമേറ്റ് കൊല്ലപ്പെട്ടത്. ഈ സംഭവങ്ങൾക്കെതിരെ വലിയ ജനരോഷമാണ് ഉയർന്നത്. പുൽപ്പള്ളിയിൽ അതിരുവിട്ട പ്രതിഷേധം ലാത്തിച്ചാർജ്ജിലും അക്രമത്തിലും കലാശിച്ചു. കോപാകുലരായ ജനക്കൂട്ടത്തെ നിയന്ത്രിക്കുവാൻ രാഷ്ട്രീയ പാർട്ടി നേതാക്കൾക്കൊന്നും കഴിഞ്ഞില്ല. പാർട്ടിനേതാക്കളുടെ ചുമതല ഇവിടങ്ങളിൽ വൈദികരാണ് ഏറ്റെടുത്തത്. അവർ ജനത്തിനൊപ്പം തെരുവിലിറങ്ങി. ഒരുവേള ചില നേതാക്കൾ ജനക്കൂട്ടത്തിന്റെ കയ്യേറ്റത്തിനിരയാവുകയും ചെയ്തു.

നദികൾ വറ്റി വരളുകയും മരങ്ങൾ ഇല പൊഴിക്കുകയും ചെയ്യുന്നത് മുഗങ്ങളുടെ ദുരിതം ഇരട്ടിയാക്കുന്നു / Photo: Sony George

സവിശേഷമായ ഈ സാഹചര്യത്തിലേക്ക് നയിച്ച സംഭവങ്ങളുടെ യഥാർത്ഥ വസ്തുതകൾ കണ്ടെത്തുന്നതിനോ ചികയുന്നതിന്നു പോലുമോ ആരും മുതിർന്നില്ലെന്നത് നിരാശജനകമായിരുന്നു. വന്യമൃഗങ്ങൾ എങ്ങനെയാണ് കർഷകരുടെ ശത്രുക്കളായി മാറിയതെന്ന് പരിശോധിക്കപ്പെട്ടതേയില്ല. കാടും നാടും വേർതിരിക്കണമെന്നതു പോലുള്ള അപ്രായോഗികമായ ആവശ്യങ്ങൾ മുദ്രാവാക്യങ്ങളായി മുന്നിൽ വന്നു. കൃഷിയിടത്തിൽ മാത്രമല്ല, നാട്ടിലിറങ്ങുന്ന വന്യജീവികളെ മുഴുവനും വെടിവെച്ചു കൊല്ലണമെന്ന മുറവിളിയും ഉയർന്നു. ഏതാനും ദിവസങ്ങൾക്കകം കർഷകരൊന്നടങ്കം കാടിന്റെയും മൃഗങ്ങളുടെയും ജന്മശത്രുക്കളായി മാറിയത് ആശങ്കപ്പെടുത്തുന്ന സംഭവങ്ങളിലൊന്നായിരുന്നു.

വിവിധ കാരണങ്ങൾക്കൊണ്ട് ദുർബലമായ വനത്തിലേയ്ക്കുള്ള സഞ്ചാരികളുടെ പ്രവേശനം വന്യമൃഗങ്ങൾക്ക് കടുത്ത അസ്വസ്ഥതയുണ്ടാക്കുന്നു. പൊതുവെ വേനൽക്കാലത്ത് കാടകം ജലസമൃദ്ധമല്ല. സമീപ ദേശീയോദ്യാനങ്ങൾ കൂടുതൽ വരണ്ടുണങ്ങുന്നത് വയനാടൻ കാടുകളിലേക്കുള്ള മൃഗപാലായനത്തിന് കാരണമാവും.

കൃഷിയുടെ തകർച്ച വയനാടിനെ എത്തിച്ചത് വിനോദസഞ്ചാരരംഗത്തേക്കായിരുന്നു. വനത്തോട് ചേർന്നും അല്ലാതെയുമായി ആയിരക്കണക്കിന് റിസോർട്ടുകളും ഹോം സ്റ്റേകളും വയനാട്ടിലുണ്ട്. ഇവയിൽ പഞ്ചനക്ഷത്ര സൗകര്യങ്ങളോടുകൂടിയവയും ഒറ്റമുറി മാത്രമുള്ളവയും ഉണ്ട്. വിനോദസഞ്ചാരികളിൽ ഭൂരിഭാഗവും വനത്തെയും മൃഗങ്ങളെയും നേരിൽ കാണാനാശിക്കുന്നവരാണ്. ഇവരെ അതിനായി പ്രേരിപ്പിക്കുകയും ചെയ്യുന്നു. വിവിധ കാരണങ്ങൾക്കൊണ്ട് ദുർബലമായ വനത്തിലേയ്ക്കുള്ള സഞ്ചാരികളുടെ പ്രവേശനം വന്യമൃഗങ്ങൾക്ക് കടുത്ത അസ്വസ്ഥതയുണ്ടാക്കുന്നു. പൊതുവെ വേനൽക്കാലത്ത് കാടകം ജലസമൃദ്ധമല്ല. സമീപ ദേശീയോദ്യാനങ്ങൾ കൂടുതൽ വരണ്ടുണങ്ങുന്നത് വയനാടൻ കാടുകളിലേക്കുള്ള മൃഗപാലായനത്തിന് കാരണമാവും. നദികൾ വറ്റി വരളുകയും മരങ്ങൾ ഇല പൊഴിക്കുകയും ചെയ്യുന്നത് മുഗങ്ങളുടെ ദുരിതം ഇരട്ടിയാക്കുന്നു. ഈ സാഹചര്യത്തിലാണ് പച്ചപ്പും ഭക്ഷണവും കുടിവെള്ളവും തേടി വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നത്.
ഒരർത്ഥത്തിൽ നാട്ടിലെ സാധാരണ മനുഷ്യരും ഇതേ ദുർഘടാവസഥയിലൂടെയാണ് കടന്നുപോവുന്നത്. ശാശ്വത പരിഹാരം ഇല്ലെന്നറിയാമെങ്കിലും എല്ലാവരും ശാന്തമായ ജീവിതം ആവശ്യപ്പെടുന്നുണ്ട്. നിരവധി ചോദ്യങ്ങളാണ് ഇവിടെ ഉന്നയിക്കപ്പെടുന്നത്. ചിലതെല്ലാം സ്വയം ചോദിക്കേണ്ടിവരുന്നു.

യാതൊരു സുരക്ഷാസൗകര്യവും ഒരുക്കാതെ, കാട്ടിൽ ഇത്തരമൊരിടത്ത്, എന്തിനാണ് വലിയ ശാരീരികശേഷിയൊന്നുമില്ലാത്ത, ഒരാളെ സേവന
ത്തിന് നിയോഗിച്ചതെന്ന ചോദ്യമാണ് പ്രധാനപ്പെട്ടത്. ആരാണ് ഇതിനുത്തരവാദി? വിനോദസഞ്ചാരികൾക്ക് ആസ്വദിക്കാനുള്ളത് മാത്രമാണ് കാട് എന്ന് ധരിക്കുകയും അതിനനുസൃതമായി പദ്ധതികൾ ആസൂത്രണം ചെയ്യുകയും ചെയ്യുകയാണ് വനം വകുപ്പ്. വനം എന്നത് ഒരു ജൈവ ആവാസ വ്യവസ്ഥയാണെന്ന പരമ പ്രധാന വസ്തുത വിസ്മരിച്ചാണ് കേവലം ധനത്തിനായി ഇവർ അനിയന്ത്രിതമായ വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നത്. വനത്തിന്റെ സ്വാഭാവിക ഭൂഘടനക്കൊത്ത്, കബനി നദി ഒഴുകിയുണ്ടായ ചെറുതുരുത്തുകളാണ് യഥാർത്ഥത്തിൽ കുറുവ. ഈ മൺതുരുത്തുകളിൽ മുളക്കുകയും വളരുകയും ചെയ്യുന്ന അപൂർവ്വയിനം സസ്യങ്ങളാണ് കുറുവയുടെ ഒരു സവിശേഷത. പൂമ്പാറ്റകളുൾപ്പെടെയുള്ള ജന്തുജാലങ്ങളാണ് മറ്റൊരു പ്രാധാന്യം. ഇവയെക്കുറിച്ച് ഗൗരവമായി പഠിക്കുകയും അവയുടെ നിലനിൽപ് ഉറപ്പ് വരുത്തുകയുമൊക്കെയാവണം വനസംരക്ഷകരുടെ മുൻഗണനാപട്ടികയിൽ ഇടം പിടിക്കേണ്ട ലക്ഷ്യങ്ങൾ. എന്നാൽ ഏറ്റവുമവസാന ഇനമാണ് അവർക്കിതെല്ലാം. അവിടെ ജോലി ചെയ്യുന്നവരുടെ അവകാശങ്ങളെക്കുറിച്ചുള്ള ഉത്കണ്ഠകളാണ് പൊതുവെ രാഷ്ട്രീയ പാർട്ടികളിൽ നിന്നുയർന്ന് വരാറുള്ളത്. ഇക്കോ ടൂറിസം സ്‌പോട്ടുകളിലെ ജീവനക്കാരുടെ തൊഴിൽ ഉറപ്പുവരുത്തുന്നതിന് അവർ നൽകുന്ന പ്രാധാന്യം അത്ഭുതപ്പെടുത്തുന്നതാണ്. രണ്ടു സാധാരണ മനുഷ്യരുടെ ദാരുണാന്ത്യമുണ്ടായപ്പോൾ കുറുവയിൽ നടപ്പാക്കിയ നിയന്ത്രണം അടിയന്തമായി നീക്കണമെന്ന ആവശ്യം ഉന്നയിക്കാൻ സംഘടനകൾ തയ്യാറായത് ഏതാണ്ടെല്ലാവരെയും അമ്പരപ്പിച്ചു. പതിവ് ഗൂഢാലോചനാ സിദ്ധാന്തം ആവർത്തിക്കാനും ഇവിടെ മടിയുണ്ടായില്ല.

കൃഷിയുടെ തകർച്ച വയനാടിനെ എത്തിച്ചത് വിനോദസഞ്ചാരരംഗത്തേക്കായിരുന്നു. വനത്തോട് ചേർന്നും അല്ലാതെയുമായി ആയിരക്കണക്കിന് റിസോർട്ടുകളും ഹോം സ്റ്റേകളും വയനാട്ടിലുണ്ട്.

വയനാടിന്റെ പാരിസ്ഥിതിക നിലനിൽപിനെക്കുറിച്ചുള്ള ആശങ്കകൾ പങ്കുവെക്കുന്നവർക്കെതിരെ, കപടപരിസ്ഥിതി വാദം അല്ലെങ്കിൽ വ്യാജ പരിസ്ഥിതിവാദികൾ എന്നെല്ലാമുള്ള ആക്ഷേപങ്ങൾ ബോധപൂർവ്വം ഇവിടെ പ്രചരിപ്പിക്കപ്പെട്ടു. പകൃതിയെ സംബന്ധിച്ച ഭയാശങ്കകൾ ഉന്നയിക്കുന്നവരെ മാറ്റിനിർത്തുന്നതിന്നുള്ള ഇത്തരം കുടില തന്ത്രങ്ങൾക്ക് രാഷ്ട്രീയ പാർട്ടികളുടെ മൗനാനുവാദവും ലഭിച്ചു. പരിസ്ഥിതി പ്രവർത്തകരെ ഒന്നാകെ വികസന വിരോധികളായി അവരോധിക്കാൻ അനായാസം ഇവർക്ക് കഴിഞ്ഞു. ജീവിക്കുന്ന ലോകത്തെക്കുറിച്ചുള്ള ഉത്കണ്ഠകൾ പങ്കുവെക്കാൻ ശേഷിയുള്ളവരെ പൊതുസമൂഹത്തിൽ നിന്ന് മാറ്റിനിർത്തുന്നതിലും അവർ വിജയിച്ചു. നിയമവിരുദ്ധമായ കരിങ്കൽ ഖനനവും മണ്ണെടുപ്പും തണ്ണീർത്തടം നികത്തലുമെല്ലാം അനായാസമാക്കിയതിന് പിന്നിലും ഇതേ തന്ത്രങ്ങളാണ് പ്രയോഗിച്ചത്. നാട്ടിൻപുറങ്ങളിൽനിന്നുപോലും ഉയർന്നുവന്നിരുന്ന യുവാക്കളുടെ പ്രകൃതിയുന്മുഖ മുദ്രാവാക്യങ്ങൾ അപ്പാടെ നിലച്ചുപോയതും പൊതുസമൂഹത്തിന്റെ ഇതേ നിലപാടുകൾ മൂലമാണ്. രാഷ്ട്രീയനേതാക്കളും ഉദ്യോഗസ്ഥരും സ്വാധീനമുള്ള ദല്ലാളന്മാരും ചേർന്നുള്ള കോക്കസ് പ്രാദേശികമായി ഏതാണ്ടെല്ലായിടത്തും രൂപപ്പെട്ടുവരികയും ഇവരുടെ മുൻകൈയിൽ നിയന്ത്രങ്ങൾ മറികടക്കുകയും ചെയ്തു. സർവ്വ വ്യവസ്ഥകളും ലംഘിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ വ്യാപകമാക്കിയത് ഇത്തരം സംഘങ്ങളാണ്. ഭൂമികച്ചവടമാണ് ഇതിന്റെയെല്ലാം പിന്നിലെ ലക്ഷ്യം. വനത്തിനടുത്ത് കൃഷിഭൂമിയിൽ വൻകിട റിസോർട്ടുകൾ ഉയരുന്നതിന് ചുക്കാൻ പിടിച്ചതും ഇതേ കൂട്ടമാണ്. ഇതിനെല്ലാം ഒത്താശ ചെയ്യുന്നവർ, പഞ്ചായത്ത് മുതൽ വില്ലേജ്, താലൂക്ക് ഓഫീസുകളിലും ആർ.ഡി.ഒ ഓഫീസിലുമുണ്ട്. പോലീസ്, വനം ജീവനക്കാർ വരെ നീളുന്ന ശൃംഖലയാണിത്. ഇതിനെല്ലാം മുകളിൽ റിയൽ എസ്റ്റേറ്റ് മേഖലയിലെ തല തൊട്ടപ്പന്മാരായ രാഷ്ട്രീയ നേതാക്കളും.

മതമേധാവികളുടെ കൂടെയും സ്വതന്ത്രരായും പുൽപള്ളിയിൽ തടിച്ചുകൂടിയ ജനക്കൂട്ടം മുഴക്കിയ മുദ്രാവാക്യങ്ങൾ എത്രമാത്രം പ്രായോഗികമായി പരിഹരിക്കാനാവുമെന്നതിൽ ഗൗരവമുള്ള ചിന്ത വേണം.

വയനാട്ടിൽ വിനോദസഞ്ചാരരംഗം അതിദ്രുതം പുരോഗമിക്കുകയാണ്. വലുതും ചെറുതുമായ ആയിരക്കണക്കിന് റിസോർട്ടുകൾ, വഴിയോര ഭക്ഷണശാലകൾ, പാതയോരങ്ങളിലെ കരകൗശല വില്പന കേന്ദ്രങ്ങൾ തുടങ്ങിയവയെല്ലാം വളർച്ചയുടെ ദൃഷ്ടാന്തങ്ങളാണ്. വയനാടിന് താങ്ങാൻ കഴിയാത്ത അളവിലുള്ള വിനോദ സഞ്ചാരികളാണ് അവധി ദിവസങ്ങളിൽ വയനാട്ടിലെത്തുന്നത്. അയൽ സംസ്ഥാനങ്ങളിലെ പൊതുഒഴിവുദിനങ്ങളിൽ ലക്ഷത്തോളം ടൂറിസ്റ്റുകൾ ഇവിടെ എത്താറുണ്ട്. ഈ ദിവസങ്ങളിൽ ദേശീയപാത 766 എതാണ്ട് മുഴുവൻ സമയവും തടസ്സപ്പെടും. താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രക്കുമാത്രം ഇത്തരം ദിവസങ്ങളിൽ മൂന്നോ നാലോ മണിക്കൂർ വേണ്ടിവരുന്നു. വിദഗ്ധ ചികിത്സ പോലുള്ള അത്യാവശ്യകാര്യങ്ങൾക്കായുള്ള വയനാട്ടുകാരുടെ യാത്ര ഈ ഘട്ടങ്ങളിൽ അതീവ ദുരിതം നിറഞ്ഞതായിരിക്കും. ചില വാരാന്ത്യങ്ങളിൽ വീടിന് പുറത്തിറങ്ങാൻ കഴിയാത്തവിധം തിരക്കേറിയതാവും വയനാടൻ ഗ്രാമപാതകൾ പോലും. ഇത്രയും സഞ്ചാരികളെ ഉൾക്കൊള്ളാനുള്ള കരുത്ത് വയനാടൻ ഭൂമികയ്ക്കുണ്ടോ എന്ന സന്ദേഹം ഉയർന്നിട്ടുണ്ട്. ടൂറിസ്റ്റുകളുടെ ഇഷ്ടകേന്ദ്രങ്ങളായ കാടുകളിൽ പ്രവേശിക്കുന്നതിന്ന് നിയന്ത്രണമുണ്ടെങ്കിലും ഇപ്പോൾ അനുവദിക്കപ്പെട്ട സൗകര്യങ്ങൾ വനത്തിനും വന്യജീവികളുടെ ശാന്തജീവിതത്തിനും അനുകൂലമല്ല. വാഹനപെരുപ്പവും ഇവയിൽ നിന്നു വരുന്ന കാതടപ്പിക്കുന്ന സംഗീതവും വന്യജീവികളുടെ സ്വാഭാവികവാസത്തിന് ഭംഗമുണ്ടാക്കുന്നുണ്ട്. കാടരുകിലെ റിസോർട്ടുകളിൽ താമസക്കാർക്കായി ഒരുക്കുന്ന കാമ്പ് ഫയർ പോലുള്ള പരിപാടികളുടെ ഭാഗമായ അത്യുച്ചത്തിലുള്ള വാദ്യഘോഷങ്ങളും വനത്തിനകത്തെ ജീവികളുടെ സൈ്വര്യജീവിതത്തെ തടയുന്നു. ഇതിനെല്ലാം പുറമെയാണ് ചില റിസോർട്ടുകളുടെ, വനത്തിനകത്തെ ട്രെക്കിങ് എന്ന മോഹന വാഗ്ദാനം. എല്ലാ നിയന്ത്രണങ്ങളും കാറ്റിൽ പറത്തി അർധരാത്രിയിലേ ഈ സൗകര്യം ആസ്വദിക്കാനാവൂ. സ്വകാര്യ സ്ഥാപനങ്ങൾ മാത്രമല്ല ഗവൺമെന്റും വിനോദ സഞ്ചാരികൾക്കായി സൗകര്യങ്ങൾ ഒരുക്കുന്നതിൽ വ്യാപൃതരാണ്. 'ജംഗിൾ സഫാരി 'യെന്ന ഓമനപ്പേരിൽ ഖ്യാതി നേടിയ ഈ പരിപാടി ശരിയ്ക്കും പ്രകൃതിവിരുദ്ധമാണ്. വനത്തിന്റെ കോർ ഏരിയയിലേക്ക് നീളുന്ന പാതകളിലൂടെയാണ് ഈ സാഹസിക യാത്ര. കടുത്ത വേനൽ ദിവസങ്ങളിൽ മാത്രമാണ് ഇതിനൊരറുതി. കാടിന്റെ ഉള്ളറകളിൽ ശാന്തതയോടെ കഴിയുന്ന വന്യജീവികളെ അവിടെ നിന്നും തുരത്തുന്നതിന്ന് ഇത്തരം കടന്നുകയറ്റം ഹേതുവാകുമെന്നുറപ്പാണ്.

പരിസ്ഥിതി പ്രവർത്തകരുടെ പതിറ്റാണ്ടുകൾ മുമ്പുള്ള ആവശ്യമാണ് വനത്തിനകത്തെ ഏകയിന വൃക്ഷത്തോട്ടങ്ങൾ മുറിച്ചു മാറ്റി അവിടം സ്വഭാവിക വനമായി പരിവർത്തിപ്പിക്കണമെന്നത്.

പരിസ്ഥിതി പ്രവർത്തകരുടെ പതിറ്റാണ്ടുകൾ മുമ്പുള്ള ആവശ്യമാണ് വനത്തിനകത്തെ ഏകയിന വൃക്ഷത്തോട്ടങ്ങൾ മുറിച്ചു മാറ്റി അവിടം സ്വഭാവിക വനമായി പരിവർത്തിപ്പിക്കണമെന്നത്. ഇതേയാവശ്യം ഇപ്പോൾ കർഷക സംഘടനകളും രാഷ്ട്രീയ പാർട്ടികളും ഉന്നയിക്കുന്നുണ്ട്. പൊതുസമൂഹത്തിന്റെ ആവശ്യമായി ഇത് വളർന്നിട്ടും സർക്കാരുകളൊന്നും ഇന്നോളം നിലപാടെടുത്തിട്ടില്ല. ഈ നിസംഗതയുടെ കാരണങ്ങളെ ക്കുറിച്ചുയരുന്ന ആരോപണങ്ങൾക്ക് മറുപടി നൽകുന്നതിലും ഈ അനവധാനത ദൃശ്യമാണ്.

മതമേധാവികളുടെ കൂടെയും സ്വതന്ത്രരായും പുൽപള്ളിയിൽ തടിച്ചുകൂടിയ ജനക്കൂട്ടം മുഴക്കിയ മുദ്രാവാക്യങ്ങൾ എത്രമാത്രം പ്രായോഗികമായി പരിഹരിക്കാനാവുമെന്നതിൽ ഗൗരവമുള്ള ചിന്ത വേണം. കാടും കാട്ടുമൃഗങ്ങളും കർഷകരുടെ ശത്രുക്കളല്ലെന്ന യാഥാർത്ഥ്യം പൗരരെ ബോധ്യപ്പെടുത്തണം. അതിന്നുള്ള ചുമതലയേറ്റെടക്കാൻ പ്രാപ്തിയുള്ളവരെ കണ്ടെത്താനുള്ള ഉത്തരവാദിത്തം സിവിൽ സമൂഹത്തിന്റെതാണ്. ജനക്കൂട്ടത്തിന്റെ മനഃശാസ്ത്രം ഈ വിധത്തിൽ മാറിയെങ്കിൽ അതിന്നുള്ള കാരണം കണ്ടെത്തി അടിയന്തര ശസ്ത്രക്രിയ വേണം.

മതമേധാവികളുടെ കൂടെയും സ്വതന്ത്രരായും പുൽപള്ളിയിൽ തടിച്ചുകൂടിയ ജനക്കൂട്ടം മുഴക്കിയ മുദ്രാവാക്യങ്ങൾ എത്രമാത്രം പ്രായോഗികമായി പരിഹരിക്കാനാവുമെന്നതിൽ ഗൗരവമുള്ള ചിന്ത വേണം.

കാടിനെ ഒരാവാസവ്യവസ്ഥയായി കാണുകയും അങ്ങിനെ പരുവപ്പെടാനുള്ള സാഹചര്യം ഒരുക്കുകയും വേണ്ടി വരും. ശാസ്ത്രീയ മാനങ്ങൾ ഉപയോഗിച്ച് പരമ്പരാഗത അറിവുകൾ കോർത്തിണക്കി ഈ മാതൃക സൃഷ്ടിക്കപ്പെടണം. വനവുമായി ബന്ധപ്പെട്ട ടൂറിസത്തിന് അടിയന്തരമായി നിയന്ത്രണമേർപ്പെടുത്തുകയും നിലവിലെ വസ്തുതകൾ ഉൾകൊണ്ടുള്ള സ്ട്രാറ്റജി കൈക്കൊള്ളുകയും നിർബന്ധം.

Comments