ഖയാൽ കെസ്സ് കിസ്സ-20
"എന്തിനെക്കുറിച്ചാണ് അവർ ചോദിച്ചുകൊണ്ടിരിക്കുന്നത്?
അവർ ഭിന്നാഭിപ്രായക്കാരായിരിക്കുന്ന മഹത്തായ
ആ വാർത്തയെക്കുറിച്ചുതന്നെ.
അങ്ങനെ വേണ്ടാ, അവർക്കു പിന്നീടു മനസ്സിലാകും.
ഭൂമിയെ നിങ്ങൾക്ക് ഒരു വിരിപ്പും
പർവ്വതങ്ങളെ അതിന്റെ ആണികളും ആക്കിത്തന്നില്ലേ?"
(സൂറത്തുന്നബഹ്, വിശുദ്ധ ഖുർആൻ)
"മലയാകെ കരിങ്കൽ ക്വാറികളിൽ നിന്നുള്ള ലോഡുകൾ പോകാൻ റബ്ബറൈസ്ഡ് റോഡുകൾ ഉണ്ടാക്കിയിട്ടുണ്ട്. രാവിലെ ആറു മുതൽ ലോറികൾ ലോഡ് എടുക്കാൻ ചീറിപ്പായുന്നു. ഉൾക്കാടുകളിലെ ക്വാറികളിൽ ഖനനം. പതിനൊന്നിനു തിരിച്ച് ലോഡ് കയറ്റി മടക്കം. അന്തരീക്ഷത്തിന്റെ മൗനത്തെയും ശാന്തതയെയും കിടിലം കൊള്ളിക്കുന്ന വെടിയൊച്ചകൾ. ആകാശത്ത് ഉയർന്നുപൊങ്ങുന്ന കൽച്ചീളുകൾ. ആരുടെ ഹൃദയത്തിനും വേദനയുണ്ടാക്കുന്ന, പച്ചപ്പിനെ കാർന്നു തിന്നുന്ന യന്ത്രത്തിന്റെ തുമ്പിക്കൈകൾ. മലകൾക്ക് മുറിവേറ്റ പോലെയും അംഗഭംഗം വന്നപോലെയുമുള്ള കാഴ്ച.
അതേസമയം, പശ്ചിമഘട്ടത്തിന്റെ വ്യാപ്തിയെ മുഴുവൻ അനുഭവിപ്പിക്കുന്ന വിശാലതയും പ്രൗഢിയും. അനന്തമായ ആഴി പോലെ മലനിരകൾ. ചുറ്റുവട്ടത്തുള്ള ജനവാസ കേന്ദ്രങ്ങളും പട്ടണങ്ങളുമെല്ലാം അതിവിദൂരത്ത്. വൈദ്യുതി ദീപങ്ങൾ കൺചിമ്മിയും തുറന്നും. വന്യവും വിശാലവും വിസ്മയകരവുമായ ലാൻഡ് സ്കേപ്. കനത്ത പച്ച. ആകാശത്തിന്റെ തുറന്ന നീലിമ. സഹസ്രാര പത്മം. ശങ്കരനാരായണം. അർദ്ധനാരീശ്വരം. മഴ. മൂടൽമഞ്ഞ്. കവിതയുടെ വന്യഭൂമി. നക്ഷത്രങ്ങളുടെ രാത്രികൾ. ഭയവും സൗന്ദര്യവും ഇടകലരുന്ന അരിമ്പ്ര മലകൾ അഥവാ ആരാമ്പ്രം മലനിരകൾ. മധ്യ ഹിമാലയൻ മലനിരകളുടെ പച്ചപ്പും സൗന്ദര്യവും. ഇവ സംരക്ഷിക്കപ്പെടേണ്ടതല്ലേ?
എഴുത്തുകാരി സുഫാന ആനക്കച്ചേരി തന്റെ ഫേസ്ബുക് പോസ്റ്റിൽ ഇങ്ങിനെ എഴുതി:
Certain places have this thing called eternal magnetism that no matter
we decide not to go, when the time arrives we feel that aura grabbing us
towards it as translucent serene mist climbs up a green hill. Today was
such a day. Don't know whether it was the place or the little special
crowd over there, but I found myself, lost in the music and the vibes the
souls radiated.
(ആരാമ്പ്രം മലനിരകളുടെ പാരിസ്ഥിതിക വിനാശത്തെ മുൻനിർത്തി തിരുവോണ മലയുടെ താഴ്‌വാരത്ത്, 'റൈസോം' കൂട്ടായ്മ നടത്തിയ മൂന്നു ദിനം നീണ്ട ക്യാമ്പിനെക്കുറിച്ചുള്ള റിപ്പോർട്ടിൽ നിന്ന്.)
മലപ്പുറം കാലയവനികയിൽ മൺമറയുമോ?
പ്രതിരോധ രാഷ്ട്രീയത്തിന്റെയും സംസ്കാരത്തിന്റെയും സ്നേഹസൗഹാർദ്ദത്തിന്റെയും മഹനീയമായ ഒരു മാതൃക മലയാണ്മയിൽ മാഞ്ഞു പോകുമോ? പരിസ്ഥിതി വിനാശത്തിന്റെ സമകാല യാഥാർത്ഥ്യങ്ങൾ അധികാരികളെ കണ്ണുതുറപ്പിച്ചില്ലെങ്കിൽ മലകളുടെയും താഴ് വരകളുടെയും ഈ കീഴാള പ്രകൃതിയെ ദൈവം തിരിച്ചു വിളിക്കുമെന്ന ആശങ്ക ഇന്ന് പരിസ്ഥിതി പ്രവർത്തകരുടെയും ചിന്തകരുടെയും ഇടയിൽ വ്യാപകമാണ്.
കവിതയുടെയും സമരഭൂതങ്ങളുടെയും പോരാട്ട പാരമ്പര്യത്തിന്റെയും ചരിത്ര ശേഷിപ്പുകളുടെയും ഈ ആദിമഭൂമി ഇന്ന് നേരിടുന്ന നാശം, ആരാമ്പ്രം മലനിരകളുടെ ഗൂഗിൾ മാപ്പിൽ കണ്ണോടിച്ചാൽ ആർക്കും അനുഭവവേദ്യമാകുന്നതാണ്. ആരാമ്പ്രം മലനിരകളുടെ ചരിത്രപരവും ഭൂമിശാസ്ത്രപരവും പുരാവസ്തുപരവുമായ പ്രാധാന്യവും, മലപ്പുറം ദേശത്തിന്റെ നിലനിൽപ്പുമായി ബന്ധപ്പെട്ട അതിന്റെ പ്രസക്തിയും മനസ്സിലാക്കാൻ ചരിത്രകാരന്മാരും പരിസ്ഥിതി ശാസ്ത്രജ്ഞരും അതിനെക്കുറിച്ച് രേഖപ്പെടുത്തിയതിലൂടെ ഒരു ഓട്ടപ്രദക്ഷിണം അനിവാര്യമാണ്. സാമൂതിരിമാരുടെ കുലഗ്രാമമായ നെടിയിരുപ്പ് സ്വരൂപം നിലകൊള്ളുന്ന ആദിപ്രദേശമായ ആരാമ്പ്രം മലനിരകകളെക്കുറിച്ചുള്ള, ചരിത്രകാരൻ ഡോ. എൻ.എം. നമ്പൂതിരിയുടെ പഠനക്കുറിപ്പുകൾ ഇങ്ങനെ പറയുന്നു:
"കോഴിക്കോട് നഗരമധ്യത്തിൽ നിന്ന് ഇരുപത് മൈൽ തെക്കു കിഴക്ക് മാറിയാണ് നെടിയിരുപ്പ് ദേശം. ഇന്നത്തെ കോഴിക്കോട് വിമാനത്താവളത്തിനടുത്ത്. ഇതാണ് സാമൂതിരിമാരുടെ കുലഗ്രാമം എന്നാണു വിശ്വാസം. കേരളോൽപ്പത്തി കഥയനുസരിച്ച് മാനിച്ചൻ- വിക്കിരവൻ എന്ന രണ്ടു പൂന്തുറ ഏറാടിമാർക്ക് കോഴി കൂകിയാൽ കേൾക്കുന്നത്ര പ്രദേശം ചേരമാൻ പെരുമാൾ ദാനം ചെയ്തു.
മാനവിക്രമൻ, മാനവേദൻ എന്നീ സാമൂതിരി വംശ ബിരുദ നാമങ്ങൾ പുരസ്ക്കരിച്ച് പൂന്തുറ ഏറാടിമാർ സാമൂതിരിമാരുടെ പൂർവികരാണെന്നു കരുതുന്നു. പൂന്തുറകോൻ എന്നാണ് ഈ വംശത്തിന്റെ വിളംബര തലവാചകത്തിൽ കാണുന്നത്. ഔദ്യോഗിക വിളംബരങ്ങളെല്ലാം പൂന്തുറകോൻ തീട്ടാണ്. ഇപ്പറഞ്ഞ ഏറാടിമാർ കോഴിക്കോട് കല്ലായിപ്പുഴയുടെ തീരത്തെ പന്നിയങ്കര ക്ഷേത്രക്കടവിലൂടെ മറുകര വന്ന്, പോർളാതിരിയിൽ നിന്ന് കോഴിക്കോട് പിടിച്ചെടുത്ത് തുറമുഖവും കോട്ടയും കോവിലകവും കെട്ടി എന്നും പറയുന്നുണ്ട്. കേരളത്തിൽ പലയിടത്തും തമിഴ്നാട്ടിൽ കാവേരിയുടെ തീരത്തും പൂന്തുറ ഉണ്ട്. പൂകുംതുറ അഥവാ നദീമുഖം എന്ന് ഇതിന് അർത്ഥം പറയുന്നതിൽ തെറ്റില്ല. കാവേരിയിൽ പതിക്കുന്ന ഭാവാനി പുഴയുടെ തീരത്ത് സാമൂതിരിമാർക്ക് ഒരു കോവിലകം ഉണ്ടാ യിരുന്നതായി പതിനേഴാം നൂറ്റാണ്ടിൽ ഒരു രേഖ കാണുന്നു. കരൂരിൽ, ഏറാടി എന്ന വിഭാഗക്കാർ ഇന്നും ഉണ്ടത്രേ.
നെടിയിരുപ്പ് കുന്നുകളിൽ ധാരാളം മലപ്പണിക്കമ്മാർ ആദിവാസികളായി ഉണ്ടായിരുന്നുവെന്നും അവർ മറ്റെല്ലാ വിഭാഗക്കാരെയുംക്കാൾ ആഭിജാത്യമുള്ള ഉയർന്ന വിഭാഗമെന്നാണു ധരിച്ചിരുന്നതെന്നും ഇന്നും നാട്ടുകാർ വിവരം നൽകുന്നു. ഇവർ ഏറാടിമാരാണത്രേ. നെടിയിരുപ്പിലെ വിസ്തൃതമായ കൃഷിയിടങ്ങളിലാവാം ഇവർ താല്പര്യമെടുത്തതെന്നും ചിലർക്കു പക്ഷമുണ്ട്.
നെടിയിരുപ്പ് എന്ന് ഇന്നറിയുന്ന ഭൂഭാഗത്തിന് ചില സവിശേഷതകൾ ഉണ്ട്. ആരാമ്പ്രം മുതൽ രാമനാട്ടുകര കിഴക്കുഭാഗത്ത് വരെ വന്നെത്തുന്ന ഈ കുന്നിൻ നിര ഏറനാടിന്റെ നട്ടെല്ലുപോലെ കിഴക്കു പടിഞ്ഞാറ് കിടക്കുന്നു. ഇടനാടിന്റെ മധ്യത്തിലൂടെയാണ് കുന്നുകൾ കിടക്കുന്നത്. കേരളത്തിലെ ഇടനാട്ടിൽ, അത്യപൂർവ്വമായ ഒന്നാണ് ഇത്തരമൊരു നിര കുന്നുകൾ. ഇതിന്റെ സ്വഭാവം ഒന്നൊന്നര നൂറ്റാണ്ട് മുമ്പുള്ള "ഏരിയൽ മാപ്പുകൾ" വ്യക്തമാക്കുന്നു.
തെക്കു കിഴക്കുനിന്ന്, തെക്ക് പടിഞ്ഞാറേക്കാണ് കുന്നുകളുടെ നിര. ഇതിന്റെ കിഴക്കേ അറ്റം ആരാമ്പ്രം കുന്നുകളിൽ ലയിച്ച് കിഴക്കോട്ട് വള്ളുവക്കോനാതിരിയുടെ കുന്നിൻ നിരകളിലൂടെ കിഴക്കോട്ടും കിഴക്ക് തെക്കോട്ടും നീണ്ടുകിടക്കുന്നു. പാലക്കാട് ഭാഗത്ത് പശ്ചിമഘട്ടത്തോടു ബന്ധിപ്പിക്കപ്പെട്ട് ഈ നിര കോയമ്പത്തൂർ സമതലങ്ങളിൽ ചെന്നിറങ്ങുന്നു.
ഇങ്ങിനെ, ആരാമ്പ്രം ഭാഗത്തുനിന്ന് ഇടനാട്ടിലെ നട്ടെല്ല് പോലെ ഏറിയും കുറഞ്ഞും ഉയരവും വിസ്തൃതിയുമുള്ള കുന്നിൻ ചങ്ങല നെടിയിരുപ്പിലെത്തി വടക്കു പടിഞ്ഞാറ് അള്ളറ, മുഴങ്ങല്ലൂർ ഭൂഭാഗങ്ങളുടെ കിഴക്കുവെച്ച് ഒരു മുനമ്പ് പോലെ താഴ്‌വാരത്തിൽ കുത്തനെ ഇറങ്ങി അവസാനിക്കുന്നു. നെടിയിരുപ്പിൽ, കുന്നിന് രണ്ട് മുടികൾ ഉണ്ട്.
നെടിയിരുപ്പ് കുന്നിന് 740 അടി ഉയരവും അതിനു തെക്ക്, ഒരു താഴ്‌വാരം കഴിഞ്ഞു വരുന്ന പൂത്തോടി മലകൾക്ക് 779 അടി ഉയരവുമുണ്ട്. കുന്നുകൾ തമ്മിൽ ഒരു വീതി കുറഞ്ഞ താഴ് വാരവും അതിലൂടെ ആരാമ്പ്രം ഭാഗത്തുനിന്നും കടന്നുവരുന്ന തോടും കൊണ്ട് വേർതിരിക്കപ്പെടുന്നു. നെടിയിരുപ്പ് കുന്നിന് തെക്കുഭാഗത്ത്, വീതിയേറിയ താഴ്വാരവും, ആരാമ്പ്രം ഭാഗത്തു നിന്നു തന്നെ വരുന്ന മറ്റൊരു തോടും വടക്കുള്ള ഭാഗത്തുനിന്നും വേർതിരിക്കപ്പെടുന്നു. വടക്കുഭാഗത്തെ താഴ്‌വാരം ആരാമ്പ്രത്തുനിന്നു തുടങ്ങി, അള്ളറ മുഴങ്ങല്ലൂർ ദേശങ്ങൾക്കു കിഴക്കുവെച്ച് തെക്കോട്ടും, പിന്നെ തെക്ക് കിഴക്കോട്ടും 80 ഡിഗ്രിയോളം തിരിഞ്ഞ്, കരിപ്പൂരിന് തെക്ക് പടിഞ്ഞാറ് കൂടി കണ്ണങ്കോട്ടു പറമ്പ് ഭാഗത്ത് വെച്ച്, പൂത്തോടി മലകൾക്ക് തെക്കുഭാഗത്തെ താഴ് വാരത്തോട് ചേരുന്നു.
ഈ സന്ധിയിൽ നിന്നും, മുൻപറഞ്ഞ രണ്ടു തോടുകളും താഴ്‌വാരവും ഒന്നിച്ച് തെക്ക് കിഴക്കോട്ട് നീണ്ട്, പുത്തൂർ, കൊയപ്പ, കൂമണ്ണ ഭാഗത്ത് കൂടി, എളയൂർ, കൊടുവായൂർ ദേശങ്ങളിൽ എത്തി, മമ്പുറം ഭാഗത്തു കടലുണ്ടി പുഴയിൽ ചെന്നവസാനിക്കുന്നു. മേൽപ്പറഞ്ഞ രണ്ടു താഴ് വാരങ്ങളും രണ്ടു തോടുകളും, കടലുണ്ടി പുഴയോട് ബന്ധപ്പെടുന്നതിങ്ങനെയാണ്. ഇവ, നെടിയിരുപ്പ് കുന്നുകളിൽ നിന്നും പതിനഞ്ച് മൈലോളം നേരെ കിഴക്ക് ആരാമ്പ്രം കുന്നിൻ ഭാഗങ്ങളിൽ നിന്നു തുടങ്ങുന്നവയാണ്.
താഴ്‌വാരം മുഴുവൻ കുന്നുകളുടെ ഇടത്തും വലത്തും വീതിയേറിയ ഫലഭൂയിഷ്ഠമായ നെൽ പ്പാടങ്ങളാണ്. അവ ഒത്തുചേർന്ന് മമ്പുറം ഭാഗത്തേക്ക് നീണ്ടു പോകുന്നതും അങ്ങനെതന്നെ. മേൽപ്പറഞ്ഞ കുന്നുകൾ തെക്കോട്ട് കണ്ണമംഗലം (353 അടി), തെക്ക് പടിഞ്ഞാറ് ചിറയിൽ, പെരുവള്ളൂർ (185 അടി അടി, 339 അടി, 509 അടി), പടിഞ്ഞാറ് മുഴങ്ങല്ലൂർ (256 അടി), വടക്കുപടിഞ്ഞാറ് ചെമ്മലപ്പറമ്പ് (377 അടി), വടക്കോട്ട് നീലിയൻ കുന്ന് (409 അടി) എന്നിങ്ങനെ അതിവിസ്തൃതമായ താഴ് വാരങ്ങളിലേക്കാണ് ഇറങ്ങുന്നത്.
ഇതിനിടെ നെടിയിരുപ്പ് കുന്നിന്റെ വടക്കുള്ള നീർച്ചാലുകൾ ഉൾപ്പെട്ട വയലേലകൾക്കും വടക്ക്, വടക്ക് പടഞ്ഞാറ് ഭാഗം കൊണ്ടോട്ടിക്കടുത്ത് ചേപ്പിലക്കുന്ന് (747 അടി), നീലിയൻകുന്ന് (409 അടി) എന്ന് ഉയർന്നുനിൽക്കുന്നു. ഏരിയൽ മാപ്പുകളിൽ, ഈ വയലേലകളും താഴ് വാരവും, നീർച്ചാലുകളും ചേർന്ന ഭൂഭാഗം സവിശേഷമായി അടർന്നു മാറി കിടക്കുന്നതു കാണാം. ചുരുക്കം 740 അടി ഉയരമുള്ള നെടിയിരുപ്പ് കുന്നിന്റെ നെറുകയിൽ നിന്നാൽ, ഏറനാട്ടിലെ വിസ്തൃതമായ നെൽവയലുകളുടെ സാന്നിധ്യവും താഴ്‌വാര സമൃദ്ധിയും കണ്ണിൽപെടും. മാത്രമല്ല പടിഞ്ഞാറ് തിരൂർ, പരപ്പനങ്ങാടി, പൊന്നാനി വരെ കടലോരവും ദൃഷ്ടിയിൽപെടും.
നീർച്ചാലുകളിലൂടെ മുൻകാലത്ത് തോണിയിൽ സാധനങ്ങൾ കൊണ്ടു പോകാൻ കഴിഞ്ഞിരിക്കണം. കടലുണ്ടി പുഴയിൽ ചെന്നുചേരുന്ന ഈ നീർച്ചാലുകൾ വഴി കടലോരത്തും അതിപ്രസിദ്ധമായ കടലുണ്ടി തുറമുഖത്തും ചരക്കുകൾ എത്തിക്കാൻ കഴിയും. കടലുണ്ടി ആദി ചേരന്മാരുടെ ആസ്ഥാനമായ തൊണ്ടിയാണെന്ന് ഒരു ശക്തമായ വാദവും ഉണ്ട്. എങ്കിൽ ആ ഭാഗത്തു നിന്ന് ചേരന്മാരുടെ ഒരു വിഭാഗം ഇപ്പറഞ്ഞ കുന്നിനിരകളിലേക്ക് ശക്തി ക്ഷയിച്ച കാലത്ത് നീങ്ങാൻ പഴുതുണ്ട്.
അല്ലെങ്കിൽ കോയമ്പത്തൂർ - ഭവാനി - സേലം, കരൂർ ഭാഗത്തുനിന്നൊരു ശാഖ ആരാമ്പ്രം നിരകളിലൂടെ നെടിയിരുപ്പ് കുന്നുകളിൽ വന്നു പെട്ടിരിക്കാം. രണ്ടായാലും കടലുണ്ടിത്തുറ മുതൽ ഈ കുന്നിൻ നിരകളിലൂടെ ആരാമ്പ്രം വഴി പന്തല്ലൂർ കുന്നുകൾ കടന്ന് പാലക്കാട് ചുരത്തിലേക്കും കോയമ്പത്തൂർ ഭാഗങ്ങളിലേക്കും ചെന്നെത്തുവാനും ഈ വഴിക്കുള്ള ഫലഭൂയിഷ്ഠമായ മണ്ണ്, അധീനതയിൽ വെയ്ക്കുവാനും മുൻകാല ഭരണനേതൃത്വങ്ങളെ പ്രേരിപ്പിക്കാവുന്ന ഒരു ഭൂപാരിസ്ഥിതിക സവിശേഷത, നെടിയിരിപ്പിൽ തെളിഞ്ഞുവരുന്നു. പ്രാഥമികമായ ചില വീക്ഷണങ്ങൾ മാത്രമാണിത്. ഇവിടെ, ചില പ്രധാന കാര്യങ്ങളാണ് വ്യക്തമാകുന്നത്.
ഒന്ന്, കുന്നിൻ നിരകളുടെയും അതിന്റെ താഴ്‌വാരത്തിന്റെയും സവിശേഷത. ഈ കുന്നിൻ നിരകളുടെ താഴ്‌വാര നിലങ്ങളും വയലേലകളും, മൈലുകളോളം നീണ്ടുകിടക്കുന്നു. അപൂർവമായ ഭൂപരിസ്ഥിതിയാണിത്. നെടിയിരുപ്പ് കുന്നുകൾക്കും പന്തല്ലൂർ കുന്നുകൾക്കും അവിടെ സ്ഥാനമുറപ്പിച്ചിരുന്ന ഒരു വിഭാഗം ആദിമജന വർഗ്ഗങ്ങൾക്കും തമ്മിലുള്ള ബന്ധവും പ്രധാനമാണ്. മറ്റൊന്ന് അതിന്റെ കിഴക്കൻ ഭാഗങ്ങൾ പഴയ കരൂർ വരെ ചെന്നെത്താവുന്ന സ്ഥിതിയുണ്ട്. ഈ കുന്നിൻ നിരകളുടെ താഴ് വാരങ്ങളിലെ ഭൂഭാഗം ക്രമേണ പുഴകളിലൂടെ കടലുണ്ടിയിൽ ചെന്നെത്തുന്ന സ്ഥിതിയും പ്രധാനമാണ്.
(അധ്യായം 21, നെടിയിരുപ്പു സ്വരൂപം, മലബാർ പഠനങ്ങൾ, ഡോ. എൻ എം നമ്പൂതിരി, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2008.)
ഇങ്ങിനെ മലപ്പുറത്തെ സാധ്യമാക്കിയ ഈ അപൂർവ്വ മലനിരകൾ ഇന്ന് വ്യാപകമായ തോതിൽ ഖനനത്തിന് വിധേയമാണ്. അധികൃതവും അനധികൃതവുമായ ക്വാറികൾ കയ്യും കണക്കുമില്ലാതെ, ഇടവേളകളില്ലാതെ ഇരുപത്തിനാലു മണിക്കൂറും നടത്തുന്ന പാറ ഖനനം, പതുക്കെ ആരാമ്പ്രം മലനിരകളുടെ നിലനിൽപ്പ് ഏറെക്കുറെ അപകടത്തിലാക്കിക്കഴിഞ്ഞു.
ഏറനാട്, മലപ്പുറം താലൂക്ക് അതിർത്തികളിൽ കിടക്കുന്ന ഈ കുന്നിൻ നിരകൾ കരിമ്പാറകളാൽ സമൃദ്ധമാണ്. ഇതിനു ചുറ്റുമായി ഒമ്പതോളം പഞ്ചായത്തുകളും മലപ്പുറം, കൊണ്ടോട്ടി മുൻസിപ്പാലിറ്റികളും സ്ഥിതി ചെയ്യുന്നു. ജില്ലയുടെ പകുതിഭാഗവും ഈ കുന്നുകളുടെ മേൽപ്പരപ്പിലും താഴ്‌വാരങ്ങളിലും മലയിടിക്കുകളിലുമായാണ് നിലകൊള്ളുന്നത് എന്നർത്ഥം. ബാക്കി വരുന്ന വള്ളുവനാടിനെ ഉൾകൊള്ളുന്ന പന്തല്ലൂർ മലകൾ ഇതിന്റെ തുടർച്ച തന്നെ.
പന്തല്ലൂർ മലകളെ പാറഖനനം ഏറെക്കുറെ കാർന്നു തിന്നു കഴിഞ്ഞതായാണു റിപ്പോർട്ടുകൾ. ശിലായുഗത്തോളം പഴക്കമുള്ള ജനവാസ കേന്ദ്രങ്ങളുള്ള ഈ മലനിരകളിൽ നിന്നും ഉറവ പൊട്ടുന്ന നീരുറവുകളിൽ നിന്നും കൈത്തോടുകളിൽ നിന്നും കനാലുകളിൽ നിന്നുമാണ് ഈ പ്രദേശങ്ങളിലേക്കാകെയുള്ള ജലസ്രോതസ്സ്. ആരാമ്പ്രം മലനിരകളിൽ പെയ്യുന്ന മഴയാണ് അരുവികളും തോടുകളുമായി പ്രാദേശത്തിന്റെ ജനജീവിതവും സംസ്കൃതിയും സാധ്യമാക്കുന്നത് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.
കൊണ്ടോട്ടി ഭാഗത്തേക്കും മലപ്പുറം ഭാഗത്തേക്കും മലയുടെ ഇരു ഭാഗങ്ങളിൽ നിന്നും ഒഴുകുന്ന രണ്ട് വലിയ തോടുകളാണ് പ്രദേശത്തെ കൃഷി ആവശ്യങ്ങൾക്കുള്ള മുഖ്യജലസ്രോതസ്സുകൾ. ഈ രണ്ടു തോടുകളും, മലപ്പുറം നഗരത്തിന് അരഞ്ഞാണമെന്നോണം ഒഴുകിപ്പരക്കുന്ന കടലുണ്ടിപ്പുഴയിൽ ലയിക്കുന്നു. കടലുണ്ടിപ്പു ഴയുടെ വൃഷ്ടിപ്രദേശമാണ് മലപ്പുറം ഭൂമിശാസ്ത്രം.
ആരാമ്പ്രം കുന്നിൻ നിരകളിൽ നിന്ന് ഉപരിതലത്തിലും അന്തർഭാഗങ്ങളിലും വ്യാപിക്കുന്ന നീരുറവകളാണ് ഇവിടുത്തെ പൗരാണികകാലം മുതലുള്ള ജീവിതസമൃദ്ധിക്കെല്ലാം ആധാരമെന്നത് ചരിത്രകാരന്റെ സർവേയിൽ നിന്ന് വ്യക്തമാണല്ലോ. പൗരാണിക ടിണ്ടിസ് തുറമുഖത്തേക്കുള്ള വനവിഭവങ്ങൾ ഈ പ്രദേശങ്ങളാണ് സംഭാവന ചെയ്തത്. മധ്യകാലത്ത് നെടിയിരുപ്പ് സ്വരൂപം ഇവിടെ നിലവിൽ വരാൻ ഇടയാക്കിയത് ആരാമ്പ്രം മലനിരകളുടെ നിലനിൽപ്പ് തന്നെ. ആരാമ്പ്രം മലനിരകളും താഴ്‌വാരങ്ങളുമാണ് നെടിയിരുപ്പ് സ്വരൂപം എന്നു സാരം. പിൽക്കാലത്ത് കൊണ്ടോട്ടി തങ്ങന്മാരുടെ നാടു വാഴ്ചയും ഈ മലനിരകളുടെ താഴ് വാരം തന്നെ. ആധുനിക കാലത്ത് ബ്രിട്ടീഷ് വിരുദ്ധ കാർഷിക കലാപങ്ങൾക്ക് വേദിയായിത്തീർന്നതും ഈ മലകളുടെ ചുറ്റുവട്ടങ്ങളാണ്.
ഈ കുന്നിൻ നിരകളിലെ ആദിവാസി ജനവിഭാഗങ്ങളുടെ സംസ്കൃതിയുടെ ചരിത്രവും ചരിത്രകാരൻ വ്യക്തമാക്കുന്നുണ്ട്. ആദിമ ശിലായുഗ സാന്നിധ്യം അടയാളപ്പെടുത്തിയ അടയാളംപാറ എന്ന ഒരു പ്രദേശമുണ്ടായിരുന്നു ഇവിടം. എന്നാൽ ക്വാറി ഭീമന്റെ ദീർഘകാലത്തെ ഖനന പ്രവൃത്തി ആ സംസ്കൃതിയുടെ ചരിത്രശേഷിപ്പ് മുച്ചൂടും നശിപ്പിച്ചു കഴിഞ്ഞു.
ഏറ്റവും ഉയരം കൂടിയ ഈ പ്രദേശങ്ങൾ ഇന്ന് അപകടക്കൊല്ലികളായി മാറിയത് ഗൂഗിൾ മാപ്പിൽ വ്യക്തതയോടെ ദൃശ്യമാണ്. ചുറ്റുപാടുമുള്ള കുന്നുകളിലും വ്യാപകമായ ഖനനം അവിരാമം തുടരുകയാണ്. എല്ലാതരം നിയമശാസനകളെയും തെറ്റിച്ചു കൊണ്ടാണ് ഈ ഖനനങ്ങൾ. അതിരാവിലെ തന്നെ ടിപ്പറുകൾ ഇവിടെനിന്ന് കരിങ്കൽ ശേഖരിച്ച് പുറത്തു കടത്തുന്നു.
ഒരു ജില്ലയ്ക്ക് പുറത്ത് പാറഖനിജങ്ങൾ കൊണ്ടുപോകാനുള്ള വിലക്കു ലംഘിച്ചു കൊണ്ടുള്ള ഈ കരിങ്കൽ കടത്ത്, വിഴിഞ്ഞത്തെ തുറമുഖ പ്രദേശത്തേക്കുപോലും എത്തുന്നുണ്ടെന്നാണ് മേഖലയിലെ തൊഴിലാളികളിൽ നിന്നും സൂപ്പർവൈസർമാരിൽ നിന്നും രഹസ്യമായി പറഞ്ഞു കേട്ടത്. അപകടകരവും ഏറ്റവും പരിസ്ഥിതി വിനാശകരവും ജില്ലയുടെ ഭൂമിശാസ്ത്രപരമായ നിലനിൽപ്പു തന്നെ അപകടപ്പെടുത്തുന്നതും ദീർഘകാലാടിസ്ഥാനത്തിൽ നോക്കിയാൽ ജനജീവിതത്തെ തന്നെ പ്രകൃതിക്ഷോഭങ്ങൾ കൊണ്ട് തുടച്ചുനീക്കാൻ ഇടയാക്കുന്നതുമായ ഈ പ്രവൃർത്തിയെ, നിർഭാഗ്യകരമെന്നു പറയട്ടെ എല്ലാ രാഷ്ട്രീയ പാർട്ടികളും നേതാക്കന്മാരും സർക്കാരും പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണ് ചെയ്യുന്നത്.
ഇതിനെക്കുറിച്ചുള്ള ഏതു വാർത്തകളും ഉറവിടത്തിൽ നിന്നുതന്നെ ഇല്ലാതാക്കാൻ രാഷ്ട്രീയ നേതാക്കൾ സ്വന്തം പത്രമാപ്പീസുകളിലെത്തി തടയുന്ന അനുഭവങ്ങൾ ഏറെയാണ്. ഏതെങ്കിലും പ്രാദേശിക ചാനലുകൾ ഇത് റിപ്പോർട്ട് ചെയ്യുകയോ ആനുഷംഗികമായി പരാമർശിക്കുകയോ ചെയ്താൽ അവർക്ക് കോഴ വാഗ്ദാനം നൽകി അതു തടയുന്നു.
വാർത്തകളും വിവരങ്ങളും പ്രസിദ്ധീകരിക്കുകയാണെങ്കിൽ ജീവൻ അപകടത്തിലാകുമെന്ന് ഭീഷണിപ്പെടുത്തുന്നു. രാഷ്ട്രീയപാർട്ടികളുടെയും ക്വാറി ഉടമകളുടെയും കക്ഷിരാഷ്ട്രീയ ഭേദമന്യേയുള്ള മാഫിയാ സംഘമാണ് ജില്ലയുടെ പ്രാദേശിക രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നത് എന്ന നഗ്നസത്യം അറിയാത്ത പാവകളായി പാർട്ടി പ്രവർത്തകർ മാറിയിരിക്കുന്നു. ജില്ലയിലെ രാഷ്ട്രീയത്തെയും സാംസ്കാരിക കലാപ്രവർത്തനനങ്ങളെയും അടക്കം ഈ അവിശുദ്ധ കൂട്ടുകെട്ടാണ് ചെല്ലും ചെലവും കൊടുത്ത് നിയന്ത്രിക്കുന്നത് എന്ന കാര്യം ഇന്ന് അങ്ങാടിപ്പാട്ടാണ്.
ജനങ്ങൾ പല നിലയിൽ പല ഘട്ടങ്ങളിലായി പ്രതികരിച്ചിട്ടും പ്രതിഷേധിച്ചിട്ടും ഖനന പ്രവർത്തനങ്ങൾ ഇടതടവില്ലാതെ തുടരുകയാണ്. പാരിസ്ഥിതിക മന്ത്രാലയത്തിന്റെയും പ്രാദേശിക ഭരണകൂടങ്ങളുടെയും സംസ്ഥാന സർക്കാരിന്റെയും ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകളുടെയും എല്ലാ നിയമങ്ങളും അനുശാസനങ്ങളും ലംഘിച്ചു കൊണ്ടുള്ള ഈ പ്രവൃത്തികൾ ഇന്ന് പൊതുജനങ്ങൾ തിരിച്ചറിഞ്ഞു പ്രധിരോധിച്ചിട്ടും അധികാരികളുടെ ഒത്താശയോടെ ഖനന പ്രവൃത്തി തുടരുകയാണ്.
ഈ നില പാരിസ്ഥിതിക വിനാശത്തിന് കാരണമാകുമെന്ന് എഴുതിയ ശാസ്ത്രകാരന്മാരുടെ ജീവന് മാഫിയ വില ചോദിക്കുകയാണ്. അനധികൃത ക്വാറികൾ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്ത തിരുവനന്തപുരത്തുകാരനായ ഒരു പഞ്ചായത്ത് ജീവനക്കാരൻ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടതായും കേൾവിയുണ്ട്. ഈ വിപത്തിനെ തടയേണ്ടത് ആത്മാഭിമാനമുള്ള എല്ലാ മലപ്പുറംകാരുടെയും അനിവാര്യമായ കടമയാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും കുടിവെള്ളത്തിനും ദീഘകാലാടിസ്ഥാനത്തിൽ വിനാശകരമായ ഈ പ്രവൃത്തി, ഒരു തെരഞ്ഞെടുപ്പു കാലത്ത് സ്ഥലം സന്ദർശിച്ച മന്ത്രി മേഴ്സിക്കുട്ടിയമ്മ നേരിൽ കണ്ടപ്പോൾ, കൂടെയുള്ള പാർടി പ്രവർത്തകരോട് പരാതികൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടുവെങ്കിലും അതിന് ഒരുമ്പെടാതെ മുങ്ങിയ പാർട്ടി നേതാക്കൾ ഇക്കാര്യത്തിൽ കുറ്റവാളികളാണ്.
കുഞ്ഞാലിക്കുട്ടിയുടെ പികെ ഗ്രൂപ്പ് തുടങ്ങിവച്ച ഖനന പ്രവൃത്തിയുടെ ഫലമായി ഒരു കുന്നു തന്നെ ഇല്ലാതായിട്ടുണ്ട്. ക്വാറി ഖനനം ചെയ്തുള്ള ഖനിജങ്ങൾ കൊണ്ടുപോകാൻ, ഭൂരിഭാഗവും വേങ്ങര നിയമസഭാ മണ്ഡലത്തിൽ കിടക്കുന്ന ഈ മലയോരങ്ങളിൽ റബ്ബറൈസ്ഡ് റോഡുകളും നിർമ്മിക്കുകയുണ്ടായി. പാണക്കാട്ട് അതിർത്തിയായ ഈ കുന്നിൻ നിരകളിലൂടെ വെട്ടിയ റബ്ബറൈസ്ഡ് റോഡുകൾ മറുപുറം താമസിക്കുന്ന കുഞ്ഞാലിക്കുട്ടിക്ക് കരിപ്പൂർ വിമാനത്താവളത്തിലെത്താൻ വേണ്ടിയുള്ള സുഖമപാത ഒരുക്കിയതാണെന്ന പാട്ടാണ് പക്ഷേ ഇവിടെ പ്രചരിപ്പിച്ചത്. യഥാർത്ഥത്തിൽ ക്വാറി ഖനന വ്യവസായത്തെ ഉദ്ദേശിച്ച് എംഎൽഎ ആയിരിക്കുമ്പോൾ കുഞ്ഞാലിക്കുട്ടി ചെയ്ത "വ്യവസായ വികസനം" ആയിരുന്നു ഇത്. എന്നാൽ, ഇന്ന് നിരന്തരമായ ടിപ്പർലോറി സഞ്ചാരങ്ങളാൽ ഈ റോഡുകൾ പൊട്ടിപ്പൊളിഞ്ഞു ഗതാഗത യോഗ്യമല്ലാതായിത്തീർന്നിട്ടുണ്ട്.
മനോഹരമായ ഒരു ഭൂപ്രദേശത്തെ ഇല്ലാതാക്കുന്ന "കൊലയാളി കാളിദാസ സംഘങ്ങളായി" ഇടതുപക്ഷമടക്കമുള്ള മലപ്പുറത്തെ രാഷ്ട്രീയ പാർട്ടികളും സർക്കാറും അധപതിച്ചിരിക്കുന്നു എന്നു ചുരുക്കം. പ്രകൃതി ടൂറിസത്തിന് ഏറെ സാധ്യതയുള്ള ഈ പ്രദേശം ഒരുകാലത്ത് ഇറച്ചി മാലിന്യ കൂമ്പാരം ഉപേക്ഷിക്കാനുള്ള സ്ഥലമായിരുന്നു. മിനി ഊട്ടി അടക്കമുള്ള പ്രദേശങ്ങൾ ഈ കുന്നിൽ നിരയിലാണ്. മഞ്ഞുകാലത്ത് മൂടൽ മഞ്ഞിൻ പടലങ്ങൾ ചുംബിക്കുന്ന മനോഹരപ്രദേശങ്ങൾ ഇന്ന് അസാധാരണമായ നിലയിൽ പ്രകൃതി ദുരന്തങ്ങളെ കാത്തു കഴിയുകയാണ്. കാലാവസ്ഥാ വ്യതിയാനങ്ങൾ കൂടി കണക്കിലെടുക്കുമ്പോൾ, വരൾച്ചയും പ്രളയവും ഈ സ്ഥിതി സുസാധ്യമാക്കുന്നു.
ഓരോ മഴക്കാലത്തും കൊണ്ടോട്ടി പോലുള്ള താഴ്‌വാര പ്രദേശങ്ങൾ പ്രളയഭീഷണിയിലാകുന്നതിന് ഈ നില ഒരു കാരണമാണ്. മലബാർ പ്രക്ഷോഭകാലത്തെ കലാപകാരികൾക്ക് ബ്രിട്ടീഷ് പടയോട്ടത്തിൽ നിന്ന് ഒളിയിടം ഒരുക്കിയ, ഗറില്ലാ സമരങ്ങളുടെ ലാറ്റിനമേരിക്കൻ മാതൃക തീർത്ത, ഒരു മഹത്തായ പാരമ്പര്യത്തിന്റെ സ്മാരകങ്ങളെയാണ് ഇപ്രകാരം ഈ സ്ഥിതിഗതികൾ ഇല്ലാതാക്കുന്നത്. മലബാർ കലാപ പൈതൃകത്തിൽ ഊറ്റം കൊള്ളുന്ന സിപിഐഎം, സി പി ഐ, മുസ്ലിം ലീഗ്, കോൺഗ്രസ്, എസ്ഡിപിഐ, വെൽഫെയർ പാർട്ടി പ്രസ്ഥാനങ്ങളെല്ലാം, കൊളോണിയലിസത്തിനെതിരെ നടന്ന ആദ്യകാല ഇന്ത്യൻ സ്വാതന്ത്ര്യ പ്രക്ഷോഭത്തിന്റെ ഈ പൈതൃകഭൂമിയെ കൊലയ്ക്കു കൊടുക്കാൻ കൂട്ടുനിൽക്കുകയാണ്. പ്രദേശത്തെ മധ്യവർഗ-ഉപരിവർഗ്ഗ കുടുംബങ്ങളുടെ ജീവിത സുഖശീതളിമയ്ക്കു പോലും അപകടം വരുത്തുന്ന ഈ ഖനനങ്ങളുടെ വ്യാപ്തിയെ നിയന്ത്രിക്കേണ്ടത് ഓരോ മലപ്പുറംകാരന്റെയും ജീവിത നിയോഗമായി തീർന്നിരിക്കുന്നു. ഭീഷണിയും ഏഷണിയും കാത്ത് ഈ ലേഖകനും തുടർ കാലം കഴിക്കട്ടെ. പ്രകൃതിയിൽ നാം നടത്തുന്ന ചൂഷണ പ്രവർത്തനങ്ങൾ ആദ്യഘട്ടത്തിൽ ഫലം നൽകുമെങ്കിലും രണ്ടാം ഘട്ടം പ്രകൃതി തിരിച്ചടിക്കുമെന്ന എംഗൽസിന്റെ നിരീക്ഷണം മലപ്പുറത്തിന് അറം പറ്റാതെ പോകട്ടെ.
"ഭൂമി അതിന്റെ പ്രകമ്പനം ചെയ്യപ്പെട്ടാൽ
ഭൂമി അതിന്റെ ഭാരങ്ങളെ
പുറംതള്ളുകയും ചെയ്താൽ
അതിന് എന്തുപറ്റിയെന്ന് മനുഷ്യൻ പരിഭ്രാന്തിയോടെ ചോദിക്കുകയും ചെയ്താൽ,
ആ ദിവസം അത് അതിന്റെ വർത്തമാനം പറഞ്ഞറിയിക്കുന്നതാണ്.
താങ്കളുടെ നാഥൻ അതിന്ന് ബോധനം നൽകിയതു നിമിത്തം."
(സൂറത്തുസ്സൽസല:
വിശുദ്ധ ഖുർആൻ.)