വനമേഖലക്കും പുഴകൾക്കും അരികിലാണ് ക്വാറികൾ, ഡാറ്റ ഇതാ

പാറമടകൾ പൊതുമേഖലയിലാക്കുമെന്ന് കഴിഞ്ഞ തവണ ഇടതുപക്ഷത്തിന്റെ പ്രകടന പത്രികയിലുണ്ടായിരുന്നു. ഇക്കുറി ഇടതുപക്ഷം വീണ്ടും ഭരണത്തിലേറുമ്പോൾ, ഇത്തവണത്തെ പ്രകടനപത്രികയിൽ അത്തരമൊരു നിലപാട് ഉണ്ടായിരുന്നില്ല. എന്തുകൊണ്ടാണിത്?

Truecopy Webzine

കേരളത്തിൽ വനമേഖലയുടെ ഒരു കിലോമീറ്ററിനുള്ളിലും പുഴകൾക്കും അരുവികൾക്കും 500 മീറ്റർ ചുറ്റളവിലും ഭൂകമ്പ പ്രഭവകേന്ദ്രങ്ങൾക്ക് ഒരു കിലോമീറ്ററിനുള്ളിലും നിരവധി ക്വാറികൾ പ്രവർത്തിക്കുന്നതായി പഠനം. പരിസ്ഥിതി ശാസ്ത്രജ്ഞനും കെ.എഫ്.ആർ.ഐയിൽ സീനിയർ സയൻറിസ്റ്റുമായ ഡോ. ടി.വി. സജീവ് ആണ് ഡാറ്റകളുടെ അടിസ്ഥാനത്തിൽ, കേരളത്തിലെ ക്വാറികളുടെ സ്ഥിതിവിവരക്കണക്ക് വെളിപ്പെടുത്തിയത്.

ഗൂഗ്ൾ എർത്ത്, ഗൂഗ്ൾ മാപ്പ്, ബിംഗ് എന്നീ ഓപ്പൺ ആക്സസുകളും, ഉപഗ്രഹ ഡാറ്റയും ഉപയോഗിച്ചായിരുന്നു പഠനം. വിഷ്വൽ ഇന്റർപ്രട്ടേഷൻ, വിസ്തീർണം കണക്കാക്കൽ, അനാലിസിസ് എന്നിവ QGIS സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് ചെയ്തത്. ക്വാറികളുടെ ഭൂപടം തയ്യാറാക്കുക എന്നതിനപ്പുറവും ഒരു വലിയ ഭൂപ്രദേശത്തെ അവ എങ്ങനെയെല്ലാം ബാധിക്കുന്നു എന്നതായിരുന്നു 2017ൽ നടത്തിയ പഠനത്തിന്റെ വിഷയം. പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ പാനലാണ് (Western Ghat Ecology Expert Panel) പരിസ്ഥിതി ലോല മേഖലകളിലുള്ള ക്വാറികളുടെ സാന്നിദ്ധ്യം രേഖപ്പെടുത്തിയത്.

ഡോ. ടി.വി. സജീവ്
ഡോ. ടി.വി. സജീവ്

വനമേഖലയുമായുള്ള ക്വാറികളുടെ സാമീപ്യമാണ് ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകളിൽ ഒന്ന്. 79 (85.83 ഹെക്ടർ) ക്വാറികളാണ് സംരക്ഷിത വനപ്രദേശത്തിന് ഒരു കിലോമീറ്ററിനുള്ളിൽ കണ്ടെത്തിയത്. റിസർവ്വ് വനത്തിന് ഒരു കിലോമീറ്ററിനുള്ളിൽ 1378 (3000.05 ഹെക്ടർ) ക്വാറികളും. ക്വാറികൾ പാടില്ല എന്ന് വിദഗ്ധ പാനൽ നിർദ്ദേശിച്ച സോൺ ഒന്നിൽ 1486 (1699.07 ഹെക്ടർ) ക്വാറികളും നിശ്ചിത സമയത്തിനുള്ളിൽ പ്രവർത്തനം അവസാനിപ്പിക്കണമെന്ന് നിർദ്ദേശിക്കപ്പെട്ട സോൺ രണ്ടിൽ 169 (343.97 ഹെക്ടർ) ക്വാറികളും ഉണ്ട്. സോൺ മൂന്നിലാകട്ടെ 1677 (1884.57 ഹെക്ടർ) ക്വാറികളും. കേരളത്തിൽ ഇതുവരെ പ്രവർത്തിച്ചിരുന്നതും പ്രവർത്തിക്കുന്നതും ആയ മുഴുവൻ ക്വാറികളും അടയാളപ്പെടുത്തുക എന്നതായിരുന്നു ഈ പഠനത്തിന്റെ ലക്ഷ്യം.

0.02 മുതൽ 64.04 വരെ ഹെക്ടർ വിസ്തീർണമുള്ള 5924 ക്വാറികളാണ് പഠനത്തിൽ കണ്ടെത്തിയത്. കേരളത്തിൽ 7157.6 ഹെക്ടർ സ്ഥലം ക്വാറിയായിക്കഴിഞ്ഞു എന്നും പഠനം കണ്ടെത്തി. മധ്യകേരളത്തിലായിരുന്നു ഏറ്റവും കൂടുതൽ ക്വാറികൾ - 2438 എണ്ണം. തെക്കൻ കേരളത്തിൽ 1517 എണ്ണവും വടക്കൻ കേരളത്തിൻ 1969 എണ്ണവും. ഇവയിൽ 96% ക്വാറികളും കേരളത്തിന്റെ ജലചംക്രമണ വ്യവസ്ഥയായ പുഴകൾക്കും അരുവികൾക്കും 500 മീറ്റർ ചുറ്റളവിനുള്ളിലാണ്. 100 മീറ്റർ ചുറ്റളവിൽ 2553 ക്വാറികളും 200 മീറ്റർ ചുറ്റളവിൽ 4072 ക്വാറികളുമുണ്ട്. ഭൗമശാസ്ത്ര പഠന കേന്ദ്രം കണ്ടെത്തിയ കേരളത്തിലെ ഭ്രംശരേഖയിൽ നിന്ന് ഒരു കിലോമീറ്റർ ചുറ്റളവിൽ 354 (612 ഹെക്ടർ) ക്വാറികളും ഭൂകമ്പ പ്രഭവകേന്ദ്രങ്ങൾക്ക് ഒരു കിലോമീറ്ററിനുള്ളിൽ 78 (141.68 ഹെക്ടർ ) ക്വാറികളും നിലനിൽക്കുന്നു.

2018 ൽ 1426 മണ്ണിടിച്ചിലും 2019 ൽ 711 മണ്ണിടിച്ചിലുമാണുണ്ടായത്. 64.76% മണ്ണിടിച്ചിലും ഉണ്ടായത് മനുഷ്യന്റെ ഇടപെടൽ നടന്ന ഇടങ്ങളിലാണ്. സ്വാഭാവിക ജൈവ ആവരണം മാറ്റി തോട്ടങ്ങളായി പരിവർത്തനം ചെയ്ത ഇടങ്ങളിലാണ് ഏറെയും സംഭവിച്ചത്. മണ്ണിടിച്ചിലിന് കാരണമായി കണ്ടെത്തിയ പ്രധാന കാരണങ്ങൾ കരിങ്കൽ ക്വാറി, തോട്ടങ്ങൾ, റോഡുകൾ എന്നിവയാണ്.
പാറ വിറ്റ പണം മുതലാളിക്കും അതുകൊണ്ടുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നം പരിഹരിക്കേണ്ട പണം മുടക്കേണ്ടത് പൊതുസമൂഹവുമായി മാറുന്ന സ്ഥിതിയാണ് കേരളത്തിലുള്ളതെന്ന് ഡോ. സജീവ് പറയുന്നു. കേരളത്തിൽ ഉയർന്നുവന്ന ക്വാറി വിരുദ്ധ സമരങ്ങളിൽ ഏറെയും പരാജയപ്പെട്ടു. ഇവയ്്ക്ക് ഒരു മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെയും പിന്തുണയുണ്ടായില്ല. ക്വാറിയിൽ നിന്ന് ലഭിക്കുന്ന ലാഭം രാഷ്ട്രീയപാർട്ടികളുമായും ഉദ്യോഗസ്ഥരുമായും പങ്കുവച്ചാണ് ചങ്ങാത്ത മുതലാളിത്തം രൂപപ്പെടുന്നത്. അതുകൊണ്ട്, ക്വാറികൾ പരിസ്ഥിതിയെ എന്ന പോലെ തന്നെ നമ്മുടെ ജനാധിപത്യ സംവിധാനത്തെയും മലീമസമാക്കുകയാണെന്നും ഡോ. സജീവ് ചൂണ്ടിക്കാട്ടുന്നു.

ജനവാസകേന്ദ്രത്തിൽ നിന്നുള്ള ക്വാറിയുടെ അകലം 200 മീറ്ററായി തുടരണം എന്ന വാദവുമായി സുപ്രീംകോടതിയിൽ പാറമടകൾക്കെതിരേ സമരം ചെയ്യുന്നവർ നടത്തുന്ന കേസിൽ എതിർപക്ഷത്ത് ക്വാറി മുതലാളിമാരല്ല, സർക്കാർ തന്നെയാണ് നിലയുറപ്പിച്ചത്.

മുക്കുന്നിമലയിൽ പ്രവർത്തിക്കുന്ന ക്രഷർ യൂണിറ്റുകളിലൊന്ന്
മുക്കുന്നിമലയിൽ പ്രവർത്തിക്കുന്ന ക്രഷർ യൂണിറ്റുകളിലൊന്ന്

ക്വാറികൾക്ക് അനുകൂലമായി ഉണ്ടാകുന്ന നിയമങ്ങളും ഉത്തരവുകളും വളരെ വേഗം നടപ്പിലാകുന്നു എന്നും അതിനെതിരെയുള്ളവ നടപ്പിലാക്കാൻ പൊലീസ് തയ്യാറാകുന്നില്ല എന്നും പഠനം വെളിപ്പെടുത്തുന്നു. 60 ഡെസിമൽ മാത്രമാണ് ക്വാറികളിൽ നിന്നുണ്ടാകാവുന്ന ശബ്ദം എന്നും എന്നാൽ അതിലേറെയാണ് ശബ്ദമലിനീകരണമെന്നും പഠനം വ്യക്തമാക്കുന്നു. ഇക്കാര്യത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ് ഇടപെട്ടിട്ടില്ല എന്നും പഠനം കണ്ടെത്തി.
പാറമടകൾ പൊതുമേഖലയിലാക്കുമെന്ന് കഴിഞ്ഞ തവണ ഇടതുപക്ഷത്തിന്റെ പ്രകടന പത്രികയിലുണ്ടായിരുന്നു. ഇക്കുറി ഇടതുപക്ഷം വീണ്ടും ഭരണത്തിലേറുമ്പോൾ, ഇത്തവണത്തെ പ്രകടനപത്രികയിൽ അത്തരമൊരു നിലപാട് ഉണ്ടായിരുന്നില്ല. എന്തുകൊണ്ടാണിത്? എന്നും ഡോ. സജീവ് എഴുതുന്നു.

പ്രകടനപത്രികയിൽ നിന്ന് അപ്രത്യക്ഷമായ ആ വാഗ്ദാനം:
‘ക്വാറികൾ പൊതുമേഖലയിലാക്കും'- ട്രൂ കോപ്പി വെബ്‌സീൻ പാക്കറ്റ് 26-ൽ


Summary: പാറമടകൾ പൊതുമേഖലയിലാക്കുമെന്ന് കഴിഞ്ഞ തവണ ഇടതുപക്ഷത്തിന്റെ പ്രകടന പത്രികയിലുണ്ടായിരുന്നു. ഇക്കുറി ഇടതുപക്ഷം വീണ്ടും ഭരണത്തിലേറുമ്പോൾ, ഇത്തവണത്തെ പ്രകടനപത്രികയിൽ അത്തരമൊരു നിലപാട് ഉണ്ടായിരുന്നില്ല. എന്തുകൊണ്ടാണിത്?


Comments