മധ്യ പ്രദേശിലെ മഹാൻ വനമേഖലയിൽ കൽക്കരിഖനി മാഫിയയ്ക്കെതിരെ, വൻകിട കോർപ്പറേറ്റുകൾക്കെതിരെ തദ്ദേശീയ ഗോത്ര വിഭാഗങ്ങളെ സംഘടിപ്പിച്ച് സമരം നടത്തി വിജയിച്ച മലയാളിയാണ് പ്രിയ പിള്ള. ഗ്രീൻപീസ് ഇന്ത്യയുടെ ക്യാംപെയിനറായിരുന്ന പ്രിയ പിള്ള മഹാനിൽ എസ്സാർ, ഹിൻഡാൽകോ എന്നീ കുത്തകകളുടെ ജനവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് ബ്രിട്ടീഷ് പാർലമെൻ്റിൽ സംസാരിക്കാൻ പോകുന്ന സമയത്താണ് നരേന്ദ്ര മോദി സർക്കാർ വിമാനത്തിൽ നിന്ന് ഓഫ് ലോഡ് ചെയ്ത സംഭവമുണ്ടാവുന്നത്. മഹാൻ സമരത്തെക്കുറിച്ചും കേന്ദ്ര സർക്കാരും കോർപ്പറേറ്റുകളും നിരന്തരം നടത്തിയ വേട്ടയാടലുകളെക്കുറിച്ചും ഇപ്പോഴും തുടരുന്ന നിയമപോരാട്ടങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് പ്രിയ. കോർപ്പറേറ്റുകളും ഭരണകൂടവും ചേർന്ന് മനുഷ്യരെ ദൂരഹിതരും തൊഴിൽ രഹിതരുമാക്കുന്നതിൻ്റെ രാഷ്ട്രീയമാണ് ഈ സംസാരം. ജനകീയ സമരങ്ങൾ അടിച്ചമർത്തപ്പെടുന്ന കാലത്ത് പത്ത് വർഷം മുൻപ് നടന്ന, വിജയിച്ച ജനകീയസമരത്തിൻ്റെ രാഷ്ട്രീയ ഓർമകൂടിയാണിത്.