ആറന്മുളയിലെ വിമാനത്താവളത്തിന് അനുമതി നിഷേധിച്ച അതേ ഭൂമിയിൽ ഇലക്ട്രോണിക് ക്ലസ്റ്റർ പദ്ധതിയുമായി കെ.ജി.എസ് ഗ്രൂപ്പ് പുതിയ പേരിൽ വീണ്ടും രംഗത്ത്. അനുമതിക്കുള്ള അപേക്ഷ ഐ.ടി, കൃഷി, റവന്യൂ വകുപ്പുകൾക്ക് കൈകമാറി. 344 ഏക്കറിലുള്ള പുതിയ പദ്ധതിയെ എതിർത്ത് കൃഷി മന്ത്രി പി. പ്രസാദ് തന്നെ രംഗത്തുവന്നു.
കെ.ജി.എസ് ഇൻഫ്രാ ലിമിറ്റഡ് എന്ന കമ്പനി ടി.ഒ.എഫ്.എൽ എന്ന പുതിയ പേരിലാണ് ആറന്മുളയിലെ നെൽവയലുകൾ ലക്ഷ്യം വെച്ച് വന്നിരിക്കുന്നത്. ഇലക്ട്രോണിക് മാനിഫാക്ചറിങ് ക്ലസ്റ്റർ എന്ന പദ്ധതി നടപ്പാക്കാനാണ് കമ്പനി വ്യവസായ വകുപ്പിനെയും ഐ.ടി വകുപ്പിനെയും സമീപിച്ചത്. ഇപ്പോഴും കൃഷി ചെയ്യുന്ന, ഭൂപരിഷ്‌കരണ നിയമത്തിൽ ഇളവ് വരുത്തേണ്ട, നെൽവയൽ- തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട പ്രദേശത്താണ് ഇത്തരത്തിലൊരു പദ്ധതിയുമായി കെ.ജി.എസ് ഗ്രൂപ്പ് വീണ്ടും എത്തിയിരിക്കുന്നത്.
ആറന്മുളയുടെ പാരിസ്ഥിതിക സന്തുലിതാവസ്ഥക്ക് തകരാറാക്കുന്നതാണെങ്കിൽ അനുമതി നൽകാൻ പ്രയാസമുണ്ട് എന്ന നിലപാടാണ് ഫയലിനകത്ത് ഞാൻ രേഖപ്പെടുത്തിയത്” - കൃഷിമന്ത്രി പി. പ്രസാദ്.
പദ്ധതിക്ക് ആവശ്യമായ 344 ഏക്കറിൽ 90 ശതമാനവും നിലമാണ്. അതുകൊണ്ട് തന്നെ നെൽവയൽ- തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം ബന്ധപ്പെട്ട പ്രശ്‌നം നിലനിൽക്കുന്നുണ്ട്. 122 ഹെക്ടറാണ് ഇത്തരത്തിൽ നിലമായി കിടക്കുന്നത്. അത് തന്നെ പല രീതിയിൽ ചിതറിക്കിടക്കുന്നതാണ്. ഇത്രയും വ്യാപ്തിയിൽ കിടക്കുന്ന ഭൂമി തരം മാറ്റുക എന്നത് പ്രായോഗികമല്ല. അതോടൊപ്പം, വെള്ളപ്പൊക്ക ഭീതി നിലനിൽക്കുന്ന പ്രദേശം കൂടിയാണിത്. എല്ലാ വർഷകാലത്തും ഈ പ്രദേശത്ത് വെള്ളപ്പൊക്കം ഉണ്ടാവാറുമുണ്ട്. അതുകൊണ്ട് തന്നെ ഇവിടെ ഇത്തരത്തിലൊരു പദ്ധതി അപ്രായോഗികമാണെന്നാണ് മന്ത്രിയടക്കം പ്രദേശവാസികൾ ഉന്നയിക്കുന്ന പ്രധാന വാദം. ഇവിടെയാണ് പുതിയ കമ്പനിയുടെ പേരിൽ പുതിയ കമ്പനിക്കു വേണ്ടിയുള്ള ശ്രമം നടക്കുന്നത്.

ഭൂമി ആറന്മുളയിലായത് കൊണ്ട് ചില കാര്യങ്ങൾ പരിഗണിക്കേണ്ടതുണ്ടെന്നും ആറന്മുളയുടെ പാരിസ്ഥിതിക സന്തുലിതാവസ്ഥക്ക് തകരാറാക്കുന്നതാണെങ്കിൽ അനുമതി നൽകാൻ പ്രയാസമുണ്ട് എന്നതാണുമാണ് ഇക്കാര്യത്തിൽ കൃഷി വകുപ്പിന്റെ നിലപാടെന്ന് കൃഷി മന്ത്രി പി. പ്രസാദ് ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു.
“നേരത്തെ നിലം നികത്തലുമായി ബന്ധപ്പെട്ട ഒരു അപേക്ഷ വന്നിരുന്നു. അത് അനുവദിക്കാൻ കഴിയാത്തതിനാൽ ‘പറ്റില്ല’ എന്ന നിലപാടാണ് സ്വീകരിച്ചത്. വീണ്ടും ഇതേ പദ്ധതിയിൽ ആറന്മുളയിലെ മറ്റ് ഭൂമികളുടെ കാര്യം പറഞ്ഞ് ഒരു ഫയൽ റവന്യൂ വകുപ്പിൽ നിന്ന് ഞങ്ങൾക്ക് വന്നു. ഈ ഫയലിൻമേലുള്ള അഭിപ്രായം ചോദിച്ചാണ് റവന്യൂ വകുപ്പ് ഇത് കൃഷി വകുപ്പിലേക്ക് കൈമാറിയത്. അതിനകത്തും, ഭൂമി ആറന്മുളയിലായതുകൊണ്ട് രണ്ട് മൂന്ന് കാര്യങ്ങൾ നോക്കേണ്ടതുണ്ട് എന്ന് പറഞ്ഞു. ഒന്ന്, അത് നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിന്റെ പരിധിയിൽ വരുന്ന സ്ഥലമാണ്. അവിടെ നെൽവയലും തണ്ണീർത്തടങ്ങളുമുണ്ട്. അത് നികത്തപ്പെടാൻ പാടില്ല. ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട ഭൂമിയുള്ളതുകൊണ്ട് അക്കാര്യത്തിൽ ഒരു പരിശോധന ആവശ്യമുണ്ട്. മറ്റൊന്ന്, കരഭൂമിയായി കണക്കാക്കപ്പെട്ട ഭൂമി അനധികൃതമായി നികത്തപ്പെട്ടതാണോ എന്ന് നോക്കേണ്ടതുണ്ട്. അനധികൃതമായി ഭൂമി നികത്തലിനെതിരെ നേരത്തെ നിലപാട് സ്വീകരിച്ചതാണ്. നെൽവയലുകൾ അനധികൃതമായി നികത്തി വിമാനത്താവളം പണിയുന്നതിനായിരുന്നു ഞങ്ങളെല്ലാം എതിരുനിന്നത്. വിമാനത്താവളം വരുന്നതിനോടോ വിമാനത്തിനോടോ ഉള്ള എതിർപ്പായിരുന്നില്ല അത്. ഹരിത ട്രൈബ്യൂണലിൽ ഞാനടക്കമുള്ളവർ കേസ് കൊടുത്തതാണ്. അവിടെ എല്ലാം ഉയർന്നുകേട്ടത് ആറന്മുളയിലെ നെൽവയലുകൾ നികത്തി കൊണ്ടുള്ള പദ്ധതിയോട് യോജിക്കാൻ കഴിയില്ല എന്നായിരുന്നു. വീണ്ടും ഇത് വരുമ്പോൾ, പണ്ട് വിമാനത്താവളത്തിനായി കണ്ടെത്തിയ ഭൂമിയാണെങ്കിൽ, മുകളിൽ പറഞ്ഞ നടപടികളുടെ ഭാഗമായി കൂടി വരുന്ന ഭൂമിയാണ്. നേരത്തെ പറഞ്ഞതുപോലെ അനധികൃതമായി കുന്നിടിച്ചതും നികത്തപ്പെട്ടതുമായ ഭൂമിയുണ്ട്, ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട ഭൂമിയുണ്ട്, നെൽവയലായും തണ്ണീർത്തടമായുമുള്ള ഭൂമിയുണ്ട്. ഈ ഭൂമിയുടെ കാര്യം കൂടി പരിശോധിച്ച് ആറന്മുളയുടെ പാരിസ്ഥിതിക സന്തുലിതാവസ്ഥക്ക് തകരാറാക്കുന്നതാണെങ്കിൽ അനുമതി നൽകാൻ പ്രയാസമുണ്ട് എന്ന നിലപാടാണ് ഈ ഫയലിനകത്ത് വീണ്ടും ഞാൻ രേഖപ്പെടുത്തിയത്” - പി. പ്രസാദ് പറയുന്നു
നെൽവയലും തണ്ണീർത്തടവും നികത്തി ഭൂപരിഷ്‌കരണ നിയമത്തിൽ അട്ടിമറി നടത്തിക്കൊണ്ടായിരുന്നു നേരത്തെ ആറന്മുളയിൽ വിമാനത്താവളത്തിനുള്ള പദ്ധതി ഉണ്ടായിരുന്നത്. നെൽവയൽ തണ്ണീർത്തട പ്രദേശമായത് കൊണ്ട് തന്നെയാണ് ഇവിടെ വിമാനത്താവളത്തിന് അനുമതി കിട്ടാതിരുന്നതും.

വിമാനത്താവളത്തിനെതിരെ അന്നത്തെ സി.പി.ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയും ഇപ്പോഴത്തെ കൃഷി മന്ത്രിയുമായ പി. പ്രസാദായിരുന്നു സമരങ്ങൾക്ക് നേതൃത്വം നൽകിയത്. പി. പ്രസാദ് ഹൈക്കോടതിയിൽ നൽകിയ കേസിലാണ് സ്ഥലം വേർതിരിക്കാനും തോട് തുറക്കാനുമടക്കം വിധി വന്നത്. വിമാനത്താവളത്തിനായുള്ള പദ്ധതി നടപ്പാക്കുന്നതിനെതിരെ ജനകീയ സമരവും കോടതിയിൽ കേസുകളും ആയതോടെ കെ.ജി.എസ് ഗ്രൂപ്പ് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
വിമാനത്താവളത്തിനെതിരെ സമരം നടക്കുമ്പോൾ താൻ സി.പി.ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി ആയിരുന്നുവെന്നും നേരത്തെ കെ.ജി.എസ് കമ്പനി കണ്ടെത്തിയ ഭൂമിയെല്ലാം ഇത്തരത്തിൽ പ്രശ്‌നമുള്ള ഭൂമിയാണെന്ന ബോധ്യമുണ്ടെന്നും പി.പ്രസാദ് പറയുന്നു:
“നേരത്തെ കെ.ജി.എസ് കമ്പനി കണ്ടെത്തിയ ഭൂമിയെല്ലാം ഇത്തരത്തിൽ പ്രശ്‌നമുള്ള ഭൂമിയാണെന്ന് ആ പ്രദേശത്തെ കുറിച്ച് നല്ല ബോധ്യമുള്ളതുകൊണ്ട് എനിക്കറിയാവുന്ന കാര്യമാണ്. ദീർഘകാലം ആ മേഖലയുമായി ബന്ധപ്പെട്ടുനിന്ന ആളെന്ന നിലയ്ക്ക് എനിക്കത് അറിയാം. വിമാനത്താവളത്തിനെതിരെ സമരം നടക്കുമ്പോൾ ഞാൻ സി.പി.ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായിരുന്നു. ദീർഘനാൾ സമരം ഉണ്ടായിരുന്നു. അന്ന് സംസ്ഥാന- കേന്ദ്ര സർക്കാരുകൾ ആ പദ്ധതിയുമായി മുന്നോട്ട് പോകുന്ന തരത്തിലെത്തി. അപ്പോഴാണ് കോടതികളെ ആശ്രയിക്കുന്ന തരത്തിലേക്ക് എത്തിയത്. അതിന്റെ ഭാഗമായി നിരവധിയായ കേസുകൾ വന്നു. അങ്ങനെയാണ് ഞങ്ങൾ ഹരിത ട്രൈബ്യൂണലിലേക്ക് കേസുമായി പോയത്. എല്ലാ കേസുകളും പരിഗണിച്ച് ഹരിത ട്രൈബ്യൂണൽ തന്നെ ഈ പദ്ധതിക്കെതിരായ നിലപാട് സ്വീകരിച്ചതാണ്. അങ്ങനെയാണ് അന്തിമമായി ആ പദ്ധതി അവിടെ നിന്നും മാറുന്ന തരത്തിലേക്ക് എത്തിയത്. ശേഷം ഞങ്ങളെല്ലാം മുൻകൈ എടുത്ത് അവിടെ കൃഷി ആരംഭിക്കുന്ന നടപടികളിലേക്ക് നീങ്ങി. അന്ന് സർക്കാരിന്റെ എല്ലാവിധ പിന്തുണയും ഉണ്ടായിരുന്നു” - പി.പ്രസാദ് പറഞ്ഞു.
‘‘എല്ലാ രാഷ്ട്രീയ പാർട്ടികളും ചേർന്നാണ് വിമാനത്താവളത്തിനെതിരെയുള്ള സമരത്തിൽ വന്നത്. അപ്പോൾ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ആ നിലപാടാണുള്ളത്. അതുകൊണ്ട് ഇത്തരമൊരു പദ്ധതി ആറന്മുളയിൽ അനുവദിക്കാൻ പ്രയാസമുണ്ട്.”- പി. പ്രസാദ്.
പിന്നീട് ഇടതുപക്ഷം അധികാരത്തിലെത്തിയപ്പോൾ 2016-ൽ ആറന്മുളയിലെ കൃഷി പുനരാരംഭിക്കൽ വലിയ രൂപത്തിൽ തന്നെ നടന്നു. ഒന്നര പതിറ്റാണ്ടിലേറെ കൃഷി ഇറക്കാതിരുന്ന ആറന്മുളയിൽ 2016-ൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലാണ് വിത്തിറക്കിയത്. അന്നത്തെ കൃഷിമന്ത്രി വി.എസ്. സുനിൽ കുമാറും, ജലസേചന വകുപ്പ് മന്ത്രി മാത്യു ടി. തോമസും ഇപ്പോഴത്തെ ആരോഗ്യമന്ത്രിയും അന്ന് എം.എൽ.എയുമായ വീണാ ജോർജുമെല്ലാം വിത്തിറക്കലിന്റെ ഭാഗമായിരുന്നു. 2017- ൽ വിമാനത്താവളത്തിന്റെ പേരിൽ നാളുകളോളം കൃഷിയില്ലാതായ ആറന്മുളയിൽ കൃഷിമന്ത്രി വി.എസ് സുനിൽകുമാറിന്റെ നേതൃത്വത്തിൽ തന്നെ കൊയ്ത്ത് ഉത്സവവും നടന്നിരുന്നു. ഇതേ സ്ഥലത്താണ് പരിസ്ഥിതിയെയും ആവാസവ്യവസ്ഥിതിയെയും തകിടം മറിക്കുന്ന രൂപത്തിൽ വിമാനത്താവളത്തിനു പകരം പുതിയൊരു പദ്ധതിയുമായി കെ.ജി.എസ് ഗ്രൂപ്പ് എത്തുന്നത്.
കമ്പനിയുടെ പേര് മാറിയത് കൊണ്ട് കാര്യമില്ലെന്നും എതിർത്തത് ആ ഭൂമിയിൽ വരുന്ന മാറ്റങ്ങളെയാണെന്നും പി. പ്രസാദ് വ്യക്തമാക്കി:
“ഏതുപേരിൽ വന്നാലും ഏത് പദ്ധതിയാണെങ്കിലും നമ്മൾ എതിർത്തത് വിമാനത്തെയോ വിമാനത്താവളത്തെയോ അല്ല. ആ ഭൂമിയിൽ വരുന്ന മാറ്റങ്ങളെയാണ് എതിർത്തത്. ആ മാറ്റങ്ങൾ അവിടുത്തെ പ്രകൃതിക്കും പരിസ്ഥിതിക്കും അങ്ങേയറ്റം ദോഷം ചെയ്യും എന്നുള്ളതുകൊണ്ടാണ് ആ പദ്ധതിയെ എതിർക്കുന്ന തരത്തിലേക്ക് എത്തിയത്. ഒരു ഇലക്ട്രോണിക് പാർക്കോ മറ്റോ വരുന്നതിനോട് എതിർപ്പില്ല. മറ്റ് കര ഭൂമി കണ്ടെത്തി അവിടെ ചെയ്യാവുന്നതേയുള്ളൂ. ഇവിടെയുള്ള കരഭൂമിയുടെ കാര്യത്തിൽ ഈ നടപടികൾ നോക്കേണ്ടതുണ്ട്. താലൂക്ക് ലാൻഡ് ബോർഡിന്റെ മുമ്പാകെ ഇതുമായി ബന്ധപ്പെട്ട കേസുകൾ നിലനിൽക്കുന്നുണ്ടായിരുന്നു. ഹരിത ട്രൈബ്യൂണൽ ഇക്കാര്യം പരിശോധിച്ച് വന്നതാണ്. അവിടെ എല്ലാ രാഷ്ട്രീയ പാർട്ടികളും ചേർന്നാണ് വിമാനത്താവളത്തിനെതിരെയുള്ള സമരത്തിൽ വന്നത്. അപ്പോൾ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ആ നിലപാടാണുള്ളത്. അതുകൊണ്ട് ഇത്തരമൊരു പദ്ധതി ആറന്മുളയിൽ അനുവദിക്കാൻ പ്രയാസമുണ്ട്.”- പി. പ്രസാദ് പറഞ്ഞു.
