കുന്നുകളുടെ സങ്കടഹർജി സുപ്രീംകോടതി കേൾക്കുമ്പോൾ

ദേശീയ പാതകൾക്കും മറ്റും കുന്നിടിച്ചു മണ്ണെടുക്കുന്നതിന് പാരിസ്ഥികാനുമതി നിർബന്ധമാക്കി സുപ്രീ കോടതി പുറപ്പെടുവിച്ച വിധി ചരിത്രപ്രാധാന്യമുള്ളതാണെന്ന് എൻ. സുബ്രഹ്മണ്യൻ. ദേശീയപാതക്കെന്ന പേരിൽ നാട്ടിലെ ഏത് കുന്നും ഇടിച്ചു മണ്ണെടുക്കാം എന്ന നില ഈ വിധിയോടെ മാറുകയാണ്.

ദേശീയ പാതകൾക്കും മറ്റും കുന്നിടിച്ചു മണ്ണെടുക്കുന്നതിന് പാരിസ്ഥികാനുമതി നിർബന്ധമാക്കി സുപ്രീ കോടതി മാർച്ച് 21ന് പുറപ്പെടുവിച്ച വിധി ഏറെക്കാലമായി കേൾക്കാതെ പോയ കുന്നുകളുടെ കരച്ചിലിന് ഒരു അറുതി വരുത്തുമെന്ന് പ്രതീക്ഷിക്കാം.

റോഡ്, റെയിൽ, വിമാനത്താവളം പോലുള്ള നിർമ്മിതികളുടെ പ്രവൃത്തിക്ക് മണ്ണ് ഖനനം ചെയ്യുന്നതിന് മുൻകൂട്ടി പാരിസ്ഥിതികാനുമതി ആവശ്യമില്ലെന്ന കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാ മാറ്റ വകുപ്പിൻ്റെ വിജ്ഞാപനത്തിൻ്റെയും അത് അംഗീകരിച്ച ദേശീയ ഹരിത ട്രൈബ്യൂണലിൻ്റെയും നിലപാടിനെതിരെ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ചരിത്രപ്രധാനമായ വിധി.

റോഡുകൾ, റെയിൽ തുടങ്ങിയ പദ്ധതികൾക്ക് വേണ്ടി മണ്ണെടുക്കുന്നതിന് പാരിസ്ഥികാനുമതിയോ മറ്റു അനുമതികളോ ആവശ്യമില്ല എന്ന തരത്തിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം 2006- ലെ പാരിസ്ഥിതികാഘാത നിർണയ വിജ്ഞാപനത്തിൽ ഭേദദഗതി വരുത്തി 28/03/2020 ന് പുറപ്പെടുവിച്ച വിജ്ഞാപനത്തിലെ ആറാം അനുഛേദമാണ് സുപ്രീം കോടതി റദ്ദാക്കിയത്.

പ്രസ്തുത വിജ്ഞാപനത്തിനെതിരെ ദേശീയ ഹരിത ട്രിബുണലിൽ നടന്ന (OA No. 190/2020 Noble M Paikada Vs Union of India ) കേസ്സിൽ വിജ്ഞാപനം പുനഃപരിശോധിക്കാനും പാരിസ്ഥിതികമായ സുരക്ഷാ മാനദണ്ഡങ്ങൾ ഉൾപ്പെടുത്താനും ദേശീയ ഹരിത ട്രൈബ്യൂണൽ വനം പരിസ്ഥിതി മന്ത്രാലയത്തോടു നിർദേശിച്ചിരുന്നു.

എന്നാൽ പുനഃപരിശോധനക്കു പകരം ചില മാർഗരേഖകൾ മാത്രമാണ് കേന്ദ്രസർക്കാർ പുറപ്പെടുവിച്ചത്. 08/08/2022 ന് പുറപ്പെടുവിച്ച മാർഗരേഖകൾ കൂടി ഉൾപ്പെടുത്തി 30/08/2023 ന് വീണ്ടും പാരിസ്ഥികാഘാത നിർണയ വിജ്ഞാപനം ഭേദഗതി ചെയ്യുക മാത്രമാണുണ്ടായത്. തുടർന്ന്, ഹരിത ട്രൈബ്യൂണൽ ഉത്തരവിനെതിരെയും 28/03/2020-ലെ വിജ്ഞാപനം റദ്ദാക്കണം എന്നാവശ്യപ്പെട്ടും നോബിൾ എം. പൈകട (കീഴാറ്റൂർ ദേശീയപാത സമരസമിതിയുടെ ചെയർമാനായിരുന്നു അദ്ദേഹം) സുപ്രീം കോടതിയെ സമീപിച്ചു. (CA No. 1628/2021, Noble M Paikada Vs Union of India). കേസിൽ വിശദ വാദം കേട്ട സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് (Justice Abhay S Oka , Justice Sanjay Karol ) പ്രസ്തുത വിജ്ഞാപനങ്ങൾ റദ്ദാക്കി 21/03/2024 ന് വിധി പുറപ്പെടുവിച്ചു.

ഇതോടെ ദേശീയപാത, റെയിൽ, പൈപ്പ് ലൈനുകൾ എന്നിങ്ങനെയുള്ള നിർമാണ പ്രവർത്തനങ്ങൾക്ക് മണ്ണെടുക്കുന്നതിന് പാരിസ്ഥികാനുമതി (Environment Clearance) ആവശ്യമാണെന്നു സുപ്രീം കോടതി ഉറപ്പിക്കുന്നു. സർക്കാർ വിജ്ഞാപനങ്ങൾ ഏകപക്ഷീയവും പരിസ്ഥിതി സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധവുമാണെന്ന് കോടതി വ്യക്തമാക്കി.

കോവിഡ് ലോക്ക് ഡൗണിൽ നിർമാണ മേഖലകൾ മുഴുവൻ സ്തംഭിച്ചിരിക്കെ ഒരു അടിയന്തര പ്രാധാന്യവുമില്ലാത്ത സന്ദർഭത്തിൽ, പൊതുജന താത്പര്യത്തിന്റെ പേരിൽ പുറപ്പെടുവിച്ച ഈ വിജ്ഞാപനത്തിന്റെ ഉദ്ദേശ ശുദ്ധിയേയും കോടതി വിമർശിച്ചു. ഇതോടെ നാട്ടിലെ ഏത് കുന്നും ദേശീയ പാതക്ക് എന്ന പേരിൽ ഇടിച്ചു മണ്ണെടുക്കാം എന്ന നില മാറുകയാണ്.

അൽപം പശ്ചാത്തലം

കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് 2006 സെപ്റ്റംബർ 14ന് പുറപ്പെടുവിച്ച ആദ്യ പാരിസ്ഥിതിക അനുമതി നോട്ടിഫിക്കേഷൻ ക്ലോസ് രണ്ടിൽ ഇങ്ങനെ പറയുന്നു:

മുൻകൂർ പാരിസ്ഥിതിക അനുമതിയുടെ ആവശ്യകത

"1986- ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ അഞ്ചാം ചട്ട പ്രകാരം ഷെഡ്യൂളിലെ കാറ്റഗറി എ യിൽപ്പെടുന്ന പദ്ധതികൾക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെയും കാറ്റഗറി ബിയിൽപ്പെടുന്ന കാര്യങ്ങൾക്ക് സംസ്ഥാന പരിസ്ഥിതി ആഘാത നിർണയ അതോറിറ്റിയുടെയും മുൻകൂർ പാരിസ്ഥിതിക അനുമതി ആവശ്യമാണ്"
എന്നാൽ 2016 ജനുവരി 15ന് പുറപ്പെടുവിച്ച പരിഷ്കരിച്ച വിജ്ഞാപനത്തിൽ ചില ഭേദഗതികൾ മന്ത്രാലയം വരുത്തി. ക്ലോസ് 7ബിയും അനുബന്ധം ഒമ്പതും കൂട്ടിച്ചേർത്തു. പുതുതായി ചേർത്ത അനുബന്ധം ഒമ്പതിലെ ആറാം ഇനത്തിൽ ഇങ്ങനെ പറയുന്നു: "അണക്കെട്ടുകളിലെയും റിസർവോയറുകളിലെയും വെയറുകൾ, ബാരേജുകൾ പുഴ, കനാലുകൾ എന്നിവയുടെയും മെയിൻറനൻസിനും സുസ്ഥിതി നിലനിർത്തലിനും ദുരന്തനിവാരണത്തിനും പ്രത്യേക പാരിസ്ഥിതിക അനുമതി ആവശ്യമില്ല.റോഡുകൾ, പൈപ്പ് ലൈനുകൾ തുടങ്ങിയ ലീനിയർ പദ്ധതികൾക്കും മുൻകൂർ പാരിസ്ഥിതിക അനുമതി ആവശ്യമില്ല."

ഗ്രീൻ ട്രിബ്യൂണൽ ആ വിജ്ഞാപനത്തിലെ ചില ഭാഗങ്ങൾ നീക്കം ചെയ്യാൻ ഉത്തരവിട്ടെങ്കിലും അനുബന്ധം ഒമ്പത് അതേപടി നിലനിർത്തുകയാണ് ചെയ്തത്. 2020 മാർച്ച് 28ന് പുറപ്പെടുവിച്ച പുതുക്കിയ വിജ്ഞാപനത്തിൽ കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പ് അനുബന്ധം ഒമ്പതിൽ ചില കൂട്ടിച്ചേർക്കലുകൾ വരുത്തി.

ദേശീയപാതയില്‍ പണി നടക്കുന്ന പയ്യന്നൂര്‍ ബൈപ്പാസ് / Photo: Day2Day
ദേശീയപാതയില്‍ പണി നടക്കുന്ന പയ്യന്നൂര്‍ ബൈപ്പാസ് / Photo: Day2Day

13 ഇനങ്ങൾക്ക് മുൻകൂർ പാരിസ്ഥിതിക അനുമതി ആവശ്യമില്ലെന്ന് വ്യക്തമാക്കി ഭേദഗതി ചെയ്ത വിജ്ഞാപനത്തിലെ ആറാമിനത്തിൽ ഇങ്ങനെയാണ് പറയുന്നത്: "ഖനനം 'സോഴ്സിംഗ്, മണ്ണ് നീക്കം ചെയ്യൽ എന്നിവ റോഡ് ,പൈപ്പ് ലൈൻ തുടങ്ങിയ ലീനിയർ പ്രോജക്ടുകൾക്ക് ആണെങ്കിൽ അവയെ അനുമതിയിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു".
2023 ആഗസ്റ്റ് 30ന് ഈ വിജ്ഞാപനം സുപ്രീം കോടതിയിൽ കേസ് നടക്കുന്നതിനിടയിൽ വീണ്ടും ഭേദഗതി ചെയ്തു. ‘‘ആറാമിനത്തിലെ കാര്യങ്ങൾ സമയാസമയങ്ങളിൽ പുറപ്പെടുവിക്കുന്ന പരിസ്ഥിതി സുരക്ഷാ മാനദണ്ഡങ്ങളും സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജിയറും അനുസരിച്ചായിരിക്കും പാരിസ്ഥിതിക അനുമതി ആവശ്യമില്ലാതെ ഇനങ്ങളിലെ ഖനന പ്രവർത്തനങ്ങൾ’’ എന്നും അതിൽ വ്യക്തമാക്കി.

2020-ലെ വിജ്ഞാപനമാണ് നാഷണൽ ഗ്രീൻ ട്രിബ്യൂണലിൽ ചോദ്യം ചെയ്യപ്പെട്ടത്. വിജ്ഞാപനത്തിലെ അനുബന്ധം ഒമ്പതിലെ ആറാം ഇനമായ ദേശീയപാത, പൈപ്പ് ലൈൻ പോലുള്ള ലീനിയർ പ്രോജക്ടുകൾക്ക് മുൻകൂർ പാരിസ്ഥിതി അനുമതി വേണ്ട എന്ന ക്ലോസ് സംബന്ധിച്ച് എൻജിടി വിധിയിൽ ഇങ്ങനെ പറയുന്നു: "ലീനിയർ പ്രോജക്ടുകൾക്ക് മുൻകൂർ പാരിസ്ഥിതികാനുമതി ആവശ്യമില്ലെന്ന നിലപാട് മന്ത്രാലയത്തിന് എടുക്കാമെങ്കിലും ഉപാധികളില്ലാതെ ഒഴിവാക്കി കൊടുക്കൽ സാധ്യമല്ല. ഒഴിവാക്കൽ നിലനിൽക്കുന്ന വികസനത്തിന്റെ (Sustainable development) കാഴ്ചപ്പാടുകളുമായി പൊരുത്തപ്പെട്ടു പോകുന്നതാകണം. എടുക്കുന്ന മണ്ണിന്റെ അളവിനെ സംബന്ധിച്ചും ഖനനപ്രക്രിയയെ സംബന്ധിച്ചും ചില സുരക്ഷാ മാനദണ്ഡങ്ങൾ ഉണ്ടാക്കണം. അണക്കെട്ടുകൾ, ബാരേജ്, കനാൽ, നദി എന്നിവിടങ്ങളിലെ മണ്ണെടുപ്പിൽ ഖനനം ചെയ്യുന്ന സാധനങ്ങൾ ഡിസ്പോസ് ചെയ്യുന്നതിന് കൃത്യമായ മാനദണ്ഡങ്ങൾ ഉണ്ടാക്കണം".
എന്നാൽ വിജ്ഞാപനത്തിൽ ഇക്കാര്യങ്ങൾ ഒന്നും പരിഗണിച്ചിട്ടില്ല. പരിസ്ഥിതി മന്ത്രാലയം എൻജിടിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലും ഇത്തരം മാനദണ്ഡങ്ങൾ ഉണ്ടാക്കാതിരുന്നതിന് നീതീകരണങ്ങളോ കാരണങ്ങളോ വിശദീകരിച്ചിട്ടുമില്ല. ഈ സാഹചര്യത്തിൽ മൂന്നു മാസത്തിനകം വിജ്ഞാപനം പുനഃ പരിശോധിക്കണം എന്നാവശ്യപ്പെട്ടാണ് ദേശീയ ഹരിത ട്രെബ്യൂണലിൻ്റെ പ്രിൻസിപ്പൽ ബെഞ്ച് (ന്യൂ ദെൽഹി) കേസ് തീർപ്പാക്കിയത്.

എൻവയോൺമെൻറ് ക്ലിയറൻസ് ആവശ്യമില്ലെന്ന എൻ ജി ടി വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് നോബിൾ എം. പൈകട സമർപ്പിച്ച റിവ്യൂ ഹർജി 2020 ഡിസംബർ 24ന് ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഡൽഹിയിലുള്ള പ്രിൻസിപ്പൽ ബെഞ്ച് തള്ളി ഇതിനെ തുടർന്നാണ് ലീനിയർ പ്രോജക്ടുകൾക്ക് പാരിസ്ഥിതിക അനുമതി നിർബന്ധിതമാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചത്.

1986 നവംബർ 19ന് പ്രാബല്യത്തിൽ വന്ന പരിസ്ഥിതി സംരക്ഷണ നിയമം രൂപീകരിക്കാൻ ഇടയായ സാഹചര്യം സുപ്രീംകോടതിവിധിയിൽ എടുത്തു പറയുന്നുണ്ട് വർദ്ധിച്ചുവരുന്ന മലിനീകരണം സസ്യാവരണത്തിന്റെ നഷ്ടപ്പെടൽ എന്നിവ മൂലം പരിസ്ഥിതിയുടെ ഗുണനിലവാരത്തിൽ ഉണ്ടായ ഗണ്യമായ ഇടിവാണ് അത്തരമൊരു നിയമം അനിവാര്യമാക്കിയത് എന്ന് ആ നിയമത്തിന്റെ വസ്തുതകളും കാരണങ്ങളും പ്രസ്താവിക്കുന്ന ഇടത്ത് സൂചിപ്പിക്കുന്നു.

പാരിസ്ഥിതിക അപകടങ്ങളും ജീവൻരക്ഷാ സിസ്റ്റങ്ങൾക്കുള്ള ഭീഷണിയും മനുഷ്യ പരിസ്ഥിതിയെ കുറിച്ചുള്ള ഐക്യരാഷ്ട്ര സമ്മേളനത്തിൽ എടുത്ത തീരുമാനങ്ങളും ലോക സമൂഹങ്ങൾ പരിസ്ഥിതിയുടെ ഗുണനിലവാരം സംരക്ഷിക്കാനും മെച്ചപ്പെടുത്താനും അനിവാര്യമാണെന്ന് തീരുമാനിച്ചു. മുകളിൽ പ്രസ്താവിച്ച കാര്യങ്ങൾ കണക്കിലെടുത്ത് വിവിധ നിയന്ത്രണ ഏജൻസികളുടെ പ്രവർത്തനങ്ങളുടെ ഏകോപനം ഒരു അതോറിറ്റിയുടെയോ വിവിധ അധികാര സ്ഥാപനങ്ങളുടെയോ സൃഷ്ടി എന്നിവ പാരിസ്ഥിതിക സംരക്ഷണത്തെ കുറിച്ചുള്ള ഒരു പൊതു അടിയന്തര ആവശ്യമാണ്.

പരിസ്ഥിതി സംരക്ഷണം, പരിസ്ഥിതി മലിനീകരണം അപകടകരമായി കൈകാര്യം ചെയ്യുന്നതിനെതിരെ നടപടി, പരിസ്ഥിതിക്ക് ഭീഷണിയാകുന്ന അപകടങ്ങൾ ഉണ്ടായാൽ വേഗത്തിലുള്ള പ്രതികരണം ,മനുഷ്യ പരിസ്ഥിതി സുരക്ഷ, ആരോഗ്യം എന്നിവ അപകടപ്പെടുത്തുന്നവർക്കെതിരെയുള്ള നടപടികൾ എന്നിവക്ക് ഇത് സഹായിക്കുന്നു.

1986- ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിലെ റൂൾ 5 (3) പ്രകാരം ഒരു വിജ്ഞാപനത്തിന് മുമ്പ് പൊതു എതിർപ്പുകൾ ക്ഷണിക്കണം എന്ന് നിഷ്കർഷിക്കുന്നുണ്ട്. എന്നാൽ അത് മറികടന്നാണ് 2020-ലെ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത് എന്ന് കോടതി കണ്ടെത്തി.

മലിനീകരണം ഇല്ലാത്ത അന്തരീക്ഷത്തിൽ ജീവിക്കാനുള്ള അവകാശം ഭരണഘടനയുടെ ആർട്ടിക്കിൾ 21 ഉറപ്പു നൽകുന്നുവെന്നും പരിസ്ഥിതി സംരക്ഷിക്കാനും മെച്ചപ്പെടുത്താനും പൗരർക്ക് മൗലിക കടമയുണ്ട് എന്നും അതിനാൽ പൗരരുടെ പങ്കാളിത്തം നിയമങ്ങളുടെയും വിജ്ഞാപനങ്ങളുടെയും നിർമാണത്തിൽ വളരെ പ്രധാനമാണ് എന്നും അവരെ എതിർപ്പുകൾ ഉന്നയിക്കാൻ അനുവദിക്കേണ്ടത് അനിവാര്യമാണ് എന്നും കോടതി ചൂണ്ടിക്കാട്ടി.

പരിസ്ഥിതിനിയമത്തിലെ ചട്ടം അഞ്ചിലെ ഉപചട്ടം നാല് പ്രകാരമുള്ള അധികാരം ഉപയോഗിച്ച് പൊതുജനങ്ങളുടെ പങ്കാളിത്തം തടയാൻ ആവില്ല എന്നും കോടതി നിരീക്ഷിച്ചു.

റോഡുകൾ പൈപ്പ് ലൈനുകൾ പോലുള്ള ലീനിയർ പ്രോജക്ടുകൾക്ക് പാരിസ്ഥിതിക അനുമതി ആവശ്യമില്ല എന്ന ഭാഗം നീക്കം ചെയ്യുന്നതിന് മറ്റൊരു പ്രധാന അടിസ്ഥാനം കൂടി കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പദ്ധതികൾക്ക് പാരിസ്ഥിതിക അനുമതി ലഭിക്കണമെന്ന നിർബന്ധം ഉൾപ്പെടുത്തി ആദ്യ ഈസി വിജ്ഞാപനം പുറപ്പെടുവിച്ചതിന്റെ ലക്ഷ്യം തന്നെ പദ്ധതികൾ നടപ്പിലാക്കുമ്പോൾ പരിസ്ഥിതിക്കുണ്ടാകുന്ന നാശനഷ്ടങ്ങൾ പരമാവധി കുറക്കണം എന്നതായിരുന്നു.

ആദ്യ ഈസി വിജ്ഞാപനത്തിൽ ഈസി ലഭിക്കേണ്ടതിന്റെ ആവശ്യകതയുമായി അനുബന്ധം 9 ഉൾപ്പെടുത്തി ഒരു അപവാദം ഉണ്ടാക്കാൻ ശ്രമിക്കുമ്പോൾ ഒഴിവാക്കൽ നിർദ്ദിഷ്ടമായിരിക്കണം. ഇനം ആറ് റോഡുകൾ പൈപ്പ് ലൈനുകൾ മുതലായവ പോലുള്ള ലീനിയർ പ്രോജക്ടുകൾക്കായി സാധാരണ മണ്ണ് വേർതിരിച്ചു എടുക്കുന്നതിനോ ഉറവിടമാക്കുന്നതിനോ കടമെടുക്കുന്നതിനോ ഇളവ് നൽകുന്നു.

സാധാരണ ഭൂമിയുടെ അളവ് സംബന്ധിച്ച് ഒരു സ്പെസിഫിക്കേഷൻ ഇവിടെ രേഖപ്പെടുത്തിയിട്ടില്ല . സാധാരണ മണ്ണ് വേർതിരിച്ചെടുക്കാൻ ഉപയോഗിക്കാവുന്ന പ്രദേശത്തിന്റെ പ്രത്യേകതകളൊന്നും വിജ്ഞാപനത്തിൽ രേഖപ്പെടുത്തിയിട്ടില്ല. ദേശീയ പദ്ധതികൾ നടപ്പിലാക്കാൻ ആവശ്യമായ സാധാരണ മണ്ണിൻറെ അളവ് മാത്രമേ ഒഴിവാക്കൂ എന്നും പറഞ്ഞിട്ടില്ല.

ലീനിയർ പ്രോജക്ടുകൾ എന്തെന്ന് വിജ്ഞാപനത്തിൽ നിർവചിച്ചിട്ടില്ല. നിർവചനം കൂടാതെ ഏതൊക്കെ പ്രോജക്ടുകളെ ലീനിയർ പ്രോജക്ടുകൾ എന്ന് വിളിക്കാം എന്ന് സങ്കൽപ്പിക്കുക പ്രയാസമാണ്. ലീനിയർ പ്രോജക്ടുകൾ എന്ന പദം അവ്യക്തമാണ്. അതിനാൽ ഇനം 6 തികച്ചും മാർഗ്ഗനിർദ്ദേശം ഇല്ലാതെയുള്ള തുറന്ന ഒഴിവാക്കലിന്റെ ഒരു കേസാണ്. അത് ഭരണഘടനയുടെ ആർട്ടിക്കിൾ 14 ൻ്റെ ലംഘനവുമാണ്. ഒരു പ്രത്യേക ലീനിയർ പ്രോജക്ട് ഇനം ആറിൽ ഉൾപ്പെടുത്തിയിട്ടുണ്ടോ എന്ന് തീരുമാനിക്കുന്ന അതോറിറ്റി രൂപീകരിക്കുന്നതിനും വിജ്ഞാപനത്തിൽ വ്യവസ്ഥ ഇല്ല .

അപ്പീലുകൾ തീർപ്പാക്കാതെ കോടതിയുടെ പരിഗണനയിൽ നിൽക്കുന്ന സമയത്ത് 2023 ഓഗസ്റ്റ് 30ന് വീണ്ടും ഒരു വിജ്ഞാപനം കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് പുറപ്പെടുവിച്ചു. ഇനം ആറിൽ ഒരു ഭേദഗതി വരുത്തി. ഭേദഗതി വരുത്തിയ വിജ്ഞാപനത്തിൽ പോലും ലീനിയർ പ്രോജക്ടുകളുടെ ആശയം വിശദീകരിക്കുന്നില്ല.

ഒരേയൊരു കൂട്ടിച്ചേർക്കൽ നടത്തിയത് എക്സ്ട്രാക്ഷൻ സോഴ്സിംഗ് എന്നിവ കാലാകാലങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് പുറപ്പെടുവിക്കുന്ന സ്റ്റാൻ്റേഡ് ഓപറേറ്റിംഗ് പ്രക്രിയയും പാരിസ്ഥിതിക സുരക്ഷയും പാലിക്കുന്നതിന് വിധേയമായിരിക്കും എന്നത് മാത്രമാണ് അതിൽ പറഞ്ഞത്.

നടപടികൾ നൽകാനുള്ള അധികാരം വ്യക്തമാക്കിയിട്ടില്ല. പരിസ്ഥിതി സംരക്ഷണം നടപ്പാക്കാൻ വ്യവസ്ഥ ചെയ്തിട്ടില്ല. രേഖീയ പദ്ധതികൾക്കായി വേർതിരിച്ചെടുക്കാൻ കഴിയുന്ന സാധാരണ മണ്ണിന്റെ അളവിൽ യാതൊരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ല. അതിനാൽ ഭരണഘടനയുടെ ആർട്ടിക്കിൾ 14 നിരോധിക്കുന്ന സ്വേച്ഛാധിപത്യത്തിന്റെ അതേ ദുഷ്ഫലം ഭേദഗതി ചെയ്ത ഇനം ആറുപോലും അനുഭവിക്കുന്നു എന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

ഈ സാഹചര്യത്തിലാണ് 2020 മാർച്ച് 28ലെ ചോദ്യം ചെയ്യപ്പെട്ട വിജ്ഞാപനത്തിന്റെ അനുബന്ധം ഒമ്പതിലെ ഇനം ആറിന്റെയും 2023 ഓഗസ്റ്റ് 30ലെ ഭേദഗതി വരുത്തിയ നോട്ടിഫിക്കേഷൻ ഇനം ആറിന്റെയും റദ്ദാക്കൽ സുപ്രീം കോടതി പ്രഖ്യാപിച്ചത്.

Comments