പശ്ചിമഘട്ടം ദുർബലം, കാലാവസ്ഥ സങ്കീർണം; നിരന്തര പഠനവും പ്രാദേശിക ചെറുത്തുനിൽപ്പും അനിവാര്യം

ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഡേറ്റ പ്രകാരം 2015-നും 2022-നും ഇടയിൽ ഉണ്ടായിട്ടുള്ള 3782 ഉരുൾപൊട്ടലുകളിൽ 2239ഉം ഉണ്ടായിട്ടുള്ളത് കേരളത്തിലാണെന്ന് കാണുമ്പോൾ സമീപകാലത്ത് കാലാവസ്ഥയിൽ ഉണ്ടായ മാറ്റങ്ങൾ കാരണം കേരളം ഒരു ലാൻഡ് സ്ലൈഡ് ഹോട്ട്സ്പോട്ട് ആയി മാറിയിട്ടുണ്ടെന്ന് കാണുവാൻ സാധിക്കും.

കാലാവസ്ഥാ വ്യതിയാനം കേരളത്തിന്റെ (പ്രത്യേകിച്ചും പശ്ചിമ ഘട്ടത്തിലെ) ഭൂസ്ഥിതിയെയും, മനുഷ്യരും ഇതര ജീവജാലങ്ങളും അടങ്ങിയ ആവാസ വ്യവസ്ഥയെയും ആശങ്കാജനകമായ അസ്ഥിരതയിലേക്ക് എത്തിച്ചിരിക്കുന്നു. സവിശേഷമായ ഭൂപ്രകൃതി കൊണ്ടും കാലാവസ്ഥ കൊണ്ടും സമ്പന്നമായ, കേരളത്തിലും കഴിഞ്ഞ ഒരു പതിറ്റാണ്ടായി ദൃശ്യമാവുന്ന അതിതീവ്ര കാലാവസ്ഥാ സംഭവങ്ങളും അനുബന്ധ പ്രകൃതി ദുരന്തങ്ങളും വിരൽചൂണ്ടുന്നത്, ആഗോളതാപനത്തിന്റെ ഫലമായി ഇവിടുത്തെ കാലാവസ്ഥയും കൂടുതൽ അസ്ഥിരമാകുകയാണ് എന്ന യാഥാർഥ്യത്തിലേക്കാണ്. ഒരു പക്ഷെ പശ്ചിമഘട്ട മലനിരകളിൽ 1950 ശേഷം രേഖപ്പെടുത്തിയിട്ടുള്ള ഉരുൾപൊട്ടലുകളിൽ ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾക്കാണ് വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്തിൽ സംഭവിച്ച ഉരുൾപൊട്ടൽ സാക്ഷ്യം വഹിച്ചത്.

മനുഷ്യന്റെ ജീവനും സ്വത്തിനും അപകടമുണ്ടാക്കുന്ന വിനാശകരമായ പ്രകൃതിദുരന്തങ്ങളിൽ ഏറ്റവും ആഘാതമുണ്ടാക്കുന്ന ഒന്നാണ് ഉരുൾപൊട്ടൽ. മണ്ണിടിച്ചിലിന്റെ ഫലമായി ഓരോ വർഷവും നിരവധി ആളുകൾക്ക് ജീവനും സ്വത്തും നഷ്ടപ്പെടുന്നതിനോടൊപ്പം ജീവനോപാധികൾക്ക് വലിയ നാശവും വിതച്ചാണ് ഉരുൾപൊട്ടലുകൾ കടന്നുപോകാറുള്ളത്. അതിനാൽ, ഇത്തരം അപകടങ്ങളുടെ തീവ്രത കുറയ്ക്കാൻ സഹായിക്കുന്ന സങ്കേതങ്ങൾ വികസിപ്പിക്കുന്നതിന് മണ്ണിടിച്ചിലിന് കാരണമാകുന്ന പ്രാദേശികമായ ഘടകങ്ങളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്.

ഇത് വരെ രേഖപ്പെടുത്തിയിട്ടുള്ള ഉരുൾപൊട്ടലുകളിൽ ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായ ഒന്നിനാണ് മുണ്ടക്കൈ സാക്ഷ്യം വഹിച്ചത്.
ഇത് വരെ രേഖപ്പെടുത്തിയിട്ടുള്ള ഉരുൾപൊട്ടലുകളിൽ ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായ ഒന്നിനാണ് മുണ്ടക്കൈ സാക്ഷ്യം വഹിച്ചത്.

മണ്ണിടിച്ചിലുകളുടെ കാര്യത്തിൽ കാലാവസ്ഥ, മഴ, ഭൂപ്രദേശത്തിന്റെ പ്രത്യേകതകൾ എന്നിവയുടെ ആപേക്ഷിക സ്വാധീനം മനസ്സിലാക്കുന്നതിന് വിവിധ മുന്നറിവുകൾ പ്രധാനമാണ്. ഭൗമശാസ്ത്രപരമായി, മിതമായ പ്രകൃതിയോ പ്രവർത്തനരഹിതമായ (Dormant) പർവതനിരകളോ ഉള്ള ഭൂപ്രദേശങ്ങളിൽ, മണ്ണിടിച്ചിൽ ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് കാലാവസ്ഥ. നിഷ്ക്രിയ (Passive Mountain Range) പർവതനിരയായ പശ്ചിമഘട്ടത്തിൽ കനത്ത മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ പെടുന്നതാണ് വയനാട് പീഠഭൂമിയുടെ അതിർത്തിയിൽ കിടക്കുന്ന പടിഞ്ഞാറൻ മലയോരപ്രദേശങ്ങൾ. ചില സ്ഥലങ്ങളിൽ കനത്ത മഴ, കാറ്റ്, ഉയർന്ന താപനില മുതലായ അതിതീവ്ര കാലാവസ്ഥ, പാറകളുടെ ജീർണിക്കൽ പ്രക്രിയയെ (Weathering) വേഗത്തിലാക്കുകയും അടിത്തട്ട് പാറകൾക്ക് മുകളിൽ മണ്ണും കല്ലും കൂടിക്കലർന്ന പാളികൾ സൃഷ്ടിക്കപ്പെടുന്നതിന് കാരണമാവുകയും ചെയ്യുന്നു. പർവത നിർമ്മാണ വേളയിൽ പലതരം സമ്മർദ്ദങ്ങൾക്ക് വിധേയമായി പല പാളികളായും വളഞ്ഞും കാണപ്പെടുന്ന ഇത്തരം പാറകളാണ് പൊതുവെ ഉരുൾപൊട്ടൽ നടന്ന മേഖലകളിൽ നിന്നുള്ള മാധ്യമങ്ങളുടെ ദൃശ്യങ്ങളിൽക്കൂടി മനസിലാക്കാൻ സാധിക്കുന്നത്. മണ്ണിന്റെ ഈ സ്വഭാവവും ഈ പ്രദേശത്ത് ഇത്രയും അധികം ഉരുൾപൊട്ടലുകൾ ഉണ്ടാകുവാനുള്ള കാരണമായി കണക്കാക്കാവുന്നതാണ്.

പല പാളികളായും വളഞ്ഞും കാണപ്പെടുന്ന ഇത്തരം പാറകളാണ് പൊതുവെ ഉരുൾപൊട്ടൽ നടന്ന മേഖലകളിൽ നിന്നുള്ള മാധ്യമങ്ങളുടെ ദൃശ്യങ്ങളിൽക്കൂടി മനസിലാക്കാൻ സാധിക്കുന്നത്.
പല പാളികളായും വളഞ്ഞും കാണപ്പെടുന്ന ഇത്തരം പാറകളാണ് പൊതുവെ ഉരുൾപൊട്ടൽ നടന്ന മേഖലകളിൽ നിന്നുള്ള മാധ്യമങ്ങളുടെ ദൃശ്യങ്ങളിൽക്കൂടി മനസിലാക്കാൻ സാധിക്കുന്നത്.

ഈ മേഖലയിലെ പാറകളുടെയും മണ്ണിന്റെയും സ്വഭാവം കൂടുതൽ മനസിലാക്കുന്നതിന് ഉരുൾപൊട്ടൽ നടന്ന സ്ഥലങ്ങൾ സന്ദർശിച്ച് നേരിട്ട് മനസ്സിലാക്കേണ്ടതുണ്ട്. വയനാട് ജില്ലയിലെ ഉരുൾപൊട്ടലുകളെക്കുറിച്ച് മറ്റു ശാസ്ത്ര സ്ഥാപനങ്ങൾ നടത്തിയിട്ടുള്ള പഠനങ്ങളിൽ നിന്നും ലഭ്യമായ വിവരങ്ങളാണ് ഈ ലേഖനത്തിൽ കൂടുതലും പ്രതിപാദിക്കുന്നത്.

പശ്ചിമഘട്ടം (സഹ്യാദ്രി), തെക്ക് കന്യാകുമാരി മുതൽ വടക്ക് സത്പുര പർവതനിരകൾ വരെ ഏകദേശം 1600 കിലോമീറ്റർ ദൂരത്തിൽ വ്യാപിച്ചുകിടക്കുന്നു. ഭൗമശാസ്ത്ര നിരീക്ഷണങ്ങൾ അനുസരിച്ച്, 140, 90, 65 (ദശലക്ഷം വർഷങ്ങൾക്ക് മുൻപ്) വിവിധ ഘട്ടങ്ങളിലായി നടന്ന ടെക്റ്റോനോ-തെർമൽ എപ്പിസോഡിക് സംഭവങ്ങളുടെ ഫലമായി സൂപ്പർ ഭൂഖണ്ഡമായ ഗോണ്ട്വാനയുടെ ശിഥിലീകരണവും തുടർന്നുള്ള പരിഷ്ക്കരണവുമാണ് പശ്ചിമഘട്ട രൂപീകരണത്തിന് കാരണമായത്.

വയനാട്ടിലെ മണ്ണിടിച്ചിൽ സംവേദനക്ഷമത വിതരണക്രമം വിവിധ പഠനങ്ങളിൽ
വയനാട്ടിലെ മണ്ണിടിച്ചിൽ സംവേദനക്ഷമത വിതരണക്രമം വിവിധ പഠനങ്ങളിൽ

പശ്ചിമഘട്ടം അറബിക്കടലിൽ നിന്നും വീശുന്ന തെക്കുപടിഞ്ഞാറൻ മൺസൂൺ കാറ്റിനെ തടയുകയും തൽഫലമായി ഉയർന്നു പൊങ്ങുന്ന വായുവിലുള്ള നീരാവി തണുത്തുറഞ്ഞ് മഴയ്ക്ക് കാരണമാവുകയും ചെയ്യുന്നു. ചെറുതും വലുതുമായ നിരവധി നദികളെ പോഷിപ്പിക്കുന്ന പ്രധാനപ്പെട്ട ഒരു നീർത്തടമായും പശ്ചിമഘട്ടം പ്രവർത്തിക്കുന്നു. പശ്ചിമഘട്ടത്തിന്റെ വിവിധ ഭാഗങ്ങളിൽ, വിശേഷിച്ചും ഉയരം കൂടിയ പ്രദേശങ്ങളിൽ ഓരോ മഴക്കാലത്തും മണ്ണിടിച്ചിൽ ഉണ്ടാവുന്നത് പതിവാണ്.

പശ്ചിമഘട്ടം മുതൽ തീരപ്രദേശം വരെ നീണ്ടുനിൽക്കുന്ന കേരളത്തിന്റെ ഭൂഘടന ഇന്ന് കാണുന്ന രീതിയിൽ രൂപം കൊള്ളുന്നത് മൺസൂൺ മഴയുമായി ബന്ധപ്പെട്ട് നടന്നിട്ടുള്ള മണ്ണൊലിപ്പ്, പാറകളുടെ ദ്രവീകരണം തുടങ്ങിയ ഭൂമിശാസ്ത്രപരമായ പരിണാമ പ്രക്രിയകൾക്ക് വിധേയമായി, ദശലക്ഷ കണക്കിന് വർഷങ്ങൾ എടുത്തിട്ടാണ്.

പശ്ചിമഘട്ട മേഖലയിലെ പ്രധാന കുന്നിൻ ചരിവുകളിൽ സംഭവിക്കുന്ന പ്രകൃതി ക്ഷോഭങ്ങളിൽ പാറ വീഴ്ചയും (Rock Fall) അനുബന്ധ അവശിഷ്ടങ്ങൾ ഒഴുകുന്നതും (Debris Flow) ഉൾപ്പെടുന്നു. ചരിവുകളുടെ സംതുലനാവസ്ഥയ്ക്ക് മാറ്റം വരുന്ന ഏതൊരു പ്രവർത്തിയും (Natural & Anthropogenic ) ഉരുൾപൊട്ടലിനു കാരണമാകാം. മഴയും മാനുഷിക പ്രവർത്തനങ്ങളും ഇത്തരം അപകടങ്ങൾക്ക് പ്രേരക ഘടകങ്ങളായി പ്രവർത്തിക്കുന്നു. വെട്ടുകല്ല് ചേർന്ന ചെമ്മണ്ണ് (ലാറ്ററിറ്റിക്) പാളികളും, അതിനടിയിൽ കാലാവസ്ഥാപരമായി ദ്രവീകരണം സംഭവിച്ച പാറകളും, മണ്ണും തുടർന്ന് അടിസ്ഥാന പാറകളും (Bed Rock) കൊണ്ട് വേർതിരിച്ചിരിക്കുന്ന തരത്തിലാണ് പശ്ചിമഘട്ടത്തിലെ മലനിരകളുടെ പൊതുവെയുള്ള വിന്യാസം.

എന്നാൽ മണ്ണിന്റെയും പാറകളുടെയും സ്വഭാവവും അവയുടെ വിതരണവും പലസ്ഥലത്തും വ്യത്യസ്തമാണ്. മൺസൂൺ സീസണിൽ ഈ മേഖലയിൽ നിരവധി ഉരുൾപൊട്ടലുകൾ പതിവായി സംഭവിക്കാറുണ്ട്. വെള്ളം ഊർന്നിറങ്ങുന്ന ലാറ്ററിറ്റിക് പാളികൾ മഴവെള്ളം താഴേക്ക് ഒഴുകാനും പാർശ്വഭാഗത്തേക്ക് വ്യാപിക്കാനും അനുവദിക്കുന്നു. ഇത് ഒടുവിൽ താഴ്ന്ന പീഠഭൂമിയിലെ ഉയരങ്ങളിൽ സുഷിര-ജല സമ്മർദ്ദം (Pore Water Pressure) കാരണം പൊട്ടിത്തെറിക്കുകയും പ്രധാനമായും അവശിഷ്ടങ്ങളുടെ ഒഴുക്കിനെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ദ്വിതീയ സുഷിരങ്ങളിൽ നിന്ന് (സന്ധികളും പരസ്പരം ബന്ധിപ്പിച്ചിട്ടുള്ള വഗ്ഗുകളും - കല്ലുകളുടെ ഉള്ളിലെ പോടുകൾ) ഊർന്നിറങ്ങുന്ന ജലം കല്ലുകൾക്കും അടിസ്ഥാന പാറകൾക്കും ഇടയിലുള്ള സ്ഥലത്തു നിന്ന് സീപേജുകളുടെ രൂപത്തിലും പുറത്തേക്ക് വരാറുണ്ട്.

പൊതുവെ സോയിൽ പൈപ്പിംഗ് എന്നറിയപ്പെടുന്ന പ്രതിഭാസം മണ്ണിടിച്ചിൽ ഉണ്ടാക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. കേരളത്തിലെ മലയോരപ്രദേശങ്ങളിലെ ഉപരിതല മണ്ണ് ഏകീകൃതമല്ലാത്തതും അടുക്കാത്തതും, അയഞ്ഞതുമായി കാണപ്പെടുന്നു. ഇവിടുത്തെ ഭൂഗർഭജല ഒഴുക്ക് മണ്ണിലെ കളിമണ്ണിനെ നീക്കം ചെയ്യുന്നു, ഇത് കാരണം തുരങ്കങ്ങൾ രൂപപ്പെടുകയും ഈ തുരങ്കങ്ങൾ പരസ്പരം ചേർന്ന് വലിയ തുരങ്കങ്ങൾ ആവുകയും ചെയ്യുന്നു. ഈ പരസ്പരബന്ധിതമായ തുരങ്കങ്ങൾ ജലം പുറന്തള്ളുന്നതിനും മണ്ണൊലിപ്പിനുമുള്ള പാതകളായി പ്രവർത്തിക്കുന്നു, ഇതിനെ പൈപ്പിംഗ് എന്ന് വിളിക്കുന്നു. ഇത്തരം പൈപ്പ് പോലുള്ള ഭാഗങ്ങൾ മണ്ണിടിച്ചിലിനും ഭൂമി താഴുവാനും കാരണമാകാറുണ്ട്. എന്നാൽ വയനാട് ജില്ലയിൽ സംഭവിച്ച ഉരുൾപൊട്ടലിനു സോയിൽ പൈപ്പിങ് കാരണമായോ എന്ന് ഈ മേഖലകൾ സന്ദർശിച്ചാൽ മാത്രമേ വ്യക്തമാകൂ.

ഭൂമിശാസ്ത്രപരവും ഭൂരൂപശാസ്ത്രപരവും ആയ സവിശേഷതകളും ജല-കാലാവസ്ഥാ (Hydrology-Climatology) അവസ്ഥകളും, പ്രദേശത്തിന്റെ ഭൂവിനിയോഗത്തിൽ ഉൾപ്പെടെ സംഭവിക്കുന്ന വിവിധ വ്യതിയാനങ്ങളും മണ്ണിടിച്ചിലിന് ആക്കം കൂട്ടാം. മൺസൂൺ സജീവമാകുന്ന വേളകളിൽ (Active Spell) പൊടുന്നനെ പെയ്യുന്ന കനത്ത മഴ, മണ്ണിടിച്ചിലുകൾക്ക് കാരണമാവുന്നു. താഴേക്ക് പതിക്കുന്ന പാറ കഷ്ണങ്ങളുടെയും (Materials), ജീർണ്ണാവശിഷ്ടങ്ങളുടെയും സ്വഭാവം- തരം, ഭൂമിയുടെ ചെരിവ്, മഴയുടെ അളവ് എന്നിവയെല്ലാം നാശത്തിന്റെ വലുപ്പം, തീവ്രത, ഏരിയൽ വ്യാപ്തി എന്നിവയെ ബാധിക്കുന്നു.

സോയിൽ പൈപ്പിംഗ് എന്നറിയപ്പെടുന്ന പ്രതിഭാസം മണ്ണിടിച്ചിൽ ഉണ്ടാക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. / Photo: langeoinstrument.com
സോയിൽ പൈപ്പിംഗ് എന്നറിയപ്പെടുന്ന പ്രതിഭാസം മണ്ണിടിച്ചിൽ ഉണ്ടാക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. / Photo: langeoinstrument.com

വനനശീകരണം, കുത്തനെയുള്ള ചരിവുകളിലെ സ്വാഭാവിക മരങ്ങൾ വെട്ടിമാറ്റൽ തുടങ്ങിയ മാനുഷിക പ്രവർത്തനങ്ങളും മണ്ണൊലിപ്പിന്റെ തീവ്രതയെ സ്വാധീനിക്കുന്നു. വലിയ വൃക്ഷങ്ങളുടെ വേരുകൾ പാറകൾക്കിടയിലുള്ള വിടവുകളിൽ (അല്ലെങ്കിൽ 'സുഷിരങ്ങൾ') കൂടി വ്യാപിക്കുകയും, പിന്നീട് ഈ വൃക്ഷങ്ങൾ നശിക്കുമ്പോൾ ദ്രവിച്ച വേരുകൾക്കിടയിലൂടെ മഴവെള്ളം അനായാസം ഊർന്നിറങ്ങുകയും മണ്ണിനും പാറകൾക്കുമിടയിൽ ജലത്തിന്റെ മർദ്ദം വർധിക്കുകയും ഉരുൾപൊട്ടലിലേക്കു നയിക്കുകയും ചെയ്യും. മലയിലും, മലയുടെ അടിവാരത്തും നടക്കുന്ന ഖനനം ഉൾപ്പെടെയുള്ള മാനുഷിക പ്രവർത്തനങ്ങളും ചെരിവിനെ ദുർബലപ്പെടുത്തുകയും അതിശക്തമായ മഴ പെയ്യുന്ന അവസരങ്ങളിൽ ചെരിവ് ശോഷണ പ്രക്രിയക്ക് (Slope Degradation Process) ആക്കം കൂട്ടുകയും ചെയ്യും.

ഈ ഘടകങ്ങൾക്ക് പുറമേ നിർമാണ ആവശ്യങ്ങൾക്കും മറ്റുമായി മലയുടെ ചെരിവ് അശാസ്ത്രീയമായി മുറിക്കുന്നതും ചരിവ് ശോഷണ പ്രക്രിയയെ ത്വരിതപ്പെടുത്തുന്നു. മണ്ണൊലിപ്പ് ഉണ്ടാകുന്ന ഇടങ്ങളിൽ പ്രദേശത്തിന്റെ ഉപരിതലത്തിലെ മണ്ണ് ജലപൂരിതമായിത്തീരുകയും ഊർന്നിറങ്ങുന്ന വെള്ളം ശിലാപാളിക്കും ലിത്തോമാർജിക് മണ്ണിനും ഇടയിലുള്ള മേഖലകളിലൂടെ ഒഴുകുന്ന രൂപത്തിൽ താഴേക്ക് നീങ്ങുകയും ചെയ്യുന്നത് ജലത്തോടൊപ്പം മണ്ണും നിരങ്ങി നീങ്ങുന്നതിന് പ്രേരകമാകാം. കട്ടിലിൽ നിന്നും ഒരു കിടക്ക തെന്നി താഴെ തറയിലേക്ക് വീഴുന്നതിനു സമാനമായി, ഉറച്ച പാറയുടെ മുകളിൽ കാണപ്പെടുന്ന മൺപാളി ഒന്നായി താഴേക്ക് പതിക്കുന്ന സാഹചര്യമാണിത്. വയനാട് ജില്ലയിൽ രേഖപ്പെടുത്തിയിട്ടുള്ള ഉരുൾപൊട്ടലുകളിൽ കുടുതലും സംഭവിച്ചിരിക്കുന്നത് മണ്ണും കല്ലും മറ്റ് അവശിഷ്ടങ്ങളും പൊട്ടിത്തെറിച്ചോ തെന്നിമാറിയോ സംഭവിക്കുന്നതാണെന്ന് മറ്റു പഠനങ്ങൾ സൂചിപ്പിക്കുന്നു.

കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ അതിശക്തമായ മഴ ഉണ്ടാകുമ്പോൾ മണ്ണിലൂടെ മഴവെള്ളം കൂടുതൽ കിനിഞ്ഞിറങ്ങുന്നതിന്റെ ഫലമായി ഈ പ്രദേശത്ത് മണ്ണിടിച്ചിലുകളും പാറ വീഴ്ച്ചകളും വർധിക്കാം. മണ്ണിലെ കളിമണ്ണിന്റെ അംശം ഒരു പ്രധാന ഘടകമാണ്. നീർച്ചാലുകളുടെ സാന്നിധ്യവും ഉരുൾപൊട്ടലിനെ സ്വാധീനിക്കുന്ന ഘടകമാണ്. മഴക്കാലത്ത് മാത്രം സജീവമാകുന്ന ചില നീർച്ചാലുകൾ ഒന്ന് രണ്ടു വർഷങ്ങൾ നീണ്ടുനിൽക്കുന്ന വരൾച്ചകൊണ്ടോ മനുഷ്യരുടെ ഇടപെടലുകൾ മൂലമോ അടഞ്ഞു പോകാറുണ്ട്. പ്രാഥമികവും ദ്വിതീയവുമായ നീർച്ചാലുകൾക്ക് തടസം വരുന്ന നിർമാണ പ്രവർത്തനങ്ങളും ഉരുൾപൊട്ടൽ സാധ്യത വർദ്ധിപ്പിക്കാം.

പ്രവർത്തനക്ഷമമല്ലാതിരുന്ന നീർചാലുകൾ അതിതീവ്ര മഴ ലഭിക്കുമ്പോൾ പെട്ടെന്ന് പ്രവർത്തനക്ഷമമാകുന്നതും മണ്ണിടിച്ചിലിനു കാരണമാകാറുണ്ട്. പലവിധ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ചരിവ് അനുസരിച്ചുള്ള ഒന്നാം വിഭാഗത്തിൽ പെടുന്ന നീർച്ചാലുകളുടെ (First Order Streams) സ്വാഭാവികമായ ഒഴുക്കിനെ തടസപ്പെടുത്തുന്ന മാനുഷിക പ്രവർത്തനങ്ങൾ ഉരുൾപൊട്ടലുകൾക്കു കാരണമാകാറുണ്ട്. മുണ്ടകൈയിൽ നടന്ന ഉരുൾപൊട്ടൽ ദുരന്തത്തിന്റെ വ്യാപ്തി ഇത്രയും വർധിക്കാനുള്ള പ്രധാന കാരണം ഈ പ്രദേശത്തെ പ്രാഥമികവും ദ്വിതീയവുമായ നീർച്ചാലുകളുടെ സാന്ദ്രതയും കാലക്രമത്തിൽ സ്വാഭാവികമായ നീർച്ചാലുകളിൽ വന്നിട്ടുള്ള മാറ്റങ്ങളുമാണെന്ന് മനസിലാക്കാം. ഇങ്ങനെ നിരവധി കാരണങ്ങൾ കൊണ്ട് ചെരിവുകൾ അസ്ഥിരപ്പെടുന്നതിനോടൊപ്പം അവശിഷ്ടങ്ങൾ ഒഴുകി വരുന്ന പാതയിൽ വരുന്ന തടസങ്ങളും ഉരുൾപൊട്ടലിന്റെ ആഘാതം കൂടുതൽ രൂക്ഷമാക്കി എന്ന് കാണുവാൻ സാധിക്കും.

സവിശേഷമായ ഭൂപ്രകൃതികൊണ്ടും കാലാവസ്ഥകൊണ്ടും സമ്പന്നമായ കേരളത്തിലാണ് 2015-ന് ശേഷം ഇന്ത്യയിലെ ഏറ്റവും കൂടുതൽ ഉരുൾപൊട്ടലുകൾ നടന്നത് എന്ന് കാണുമ്പോൾ കേരളത്തിന്റെ പശ്ചിമഘട്ട മലനിരകൾ ഉരുൾപൊട്ടലുകളെ സംബന്ധിച്ച് എത്ര ദുർബലമായി എന്ന് നമുക്ക് മലസ്സിലാവും. ഇതിന്റെ പ്രധാന കാരണം ആഗോളതാപനത്തിന്റെ ഫലമായി കേരളത്തിന്റെ കാലാവസ്ഥ കൂടുതൽ അസ്ഥിരമാകുകയും മഴ കൂടുതൽ അതിതീവ്രമായി മാറുകയും ചെയ്യുന്നത് തന്നെയാണ്. വയൽനാട് ആയിരുന്ന വയനാട്, കാർഷിക മേഖലയിലെ വാണിജ്യ വൽക്കരണം മൂലം അടക്ക, കാപ്പി, കുരുമുളക്, എന്നീ നാണ്യ വിളകളിലേക്ക് നടത്തിയ അതിദ്രുത മാറ്റവും 30000 ഹെക്റ്ററിൽ നിന്നു 7000 ഹെക്ടർ ആയി നെൽകൃഷി ചുരുങ്ങിയതും, അനിയന്ത്രിതമായ വന നശീകരണവും, മഴയുടെ ഘടനാശൈലിയിലെ മാറ്റവും വയനാടിന്റെ കാലാവസ്ഥയിൽ മാറ്റം വരുത്തികൊണ്ടിരിക്കുന്നു.

Courtesy: The Hindu
Courtesy: The Hindu

മണ്ണിടിച്ചിലിന്റെ ഒരു ചരിത്രം തന്നെ വയനാടിനുണ്ട്. എരുമകൊള്ളിയിൽ 1961 ജൂലൈ 7ന് ഉണ്ടായ മണ്ണിടിച്ചിലിൽ ഏഴ് പേർ മരിച്ചിരുന്നു. അന്ന് 318 mm മഴ പെയ്തിരുന്നതായും കാണപ്പെടുന്നു. 1984 ജൂലൈ മാസം ഒന്നാം തീയതി മുണ്ടകൈ ഭാഗത്ത് ഉണ്ടായ ലാൻഡ് സ്ലൈഡിൽ 14 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ആ അവസരത്തിൽ ഏകദേശം 340 mm മഴ ലഭിച്ചതായും അനൗദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു. 1991 ജൂൺ 19ന് കാപ്പികളത്ത് ഉരുൾപൊട്ടി 11 പേർ മരിച്ചു. 2007 മെയ് 22ന് വളാംത്തോടിൽ ഉണ്ടായ ഉരുൾപൊട്ടലിൽ നാല് പേർ മരിച്ചു. 2009 ജൂലൈ 15ന് കാന്തൻ പാറയിലും നീലിമലയിലും മണ്ണിടിച്ചിൽ ഉണ്ടായതിൽ രണ്ടു പേർ മരിച്ചു. 2019ൽ ഉണ്ടായ പുത്തുമല ദുരന്തത്തിൽ 40 പേരാണ് മരിച്ചത്.

പുത്തുമലയിലുണ്ടായ ഉരുൾപൊട്ടൽ / Photo: The News Minutes
പുത്തുമലയിലുണ്ടായ ഉരുൾപൊട്ടൽ / Photo: The News Minutes

മുൻപ് ഉരുൾപൊട്ടൽ നടന്ന പ്രദേശത്തിന്റെ തൊട്ടു മുകളിലായിട്ടാണ് ഇപ്പോഴത്തെ ഉരുൾപൊട്ടലിന്റെ പ്രഭകേന്ദ്രം എന്നത് ഒരുതവണ ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശത്ത് വീണ്ടും അതുണ്ടാകാനുള്ള സാധ്യത കൂടുതലാണ് എന്നതാണ് സൂചിപ്പിക്കുന്നത്. അതിനാൽ കേരളത്തിൽ കുറഞ്ഞ പക്ഷം കഴിഞ്ഞ 50 വർഷത്തെ ഉരുൾപൊട്ടലുകളുടെ കൃത്യമായ ഇൻവെന്ററി ഉണ്ടാക്കുകയും അത് പൊതു ജനങ്ങൾക്കും ശാസ്ത്രസമൂഹത്തിനും ലഭ്യമാക്കേണ്ടതുമാണ്. ഇതിന് ചുറ്റും വിണ്ടുകീറിയ പ്രതലവും ആഴത്തിലുള്ള ഗള്ളി പോലുള്ള പ്രദേശവും കാണുവാൻ സാധിക്കും. ഉരുൾപൊട്ടിയ പ്രഭവ കേന്ദ്രം മുതൽ മുണ്ടക്കൈ വരെയുള്ള ഭൂമിയുടെ ചെരിവ് പരിശോധിച്ചാൽ ഏകദേശം 210 മീറ്റർ / 1 കിലോമീറ്റർ എന്ന നിലയിൽ കുത്തനെയുള്ള ഗ്രേഡിയന്റ് കാണുവാൻ സാധിക്കും. ഇത് അവശിഷ്ടങ്ങൾ ഒഴുകി വരുന്നതിന്റെ വേഗത കൂട്ടുന്നതിന് പ്രധാന ഘടകമാണ്.

പല പഠനങ്ങളും സൂചിപ്പിക്കുന്നത് വയനാട് ജില്ലയിൽ സംഭവിച്ചിട്ടുള്ള ഉരുൾപൊട്ടലുകളിൽ കൂടിയ ഭാഗവും ഏകദേശം എൺപത് ശതമാനത്തിലധികം ഉരുൾപൊട്ടലും നടന്നിരിക്കുന്നത് debris flow/ debris shallow slide തുടങ്ങിയ വിഭാഗത്തിൽ പെട്ടിട്ടുള്ള ഉരുൾപൊട്ടലുകളാണെന്നാണ്. ISRO പുറത്തിറക്കിയ ഉപഗ്രഹ ചിത്രങ്ങൾ പരിശോധിച്ചാൽ, 1984-നെ അപേക്ഷിച്ച് 2024-ൽ ഉണ്ടായ ഉരുൾപൊട്ടൽ എത്രത്തോളം വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്നു എന്ന് മനസിലാക്കാം.

ഭൂപ്രദേശത്തിന്റെ ഉയരം ഏകദേശം 500 m മുതൽ 1700 m വരെയും ഭൂമിയുടെ ചെരിവ് ഏകദേശം 25 ഡിഗ്രിക്കും 45 ഡിഗ്രിക്കും ഇടയിലുമാണ്. ചില സ്ഥലങ്ങളിൽ 45 ഡിഗ്രിക്ക് മുകളിലാണ് ചെരിവ്. കുത്തനെയുള്ള ചരിവ് മണ്ണിടിച്ചിലിന് മുഖ്യകാരണമായതിനോടൊപ്പം അവശിഷ്ടങ്ങളുടെ അളവും അത് ഒഴുകിപോകുന്നതിന്റെ വേഗതയും വർധിപ്പിച്ചു എന്ന് മനസിലാക്കാം.

വയനാട് ജില്ലയിൽ സംഭവിച്ചിട്ടുള്ള ഉരുൾപൊട്ടലുകളിൽ കൂടിയ ഭാഗവും ഏകദേശം എൺപത് ശതമാനത്തിലധികം ഉരുൾപൊട്ടലും നടന്നിരിക്കുന്നത് debris flow/ debris shallow slide തുടങ്ങിയ വിഭാഗത്തിൽ പെട്ടിട്ടുള്ള ഉരുൾപൊട്ടലുകളാണെന്നാണ്.
വയനാട് ജില്ലയിൽ സംഭവിച്ചിട്ടുള്ള ഉരുൾപൊട്ടലുകളിൽ കൂടിയ ഭാഗവും ഏകദേശം എൺപത് ശതമാനത്തിലധികം ഉരുൾപൊട്ടലും നടന്നിരിക്കുന്നത് debris flow/ debris shallow slide തുടങ്ങിയ വിഭാഗത്തിൽ പെട്ടിട്ടുള്ള ഉരുൾപൊട്ടലുകളാണെന്നാണ്.

മണ്ണിന്റെ സ്വഭാവത്തിലും പ്രകടമായ വ്യത്യാസം കാണപ്പെടുന്നുണ്ട്. വനപ്രദേശങ്ങളിൽ ജൈവാംശം കൂടിയ കറുത്ത വനമണ്ണാണ്. അത് പലയിടങ്ങളിലും ആഴം കുറഞ്ഞതുമാണ് (ശരാശരി 2-3 മീറ്റർ ), ചില സ്ഥലങ്ങളിൽ മണ്ണിനു 3 മുതൽ 4 മീറ്റർ വരെ കട്ടിയും ഉണ്ട്. എന്നാൽ ഉരുൾപൊട്ടൽ നടന്ന മേഖലയിലെ മേൽമണ്ണിൽ വലിയ തോതിലുള്ള ജൈവാംശം ഉണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. പുറമേ മേൽമണ്ണ കട്ടി കൂടിയതായിട്ട് തോന്നാമെങ്കിലും charnockit നിന്നും ഉത്ഭവിച്ച മൺതരികൾ കൂടുതൽ കാണപ്പെട്ടേക്കാം. അതിനാൽ ഇത്തരം മണൽത്തരികളുടെ ഇടയിൽ കാണപ്പെടുന്ന സുഷിരങ്ങളിൽ കൂടി കൂടുതൽ വെള്ളം ഊർന്നിറങ്ങാനുള്ള ശേഷി ഉള്ളതുകൊണ്ട് bedrock നും മേൽമണ്ണിനും ഇടയിൽ കൂടുതൽ വെള്ളം സംഭരിക്കപ്പെടുന്നതിനും pore വാട്ടർ പ്രഷർ കൂടി ഉരുള്പൊട്ടലിനു കാരണമായിട്ടുണ്ടാകാം.

നിമ്നോന്നതി (റിലീഫ്) കൂടിയ പ്രദേശമാണിത്. മേപ്പാടി മൂപ്പനാട് പഞ്ചായത്തുകൾ ഉൾപ്പെടുന്ന ഏകദേശം 250 മുതൽ 300 sq.km വരെ വരുന്ന ഏരിയയിൽ ലഭിക്കുന്ന മൺസൂൺ മഴയാണ് പിന്നീട് ചാലിയാറിലേക്ക് എത്തിച്ചേരുന്നത്. ചെറുതും വലുതുമായ ധാരാളം നീർച്ചാലുകളും ഈയൊരു പ്രദേശത്തുനിന്ന് ഉൽഭവിക്കുന്നതായും കാണുവാൻ സാധിക്കും. ഭൂരിഭാഗം ഉരുൾപൊട്ടലുകളും നടന്നിരിക്കുന്നത് നീർച്ചാലുകളുടെ പാതയിലൂടെയാണ്. നീർച്ചാലുകളുടെ സാന്നിധ്യം ഈ മേഖലയിലെ ഉരുൾപൊട്ടലിനെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണ്. ഉരുൾപൊട്ടൽ തുടങ്ങിയ മേഖലകളിലെ മണ്ണിന്റെ ഘനം, വെള്ളം ഊർന്നിറങ്ങൽ ശേഷി, മണ്ണിന്റെ തരം, സ്വഭാവം എന്നിവ ഉരുൾപൊട്ടലിന് ആക്കം കൂട്ടുന്നതിൽ എത്രത്തോളം പങ്കുവഹിച്ചു എന്ന് കൂടുതൽ പഠനങ്ങൾക്ക് വിധേയമാക്കേണ്ടതും ഇതു സംബന്ധിച്ച വിവരങ്ങൾ തുടർ ഗവേഷണങ്ങൾക്ക് ലഭ്യമാക്കേണ്ടതുമുണ്ട്.

ഇതുപോലെയുള്ള ഭൗമ ദുർബല സവിശേഷതകളാൽ സങ്കീർണ്ണമായ പശ്ചിമഘട്ട ഭൂമിയാണ് മേപ്പാടി- മുപ്പൈനാട് പഞ്ചായത്തുകളിലെ മേഖല. ഇത് കേരളത്തിലെ ഒറ്റപ്പെട്ട മേഖലയല്ല, അതിതീവ്ര മഴ (ലഘു മേഘവിസ്ഫോടനം പോലെയുള്ളതോ, അതിലും തീവ്രത കുറഞ്ഞതോ ആയ) താങ്ങുവാൻ പശ്ചിമ ഘട്ടത്തിന് കഴിയില്ല എന്നതിന്റെ ഈ വർഷത്തെ ഉദാഹരണമാണ് ഇവിടെ സംഭവിച്ച ഉരുൾപൊട്ടൽ. അതുകൊണ്ട് തന്നെ ഈ കാലാവസ്ഥാധിഷ്ഠിത പ്രകൃതി ദുരന്തങ്ങളെ എങ്ങിനെ ലഘൂകരിക്കാം എന്നു പരിശോധിക്കപ്പെടേണ്ടതാണ്. ചില സ്ഥലങ്ങളിൽ ശിലകൾ പൂർണമായും ജീർണാവസ്ഥയിലാണ് കാണപ്പെടുന്നത്. അതിതീവ്ര മഴ പെയ്യുമ്പോൾ മണ്ണിലൂടെ ഒലിച്ചിറങ്ങുന്ന അനിയന്ത്രിത ഉറവകൾ ഈ പ്രദേശങ്ങളിലെ മണ്ണൊലിപ്പിന് ആക്കം കൂട്ടുകയും ചെയ്യുന്നു.

NRSC പ്രസിദീകരിച്ച മേപ്പാടിയിലെ മണ്ണിടിച്ചിലിന്റെ ഉപഗ്രഹചിത്രം ഒരു താരതമ്യം
NRSC പ്രസിദീകരിച്ച മേപ്പാടിയിലെ മണ്ണിടിച്ചിലിന്റെ ഉപഗ്രഹചിത്രം ഒരു താരതമ്യം

ഉരുൾപൊട്ടലിന്റെ പ്രഭവ കേന്ദ്രം ഉൾവനത്തിൽ മനുഷ്യ പ്രവർത്തനങ്ങൾ അധികം നടത്താത്ത വനത്തിനുള്ളിൽ ആണെന്ന് പറയുമ്പോഴും ഉരുൾപൊട്ടി വരുന്ന പാതയും വളരെ പ്രധാനപ്പെട്ടതാണ്. ഉരുൾപൊട്ടി വരുന്ന പാതയിൽ നടക്കുന്ന മനുഷ്യ പ്രവർത്തനങ്ങൾ ഒരു പരിധിവരെ ഉരുൾപൊട്ടൽ വരുന്ന പാതയിലേക്ക് കൂടുതൽ അവശിഷ്ടങ്ങളും മറ്റും എത്തിച്ചേരുവാൻ കാരണമാകുന്നുണ്ട്. ഇത് ഉരുൾപൊട്ടി വരുന്ന അവശിഷ്ടങ്ങളുടെ അളവ് കൂടുവാനും ഒരു പരിധിവരെ ഉരുൾപൊട്ടിവരുന്ന വേഗത കൂട്ടുവാനും കാരണമാകുന്നു.

നേരത്തെ പറഞ്ഞത് പ്രകാരം, ഈ മേഖലയിലെ ശിലകൾ വലിയതോതിൽ രാസ-ഭൗതിക-കാലാവസ്ഥാ സമ്മർദ്ദത്തിൽ ദ്രവീകരിക്കപ്പെട്ടും വിവിധ പാളികളായുള്ള Gneiss-Charnokite ശിലകളായും കാണപ്പെടുന്നു. കന്യാവനങ്ങൾ എന്നറിയപ്പെടുന്ന മനുഷ്യവാസമില്ലാത്ത പ്രദേശങ്ങളിലും ഉരുൾപൊട്ടലിന് ഇടയാക്കിയത് വനനശീകരണത്തോടൊപ്പം തന്നെ വന വിഘടനവുമാണ്. ഇത് ജൈവവൈവിധ്യത്തിന്റെ നഷ്ടത്തിലേക്ക് നയിക്കുന്നതിനോടൊപ്പം തന്നെ കാടിന്റെ ആരോഗ്യം ക്ഷയിപ്പിക്കുകയും ആവാസവ്യവസ്ഥയെ നശിപ്പിക്കുകയും ചെയ്യുന്നു. ശേഷിക്കുന്ന വനം ചെറിയ ബ്ലോക്കുകളായി വിഭജിക്കുന്ന വന വിഘടന പ്രക്രിയ ഉരുൾപൊട്ടലുകളെ എത്രത്തോളം സ്വാധീനിച്ചു എന്നതും കൂടുതൽ പഠന വിധേയമാക്കേണ്ടതാണ്. ഇതോടൊപ്പം അതിതീവ്ര മഴയും, ചൂടും മറ്റു കാലാവസ്ഥാ സംഭവങ്ങളിലൂടെ കാലാന്തരത്തിൽ മണ്ണിനു സംഭവിക്കുന്ന നൈസർഗ്ഗിക ശോഷണവും കൂടി ചേരുമ്പോൾ സ്ഥിതി കൂടുതൽ വഷളാകാം. ജീർണിച്ച ശിലകളുടെ വിടവിലൂടെ ആഴ്ന്നിറങ്ങിയ മരത്തിന്റെ വേരുകളും ദ്രവിച്ച വേരുകൾ ഉണ്ടാക്കുന്ന സുഷിരങ്ങളിലൂടെ ഊർന്നിറങ്ങുന്ന വെള്ളവും ഈ പഞ്ചായത്തുകളിലെ ഉരുൾപൊട്ടലിന്റെ മറ്റൊരു കാരണമായി കാണുന്നു. ഇപ്പോൾ പബ്ലിക് ഡൊമൈനിൽ ലഭ്യമായ വിവവരങ്ങൾ വെച്ചാണ് ഈ കുറിപ്പ് തയ്യാറാക്കിയത്. ഈ പ്രദേശം സന്ദർശിച്ചാൽ മാത്രമേ കൂടുതൽ കൃത്യതയുള്ള അനുമാനങ്ങളിലേക്ക് എത്തിച്ചേരുവാൻ സാധിക്കുകയുള്ളു.

മാനുഷിക ഇടപെടൽ (Human intervention )

മനുഷ്യന്റെ വിവിധ ആവശ്യങ്ങൾക്കായും പ്രകൃതി വിഭവങ്ങളുടെ സമാഹരണത്തിനായും മണ്ണിൽ വരുത്തിയിട്ടുള്ള മാറ്റങ്ങൾ ഉരുൾപൊട്ടലുകൾക്കു ഹേതുവായിട്ടുണ്ടാകണം. അതിൽ കൃഷി മുതൽ ഗൃഹനിർമ്മാണം വരെയും, ക്വാറി പ്രവർത്തനം മുതൽ റോഡ് നിർമ്മാണം വരെയും കിണറുകൾ, കുളങ്ങൾ തുടങ്ങിയുള്ള മറ്റ് രീതിയിലുള്ള നിർമ്മാണ പ്രവർത്തനങ്ങളും ഉൾപ്പെടും. ഭൂവിനിയോഗത്തിൽ വന്ന മാറ്റങ്ങൾ ഒരു പക്ഷേ ഈ ഉരുൾപൊട്ട ലുകൾക്ക് ഒരു കാരണം ആയിരിക്കാം. ചെരിവിന്റെ അടിസ്ഥാനത്തിൽ ഉണ്ടാകുന്ന സ്വാഭാവികമായ നീർച്ചാലുകൾക്കു തടസം വരുന്ന തരത്തിൽ ഭൂവിനിയോഗത്തിലുണ്ടാകുന്ന മാറ്റങ്ങളും ഈ പ്രദേശത്തെ ഉരുൾപൊട്ടലുകളെ സ്വാധീനിച്ചിരിക്കാം.

മനുഷ്യന്റെ വിവിധ ആവശ്യങ്ങൾക്കായും പ്രകൃതി വിഭവങ്ങളുടെ സമാഹരണത്തിനായും മണ്ണിൽ വരുത്തിയിട്ടുള്ള മാറ്റങ്ങൾ ഉരുൾപൊട്ടലുകൾക്കു ഹേതുവായിട്ടുണ്ടാകണം. / Photo: Sanil George
മനുഷ്യന്റെ വിവിധ ആവശ്യങ്ങൾക്കായും പ്രകൃതി വിഭവങ്ങളുടെ സമാഹരണത്തിനായും മണ്ണിൽ വരുത്തിയിട്ടുള്ള മാറ്റങ്ങൾ ഉരുൾപൊട്ടലുകൾക്കു ഹേതുവായിട്ടുണ്ടാകണം. / Photo: Sanil George

അതിശക്തമായ മഴ

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി മഴയുടെ സ്വഭാവത്തിലും ഘടനയിലും, സാന്ദ്രതയിലും അതിദ്രുത മാറ്റം വന്നിരിക്കുന്നു. അതിസാന്ദ്രതയോടു കൂടിയ കൂമ്പാര മഴ മേഘങ്ങൾ ഈ മേഖലയിൽ കേന്ദ്രീകരിക്കുകയും അതൊരു ജല ബോംബ് കണക്ക് മേഖലയിൽ ചുരുങ്ങിയ മണിക്കൂറിൽ പതിക്കുകയും ചെയ്തതതായാണ് ഉപഗ്രഹ ഡാറ്റ വിശകലനത്തിൽ നിന്നും വയനാട് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന Hume സെന്ററിന്റ കമ്മ്യൂണിറ്റി റെയിൻ മോണിറ്ററിങ് നെറ്റ്വർക്കിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ വെച്ച് അനുമാനിക്കാവുന്ന വസ്തുത. ഈ അതിതീവ്രമായ (extremely heavy rainfall, 24 മണിക്കൂറിൽ 20.4 മില്ലീ മീറ്ററിൽ കൂടുതൽ) മഴയാണ് ഉരുൾപ്പൊട്ടലുകൾക്ക് ഇടയാക്കിയ പ്രേരകകാരണമെന്നാണ് പ്രാഥമിക നിഗമനം.

മുണ്ടകൈയിൽ ഉരുൾപൊട്ടൽ ഉണ്ടായ സമയത്തെ മഴയുടെ പ്രത്യേകതകൾ പരിശോധിക്കാം. ജൂലൈ അവസാന രണ്ട് ആഴ്ചകളിൽ പശ്ചിമ തീരത്തോട് ചേർന്ന് നിലനിന്നിരുന്ന ഒരു സജീവ ന്യൂനമർദ്ദ പാത്തി വടക്കൻ കേരളത്തിലും കൊങ്കൺ-മംഗലാപുരം ഭാഗങ്ങളിലും മഴക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുകയും തൽഫലമായി വടക്കൻ കേരളത്തിൽ പൊതുവിൽ ആ സമയത്ത് ലഭിക്കേണ്ടതിന്റെ 60-70% അധിക മഴ ലഭിക്കുകയും ചെയ്തിരുന്നു. ഇത് മണ്ണിലെ ജലാംശം പൂരിതമാക്കാൻ ഇടയാക്കിയിട്ടുണ്ടാവും എന്നാണ് അനുമാനിക്കുവാൻ സാധിക്കുന്നത്. ജൂലൈ 29-30 തിയ്യതികളിലായി മഴ കനക്കുവാൻ തുടങ്ങിയിരുന്നു. ഇതിലേക്ക് നയിച്ച കാലാവസ്ഥാ പ്രത്യേകതകളായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മുന്നോട്ട് വെക്കുന്നത് രണ്ട് പ്രധാന കാരണങ്ങളാണ്. ഒന്ന്, പശ്ചിമ തീരത്തോട് ചേർന്ന് സജീവമായിരുന്ന ന്യൂനമർദ്ദ പാത്തിയും തെക്കുകിഴക്കൻ അറബിക്കടലിൽ കേരളത്തിനും ലക്ഷദ്വീപിനും മുകളിലായി അന്തരീക്ഷത്തിൽ താഴെ നിലകളിൽ ഉണ്ടായിരുന്ന ചക്രവാത ചുഴിയും. രണ്ട്, താഴ്ന്ന അന്തരീക്ഷ പാളികളിൽ മണിക്കൂറിൽ നാൽപ്പത്തിയഞ്ച് കിലോമീറ്റർ വേഗതയിൽ വീശിയടിച്ച ഈർപ്പം നിറഞ്ഞ തെക്കുപടിഞ്ഞാറൻ കാറ്റ് പശ്ചിമഘട്ട മലനിരകളാൽ തടയപ്പെട്ട് ഉയർന്ന് പൊങ്ങിയത്.

വടക്കൻ കേരളത്തിൽ പൊതുവിൽ ആ സമയത്ത് ലഭിക്കേണ്ടതിന്റെ 60-70% അധിക മഴ ലഭിച്ചിരുന്നു. / Representational Image
വടക്കൻ കേരളത്തിൽ പൊതുവിൽ ആ സമയത്ത് ലഭിക്കേണ്ടതിന്റെ 60-70% അധിക മഴ ലഭിച്ചിരുന്നു. / Representational Image

സമീപ കാലത്ത് ലഘുമേഘ വിസ്ഫോടനങ്ങളുടെ (രണ്ടു മണിക്കൂറിൽ അൻപത് മില്ലീ മീറ്റർ മുതൽ നൂറു മില്ലീ മീറ്റർ വരെ) ഗണത്തിൽ പെടുത്താവുന്ന തീവ്രതയുള്ള മഴ കേരളത്തിൽ വർദ്ധിച്ചു വരുന്നതായാണ് കാണപ്പെടുന്നത്. അതുകൊണ്ട് തന്നെ പ്രാദേശിക തലത്തിലുള്ള ദുരന്തങ്ങൾ വർധിക്കുന്നു. ഈ പരിസ്ഥിതി ദുരന്തങ്ങളെ എങ്ങിനെ നേരിടാനാവും എന്നത് സാധാരണ ജനങ്ങളുടെയും പ്രാദേശിക ഭരണകൂടങ്ങളുടെയും അടിസ്ഥാന ചോദ്യമാണ്.

ആ സമയം തന്നെ ഉത്തരേന്ത്യയിൽ മൺസൂൺ മഴപ്പാത്തി സജീവമായിരുന്നു. ഈ മഴപ്പാത്തിയിൽ തന്നെ ഒന്നിലധികം ചക്രവാത ചുഴിയും സജീവമായിരുന്നു. കൂടാതെ തെക്കുകിഴക്കൻ അറബിക്കടലിലെ സമുദ്രോപരിതല താപനില ശരാശരിയേക്കാൾ രണ്ടു ഡിഗ്രി സെൽഷ്യസ് വരെ അധികമായിരുന്നു. ഇത്തരം സാഹചര്യങ്ങൾ ഒന്നിച്ചുവന്നാൽ സമുദ്രത്തിൽ നിന്നും ഇടമുറിയാതെ ഈർപ്പം കരയിലേക്ക് പ്രവഹിക്കുകയും ഈ ഈർപ്പം ഉയർന്ന മഴ മേഘകൂട്ടങ്ങളെ സജീവമായി മണിക്കൂറുകളോളം നിലനിർത്താൻ ഇടയാക്കുകയും ചെയ്യുന്നു.

2019-ലെയും 2024-ലെയും മേഘങ്ങളുടെ ഘടന.
2019-ലെയും 2024-ലെയും മേഘങ്ങളുടെ ഘടന.

ഇതിനു മുമ്പ് ഇത്തരം ഒരു അവസ്ഥ സംജാതമായത് 2019 ആഗസ്ററ് എട്ടാം തിയതി ആയിരുന്നു. കേരളം കണ്ടിട്ടുള്ള ഏറ്റവും തീവ്രമായ മഴപ്പെയ്ത്തിനാണ് അന്ന് കളമൊരുങ്ങിയത്. ഇത്തരം മേഘരൂപീകരണം സംഭവിക്കുന്നത് പതിനായിരം സ്ക്വയർ കിലോമീറ്ററിൽ കൂടുതൽ പ്രദേശത്താണ്. ഇതിൽ നാലോ അഞ്ചോ ജില്ലകൾ ഉൾപ്പെടും. ഇങ്ങനെ ഉള്ള മേഘക്കൂട്ടത്തിൽ തന്നെ ചില പ്രദേശങ്ങൾ കേന്ദ്രീകരിച്ച് അതി തീവ്രമായ മഴ പൊടുന്നനെ പെയ്യും. രണ്ടു മണിക്കൂറിൽ അഞ്ച് സെന്റിമീറ്റർ മഴയോ അതിൽ കൂടുതലോ ലഭിക്കുമ്പോൾ അത് ലഘുമേഘവിസ്ഫോടനം എന്നാണ് അറിയപ്പെടുന്നത്. 2019-ൽ ഒട്ടേറെ പ്രദേശങ്ങളിൽ അത്തരം ലഘുമേഘ വിസ്ഫോടനങ്ങൾ സംഭവിച്ചിരുന്നു.

ഇത്തരത്തിൽ പെയ്തിരിക്കാൻ ഇടയുള്ള തീവ്രമഴ തന്നെ ആയിരിക്കണം മുണ്ടകൈ ദുരന്തത്തിന് പ്രേരകമായ പൊടുന്നനെയുള്ള കാരണം. എന്നാൽ അതിനു മുമ്പുള്ള ദിവസങ്ങളിലെ മഴയുടെ ഫലമായി ആ പ്രദേശത്തിലെ മണ്ണിൽ അതിന് മുമ്പുതന്നെ പൂരിത അളവിൽ ജലം നിറഞ്ഞിരിക്കാം. മുണ്ടകൈക്ക് സമീപമുള്ള പടിഞ്ഞാറെത്തറയിലുള്ള മഴമാപിനിയിലും രണ്ടു മണിക്കൂറിൽ 5 സെന്റിമീറ്ററിൽ അധികം മഴ രേഖപ്പെടുത്തിയിരുന്നു.

മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനം നടത്തുന്ന പൊലീസും സൈന്യവും സന്നദ്ധപ്രവർത്തകരും
മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനം നടത്തുന്ന പൊലീസും സൈന്യവും സന്നദ്ധപ്രവർത്തകരും

കേരളത്തിലെ കാലാവസ്ഥ അതിദ്രുതം വ്യതിയാനത്തിനു വിധേയമായി ക്കൊണ്ടിരിക്കുകയാണ്. ഈ മാറ്റം പശ്ചിമഘട്ടത്തിന് താങ്ങാൻ സാധിക്കുന്നതല്ല. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഡേറ്റ പ്രകാരം 2015-നും 2022-നും ഇടയിൽ ഉണ്ടായിട്ടുള്ള 3782 ഉരുൾപൊട്ടലുകളിൽ 2239ഉം ഉണ്ടായിട്ടുള്ളത് കേരളത്തിലാണെന്ന് കാണുമ്പോൾ സമീപകാലത്ത് കാലാവസ്ഥയിൽ ഉണ്ടായ മാറ്റങ്ങൾ കാരണം കേരളം ഒരു ലാൻഡ് സ്ലൈഡ് ഹോട്ട്സ്പോട്ട് ആയി മാറിയിട്ടുണ്ടെന്ന് കാണുവാൻ സാധിക്കും. എന്നാൽ കോപ്പർനിക്കസ് ഡേറ്റ ബേസ് പ്രകാരം 2018 മൺസൂൺ സീസണിൽ മാത്രം ഏകദേശം 4728 ലാൻഡ് സ്ലൈഡ് ഉണ്ടായിട്ടുള്ളതായിട്ടാണ് പറയുന്നത്. ഈ ഡേറ്റ പ്രകാരം 2018-ൽ തന്നെ വയനാട് ജില്ലയിൽ ഏകദേശം 330-നു മുകളിൽ ലാൻഡ്സ്ലൈഡുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഔദ്യോഗിക കണക്കുകൾക്കപ്പുറം അനൗദ്യോഗിക കണക്കുകൾ കൂടി പരിഗണിക്കുമ്പോൾ 2015-നു ശേഷം കേരളത്തിലെ ചരിവ് കൂടിയ മലനിരകൾ ഉരുൾപൊട്ടൽ സാധ്യത കൂടിയ മേഖലകളായി മാറിയിട്ടുണ്ടെന്ന് നമുക്ക് മനസ്സിലാക്കാം. ഇതെല്ലാം സൂചിപ്പിക്കുന്നത് 2015-നു ശേഷം കാലാവസ്ഥാ വ്യതിയാനത്തിന്റെ കയ്യൊപ്പോടുകൂടി കേരളത്തിലെ മഴയുടെ തീവ്രതയിൽ ഉണ്ടായ വർദ്ധനവ് കേരളം ഉൾപ്പെടെയുള്ള പശ്ചിമഘട്ട മലനിരകളെ വളരെയേറെ ദുർബലമാക്കിയിട്ടുണ്ടെന്നാണ്.

ഇതിനെ തുടർനുണ്ടാകുന്ന ആഘാതങ്ങൾ ലഘുകരിക്കുന്നതിനു വേണ്ടി പുതിയ ശാസ്ത്ര സമീപനം ആവശ്യമാണ്. ഇത്രയും വൈവിദ്ധ്യത്തിനും, അതിസങ്കീർണതക്കും വിധേയമായ കാലാവസ്ഥയുമായി അനുരൂപപ്പെടുവാൻ പ്രാദേശിക - ശാസ്ത്ര നയ രൂപീകരണം കേരളത്തിൽ അത്യാവശ്യമാണ്. ഈ പശ്ചാത്തലത്തിൽ, ആവർത്തിക്കാൻ സാധ്യതയുള്ള ഇത്തരം ദുരന്തങ്ങൾ കൈകാര്യം ചെയ്യുന്നതിന് ഉപയുക്തമായ ലളിതവും പ്രായോഗികവുമായ ഒരു ബദൽ നിർദ്ദേശം മുന്നോട്ടു വെയ്ക്കുകയാണ് ഇനി.

കാലാവസ്ഥാ മാറ്റത്തിനെതിരെ പ്രാദേശിക ചെറുത്തുനിൽപ്പ്

കാലാവസ്ഥാ മാറ്റം ആഗോള പ്രതിഭാസമാണെങ്കിലും അതുണ്ടാക്കുന്ന പ്രശ്നങ്ങൾ പ്രാദേശികമായി വ്യത്യാസപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന്, കടൽ തീരത്ത് താമസിക്കുന്നവർ അനുഭവിക്കേണ്ടി വരുന്ന പ്രശ്നങ്ങൾ ആയിരിക്കില്ല മലയോരങ്ങളിൽ താമസിക്കുന്നവർക്ക് നേരിടേണ്ടി വരിക. ചിലയിടങ്ങളിൽ മഴ കുറയുന്നതാവാം പ്രശ്നം സൃഷ്ടിക്കുന്നതെങ്കിൽ മറ്റിടങ്ങളിൽ മഴയുടെ തീവ്രത കൂടുന്നതാകാം. ശക്തമായ കാറ്റ് ചിലയിടങ്ങളിൽ ദുരിതം ഉണ്ടാക്കുമ്പോൾ വരൾച്ചയോ വെള്ളപ്പൊക്കമോ ആവും മറ്റിടങ്ങളിലെ വില്ലൻ. അതുകൊണ്ട് തന്നെ ഇത്തരം കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട കുഴപ്പങ്ങൾക്ക് പ്രാദേശികമായി മാത്രമേ പരിഹാരം കണ്ടെത്താനാവൂ.

കാലാവസ്ഥാ മാറ്റം ആഗോള പ്രതിഭാസമാണെങ്കിലും അതുണ്ടാക്കുന്ന പ്രശ്നങ്ങൾ പ്രാദേശികമായി വ്യത്യാസപ്പെട്ടിരിക്കുന്നു
കാലാവസ്ഥാ മാറ്റം ആഗോള പ്രതിഭാസമാണെങ്കിലും അതുണ്ടാക്കുന്ന പ്രശ്നങ്ങൾ പ്രാദേശികമായി വ്യത്യാസപ്പെട്ടിരിക്കുന്നു

കേരളത്തിന്റെ പശ്ചിമഘട്ട മേഖലയിൽ പ്രാദേശിക തലത്തിലുള്ള അതിതീവ്ര മഴയും അതിനെ തുടർന്ന് ഉണ്ടാകുന്ന ഉരുൾപൊട്ടൽ പോലുള്ള പരിസ്ഥിതി ദുരന്തങ്ങളും കേന്ദ്രീകൃത രീതിയിലുള്ള ഒരു ദുരന്ത നിവാരണ സംവിധാനത്തിലൂടെ കാര്യക്ഷമമായി കൈകാര്യം ചെയ്യുക പ്രയാസമാണെന്ന് തുടർച്ചയായുണ്ടാകുന്ന ദുരന്തങ്ങൾ കാണിച്ചു തരുന്നു. അതിനാൽ അടിയന്തരമായി ഒരു പങ്കാളിത്ത ദുരന്ത നിവാരണ നയം രൂപീകരിക്കേണ്ടത് അത്യാവശ്യമാണ്.

സംസ്ഥാന, ജില്ല, തദ്ദേശ സ്ഥാപനങ്ങൾ, വാർഡ് തുടങ്ങി വിവിധ തലത്തിൽ ജനങ്ങൾ, നിയമപാലകർ, അഗ്നിശമന സേനാംഗങ്ങൾ, മറ്റു സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവരെ ഏകോപിപ്പിച്ചു കൊണ്ട്, പങ്കാളിത്ത ദുരന്ത നിവാരണ സമിതികൾ രൂപീകരിക്കുകയും ദുരന്തങ്ങൾക്ക് കാരണമാകുന്ന മുന്നറിയുപ്പുകൾ, കാറ്റ്, മഴ തുടങ്ങിയ കാലാവസ്ഥ വിവരങ്ങൾ ഏറ്റവും വേഗത്തിൽ ജനങ്ങളുടെ ശ്രദ്ധയിലേക്ക് എത്തിക്കുകയും, മതിയായ തയ്യാറെടുപ്പുകൾ നടത്തേണ്ടതുമാണ്. കാലാവസ്ഥാ വ്യതിയാനങ്ങങ്ങൾക്ക് എന്തെല്ലാം പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാനാവും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ ദുരന്തം. കാലാവസ്ഥാ മാറ്റത്തിന്റെ ഗതിവിഗതികൾ നൽകുന്ന സൂചന, ഇത്തരം ദുരന്തങ്ങൾ കേരളത്തിൽ മറ്റിടങ്ങളിലും ആവർത്തിക്കപ്പെടാൻ തന്നെയാണ് സാധ്യത എന്നതാണ്. 2019 മുതൽ തുടർച്ചയായി ലഘു മേഘ വിസ്ഫോടനങ്ങൾ കേരളത്തിൽ വിവിധ ഇടങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇത് കൃത്യമായി പരിശോധിക്കപ്പെടുകയും ശാസ്ത്രീയ വിവരങ്ങൾ പ്രാദേശിക അടിസ്ഥാനത്തിൽ നൽകുകയും ദുരന്തത്തിൽ നിന്നും ഒഴിഞ്ഞു നിൽക്കാൻ ജനങ്ങളെ പ്രാപ്തരാക്കുകയും ചെയ്യുന്ന ശാസ്ത്ര - പ്രാദേശിക പങ്കാളിത്ത ദുരന്ത നിവാരണ സമിതികൾ അടിയന്തരമായി രൂപീകരിക്കപ്പെടേണ്ടതുണ്ട്.

മണ്ണിടിച്ചിൽ, ഉരുൾ പൊട്ടൽ, തുടങ്ങിയവ ശാസ്ത്രീയമായി പഠിക്കുന്നതിന് ഇന്ത്യയിൽ IITകൾ, NITകൾ, മറ്റു ഭൗമ ശാസ്ത്ര സ്ഥാപനങ്ങൾ എന്നിവ രംഗത്ത് സജീവമാണ്. കേരളത്തിൽ KSDMAയും വിവിധ യൂണിവേഴ്സിറ്റികളും ഈ മേഖലയിൽ സജീവമായി ഇടപെടുകയും, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, എന്നിവ മുൻകൂട്ടി പ്രവിചിക്കുന്നതിനും, മുന്നറിയിപ്പുകൾ യഥാസമയം അറിയിക്കുന്നതിനും ശാസ്ത്രീയ പഠനം നടത്തി വരികയും ചെയ്യുന്നുണ്ട്. എന്നാൽ ഈ പഠനങ്ങൾ എല്ലാം ഏകവിഷയത്തിൽ ഊന്നിയതാണ് എന്നതാണ് ഇതിന്റെ പരിമിതി. ഭൗമശാസ്ത്രം, ഭൂമി ശാസ്ത്രം, ഭൂഘടന, സസ്യ ശാസ്ത്രം, അന്തരീക്ഷ- മണ്ണ് ശാസ്ത്രങ്ങൾ, തുടങ്ങിയവയും അതിന്റെ വിശദ വിവരങ്ങളെ സാങ്കേതിക വിശകലനത്തിലൂടെ സംയോജിപ്പിച്ചുകൊണ്ട് നിർമ്മിക്കുന്ന വിവിധ പരീക്ഷണ നിർമിതികളും പരിശോധിച്ച് വിലയിരുത്തി എടുക്കുന്ന ജ്ഞാനമാണ് മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ മുന്നറിയിപ്പുകൾ. ഈ ജ്ഞാനത്തെ വിവിധ വിവര സാങ്കേതിക വിദ്യയിലൂടെ പൊതുസമൂഹത്തിൽ യഥാസമയം എത്തിക്കുകയെന്നത് മുന്നറിയിപ്പ് സംവിധാനത്തിൽ കൂടിയാണ്. ഈ സംവിധാനത്തിന്റെ പരമ പ്രധാനമായ ഘടന പൊതുജന പങ്കാളിത്തമാണ്. സമൂഹത്തിലെ എല്ലാ തട്ടിലുമുള്ളവർ ഉൾപ്പെട്ട പങ്കാളിത്ത സംവിധാനത്തിന് മാത്രമേ വളരെ ഫലവത്തായി ഉരുൾപൊട്ടൽ / മണ്ണിടിച്ചിൽ മുന്നറിയിപ്പ് സംവിധാനമായി പ്രവർത്തിക്കാൻ കഴിയുകയുള്ളു.

പ്രാദേശികമായ ദുരന്ത മുന്നറിയിപ്പ് സംവിധാങ്ങളുടെ പ്രസക്തി

പ്രാദേശിക അടിസ്ഥാനത്തിലുള്ള കൂടുതൽ കൃത്യതയുള്ള പ്രവചന സംവിധാനങ്ങൾ വികസിപ്പിച്ചുകൊണ്ട് ഇത്തരം ദുരന്തസാധ്യതകൾ മുൻകൂട്ടി കാണുവാനും ആവശ്യമായ ദുരന്ത ലഘൂകരണ പ്രവർത്തനങ്ങൾ പഞ്ചായത്ത് അടിസ്ഥാനത്തിൽ ഏകോപിപ്പിക്കുവാനും സാധിക്കും. അതിനാൽ പ്രാദേശിക അടിസ്ഥാനത്തിലുള്ള മെച്ചപ്പെട്ട മുന്നറിയിപ്പ് സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി ജനപങ്കാളിത്തത്തോടുകൂടി ദുരന്ത ലഘൂകരണം നടപ്പിലാക്കേണ്ടത് അടിയന്തര പ്രാധാന്യം അർഹിക്കുന്നു. പരിമിതമായ ഡാറ്റ വിശകലനം ചെയ്തു Hume Center കൊടുത്ത അലെർട് എടുത്തു പറയേണ്ടതാണ്.

സംഗ്രഹം/നിർദേശങ്ങൾ

  • അതി തീവ്രമായ മഴയാണ് മേപ്പാടി പഞ്ചായത്തിൽ വിവിധയിടങ്ങളിൽ 2024 ജുലൈ 29ന് രാത്രിയിലും 30ന് പുലർച്ചയുമായി ഉണ്ടായ ഉരുൾപൊട്ടലിന്റെ പ്രാഥമിക കാരണമായി വിലയിരുത്താവുന്നത്.

  • ജൂലൈ മാസം പകുതി മുതൽ ശരാശരിയിലും മുകളിൽ ലഭിച്ച മഴയിൽ കുതിർന്നു നിന്ന മണ്ണിന് ജൂലൈ 29 നുണ്ടായ അതിതീവ്ര മഴയെ ഉൾക്കൊള്ളുവാൻ സാധിച്ചില്ല എന്നാണ് മനസിലാവുന്നത്.

  • മലയുടെ അടിവാരത്തും ചെരിവുകളിലും നടക്കുന്ന ഖനനം, റോഡ് നിർമാണം, അശാസ്ത്രീയവും പരിസ്ഥിതിക്ക് യോജിക്കുന്നതുമല്ലാത്ത കൃഷിരീതികൾ, മറ്റു നിർമാണ പ്രവർത്തനങ്ങൾ എന്നിവയും വന വിഘടന പ്രക്രിയയും ജനവാസമില്ലാത്ത വനമേഖലകളിൽ നിന്ന് ആരംഭിച്ച ഉരുൾപൊട്ടലുകൾക്കു കാരണമായിരുന്നിരിക്കാം. ഭൂമിശാസ്ത്രപരമായ പാരാമീറ്ററുകൾ ഉപയോഗിച്ചുള്ളതല്ല ഈ വിശകലനം എന്നതുകൊണ്ട് തന്നെ, കൃത്യമായ വിവരം ലഭിക്കണമെങ്കിൽ വിദഗ്ധ പഠനം ആവശ്യമാണ്.

  • പ്രധാനമായും മണ്ണിനെയും അടിത്തട്ട് പാറയെയും പരസ്പരം ബന്ധിപ്പിച്ചു നിർത്തുന്ന ഘടകങ്ങൾ ദുർബലമാകുമ്പോളാണ് ചരിവ് അപചയ പ്രക്രിയക്ക് തുടക്കം കുറിക്കുന്നത്. ഇതിൽ മണ്ണും അടിത്തട്ട് പാറയും തമ്മിലുള്ള ഘർഷണത്തെ സ്വാധീനിക്കുന്ന മണ്ണിന്റെയും പാറകളുടെയും രാസ-ഭൗതിക ഘടന, ഭൂപ്രതലത്തിൻെറ ചരിവിന്റെ ക്രമീകരണവും അടിത്തട്ട് പാറയുടെ ക്രമീകരണവും തമ്മിലുള്ള കോൺ (Angle) എന്നിവയും പ്രധാനപ്പെട്ടതാണ്. ഓരോ പ്രദേശത്തെയും മണ്ണിടിച്ചിലിനു കാരണമായ ഇതിലെ ഓരോ ഘടകത്തിന്റെയും ആപേക്ഷിക സ്വാധീനം എത്രത്തോളം ഉണ്ടായിരിന്നു എന്ന് വിശദമായ പഠനം നടത്തേണ്ടതാണ്.

  • ഭൂരിഭാഗം ഉരുൾപൊട്ടലുകളും നടന്നത് നീർച്ചാലുകളുടെ സമീപത്തായിരുന്നു എന്നതിൽ നിന്ന് വ്യക്തമാകുന്നത് നീർച്ചാലുകൾ ഈ പ്രദേശത്തെ ഉരുൾപൊട്ടലുകളെ സ്വാധീനിക്കുന്ന ഒരു മുഖ്യ ഘടകമായി പരിഗണിക്കാമെന്നാണ്. നീർച്ചാലുകൾക്ക് തടസം വരുന്ന ഏതൊരു പ്രവർത്തിയും ഉരുൾപൊട്ടൽ സാധ്യത വർധിപ്പിച്ചേക്കാം.

  • ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾ ഈ പ്രദേശങ്ങൾ സന്ദർശിച്ച് ഉരുൾപൊട്ടൽ നടന്ന സ്ഥലങ്ങളുടെ ലൊക്കേഷൻ കണ്ടെത്തുകയും ഉരുളുകൾ വന്ന വഴികൾ അടിയന്തിരമായി മാപ്പ് ചെയ്ത് പഞ്ചായത്തിനും കൂടുതൽ ഗവേഷണ പഠനങ്ങൾക്കും വേണ്ടി ലഭ്യമാക്കേണ്ടതുണ്ട്. ഡ്രോണുകൾ ഉപയോഗിച്ച് ഉരുൾപൊട്ടൽ പ്രദേശത്തിന്റെ ഏരിയൽ ദൃശ്യങ്ങൾ തയ്യാറാക്കി സൂക്ഷിക്കുന്നത് ഭാവിയിലേക്ക് മുതൽക്കൂട്ടാവും.

  • ഈ പ്രദേശത്ത് പൂർവ്വകാലങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടായതായി രേഖകൾ ഉണ്ടോ എന്നും പരിശോധിക്കേണ്ടതാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇത്തരം സ്ഥിതിവിവര കണക്കുകൾ ശേഖരിച്ചു സൂക്ഷിക്കേണ്ടതാണ്.

  • ഉരുൾപൊട്ടൽ നടന്ന സ്ഥലങ്ങളിലോ അതിനു സമീപ പ്രദേശങ്ങളിലോ ലഭിച്ച മഴയുടെ കൃത്യമായ അളവുകൾ ഇല്ലാത്തതിനാൽ ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്താലാണ് ഈ പ്രദേശത്തു പെയ്ത മഴയെ പറ്റി ഒരു ഏകദേശ രൂപം ലഭിച്ചത്. ആയതിനാൽ ഭാവിയിൽ ഇത്തരം പ്രതിഭാസങ്ങളെ മുൻകൂട്ടി അറിയുവാനും മനസിലാക്കുവാനും യഥാസമയം മുന്നറിയിപ്പുകൾ നൽകി ജീവപായം കുറക്കുവാനും ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകൾ /മഴ മാപിനികൾ സ്ഥാപിക്കേണ്ടതാണ്. ഇത് പ്രാദേശിമായ മഴ പ്രവചനങ്ങൾക്കും ഉരുൾപൊട്ടൽ മുന്നറിയിപ്പുകൾക്കും വേണ്ടി ഉപയോഗിക്കാവുന്നതാണ്.

  • കാലാവസ്ഥ വ്യതിയാനങ്ങൾ സൃഷ്ടിക്കുന്ന ഈ വിധ അടിസ്ഥാന പ്രശ്നങ്ങൾ സംബന്ധിച്ച് കൂടുതലായി പഠിക്കുന്നതിനോടൊപ്പം അവയെ മുൻകൂട്ടി അറിയുകയും അറിയിപ്പുകൾ വേണ്ട വിധം ഫലവത്തായി സമൂഹത്തിന് കൈമാറുകയും ചെയ്യുന്നതിനുള്ള മാർഗങ്ങൾ അടിയന്തിരമായി അവലംബിക്കേണ്ടതുണ്ട് എന്നതും നിസ്തർക്കമാണ്. കാലാവസ്ഥാ മുന്നറിയിപ്പുകൾ കൂടുതൽ പ്രാദേശികവും കൃത്യവും ആവേണ്ടതും ജനോപകാരമായ രീതിയിൽ പ്രയോജനപ്പെടുത്താൻ സാധിക്കേണ്ടതും കാലഘട്ടത്തിന്റ അനിവാര്യതയാണ്.

  • സ്വാഭാവികമായ ജലനിർഗമന മാർഗ്ഗങ്ങൾ സംരക്ഷിക്കുകയും, ആവശ്യമെങ്കിൽ അവ വിപുലപ്പെടുത്തുകയും ചെയ്യേണ്ടതാണ്.
    മലകളുടെ മുകൾ ഭാഗത്ത് തോടുകളുടെയും അരുവികളുടെയും സ്വാഭാവിക പാതയ്ക്ക് മാറ്റം വരുത്തുകയോ, അശാസ്ത്രീയമായി തടയണകൾ നിർമ്മിക്കുകയോ ചെയ്യുവാൻ പാടുള്ളതല്ല. കുന്നിൻ ചെരുവുകളിൽ തട്ടുകളായി കൃഷിചെയ്യുന്ന ഇടങ്ങളിൽ മഴവെള്ളം തട്ടുകളിൽ തങ്ങി നിൽക്കാതെ താഴേക്ക് പെട്ടെന്ന് തന്നെ ഒഴുകി പോവുന്നതിനുള്ള സംവിധാനം ഒരുക്കേണ്ടതാണ്.

  • കൃഷിയാവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന ഉപകരണങ്ങളിലും യന്ത്രങ്ങളിലും നിയന്ത്രണങ്ങൾ വേണ്ടിവരും. കൃഷി സ്വാഭാവിക പ്രകൃതിക്ക് യോജിച്ചതും ജൈവ വൈവിധ്യം സംരക്ഷിക്കുന്നതിന് ഉതകുന്നതും ആണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. മൺതിട്ടകളെ പാറകളുടെ മുകളിൽ ഉറപ്പിച്ചു നിർത്തുന്നതിനും ഉരുൾപൊട്ടൽ ചെറുക്കുന്നതിനും സഹായകരമായ വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടതാണ്.

  • ലഘുമേഘ വിസ്ഫോടനങ്ങളുടെ ഗണത്തിൽ പെടുത്താവുന്ന മഴ കേരളത്തിൽ സമീപ കാലത്ത് അടിക്കടി ഉണ്ടാവുന്നുണ്ട്. കേരളത്തിൽ കാലാവസ്ഥ വ്യതിയാനം ദുരന്തങ്ങൾ വിതച്ചുകൊണ്ടിരിക്കുകയാണ്.

  • മഴ ദിനങ്ങളുടെ വിന്യാസവും, ഭൂപ്രകൃതിയുടെ പ്രത്യേകതകളും അടിസ്ഥാനപ്പെടുത്തി ഓരോ പ്രദേശത്തിനും താങ്ങാൻ സാധിക്കുന്ന മഴപ്പെയ്ത്തിന്റെ പരമാവധി തീവ്രത (Maximum Safe Threshold) കണ്ടുപിടിക്കേണ്ടതും മഴ പ്രവചനങ്ങളുടെ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കേണ്ടതുമാണ്.

  • അസ്ഥിരമാവുന്ന കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ അനിവാര്യമായ ദുരന്തങ്ങളെ നേരിടാൻ എല്ലാവർക്കും ബാധ്യതയുണ്ട് എന്നിടത്താണ് പങ്കാളിത്ത ദുരന്ത നിവാരണ നയം രൂപീകരിച്ചുകൊണ്ട് പുതിയ സമീപനം കേരളത്തിൽ ഉരുത്തിരിയേണ്ടതിന്റെ പ്രസക്തി.

Referenes:

1. A.L. Achu, Jobin Thomas, C.D. Aju, H. Vijith, Girish Gopinath, Redefining landslide susceptibility under extreme rainfall events using deep learning, Geomorphology, Volume 448, (2024)

2. Kuriakose, Sekhar L., G. Sankar, and C. Muraleedharan. "History of landslide susceptibility and a chorology of landslide-prone areas in the Western Ghats of Kerala, India." Environmental geology 57 (2009): 1553-1568.

3.‘Landslide Susceptibility Map of Wayanad District’, KSDMA/NCESS, https://sdma.kerala.gov.in/hazard-maps/

4. Sabu Joseph, S. Sreekumar, Sankar. G, John Mathai, Beena K.S., Sarun S., ‘കേരളത്തിലെ ഉരുൾപൊട്ടലും മണ്ണിടിച്ചിലും, ദുരന്ത ലഘൂകരണ നിർദേശങ്ങൾ’ Department Of Environmental Science, Kerala University, ISBN 978-93-5620-552-9

5. Sajinkumar & Thomas, ‘Landslide Atlas of Kerala’, Geological Society of India, P.13 (2021)

6. Sivadas, Deepu & P G, Vinod & Prakashkumar, R. Landslide susceptibility map using Geospatial Technology in Wayanad District, Kerala, India—A post-flood scenario, (2019).

7. ‘Landslides Wayanad District’, Vishnu & Abhilash (2024)

Comments