ആവിക്കൽതോട് സ്വീവേജ് പ്ലാന്റ്; കോർപ്പറേഷനും ജനങ്ങളും നേർക്കുനേർ

കോഴിക്കോട് വെള്ളയിൽ ആവിക്കൽത്തോട് കടലോര മേഖലയിൽ കോർപ്പറേഷന്റെ നേതൃത്വത്തിൽ സ്ഥാപിക്കാനൊരുങ്ങുന്ന സ്വീവേജ് പ്ലാന്റിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭമാണ് നടന്നുകൊണ്ടിരിക്കുന്നത്. 62, 66, 67 വാർഡുകളിലെ സെപ്റ്റിക് ടാങ്ക് മാലിന്യമെടുത്ത് സംസ്കരിച്ച് ശുദ്ധമായ വെള്ളവും ഒപ്പം വളവുമാക്കി മാറ്റി വെള്ളം കടലിലേക്ക് ഒഴുക്കിവിടുന്ന തരത്തിലാണ് പ്ലാന്റ് വിഭാവനം ചെയ്യുന്നത്. പ്രദേശവാസികൾ പ്ലാന്റിനെക്കുറിച്ചുയർത്തുന്ന ആശങ്കകൾക്ക് വ്യക്തമായ മറുപടി നൽകുന്നതിലും അതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിലും കോർപ്പറേഷൻ പരാജയപ്പെട്ടതാണ് പ്ലാന്റ് നിർമ്മാണത്തെ പ്രതിരോധത്തിലാക്കുന്നത്.

ഡ്രൈനേജ് , മലിന ജല സംസ്ക്കരണ പ്ലാന്റുകൾ, പ പാർക്കുകൾ തുടങ്ങിയവയുടെ നിർമ്മാണത്തിന് പ്രാമുഖ്യം നൽകിക്കൊണ്ട് 2015 - 16 വർഷത്തിൽ കേന്ദ്ര സർക്കാർ ആവിഷ്ക്കരിച്ച അമ്യത് പദ്ധതിയുടെ രണ്ടാം ഘട്ടമായ അമ്യത് 2.0 യുടെ ഭാഗമായാണ് വെള്ളയിൽ മലിന ജല സംസ്കരണ പ്ലാന്റ് സ്ഥാപിക്കാനൊരുങ്ങുന്നത്.

പ്ലാന്റിനു വേണ്ടി ആദ്യ ഘട്ടത്തിൽ നടത്തിയ മണ്ണ് പരിശോധന ഉൾപ്പെടെയുള്ള നടപടികൾ പ്രദേശവാസികളിൽ നിന്നും വാർഡ് കൗൺസിലർമാരിൽ നിന്നും മറച്ചുവെച്ചു കൊണ്ടാണ് കോർപ്പറേഷൻ പദ്ധതിയുമായി മുന്നോട്ട് പോയതെന്ന് ജനകീയ സമര സമിതി പറയുന്നു.

വീടുകളിൽ നിന്ന് വിസർജ്യ മാലിന്യം പ്ലാന്റിലേക്കെത്തിക്കുന്നതിനെ സംബന്ധിച്ച് കോർപ്പറേഷൻ നൽകിയ വിശദീകരണം പ്രദേശവാസികൾക്ക് ഇതുവരെ ഉൾക്കൊള്ളാനായിട്ടില്ല.

സ്ഥല പരിമിതി മൂലം പല വീടുകളിലും കുടിവെള്ള പൈപ്പുകൾ പോലും സ്ഥാപിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. പിന്നെ എങ്ങനെ നിർദ്ദിഷ്ട പ്രൊജക്ടിൽ സെപ്റ്റിക് മാലിന്യങ്ങൾ പൈപ്പുകൾ വഴി പ്ലാന്റിലേക്കെത്തിക്കാനുള്ള നെറ്റ്വർക്കിങ്ങ് സാധാമാകുമെന്നാണ് അവർ ചോദിക്കുന്നത്.

പ്ലാന്റ് സ്ഥാപിക്കേണ്ടത് മുൻകൂട്ടി കണ്ടു കൊണ്ടാണ് തണ്ണീർതട സ്വഭാവമുള്ള ഈ പ്രദേശം കോർപ്പറേഷൻ അനധികൃതമായി മാലിന്യങ്ങൾ നിക്ഷേപിച്ച് നികത്തിക്കൊണ്ടിരുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.

പ്ലാന്റ് വന്നാൽ ചുറ്റുപാടുകളിൽ ദുർഗന്ധമുണ്ടാകുമോ, സംസ്ക്കരിച്ച ശേഷം കടലിലേക്കൊഴുക്കുന്ന വെള്ളം ഹാർബറിലേക്ക് കയറിയാൽ അത് ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുമോ തുടങ്ങിയ നാട്ടുകാരുടെ അടിസ്ഥാ നാശങ്കകൾക്ക് പോലും വിശ്വാസ്യയോഗ്യമാകുന്ന തരത്തിൽ മറുപടി നൽകാൻ അധികാരികൾക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.

വെള്ളയിൽ മലിനജല പ്ലാന്റുമായി ബന്ധപ്പെട്ട് കോർപ്പറേഷനും നാട്ടുകാരും ജനപ്രതിനിധികളും തമ്മിൽ നടന്ന ചർച്ചകൾ പരാജയപ്പെടുകയാണ് ഉണ്ടായത്. ജനങ്ങളുടെ ഉത്കണ്ഠകൾക്ക് കൃത്യമായ പരിഹാരം കാണാനാവാതെ പോയ കോർപ്പറേഷൻ സമീപനം ഹർത്താലിലേക്കും പോലീസും ജനങ്ങളുമായുള്ള സംഘർഷത്തിലേക്കും വരെ വഴിവെച്ചു.

ആവിക്കൽതോട് മലിന ജല സംസ്ക്കരണ പ്ലാന്റുമായി മുന്നോട്ട് പോകാൻ തന്നെയാണ് കോർപ്പറേഷന്റെ തീരുമാനം. എന്നാൽ പ്ലാന്റ് വന്നാൽ തീരദേശ മേഖലയിലെ കുടുംബങ്ങളുടെ സ്വൈരജീവിതം തകർക്കപ്പെടുമോ എന്ന ഭീതിയിൽ മരണം വരെ പ്ലാന്റ് വരാതിരിക്കാൻ പോരാടുമെന്ന നിശ്ചയദാർഢ്യത്തിലാണ് ജനകീയ സമരസമിതിയും നാട്ടുകാരും .

Comments