എൻ.ജി.ഒകളുടെ സുഖസാമ്രാജ്യത്തിലാണ് മധ്യവർഗ്ഗ ഹരിത ബുദ്ധിജീവികൾ

ഹരിത രാഷ്ട്രീയത്തിന്റെ ജനാധിപത്യവൽക്കരണത്തിനും ജനകീയ മുന്നേറ്റത്തിനും പാർലമെന്ററി നിയമ നിർമാണത്തിനും മധ്യവർഗ്ഗ ബുദ്ധിജീവികളുടെ ഉൾവലിയൽ വിലങ്ങുതടിയാകുന്നുണ്ട്. ജനാധിപത്യ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിനുള്ള ഇച്ഛാശക്തിയും ത്യാഗസന്നദ്ധതയും അത് ബുദ്ധിജീവികളിൽ നിന്ന് വടിച്ചുകളയുന്നു. എൻ.ജി.ഒ സംവിധാനം വഴി കിട്ടുന്ന മിഥ്യാ സ്വാതന്ത്ര്യത്തിന്റെ സൗഖ്യത്തിൽ നിന്ന് പുറത്തുവരാൻ പറ്റാത്ത നിലയിലാണ് നമ്മുടെ മധ്യവർഗ്ഗ ഹരിത ബുദ്ധിജീവികൾ- ഈയിടെ പുറത്തുവന്ന പരിസ്ഥിതി പ്രകടന സൂചികയിൽ ഇന്ത്യ പുറകിലായിപ്പോയതിന്റെ പാശ്ചാത്തലത്തിൽ, ഹരിത രാഷ്ട്രീയം നേരിടുന്ന തിരിച്ചടികളെക്കുറിച്ച് ഒരു ആലോചന

യിടെ പുറത്തുവന്ന പരിസ്ഥിതി പ്രകടന സൂചിക (Environmental Performance Index 2020 ) യിൽ ഇന്ത്യ 180 രാജ്യങ്ങളിൽ 168-ാം റാങ്കിലാണ്. ലോകത്ത് വലുപ്പത്തിൽ ഏഴാം സ്ഥാനമുണ്ട് ഇന്ത്യക്ക്. ലോക ജനസംഖ്യയുടെ 17.7 % വും ഇവിടെ വസിക്കുന്നു. ജനസാന്ദ്രത നോക്കിയാൽ ഇന്ത്യയുടെ മുന്നിൽ മിക്കവാറും സ്ഥലവിസ്തൃതി തീരെ കുറഞ്ഞ സിങ്കപ്പൂർ, ഹോങ്കോങ്, ബഹ്‌റൈൻ മുതലായ രാജ്യങ്ങളാണ്.

അതുകൊണ്ട്, പരിസ്ഥിതി സംരക്ഷണത്തിൽ ഇന്ത്യ 168-ാം സ്ഥാനത്താണെന്ന് പറഞ്ഞാൽ അതിന്റെ അർത്ഥം ലോകത്ത് അത്ര വിസ്തൃതമായ ഒരു ഭൂപ്രദേശം പാരിസ്ഥിതികമായി വലിയ തകർച്ച നേരിടുന്നു എന്നും, ലോകജനതയിൽ 20 ശതമാനത്തിൽ താഴെ വരുന്ന ഈ ജനത ഏറ്റവും മലിനമായ ചുറ്റുപാടുകളിൽ കഴിഞ്ഞുകൂടി അതിന്റെ ആഘാതങ്ങൾ നിത്യവും പലവിധത്തിൽ അനുഭവിച്ചു പോരുന്നു എന്നുമാണ്.

മുന്നിൽ യൂറോപ്യൻ രാഷ്ട്രങ്ങൾ

ആവാസ വ്യവസ്ഥയുടെ ചൈതന്യം (ecosystem vitality), പരിസ്ഥിതിയുടെ ആരോഗ്യം (environmental health) എന്നീ രണ്ടു സുപ്രധാന ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിൽ ഓരോ രാഷ്ട്രവും എവിടെ നിൽക്കുന്നു എന്നു വിലയിരുത്തിയാണ് പരിസ്ഥിതി പ്രകടന സൂചിക തയ്യാറാക്കുന്നത്. ഇതിൽ ആവാസവ്യവസ്ഥയുടെ ചൈതന്യം അളക്കുന്നത് ജൈവവൈവിധ്യം, ആവാസ വ്യവസ്ഥയുടെ സേവനങ്ങൾ, മത്സ്യസമുച്ചയം, ജലസ്രോതസ്സുകൾ, കാലാവസ്ഥാമാറ്റം, മലിനീകരണം, വാതക ബഹിർഗമനം തുടങ്ങിയ ഏഴു മേഖലകളെ മുൻനിർത്തിയാണ്​.

പാരിസ്ഥിതിക ആരോഗ്യം എത്രയെന്ന് അറിയുന്നത്, അന്തരീക്ഷ വായുവിലെ ഗുണനിലവാരം, മാലിന്യ സംസ്‌കരണം, കുടിവെള്ളവും ശുചിത്വവും, വിഷഘനലോഹങ്ങൾ എന്നിങ്ങനെ നാലു മേഖലകളെ മുൻനിർത്തിയാണ്. ഓരോ രാഷ്ട്രത്തിലുമുള്ള ഭരണകർത്താക്കൾക്കും നയരൂപീകരണ വിദഗ്ധർക്കും പരിസ്ഥിതി സംരക്ഷണത്തിൽ തങ്ങളുടെ രാഷ്ട്രം എവിടെ നിൽക്കുന്നുവെന്നും എങ്ങനെ കൂടുതൽ മെച്ചപ്പെട്ട നിലയിലേക്ക് ഉയരാമെന്നും തിരിച്ചറിയുന്നതിനും നടപടികൾ സ്വീകരിക്കുന്നതിനും വേണ്ടിയാണ് ആഗോള പരിസ്ഥിതി പ്രകടന സൂചിക പ്രസിദ്ധപ്പെടുത്തുന്നത്.

പരിസ്ഥിതി പ്രകടന സൂചികയിൽ ഒന്നുമുതൽ പത്തു വരെ സ്ഥാനം നേടിയ രാഷ്ട്രങ്ങൾ യൂറോപ്പിൽ നിന്നാണ്. ആദ്യത്തെ 20 രാഷ്ട്രങ്ങളുടെ പട്ടികയിലും 19 രാഷ്ട്രങ്ങളും യൂറോപ്പിൽ നിന്നുതന്നെ. തെക്കേ ഏഷ്യൻ രാജ്യങ്ങളിൽ ഇന്ത്യക്ക് പിന്നിലെ ഏക രാഷ്ടം അഫ്ഗാനിസ്ഥാൻ.

ലോകത്ത് ആളോഹരി വരുമാനം ഏറ്റവും കൂടിയ ആദ്യ 10 രാജ്യങ്ങൾ (ലക്‌സംബർഗ് , നോർവേ, സ്വിറ്റ്‌സർലാൻറ്​, അയർലൻറ്​, ഐസ്​ലാൻറ്​, ഖത്തർ, യു.എസ്.എ, ഡെന്മാർക്ക്, സിംഗപ്പൂർ, ആസ്‌ട്രേലിയ) തന്നെയാണ് മിക്കവാറും പരിസ്ഥിതി പ്രകടന സൂചികയിൽ ആദ്യ സ്ഥാനങ്ങളിൽ. ഇതിൽ ഒന്നാം സ്ഥാനം ഡെന്മാർക്ക്. രണ്ടും മൂന്നും സ്ഥാനങ്ങൾ ലക്‌സംബർഗ്, സ്വിറ്റ്‌സർലൻഡ്. നോർവേ ഒമ്പതാം സ്ഥാനത്തുണ്ട്. ആസ്‌ട്രേലിയ- 13, അയർലൻഡ്-16, ഐസ്ലൻഡ്- 17, യു.എസ്.എ- 24, സിംഗപ്പൂർ- 39 എന്നിങ്ങനെയാണ് റാങ്ക്. ഖത്തർ മാത്രമാണ് 22 ാം സ്ഥാനത്തേക്ക് പോയത്.

സാമ്പത്തികമായി മുന്നിൽ നിൽക്കുന്ന രാജ്യങ്ങൾ പരിസ്ഥിതി സംരക്ഷണത്തിന് അതീവ പ്രാധാന്യം നൽകുന്നുവെന്നാണ് ഈ റാങ്ക് പട്ടിക വ്യക്തമാക്കുന്നത്. അവിടങ്ങളിൽ വീടിനു പുറത്തും അകത്തുമുള്ള വായു മലിനീകരണം വളരെ കുറഞ്ഞിരിക്കുന്നു, സമൂഹത്തിനാകെ ശുചിത്വവും ശുദ്ധജലവും സാധ്യമാകുന്നു , മണ്ണിലും വെള്ളത്തിലും എത്തുന്ന ലഡ് മാതിരിയുള്ള വിഷലോഹങ്ങൾ ഒഴിവാക്കുന്നു, ഖരമാലിന്യനിർമാർജനം കാര്യക്ഷമമാക്കുന്നു, ജൈവവൈവിധ്യവും അവയുടെ വാസസ്ഥലങ്ങളും സംരക്ഷിക്കുന്നു, തണ്ണീർത്തടങ്ങൾ, കടൽ എന്നിങ്ങനെ പലതരം ആവാസവ്യവസ്ഥയുടെ സേവനങ്ങൾ ഏറ്റവും ഫലപ്രദമാക്കുന്നു, ആവശ്യാനുസരണം പച്ചമേലാപ്പു നില നിർത്തുന്നു, ജലാശയങ്ങളും മത്സ്യസമ്പത്തും മാലിന്യങ്ങളാൽ നശിക്കാതെ സംരക്ഷിക്കപ്പെടുന്നു, കാലാവസ്ഥാ മാറ്റത്തിനു കാരണമായ കാർബൺ ബഹിർഗമനം കുറയ്ക്കുന്നു എന്നിങ്ങനെ 32 സൂചകങ്ങളിൽ ഈ രാജ്യങ്ങൾ ഏറ്റവും മുന്നിലാണ്.

പരിസ്ഥിതി സംരക്ഷണവും ജനങ്ങളുടെ സന്തുഷ്ടിയും

ആഗോള തലത്തിൽ പ്രസിദ്ധപ്പെടുത്തുന്ന മറ്റൊരു റിപ്പോർട്ട് - ഐക്യരാഷ്ട്രസഭ തയ്യാറാക്കുന്ന ലോക സന്തുഷ്ടി റിപ്പോർട്ട് (world happiness report ) -കൂടി ഇതോടൊപ്പം വായിക്കാം. 2020-ലെ ലോക സന്തുഷ്ടി റിപ്പോർട്ടിൽ 153 രാഷ്ട്രങ്ങളിലെ ജനങ്ങളുടെ ജീവിത സന്തുഷ്ടിയാണ് വിലയിരുത്തപ്പെട്ടത്. ഇതിൽ ഇന്ത്യയുടെ സ്ഥാനം 144.

2011ലാണ് രാഷ്ട്രങ്ങളുടെ സാമ്പത്തിക പുരോഗതിയേക്കാൾ ജനങ്ങളുടെ ജീവിത സന്തുഷ്ടിയാണ് വികസന മാനദണ്ഡം എന്ന് ഐക്യരാഷ്ട്രസഭ പ്രമേയം പാസാക്കുന്നത്. തുടർന്ന് 2012 മുതൽ, സാമ്പത്തിക വിദഗ്ധരും മനഃശാസ്ത്രജ്ഞരും സ്ഥിതിവിവരക്കണക്ക് രംഗത്തുള്ളവരും ഒത്തുചേർന്ന്, പല രേഖകളും കണക്കിലെടുത്തും ലോകരാഷ്ട്രങ്ങളിലെ ജനങ്ങളിൽ നേരിട്ട് അഭിപ്രായസർവെ നടത്തിയുമാണ് ലോകസന്തുഷ്ടി റിപ്പോർട്ട് തയ്യാറാക്കുന്നത്.

ആളോഹരി വരുമാനം, സാമൂഹ്യമായ പിന്തുണ, ജനനം മുതൽ ആരോഗ്യത്തോടെയുള്ള ആയുർദൈർഘ്യം (healthy life expectancy at birth), ഇഷ്ടപ്പെട്ട ജീവിതരീതി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം, അഴിമതി ഇല്ലായ്മ, ഉദാരമനസ്‌കത (generosity) എന്നിവയാണ് വിലയിരുത്തപ്പെടുന്നത്.
2020ലെ ലോക സന്തുഷ്ടി റിപ്പോർട്ടിൽ യഥാക്രമം ഫിൻലാന്റ്, ഡെൻമാർക്ക്, സ്വിറ്റ്‌സർലന്റ്, ഐസ് ലാൻഡ്, നോർവേ, നെതർലാൻഡ്‌സ്, സ്വീഡൻ, ന്യൂസിലാൻഡ്, ആസ്ട്രിയ എന്നീ രാജ്യങ്ങൾ ആദ്യത്തെ 10 സ്ഥാനം നേടി. ആദ്യ 50 രാജ്യങ്ങളിൽ മിക്കതും യൂറോപ്യൻ രാഷ്ട്രങ്ങൾ തന്നെ. 153 രാജ്യങ്ങളിൽ 144 സ്ഥാനത്തുള്ള ഇന്ത്യക്ക് പിന്നിലുള്ള ഏക തെക്കേ ഏഷ്യൻ രാഷ്ട്രം അഫ്ഗാനിസ്ഥാൻ.

ആഗോള പരിസ്ഥിതി പ്രകടന സൂചികയും ലോകസന്തുഷ്ടി റിപ്പോർട്ടും ഒരു കാര്യം വ്യക്തമാക്കുന്നുണ്ട്. ഏതു രാഷ്ട്രങ്ങളാണോ പരിസ്ഥിതി സംരക്ഷണത്തിൽ ബദ്ധശ്രദ്ധരായിരിക്കുന്നത് അവിടങ്ങളിൽ തന്നെയാണ് ജനങ്ങൾ ഏറ്റവും സന്തുഷ്ടമായ ജീവിതവും നയിക്കുന്നത്. മാത്രമല്ല പരിസ്ഥിതിസംരക്ഷണവും ജീവിത സന്തുഷ്ടിയും സാമ്പത്തികമായ സുസ്ഥിതിയും പരസ്പരം ചേർന്നുപോകുന്നതായി കാണാം.

പരിസ്ഥിതി, സന്തുഷ്ടി എന്നിവ അന്യോന്യബന്ധിതമാണ്. സമ്പത്ത് ഉണ്ടായാൽ സംതൃപ്തി ഉണ്ടാകും എന്നാണ് ലോകരാഷ്ട്രങ്ങളിലെ ഒട്ടുമിക്ക സാമ്പത്തിക വിദഗ്ധരും മുമ്പൊക്കെ പറഞ്ഞിരുന്നത്. എന്നാൽ 1960 കൾക്ക് ശേഷം സമ്പന്ന രാഷ്ട്രങ്ങൾക്ക് തന്നെ ബോധ്യമായി, പരിസ്ഥിതി സംരക്ഷിക്കാതെ സമ്പത്ത് കുന്നുകൂട്ടിയതുകൊണ്ട് മാത്രം ജനങ്ങൾക്ക് ക്ഷേമവും സന്തുഷ്ടിയും സാധ്യമാകില്ല എന്ന്.

സാമ്പത്തിക പുരോഗതികൊണ്ട്, വലിയ ചികിത്സാ സംവിധാനം ഉണ്ടാക്കിയും ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തിയും ജനങ്ങൾക്ക് മരുന്നും മറ്റു സൗകര്യങ്ങളും നൽകുവാൻ കഴിഞ്ഞേക്കും. എന്നാൽ അതുകൊണ്ട് ജനങ്ങൾക്ക് സന്തുഷ്ടി ഉണ്ടാകണമെന്നില്ല. കാരണം ജനനം മുതൽ മരണം വരെ പണം ചെലവാക്കി, പലതരം മരുന്നുകഴിച്ച് ജീവച്ഛവം കണക്കേ കഴിയുന്നതല്ല സന്തുഷ്ടി. ഇത് തിരിച്ചറിഞ്ഞിട്ടാണ്, വെറും ആയുർദൈർഘ്യം കണക്കാക്കുന്നതിനു പകരം, ജനനം മുതൽ മരണം വരെ ആരോഗ്യത്തോടെയുള്ള ആയുർദൈർഘ്യം എന്ന പുതിയ സൂചിക കൊണ്ടുവരുന്നത്.

അതായത് മരുന്നുകളെയും ആശുപത്രികളെയും പരമാവധി ആശ്രയിക്കാതെ ആരോഗ്യത്തോടെ ജീവിക്കുക എന്നതാണ് ജീവിത സന്തുഷ്ടിയുടെ പധാന സൂചകം. ഇത് സാധ്യമാകണമെങ്കിൽ ശുദ്ധവായുവും ശുദ്ധജലവും വിഷരഹിതമായ ഭക്ഷണവും സ്വതന്ത്രമായ തൊഴിൽ സാഹചര്യങ്ങളും അനിവാര്യമാണ്. പരിസ്ഥിതി സംരക്ഷിക്കുന്നതിലൂടെ മാത്രമേ ആയുഷ്‌ക്കാലം മുഴുവനും ആരോഗ്യത്തോടെയുള്ള ആയുർദൈർഘ്യം സാധ്യമാകൂ.

പരിസ്ഥിതി സംരക്ഷണം അപ്പോൾ ആരോഗ്യകരമായ ജീവിതം മാത്രമല്ല , ജീവൻ പിടിച്ചുനിർത്താനുള്ള നിരവധി ദുർവ്യയങ്ങളെയും ഒഴിവാക്കി സാമ്പത്തികമായ സുസ്ഥിതി ഉറപ്പുവരുത്തുകയും ചെയ്യും. അങ്ങനെ പരിസ്ഥിതി സംരക്ഷണം സന്തുഷ്ടിയും സമ്പത്തും ഒരേപോലെ കൈവരിക്കാനുള്ള ഉപാധിയായി മാറുന്നു.

സാമ്പത്തിക വളർച്ചയിൽ മാത്രം ഊന്നിക്കൊണ്ടുള്ള വികസന പ്രവർത്തനങ്ങൾ സമ്പന്ന രാഷ്ട്രങ്ങളുടെ പരിസ്ഥിതിയിൽ വരുത്തിയ ആഘാതങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ടാണ് വികസിത രാഷ്ട്രങ്ങൾ സ്വയം തിരുത്തലിന് തയ്യാറായി പാരിസ്ഥിതികമായ സംരക്ഷണത്തിലേക്ക് അവരുടെ ശ്രദ്ധ തിരിച്ചത്. ആ വഴിക്കാണ് സ്‌കാൻഡിനേവിയൻ രാജ്യങ്ങൾ ലോകസന്തുഷ്ടി പട്ടികയിൽ ആദ്യ സ്ഥാനങ്ങളിൽ ഇടം നേടുന്നത്.

വരുന്നു, ഗ്രീൻ പാർട്ടികൾ

ആഗോള പരിസ്ഥിതി പ്രകടന സൂചികയിൽ ആദ്യ സ്ഥാനങ്ങളിലേക്ക് അത്യന്തം വ്യവസായവൽകൃതങ്ങളായ യൂറോപ്യൻ രാഷ്ട്രങ്ങൾ എത്തിച്ചേർന്നതിനും രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയേക്കാൾ ജനങ്ങളുടെ സന്തുഷ്ടി എന്ന ലക്ഷ്യത്തിലേക്ക് ചുവടു മാറുന്നതിനും 1970കൾ മുതൽ അരനൂറ്റാണ്ടിന്റെ ചരിത്രമുണ്ടെന്നു കാണാം. രണ്ടാം ലോകയുദ്ധാനന്തരം അവിടങ്ങളിൽ സംഭവിച്ച മൂന്നു സുപ്രധാന മാറ്റങ്ങൾ ഈ ദിശയിൽ രാഷ്ട്രങ്ങളെ കൊണ്ടുചെന്ന് എത്തിക്കുകയായിരുന്നു.

ഇതിൽ ഒന്നാമത്തേത്, കടുത്ത വ്യവസായവൽക്കരണത്തിന്റെ ഭാഗമായി ആണവമാലിന്യങ്ങളോളം എത്തുന്നു പരിസ്ഥിതി തകർച്ച തന്നെ. രണ്ടാമത്, ഫാക്ടറി തൊഴിലിൽനിന്ന് കൂടുതൽ ജനങ്ങളും സേവന മേഖലയിലേക്ക് മാറിയപ്പോൾ ഇടതുപക്ഷ തൊഴിലാളി പ്രസ്ഥാനങ്ങൾക്ക് സംഭവിച്ച വ്യതിചലനമാണ്. അവയുടെ സാമൂഹിക വിപ്ലവ സ്വഭാവം നഷ്ടപ്പെടുകയും അവ മൂലധനവുമായി സമരസപ്പെടുകയും ചെയ്തു.

അങ്ങനെ, പരിസ്ഥിതി വിരുദ്ധമായ വ്യവസായവൽക്കരണം സൃഷ്ടിച്ച പ്രതിസന്ധികളെ നേരിടാൻ വ്യവസ്ഥാപിത ഇടതുപക്ഷ പാർട്ടികൾക്ക് കഴിയാതെയായി. അവർ ഫലത്തിൽ വലതുപക്ഷ പാർട്ടികൾക്കൊപ്പം നിന്ന് സാമ്പത്തിക വളർച്ചക്ക് വേണ്ടിയും വ്യവസായവൽക്കരണത്തിന് വേണ്ടിയും വാദിച്ച് പരിസ്ഥിതി പ്രശ്‌നങ്ങളെ തൃണവൽഗണിച്ചു. ഇടതു വലതു പാർട്ടികൾ പരിസ്ഥിതി വിരുദ്ധമായി മൂലധന താൽപര്യങ്ങളെ സേവിച്ച സാഹചര്യത്തിൽ, 1970കൾ മുതൽ പാശ്ചാത്യ വ്യവസായവൽകൃത രാഷ്ട്രങ്ങളിൽ ഹരിതരാഷ്ട്രീയം പുതിയ ശക്തിയായി ഉയർന്നു വന്നു.

1972 ൽ സ്വിറ്റ്‌സർലൻഡിലും ന്യൂസിലൻഡിലും ആസ്‌ട്രേലിയയിൽ ടാൻസ്​മാനിയയിലും ഗ്രീൻ പാർട്ടികൾ രൂപംകൊണ്ടു. ന്യൂസിലാൻഡിൽ ‘വാല്യൂസ് പാർട്ടി' 1972 ൽ തന്നെ ന്യൂസിലാൻഡ് ജനറൽ ഇലക്ഷനിൽ മത്സരിക്കുന്നുണ്ട്. യൂറോപ്പിൽ ദേശീയതലത്തിൽ ആദ്യ ഗ്രീൻ പാർട്ടി 1973 ൽ ബ്രിട്ടനിൽ സ്ഥാപിതമായി.

പാർലമെന്ററി ഹരിതരാഷ്ട്രീയം ഏറ്റവും നന്നായി ഓടിയത് ജർമനിയിലാണ്. ജർമൻ ഗ്രീൻ പാർട്ടി 1998 മുതൽ 2005 വരെ സോഷ്യൽ ഡെമോക്രാറ്റുകളുമായി ചേർന്ന് ‘റെഡ് ഗ്രീൻ അലയൻസ്' എന്നറിയപ്പെട്ട ഭരണം നടത്തി. മേലിൽ ആണവ നിലയങ്ങളെ ആശ്രയിക്കുന്നില്ല എന്ന തീരുമാനം ജർമനി എടുക്കുന്നത് ഈ കാലയളവിലാണ്. ഫിൻലൻഡിൽ ഫിന്നിഷ് ഗ്രീൻപാർട്ടി 1995 ൽ ദേശീയ മന്ത്രിസഭയിൽ അംഗമായി.

ആസ്‌ട്രേലിയയിലെ ഗ്രീൻ പാർട്ടിയുടെ പ്രതിഷേധത്തിൽ നിന്ന്

ഫ്രാൻസിലെ ദ ഗ്രീൻസും അയർലൻഡിലെ ഗ്രീൻ പാർട്ടിയും ബെൽജിയത്തിലെ ഇകോളയും അവിടങ്ങളിലെ ദേശീയ ഗവൺമെന്റ്കളിൽ പങ്കാളികളായിട്ടുണ്ട്. ഇന്ന് പല രാജ്യങ്ങളിലും പ്രാദേശികതലം മുതൽ ദേശീയതലം വരെ ഹരിത രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ജനാധിപത്യ ഭരണക്രമത്തിൽ പ്രതിനിധികൾ ആയിട്ടുണ്ട്.

പാർലമെന്ററി നിയമനിർമാണത്തിലേക്ക് ഹരിത രാഷ്ട്രീയത്തിന്റെ കടന്നുവരവ് ശക്തമായ പരിസ്ഥിതി നിയമങ്ങൾ രൂപീകരിക്കുന്നതിനും അവ നടപ്പിലാക്കുന്നതിനും വ്യവസായവൽകൃത രാഷ്ട്രങ്ങളെ തുണച്ചിട്ടുണ്ട്. രണ്ടാമതായി, പൗരസമൂഹത്തിൽ പാരിസ്ഥിതിക അവബോധം വളർത്താൻ ഗ്രീൻ പാർട്ടികൾക്കു സാധിച്ചു. മൂന്നാമതായി, ഇടതുവലതു പാർട്ടികളെ കടുത്ത സമ്മർദ്ദത്തിൽ കൊണ്ടുവരുന്നതിനും പരിസ്ഥിതി വിഷയങ്ങളെ അവർ പരിഗണിക്കുന്നതിനും ഹരിത പാർട്ടികൾ പ്രേരണയായി മാറി.

ഈ രാഷ്ട്രങ്ങളിലെ സേവനമേഖലയുടെ വളർച്ചയുടെ ഫലമായി നിയമം, ആരോഗ്യം, വിദ്യാഭ്യാസം, കലാസാഹിത്യം എന്നീ രംഗങ്ങളിലെ വിദ്യാസമ്പന്നരിൽ നിന്നാണ് പരിസ്ഥിതി പാർട്ടികൾക്ക് പിന്തുണയും പങ്കാളിത്തവും കിട്ടിയത്. ഗ്രീൻ പാർട്ടികളുടെ വോട്ടർമാരിൽ കൂടുതലും ചെറുപ്പക്കാരും സ്ത്രീകളുമാണ്. നവഇടതുപക്ഷ പ്രസ്ഥാനങ്ങൾ, ഫെമിനിസം, തദ്ദേശീയ സമൂഹങ്ങളുടെ അവകാശ സമരങ്ങൾ എന്നിവയും ഗ്രീൻ പാർട്ടികളെ ശക്തിപ്പെടുത്തിയ ഘടകങ്ങളാണ്.

യൂറോപ്പിലെ ഗ്രീൻ പാർട്ടികൾക്ക് ആശയ-പ്രയോഗതലങ്ങളിൽ ശക്തമായ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും ഇതിനെല്ലാം മറികടക്കും വിധം അവർ രാഷ്ട്രത്തിനകത്തും യൂറോപ്പിലാകെയും ഒരു ഐക്യവേദി രൂപീകരിച്ചിട്ടുണ്ട്. ഫിനിഷ് ഗ്രീൻ ലീഗ്, ഇറ്റാലിയൻ ഫെഡറേഷൻ ഓഫ് ദ ഗ്രീൻസ്, ഫ്രഞ്ച് ഗ്രീൻസ്, ദ ജർമ്മൻ അലയൻസ്, ബെൽജിയൻ ഗ്രീൻ പാർട്ടീസ് , നോർഡിക് ഗ്രീൻ ലെഫ്റ്റ് അലയൻസ് എന്നിവ ഉദാഹരണങ്ങളാണ്. യൂറോപ്യൻ യൂണിയനിലെ ഗ്രീൻ പാർട്ടികൾ ചേർന്ന് പാൻ യൂറോപ്യൻ അലയൻസും ഉണ്ട്.

ഇന്ത്യയിൽ എന്തുകൊണ്ട് ഹരിത പാർട്ടി ഉണ്ടായില്ല?

യൂറോപ്പിലെ പോലെ ഇന്ത്യയിലും 1970 കളുടെ ആദ്യം മുതലാണ് ഹരിത രാഷ്ട്രീയം ശക്തിപ്പെടുന്നത്. വന സംരക്ഷണത്തിന്, കേരളത്തിൽ സൈലന്റ് വാലി പ്രക്ഷോഭവും വടക്ക് ഉത്തരാഖണ്ഡിൽ ചിപ്‌കോ പ്രസ്ഥാനവും 1973-ലാണ് സംഭവിക്കുന്നത്. തുടർന്ന് 1983 ൽ കർണാടകയിൽ അപികോ പ്രസ്ഥാനം, ജാർഖണ്ഡിലെ ജംഗിൾ ബചാവോ ആന്ദോളൻ, 1985 ൽ തുടങ്ങിയ നർമ്മദാ ബച്ചാവോ ആന്ദോളൻ, തെഹരി അണക്കെട്ടിനെതിരെ 1980 -90 കളിലെ പ്രക്ഷോഭം എന്നിവയാണ് പ്രധാനമായും ഇന്ത്യൻ പരിസ്ഥിതി രാഷ്ട്രീയത്തെ നിർണയിച്ച പ്രധാന ചുവടുവെയ്പുകൾ.

നർമ്മദാ ബച്ചാവോ ആന്തോളൻ പ്രതിഷേധം

ഇന്ത്യയിലെ കഴിഞ്ഞ 50 വർഷത്തെ പരിസ്ഥിതി പ്രവർത്തനങ്ങളുടെ ചരിത്രം പരിശോധിച്ചാൽ അതിൽ രണ്ടു പ്രധാന ധാരകൾ കാണാം. ഒന്നാമത്തേത് പ്രശ്‌നാധിഷ്ഠിത പ്രതികരണങ്ങൾ / സമരങ്ങൾ. സെലന്റ് വാലിയും നർമ്മദയും പ്ലാച്ചിമടയും എൻഡോസൾഫാനും ആണവനിലയ വിരുദ്ധ സമരവുമെല്ലാം ഈ ഗണത്തിൽ പെടും. ഇന്ത്യയിലെ പരിസ്ഥിതി അവബോധത്തെ വളർത്തുന്നതിലും ജനകീയമായ ചെറുത്തുനിൽപ്പ് സൃഷ്ടിക്കുന്നതിലും ഈ സമരങ്ങൾ നിർണായക പങ്കാണ് വഹിച്ചിട്ടുള്ളത്.

1980കൾ മുതൽ പരിസ്ഥിതി രംഗത്തേക്ക് സർക്കാർ ഇതര സംഘടനകളും (non governmental organizations ) ഇന്ത്യയിൽ സജീവമാകുന്നുണ്ട്. സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റ് (1980), നവധാന്യ (1984 ഗോവ ഫൗണ്ടേഷൻ (1986) , അലയൻസ് ഫോർ സസ്റ്റയ്‌നബ്ൾ അഗ്രികൾച്ചർ, ഗ്രീൻപീസ് ഇന്ത്യ എന്നിങ്ങനെ പേരെടുത്തു പറയേണ്ടതുൾപ്പെടെ നിരവധി എൻ.ജി.ഒകൾ ഇന്ത്യയിലുണ്ട്.

കീടനാശികൾ, അനധികൃത ഖനനം, ജൈവചോരണം, ജനിതകമാറ്റം വരുത്തിയ വിളകൾ, ജലചൂഷണം, രാസകൃഷി, മലിനീകരണം എന്നിവയ്‌ക്കെതിരെ സമൂഹത്തിൽ ശക്തമായ ബോധവൽക്കരണം നടത്തുന്നവരും നിയമ പോരാട്ടങ്ങളിൽ ഏർപ്പെടുന്നവരും സമ്മർദ്ദതന്ത്രങ്ങൾ പ്രയോഗിക്കുന്നവരുമാണ് ഈ സംഘടനകൾ. പ്രതിരോധത്തോടൊപ്പം പരിസ്ഥിതി സൗഹൃദമായ മാതൃകാ സംരംഭങ്ങളും ഗ്രാമീണതല പ്രവർത്തനങ്ങളും എൻ.ജി.ഒകളുടെ സംഭാവനയായുണ്ട്.

പക്ഷേ, യൂറോപ്പിൽ സംഭവിച്ചതുപോലെ എന്തുകൊണ്ട് ഇന്ത്യയിൽ ഹരിത രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഇതേവരെ ഉണ്ടായില്ല?

ലോകരാഷ്ട്രങ്ങളിലെ ഗ്രീൻ പാർട്ടികളുടെ പട്ടിക പരിശോധിച്ചാൽ ഇന്ത്യയിൽ അത്തരം പാർട്ടികൾ പ്രവർത്തിക്കുന്നില്ല എന്നാണ് കാണുന്നത്. യൂറോപ്പിൽ മാത്രമല്ല തെക്കേ അമേരിക്കയിലും ആഫ്രിക്കൻ രാജ്യങ്ങളിലും പാകിസ്ഥാനിൽ പോലും ഗ്രീൻ പാർട്ടികളുണ്ട്. ലോകജനസംഖ്യയിൽ 20 ശതമാനത്തിൽ താഴെ ജനം അധിവസിക്കുന്നതും ജനസാന്ദ്രതയിൽ മുന്നിലുള്ളതും, ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്ന് പേരു കേട്ടതുമായ ഇന്ത്യയിൽ, താഴേത്തട്ടു മുതൽ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്ന ഹരിത രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഇല്ല എന്നത് വിശദ പരിശോധനക്ക് വിധേയമാക്കേണ്ടതാണ്. പ്രത്യേകിച്ച് യൂറോപ്പ് ജനാധിപത്യപരമായ ഹരിത രാഷ്ട്രീയ പാർട്ടികളിലൂടെ നിയമ നിർമ്മാണങ്ങളിലേക്ക് എത്തുകയും ലോക പരിസ്ഥിതി പ്രകടനപത്രികയിൽ ആദ്യ റാങ്കുകൾ നേടുകയും ചെയ്ത സാഹചര്യത്തിൽ.

അമേരിക്കയും റഷ്യയും തമ്മിലുള്ള ശീതസമരത്തിന് അയവ് വരുകയും ലോകബാങ്ക്, ഐ.എം.ഫ്, ഡബ്ലിയു.ടി. ഒ എന്നീ അന്താരാഷ്ട്ര സ്ഥാപനങ്ങൾ മൂന്നാം ലോക രാഷ്ട്രങ്ങൾക്കു മേൽ ശക്തിപ്രാപിക്കുകയും ചെയ്ത സന്ദർഭത്തിലാണ് ഇന്ത്യ പോലെയുള്ള രാജ്യങ്ങളിൽ എൻ.ജി.ഒ സംവിധാനങ്ങൾ പുതിയ സാമൂഹ്യ സംഘാടനങ്ങൾ എന്ന നിലയിൽ രൂപംകൊള്ളുന്നതെന്ന് പ്രൊഫ. ബി എസ് . ചിമ്‌നി (B.S. Chimni. International Institutions Today : An Imperial Global State in the Making) ചൂണ്ടിക്കാണിക്കുന്നുണ്ട്.

മാത്രമല്ല, ഇത്തരം സ്ഥാപനങ്ങൾ, പുതിയ സാമൂഹ്യ പ്രസ്ഥാനങ്ങളുടെ പങ്ക് നിർവഹിക്കുകയും, പഴയ സാമൂഹ്യപ്രസ്ഥാനങ്ങളായ തൊഴിലാളി സംഘടനകൾ, കർഷക -വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ എന്നിവയെ അപ്രസക്തമാക്കുകയും ചെയ്യുന്നു. അതുവഴി അന്താരാഷ്ടസ്ഥാപനങ്ങളോട് ഈ എൻ.ജി.ഒകൾ ഇടപെടുന്നത് ലഘുവായ പരിഷ്‌കരണ മനോഭാവത്തോടെ ആണെന്നും അത് ഒരിക്കലും ബഹുരാഷ്ട്ര മുതലാളിത്ത വർഗങ്ങളുടെ ആഗ്രഹങ്ങൾക്ക് കടുത്ത ഭീഷണിയാകുന്നില്ലെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.

അകത്തുനിന്നോ പുറത്തുനിന്നോ കിട്ടുന്ന ധനസഹായത്തെ കേന്ദ്രമാക്കിയ പ്രോജക്റ്റുകളും പരിപാടികളുമാണ് എൻ.ജി.ഒകൾക്കുള്ളത്. ആ സ്രോതസ്സുകൾ അടഞ്ഞാൽ അവ കരയിൽ പിടിച്ചിട്ട മീൻ പോലെയാകും. 2000 മുതൽ മലിനീകരണത്തിനെതിരെയും ഖനന മാഫിയക്കെതിരെയും ശക്തമായി രംഗത്തുവന്ന ഗ്രീൻപീസിന്റെ സാമ്പത്തിക ഉറവിടങ്ങൾ മരവിപ്പിച്ച് കേന്ദ്രസർക്കാർ അവർക്ക് കൂച്ചുവിലങ്ങിട്ടിരിക്കുന്നു. ഇത് മറ്റ് എൻ.ജി.ഒ.കൾക്കുള്ള താക്കീത് കൂടിയാണല്ലോ. മാത്രമല്ല ജനകീയവേരോട്ടം ഇല്ലാത്തതിനാൽ അടിച്ചമർത്തൽ നിഷ്പ്രയാസമാണ് താനും.

എൻ.ജി.ഒകൾ; ബഹുരാഷ്ട്ര മുതലാളിത്തത്തിന്റെ ഉപകരണം

ലോകരാഷ്ട്രങ്ങളെ തന്നിഷ്ടത്തിന് നിയന്ത്രിക്കുന്ന ബഹുരാഷ്ട്ര മുതലാളിത്തത്തോട് സമരസപ്പെട്ടു പോകുന്നതിന്, മുഖ്യമായും പടിഞ്ഞാറൻ യൂറോപ്പിൽ നിന്ന് പ്രോത്സാഹിപ്പിക്കപ്പെടുന്നവയാണ് എൻ.ജി.ഒകൾ. ഇവ തന്നെയാണ് ഇന്ത്യയിൽ ഹരിത രാഷ്ട്രീയപാർട്ടികളുടെ വരവിന് പ്രധാനമായും തടസ്സം നിൽക്കുന്ന ഒരു ഘടകം.

കാരണം ഹരിത ജനകീയ പ്രസ്ഥാനം കെട്ടിപ്പടുക്കേണ്ട മധ്യവർഗ്ഗ ബുദ്ധിജീവികൾ ഓരോരോ എൻ.ജി.ഒകളുടെ തലപ്പത്താണുള്ളത്. അവരുടെ പ്രവർത്തന സ്വാതന്ത്ര്യവും സർഗ്ഗാത്മകതയും സംരക്ഷിക്കാൻ, ചോദ്യം ചെയ്യപ്പെടാത്ത ആ സംവിധാനം ഉതകുമെങ്കിലും, ഹരിത രാഷ്ട്രീയത്തിന്റെ ജനാധിപത്യവൽക്കരണത്തിനും ജനകീയ മുന്നേറ്റത്തിനും പാർലമെന്ററി നിയമ നിർമാണത്തിനും ഇവരുടെ ഉൾവലിയൽ വിലങ്ങുതടിയാകുന്നുണ്ട്.

ജനകീയവും ജനാധിപത്യപരവുമായ പ്രവർത്തനത്തിനു പകരം കമ്പനി സ്വഭാവത്തിലുള്ള മാനേജ്‌മെന്റ് പ്രവർത്തനത്തിലേക്ക് ഹരിത രാഷ്ട്രീയത്തെ സങ്കോചിപ്പിക്കുന്നു എന്നതാണ് എൻ.ജി.ഒ ശൈലിയുടെ ഒന്നാമത്തെ ന്യൂനത. ജനാധിപത്യ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിനുള്ള ഇച്ഛാശക്തിയും ത്യാഗസന്നദ്ധതയും അത് ബുദ്ധിജീവികളിൽ നിന്ന് വടിച്ചുകളയുന്നു. പകരം സ്വച്ഛന്ദതയും അനായാസതയും സ്വാതന്ത്ര്യത്തിന്റെ വെല്ലുവിളികൾക്ക് പകരമായി അവരിൽ പ്രതിഷ്ഠിക്കുന്നു. അങ്ങനെ എൻ.ജി.ഒ. സംവിധാനം വഴി കിട്ടുന്ന മിഥ്യാ സ്വാതന്ത്ര്യത്തിന്റെ സൗഖ്യത്തിൽ നിന്ന് പുറത്തുവരാൻ പറ്റാത്ത നിലയിലാണ് നമ്മുടെ മധ്യവർഗ്ഗ ഹരിത ബുദ്ധിജീവികൾ.

എ.ൻ.ജി.ഒ അപാകതകൾ അറിയുന്ന മറ്റുള്ളവരാകട്ടെ, രാഷ്ട്രീയപാർട്ടികളിലെ അധികാരാസക്തി, വ്യവസ്ഥാപിതത്വം, ജനവിരുദ്ധത, കാപട്യം, അഴിമതി, തമ്മിൽ തല്ലും തൊഴുത്തിൽ കുത്തും എന്നിവ കാരണം രാഷ്ട്രീയപ്രവർത്തന ശൈലിയോട് തികഞ്ഞ വിമുഖത ഉള്ളവരാകുന്നുണ്ട്. അതേസമയം ഇവർ ഏർപ്പെടുന്ന സമരങ്ങളിൽ പഞ്ചായത്ത് മുതൽ പാർലമെന്റ് വരെയുള്ള ജനപ്രതിനിധികളുടെ പിന്തുണ നേടാൻ രാഷ്ട്രീയപാർട്ടികളെ ആശ്രയിക്കുകയും ഏതെങ്കിലും എം.എൽ.എ -എം.പി.യുടെ പിന്തുണ കിട്ടിയാൽ അത് മഹാഭാഗ്യമായി ഉയർത്തി കാട്ടുകയും ചെയ്യും.

ചിപ്‌കോ പ്രസ്ഥാനത്തിന്റെ പ്രതിഷേധം

ആവശ്യം വരുമ്പോൾ ഇവരുടെയൊക്കെ പടിവാതിൽക്കൽ പോയി നിൽക്കുന്നതാകാം സ്വയം രാഷ്ട്രീയമായി സംഘടിക്കുന്നതിനേക്കാൾ എളുപ്പമുള്ള കാര്യം. തന്നെയുമല്ല മുതലാളിത്ത ഉപഭോഗ സമൂഹത്താൽ പരിപോഷിപ്പിക്കുന്ന, സമരസപ്പെടാൻ കഴിയാത്ത വ്യക്തിസ്വാതന്ത്ര്യം ഇവരെ ജനാധിപത്യ പാർട്ടി രൂപീകരണത്തിൽ നിന്ന് പിന്നോട്ടു കൊണ്ടുപോകുന്നു. താൻ തനിക്കുമേൽ കെട്ടിപ്പൊക്കി ഉണ്ടാക്കിയ ഈഗോ കാരണം, ആരോടും അധികകാലം പൊരുത്തപ്പെടാനാവാതെ, സ്ഥിരമായ കൂട്ടായ്മയുടെ സാധ്യതകളെ ഉപയോഗപ്പെടുത്താൻ ഇവർക്ക് കഴിയുന്നില്ല.

ഇത്തരം ചിതറിയ വ്യക്തിത്വങ്ങളാണ് പ്രശ്‌നാധിഷ്ഠിത പ്രതികരണങ്ങളുടെ ഊർജ്ജ സ്രോതസ്സ്. സർക്കാരിൽ നിന്നോ മറ്റുള്ളവരിൽ നിന്നോ പ്രശ്‌നങ്ങളുണ്ടാകാൻ ഇവർ കാത്തിരിക്കുന്നു. മാത്രമല്ല, ഒന്നിൽ ഇടപെടുമ്പോൾ തന്നെ അടുത്തതു വരുമ്പോൾ, പഴയത് നിർത്തിവെച്ചിട്ട് അവർ പുതിയ സ്ഥലത്തേക്ക് പാഞ്ഞു ചെല്ലുന്നു. പ്രളയ പ്രശ്‌നങ്ങളിൽ മുഴുകുമ്പോൾ അതിരപ്പിള്ളി അണക്കെട്ട് വരും, അതിൽ തങ്ങുമ്പോൾ മണലെടുപ്പോ മലയോര ഹൈവേയോ ക്വാറി സമരമോ വരും.

അങ്ങനെ പരിസ്ഥിതി രാഷ്ട്രീയം കൃത്യമായ കാഴ്ചപ്പാടോ പ്രവർത്തന പരിപാടികളോ തുടർച്ചയോ സ്ഥിരതയോ ഇല്ലാതെ, ജനകീയ അടിത്തറ രൂപപ്പെടുത്തുന്നതിൽ അമ്പേ പരാജയപ്പെട്ട പോകുന്നു. അതായത് അതിന് വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടികളുടെ പോക്കറ്റിൽനിന്ന് ജനങ്ങളെ മോചിപ്പിക്കാൻ പറ്റാതെ വരുന്നു. കപടമായി മാത്രം പരിസ്ഥിതി സംരക്ഷണം പ്രസംഗിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഉള്ളതുകൊണ്ടാണ് ഇന്ത്യ പരിസ്ഥിതി പ്രകടന സൂചികയിൽ ഇത്രയും പിന്നിലാകാൻ കാരണം. അതിനാൽ ജനാധിപത്യത്തിൽ പരിസ്ഥിതി രാഷ്ട്രീയം നേരിട്ട് കടന്നുചെല്ലുമ്പോഴേ ഇന്ത്യയിൽ ഇതിൽ ഫലവത്തായ മാറ്റങ്ങൾ ദൃശ്യമാകൂ.

ഉപഭോഗ മുതലാളിത്തം ഊട്ടി വളർത്തുന്ന അതിവ്യക്തിപരതയും അതിന്റെ കൂടപ്പിറപ്പായ ഈഗോയും ചേർന്ന് ഒരു വശത്ത് മധ്യവർഗ്ഗത്തിൽ ഒരു വിഭാഗം ഒറ്റപ്പെട്ട തുരുത്തായി മാറുമ്പോൾ, മറുവശത്ത് ജനകീയ അടിത്തറ ഇല്ലാത്ത എൻ.ജി.ഒ ഘടനയിൽ സ്വാതന്ത്ര്യവും സുരക്ഷിതത്വവും അനുഭവിച്ചുകൊണ്ട് ഇതേ മധ്യവർഗ്ഗത്തിലെ മറ്റൊരു വിഭാഗം സ്വേച്ഛാകർമ്മങ്ങളിൽ വ്യാപൃതരാക്കുന്നു. രണ്ടും ഫലത്തിൽ ഹരിത രാഷ്ട്രീയത്തിന്റെ ജനാധിപത്യ ഘടനക്കും ജനകീയ അടിത്തറക്കും കാലവിളംബം ഉണ്ടാക്കുന്നു. ഈ ശൂന്യതയിൽ നിന്നു കൊണ്ടാണ് വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടികൾ ബഹുരാഷ്ട്ര ആഗോള മൂലധനത്തിന്റെ ഇഷ്ടാനിഷ്ടങ്ങൾക്കൊത്ത് പ്രകൃതിവിരുദ്ധവും ജനവിരുദ്ധവുമായ നിയമങ്ങൾ നിർമ്മിക്കുകയും അതിവേഗം നടപ്പിലാക്കുകയും ചെയ്യുന്നത്.

അതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ് 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമം (Environment Protection Act) പാടെ അട്ടിമറിക്കുന്ന വെള്ളം ചേർക്കലുകൾ ആഗോള മൂലധന താൽപ്പര്യങ്ങൾക്കുവേണ്ടി കൊണ്ടുവരുന്നത്. അങ്ങനെ അത്യന്തം പരിസ്ഥിതി വിരുദ്ധമായ സംരംഭങ്ങൾ യൂറോപ്പിൽ നിന്നും മറ്റും ഇങ്ങോട്ടു പറിച്ചുനട്ട് ഇന്ത്യയുടെ പരിസ്ഥിതി പ്രകടന സൂചികയിലെ സ്ഥാനത്തെ 168 ൽ നിന്നും 180 ലേക്ക് -ഏറ്റവും ഒടുവിലേക്കു എത്തിക്കുകയാകും നാളെ സംഭവിക്കുക. അപ്പോൾ നിയമപരമായി പോലും ചെറുക്കാനുള്ള സാധ്യതയും ഇല്ലാതാകുന്നു. യഥാർത്ഥത്തിൽ ഇത് നമ്മുടെ ഹരിത രാഷ്ട്രീയ മാർഗ്ഗത്തിന്റെ കൂടി തോൽവിയാണ്.

നമ്മുടെ മണ്ണും ഭക്ഷണവും കൂടുതൽ വികലമാകുന്നു

ഒരു വശത്ത് കയറ്റുമതിയും മറുവശത്ത് വിദേശ നിക്ഷേപവും അടിസ്ഥാനമാക്കിയ ഇന്ത്യയുടെ സാമ്പത്തിക വികസനപാത ഇന്ത്യയെ വികസിത രാഷ്ട്രങ്ങൾക്ക് വേണ്ടിയുള്ള മലിനീകരണ സങ്കേതമാക്കി മാറ്റിയതായി ‘എൻവിയോൺമെന്റൽ സെനോറിയോ ഇൻ ഇന്ത്യ ' (Ed.by Sachidananda Mukherjee, Debashis Chakraborty. Environmental Scenario in India) എന്ന ഗ്രന്ഥം വ്യക്തമാക്കുന്നുണ്ട്.

സമുദ്ര വിഭവങ്ങൾ, ധാതു സമ്പത്ത് , വനമേഖല എന്നിവ വിദേശനാണ്യത്തിന്റെ പേരിൽ ഇല്ലാതാക്കപ്പെടുമ്പോൾ വിദേശനിക്ഷേപത്തിന്റെ രൂപത്തിൽ കടുത്ത മലിനീകരണ വ്യവസായങ്ങൾ ഇങ്ങോട്ടേക്കെത്തി വീണ്ടും ഉൽപ്പന്നങ്ങളായി വികസിത രാഷ്ട്രങ്ങളിലേക്ക് തിരിച്ചെത്തുന്നു. ഇങ്ങനെ ആഭ്യന്തരവും വൈദേശികവുമായ കോർപ്പറേറ്റുകൾക്ക് വേണ്ടി പ്രകൃതിയും സമൂഹവും ഇരയാക്കപ്പെടുമ്പോൾ അത്യാധുനിക കോളനിവാഴ്ചയുടെ പുതിയ മുഖമാണ് അനാവൃതമാകുന്നത്.

അതായത് സ്വിറ്റ്‌സർലൻഡും ഫ്രാൻസും ജർമനിയും ആസ്‌ട്രേലിയയുമൊക്കെ പരിസ്ഥിതി പ്രകടന സൂചികയിൽ ആദ്യ റാങ്കുകൾ നേടുന്നത് ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളെ പരിസ്ഥിതി നശീകരണിലേക്ക് തള്ളിവിട്ടാണ്. അവിടെ ഒഴിവാക്കപ്പെടുന്ന ആണവനിലയങ്ങളും കൊക്കോകോള കമ്പനിയും മാത്രമല്ല ഈ - വെയ്‌സ്റ്റും പ്ലാസ്റ്റിക് മാലിന്യങ്ങളും വരെ ഭൂഗോള തെക്കേ പാതി (Global South) യിലേക്ക് വിദേശനിക്ഷേപമായിട്ടും സൗഹൃദ വാണിജ്യമായിട്ടും സർവോപരി വികസന മായിട്ടും വന്നുചേരുന്നു. അവരുടെ തെരുവുകൾ മാലിന്യമുക്തമാകുന്നത് നമ്മൾ അവ സ്വീകരിക്കുന്നത് കൊണ്ടാണ്.

അവിടെ ശുദ്ധവായു വേണമെങ്കിൽ ഇവിടെ വായുമലിനീകരണം വേണം. അവിടെ ജൈവ ഭക്ഷണം കഴിക്കണമെങ്കിൽ ഇവിടെ നിന്ന് ജൈവ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യണം. അഥവാ നമ്മൾ രാസവിഷ ഭക്ഷണം തന്നെ കഴിച്ചു കൊണ്ടിരിക്കണം. അതുകൊണ്ട് ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കാൻ ധാരാളം എൻ.ജി.ഒ.കൾ, വടക്കേ ഭൂഗോള പാതി ( Global North) യിലെ സമ്പന്ന രാഷ്ട്രങ്ങളാൽ ഇന്ത്യയിൽ പ്രോത്സാഹിപ്പിക്കപ്പെടുന്നു.

കൂടാതെ അവർ തന്നെ പാലൂട്ടി വളർത്തുന്ന ശാസ്ത്രമാത്രവാദികളും യുക്തിവാദികളും ചേർന്ന് രാസകൃഷിയുടെ വക്താക്കളായി അരങ്ങത്ത് എത്തുമ്പോൾ നമ്മുടെ മണ്ണും ഭക്ഷണവും കൂടുതൽ വികലമാകുകയും ചെയ്യുന്നു. ഒരു പകുതി വെളുപ്പിക്കുന്നത് മറുപകുതിയെ കറുപ്പിച്ചു കൊണ്ടാണ്.
പരിസ്ഥിതി നാശത്തിന്റെ ഈ ആഗോള രാഷ്ട്രീയം ബോധ്യപ്പെടുമ്പോഴാണ് തൽക്ഷണ പ്രതികരണങ്ങളിൽ നിന്നും എൻ.ജി.ഒ. ശൈലിയിൽ നിന്നും പാഠങ്ങൾ ഉൾക്കൊള്ളുന്ന ഹരിത രാഷ്ട്രീയത്തിന്റെ ജനകീയവും ജനാധിപത്യപരവുമായ സംഘാടനത്തിലേക്ക് നമ്മൾ എത്തിച്ചേരുന്നത്.

മാത്രമല്ല പാശ്ചാത്യ ശക്തികൾക്ക് സാമ്പത്തികവും സൈനികവും വ്യാവസായികവുമായ ശക്തിയായി ചൈന വളർന്ന ഈ പുതിയ സാഹചര്യത്തിൽ, ചൈനയെ വെടിഞ്ഞ് മലിനീകരണ വ്യവസായങ്ങൾ തമ്പടിക്കാൻ പോകുന്നത് ഇന്ത്യയിലാണ്. അതിനുള്ള മുന്നൊരുക്കമായിട്ടാണ് ഇന്ത്യയിൽ പരിസ്ഥിതി സംരക്ഷണ നിയമം പൊളിച്ചെഴുതാൻ പോകുന്നത്. ഈ സന്ദർഭത്തിലെങ്കിലും പരിസ്ഥിതി ബുദ്ധിജീവി വർഗം ഉണർന്നില്ലെങ്കിൽ അത് ആത്മഹത്യാപരമായിരിക്കും.

Comments