‘കടന്നുവരരുത്’;
യുറേനിയം ഖനനം
നിർത്തിവെക്കുമ്പോൾ ഓർക്കാം,
ആ ഘാസി പെൺശബ്ദം

ഘാസി മലനിരകളിലെ യുറേനിയം ഖനനം നിർത്തിവെക്കാനു​ള്ള മേഘാലയ സർക്കാറിന്റെ തീരുമാനം, 'യുറേനിയം ഖനനത്തിനെതിരെ നിലകൊണ്ട എല്ലാവരുടെയും അമ്മ' എന്നറിയപ്പെടുന്ന Spility Lyngdoh Langrin എന്ന സ്ത്രീയുടെ ഒടുങ്ങാത്ത ​പോരാട്ടവീര്യത്തിന്റെ കൂടി ഫലമാണ്. തന്റെ പൂർവ്വിക ഭൂമിയിൽനിന്ന് യുറേനിയം കുഴിച്ചെടുക്കാൻ യുറേനിയം കോർപറേഷനും സർക്കാർ ഏജൻസികളും വാഗ്ദാനം ചെയ്ത 45 കോടി രൂപയുടെ ഓഫറാണ് അവർ തള്ളിക്കളഞ്ഞത്- ഡോ. സ്മിത പി. കുമാർ എഴുതുന്നു.

ഘാസി മലനിരകളിലെ യുറേനിയം മൈനിങ് നിർത്താൻ തീരുമാനിച്ച മേഘാലയ ഭരണകൂടത്തിന്റെ നടപടിയുടെ പശ്ചാത്തലത്തിൽ ഓർക്കേണ്ട ധീരയായ ഒരു സ്ത്രീയുടെ പേരുണ്ട്; സ്പിലിറ്റി ലിങ്‌ഡോ ലാങ്‌റിൻ (Spility Lyngdoh Langrin).

മേഘാലയയിലെ ഘാസി മലനിരകളിൽ, പ്രത്യേകിച്ച് ഡോമിയാസിയാറ്റ് മേഖലയിൽ, യുറേനിയം ഖനനത്തിനെതിരെ ദശകങ്ങളായി നടന്ന പ്രതിരോധത്തിന്റെ കരുത്തുറ്റ ശബ്ദമായിരുന്നു സ്പിലിറ്റി ലിങ്‌ഡോ ലാങ്‌റിൻ (1925–2020). 'യുറേനിയം ഖനനത്തിനെതിരെ നിലകൊണ്ട എല്ലാവരുടെയും അമ്മ' എന്നു കൂടി അറിയപ്പെടുന്ന, സൗത്ത് വെസ്റ്റ് ഘാസി ഹിൽസ് ജില്ലയിലെ ഡൊമിയാറ്റിൽ നിന്നുള്ള ലിങ്‌ഡോ ലാങ്‌റിൻ സാധാരണ ഘാസി സ്ത്രീയായിരുന്നു. തന്റെ പൂർവ്വിക ഭൂമിയിൽനിന്ന് യുറേനിയം കുഴിച്ചെടുക്കാൻ യുറേനിയം കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡും (UCIL) സർക്കാർ ഏജൻസികളും കൂടി വാഗ്ദാനം ചെയ്ത 45 കോടി രൂപയുടെ ഓഫറാണ് അവർ തള്ളിക്കളഞ്ഞത്. “പണത്തിന് എന്റെ സ്വാതന്ത്ര്യം വാങ്ങാൻ കഴിയില്ല” (‘Money can't buy me freedom’) എന്ന അവരുടെ നിലപാട് ആ പോരാട്ടത്തിനും സമാനമായ മറ്റു മുന്നേറ്റങ്ങൾക്കെല്ലാം പ്രചോദനം നൽകുന്നതായിരുന്നു. അവർ തന്റെ വീടിനും ഭൂമിക്കും ചുറ്റും “സ്വകാര്യ സ്വത്ത്”, “കടന്നുവരരുത്” എന്നീ ബോർഡുകൾ സ്ഥാപിച്ചു. ഖനന കമ്പനി മറ്റുള്ളവരെ സമീപിക്കുകയോ സമ്മർദ്ദം ചെലുത്തുകയോ ചെയ്തപ്പോഴും ലിങ്‌ഡോ ലാങ്‌റിൻ നിലപാടിൽ ഉറച്ചുനിന്നു

പരീക്ഷണ ഡ്രില്ലിങ്ങിനുശേഷം കണ്ട ആരോഗ്യ- പരിസ്ഥിതി ദുരിതങ്ങളെ (കന്നുകാലികൾ മരിക്കുന്നത്, നദികളിൽ മത്സ്യനാശം, വിളനാശം, പ്രദേശവാസികളിലെ ശ്വാസകോശ പ്രശ്നങ്ങൾ, വൃക്കരോഗങ്ങൾ, ഗർഭകാല സങ്കീർണതകൾ, ജനനവൈകല്യങ്ങൾ) ചൂണ്ടിക്കാട്ടി അവർ ഗ്രാമീണരെയും ഘാസി സ്റ്റുഡന്റ്സ് യൂണിയനെയും ഒരുമിപ്പിച്ചു. അതിന്റെ ഫലമായി പല ഘട്ടങ്ങളിലും ഖനനശ്രമങ്ങൾ തടസ്സപ്പെട്ടു.

1990-കളുടെ മധ്യത്തിൽ പരീക്ഷണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കേണ്ടിവന്നു. 2009-ൽ സംസ്ഥാന സർക്കാർ യു സി ഐ എല്ലിന് നൂറുകണക്കിന് ഹെക്ടറിൽ പരീക്ഷണ പ്രവർത്തനങ്ങൾ അനുവദിച്ചതിനുശേഷം എതിർപ്പിന്റെ മറ്റൊരു ഘട്ടം ഉയർന്നു. തുടർച്ചയായ പ്രതിഷേധങ്ങൾ 2016 ഓഗസ്റ്റിൽ അനുമതി പിൻവലിക്കാൻ സർക്കാരിനെ നിർബന്ധിതമാക്കി. 2020 ഒക്ടോബർ 28 രാത്രി 95-ാം വയസ്സിൽ മരണം വരെ സ്പിലിറ്റി പ്രതിരോധ മുഖത്തു ഉറച്ചുനിന്നു. ഒക്ടോബർ 28 അവരുടെ സ്മരണയിൽ ആന്റി- യുറേനിയം ദിനമായി ആചരിക്കുന്നു.

യുറേനിയം ഖനനത്തിനെതിരെ അസം, മേഘാലയ ബോര്‍ഡര്‍ മദേഴ്സ് യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ പീസ് റാലി
യുറേനിയം ഖനനത്തിനെതിരെ അസം, മേഘാലയ ബോര്‍ഡര്‍ മദേഴ്സ് യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ പീസ് റാലി

2026 ഓഗസ്റ്റ് 26-ന് മേഘാലയ നിയമസഭ ഏകകണ്ഠമായി അംഗീകരിച്ച പ്രമേയം ഈ നീണ്ട സമരത്തിന്റെ ഔദ്യോഗിക അംഗീകാരമാണ്. ഈ പ്രമേയം സംസ്ഥാനത്ത് യുറേനിയം ഖനനവും അയിര് പ്രോസസ്സിങ് യൂണിറ്റുകളും പൂർണമായും നിരോധിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്നു.

ഇന്ത്യയിലെ സ്ത്രീകൾ, പ്രത്യേകിച്ച് ഗ്രാമീണ ഗോത്രമേഖലകളിൽ നിന്നുള്ള പാവപ്പെട്ട സ്ത്രീകൾ ഒരുവശത്ത് പാരിസ്ഥിതിക തകർച്ചയുടെ ഇരകളാണ്. മറുവശത്ത്, അവർ തന്നെ പരിസ്ഥിതി സംരക്ഷണത്തിന്റെയും, പുനരുജ്ജീവനത്തിന്റെയും മുന്നേറ്റങ്ങളിൽ ശക്തമായ സാന്നിധ്യമാവുന്നു.

ആറാം ഷെഡ്യൂൾ അവകാശങ്ങൾ, ഭൂവുടമകളുടെ അവകാശങ്ങൾ, പരിസ്ഥിതി- ആരോഗ്യ അപകടങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഈ തീരുമാനം സ്പിലിറ്റിയുടെ വ്യക്തിപരമായ ധൈര്യത്തെ ഒരു ജനാധിപത്യ നിയമനിർമ്മാണമായി മാറ്റിയിരിക്കുന്നു, ഒപ്പം അത് ഭരണഘടനയുടെ ആർട്ടിക്കിൾ 244(2) - ആറാം ഷെഡ്യൂൾ (Sixth Schedule) നൽകുന്ന ഗോത്രവാസികളുടെ സവിശേഷ സംരക്ഷണ ഭരണാധികാരത്തെ ഉറപ്പിക്കുകയും ചെയ്തിരിക്കുന്നു.

2026 ഓഗസ്റ്റ് 26-ന് മേഘാലയ നിയമസഭ യുറേനിയം ഖനനത്തിനെതിരെ പാസാക്കിയ പ്രമേയത്തിൽ ആറാം ഷെഡ്യൂൾ അവകാശങ്ങൾ പ്രധാനമായി ഉദ്ധരിച്ചിരുന്നു. ബാധിതസമൂഹങ്ങളുടെ സ്വതന്ത്രവും മുൻകൂട്ടിയുള്ളതും അറിവുള്ളതുമായ സമ്മതം (Free, Prior and Informed Consent) ലഭിച്ചിട്ടില്ലെന്നും, ആറാം ഷെഡ്യൂൾ പ്രകാരമുള്ള ഭൂമി-ധാതു അവകാശങ്ങൾ പരിരക്ഷിക്കപ്പെടണമെന്നും പ്രമേയം വ്യക്തമാക്കി. സ്പിലിറ്റി ലിങ്‌ഡോ ലാങ്‌റിന്റെ നേതൃത്വത്തിലുള്ള പ്രതിരോധം ഈ ഭരണഘടനാസംരക്ഷണങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു.

ഇന്ത്യയിലെ സ്ത്രീകൾ, പ്രത്യേകിച്ച് ഗ്രാമീണ ഗോത്രമേഖലകളിൽ നിന്നുള്ള പാവപ്പെട്ട സ്ത്രീകൾ ഒരുവശത്ത് പാരിസ്ഥിതിക തകർച്ചയുടെ ഇരകളാണ്. മറുവശത്ത്, അവർ തന്നെ പരിസ്ഥിതി സംരക്ഷണത്തിന്റെയും, പുനരുജ്ജീവനത്തിന്റെയും മുന്നേറ്റങ്ങളിൽ ശക്തമായ സാന്നിധ്യമാവുന്നു എന്നത് ശ്രദ്ധേയമാണ്. ലിങ്‌ഡോ ലാങ്‌റിന്റെ സമരം വെറും ഒരു വ്യക്തിയുടെ ഭൂമിസംരക്ഷണം മുൻനിർത്തി മാത്രമായിരുന്നില്ല. അത് ഖാസി ജനതയുടെ ഭൂമി, ജലം, സംസ്കാരം, ഭാവി തലമുറകളുടെ ആരോഗ്യം എന്നിവയോടുള്ള കൂട്ടായ ഉത്തരവാദിത്തത്തിന്റെ പ്രതീകമായിരുന്നു. ഇന്ന് സർക്കാർ എടുത്ത തീരുമാനം അവരുടെ ‘ഇല്ല’ എന്ന നിശ്ചയദാർഢ്യത്തിന് നൽകിയ ഔദ്യോഗിക അംഗീകാരം കൂടിയായി.


Summary: Meghalaya halts uranium mining in the Khasi Hills as Spility Lyngdoh Langrin’s decades-long resistance protects her ancestral land, Dr. Smitha P. Kumar Writes.


ഡോ. സ്മിത പി. കുമാർ

കാലിക്കറ്റ്​ യൂണിവേഴ്​സിറ്റി ടീച്ചർ എഡ്യുക്കേഷൻ സെൻറർ പ്രിൻസിപ്പൽ. കാർഷിക പ്രശ്​നങ്ങൾ, ജെൻഡർ പൊളിറ്റിക്​സ്​ എന്നീ ​വിഷയങ്ങളെക്കുറിച്ച്​ എഴുതുന്നു.

Comments