കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച്
വീണ്ടും ഓർമിപ്പിക്കുന്ന
പരിസ്ഥിതിദിനം

കാലാവസ്ഥാവ്യതിയാനമാണ് ഈ പരിസ്ഥിതിദിനത്തിലും പ്രധാനപ്പെട്ട ഒരു ചർച്ചാവിഷയം. ഇതിനെ ചെറുക്കാൻ പ്രകൃതിയിൽനിന്നുതന്നെയാണ് പ്രചോദനമുൾക്കൊള്ളേണ്ടത് എന്ന് ഇത്തവണത്തെ ‘Inspired by Nature. For Climate. For Our Future’ എന്ന പരിസ്ഥിതിസന്ദേശം ഓർമിപ്പിക്കുന്നു: ഡോ. അബേഷ് രഘുവരൻ എഴുതുന്നു.

കാലവർഷം ശക്തിപ്രാപിക്കാതെ മാറിനിൽക്കുന്ന അവസ്ഥയിലാണ്, ഈ വർഷത്തെ പരിസ്ഥിതിദിനം. ജൂൺ ഒന്നിന് സ്‌കൂൾ തുറക്കുന്നദിനം പല ജില്ലകളിലും മഴ പെയ്തില്ല. കാലാവർഷത്തെക്കുറിച്ചു കൃത്യമായി പ്രവചിക്കാനുമാകുന്നില്ല. പരിസ്ഥിതിയുടെ ഈ പിടിതരാത്ത സ്വഭാവം ഭാവിയിൽ വലിയ പ്രത്യാഘ്യാതങ്ങൾക്കു വഴിതെളിച്ചേക്കാം. പിടിതരാത്ത കാലാവസ്ഥയുടെ ദിശ ശാസ്ത്രീയമായി മനസ്സിലാക്കുവാനുള്ള സാങ്കേതികവിദ്യ മനുഷ്യൻ ആർജ്ജിച്ചിട്ടുണ്ട്. അതിനുള്ള കൂടുതൽ ശ്രമങ്ങളാണ് പ്രകൃതിയിൽ തന്നെ തിരയേണ്ടത്, പ്രകൃതിയെ പ്രചോദനമായി ഉൾക്കൊള്ളേണ്ടത്.

ഇതിന് പരിഹാരമെന്തെന്ന അന്വേഷണങ്ങൾക്കൊടുവിലാണ് പ്രകൃതിയിലെ പ്രശ്നങ്ങൾക്ക് പ്രകൃതിയിൽനിന്നുതന്നെ പരിഹാരം കണ്ടെത്തണമെന്ന ആശയങ്ങൾക്ക് സ്വീകാര്യത ലഭിക്കുന്നത്. പ്രകൃതിയിൽനിന്ന് പരിഹാരം കണ്ടെത്തുന്നതെങ്ങനെ എന്ന അടുത്ത ചോദ്യത്തിനുള്ള മറുപടിയാണ്, ഇന്നേവരെയുള്ള ശാസ്ത്രീയ കണ്ടുപിടുത്തങ്ങൾക്കെല്ലാം നിദാനമായത് പ്രകൃതിയിലുള്ള വസ്‌തുക്കളോ, പ്രവർത്തനങ്ങളോ ഒക്കെയാണ് എന്നത്. അത്തരത്തിൽ പ്രകൃതിയിൽനിന്ന് പ്രചോദനമുൾക്കൊണ്ടാണ് എന്നും ശാസ്ത്രരംഗം വിപ്ലവം സൃഷ്ടിച്ചിരിക്കുന്നത്. ഈ പരിസ്ഥിതിദിനവും അത്തരമൊരു ആഹ്വാനമാണ് നൽകുന്നത്: "Inspired by Nature. For Climate. For Our Future" എന്ന പരിസ്ഥിതിദിനസന്ദേശത്തിൽ കാലാവസ്ഥയ്ക്കായി, നമ്മുടെ സുസ്ഥിരമായ ഭാവിയ്ക്കായി, പ്രകൃതിയിൽനിന്ന് പ്രചോദനമുൾക്കൊണ്ട് മുന്നോട്ടുപോകണമെന്ന് ആഹ്വാനം ചെയ്യുന്നു.

ഇന്ത്യയെ സംബന്ധിച്ച് ഈ പരിസ്ഥിതിദിനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത, മാധവ് ഗാഡ്‌ഗിലിനെപ്പോലെ ഒരു പരിസ്ഥിതിപ്രവർത്തകൻ നമുക്കൊപ്പമില്ല എന്നതാണ്. ഒരു പരിസ്ഥിതിശാസ്ത്രജ്ഞന്റെ മികവും, ധാർമ്മിക ഉത്തരവാദിത്തവും, സാമൂഹിക ഇടപെടലും സമ്മേളിക്കുന്ന ഒരാളുടെ സാന്നിധ്യം അന്നുവരെയുള്ള പരിസ്ഥിതി സംരക്ഷണ പ്രവർത്തങ്ങളുടെ നിർവ്വചനങ്ങൾ പൊളിച്ചെഴുതി. അദ്ദേഹം വ്യത്യസ്തനായത് അത്യന്തം ശക്തമായ നിലപാടുകൾ കൊണ്ടായിരുന്നു. പരിസ്ഥിതിയുടെ നിലനിൽപ്പും ഉയിർത്തെഴുന്നേൽപ്പും മാത്രം നിലപാടായി സ്വീകരിച്ച് ധീരമായി നിലകൊണ്ട വ്യക്തിത്വം. ഗാഡ്‌ഗിൽ ബാക്കിവച്ചുപോകുന്ന കുറേ ഉത്തരവാദിത്തങ്ങളും ചോദ്യങ്ങളും ഇപ്പോഴും നമുക്കുമുന്നിലുണ്ട്.

ഇന്ത്യയെ സംബന്ധിച്ച് ഈ പരിസ്ഥിതിദിനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത, മാധവ് ഗാഡ്‌ഗിലിനെപ്പോലെ ഒരു പരിസ്ഥിതിപ്രവർത്തകൻ നമുക്കൊപ്പമില്ല എന്നതാണ്.
ഇന്ത്യയെ സംബന്ധിച്ച് ഈ പരിസ്ഥിതിദിനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത, മാധവ് ഗാഡ്‌ഗിലിനെപ്പോലെ ഒരു പരിസ്ഥിതിപ്രവർത്തകൻ നമുക്കൊപ്പമില്ല എന്നതാണ്.

ഓരോ വർഷവും ലോകപരിസ്ഥിതിദിനാഘോഷങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നത് ഓരോ രാജ്യങ്ങൾ ആണ്. ഇത്തവണ അസർബൈജാനിലെ ബാകൂ എന്ന സ്ഥലത്താണ് നടക്കുന്നത്. യൂറോപ്പിലും വടക്കുപടിഞ്ഞാറൻ ഏഷ്യയിലുമായി വ്യാപിച്ചുകിടക്കുന്ന രാജ്യമാണ്‌ അസർബെയ്ജാൻ. മുൻപ്‌ സോവിയറ്റ്‌ യൂണിയന്റെ ഭാഗമായിരുന്ന അസർബെയ്ജാൻ ഇപ്പോൾ സ്വതന്ത്ര രാജ്യമാണ്‌. പ്രകൃതിരമണീയമായ രാജ്യമെന്നനിലയിൽ അസർബൈജാനിലെ ഇത്തവണത്തെ ആഘോഷങ്ങൾ ലോകശ്രദ്ധയെ ആകർഷിച്ചുകഴിഞ്ഞു. പാരീസ് ഉടമ്പടിയിൽ ഉൾപ്പെട്ട രാജ്യമെന്ന നിലയിൽ 2030 ഓടെ കാർബൺ ബഹിർഗ്ഗമനം 40% കുറയ്ക്കുമെന്ന പ്രഖ്യാപനവും, അതിനുള്ള ശ്രമവും അവരിൽ നിന്നും ഉണ്ടാകുന്നുണ്ട്. മാത്രമല്ല എണ്ണംപറഞ്ഞ ചില പ്രകൃതിസൗഹൃദപദ്ധതികളും അസർബൈജാൻ നടപ്പാക്കുന്നുണ്ട്.

കാലാവസ്ഥാവ്യതിയാനവും അതുമായി ബന്ധപ്പെട്ട പരിസ്ഥിതികപ്രശ്‌നങ്ങളും ചർച്ചചെയ്യാൻ തുടങ്ങിയിട്ട് കാലമേറെയായി. ഓരോ വർഷം കഴിയുന്തോറും അന്തരീക്ഷ താപനില ഉയർന്നുവരികയാണ്. ഇത് കൂടിക്കൂടി വരാൻ തന്നെയാണ് സാധ്യത. ആഗോളതലത്തിൽ ഭൂമിയ്ക്കും അന്തരീക്ഷത്തിനും സംഭവിക്കുന്ന മാറ്റങ്ങൾ പ്രതിഫലിക്കുന്നത് കൂടുതലായും താപനിലയിലാണ്. മേൽസൂചിപ്പിച്ചതരത്തിൽ ഹരിതഗൃഹവാതകങ്ങളുടെ അളവിൽ വലിയ മാറ്റം വന്നിട്ടുണ്ട്. വനനശീകരണമാണെങ്കിൽ യാതൊരു നിയന്ത്രണവുമില്ലാതെ തുടരുന്നു. ഈയവസരത്തിൽ ആഗോളതലത്തിലെ കാലാവസ്ഥാമാറ്റത്തെ ഉൾക്കൊള്ളേണ്ടിവരുന്നതാണ് ഇപ്പോൾ അധികമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ചൂടിന്റെ ഒരു കാരണം. വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി ഉയരുന്നതും അന്തരീക്ഷത്തിൽ ചൂട് വർധിക്കുവാനും ചൂട് അവിടെത്തന്നെ നിലനിന്നുകൊണ്ട് ഹരിതഗൃഹപ്രഭാവം സംഭവിക്കുവാനും കാരണമാകുന്നു.

ഉഷ്‌ണതരംഗങ്ങൾ, കാട്ടുതീ, പ്രളയം, കൊടുങ്കാറ്റുകൾ എന്നിങ്ങനെ പലരീതിയിലാണ് കാലാവസ്ഥാവ്യതിയാനം മനുഷ്യരിൽ ദുരന്തം വിതയ്ക്കുന്നത്. 3.6 മില്യൺ ആൾക്കാർ കാലാവസ്ഥാവ്യതിയാനം കൂടുതലായി ബാധിക്കപ്പെടുന്ന പ്രദേശങ്ങളിലാണ് ജീവിക്കുന്നതെന്നാണ് ഗവേഷണങ്ങൾ പറയുന്നത്. കാലാവസ്ഥാവ്യതിയാനത്തിന്റെ പ്രശ്‌നങ്ങൾ ഇങ്ങനെതന്നെ തുടർന്നാൽ 2030 മുതൽ 2050 വരെ, മലേറിയ, അതിസാരം, ചൂടിന്റെ സമ്മർദ്ദം എന്നിവമൂലം ഏകദേശം രണ്ടരലക്ഷത്തോളം മരണങ്ങൾ ഉണ്ടായേക്കാമെന്നും മുന്നറിയിപ്പുതരുന്നു.

ഓരോ വർഷവും ലോകപരിസ്ഥിതിദിനാഘോഷങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നത് ഓരോ രാജ്യങ്ങൾ ആണ്. ഇത്തവണ അസർബൈജാനിലെ ബാകൂ എന്ന സ്ഥലത്താണ് നടക്കുന്നത്. യൂറോപ്പിലും വടക്കുപടിഞ്ഞാറൻ ഏഷ്യയിലുമായി വ്യാപിച്ചുകിടക്കുന്ന രാജ്യമാണ്‌ അസർബെയ്ജാൻ.
ഓരോ വർഷവും ലോകപരിസ്ഥിതിദിനാഘോഷങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നത് ഓരോ രാജ്യങ്ങൾ ആണ്. ഇത്തവണ അസർബൈജാനിലെ ബാകൂ എന്ന സ്ഥലത്താണ് നടക്കുന്നത്. യൂറോപ്പിലും വടക്കുപടിഞ്ഞാറൻ ഏഷ്യയിലുമായി വ്യാപിച്ചുകിടക്കുന്ന രാജ്യമാണ്‌ അസർബെയ്ജാൻ.

2021 നവംബറിലാണ് കാലാവസ്ഥാവ്യതിയാനം മൂലമുള്ള ആദ്യത്തെ രോഗിയെ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രൊവിൻസിൽ സ്ഥിരീകരിച്ചത്. കാനഡക്കാരിയായ കയിൽ മെറിറ്റ് എന്ന ഡോക്ടറാണ് ഉഷ്‌ണതരംഗവും, മോശം വായു നിലവാരവും മൂലം ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങളുമായി ചികിത്സ തേടിയെത്തിയ സ്ത്രീയെ ലോകത്തിലെതന്നെ ആദ്യത്തെ കാലാവസ്ഥാവ്യതിയാനം മൂലമുള്ള രോഗിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. രോഗകാരണം തേടിയപ്പോൾ ആ പ്രദേശത്ത് ആ വർഷം 1600-ലേറെ കാട്ടുതീ കേസുകളാണ് റിപ്പോർട്ട് ചെയ്‌തിരുന്നത്‌. കൂടാതെ ഉഷ്‌ണതരംഗങ്ങളും മരണങ്ങൾക്ക് കാരണമായി. കഴിഞ്ഞ 50 വർഷങ്ങളിൽ ഏതാണ്ട് 17,000 ജീവൻ ഉഷ്‌ണതരംഗം മൂലം ഇല്ലാതായി എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

കാലാവസ്ഥാവ്യതിയാനം മൂലം വൈറസുകളും ബാക്ടീരിയയും പരത്തുന്ന രോഗങ്ങൾ കൂടുന്നതായി ധാരാളം പഠനങ്ങളുണ്ട്. അമിതമായ മഴ മൂലം വെള്ളക്കെട്ടുകൾ അവരുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്നു . തുടർച്ചയായ മഴ വരുത്തിവെക്കുന്ന വെള്ളക്കെട്ടുകളും ഓടകൾ നിറഞ്ഞൊഴുകുന്നതും രോഗവാഹികളായ കോടിക്കണക്കിന് സൂക്ഷ്മജീവികൾക്ക് പുറത്തുവരാനും അതിവേഗം രോഗവ്യാപനം നടത്തുവാനും കഴിയുന്നു. മാത്രമല്ല അഴുക്കുള്ള ജലത്തിൽ കാണപ്പെടുന്ന ഇ-കോളി ബാക്‌ടീരിയ കൂടുതലായി പെരുകുന്നതും പലവിധ രോഗങ്ങൾക്ക് കാരണമാകുന്നുണ്ട്.

മ്യൂറ്റേഷൻ മൂലം ജനിതകമാറ്റം സംഭവിച്ച സൂക്ഷ്മജീവികൾ പരത്തുന്ന രോഗങ്ങളെപ്പറ്റിയും ഇപ്പോൾ ചർച്ച ചെയ്യുന്നുണ്ട്. കോവിഡ് വകഭേദങ്ങൾ ആരോഗ്യരംഗത്തിന് വലിയ ഭീഷണി സൃഷ്ടിച്ചിട്ടുണ്ട്. ഈ മ്യൂറ്റേഷനു പിന്നിൽ കാലാവസ്ഥാവ്യതിയാനം പ്രധാനപ്പെട്ട ഒരു കാരണമാണ്. സൂക്ഷ്മജീവികളുടെ ജനിതകവസ്തുക്കളിൽ ഉണ്ടാവുന്ന മാറ്റങ്ങളാണ് മ്യൂറ്റേഷന് വഴിവെക്കുന്നത്. കാലാവസ്ഥയിലുണ്ടാകുന്ന പെട്ടെന്നുള്ള വലിയ മാറ്റങ്ങൾ മ്യൂറ്റേഷന് കാരണമാകുന്നത് രോഗവ്യാപനം ത്വരിതപ്പെടുവാനും നമ്മുടെ ശരീരത്തിന്റെ കൃത്യമായ പ്രതിരോധത്തിന് വിലങ്ങുതടിയാവുകയും ചെയ്യുന്നു.

കാലാവസ്ഥാവ്യതിയാനം മൂലം വൈറസുകളും ബാക്ടീരിയയും പരത്തുന്ന രോഗങ്ങൾ കൂടുന്നതായി ധാരാളം പഠനങ്ങളുണ്ട്. അമിതമായ മഴ മൂലം വെള്ളക്കെട്ടുകൾ അവരുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്നു .
കാലാവസ്ഥാവ്യതിയാനം മൂലം വൈറസുകളും ബാക്ടീരിയയും പരത്തുന്ന രോഗങ്ങൾ കൂടുന്നതായി ധാരാളം പഠനങ്ങളുണ്ട്. അമിതമായ മഴ മൂലം വെള്ളക്കെട്ടുകൾ അവരുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്നു .

ഒരുപക്ഷേ, നമുക്കൊപ്പമോ നമ്മളെക്കാളേറെയോ കാലാവസ്ഥാവ്യതിയാനത്തിന്റെ കെടുതികൾ അനുഭവിക്കുന്നവർ പോലും കാര്യമറിയാതെ പ്രകൃതിയെ കുത്തിനോവിച്ചുകൊണ്ടിരിക്കുന്നു. കാലാവസ്ഥാവ്യതിയാനം ഏറെക്കുറെ പൂർണ്ണമായും മനുഷ്യനിർമ്മിതമാണെന്ന സത്യം ഉൾക്കൊള്ളുമ്പോഴാണ് നാം നമ്മുടെ നിലനിൽപ്പിനെ തന്നെയാണ് ചോദ്യം ചെയ്യുന്നുവെന്ന വാസ്‌തവം മനസ്സിലാക്കുന്നത്.

കാലാവസ്ഥാവ്യതിയാനം ഇത്ര ചർച്ചാവിഷയമാകുന്ന ഈ പരിസ്ഥിതിദിനത്തിൽ അതിനെ ചെറുക്കുവാനുള്ള ശാസ്ത്രീയമാർഗ്ഗങ്ങൾ അവലംബിക്കേണ്ടതുണ്ട്. പ്രകൃതിയിൽനിന്ന് പ്രചോദനമുൾക്കൊണ്ട് ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കണം. സുസ്ഥിര ഭാവിയ്ക്കായി പരിസ്ഥിതിസംരക്ഷണം നയപരമായ അജണ്ടയായി ഏറ്റെടുക്കണം. സാ​ങ്കേതികവിദ്യയാൽ നിയന്ത്രിക്കപ്പെടുന്ന ഇന്നത്തെ ലോകവുമായി സമരസപ്പെടുമ്പോഴും, നാം കാലുറപ്പിച്ചുനിൽക്കുന്ന ഭൂമിയ്ക്ക് നിലനിൽക്കാനാകണം. കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോയാലും പ്രകൃതിയെ തൊട്ടറിയാത്ത വികസനത്തിലൂടെ ലോകത്തെ വെട്ടിപ്പിടിക്കാം എന്ന മനഃസ്ഥിതിയാണെങ്കിൽ ഭാവി ഇരുളടഞ്ഞതായിരിക്കും എന്നകാര്യത്തിൽ സംശയമില്ല. ആ ഒരു ഓർമ്മപ്പെടുത്തലാവട്ടെ ഈ പരിസ്ഥിതിദിനം.

Comments