ബ്രഹ്മപുരമെന്ന ടോക്സിക് ബോംബ്

നഗരമായാലും ഗ്രാമമായാലും ഉറവിടത്തിൽ തന്നെ മാലിന്യം സംസ്കരിക്കുന്നതാണ് ഏറ്റവും ശാസ്ത്രീയമായ രീതി. ഒരോ വീട്ടിലും ജൈവ മാലിന്യങ്ങൾ സംസ്കരിക്കാനുളള ബയോകമ്പോസ്റ്റിംഗ് ഉപകരണങ്ങൾ നൽകണം. അജൈവമാലിന്യങ്ങൾ ഉറവിടത്തിൽ നിന്ന് ശേഖരിച്ച് തരം തിരിച്ച് പുനരുപയോഗ പുന: ചംക്രമണ രീതി അവലംബിക്കണം. പൊലൂട്ടർ പെയ്സ് പ്രിൻസിപ്പളും , ടെയ്ക്ബാക്ക് പോളിസിയും പ്ലാസ്റ്റിക്കിന്റെ കാര്യത്തിൽ പതിയെ പ്രയോഗത്തിൽ കൊണ്ടുവരണം.

ഴിഞ്ഞ നാലഞ്ചു ദിവസമായി വടവുകോട്-പുത്തൻ കുരിശ് പഞ്ചായത്തിൽ കടമ്പ്രയാറിന്റെ തീരത്തായി 108 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന പ്ലാസ്റ്റിക്കടക്കമുള്ള വ്യത്യസ്തതരം മാലിന്യ കുമ്പാരത്തിന് തീപിടിച്ച് നഗരമാകെ വിഷപുകനിറഞ്ഞ് ജനങ്ങളുടെയും ജീവിവർഗ്ഗങ്ങളുടെയും ആരോഗ്യത്തിന് ഗുരുതരമായ ഭീക്ഷണി ഉയർത്തുകയാണ്. ഭരണകൂടത്തിന്റെ നിരുത്തരവാദിത്വത്തിൽ നിന്നും രൂപം കൊണ്ട, അല്ലെങ്കിൽ ബോധപൂർവ്വം സൃഷ്ടിച്ച ടോക്സിക് ബോംബു തന്നെയാണിത്. വിഷപുക നേരിട്ടു ബാധിക്കുന്ന ഇൻഫോപാർക്ക്, കലൂർ, വൈറ്റില, പാലാരിവട്ടം, കുണ്ടന്നൂർ, മരട്, തേവര, തോപ്പും പടി, ഫോർട്ടു കൊച്ചി ഇവിടെയെല്ലാമുളള മനുഷ്യരടക്കമുള്ള ജീവജാലങ്ങളുടെ ആരോഗ്യത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന കാര്യത്തിൽ തർക്കമുണ്ടാകില്ല.

പ്ലാസ്റ്റിക് മാലിന്യം കത്തുമ്പോൾ

ബ്രഹ്മപുരത്തെ മാലിന്യസംഭരണ കേന്ദ്രത്തിൽ കുമിഞ്ഞുകൂടി കിടക്കുന്ന വ്യത്യസ്ത തരത്തിലുള്ള ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യം കത്തുമ്പോൾ ഉണ്ടാകുന്ന വിഷപുകയിൽ അടങ്ങിയിട്ടുളള ഉഗ്രവിഷങ്ങളായ പോളിക്ലോറിനേറ്റഡ് ബൈ ഫിനയൽസ് (polychlorinated biphenys), പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാർബൺസ് (polycyclic aromatic hydrocarbons) ഡയോക്സിൻ, ഫ്യൂറാൻസ്, നൈട്രജൻ ഓക്‌സൈഡ്, സൾഫർ ഡൈ ഓക്‌സൈഡ്, വളാട്ടയിൽ ഓർഗാനിക് കോംപൗണ്ട്സ് (voc s) തുടങ്ങി നിരവധി വിഷവസ്തുക്കൾ പുറത്തേക്ക് വമിക്കുന്നുണ്ട്. ശ്വസനത്തിലൂടെ മനുഷ്യ ശരീത്തിൽ ഈ വിഷവസ്തുക്കൾ എത്തുന്നതോടൊപ്പം വെള്ളത്തിലൂടെയും ഭക്ഷ്യ വസ്തുക്കൾ വഴിയും ഈ വിഷവസ്തുക്കൾ മനുഷ്യ - ജീവി ശരീരത്തിൽ എത്തിച്ചേരും. ഇത്തരം കൊടുംവിഷങ്ങൾ അന്തശ്രാവി ഗ്രന്ഥികളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തും (Endocrine disrupter) കൂടാതെ വന്ധ്യത, പ്രമേഹം, പ്രോസ്ടേറ്റ്, ബ്രെസ്റ്റ് ക്യാൻസർ , പ്രത്യുൽപ്പാദനക്കുറവ്, ഓർമ്മ കുറവ് (cognitive impairs) നാഡി സംബന്ധമായ അസുഖങ്ങൾ, ഹൃദ്രോഗം, കാൻസർ, ആസ്മ, തുടങ്ങി ഒട്ടനവധി രോഗങ്ങൾക്ക് ഇത് വഴി വെയ്ക്കും. ഇനിയും രണ്ടു ദിവസം കൂടി തീ അണക്കാൻ വേണ്ടി വരുമെന്നാണ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞത്. വേറൊരു കാര്യം കൂടി അദ്ദേഹം പറഞ്ഞതായി ടിവിയിൽ കണ്ടു, അത് ആരോഗ്യ കാര്യത്തിൽ ആശങ്ക വേണ്ടെന്നാണ്. മന്ത്രിക്ക് അത് എങ്ങനെ പറയാൻ കഴിയും? ഇത്രയധികം ടോക്സിക് റിലീസ് ഉണ്ടായ പ്രദേശത്ത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടോ, ഇല്ലേ എന്നുള്ള പ്രാഥമിക ധാരണയെങ്കിലും കിട്ടണമെങ്കിൽ ആരോഗ്യ പഠനം വേണം. മന്ത്രിക്ക് അല്പമെങ്കിലും ഉത്തരവദിത്തബോധമുണ്ടെങ്കിൽ ആദ്യം ചെയ്യേണ്ടത് ആ പ്രദേശങ്ങളിൽ ഒരു ആരോഗ്യ പഠനത്തിന് നിർദ്ദേശം നല്കുകയാണ്. തീ അണക്കൽ എപ്പോൾ തീരുമെന്ന് പറയാൻ കഴിയില്ലെന്ന് ഫയർഫോഴ്സ് വൃത്തങ്ങളും സൂചിപ്പിക്കുന്നു. എപ്പോൾ തീ അണച്ചാലും അഞ്ച് ദിവസത്തിലധികമായി തുടരുന്ന വിഷപുക വ്യാപിച്ച പ്രദേശങ്ങളിലെ ജല സ്രോതസ്സുകളിൽ ഈ വിഷ കണികകൾ എത്തിച്ചേരും അതിലൂടെ മത്സ്യങ്ങളിലും മത്സ്യം കഴിക്കുന്നതിലൂടെ മനുഷ്യരിലും എത്തും. മാത്രമല്ല സസ്യങ്ങളിലൂടെ മറ്റൊരു ഭക്ഷ്യശൃംഘലയിലും ഈ വിഷാംശം എത്തുകയും അതിലൂടെ നമ്മളിലേക്ക് എത്തുകയും ചെയ്യും.. ചുരുക്കി പറഞ്ഞാൽ തീ കെട്ടാലും പുകയടങ്ങിയാലും മനുഷ്യരടക്കമുള്ള ജീവജാലങ്ങൾക്ക് ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങൾക്ക് ഇത് കാരണമാവാം.

Photo: Brahmapuram Waste Plant / Facebook

ഉത്തരവാദിത്തമുള്ള ഭരണകൂടമാണെങ്കിൽ ഈ മേഖലയിലെ ജനങ്ങളുടെ ആരോഗ്യം നിരീക്ഷിക്കാൻ കൃത്യമായ ഒരു സംവിധാനമുണ്ടാക്കുകയാണ് ആദ്യം വേണ്ടത്. അതിനായി വിവിധ സ്ഥലങ്ങളിൽ മെഡിക്കൽ ക്യാമ്പുകളും ആരോഗ്യ സർവെയും നടത്തണം. എല്ലാ ജല സ്രോതസ്സുകളും പഠനവിധേയമാക്കണം. പ്രത്യേകിച്ച് കിണറുകളിലെ മൈക്രോ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യമടക്കമുളള ഘടകങ്ങളെക്കുറിച്ച് ആഴത്തിൽ പഠിക്കണം. എങ്കിലെ വർഷങ്ങളായി ആവർത്തിക്കുന്ന തീപിടുത്തത്തിന്റെ പരിസ്ഥിതി - ആരോഗ്യ /ആഘാതം സൃഷ്ടിക്കുന്ന ആഴം മനസ്സിലാകൂ.

എല്ലാ വർഷവും ആവർത്തിക്കപ്പെടുന്ന തീപിടുത്തത്തിനു പിന്നിൽ ആസൂത്രിതമായ ഗൂഢാലോചന ഉണ്ടാകാമെന്നു തന്നെ കരുതണം. കാരണം ഒരോ ദിവസവും മാലിന്യം കുന്നുകൂടി ഏറ്റെടുത്ത കരാറുകാരന് കൊണ്ടുവരുന്ന മാലിന്യത്തിന്റെ ചെറിയ ശതമാനം മാത്രം സംസ്കരിക്കാനെ കഴിയുന്നുള്ളൂ. ബാക്കിയുള്ള 80 ശതമാനത്തോളം മാലിന്യം കൂടി കൂടിയാണ് വലിയ മാലിന്യ മലയായി മാറുന്നത്‌. മൂന്നര കോടി രൂപ മാലിന്യ സംസ്കരണത്തിനായി കരാറു കമ്പനിക്കു കോർപ്പറേഷൻ കൊടുക്കുന്നുണ്ടെങ്കിലും മാലിന്യ പ്രതിസന്ധി അനുദിനം വർദ്ധിക്കുകയാണ് ഇത് മറയ്ക്കണമെങ്കിൽ ഇടക്കിടക്ക് മാലിന്യ കൂമ്പാരത്തിന് തീപിടിച്ചേ മതിയാകൂ-

നിയമങ്ങൾ കാറ്റിൽ പറത്തിയൊരു മാലിന്യമല

2000 -2016 ലെ നഗര മാലിന്യം കൈകാര്യം ചെയ്യൽ നിയമത്തിന്റെ പ്രഖ്യാപനത്തിൽ ഇങ്ങനെ പറയുന്നു "No person should throw, burn, or bury the solid waste generated by him on streets, open public spaces, out side his permission, or in the drain or water bodies.' കോർപ്പറേഷൻ കുടിവെള്ള സ്രോതസായ കടമ്പ്രയാറിന്റെ തീരത്ത് തന്നെ മാലിന്യ സംസ്കരണത്തിനായി സ്ഥലം കണ്ടെത്തിയതു തന്നെ നിയമ ലംഘനമാണ്. നിയമപ്രകാരം തണ്ണീർത്തടങ്ങളുടെയോ, ജലസ്രോതസുകളുടെയോ വയലുകളുടേയോ അടുത്തു മാലിന്യ സംസ്കണം പാടില്ലെന്നാണ്. മാത്രമല്ല മാലിന്യം തരംതിരിച്ചാണ് എത്തിക്കേണ്ടതും സംസ്കരിക്കേണ്ടതും. ഇതൊന്നും പാലിക്കാതെ ഒരു ഗ്രാമത്തിലേക്ക് - ഒരു നദിക്കരയിലേക്ക് നഗര മാലിന്യങ്ങൾ തള്ളുന്നത് നീതിയല്ല എന്ന് നഗരം മാറി മാറി ഭരിച്ച, ജനാധിപത്യത്തെക്കുറിച്ചും നീതിയെക്കുറിച്ചും ഊറ്റം കൊളളുന്നവർ മനസ്സിലാക്കിയില്ല. നഗരത്തിന്റെ മാലിന്യം നഗരത്തിന്റെ ഉത്തരവാദിത്വമായിരിക്കെ അത് ഗ്രാമപ്രദേശങ്ങളിൽ നിക്ഷേപിക്കാനാണ് ആദ്യം മുതലെ കോർപ്പറേഷൻ ശ്രമിച്ചത്.

Photo: Brahmapuram Waste Plant / Facebook

അടിസ്ഥാന സൗകര്യങ്ങളോ ശാസ്ത്രീയമായ സംസ്കരണ രീതികളോ അവലംബിക്കാതെ കൊച്ചി കോർപ്പറേഷൻ തുടർച്ചയായി നടത്തിയ നിയമലംഘനങ്ങൾക്ക് മലിനീകരണ നിയന്ത്രണബോർഡ് ആദ്യം 14.92 കോടി രൂപ പിഴ ചുമത്തിയിരുന്നു. ഇപ്പോൾ 1.8 കോടിയും. നിയമം പാലിക്കേണ്ട ഒരു സ്ഥാപനം തുടർച്ചയായി നിയമം ലംഘിക്കുമ്പോൾ നാമെന്താണ് മനസ്സിലാക്കേണ്ടത്. കൊച്ചിയിൽ നിന്നു 17 കിലോമീറ്റർ അകലെ ഒരു ഗ്രാമത്തിൽ നഗരവാസികളുടെ ക്ഷേമത്തിനായി കൊച്ചി കോർപ്പറേഷൻ നടത്തുന്ന അനീതി നിറഞ്ഞ ഇടപെടലുകൾക്ക് കാലം കണക്കു പറയുക തന്നെ ചെയ്യും.
ആദ്യ കാലങ്ങളിൽ കലൂർ സ്റ്റേഡിയം ഗ്രൗണ്ടിലും പിന്നീട് ചേരനല്ലൂർ പഞ്ചായത്തിലും അവിടുന്ന് വാത്തുരുത്തിയിലേക്കും നാവികസേന എതിർത്തപ്പോൾ 1998-ൽ ബ്രഹ്മപുരത്തേക്കും കോർപ്പറേഷൻ എത്തിയത്. അവിടെ 37 ഏക്കർ ഭൂമിയാണ് മാലിന്യ സംസ്കരണത്തിനായി വാങ്ങിയതെങ്കിലും ശാസ്ത്രീയമായ മാലിന്യ സംസ്കരണത്തിനു പകരം എല്ലാത്തരം മാലിന്യങ്ങളും ഡംപ് ചെയ്യാനുള്ള സ്ഥലമായി കോർപ്പറേഷൻ അതു മാറ്റി എന്നതാണ് ഏറ്റവും വലിയ ചതി. അത് 108 ഏക്കറായി വർദ്ധിപ്പിച്ചപ്പോഴും മലിന്യം കുന്നുകൂട്ടാനുള്ള ഇടം കൂടി എന്നു മാത്രം.

കൊച്ചി കോർപ്പറേഷൻ,അങ്കമാലി, ആലുവാ കളമശ്ശേരി, തൃക്കാക്കര, തൃപ്പൂണിത്തുറ, ചേരനല്ലൂർ, കുമ്പളങ്ങി, പുത്തൻ കുരിശ്, വടവുകോട് എന്നീ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നായി 206 ടൺ ജൈവ മാലിന്യങ്ങും 100 ടൺ അജൈവ മാലിന്യങ്ങളും ദിവസേന ബ്രഹ്മപുരത്ത് എത്തുന്നുണ്ടെന്നാണ് കണക്ക്. അതിൽ മുപ്പത് ടണ്ണാണ് ദിവസേന സംസ്കരിക്കാൻ കഴിയുന്നത് ബാക്കി സംസ്കരിക്കാനാകാതെ കുമിഞ്ഞുകൂടുന്നു. ഇതു പ്രാകാരം അഞ്ചരലക്ഷത്തിലധികം ഘന മീറ്ററിൽ വ്യത്യസ്ത മാലിന്യങ്ങളുടെ കൂമ്പാരമാണിവിടെ കെട്ടി കിടക്കുന്നത്. അതിൽ സംസ്ഥാന സർക്കാരിന്റെ പദ്ധതി പ്രകാരം ബയോ മൈനിംഗിലൂടെ 25-30 ശതമാനം സംസ്കരിച്ചതായും പറയുന്നു. എന്നാൽ ബയോ മൈനിംഗ് ഒരു തട്ടിപ്പ് പരിപാടിയാണെന്നും അവിടെ കാര്യമായ ഒരു പ്രവർത്തനവും നടന്നിട്ടില്ലെന്നും അത് മറച്ചുവെക്കാൻ മനപ്പൂർവ്വം കത്തിച്ചതാകാമെന്നും സ്ഥലവാസിയും സാമൂഹ്യ പ്രവർത്തകനുമായ നാസർ പറഞ്ഞു. ഇതുവരെ 12 കോടിയോളം രൂപ ഭരണകക്ഷിയോട് അടുപ്പമുളള ഈ കമ്പനി വാങ്ങിയതായും അദ്ദേഹം കൂട്ടി ചേർത്തു. 55 കോടി രൂപയാണ് ബയോ മൈനിംഗിനായി നീക്കി വച്ചിട്ടുളളത്. 2022 ഡിസംബറിൽ മൈനിംഗ് പ്രകിയ പൂർത്തിയാകണമായിരുന്നു. എന്നാൽ 30 ശതമാനം പൂർത്തിയാക്കിയെന്ന് കമ്പനി പറയുന്നു. ഇനി ജൂൺ വരെ നീട്ടി കൊടുക്കാൻ കമ്പനി ആവശ്യപെടുന്നു. ഇതിനകത്തുതന്നെ തീപ്പിടുത്തത്തിനുള്ള കാരണങ്ങൾ ഉണ്ടെന്ന് നാസർ പറഞ്ഞു.
(ബയോ മൈനിംഗ് എന്നാൽ - പുനരുപയോഗ സാധ്യതയുള്ള വസ്തുക്കൾ വേർതിരിച്ചെടുത്ത് ജൈവ മാലിന്യം മണ്ണിൽ തന്നെ അവശേഷിപ്പിക്കുന്ന പ്രക്രിയ).

Photo: Brahmapuram Waste Plant / Facebook

ഉറവിട മാലിന്യ സംസ്കരണമാണ് മാലിന്യ പ്രശ്നത്തിന് പരിഹാരം

വികേന്ദ്രീകൃത മാലിന്യ സംസ്കരണ രീതി മാത്രമാണ് വിജയിച്ചിട്ടുള്ളത്. വിളപ്പിൽശാലയടക്കമുള്ള കേന്ദ്രീകൃത മാലിന്യ പ്ലാന്റുകൾ അമ്പേ പരാജയപ്പെട്ട ഉദാഹരണങ്ങൾ ഉള്ളപ്പോൾ കേരള സർക്കാർ ഇപ്പോഴും വലിയ കേന്ദ്രീകൃത പ്ലാന്റുകളെക്കുറിച്ച് പറഞ്ഞു കൊണ്ടിരിക്കുന്നതിനു പിന്നിൽ താത്പര്യങ്ങൾ പലതാണ്.

നഗരമായാലും ഗ്രാമമായാലും ഉറവിടത്തിൽ തന്നെ മാലിന്യം സംസ്കരിക്കുന്നതാണ് ഏറ്റവും ശാസ്ത്രീയമായ രീതി. ഒരോ വീട്ടിലും ജൈവ മാലിന്യങ്ങൾ സംസ്കരിക്കാനുളള ബയോകമ്പോസ്റ്റിംഗ് ഉപകരണങ്ങൾ നല്കണം. അജൈവമാലിന്യങ്ങൾ ഉറവിടത്തിൽ നിന്ന് ശേഖരിച്ച് തരം തിരിച്ച് പുനരുപയോഗ പുന: ചംക്രമണ രീതി അവലംബിക്കണം.
പൊലൂട്ടർ പെയ്സ് പ്രിൻസിപ്പളും , ടെയ്ക്ബാക്ക് പോളിസിയും പ്ലാസ്റ്റിക്കിന്റെ കാര്യത്തിൽ പതിയെ പ്രയോഗത്തിൽ കൊണ്ടുവരണം.

2005-ൽ ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റിനെതിരെ ജനകീയ സമരം ശക്തമാകുന്ന കാലത്താണ് ഞങ്ങൾ അവിടത്തെ പ്രശ്നങ്ങൾ പഠിക്കാൻ ഒരു ഫാക്ട് ഫൈന്റിംഗ് കമ്മറ്റിയെ ചുമതലപെടുത്തുന്നത്. അഡ്വ. പി.കെ. ഇബ്രാഹിം അധ്യക്ഷനായ കമ്മറ്റി അവിടം സന്ദർശിച്ച് തെളിവെടുപ്പ് നടത്തി ഒരു റിപ്പോർട്ട് തയ്യാറാക്കി അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ആ പ്രദേശം ചതുപ്പ്നിറഞ്ഞ നീർത്തടമായതിനാൽ അവിടം മാലിന്യ പ്ലാന്റിനോ സംഭരണത്തിനോ പറ്റിയ ഇടമല്ല എന്നതായിരുന്നു.

മാലിന്യസംഭരണവും പ്ലാന്റും പ്രവർത്തനം തുടർന്നാൽ കടമ്പ്രയാർ ഗുരുതരമായി മലനീകരിക്കപ്പെട്ട് ഉപയോഗ ശൂന്യമായി മാറുമെന്നും വരുകാല വികസനപ്രവർത്തങ്ങളുടെ ജലോപയോഗത്തെ അത് ദോഷകരമായി ബാധിക്കുമെന്നും കമ്മിറ്റി പറഞ്ഞു. അത് അക്ഷരം പ്രതി ശരിയാകുകയായിരുന്നു.


പുരുഷൻ ഏലൂർ

പരിസ്ഥിതി പ്രവർത്തകൻ, പെരിയാർ മലിനീകരണ വിരുദ്ധസമിതി നേതാവ്.

Comments