ബ്രഹ്മപുരത്തെ പുകയിൽ മുഖ്യമന്ത്രി മറച്ചുപിടിക്കുന്ന ഭരണകൂടമാലിന്യം

ബ്രഹ്മപുരം തീപിടുത്തത്തിന്റെ 13-ാം ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ നടത്തിയ പ്രസ്താവന ഏറെ കരുതലോടെ തയാറാക്കിയതാണ് എന്ന് വ്യക്തം. ഈ കുറ്റകൃത്യത്തിന്റെ യഥാർഥ ഉത്തരവാദികളെ മറച്ചുപിടിക്കുന്ന ഒരു കരുതൽ. സംസ്ഥാന സർക്കാർ മുതൽ കൊച്ചി കോർപറേഷൻ വരെയുള്ള ഭരണകൂടങ്ങൾ എങ്ങനെയാണ് കഴിഞ്ഞ 13 ദിവസം 'കാര്യക്ഷമമായി' പ്രവർത്തിച്ചത് എന്ന് മുഖ്യമന്ത്രി വിശദമായി പറഞ്ഞു. എന്നാൽ, കാൽനൂറ്റാണ്ടിലെ ബ്രഹ്മപുരത്തിന്റെ ചരിത്രം, വലിയ അഴിമതികളുടെയും ഭരണകൂടങ്ങൾ നടത്തിയ നിയമലംഘനങ്ങളുടെയുമാണ്. ഈ സത്യം കണ്ടെത്താൻ ഇനിയൊരു അന്വേഷണത്തിന്റെ പോലും ആവശ്യമില്ല. ബ്രഹ്മപുരവുമായി ബന്ധപ്പെട്ട ഔദേ്യാഗിക നടപടിക്രമങ്ങൾ പരിശോധിച്ചാൽ മാത്രം മതി. അപ്പോൾ തെളിഞ്ഞുവരും, ബ്രഹ്മപുരത്ത് എത്രമാത്രം യു.ഡി.എഫ് മാലിന്യമുണ്ട്, എത്രമാത്രം എൽ.ഡി.എഫ് മാലിന്യമുണ്ട്, എത്രമാത്രം കോർപറേഷൻ മാലിന്യമുണ്ട് എന്ന കാര്യം. മാത്രമല്ല, ഭരണകൂടങ്ങളെ വിലയ്‌ക്കെടുക്കാൻ പ്രാപ്തിയുള്ള അഴിമതി സംഘങ്ങൾ, ഇടതുവലതുമുന്നണികളെ എങ്ങനെ ഒരു ഐക്യമുന്നണിയായി മാറ്റിയെന്നും വ്യക്തമാകും. മുഖ്യമന്ത്രി ഇപ്പോൾ പ്രഖ്യാപിച്ച വിദഗ്ധ അന്വേഷണത്തിന്റെ ടേംസ് ഓഫ് റഫറൻസിൽ പറയുന്ന കാര്യങ്ങൾ കൊച്ചിയിലെ മനുഷ്യരുടെ ക്ഷമ പരീക്ഷിക്കുന്നവയാണ്. കാരണം, എത്രയോ വട്ടം അവർ ഇതെല്ലാം കേട്ടിരിക്കുന്നു.

കൊച്ചി കോർപറേഷന്റെ വലിയൊരു കുറ്റകൃത്യത്തെക്കുറിച്ച് മുഖ്യമന്ത്രി പ്രസ്താവനയിൽ പറയുന്നുണ്ട്: ജൈവ മാലിന്യ സംസ്‌കരണ പ്ലാന്റ് അറ്റകുറ്റപ്പണി നടത്താത്തതിനാൽ 10 വർഷം കൊണ്ട് 5,59,000 ടൺ മാലിന്യം കുമിഞ്ഞുകൂടി. ഈ മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കാൻ ദേശീയ ഹരിത ട്രിബ്യൂണൽ ഉത്തരവിട്ടു. ഈ ഉത്തരവ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട അജണ്ട തീരുമാനമെടുക്കാതെ 23 തവണയാണ് കോർപറേഷൻ കൗൺസിൽ മാറ്റിവച്ചത്. തുടർന്ന്, 2019ൽ സംസ്ഥാന സർക്കാർ ഇടപെട്ട് തുടങ്ങിയ ബയോ മൈനിംഗിന്റെ 30 ശതമാനം മാത്രമാണ് പൂർത്തീകരിച്ചത്.

ജൈവ മാലിന്യ സംസ്‌കരണ പ്ലാന്റ് മാത്രമുള്ള ബ്രഹ്മപുരത്തേക്ക് പ്ലാസ്റ്റിക് മാലിന്യം കൊണ്ടുപോകുന്നതിന്റെ അപകടം ദേശീയ ഹരിത ട്രൈബ്യൂണൽ അടക്കമുള്ളവർ നിരവധി തവണ ചൂണ്ടിക്കാണിച്ചിട്ടും അത് നിർബാധം തുടരാനായത് എങ്ങനെയാണ്?

ഖരമാലിന്യ സംസ്‌കരണ നിയമത്തിലെ ഒരു വ്യവസ്ഥയും പാലിക്കാതെയാണ് ബ്രഹ്മപുരം ഖരമാലിന്യ പ്ലാന്റ് പ്രവർത്തിക്കുന്നത് എന്ന് ഹൈകോടതി നിയോഗിച്ച സമിതി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൊച്ചി കോർപറേഷനല്ലാതെ ആരാണ് ഇതിൽ പ്രതി?

വികേന്ദ്രീകൃത മാലിന്യ നിർമാർജനം ഒരു നയമായി സ്വീകരിക്കുകയും അതിന് വിജയകരമായ മോഡലുകൾ വികസിപ്പിച്ചെടുക്കുകയും ചെയ്ത ഒരു നാട്ടിൽ എങ്ങനെയാണ് ഒരു കോർപറേഷനിലെയും അഞ്ച് മുനിസിപ്പാലിറ്റികളിലെയും രണ്ട് പഞ്ചായത്തുകളിലെയും മാലിന്യം ബ്രഹ്മപുരത്ത് കുമിഞ്ഞുകൊണ്ടിരിക്കുന്നത്? വേർതിരിച്ചെടുത്ത് ശേഖരിക്കുന്ന മാലിന്യം ബ്രഹ്മപുരത്തെത്തുമ്പോൾ കൂടിക്കലർന്ന് ഒന്നായി മാറുന്നത് എങ്ങനെയാണ്?

അതായത്, സംസ്ഥാന സർക്കാറിന്റെയും കൊച്ചി കോർപറേഷന്റെയും ശ്രദ്ധയിൽ വരുന്നവിധം രണ്ടു പതിറ്റാണ്ടായി പുകഞ്ഞുകത്തിക്കൊണ്ടിരുന്ന ഒന്നാണ് ബ്രഹ്്മപുരത്തെ മാലിന്യപ്രശ്‌നം. അതിനോടുള്ള ഭരണകൂടങ്ങളുടെ ക്രൂരമായ നിസ്സംഗതയെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണ് ചെയ്യുന്നത്. 2005ലെ ഡിസാസ്റ്റർ മാനേജുമെന്റ് ആക്റ്റ് ബ്രഹ്മപുരത്തെ മാലിന്യ സംസ്‌കരണത്തിന് ബാധകമാക്കിയത്, ആദ്യ പിണറായി സർക്കാറിന്റെ കാലത്താണ്. ദുരന്തമുണ്ടായശേഷം ആക്റ്റ് ചെയ്യാനുള്ള നിയമം മാത്രമാണോ ഇത് എന്ന് മുഖ്യമന്ത്രി തന്നെയാണ് പറയേണ്ടത്.

കത്തിയ മാലിന്യങ്ങളിൽനിന്ന് പുറത്തുവരുന്ന, ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന രാസപദാർഥങ്ങൾ, അവ ജലം, വായു, മണ്ണ് തുടങ്ങിയ വിവിധ സ്രാതസ്സുകളിൽ കലരാനും സമീപ ജില്ലകളിലേക്ക് വ്യാപിക്കാനുമുള്ള സാധ്യത, ഇത് കോവിഡാനന്തര രോഗാതുരതയെ സ്വാധീനിക്കാനിടയുണ്ടോ തുടങ്ങി ആരോഗ്യസുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകൾ വിദഗ്ധർ ഉയർത്തിയിട്ടുണ്ട്. ഇത്, ആരോഗ്യപ്രശ്‌നം എന്നതുപോലെ, ഒരു മനുഷ്യാവകാശപ്രശ്‌നം കൂടിയാണ്. കാരണം, ദുരന്ത നിവാരണ നിയമം ബാധകമായ ഒരിടത്ത്, ഇത്തരമൊരു ദുരന്തസാധ്യത സൃഷ്ടിച്ചതിന്റെ ഉത്തരവാദി ആരാണ്?

മാത്രമല്ല, ബ്രഹ്മപുരത്തെ ഒരു പാഠമാക്കി, ഒരു സംസ്ഥാനതല കർമപദ്ധതി മുഖ്യമന്ത്രി അവതരിപ്പിക്കുന്നുണ്ട്. എന്നാൽ, ഇത് ബ്രഹ്മപുരത്തെ പുകയുടെ മറവിൽ ഏറ്റെടുക്കേണ്ട കാര്യമില്ല. ശുചിത്വ മിഷൻ വെബ്‌സൈറ്റിൽ പറയുന്ന മാലിന്യമുക്തമായ സുന്ദര സുരഭില കേരളത്തിനുവേണ്ടിയുള്ള നയപ്രഖ്യാപനം മുഖ്യമന്ത്രി ഒന്ന് വായിച്ചുനോക്കിയാൽ മാത്രം മതി. ഇപ്പോൾ പ്രഖ്യാപിച്ച കർമപദ്ധതി, ഇതിലും വിപുലമായി ആ വെബ്‌സൈറ്റിലുണ്ട്. അത്, ഒരു വെർച്വൽ റിയാലിറ്റിയായി മാറിയതിന്റെ ഉത്തരവാദി ആരാണ്?

മുഖ്യമന്ത്രി ഇന്ന് നിയമസഭയിൽ ആഹ്വാനം ചെയ്ത, മാലിന്യ സംസ്‌കരണത്തിനുവേണ്ടിയുള്ള ജനകീയ യത്‌നം കേരളം മുമ്പേ ഏറ്റെടുത്ത ഒന്നാണ്. അതിലും ഇടതുപക്ഷം ഭരിക്കുന്ന തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് നേതൃപരമായ പങ്കുണ്ട് എന്നതും വസ്തുതയാണ്. മാലിന്യസംസ്‌കരണത്തിനുവേണ്ടി കേരളം നടത്തുന്ന ഇടപെടലുകളെ മുഖ്യമന്ത്രി മറച്ചുപിടിച്ചത് എന്തിനാണ്?. മാത്രമല്ല, ഈ പ്രാദേശിക ഇടപെടലുകൾക്കുമേൽ ലോകബാങ്കിനെപ്പോലൊരു ഏജൻസിയെ പ്രതിഷ്ഠിക്കാനുള്ള തീരുമാനം സംശയകരം കൂടിയാണ്.

ഗ്രാമീണ- നഗര മേഖലകളിൽ പ്രവർത്തിക്കുന്ന ഹരിതകർമ സേന മുതൽ വികേന്ദ്രീകൃത മാലിന്യ സംസ്‌കരണത്തിനും ഉറവിട മാലിന്യ സംസ്‌കരണത്തിനുമൊക്കെയുള്ള നിരവധി പ്രായോഗിക മോഡലുകൾ വികസിപ്പിച്ചെടുത്ത നാടാണിത്. ആലപ്പുഴയാണ്, ഏറ്റവും ജനകീയമായ ഒരിടപെടൽ നടത്തിയ ഒരിടം. 2012നുശേഷം ആലപ്പുഴയുടെ മാലിന്യനിക്ഷേപ കേന്ദ്രമായ സർവോദയപുരത്തേക്ക് ഒരു ലോഡ് മാലിന്യം പോലും നഗരത്തിൽനിന്ന് കൊണ്ടുപോയിട്ടില്ല എന്നും എന്നിട്ടും, ആലപ്പുഴ നഗരം വൃത്തിയായി കിടക്കുന്നു എന്നും, ഈ മോഡലിന് നേതൃത്വം നൽകുന്ന ഡോ. തോമസ് ഐസക് പറയുന്നു. ആലപ്പുഴ മോഡൽ തിരുവനന്തപുരം നഗരസഭ അടക്കമുള്ള പല തദ്ദേശ സ്ഥാപനങ്ങളും ഏറ്റെടുക്കുകയും ചെയ്തിരുന്നു. കണ്ണൂരിലെ ആന്തൂർ നഗരസഭ, പാലക്കാട്ടെ പുതുപ്പരിയാരം, ആലത്തൂർ പഞ്ചായത്തുകൾ, തൃശൂരിലെ കുന്നംകുളം നഗരസഭ എന്നിവിടങ്ങളിലെ പദ്ധതികൾ, പത്തനംതിട്ട ജില്ലയിലെ പഞ്ചായത്തുകളിൽ തുടക്കം കുറിച്ച കാമ്പയിൻ തുടങ്ങി നിരവധി വിജയകഥകൾ മുന്നിലുണ്ട്. ഇവയെയെല്ലാം മറന്ന്, ബ്രഹ്മപുരത്തെ മുൻനിർത്തി 'അപ്പോൾ നമുക്ക് ഇറങ്ങുകയല്ലേ' എന്ന മട്ടിലുള്ള തുടക്കം, ഇതുവരെയുള്ള കുറ്റകൃത്യങ്ങളെ കൂടി മറന്നേക്കൂ എന്ന പ്രഖ്യാപനം കൂടിയാണ്. അത്, വകവച്ചുകൊടുക്കാൻ കേരളത്തിനാകില്ല.


കെ. കണ്ണൻ

ട്രൂകോപ്പി എക്സിക്യൂട്ടീവ് എഡിറ്റർ.

Comments