ബ്രഹ്മപുരം തീപിടിത്തത്തിന് 11 ദിവസം പിന്നിട്ടു. വിഷപ്പുകയിൽ ശ്വാസംമുട്ടി കഴിയുകയാണ് കൊച്ചിയിലെ മനുഷ്യർ. പുക മൂടിക്കിടക്കുകയാണ്, ബ്രഹ്മപുരത്തെ യഥാർഥ ദുരന്തക്കാഴ്ചകൾ ഇപ്പോഴും.
ഒരു സുപ്രഭാതത്തിലല്ല ബ്രഹ്മപുരത്ത് തീപിടുത്തമുണ്ടാവുന്നത്. കാലങ്ങളായി ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കപ്പെടുന്നുണ്ട്. അപ്പോൾ, എന്തുകൊണ്ട് കൃത്യമായ പരിഹാരം അസാധ്യമാകുന്നു എന്നത് വലിയൊരു പോരായ്മ തന്നെയാണ്. ‘കേരള മോഡൽ’ എന്ന കോൺസെപ്റ്റിൽനിന്ന് ‘നവകേരളം’ എന്ന ആശയമാണ് ഭരണകൂടം ഇപ്പോൾ മുന്നോട്ടുവക്കുന്നത്. ആരോഗ്യകരമായ ഒരു സമൂഹത്തിനുവേണ്ട അടിസ്ഥാന ഉപാധികളിൽ ഒന്നായ മലിനീകരണ നിയന്ത്രണ വിഷയത്തിൽ ഇതാണോ ‘നവകേരളം’ ഉയർത്തിപ്പിടിക്കേണ്ട മോഡൽ എന്ന ചോദ്യമാണ് ബ്രഹ്മപുരത്തെ മുൻനിർത്തി ഉയർത്തേണ്ടത്.
ബ്രഹ്മപുരം തീപിടുത്തത്തെ സ്വാഭാവികമായ പാരിസ്ഥിതിക പ്രതിഭാസമായി വിലയിരുത്താനാവില്ല. നിക്ഷിപ്ത താല്പര്യങ്ങളുടെ പേരിൽ സ്വയം വിളിച്ചു വരുത്തിയ ദുരന്തമായി മാത്രമേ ബ്രഹ്മപുരത്തെ കാണാനാവൂ. അതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന്, ഭരണകൂടങ്ങൾ അടക്കമുള്ള ഔദ്യോഗിക സംവിധാനങ്ങൾക്ക് ഒഴിഞ്ഞുമാറുക സാധ്യമല്ല.
മനോഹരമായ ഒരു പ്രദേശത്തെ കൊച്ചിയുടെ മാലിന്യ കൂമ്പാരമാക്കി മാറ്റിയതിലുള്ള ഭരണസംവിധാനത്തിന്റെ പങ്കാളിത്തം വലുതാണ്. യഥാർത്ഥത്തിൽ ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാൻറ് എന്നൊന്നുണ്ടോ? അവിടുത്തെ പ്രവർത്തനങ്ങൾ എങ്ങനെയാണ്? ശാസ്ത്രീയമായ മാലിന്യ സംസ്കരണ രീതികൾ തന്നെയാണോ അവിടെ അവലംബിക്കുന്നത്?
ആർക്കും ഉത്തരമില്ല.
ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാൻറ് ഒരു മിഥ്യാധാരണയാണ്. എറണാകുളം ജില്ലയുടെ പല ഭാഗങ്ങളിൽ നിന്നുള്ള മാലിന്യം ശേഖരിച്ച്, ഒരുവിധ ശാസ്ത്രീയ തരംതിരിവും നടത്താതെ ഏക്കർ കണക്കിന് പ്രദേശത്ത് നിക്ഷേപിക്കുന്നതാണോ സംസ്കരണ പ്രക്രിയ? എന്തുകൊണ്ട് അവിടെ ശേഖരിക്കപ്പെടുന്ന മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കപ്പെടുന്നില്ല? എന്തുകൊണ്ട് പുനരുപയോഗിക്കാൻ സാധിക്കുന്നില്ല? പ്ലാസ്റ്റിക്കിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കും എന്ന പ്രഖ്യാപനം വാചക കസർത്തായി മാത്രം കണ്ടാൽ മതിയോ? ഇത്തരം ചോദ്യങ്ങൾക്കൊക്കെ ആരാണ് കൃത്യമായ മറുപടി നൽകുക?
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ടുപ്രകാരം, ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാൻറ് പ്രവർത്തിക്കുന്നത് അശാസ്ത്രീയമായ രീതിയിലാണ്. 2016ലെ സോളിഡ് വേസ്റ്റ് മാനേജ്മെൻറ് ചട്ടങ്ങളുടെ പ്രത്യക്ഷമായ ലംഘനം ഇവിടെ കാണാം. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി പോലുമില്ലാതെയാണ് പ്ലാൻറ് പ്രവർത്തിക്കുന്നത്.
മാലിന്യം കൃത്യമായ രീതിയിൽ സംസ്കരിച്ചില്ലെങ്കിൽ അതുണ്ടാക്കുന്ന പാരിസ്ഥിതിക വിപത്ത് വലുതായിരിക്കും. എറണാകുളം പോലൊരു ഇത്രയും വലിയ പ്രദേശത്തെ മാലിന്യം കേവലമൊരു സ്ഥലത്ത് തള്ളപ്പെടുമ്പോൾ ആ മേഖലയുടെ പാരിസ്ഥിതിക പ്രശ്നങ്ങൾ, ജനങ്ങൾക്കുണ്ടാകുന്ന ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ എന്നിവ കൂടി പരിഗണിക്കപ്പെടണം. കേവലമൊരു സ്ഥലത്തെ മാത്രം ആശ്രയിച്ചാവരുത് മാലിന്യ സംസ്കരണ രീതി. നമ്മുടെ മാലിന്യ സംസ്കരണ രീതി 19-ാം നൂറ്റാണ്ടിൽ നിന്ന് വണ്ടി പിടിച്ചു വന്നിട്ടില്ല. അത്രയും പഴഞ്ചനും ശാസ്ത്രീയ പിൻബലവുമില്ലാവയുമാണ് അവ. ഇത്രയും പ്രശ്നങ്ങൾക്കിടയിലും എറണാകുളത്തെ മാലിന്യങ്ങൾ മൊത്തം വീണ്ടും ബ്രഹ്മപുരത്തേക്ക് തള്ളാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അവിടെ മാലിന്യം കൂട്ടിയിടുന്നതിനുപകരം യഥാക്രമം സംസ്കരിക്കാൻ നടപടി സ്വീകരിക്കേണ്ട? പ്രദേശവാസികളുടെ ആശങ്കക്ക് കൃത്യമായ പരിഹാരം വേണം..
ഒരു ദുരന്തമുണ്ടായാലല്ലാതെ ഇത്തരം പ്രശ്നങ്ങൾ ഭരണകൂട സംവിധാനങ്ങളുടെ ആലോചനാവിഷയമാകുന്നില്ല എന്നതാണ് ഏറെ ലജ്ജാകരം. തീപിടുത്തം ആവർത്തിക്കപ്പെട്ടപ്പോഴാണ് ബ്രഹ്മപുരം ചർച്ചയായത്. അപകടം സംഭവിച്ച ശേഷമാത്രം അതിന്റെ തോത് ലഘൂകരിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത് എന്തുമാത്രം അശാസ്ത്രീയമാണ് എന്നത്, കഴിഞ്ഞ 11 ദിവസങ്ങളിലൂടെ തെളിഞ്ഞുകഴിഞ്ഞു. ഇതിൽ അധികാരികളുടെ വീഴ്ച തള്ളിക്കളയാനാവില്ല. അതിന്റെ ഉത്തരവാദിത്തം ഏഴുമാസം മുമ്പ് കലക്ടറായി വന്ന രേണു രാജിന്റെ തലയിൽ കെട്ടിവെച്ച് കൈകഴുകാനുള്ള ശ്രമവും കണ്ടു. കോപ്പറേഷനും ജനപ്രതിനിധികളും, മറ്റു ഭരണസംവിധാനങ്ങളും ഇതുവരെ ചെയ്ത കാര്യങ്ങളെക്കുറിച്ച് ഒരു പരിശോധന ആവശ്യമാണ്. മാലിന്യ സംസ്കരണ ടെൻഡർ ഏറ്റെടുത്ത സ്ഥാപനത്തിന്റെയടക്കം, ഇതിനുപിന്നിൽ നിന്ന് ചരടുവലിച്ച ഓരോരുത്തരുടെയും പേരിൽ നിയമപരമായ നടപടി സ്വീകരിക്കണം.
ഇത്രയും വിസ്തൃതമായൊരു പ്രദേശത്ത്, യാതൊരു സുരക്ഷാ മാനദണ്ഡവും പാലിക്കാതെ, നിരീക്ഷണ ക്യാമറകളിൽ പോലും പതിയാതെ ഇത്തരമൊരു (അവ പ്രവർത്തിക്കുന്നുണ്ടോ?) സംഭവം നടന്നിട്ടുണ്ടെങ്കിൽ, അതിനുപിന്നിൽ ചില നിക്ഷിപ്ത താൽപര്യങ്ങളുണ്ടാവും എന്നുറപ്പാണ്. അഴിമതിയും കെടുകാര്യസ്ഥതയും തുടർക്കഥയാവുമ്പോൾ വീണ്ടും ഇത്തരം പ്രശ്നങ്ങൾ ആവർത്തിക്കപ്പെട്ടേക്കാം.
ഏത് പാരിസ്ഥിതിക ദുരന്തത്തിന്റെയും ഇരകൾ, പാർശ്വവൽകൃതരായ മനുഷ്യരായിരിക്കും. ബ്രഹ്മപുരത്തെ വിഷപ്പുക കുഞ്ഞുങ്ങളും വയോധികരും രോഗികളുമടക്കം വലിയൊരു വിഭാഗം ആളുകളെ സാരമായി ബാധിക്കുന്നു. പുക നിയന്ത്രണവിധേയമാണെന്ന് പറയുമ്പോഴും, രണ്ടാഴ്ച വിഷപ്പുക ശ്വസിച്ചതുമൂലം ഇത്തരം വിഭാഗക്കാർക്കുണ്ടായ, ഭാവിയിൽ ഉണ്ടാകാനിടയുള്ള ആരോഗ്യപ്രശ്നങ്ങളുടെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കും? ആശങ്കപ്പെടേണ്ട എന്ന ‘ഉറപ്പി’ന് ഇപ്പോൾ ജനങ്ങളെ സമാധാനിപ്പിക്കാവില്ല. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ബ്രഹ്മപുരത്തും സമീപത്തും താമസിക്കുന്ന ജനങ്ങളുടെ ആരോഗ്യസ്ഥിതി വിലയിരുത്തുന്നതിന് മെഡിക്കൽ ഡ്രൈവ് നടത്തുന്നത് നല്ലതാണ്. വിഷപ്പുകയും മറ്റും ഉണ്ടാക്കിയേക്കാവുന്ന ആരോഗ്യപ്രശ്നങ്ങൾ മുൻകൂർ കണ്ട് പരിഹാരം കാണേണ്ടിയിരിക്കുന്നു.
‘എനിക്ക് ശ്വസിക്കാൻ പറ്റുന്നില്ല, കൊച്ചി ഉപേക്ഷിച്ചു പോകുന്നു / പോകാം’ പോലുള്ള #ടാഗുകൾ ശ്രദ്ധയിൽപ്പെട്ടു. എത്രകാലം നിങ്ങൾ ഓടിയൊളിക്കും? ഒരുനേരത്തെ അന്നത്തിന് നെട്ടോട്ടമോടുന്ന ജനതയ്ക്ക് ഒരു സുപ്രഭാതത്തിൽ ഈ നാടുവിട്ടു പോകാൻ പറ്റുമോ? ഇല്ല എന്നാണ് ഉത്തരം. ജനകീയവും ശാസ്ത്രീയവുമായ മുൻകൈയിലുള്ള പരിഹാരത്തെക്കുറിച്ച് ചിന്തിക്കാനുള്ള മുന്നറിയിപ്പുകൂടിയായി ഈ ദുരന്തത്തെ ഭരണകൂടം കണക്കിലെടുക്കേണ്ടതുണ്ട്. നിയമാനുസൃത രീതിയിൽ, ശാസ്ത്രീയമായ നടപടി ക്രമത്തിലൂടെ, സുരക്ഷാ സംവിധാനങ്ങളുടെ പിൻബലത്തിൽ, വെറുമൊരു മാലിന്യ കൂമ്പാരമെന്നതിനപ്പുറമായി മാലിന്യ സംസ്കരണ പ്ലാന്റെന്ന രീതിയിലേക്ക് ബ്രഹ്മപുരം മാറട്ടെ. (ബ്രഹ്മപുരത്തെ മാത്രം ആശ്രയിക്കാതെ, ജനവാസമില്ലാത്ത മറ്റു മേഖലകളിൽ ഇതിന്റെ സാധ്യത പരിശോധിക്കണം )
സംസ്ഥാനത്തുടനീളമുള്ള മാലിന്യ സംസ്കരണ പ്ലാന്റുകളിൽ നടപടിക്രമം പാലിക്കപ്പെടുന്നുണ്ടോയെന്നു കൂടി ഉറപ്പുവരുത്തണം.