ലോകം വലിയ ആരവത്തോടെയായിരുന്നു ഐ ഫോൺ 18- നെ വരവേറ്റത്. റിലീസ് ചെയ്ത ദിവസം തന്നെ ഫോൺ കൈപ്പറ്റാനുള്ള മനുഷ്യരുടെ വ്യഗ്രതയുടെ ഭാഗമായി പലയിടങ്ങളിലും നീണ്ട നിര തന്നെ രൂപപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഐ ഫോൺ 18 പ്രോക്ക് 1,64,900 രൂപയും പ്രോ മാക്സിന് 1,79,900 രൂപയുണ്ടായിട്ടും അതിനെ സ്വന്തമാക്കാനുള്ള ഓട്ടപ്പാച്ചിലുകളുടെ ചിത്രങ്ങൾ പലയിടങ്ങളിലും കണ്ടു. അതേസമയം #FREECONGO എന്ന പേരിൽ ഐ ഫോൺ 18 വാങ്ങരുതെന്ന ക്യാമ്പയിനുമായി പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുമ്പെർഗ് മുന്നോട്ട് വന്നു. ഫോൺ നിർമാണങ്ങൾക്കാവശ്യമായ അസംസ്കൃത വസ്തുക്കൾ നിർമ്മിക്കുന്നതിനുപിന്നിൽ പീഡിപ്പിക്കപ്പെടുന്ന അനേകായിരം മനുഷ്യരെ ചൂണ്ടിക്കാട്ടിയായിരുന്നു ഗ്രേറ്റ തുമ്പെർഗ് മുന്നോട്ടു വന്നത്.
സ്മാർട്ട് ഫോൺ നിർമാണത്തിനാവശ്യമായ കൊബാൾട്ട്, കോൾട്ടൻ പോലുള്ള മൂലകങ്ങൾ വേർതിരിച്ചെടുക്കുന്ന കോംഗോ മണ്ണിൽ ബാലവേലയടക്കം നിർബന്ധിത കുടിയൊഴിപ്പിക്കലുകളും സായുധസംഘട്ടനങ്ങളും നടക്കുന്നു. ധാതുക്കളുടെ ചൂഷണവും നിയമവിരുദ്ധ വ്യാപാരത്തിലൂടെയും അക്രമങ്ങളിലൂടെയും 15 ദശലക്ഷം മനുഷ്യരാണ് കൊലചെയ്യപ്പെട്ടത്. എട്ട് ദശലക്ഷം പേർ കുടിയൊഴിപ്പിക്കപ്പെടുകയും രണ്ടു ദശലക്ഷം സ്ത്രീകൾ ബലാത്സംഗത്തിനിരയാവുകയും ചെയ്തു. അടിസ്ഥാന ജനവിഭാഗത്തിന്റെ ജീവിക്കാനുള്ള അവകാശങ്ങളെ പോലും ഹനിച്ചാണ് പലപ്പോഴും വലിയ കുത്തക കമ്പനികൾ അവരുടെ പ്രൊഡക്ടുകൾ വിപണിയിലെത്തിക്കുന്നത്.
സമാന സംഭവമാണ് അസമിലും അരങ്ങേറിയിരിക്കുന്നത്. വടക്കു കിഴക്കൻ മേഖലയിലെ ഏറ്റവും വലിയ വൈദ്യുതി നിർമാണ പദ്ധതിക്ക് അസമിലെ ധുബ്രിയിൽ കളമൊരുങ്ങുകയാണ്. സംസ്ഥാനത്തെ വികസന സങ്കൽപ്പങ്ങളിലെ പ്രധാന നാഴികക്കല്ലായി പരിചയപ്പെടുത്തിക്കൊണ്ടാണ് മുഖ്യമന്ത്രി ഹിമന്ദ ബിശ്വശർമ കല്ലിട്ടത്: “ അസം അതിവേഗം വടക്കു കിഴക്കൻ മേഖലയെ ഊർജ്ജകേന്ദ്രമാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. നിരവധി വൻകിട ഊർജ്ജ പദ്ധതികളാണ് സംസ്ഥാനത്ത് ഒരുങ്ങുന്നത്. 3200 മെഗാവാട്ട് ശേഷിയുള്ള ഛാപ്പർ പദ്ധതി, അഡ്വാന്റെജസ് അസം ഇൻവെസ്റ്റ്മെന്റ് 2.0 സൃഷ്ടിച്ച നിക്ഷേപ വിശ്വാസത്തിന്റെ അഭിമാനകരമായ ഫലമാണ്” എന്നാണ് മുഖ്യമന്ത്രി വിശദീകരിച്ചത്.
വലിയ മോഹനവാഗ്ദാനങ്ങളോടെയാണ് പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. 5000 സ്ഥിരം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രാദേശിക കരാറുകാർക്കും വിതരണക്കാർക്കും വ്യാപാരസ്ഥാപനങ്ങൾക്കും പുതിയ അവസരങ്ങൾ തുറന്നുകൊടുക്കുമെന്നും അധികാരികൾ പറയുന്നു. കൂടാതെ, അസമിന്റെ സാമ്പത്തിക വളർച്ചയുടെ പ്രധാന ഭാഗമായി ഇത് രൂപാന്തരപ്പെടുമെന്നും കമ്പനി വിശദീകരിക്കുന്നു. കുറഞ്ഞ പാരിസ്ഥിതിക മലിനീകരണം ലക്ഷ്യം കണ്ട് അൾട്രാ സൂപ്പർ ക്രിറ്റിക്കൽ സാങ്കേതികവിദ്യയാണ് പദ്ധതിയുടെ ഭാഗമാക്കുന്നത്. വീടുകൾക്കും വ്യാപാരസ്ഥാപനങ്ങൾക്കും വ്യവസായങ്ങൾക്കും ആവശ്യമായ വിശ്വസനീയവും താങ്ങാനാവുന്നതുമായ വൈദ്യുതി ഈ താപ വൈദ്യുത നിലയത്തിലൂടെ ലഭ്യമാകും. 48,000 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി അദാനി പവർ ലിമിറ്റഡ് ആണ് നടപ്പിലാക്കുന്നത്.

എന്നാൽ കോർപ്പറേറ്റ് കമ്പനികളുടെ പരമമായ ലക്ഷ്യം ലാഭമാണ്. അസമിലെ വൈദ്യുതനിലയ നിർമാണവുമായി ബന്ധപ്പെട്ട് ജീത് അദാനി നടത്തുന്ന ‘സേവനാധിഷ്ഠിത’ പ്രസ്താവനകളെ ഈയൊരു വെളിച്ചത്തിൽ വേണം കാണാൻ. അസാം സർക്കാരിന്റെ വികസനാവശ്യങ്ങൾക്ക് വൈദ്യുതി നൽകുന്നു എന്ന ബാഹ്യമായ വശമുണ്ടെങ്കിലും, ബിസിനസ്സ് സംബന്ധിച്ച് വരും ദശകങ്ങളിൽ വടക്കുകിഴക്കൻ ഇന്ത്യയിലെ ഊർജ്ജവിപണിയെ നിയന്ത്രിക്കാനും സ്ഥിരമായ ഉയർന്ന വരുമാനം ഉറപ്പാക്കാനുമുള്ള തന്ത്രപരമായ വലിയൊരു നിക്ഷേപമാണ് അദാനി ഗ്രൂപ്പ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിലെ അപകടം പതിയിരിക്കുന്നത്, കൽക്കരി ഉപയോഗിച്ചാണ് കമ്പനി പ്രവർത്തിക്കാനുദ്ദേശിക്കുന്നത്. എന്നാൽ ആഗോള വിപണിയിൽ കൽക്കരിയുടെ മൂല്യം വർധിക്കുന്നതോടെ കമ്പനി വൈദ്യുതചാർജ് വർധിപ്പിക്കാനും അതുവഴി പൊതുജനങ്ങൾ ആ ഭാരം ഏറ്റെടുക്കേണ്ടതായും വരും. ഗുജറാത്തിൽ സംഭവിച്ചത് അതായിരുന്നു. ഇന്തോനേഷ്യയിൽ നിന്ന് വരുന്ന കൽക്കരിക്ക് മൂല്യം വർദ്ധിച്ചതോടെ കമ്പനി വൈദ്യുതിനിരക്ക് വർദ്ധിപ്പിച്ചു. ദീർഘകാലാടിസ്ഥാനത്തിൽ വൈദ്യുതി ഒരു അത്യാവശ്യ സർവീസ് എന്ന നിലയിൽനിന്ന് മാറി ഒരു കച്ചവടച്ചരക്ക് മാത്രമായി മാറുന്നത് സാധാരണക്കാരുടെ സാമ്പത്തിക ഭദ്രതയെയും ജീവിത സന്തുലിതാവസ്ഥയെയും ദോഷകരമായി ബാധിച്ചേക്കാം.
ഊർജ്ജ നിർമാണ പ്ലാന്റിനുപുറകിൽ നടന്ന മനുഷ്യവഞ്ചനയുടെ ചരിത്രം അസം സർക്കാർ മറച്ചുപിടിക്കുകയാണ്. ധുബ്രി ജില്ലയിലെ ചപർ റവന്യൂ സർക്കിളിന് കീഴിലെ ചാരുവാബഖ്ര, ചിരാകുട്ട I, ചിരാകുട്ട II സന്തോഷ്പൂർ എന്നീ നാല് ഗ്രാമങ്ങളിൽ പതിറ്റാണ്ടുകളായി താമസിക്കുന്ന 1400 ബംഗാളി വംശജരായ മുസ്ലിം കുടുംബങ്ങളെ കുടിയൊഴിപ്പിച്ചാണ് കുത്തക കോർപ്പറേറ്റ് മുതലാളിയായ അദാനിയുടെ കീഴിൽ വൈദ്യുതി നിലയം ഉയരുന്നത്. 10,000- ത്തോളം വരുന്ന ബംഗാളി വംശജരായ മുസ്ലിംകൾക്കാണ് കുടിയൊഴിപ്പിക്കലിനെ തുടർന്ന് പലായനം ചെയ്യേണ്ടിവന്നത്.
2025 ജൂലൈയിലായിരുന്നു വൈദ്യുതി പദ്ധതിക്കായി ഈ ഗ്രാമങ്ങളിലെ 1157 ഏക്കർ സർക്കാർ ഭൂമിയിൽ താമസിക്കുന്ന 1400- ലധികം വരുന്ന കുടുംബങ്ങളുടെ വീടുകൾ അസം സർക്കാർ പൊളിച്ചത്. തുടർന്ന് സർക്കാർ ഉടമസ്ഥതയിലുള്ള അസം പവർ ഡിസ്ട്രിബ്യൂഷൻ കമ്പനി ലിമിറ്റഡിന് ഈ ഭൂമി അനുവദിച്ചു. അവർ പദ്ധതിക്കുവേണ്ടി അദാനി പവർ ലിമിറ്റഡിനു നൽകുകയായിരുന്നു. കുടിയൊഴിപ്പിക്കപ്പെട്ട മനുഷ്യർക്കെതിരെ കൊടും ചതിയായിരുന്നു അദാനി ഗ്രൂപ്പ് ചെയ്തത്. പരിസ്ഥിതി അനുമതിക്കായി സമർപ്പിച്ച അപേക്ഷയിൽ പ്ലാന്റ് നിർമാണസ്ഥലത്ത് ജനവാസകേന്ദ്രങ്ങളില്ലെന്നും അതിനാൽ പുനരധിവാസം സംബന്ധിച്ച അവകാശങ്ങൾ ഒന്നും തന്നെ ഇതിൽ ഉൾപ്പെടുന്നില്ലെന്നും കമ്പനി പരിസ്ഥിതി മന്ത്രാലയത്തെ അറിയിക്കുകയായിരുന്നു. ഇതോടെ പൂർണാർത്ഥത്തിൽ ആ മനുഷ്യർ അന്യവൽക്കരിക്കപ്പെടുകയായിരുന്നു.

പതിറ്റാണ്ടുകളായി ബ്രഹ്മപുത്ര നദിയിലുണ്ടാകുന്ന ശക്തമായ വെള്ളപ്പൊക്കത്തിലും മണ്ണൊലിപ്പിലും തങ്ങളുടെ കൃഷിഭൂമിയും വീടുകളും ഒലിച്ചുപോയതിനെ തുടർന്നാണ് ഈ പ്രദേശത്തെ മനുഷ്യർ പതിറ്റാണ്ടുകൾക്ക് മുമ്പുതന്നെ ഈ സർക്കാർ ഭൂമിയിൽ താമസമാക്കിയത്. ആ ഭൂമിയിൽ കൃഷി ചെയ്തും ചെറിയ കുടിലുകൾ കെട്ടിയുണ്ടാക്കിയും ജീവിതം പടുത്തുയർത്തിക്കൊണ്ടിരിക്കുമ്പോഴാണ് പവർ പ്ലാന്റ് നിർമാനത്തിന് സർക്കാർ അവരെ കുടിയൊഴിപ്പിക്കുന്നത്. പവർ പ്ലാന്റ് നിർമാണ പ്രദേശത്തു നിന്നും വീടുകൾ തകർക്കപ്പെട്ട ചില മനുഷ്യരെ ബ്രഹ്മപുത്ര നദിയുടെ തന്നെ മധ്യത്തിലുള്ള താഴ്ന്ന പ്രദേശത്ത് താമസിപ്പിക്കാനുള്ള ശ്രമം അവരെ വീണ്ടും മരണക്കയത്തിലേക്ക് തള്ളിയിടുന്നതിന് തുല്യമാണ്.
അർഹമായ നഷ്ടപരിഹാരമോ പുനരധിവാസമോ നൽകാതെയാണ് ഈ മനുഷ്യരെ ബുൾഡോസർ ഉപയോഗിച്ച് തകർത്തത്. അവരുടെ ജീവിതത്തിന്റെ മേൽ കെട്ടിപ്പടുക്കുന്ന വികസനനാട്യങ്ങളെ ആഘോഷിക്കുന്ന ബിശ്വശർമ വംശവെറിയുടെ പര്യായമായി മാറിയിട്ടുണ്ട്. 2016- ൽ അസമിൽ ബി ജെ പി അധികാരത്തിൽ വന്നതിനുശേഷം നിരവധി കുടിയൊഴിപ്പിക്കലുകളാണ് ഉണ്ടായത്. മാത്രമല്ല, എട്ട് മുസ്ലിംകളാണ് ഈ കാലത്ത് ആസാമിൽ വെടിയേറ്റു മരിച്ചത്.
കെൻ-ബെത്വ നദീസംയോജനപദ്ധതിയുമായി ബന്ധപ്പെട്ടും സമാനമായ മനുഷ്യവിരുദ്ധ നയങ്ങളാണ് സർക്കാർ നടപ്പിലാക്കുന്നത്.
മധ്യപ്രദേശിലെയും ഉത്തർപ്രദേശിലെയും വരൾച്ച ബാധിത പ്രദേശമായ ബുന്ദേൽഖണ്ഡ് മേഖലയിലെ ജലക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന 'കെൻ-ബെത്വ നദീസംയോജന പദ്ധതി അനേകം ഗോത്രമനുഷ്യരുടെ നിലനിൽപ്പിനെ ചോദ്യം ചെയ്യുന്നതാണ്. 44,605 കോടി രൂപ ചെലവിൽ നടപ്പിലാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ നദീതട സംയോജന പദ്ധതിയാണിത്. 6600- ഓളം മനുഷ്യരുടെ കിടപ്പാടം തകർത്തും 45 ലക്ഷം മരങ്ങൾ വെട്ടിമാറ്റിയുമാണ് പദ്ധതി രൂപകല്പന ചെയ്തിരിക്കുന്നത്.
കൂടാതെ, പദ്ധതി നടപ്പിലാകുന്നതോടെ പന്നാ ടൈഗർ റിസവിന്റെ കോർ മേഖലയിലെ 9,000 ഹെക്ടറിലധികം വനപ്രദേശങ്ങൾ വെള്ളത്തിനടിയിലാകും. കടുവ, ഘരിയാൽ, ഗംഗാ ഡോൾഫിൻ, കഴുകൻ, ചെന്നായ് തുടങ്ങിയവയുടെ ആവാസവ്യവസ്ഥയ്ക്കും പദ്ധതി ഭീഷണിയുയർത്തുന്നു. ഛത്തർപൂരിൽ ആദിവാസി സ്ത്രീകൾ ഉൾപ്പെടുന്ന പ്രതിഷേധക്കാർ ബരാന നദീതീരത്ത് ഒത്തുകൂടി പ്രതിഷേധിക്കുകയാണ്. ജൽ സത്യാഗ്രഹം (വെള്ളത്തിൽ നിന്നുള്ള പ്രതിഷേധം), ചിതാ സത്യാഗ്രഹം (ശവചിതയെ പ്രതീകമാക്കി നടത്തുന്ന പ്രതിഷേധം), ഫാൻസി സത്യാഗ്രഹം (തൂക്കിലേറ്റൽ പ്രതീകമാക്കിയ പ്രതിഷേധം) തുടങ്ങി സമാധാനപൂർണ്ണമായ പ്രതീകാത്മക സമരങ്ങളാണ് നടക്കുന്നത്.
സുതാര്യമായ പുനരധിവാസം എന്ന അടിസ്ഥാന അവകാശത്തിനുവേണ്ടി സമരം ചെയ്യുന്നവരെ ബലംപ്രയോഗിച്ച് നീക്കുന്നതിലൂടെ സമരം ചെയ്യാനുള്ള ജനാധിപത്യപരമായ അവകാശമാണ് ലംഘിക്കപ്പെടുന്നത്.

മനുഷ്യോന്മുഖമായ വികസന പ്രവർത്തനങ്ങൾക്ക് പകരം മൂലധനോന്മുഖ സാമ്പത്തിക വികസന സങ്കൽപ്പങ്ങളാണ് മോദി സർക്കാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. അടിസ്ഥാന ജനവിഭാഗത്തിന്റെ ജീവിക്കാനുള്ള മൗലികമായ അവകാശങ്ങളെ പോലും പരിഗണിക്കാതെ കോർപ്പറേറ്റ് കുത്തക മുതലാളിമാരുടെ താല്പര്യങ്ങൾക്ക് വഴങ്ങി രാജ്യത്തെ ഭൂമിയും സർക്കാർ സംവിധാനങ്ങളും അവർക്ക് തീറെഴുതിക്കൊടുത്തു കൊണ്ടിരിക്കുന്ന കാഴ്ചകളാണ് നാം നിരന്തരം കണ്ടു കൊണ്ടിരിക്കുന്നത്. പലപ്പോഴും വികസന പ്രവർത്തനങ്ങളുടെ പേരിൽ മാറ്റി നിർത്തിപ്പെട്ട മനുഷ്യർക്ക് അർഹമായ പുനരധിവാസം നൽകാൻ പോലും ഭരണകൂടം തയ്യാറാവുന്നില്ല. രാജ്യത്തെ ജിഡിപി കുതിച്ചുയർന്നു എന്നത് കൊണ്ട് മാത്രം രാജ്യത്തെ മനുഷ്യർ സന്തോഷത്തോടെ ജീവിക്കുന്നു എന്ന് വിലയിരുത്തൽ പരമാബദ്ധമാണെന്ന് ബ്രിക്സ് ഉച്ചകോടിയോടനുബന്ധിച്ച് വിദേശ അതിഥികളുടെ കാഴ്ച വെട്ടത്തിൽ നിന്നും മായ്ക്കാൻ ഡൽഹിയിലെ ചേരികൾ മറച്ചു വെച്ചതിൽ നിന്ന് ബോധ്യപ്പെടും.
വികസന പ്രവർത്തനങ്ങളുടെ ഉപഭോഗം ജനായത്തമാകണം. നിർമ്മാണ ഘട്ടങ്ങളിലും നിർമ്മാണാനന്തരവും ചൂഷണ രഹിതമായിരിക്കുകയും സമസ്ത മനുഷ്യർക്കും ആ പ്രവർത്തനങ്ങളുടെ ഗുണ ഫലങ്ങൾ ഉപയോഗിക്കാൻ സാധിക്കുകയും ചെയ്യുമ്പോഴാണ് വികസനം പൂർണാർത്ഥത്തിൽ വിജയിക്കുന്നത്. യഥാർഥ ജനാധിപത്യത്തിന്റെ അടിസ്ഥാനഘടകം ഗ്രാമങ്ങണെന്ന് ഗാന്ധിജി അഭിപ്രായപ്പെടുന്നുണ്ട്. കുത്തക മുതലാളിമാരുടെ കച്ചവട താല്പര്യങ്ങൾക്ക് വേണ്ടി ഗ്രാമാന്തരങ്ങളെ ബലിയറുക്കുമ്പോൾ ഭരണഘടന പൗരർക്ക് അനുവദിച്ചു നൽകുന്ന ജീവിക്കാനുള്ള അവകാശം എന്ന അടിസ്ഥാനപരമായ ഘടകത്തെയാണ് പിഴുതെറിയുന്നത്.

