അരിക്കൊമ്പന്‍ ഒരാനയല്ല, ഒരു ലക്ഷണമാണ്

കേരളത്തിന്റെ വനാതിര്‍ത്തി ഗ്രാമങ്ങളെ അനുദിനം സങ്കീര്‍ണമാക്കിക്കൊണ്ടിരിക്കുന്ന സാമൂഹികവും പാരിസ്ഥിതികവുമായ അനേകം സംഘര്‍ഷങ്ങളുടെ ഒരു ലക്ഷണം മാത്രമാണ് അരിക്കൊമ്പന്‍

‘നിങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട എന്തെങ്കിലും വരയ്ക്കൂ’ എന്നാണ് മണികണ്ഠനോടും കൂട്ടുകാരോടും അവരുടെ പ്രിയപ്പെട്ട അധ്യാപികയായ പ്രിയ ടീച്ചര്‍ പറഞ്ഞത്. മണികണ്ഠനടങ്ങുന്ന ഇരുപതോളം ആദിവാസി വിദ്യാര്‍ത്ഥികള്‍ വടക്കാഞ്ചേരിയിലെ സ്‌കൂളില്‍ നിന്ന്​ മട്ടാഞ്ചേരിയിലെ ജൂതത്തെരുവിലുള്ള കാശി ഹലേഗ്വ ഹൗസ് ആര്‍ട്ട് ഗാലറിയിലെ ആഴി ആര്‍ക്കൈവ്സിലെത്തിയത് അവര്‍ക്കായി മാറ്റിവെച്ച ഒരു ചുവരില്‍ നിറയെ ചിത്രങ്ങള്‍ വരക്കാന്‍ വേണ്ടിയാണ്.

മട്ടാഞ്ചേരിയിലെ അവസാനത്തെ ജൂതകുടുംബം ഏതാനും വര്‍ഷങ്ങള്‍ മുമ്പുവരെ താമസിച്ചിരുന്ന, ഇപ്പോള്‍ ആര്‍ട് ഗ്യാലറിയായി മാറിയ വിശാലമായ ആ പുരാതന കെട്ടിടത്തിന്റെ ഒരു ചുവരില്‍ പലതരം ഛായങ്ങള്‍ കൊണ്ട് മണികണ്ഠനും കൂട്ടുകാരും അവരുടെ ജീവിതം വരച്ചുതുടങ്ങി. മുളങ്കാടുകള്‍, ആനക്കൂട്ടങ്ങള്‍, തേനീച്ചക്കൂടുകള്‍, കരടി, മാന്‍, വേഴാമ്പല്‍ അങ്ങനെ പലതും. വനാശ്രിത സമൂഹങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട പലതരം ചിത്രങ്ങളാണ് ചുവരില്‍ തെളിഞ്ഞു തുടങ്ങിയത്. മണികണ്ഠന്‍ വരച്ചത് ഒരു ആനയെ. പക്ഷേ, ആന കാട്ടിലായിരുന്നില്ല, ഒരു കുഞ്ഞുവീടിനുമുകളില്‍ കയറി നില്‍ക്കുന്ന ആനയുടെ ചിത്രമാണ് അട്ടപ്പാടിയിലെ പാലൂരില്‍ നിന്നുള്ള മണികണ്ഠന്‍ വരച്ചത്. കാട്ടാനയുടെ ആക്രമണത്തില്‍ നിരന്തരം ആദിവാസികള്‍ കൊല്ലപ്പെടുകയും അവരുടെ വീടുകള്‍ തകര്‍ക്കപ്പെടുകയും ചെയ്യുന്ന നാട്ടില്‍ നിന്ന് വരുന്ന അഞ്ചാം ക്ലാസ്സുകാരന്‍ തങ്ങളുടെ നാടിന്റെ വര്‍ത്തമാനകാല ജീവിതത്തെ അങ്ങനെ അടയാളപ്പെടുത്തി.

മണികണ്ഠന്‍ വരച്ച ചിത്രം / Photo: Shafeeq Thamarassery

മണികണ്ഠനേക്കാള്‍ രണ്ട് വയസ്സ് മൂത്തതാണ് അതിരപ്പിള്ളിയിലെ വാഴച്ചാലില്‍ നിന്നുള്ള ബിബിന്‍ ശെല്‍വരാജ്. എട്ടാം ക്ലാസ്സില്‍ പഠിക്കുന്നു. എഴുതാനും വായിക്കാനുമൊന്നും അറിയില്ലെങ്കിലും ദിവസവും രാവിലെ പത്രവുമായി ടീച്ചറുടെ അടുത്തേക്ക് ഓടിച്ചെല്ലും. അതിരപ്പിള്ളിയില്‍ കൊമ്പന്‍ ഇറങ്ങിയിട്ടുണ്ടോ എന്നറിയണം. ആന ആക്രമിക്കാന്‍ വന്നാല്‍ കാലിന് പരിക്കേറ്റ് കിടക്കുന്ന മുത്തശ്ശന് ഓടാന്‍ കഴിയില്ലല്ലോ എന്നതാണ് ബിബിന്‍ ശെല്‍വരാജിന്റെ വേവലാതി. കൊമ്പന്‍ ഇറങ്ങിയിട്ടില്ല എന്ന് ടീച്ചര്‍ പത്രത്തില്‍ നോക്കി പറഞ്ഞാലേ ബിബിന്‍ ക്ലാസ്സിലേക്ക് പോകൂ. തന്റെ ഗ്രാമത്തില്‍ കൊമ്പനിറങ്ങിക്കാണുമോ, മുത്തശ്ശനെ ആന ആക്രമിച്ചുകാണുമോ എന്ന ഭയത്തില്‍ ഓരോ ദിവസവും ഉറക്കമുണരുന്ന ബിബിന്‍ ശെല്‍വരാജിനെപ്പോലെയുള്ള ആദിവാസി വിദ്യാര്‍ത്ഥികള്‍ ഇന്ന് കേരളത്തിന്റെ വനാതിര്‍ത്തി ഗ്രാമങ്ങളുടെ മുഖമാണ്.

മണികണ്ഠന്‍ / Photo: Shafeeq Thamarassery

ഇടുക്കിയിലെ ചിന്നക്കനാല്‍ ഗവ. സ്‌കൂളിലേക്ക് സൂര്യനെല്ലി, സിങ്കുകണ്ടം, 301 കോളനി തുടങ്ങിയ ഭാഗങ്ങളില്‍ നിന്നുള്ള കുട്ടികളെത്തുന്നത് ആഴ്ചയില്‍രണ്ടും മൂന്നും ദിവസം മാത്രമാണ്. വീടിനും സ്‌കൂളിനുമിടയിലെ ചെറിയ ദൂരത്തില്‍ ഈ കുട്ടികള്‍ക്ക് തടസ്സമായി നില്‍ക്കുന്നത് കാട്ടാനകളാണ്. സ്‌കൂള്‍ കുട്ടികള്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ പലതവണ ഈ വഴികളില്‍ വെച്ച് ആക്രമിക്കപ്പെട്ടു. ജോലിക്ക് പോകുന്ന രക്ഷിതാക്കള്‍ തിരിച്ചെത്തുന്നത് വരെ ഭയപ്പാടോടെ കഴിയുന്ന കുട്ടികളും ജീവന്‍ ഭയന്ന് കുഞ്ഞുങ്ങളെ പഠിക്കാന്‍ പോകുന്നതില്‍ നിന്ന് വിലക്കേണ്ടി വരുന്ന അമ്മമാരുമെല്ലാമുള്ള ചിന്നക്കലാലിലെ ആദിവാസി കോളനികളില്‍ നിന്നുള്ള പുതിയ തലമുറ ആനയെ കാണുന്നത് അവരുടെ ജീവിതത്തിന് മുന്നിലുള്ള തടസ്സമായാണ്.

ബിബിന്‍ ശെല്‍വരാജ് / Photo: Shafeeq Thamarassery

ഒരേ അരുവികളില്‍ നിന്ന് മനുഷ്യരും കാട്ടാനകളും വെള്ളം കുടിക്കുകയും കാടതിരുകളെ ഇരുകൂട്ടരും സഹവര്‍ത്തിത്വത്തോടെ പങ്കിടുകയും ചെയ്യുന്ന മനുഷ്യ- വന്യജീവി സഹവര്‍ത്തിത്വത്തിന്റെ ഉദാത്ത ഭാവനകളല്ല ഇന്ന് നമ്മുടെ വനാതിര്‍ത്തി ഗ്രാമങ്ങളുടെ വര്‍ത്തമാനം. അനുദിനം ജീവന്‍ പൊലിയുന്ന, വീടുകളും കൃഷിയിടങ്ങളും തകര്‍ന്നുതരിപ്പണമായിക്കൊണ്ടിരിക്കുന്ന സങ്കീര്‍ണ ജീവിതാവസ്ഥകളില്‍ കണ്‍മുന്നിലെ ഓരോ വളവുകളിലും ഇരുട്ടിലും മരണം ഭയക്കുന്ന ഗ്രാമീണ ജനതയുടെ കലഹങ്ങളും കലാപങ്ങളും കൂടിയാണ് ഇന്നത്തെ മലയോരങ്ങളുടെ ചിത്രം.

ചിന്നക്കനാലിലെ അരിക്കൊമ്പന്‍

ഇടുക്കിയിലെ ചിന്നക്കനാല്‍, ആനയിറങ്കല്‍, സൂര്യനെല്ലി, ശാന്തന്‍പാറ മേഖലകളിലെ വീടുകളും കടകളും നിരന്തരം ആക്രമിച്ചുകൊണ്ടിരുന്ന, അരിക്കൊമ്പന്‍ എന്ന് നാട്ടുകാര്‍ വിളിക്കുന്ന ആനയെ അറിയാത്തവരായി ഇപ്പോള്‍ കേരളത്തില്‍ ആരുമുണ്ടാകില്ല. കഴിഞ്ഞ കുറേ ആഴ്ചകളായി കേരളത്തിലെ വാര്‍ത്താമാധ്യമങ്ങളിലെ താരം. കുട്ടിക്കൊമ്പന്‍ എന്നായിരുന്നു ആനയുടെ പഴയ പേര്. സ്ഥിരമായി റേഷന്‍ കടകളും വീടുകളും തകര്‍ത്ത് അരി തിന്നുന്നതിനാല്‍ പിന്നീട് നാട്ടുകാര്‍ ഈ ആനയെ അരിക്കൊമ്പന്‍ എന്ന പേരിട്ടു വിളിച്ചു. 35 വയസ്സുള്ള സ്ഥിരം അക്രമകാരിയായ അരിക്കൊമ്പന്‍ 7 പേരെ കൊന്നിട്ടുണ്ടെന്നും 75 ലേറെ കെട്ടിടങ്ങള്‍ തകര്‍ത്തിട്ടുണ്ടെന്നും വനംവകുപ്പ് പറയുമ്പോള്‍ നാട്ടുകാരുടെ കണക്കില്‍ അരിക്കൊമ്പന്‍ അപഹരിച്ചത് 12 ജീവനും 180- ലേറെ കെട്ടിടങ്ങളുമാണ്.

വന്യമൃഗ ആക്രമണം ഏറ്റവും ഗുരുതരമായി മാറിയതിന്റെ പ്രധാന കാരണങ്ങളിലൊന്ന് വനമേഖലയിലെ ജൈവവൈവിധ്യ ശോഷണവും ജലലഭ്യതയിലെ കുറവുമാണെങ്കില്‍ അതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദികള്‍ വനംവകുപ്പ് തന്നെയാണ്.

അരിക്കൊമ്പന്‍, ചക്കക്കൊമ്പന്‍, മുറിവാലന്‍ എന്നീ പേരില്‍ നാട്ടുകാര്‍ വിളിക്കുന്ന കൊമ്പന്‍മാരടക്കമുള്ള ആനക്കൂട്ടങ്ങൾ ചിന്നക്കനാല്‍, ആനയിറങ്കല്‍ മേഖലകളില്‍ ഇറങ്ങിത്തുടങ്ങിയത്​ സമീപകാലത്താണ്. ആന്റണി എന്നയാളുടെ ഉടമസ്ഥതയിലുള്ള പന്നിയാറിലെ ഒരു റേഷന്‍ കട മാത്രം ഈ ആന ആക്രമിച്ചത് പത്തിലേറെ തവണയാണ്. ആനയിറങ്കല്‍, പന്നിയാര്‍ എന്നിവിടങ്ങളിലെ റേഷന്‍ കടകളെല്ലാം സ്ഥിരമായി ആക്രമിക്കപ്പെട്ടു. മുപ്പതിലധികം പേര്‍ക്ക് അരിക്കൊമ്പന്റെ ആക്രമണത്തില്‍ പരിക്കേറ്റിറ്റുണ്ട്. ഏക്കറ് കണക്കിന് സ്ഥലത്തെ കൃഷിയും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ആക്രമിക്കപ്പെട്ടതില്‍ വീട്ടുനമ്പറില്ലാത്ത കെട്ടിടങ്ങള്‍, ഷെഡുകള്‍, പട്ടയമില്ലാത്ത സ്ഥലത്ത് തകര്‍ക്കപ്പെട്ട വീടുകള്‍ എന്നിവയൊന്നും കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് വനംവകുപ്പ് പറയുന്നത്. പല സ്ഥലത്തായി വാഹനങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടായെങ്കിലും നഷ്ടപരിഹാരത്തിന് അപേക്ഷ ലഭിച്ചിട്ടില്ലാത്തതിനാല്‍ അവയും കണക്കില്‍ ഉള്‍പ്പെട്ടിട്ടില്ല. 2017 ലാണ് അരിക്കൊമ്പനെതിരെ വ്യാപകമായ പരാതി ഉയര്‍ന്നത്. തുടര്‍ന്ന് ആനയെ മയക്കുവെടി വെച്ച് പിടിക്കാന്‍ വനംവകുപ്പ് തീരുമാനിച്ചെങ്കിലും ദൗത്യം പരാജയപ്പെട്ടു. 2018 ല്‍ അരിക്കൊമ്പനെ പിടികൂടാനുള്ള ഉത്തരവ് വീണ്ടും വന്നെങ്കിലും ശ്രമങ്ങള്‍ നീണ്ടു.

അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യത്തിനിടെ / Photo: F.B, veena maruthoor

സമീപകാലത്ത് വീണ്ടും അരിക്കൊമ്പന്റെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ പ്രദേശത്തെ ജനവാസത്തിന് വലിയ ഭീഷണിയായതോടെ അരിക്കൊമ്പനെ പിടിച്ചുകൊണ്ടുപോവുക എന്ന ആവശ്യമുയര്‍ത്തി പ്രദേശവാസികള്‍ സമരമാരംഭിച്ചു. അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടണം എന്നതായിരുന്നു ചിന്നക്കനാലുകാരുടെ ആവശ്യം. വനംവകുപ്പും സര്‍ക്കാറും അത് അംഗീകരിച്ചു. ആനയെ ഉടന്‍ പിടികൂടാമെന്ന തീരുമാനത്തിലേക്ക് വനംവകുപ്പ് എത്തി. കേരള ഫോറസ്റ്റ് ചീഫ് വെറ്റിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള ദൗത്യ സംഘത്തെ ഇതിനായി ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാല്‍, സര്‍ക്കാർ തീരുമാനത്തിനെതിരെ പീപ്പിള്‍സ് ഫോര്‍ ആനിമല്‍ എന്ന സംഘടനയുടെ തിരുവനന്തപുപരം ചാപ്റ്റര്‍ കോടതിയെ സമീപിച്ചു. വാസസ്ഥലവും ഭക്ഷണവും അനുകൂല സാഹചര്യങ്ങളുമില്ലാത്തതിനാല്‍ കാടിറങ്ങുന്ന അനേകം കാട്ടാനകളില്‍ ഒന്ന് മാത്രമാണെന്നായിരുന്നു അവരുടെ വാദം. വന-വന്യജീവി സംരക്ഷണ നിയമങ്ങള്‍ ഇത്ര ശക്തമായി നിലനില്‍ക്കുന്ന നാട്ടില്‍ ആനയെപോലൊരു ജീവിക്ക് അതിന്റെ സ്വാഭാവികതയില്‍ ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുന്നതിനെതിരെയയായിരുന്നു അവര്‍ സംസാരിച്ചത്. തീര്‍ത്തും ഭക്ഷണത്തിനുവേണ്ടി മാത്രമാണ് ആന ജനവാസ മേഖലകളിലേക്ക് വരുന്നതെന്നും പരമ്പരാഗത ആനത്താരകളില്‍ പില്‍ക്കാലത്തുണ്ടായ ജനവാസവും ഇവിടങ്ങളില്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളുമാണ് സംഘര്‍ഷങ്ങള്‍ക്ക് കാരണമെന്നും ഇവര്‍ കോടതിയെ അറിയിച്ചു. വന്യജീവിയായ ആനയെ അതിന്റെ ആവാസ വ്യവസ്ഥയില്‍ നിന്ന് മയക്കുവെടിവെച്ച് പിടികൂടി കൂട്ടിലടക്കുന്നത് ഒഴിവാക്കണമെന്നായിരുന്നു അവരുടെ ആവശ്യം.

ഡോ. അരുണ്‍ സക്കറിയ / Photo: Shafeeq Thamarassery

ഹൈക്കോടതി വിഷയം പരിഗണിച്ചു, ആനയെ കൂട്ടിലടക്കുന്നത് ശാശ്വത പരിഹാരമല്ലെന്ന് ആദ്യം കോടതി നിരീക്ഷിച്ചു. വിഷയം പഠിക്കാന്‍ വിദഗ്ദ സമിതിയെ വെച്ചു. കൂട്ടിലടക്കണ്ട, പകരം റേഡിയോ കോളര്‍ ഘടിപ്പിച്ച് പറമ്പിക്കുളത്തേക്ക് മാറ്റാമെന്ന് വിദഗ്ദ സമിതി നിര്‍ദേശിച്ചു. ഇതോടെ പറമ്പിക്കുളം നിവാസികള്‍ പ്രക്ഷോഭങ്ങളുമായി രംഗത്ത് വന്നു. പ്രദേശത്ത് ഹര്‍ത്താലുണ്ടായി. വിദഗ്ദ സമിതിയുടെ തീരുമാനത്തിനെതിരെ നെന്മാറ എം.എല്‍.എ ഹൈക്കോടതിയെ സമീപിച്ചു. അതോടെ, പറമ്പിക്കുളത്തേക്ക് തന്നെ മാറ്റണമെന്നില്ലെന്ന നിര്‍ദേശത്തിലേക്ക് ഹൈക്കോടതിയെത്തി. പറമ്പിക്കുളം, വിദഗ്ദ സമിതി ശുപാര്‍ശ ചെയ്തതാണെന്നും മറ്റൊരു ഉചിതമായ സ്ഥലമുണ്ടെങ്കില്‍ സര്‍ക്കാറിനത് തീരുമാനിക്കാമെന്നും ഹൈക്കോടതി നിലപാടെടുത്തു. അത്തരത്തില്‍ ഉചിതമായ സ്ഥലമൊന്നുമില്ലെന്നും അരിക്കൊമ്പനെ പിടികൂടി കുങ്കിയാനയാക്കി മാറ്റുകയാണ് വേണ്ടതെന്നുമായിരുന്നു സംസ്ഥാന സര്‍ക്കാറിന്റെ നിലപാട്. ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹരജി സുപ്രീം കോടതി സ്വീകരിച്ചില്ല. അതോടെയാണ് ആനയെ പിടികൂടി മറ്റൊരു വനത്തില്‍ കൊണ്ടുവിടാമെന്ന തീരുമാനത്തിലേക്ക് സംസ്ഥാന സര്‍ക്കാര്‍ എത്തുന്നത്.

അരിക്കൊമ്പനെ പിടിച്ചുകൊണ്ടുപോകണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ സിങ്കുകണ്ടത്ത് നടത്തിയ സമരത്തില്‍ നിന്ന് / Photo: Shafeeq Thamarassery

ഒടുവില്‍ ദൗത്യം ആരംഭിച്ചു. ചിന്നക്കനാല്‍ മലനിരകളിലെ പ്രതികൂലമായ സാഹചര്യങ്ങളെയും മഴയും മഞ്ഞുമടങ്ങുന്ന കാലവസ്ഥയെയുമെല്ലാം അതിജീവിച്ച് അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുള്ള 150 അംഗസംഘം അരിക്കൊമ്പനെ പിടികൂടാനായി കാടുകയറി. ചിന്നക്കനാലിലെ സിങ്കുകണ്ടം, ശങ്കരപാണ്ഡ്യംമേട്, ആനയിറങ്കല്‍, 301 കോളനി, 92 കോളനി എന്നിവിടങ്ങളിലെല്ലാമായി 2023 ഏപ്രില്‍ 28,29 എന്നിങ്ങനെ രണ്ടുദിവസത്തോളം നീണ്ട ശ്രമകരമായ ദൗത്യത്തിനൊടുവില്‍ അരിക്കൊമ്പനെ മയക്കുവെടി വെച്ച് കുങ്കിയാനകളുടെ സഹായത്തോടെ വാഹനത്തില്‍ കയറ്റി പെരിയാര്‍ വന്യജീവിസങ്കേതത്തിലെ ഉള്‍വനത്തില്‍ കൊണ്ടുപോയി വിട്ടു. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് സര്‍ക്കാര്‍ നടത്തിയ ഈ ദൗത്യത്തോടെ ചിന്നക്കനാലിലെ കാട്ടാനഭീതിക്ക് പരിഹാരമാകുമെന്നായിരുന്നു പലരും കരുതിയത്.

എന്നാല്‍ അരിക്കൊമ്പനെ ചിന്നക്കനാലില്‍ നിന്നും പെരിയാര്‍ കാടുകളിലേക്ക് മാറ്റിയതിന്റെ പിറ്റേ ദിവസം രാത്രി തന്നെയാണ് ചിന്നക്കനാലിലെ വിലക്കലിലുള്ള രാജന്‍ എന്നയാളുടെ ഷെഡും കൃഷിയിടവും ചക്കക്കൊമ്പന്‍ അടക്കമുള്ള നാല് ആനക്കൂട്ടമെത്തി തകര്‍ത്തുതരിപ്പണമാക്കിയത്. വേറെയും 12ഓളം കാട്ടാനക്കൂട്ടങ്ങള്‍ പ്രദേശത്ത് നിലയുറപ്പിക്കുകയും ചെയ്തിരുന്നു.

അരിക്കൊമ്പനെ പിടിച്ചുകൊണ്ടുപോകണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ സിങ്കുകണ്ടത്ത് നടത്തിയ സമരത്തില്‍ നിന്ന് / Photo: Shafeeq Thamarassery

അരിക്കൊമ്പനെ മറ്റൊരു സ്ഥലത്തേക്ക് മാറ്റിയാല്‍ തീരുന്നതാണോ ആനയ്ക്കും മനുഷ്യര്‍ക്കും ഇടയില്‍ രൂപപ്പെട്ട സംഘര്‍ഷം?

ചിന്നക്കനാലിനും സമീപ്രദേശങ്ങളിലമുള്ള ആനത്താരകള്‍ കടന്നുപോകുന്ന പ്രദേശങ്ങളില്‍ വസിക്കുന്ന ആദിവാസികളടക്കമുള്ളവരുടെ ജീവന്‍ ഇനിയും സുരക്ഷിതമാണോ?

ആദിവാസി പുനരധിവാസ പ്രദേശങ്ങളായ ഈ മേഖലയുടെ നിലവിലെ സ്ഥിതിയെന്താണ്? പ്രദേശത്തെ സ്വാഭാവിക വന ആവാസ വ്യവസ്ഥയിലുണ്ടായ മാറ്റങ്ങള്‍ ഏതെല്ലാം വിധത്തിലാണ് ഈ സംഘര്‍ഷങ്ങളെ രൂക്ഷമാക്കുന്നതിന് കാരണമായിട്ടുള്ളത്?

ഈ ചോദ്യങ്ങൾ അടിസ്​ഥാനമാക്കിയുള്ള ഗൗരവതരമായ ചര്‍ച്ചകള്‍ ഇനിയെങ്കിലും ഉയര്‍ന്നുവരേണ്ടതുണ്ട്. അരിക്കൊമ്പന്‍ ഒറ്റതിരിഞ്ഞ ഒരു പ്രശ്നമല്ല, കേരളത്തിന്റെ വനാതിര്‍ത്തി ഗ്രാമങ്ങളെ അനുദിനം സങ്കീര്‍ണമാക്കിക്കൊണ്ടിരിക്കുന്ന സാമൂഹികവും പാരിസ്ഥിതികവുമായ അനേകം സംഘര്‍ഷങ്ങളുടെ ഒരു ലക്ഷണം മാത്രമാണ് അരിക്കൊമ്പന്‍.

ഏഷ്യയിലെ ഏറ്റവും വലിയ പുനരധിവാസ മേഖല എന്ന നിലയില്‍കൊട്ടിഘോഷിക്കപ്പെട്ട ആറളം ഫാം മുതല്‍ കേരളത്തിലുടനീളം ആദിവാസികള്‍ക്ക് പതിച്ചുനല്‍കിയ സ്ഥലങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍ അവയെല്ലാം ഉപയോഗശൂന്യമോ സംഘര്‍ഷബാധിതമോ ആയ പ്രദേശങ്ങളാണ്​.

ആനത്താരകളിലെ മനുഷ്യരും
301 കോളനിയും

ആദിവാസി പുനരധിവാസ മേഖലകളും കുടിയേറ്റ പ്രദേശങ്ങളുമാണ് ചിന്നക്കനാലിലുള്ളത്. ഇതില്‍ ഏറ്റവും കൂടുതല്‍ ആനയുടെ ആക്രമണം അനുഭവിക്കേണ്ടി വന്നിട്ടുള്ളത് 301 കോളനിക്കാരാണ്. സ്ഥിരമായി ആനയുടെ സാന്നിധ്യമുള്ള പ്രദേശം ആദിവാസി പുനരധിവാസത്തിനായി വിനിയോഗിച്ചതിലെ അപാകതകള്‍ ഈ ഘട്ടത്തില്‍ ചര്‍ച്ചയായി ഉയരുന്നുണ്ട്.

2001- ല്‍ ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ ആദിവാസി ഭൂപ്രശ്നങ്ങളുയര്‍ത്തി സെക്രട്ടറിയേറ്റിനുമുന്നിൽ നടത്തിയ കുടില്‍കെട്ടി സമരത്തെത്തുടര്‍ന്ന് അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണി നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയുടെ ഭാഗമായ ഭൂവിതരണമാണ് ചിന്നക്കലാലിലെ ആദിവാസി കോളനികളായി മാറിയത്. 2001- ലെ ആദിവാസി പുനരധിവാസ പാക്കേജ് അനുസരിച്ച് സംസ്ഥാന തലത്തില്‍ നടപ്പാക്കാനുള്ള പദ്ധതിയായിരുന്നു ഇത്. വയനാട്, അട്ടപ്പാടി, ഇടുക്കി ഉള്‍പ്പെടെ 52,000- ത്തോളം ആദിവാസികള്‍ക്ക് ഭൂവിതരണം സാധ്യമാക്കുന്ന ആദിവാസി പുനരധിവാസ വികസന മിഷന്‍ എന്ന പ്രോജക്ട് ആയിരുന്നു അത്. അവയുടെ നടത്തിപ്പിന്​ ഒമ്പത് മന്ത്രിമാരടക്കമുള്ള ഉന്നതാധികാര സമിതിയും ഒരു മിഷന്‍ ചീഫും മുപ്പതോളം സ്റ്റാഫുമുള്ള ഒരു വലിയ സംവിധാനം പട്ടിക വര്‍ഗ വികസന വകുപ്പിന്റെ ഒരു ഭാഗം എന്ന നിലയില്‍ പ്രവര്‍ത്തിച്ചിരുന്നു. 2002 ജനുവരി ഒന്നിന് മറയൂരില്‍ ഭൂവിതരണം നടത്തി പദ്ധതിക്ക്​ തുടക്കമായി. ഇടുക്കിയില്‍ മറയൂര്‍, പൂപ്പാറ, കുണ്ടല, ചിന്നക്കനാല്‍ എന്നിവിടങ്ങളിലാണ് ഭൂവിതരണം നടന്നത്. ഇതില്‍ ചിന്നക്കനാലിലെ പുനരധിവാസ മേഖലയുടെ പാരിസ്ഥിതിക സവിശേഷതകള്‍ സര്‍ക്കാര്‍ പഠനവിധേയമാക്കിയില്ല എന്ന വിമര്‍ശനമാണ് ഇപ്പോള്‍ ഉയരുന്നത്. ആദിവാസികള്‍ക്ക് താമസിക്കാൻ ഭൂമി നല്‍കുമ്പോള്‍മറ്റാര്‍ക്കും വേണ്ടാത്ത സുരക്ഷിതമല്ലാത്ത ഭൂമി തന്നെ തെരഞ്ഞെടുക്കുന്നു എന്ന ആരോപണമാണ് ആദിവാസി ഗോത്രമഹാസഭ ഉയര്‍ത്തുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ പുനരധിവാസ മേഖല എന്ന നിലയില്‍ കൊട്ടിഘോഷിക്കപ്പെട്ട ആറളം ഫാം മുതല്‍ കേരളത്തിലുടനീളം ആദിവാസികള്‍ക്ക് പതിച്ചുനല്‍കിയ സ്ഥലങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍ അവയെല്ലാം ഉപയോഗശൂന്യമോ സംഘര്‍ഷബാധിതമോ ആയ പ്രദേശങ്ങളാണെന്നാണ് സാമൂഹ്യ പ്രവര്‍ത്തകന്‍ എം. ഗീതാനന്ദന്‍ ട്രൂകോപ്പിയോട് പറഞ്ഞത്.

എം. ഗീതാനന്ദന്‍ / Photo: Agasthya Surya

ചിന്നക്കനാല്‍ മേഖലയില്‍ സൂര്യനെല്ലി, സിങ്കുകണ്ടം, 301 കോളനി, എണ്‍പതേക്കര്‍, പന്തടിക്കളം എന്നിവിടങ്ങളിലാണ് ഭൂമി നല്‍കിയത്. 708 കുടുംബങ്ങള്‍ ഇവിടെയെത്തി. ഇതില്‍ 301 പേര്‍ക്ക് ഒരേക്കര്‍ വീതം ഭൂമി നല്‍കിയ പ്രദേശമാണ് 301 കോളനിയായി അറിയപ്പെട്ടത്. രൂക്ഷമായ വന്യമൃഗ ആക്രമണങ്ങളും മറ്റ് പ്രയാസങ്ങളും കാരണം ഇവിടെ ജീവിക്കാന്‍ സാധിക്കാതെ പലരും തിരിച്ച് പലായനം ചെയ്​തു. 301 കുടുംബങ്ങളുണ്ടായിരുന്ന ഇവിടെ ഇപ്പോള്‍ ബാക്കിയുള്ളത് വെറും മുപ്പത് കുടുംബങ്ങളാണ്.

പട്ടയം നല്‍കി എന്നല്ലാതെ മറ്റൊരു വികസന പദ്ധതികളും സ്ഥലത്തുണ്ടായിട്ടില്ല. ആകെയുള്ളത് റോഡും വൈദ്യുതിയും മാത്രമാണ്. സ്‌കൂള്‍, ആശുപത്രി, ബസ് സൗകര്യം, കുടിവെള്ളം തുടങ്ങി എല്ലാ സംവിധാനങ്ങളും ഒരുക്കാമെന്ന ഉറപ്പിലാണ് ആളുകള്‍ അവിടെ താമസം തുടങ്ങിയത്. എന്നാല്‍ പിന്നീട് സര്‍ക്കാര്‍ കാലുമാറി. 22 വര്‍ഷവും അവഗണകള്‍ മാത്രമാണവര്‍ നേരിട്ടത്. തൊട്ടാല്‍ പൊളിഞ്ഞുവീഴുന്ന തരത്തിലുള്ള കെട്ടിടങ്ങളാണ് രൂക്ഷമായ ആനശല്യമുള്ള ഈ മേഖലയില്‍ ഇവര്‍ക്കായി നിര്‍മിച്ചുനല്‍കിയത്.

301 കോളനിയിലേക്കുള്ള വഴി / Photo: Keraleeyam web

ആദിവാസി പുനരധിവാസ മിഷന്റെ ഭാഗമായി ഭൂമി ലഭിച്ച മലയരയ വിഭാഗത്തില്‍ നിന്നുള്ള തോമസും ഭാര്യ വിജയമ്മയും പീരുമേട്ടില്‍ നിന്നാണ് ചിന്നക്കനാലിലെത്തിയത്. സര്‍ക്കാര്‍ വീട് നിര്‍മിച്ച് നല്‍കാത്തതിനാല്‍ സ്വന്തമായി ഷെഡ് കെട്ട് താമസിച്ചു. നാല് തവണയാണ് ഇവരുടെ ഷെഡ് ആന വന്ന് പൊളിച്ചത്. അതില്‍ ഒരു തവണ ഷെഡിന്റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ത്ത ആന തോമസിനെ കൊമ്പ് കൊണ്ട് കുത്താനാഞ്ഞു. ഇവരുടെ മകന്‍ ഓടിയെത്തി ആനയുടെ മുന്നിലേക്ക് വീട്ടുപകരണങ്ങള്‍ വലിച്ചെറിഞ്ഞ് തോമസിനെയും തോളിലെടുത്ത് ഓടി രക്ഷപ്പെടുകയായിരുന്നു.

സുരക്ഷിതമായ ധാരാളം ഭൂമി സര്‍ക്കാറിന്റെ കൈവശമുണ്ടായിട്ടും വനമേഖലയിലെയും മലമടക്കുകളിലെയും പുഴയോരങ്ങളിലെയും വാസയോഗ്യമല്ലാത്ത ഭൂമിയാണ് ആദിവാസികള്‍ക്കായി വിതരണം ചെയ്യുന്നത്.

മൂന്നാറില്‍ ലോട്ടറി കച്ചവടക്കാരനായിരുന്ന തോമസിന് മറ്റൊരിക്കല്‍ വഴിയില്‍ വെച്ചും ആനയുടെ ആക്രമണമേറ്റു. തലനാരിഴയ്ക്കാണ് അന്നും ജീവന്‍ തിരിച്ചുകിട്ടിയത്. ആനയുടെ കൊമ്പുകൊണ്ട്് വലത്തേ കഴുത്തിനും തോളെല്ലിനുമിടയില്‍ കുത്തേറ്റു. വലതുകാലിന്റെ അസ്ഥിപൊട്ടി. ഗുരുതാരവസ്ഥയില്‍ ചോരവാര്‍ന്ന് വഴിയില്‍ കിടന്ന അദ്ദേഹത്തെ ആളുകള്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സക്കായി ഒരു ലക്ഷത്തി നാല്‍പ്പത്തിമൂന്നായിരം രൂപ വേണ്ടി വന്നെന്നാണ് തോമസിന്റെ ഭാര്യ വിജയമ്മ പറയുന്നത്. എന്നിട്ടും സര്‍ക്കാര്‍ നഷ്ടപരിഹാരമായി നല്‍കിയത് വെറും അയ്യായിരം രൂപയാണ്. ഈ പണം ഒന്നിനും തികയില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരോട് പറഞ്ഞപ്പോള്‍ ചത്തിരുന്നെങ്കില്‍ പത്ത് ലക്ഷം രൂപ തരാമായിരുന്നു എന്നായിരുന്നു പോലും വനംവകുപ്പുകാരുടെ മറുപടി.

തോമസും ഭാര്യ വിജയമ്മയും അവരുടെ ഷെഡിന് മുന്നില്‍ / Photo: Shafeeq Thamarassery

ആനകളുടെ കാല്‍ക്കീഴിലിട്ട് തങ്ങളെ കുരുതി കൊടുക്കാനാണോ ഭൂമി തരാമെന്നും പറഞ്ഞ് ഇവിടേക്ക് കൊണ്ടുവന്നതെന്നാണ് വിജയമ്മ ചോദിക്കുന്നത്. സുരക്ഷിതമായ വീടിനുവേണ്ടി ഒരുപാട് അലഞ്ഞു. തകര്‍ന്നുവീഴാരായ ഷെഡിന് മുന്നില്‍ തീയിട്ടാണ് ഇവര്‍ രാത്രികളില്‍ ജീവന് സുരക്ഷയൊരുക്കുന്നത്. ഇവിടെ വന്നതിന് ശേഷമാണ് തങ്ങളുടെ ജീവിതം നരകമായതെന്നും എന്തെങ്കിലും ഗതിയുള്ളവരെല്ലാം സ്ഥലം വിട്ട് ഒഴിഞ്ഞുപോയെന്നും തങ്ങള്‍ക്ക് മറ്റ് വഴികളില്ലെന്നുമാണ് അവര്‍ പറയുന്നത്. 301 കോളനിയിലെ മിക്കവരും ഇന്ന് ചെറിയ കോണ്‍ക്രീറ്റ് വീടിന് മുകളില്‍ മറ്റൊരു ഷെഡ് കെട്ടി അതില്‍ താമസിച്ചാണ് രാത്രി കഴിച്ചുകൂട്ടുന്നത്.

സുരക്ഷിതമായ ധാരാളം ഭൂമി സര്‍ക്കാറിന്റെ കൈവശമുണ്ടായിട്ടും വനമേഖലയിലെയും മലമടക്കുകളിലെയും പുഴയോരങ്ങളിലെയും വാസയോഗ്യമല്ലാത്ത ഭൂമിയാണ് ആദിവാസികള്‍ക്കായി വിതരണം ചെയ്യുന്നത്. ഇക്കാരണത്താല്‍ ഭൂമി ലഭിച്ചിട്ടും അതില്‍ താമസിക്കാന്‍ സാധിക്കാതെ തിരികെ പോയ ധാരാളം ആദിവാസി കുടുംബങ്ങളുണ്ട് കേരളത്തില്‍. ഭൂവിതരണത്തിലെ ഇത്തരം അനീതിയുടെ ഏറ്റവും വലിയ ഉദാഹരണാണ് ആറളം ഫാം.

സിങ്കുകണ്ടം അടക്കമുള്ള മേഖലകളില്‍ ജനകീയ പ്രക്ഷോഭം ഇത്രയും രൂക്ഷമാകുന്നതിന് കാരണം വന്യജീവി ആക്രമണങ്ങള്‍ മാത്രമല്ല, വിവിധങ്ങളായ സര്‍ക്കാര്‍ നടപടികളോടുള്ള അവരുടെ അതൃപ്തി കൂടിയാണെന്നാണ് വ്യക്തമാകുന്നത്.

തങ്ങള്‍ക്കവകാശപ്പെട്ട ഭൂമിക്കുവേണ്ടി ആദിവാസികള്‍ നടത്തിയ പതിറ്റാണ്ടുകള്‍ നീണ്ട സമരങ്ങളുടെ ഭാഗമായാണ് ഭൂരഹിതരായ ആദിവാസികള്‍ക്കുള്ള ഭൂവിതരണം, പുനരധിവാസം എന്നിവ ലക്ഷ്യം വെച്ച് ആറളം ഫാം നിലവില്‍ വന്നത്. കേന്ദ്ര സര്‍ക്കാറില്‍ നിന്ന്​ സംസ്ഥാന സര്‍ക്കാര്‍ വിലകൊടുത്ത് വാങ്ങിയ പ്ലാന്റേഷന്‍ ഭൂമിയുടെ ഒരു ഭാഗം കണ്ണൂരിലെയും ഇതര ജില്ലകളിലെയും ഭൂരഹിത കുടുംബങ്ങള്‍ക്ക് പതിച്ചുനല്‍കുകയായിരുന്നു. എന്നാല്‍ വനമേഖലയോട് ചേര്‍ന്നുള്ള ഈ ഭൂമി കാട്ടാനയുടെ വിഹാര കേന്ദ്രമായിരുന്നു. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ പതിനാലോളം പേരാണ് കാട്ടാനയുടെ ആക്രമണത്തില്‍ ആറളം ഫാമില്‍ മാത്രം കൊല്ലപ്പെട്ടത്. വന്യജീവികളുടെ ആക്രമണത്തില്‍ പരിക്കേറ്റ് കിടപ്പിലായവരും ധാരാളം. നിരവധി വീടുകളും വാഹനങ്ങളും ആന തകര്‍ത്തു. വന്യമൃഗ ശല്യം കാരണം യാതൊരു കൃഷിയും സാധ്യമല്ലാത്തതിനാല്‍ ഈ കുടുംബങ്ങള്‍ക്ക് വരുമാനമൊന്നുമില്ല. ഫാമിന് പുറത്തുള്ള പ്രദേശങ്ങളില്‍ ജോലിക്ക് പോകാമെന്ന് കരുതിയാല്‍ 5 മണിക്ക് ശേഷം ആനയിറങ്ങുമെന്നതിനാല്‍ അതും സാധ്യമല്ല. നൂറുകണക്കിന് കുടുംബങ്ങളാണ് വര്‍ഷങ്ങളോളം സമരം ചെയ്ത് നേടിയെടുത്ത ഭൂമി ഉപേക്ഷിച്ച് പോകേണ്ട സ്ഥിതിയില്‍ കഴിയുന്നത്. ആറളം വന്യജീവിസങ്കേതവും പുനരധിവാസ മേഖലയും തമ്മിലുള്ള അതിര്‍ത്തിയില്‍ കോണ്‍ക്രീറ്റ് മതില്‍ പണിയുമെന്ന് 2019- ല്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും പിന്നീട് നടപടിയുണ്ടായില്ല. ആറളം ഫാമിലെ വന്യജീവി ആക്രമണത്തിന് പരിഹാരമായി പട്ടികവര്‍ഗ വികസന വകുപ്പ് അനുവദിച്ച 22 കോടി രൂപ വിനിയോഗിച്ച് ആനമതില്‍ നിര്‍മിക്കാന്‍ കഴിഞ്ഞവര്‍ഷം തീരുമാനിച്ചിരുന്നു. എന്നാല്‍, ഈ പദ്ധതി ഇപ്പോള്‍ എവിടെയാണ് എന്ന് ആര്‍ക്കും അറിയില്ല. വനാതിര്‍ത്തിയില്‍ കാട്ടാനകളെ തടയാനുള്ള വേലികളെല്ലാം ഉപയോഗശൂന്യമാണ്. ഇതിലൂടെയാണ് ആനകള്‍ നാട്ടിലേക്കിറങ്ങുന്നത്. അതിര്‍ത്തിയില്‍ സൗരോര്‍ജ തൂക്കുവേലി സ്ഥാപിക്കണമെന്ന കോടതി നിര്‍ദേശവും സര്‍ക്കാര്‍ ഇതുവരെ നടപ്പാക്കിയിട്ടില്ല. വനംവകുപ്പ് അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങളുടെ ബോധപൂര്‍വമായ അനാസ്ഥകൊണ്ട് മാത്രം ഒരു പ്രദേശത്തെ ജനത കാട്ടാനക്കുരുതിക്കിരയാകുന്ന കാഴ്ചയാണ് ആറളത്തേത്.

ആദിവാസികളുടേതിന് സമാനമായ സാഹചര്യങ്ങള്‍ തന്നെയാണ് ചിന്നക്കനാലിലെ കുടിയേറ്റക്കാരുടേതും. 1943- ല്‍ ആനയിറങ്കല്‍ ഡാമിന്റെ പണിയാരംഭിച്ച കാലം മുതല്‍ ഇവിടെ തൊഴിലിനും മറ്റ് ആവശ്യങ്ങള്‍ക്കുമായെത്തിയ കുടിയേറ്റക്കാരുണ്ട്. 1972 നുമുമ്പ് കുടിയേറിയ കുടുംബങ്ങള്‍ക്കെല്ലാം പട്ടയം നല്‍കണമെന്ന് സര്‍ക്കാര്‍ വ്യവസ്ഥയുണ്ടെങ്കിലും ഇതില്‍ പല കുടുംബങ്ങള്‍ക്കും പട്ടയം കിട്ടിയിട്ടില്ല.

‘എഴുപത് വര്‍ഷത്തിലധികമായി ഇവിടെ അധിവസിച്ചുവരുന്ന ഞങ്ങള്‍ വെറും കയ്യേറ്റക്കാരായി മാറിയിരിക്കുകയാണ്. തെരുവ പുല്ലും ഏലത്തോട്ടവും മാത്രമായിരുന്ന ഈ പ്രദേശം മുഴുവന്‍ ഇന്ന് സാധാരണ പോലെ ചക്കയും മാവും മറ്റ് മരങ്ങളുമെല്ലാമുള്ള പച്ചപ്പുള്ള പ്രദേശമാക്കി മാറ്റിയത് കുടിയേറ്റക്കാരായ ഞങ്ങളാണ്. രണ്ടും മൂന്നും തലമുറകളായി ഇവിടെ ജീവിക്കുന്ന ഞങ്ങള്‍ക്ക് പോകാന്‍ മറ്റൊരിടവുമില്ല’- സിങ്കുകണ്ടത്തെ കര്‍ഷകനായ ജോസഫ് പറയുന്നു.

ശ്രീകുമാര്‍ / Photo: Shafeeq Thamarassery

ഒന്നും രണ്ടും ഏക്കറില്‍ ചെറിയ തോതില്‍ ഏലം, കുരുമുളക്, കാപ്പി എന്നിവയെല്ലാം കൃഷി ചെയ്ത് ജീവിക്കുന്ന സാധാരണക്കാരായ ആളുകളാണ് ഇവിടെയുള്ളത്. ഒരു ഏലം ചെടി നട്ടു പിടിപ്പിച്ചാല്‍ വിളവെടുക്കാന്‍ മൂന്നുവര്‍ഷം വരെ കാത്തിരിക്കണം. വിളവെടുപ്പാകുമ്പോളേക്കും ഒരു ഏക്കറിലുള്ള ഏലത്തിന് ആറും ഏഴും ലക്ഷം രൂപ ചെലവ്​ വരും. ബാങ്കുകളില്‍ നിന്ന് വായ്പയെടുത്തും പലരില്‍ നിന്നും കടം വാങ്ങിയും ഇത്രയും ഭീമമായ തുക മുടക്കി വിളവിനായി കാത്തിരിക്കുമ്പോഴായിരിക്കും ആന കയറിവന്ന് എല്ലാം തകര്‍ത്തുകളയുന്നത്. അതോടെ രൂക്ഷമായ കടക്കെണിയിലേക്കാണ് കുടുംബങ്ങള്‍ നീങ്ങുന്നത്. ഒരു തരത്തിലും ജീവിക്കാന്‍ സാധിക്കാത്ത തരത്തിലേക്ക് ഇവിടുത്തെ മലയോര കര്‍ഷകര്‍ വന്നുപെട്ടു എന്നാണ് ചിന്നക്കനാലിലെ ഒമ്പതാം വാര്‍ഡ് മെമ്പര്‍ ശ്രീകുമാര്‍ പറയുന്നത്.

മലയോര മനുഷ്യരുടെ ജീവിതം

സിങ്കുകണ്ടം അടക്കമുള്ള മേഖലകളില്‍ ജനകീയ പ്രക്ഷോഭം ഇത്രയും രൂക്ഷമാകുന്നതിന് കാരണം വന്യജീവി ആക്രമണങ്ങള്‍ മാത്രമല്ല, വിവിധങ്ങളായ സര്‍ക്കാര്‍ നടപടികളോടുള്ള അവരുടെ അതൃപ്തി കൂടിയാണെന്നാണ് വ്യക്തമാകുന്നത്. 2015- ല്‍ 13-ാം കേരള നിയമസഭയുടെ നിര്‍ദേശ പ്രകാരം അന്നത്തെ വനംവകുപ്പ് മന്ത്രി കൂടിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അടങ്ങിയ ഒരു കമ്മിറ്റി വനത്തിനുള്ളിലും സമീപപ്രദേശങ്ങളിലും അധിവസിക്കുന്നവര്‍ അഭിമുഖീകരിക്കുന്ന വൈഷ്യമങ്ങള്‍ എന്ന വിഷയത്തില്‍ പ്രത്യേകമായ ഒരു പഠനം നടത്തിയിരുന്നു. ഈ പഠന റിപ്പോര്‍ട്ട് പ്രകാരം കേരളത്തില്‍ വനമേഖലയോട് ചേര്‍ന്ന് ജീവിക്കുന്ന മനുഷ്യര്‍ അവരുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട്, ഇതര പ്രദേശങ്ങളിലെ ജനങ്ങളെ അപേക്ഷിച്ച് ധാരാളം പ്രയാസങ്ങള്‍ അധികം നേരിടുന്നതായി കണ്ടെത്തിയിട്ടുണ്ട്.

സിങ്കുകണ്ടത്തെ പ്രദേശവാസികള്‍ / Photo: Shafeeq Thamarassery

വിഭവവിനയോഗം, ഭൂമിയുടെ ക്രയവിക്രയം, വൈദ്യുതി - ജലലഭ്യത - ഗതാഗതം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് വേണ്ടിടയക്കമുള്ള നിര്‍മാണങ്ങള്‍ തുടങ്ങിയവയിലെല്ലാമുള്ള സവിശേഷമായ നിയന്ത്രണങ്ങള്‍ ഈ മേഖലയിലെ ജനങ്ങളുടെ സാമൂഹിക വികാസത്തിന് തടസ്സമായി മാറുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഒരേ ഭരണകൂടത്തിന് കീഴില്‍ തുല്യമായ അവകാശത്തോടെയും അധികാരത്തോടെയും ജീവിക്കാനുള്ള മലയോര മനുഷ്യരുടെ അതിജീവന സ്വപ്നങ്ങളെ തകര്‍ത്തുകൊണ്ടാണ് നിലവില്‍ അവരനുഭവിക്കുന്ന എല്ലാ പ്രതിസന്ധികള്‍ക്കും പുറമെ നമ്മുടെ വനാതിര്‍ത്തി ഗ്രാമങ്ങള്‍ മനുഷ്യരും വന്യജീവികളും തമ്മിലുള്ള കലുഷിതമായ സംഘര്‍ഷങ്ങളുടെ ഭൂമിയായിക്കൊണ്ടിരിക്കുന്നത്.

ആനയുടെ ആക്രമണത്തില്‍ ഇത്രയധികം വീടുകള്‍ നഷ്ടപ്പെട്ടിട്ടും നഷ്ടപരിഹാരത്തിനുവേണ്ടിയുള്ള നാട്ടുകാരുടെ അപേക്ഷകളെല്ലാം ഇപ്പോഴും കെട്ടിക്കിടക്കുകയാണെന്നാണ് ട്രൈബല്‍ പ്രൊമോട്ടറായ സുജി പറയുന്നത്. തകര്‍ന്ന വീടുകള്‍ സന്ദര്‍ശിക്കുക പോലും ചെയ്യാതെ മൊബൈല്‍ ഫോണിലെടുത്ത ചിത്രങ്ങള്‍ നോക്കി വില്ലേജ് ഓഫീസില്‍ നിന്നും ഉദ്യോഗസ്ഥര്‍ എഴുതുന്നത് നാല്‍പതിനായിരവും അമ്പതിനായിരവും രൂപയൊക്കെയാണെന്നാണ് ഇവര്‍ ആരോപിക്കുന്നത്. തകര്‍ന്ന വീടിന്റെ ഒരു ഭാഗം ശരിയാക്കാന്‍ പോലും ഈ തുക തികയില്ലെന്നും സുജി ആരോപിക്കുന്നു.

സുജി / Photo: Keraleeyam web

2004- ല്‍ ഇടുക്കിയിലെ ഭൂവിതരണ മേഖലകളില്‍ വരുമ്പോള്‍ ഇന്ന് കാണുന്ന റിസോര്‍ട്ടുകളോ വന്‍കിടത്തോട്ടങ്ങളോ ഒന്നും ഉണ്ടായിരുന്നില്ലെന്നാണ് എം. ഗീതാനന്ദന്‍ പറയുന്നത്. ഇന്ന് റിസോര്‍ട്ടുകളും തോട്ടങ്ങളും വ്യാപകമായി. താരതമ്യേന സാമ്പത്തിക ശേഷിയുള്ള ഇവര്‍ അവരുടെ സ്ഥലങ്ങളുടെ അതിരുകള്‍ ഉഗ്രശേഷിയുള്ള ഇലക്ട്രിക് ഫെന്‍സിംഗ് സ്ഥാപിക്കാന്‍ തുടങ്ങിയപ്പോള്‍ പരമ്പരാഗത സഞ്ചാരപാതകള്‍ നഷ്ടമായ ആനകള്‍ ഒരു മുള്‍വേലിയുടെ പോലും സുരക്ഷയില്ലാത്ത ആദിവാസി കോളനികളിലേക്ക് ഇരച്ചുകയറുകയാണെന്നാണ് അദ്ദേഹം പറയുന്നത്. ആനയിറങ്കല്‍ ഡാമിലെത്തി വെള്ളം കുടിച്ച് തിരിച്ചുപോകുന്ന ആനകളുടെ പരമ്പരാഗത സഞ്ചാരത്തില്‍ തടസ്സങ്ങള്‍ വന്നത് ഇപ്പോഴത്തെ സംഘര്‍ഷങ്ങള്‍ക്ക് കാരണമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

അരിക്കൊമ്പനെ പിടിച്ചുകൊണ്ടുപോകണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ സിങ്കുകണ്ടത്ത് നടത്തിയ സമരത്തില്‍ നിന്ന് / Photo: Shafeeq Thamarassery

സ്വാഭാവിക വനങ്ങളായിരുന്ന ഈ പ്രദേശം യൂക്കാലിത്തോട്ടങ്ങളായി മാറിയത് മുതല്‍ ഇവിടുത്തെ സംഘര്‍ഷങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും നിലവില്‍ ആനയ്ക്ക് കഴിക്കാനുള്ള ഭക്ഷ്യവസ്തുക്കളൊന്നും മേഖലയില്‍ ഇല്ലാതായി മാറിയത് സംഘര്‍ഷങ്ങള്‍ വര്‍ധിപ്പിച്ചുവെന്നുമാണ് കേരള വനഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ആയ ഡോ. ടി.വി. സജീവ് പറയുന്നത്. ഉപ്പ്, പഞ്ചസാര, അരി തുടങ്ങിയ വസ്തുക്കള്‍ കഴിച്ചുതുടങ്ങുന്നത് ആനകളില്‍ സ്വഭാവ പരിണാമത്തിന് കാരണമാകുമെന്നും അങ്ങനെയാണ് അരിക്കൊമ്പനെ പോലുള്ള ആനകളുണ്ടാകുന്നതെന്നും അദ്ദേഹം പറയുന്നു. അക്രമകാരിയായ ആനകളെ പിടിച്ചുകൊണ്ടുപോകുന്നത് ശാശ്വതമായ പരിഹാരമല്ലെന്നും പ്രശ്നങ്ങളുടെ മൂലകാരണങ്ങള്‍ കണ്ടെത്തി പരിഹാരം കാണുകയാണ് വേണ്ടതെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.

ആനയിറങ്കല്‍ ഡാം / Photo: Shafeeq Thamarassery

വനാതിർത്തി ഗ്രാമങ്ങളിലെ സംഘർഷങ്ങൾ

580 കിലോമീറ്റര്‍ നീളവും ശരാശരി 75 കിലോമീറ്റര്‍ വീതിയിലുമുള്ള കേരളത്തിന്റെ കേരളത്തിന്റെ ഭൂവിസ്തൃതിയുടെ 29.1 ശതമാനം സ്ഥലവും (11309.47 ച.കി.മീ) വനമാണ്. 725 സെറ്റില്‍മെന്റുകളിലായി ഒരു ലക്ഷത്തിലധികം ആദിവാസികളും അഞ്ച് ലക്ഷത്തോളം വരുന്ന അല്ലാത്തവരും വനമേഖലയുടെ അതിര്‍ത്തിക്കുള്ളില്‍താമസിക്കുന്നുണ്ട്. മുപ്പത് ലക്ഷത്തോളം ജനങ്ങളാണ് കേരളത്തിന്റെ വനാതിര്‍ത്തി ഗ്രാമങ്ങളിലെ മനുഷ്യ വന്യജീവി സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ കഴിയുന്നത്. ഓരോ വര്‍ഷം കഴിയുന്തോറും വന്യജീവി ആക്രമണങ്ങളുടെ തോത് കേരളത്തില്‍ വര്‍ധിച്ചുകൊണ്ടേയിരിക്കുകയാണ്.

വനംവകുപ്പ് ബോധപൂര്‍വം മനുഷ്യരെ കുരുതി കൊടുക്കുന്ന സാഹചര്യമാണുള്ളത്. വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിനും കൃഷിയിടങ്ങള്‍ നശിപ്പിക്കപ്പെട്ടവര്‍ക്കും നഷ്ടപരിഹാരം നല്‍കേണ്ടതാണ്. എന്നാല്‍ ധാരാളം കേസുകളില്‍ ഇത്തരം ഫയലുകള്‍ ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കുകയാണ്.

വന്യജീവി ആക്രമണങ്ങളില്‍ നിന്നുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വ്യത്യസ്ത വനമേഖലകള്‍ കേന്ദ്രീകരിച്ചും സംസ്ഥാന തലത്തില്‍ കേന്ദ്രീകൃതമായും കോടിക്കണക്കിന് രൂപ സര്‍ക്കാര്‍ വകയിരുത്തുണ്ട്. എന്നിട്ടും ജനവാസ മേഖലയിലേക്കുള്ള വന്യമൃഗങ്ങളുടെ കടന്നുവരവിനെ തടയാന്‍ ഇതുവരെ വനംവകുപ്പിന് സാധിച്ചിട്ടില്ല. വന്‍തോതിലുള്ള ആളപായമടക്കം ഇത്രയധികം നാശനഷ്ടങ്ങള്‍ മലയോരങ്ങളില്‍ സംഭവിച്ചിട്ടും കാര്യമായ ആക്ഷന്‍ പ്ലാനിലേക്ക് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇനിയും കടന്നിട്ടില്ല. പലയിടങ്ങളിലും വനംവകുപ്പ് ബോധപൂര്‍വം മനുഷ്യരെ കുരുതികൊടുക്കുന്ന സാഹചര്യങ്ങള്‍ ആണുള്ളത്. വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിനും കൃഷിയിടങ്ങള്‍ നശിപ്പിക്കപ്പെട്ടവര്‍ക്കും നഷ്ടപരിഹാരം നല്‍കേണ്ടതാണ്. എന്നാല്‍ ധാരാളം കേസുകളില്‍ ഇത്തരം ഫയലുകള്‍ ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കുകയാണ്. സാങ്കേതിക കാരണങ്ങളുടെ പേരില്‍ നഷ്ടപരിഹാരം ലഭിക്കാത്ത അനേകം കുടുംബങ്ങളുണ്ട്. വൈദ്യുത വേലി, കിടങ്ങ് നിര്‍മാണം, സോളാര്‍ ഫെന്‍സിങ്, കാടിനകത്ത് ജല-ഭക്ഷ്യ ലഭ്യത ഉറപ്പ് വരുത്തല്‍, എസ്.എം.എസ് അലര്‍ട്ട് സിസ്റ്റം, കമ്യൂണിറ്റി അലാം, തുടങ്ങി പലയിടങ്ങളിലും ആവിഷ്‌കരിച്ച പദ്ധതികള്‍ ധാരാളം ഉണ്ടെങ്കിലും അവയൊന്നും ഫലപ്രദമായോ ശാസ്ത്രീയമായോ അല്ല നടപ്പാക്കപ്പെട്ടിട്ടുള്ളത്.

Photo: Shafeeq Thamarassery

ആന, പന്നി, കടുവ, കാട്ടുപോത്ത്, കുരങ്ങ്, മാന്‍, മയില്‍ തുടങ്ങിയവയെല്ലാം ജനവാസ മേഖലകളിലേക്കിറങ്ങിവന്ന് നെല്ല്, വാഴ, തെങ്ങ്, കവുങ്ങ്, കിഴങ്ങ്, പച്ചക്കറികള്‍ തുടങ്ങിയവയെല്ലാം വന്‍തോതില്‍ പിഴുതെറിഞ്ഞ് നശിപ്പിക്കുകയാണ്. വനമേഖലകളോട് ചേര്‍ന്നുജീവിക്കുന്ന പതിനായിരക്കണക്കിന് വരുന്ന വന്‍കിട ചെറുകിട കര്‍ഷകരും കര്‍ഷക തൊഴിലാളികളും ഉപജീവനത്തിനായി കാര്‍ഷികമേഖല ഉപേക്ഷിച്ച് മറ്റെന്തെങ്കിലും സാധ്യതകള്‍ തേടേണ്ടി വരുന്ന സാഹചര്യങ്ങളാണുള്ളത്. വിളനാശം, സ്വത്ത് നനാശം, വളര്‍ത്തുമൃഗങ്ങളും മനുഷ്യരും കൊല്ലപ്പെടുന്നത്, പരിക്കേല്‍ക്കുന്നത് എന്നിവയെല്ലാം ഈ ജനത അനുഭവിക്കേണ്ടി വരുന്നു. വനാതിര്‍ത്തി ഗ്രാമങ്ങളിലെ കുട്ടികളും വൃദ്ധരും സ്ത്രീകളുമെല്ലാമടങ്ങുന്നവര്‍ ഗുരുതരമായ മാനസ്സിക പ്രയാസങ്ങളെക്കൂടിയാണ് അതിജീവിക്കേണ്ടി വരുന്നത്. അടച്ചുറപ്പില്ലാത്തതും ചുറ്റുമതിലുകളില്ലാത്തതുമായ വീടുകളില്‍ കഴിയുന്ന ദരിദ്ര കുടുംബങ്ങളും, കോളനികളില്‍ കഴിയുന്നവരുമെല്ലാമാണ് വന്യമൃഗ ആക്രമണങ്ങളുടെ നേരിട്ടുള്ള ഇരകള്‍.

വന്യജീവികളും മനുഷ്യരും തമ്മില്‍ സംഘര്‍ഷങ്ങളിലേക്ക് നീങ്ങുന്നത് ഒരു വലിയ സാമൂഹിക പ്രശ്‌നമായി മാറുമ്പോള്‍, ആധുനികവും ശാസ്ത്രീയവുമായ മാര്‍ഗങ്ങള്‍ സ്വീകരിച്ച് ഈ പ്രശ്‌നത്തിന് പരിഹാരം കാണുക എന്നത് ഭരണകൂടങ്ങളുടെ ഉത്തരവാദിത്തമാണ്.

പ്രതി വന്യമൃഗങ്ങളല്ല

കേരളത്തിന്റെ വിവിധ ജില്ലകളിലായി 1004 പ്രദേശങ്ങളാണ് മനുഷ്യവന്യജീവി സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്ന സ്ഥലങ്ങളായി വനംവകുപ്പ് ലിസ്റ്റ് ചെയ്തിട്ടുള്ളത്. 35 ഫോറസ്റ്റ് ഡിവിഷനുകളില്‍ നിലമ്പൂര്‍ നോര്‍ത്ത് (94), വയനാട് സൗത്ത് (92), വയനാട് നോര്‍ത്ത് (70), എന്നീ റേഞ്ചുകളിലാണ് ഏറ്റവും കൂടുതല്‍ സംഘര്‍ഷ ബാധിത പ്രദേശങ്ങളുള്ളത്.

ആഗോള കാലാവസ്ഥാ വ്യതിയാനവും മറ്റും വനത്തിന്റെ സ്വാഭാവികതയില്‍ സൃഷ്ടിച്ച മാറ്റങ്ങള്‍, വനത്തിനകത്തെ ഭക്ഷ്യ- ജല ലഭ്യതയിലെ ശോഷണം, വനമേഖലയോട് ചേർന്ന കാര്‍ഷിക മേഖലകളിലെ വിളകളുടെ സ്വഭാവത്തിലുണ്ടായ മാറ്റം, വനമേഖലകളിലെ അധിനിവേശ സസ്യങ്ങളുടെ കടന്നുവരവ് വന്‍തോതില്‍ വന ആവാസ വ്യവസ്ഥയെയും തദ്ദേശീയ ജൈവവൈവിധ്യത്തെയും തകര്‍ക്കുന്നത്, യൂക്കാലി, അക്വേഷ്യ, മാഞ്ചിയം തുടങ്ങിയ ഏകവിളത്തോട്ടങ്ങളുടെ വര്‍ധനവ്, കരിമ്പ്, വാഴ, ഈറ്റ തുടങ്ങി ആനയടക്കമുള്ള വന്യജീവികളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള വിളകള്‍ വ്യാപകമായത്, ആനകള്‍ സ്ഥിരായി സഞ്ചരിച്ചുകൊണ്ടിരുന്ന ആനത്താരകള്‍ കൊട്ടിയടച്ചുകൊണ്ട് നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാമാണ് വന്യജീവി സംഘര്‍ഷങ്ങളുടെ പ്രധാന കാരണങ്ങളായി വനംവകുപ്പ് വിലയിരുത്തുന്നത്. അതോടൊപ്പം സംരക്ഷണ പ്രവര്‍ത്തനങ്ങളുടെയും വേട്ടനിരോധനങ്ങളുടെയുമെല്ലാം ഫലമായി ആനയും കടുവയുമടക്കമുള്ള വന്യജീവികളുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചതും ഈ സംഘര്‍ഷങ്ങള്‍ കൂടാന്‍ കാരണമായി എന്ന് വനംവകുപ്പ് പറയുന്നുണ്ട്. 2022 ഫെബ്രുവരിയില്‍ വനംവകുപ്പ് സംസ്ഥാന സര്‍ക്കാറിന് നല്‍കിയ മാര്‍ഗരേഖയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

വന്യജീവി ആക്രമണത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കും പരിക്കേറ്റവര്‍ക്കും കൃഷിനാശത്തിനും നഷ്ടപരിഹാരം നല്‍കാന്‍ ഈ സാമ്പത്തികവര്‍ഷം 15.43 കോടി രൂപ വിനിയോഗിച്ചതായി കഴിഞ്ഞ മാര്‍ച്ചില്‍ വനം- വന്യജീവി വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചിരുന്നു. ബജറ്റ് വിഹിതമായി ഈ വര്‍ഷവും 75 ലക്ഷം രൂപയും മാറ്റിവച്ചിരുന്നു. ജനവാസമേഖലയില്‍ വന്യമൃഗങ്ങള്‍ ഇറങ്ങുന്നത് തടയാന്‍ അഞ്ചുവര്‍ഷം കൊണ്ട് നടപ്പാക്കാവുന്ന 620 കോടി രൂപയുടെ പദ്ധതികള്‍ വനംവകുപ്പ് തയാറാക്കിയതായും മന്ത്രി പറയുന്നു. ആനകളെ പ്രതിരോധിക്കാനുള്ള കിടങ്ങുകള്‍, പ്രതിരോധ മതില്‍, ജൈവവേലി തുടങ്ങിയ പ്രതിരോധ സംവിധാനങ്ങള്‍ക്കാണ് വനംവകുപ്പ് ഊന്നല്‍ നല്‍കുന്നത്. എന്നാല്‍, ഈ പ്രശ്‌നത്തിന്റെ അടിസ്ഥാന കാരണങ്ങളെ ശാസ്ത്രീയമായി സമീപിക്കേണ്ടതുണ്ടെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

മലയോരങ്ങളിലെ മനുഷ്യരുടെ ജീവനും വിലയുണ്ട് എന്ന പ്രാഥമിക നീതിബോധം നമ്മുടെ അധികാരികളും വനാതിര്‍ത്തികളില്‍ ജീവിക്കുമ്പോള്‍ വേണ്ട കരുതലുകള്‍ പ്രദേശവാസികളും കാത്തുസൂക്ഷിക്കേണ്ടതുണ്ട്.

വന്യമൃഗ ആക്രമണം ഏറ്റവും ഗുരുതരമായി മാറിയതിന്റെ പ്രധാന കാരണങ്ങളിലൊന്ന് വനമേഖലയിലെ ജൈവവൈവിധ്യ ശോഷണവും ജലലഭ്യതയിലെ കുറവുമാണെങ്കില്‍ അതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദികള്‍ വനംവകുപ്പ് തന്നെയാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ വാണിജ്യ താത്പര്യങ്ങളെ മുന്‍നിര്‍ത്തി സ്വാഭാവിക വനങ്ങള്‍ വെട്ടിമാറ്റി പകരം യൂക്കാലി, മാഞ്ചിയം, തേക്ക് തുടങ്ങിയ ഏക വിളത്തോട്ടങ്ങള്‍ സ്ഥാപിച്ച സര്‍ക്കാറുകളും അവ നടപ്പിലാക്കിയ വനംവകുപ്പും തന്നെയാണ് ഈ സാഹചര്യങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ഉത്തരം പറയേണ്ടത്. അടിസ്ഥാനപരമായി സര്‍ക്കാറിന്റെ തെറ്റായ നയങ്ങളുടെ കൂടി ഭാഗമാണ് മലയോര മേഖയിലെ ഇത്രമാത്രം ദയനീയ സാഹചര്യങ്ങള്‍ക്ക് കാരണമായത് എന്ന വസ്തുത കൂടി അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകേണ്ടതുണ്ട്.

തീര്‍ച്ചയായും ലോകത്തെ ജൈവസമ്പത്തിന്റെയും മനുഷ്യരാശിയുടെയും നിലനില്‍പിന് വേണ്ടി വനവും വന്യജീവികളുമടക്കമുള്ള പ്രകൃതിവിഭങ്ങള്‍ നാം സംരക്ഷിക്കേണ്ടതുണ്ട്. എന്നാല്‍ വന്യജീവികളും മനുഷ്യരും തമ്മില്‍ സംഘര്‍ഷങ്ങളിലേക്ക് നീങ്ങുന്നത് ഒരു വലിയ സാമൂഹിക പ്രശ്‌നമായി മാറുമ്പോള്‍, ആധുനികവും ശാസ്ത്രീയവുമായ മാര്‍ഗങ്ങള്‍ സ്വീകരിച്ച് ഈ പ്രശ്‌നത്തിന് പരിഹാരം കാണുക എന്നത് ഭരണകൂടങ്ങളുടെ ഉത്തരവാദിത്തമാണ്. മലയോരങ്ങളിലെ മനുഷ്യരുടെ ജീവനും വിലയുണ്ട് എന്ന പ്രാഥമിക നീതിബോധം നമ്മുടെ അധികാരികളും വനാതിര്‍ത്തികളില്‍ ജീവിക്കുമ്പോള്‍ വേണ്ട കരുതലുകള്‍ പ്രദേശവാസികളും കാത്തുസൂക്ഷിക്കേണ്ടതുണ്ട്.

Comments