COP29: ക്ലൈമറ്റ് ഫിനാൻസ് ഇത്തവണയും നിരാശയിലേക്കോ ?

2015 ലെ പാരീസ് ഉടമ്പടിയിൽ പ്രഖ്യാപിച്ച, 2020 ആവുമ്പോഴേക്കും വികസ്വര രാഷ്ട്രങ്ങളുടെ കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങളിൽ സഹായ ധനം കൈമാറുമെന്ന് തീരുമാനമായ ക്ലൈമറ്റ് ഫിനാൻസ് ചർച്ചകൾക്ക് 2024 ലും പറയത്തക്ക വ്യക്തത വന്നിട്ടില്ല.

സർബൈജാനിലെ ബാക്കുവിൽ നടക്കുന്ന ആഗോള കാലാവസ്ഥാ ഉച്ചകോടി COP29 ഒരാഴ്ച പിന്നിടുന്നു. COP29 ൽ തീരുമാനമായേക്കുമെന്ന് വളരെ പ്രതീക്ഷയോടെ ഉറ്റുനോക്കിയ ക്ലൈമറ്റ് ഫിനാൻസ് ചർച്ചകൾക്ക് അന്തിമ രൂപം കാണാൻ ഇത് വരെ കഴിഞ്ഞിട്ടില്ല. എല്ലാ തവണത്തെയും പോലെ അസർബൈജാനിലെ ആഗോള കാലാവസ്ഥാ ഉച്ചകോടിയിലെയും പ്രധാന ചർച്ചാ വിഷയം ക്ലൈമറ്റ് ഫിനാൻസ് തന്നെയാകും. 2015 ലെ പാരീസ് ഉടമ്പടിയിലാണ് 2020 ഓടെ വികസിത രാജ്യങ്ങൾ വികസ്വര രാജ്യങ്ങൾക്ക് അവർ നേരിട്ടു കൊണ്ടിരിക്കുന്ന കാലാവസ്ഥാ നഷ്ടങ്ങൾക്കുള്ള സഹായ ധനം കൈമാറുമെന്ന തീരുമാനമുണ്ടാകുന്നത്. 100 ബില്യൺ ഡോളറായിരുന്നു അന്ന് പ്രഖ്യാപിച്ചിരുന്നതെങ്കിലും അത് നൽകാനോ ക്ലൈമറ്റ് ഫിനാൻസ് ചർച്ചകൾ വേണ്ട രൂപത്തിൽ നടത്താനോ വികസിത രാഷ്ട്രങ്ങൾ ശ്രമിച്ചിട്ടില്ല. 2015 ലെ പാരീസ് ഉടമ്പടിയിൽ പ്രഖ്യാപിച്ച, 2020 ആവുമ്പോഴേക്കും വികസ്വര രാഷ്ട്രങ്ങളുടെ കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങളിൽ സഹായ ധനം കൈമാറുമെന്ന് തീരുമാനമായ ക്ലൈമറ്റ് ഫിനാൻസ് ചർച്ചകൾക്ക് 2024 ലും പറയത്തക്ക വ്യക്തത വന്നിട്ടില്ല. വികസ്വര രാഷ്ട്രങ്ങൾക്ക് കാലാവസ്ഥാ പ്രതിസന്ധി മൂലം സംഭവിക്കുന്ന നഷ്ടങ്ങൾക്ക് 100 ബില്യൺ ഡോളർ മതിയാവില്ലെങ്കിലും അത് പോലും നൽകുന്ന കാര്യത്തിൽ വ്യക്തത വരുത്താൻ ആഗോള കാലാവസ്ഥാ ഉച്ചകോടിക്ക് കഴിഞ്ഞിട്ടില്ല.

വികസിത രാജ്യങ്ങൾ 100 ബില്യൺ നൽകിയാൽ പോരെന്നാണ് വികസ്വര രാജ്യങ്ങളുടെ പ്രധാന ആവശ്യം. ഒരു ട്രില്യൺ വേണമെന്ന് ഇന്ത്യയും രണ്ട് ട്രില്യൺ വേണമെന്ന് പാക്കിസ്ഥാനും ഇതിനോടകം ആവശ്യപ്പെട്ടിട്ടുമുണ്ട്. അസർബൈജാനിലെ ആഗോള കാലാവസ്ഥാ ഉച്ചകോടി സമാപിക്കുമ്പോഴേക്കും ക്ലൈമറ്റ് ഫിനാൻസ് സംബന്ധിച്ച പ്രഖ്യാപനങ്ങൾക്ക് തീരുമാനമുണ്ടാകണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി ആക്ടിവിസ്റ്റുകൾ അസർബൈജാനിൽ റാലി നടത്തിയിട്ടുണ്ട്. COP29 ൽ ശക്തമായ ക്ലൈമറ്റ് ഫിനാൻസ് ചർച്ചകൾ ഉണ്ടാകാൻ ലോക നേതാക്കളെ പ്രേരിപ്പിക്കാനാണ് അസർബൈജാനിൽ ആക്ടിവിസ്റ്റുകൾ റാലി നടത്തിയത്. 2030 ഓടെ വികസ്വര രാജ്യങ്ങൾക്ക് പ്രതിവർഷം ഒരു ട്രില്യൺ സാമ്പത്തിക സഹായം നൽകണമെന്ന് ഒരു സ്വതന്ത്ര എക്‌സ്‌പേർട്ട് ഗ്രൂപ്പ് നടത്തിയ പഠനം ആവശ്യപ്പെട്ടിരുന്നു.

ക്ലൈമറ്റ് ഫിനാൻസ് സംബന്ധിച്ച പ്രഖ്യാപനങ്ങൾക്ക് തീരുമാനമുണ്ടാകണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി ആക്ടിവിസ്റ്റുകൾ അസർബൈജാനിൽ  നടത്തിയ റാലി./Photo: X @mithika_mwenda
ക്ലൈമറ്റ് ഫിനാൻസ് സംബന്ധിച്ച പ്രഖ്യാപനങ്ങൾക്ക് തീരുമാനമുണ്ടാകണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി ആക്ടിവിസ്റ്റുകൾ അസർബൈജാനിൽ നടത്തിയ റാലി./Photo: X @mithika_mwenda

കാലാവസ്ഥാ ഫിനാൻസിംഗ് നടപ്പാക്കാൻ ഏറെ പ്രയാസമുള്ള തീരുമാനമാണെന്ന് കുസാറ്റിലെ (സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റി) അസിസ്റ്റന്റ് പ്രൊഫസറായ ഡോ. അബേഷ് രഘുവരൻ ട്രൂ കോപ്പി തിങ്കിനോട് പറഞ്ഞു:

“നടപ്പാക്കാൻ ഏറെ പ്രയാസമുള്ള ഒരു തീരുമാനമാണ് കാലാവസ്ഥാ ഫിനാൻസിംഗ്. ഓരോ രാജ്യവും സ്വയം പുരോഗതിനേടുവാനും, മറ്റുള്ള രാജ്യങ്ങളെ തറപറ്റിച്ചുകൊണ്ട് മുന്നേറാനും ശ്രമിക്കുമ്പോൾ ഇത്തരം കാലാവസ്ഥാ ഫിനാൻസിംഗിനുള്ള സാധ്യത എത്രമാത്രമെന്ന് പരിശോധനയോ, പഠനമോ ഉണ്ടായിട്ടുണ്ടോ? വികസിതരാജ്യങ്ങൾ കൂടുതൽ വികസനത്തിനായും, ധനികരാജ്യങ്ങൾ അവരുടെ നിലനിൽപ്പിനായും പരിശ്രമിക്കുമ്പോൾ ഇക്കാര്യത്തിൽ ഒരാൾ മറ്റൊരാളെ സഹായിക്കുക എന്നത് പൊതുവെ പറയുവാൻ കൊള്ളാം എന്നതിനപ്പുറം ഏതുരാജ്യങ്ങൾ അവയെ പൂർണ്ണമായും അംഗീകരിക്കും എന്നത് സംശയമാണ്. ഐക്യരാഷ്ട്രസംഘടനയുടെ ശക്തമായ ഇടപെടൽ ഉണ്ടായാൽ തന്നെയും ഒരു പാഴ് വാഗ്ദാനത്തിനപ്പുറം ഒരു രാജ്യവും ക്രിയാത്മകമായി നടപ്പിലാക്കാൻ അതിൽ സമയവും മനസ്സും കണ്ടെത്തും എന്നകാര്യത്തിൽ ഏറെ സംശയവും ആശങ്കയുമുണ്ട്.” - ഡോ. അബേഷ് രഘുവരൻ പറയുന്നു.

 ഡോ. അബേഷ് രഘുവരൻ
ഡോ. അബേഷ് രഘുവരൻ

സാമ്പത്തിക കരാറിൽ അസർബൈജാനിലെ സ്തംഭനാവസ്ഥ തിങ്കളാഴ്ച ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടക്കുന്ന g20 ഉച്ചകോടി പരിഹരിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് g20 തീരുമാനങ്ങൾ എടുക്കുന്നില്ലെങ്കിലും ക്ലൈമറ്റ് ഫിനാൻസുമായി ബന്ധപ്പെട്ട ഫണ്ട് സ്വരൂപിക്കുന്നതിനുള്ള ചർച്ചകൾക്ക് ലോക നേതാക്കൾ തയ്യാറാകുമെന്നാണ് പ്രതീക്ഷ. ബ്രസീലിൽ നടക്കുന്ന g20 ആയാലും ഇനി നടക്കാനുള്ള COP30 ആയാലും ഓരോ ആഗോള ഉച്ചകോടികളും അന്താരാഷ്ട്ര നേതാക്കളുടെ എഴുതിത്തയ്യാറാക്കിയ പ്രസംഗം വായിക്കുന്ന പരിപാടികൾ മാത്രമായി ഒതുങ്ങുന്നുണ്ട്. കാലാവസ്ഥാ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഓരോ വർഷവും ദരിദ്ര രാജ്യങ്ങൾ അനുഭവിക്കുന്ന സാമ്പത്തിക നഷ്ടം വിലയിരുത്താൻ ഇനിയൊരു COP30 വരെ കാത്തിരിക്കേണ്ടി വരരുത്. 2027 ആവുമ്പോഴേക്കും ഇന്ത്യയിൽ മാത്രം മൊത്തം ആഭ്യന്തര മൊത്തോൽപ്പാദനത്തിന്റെ 24.7 ശതമാനം കാലാവസ്ഥാ പ്രതിസന്ധിയുടെ ഭാഗമായുള്ള നാശനഷ്ടങ്ങൾ ഉണ്ടാക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

“ആഗോള കാലാവസ്ഥാസമ്മേളനം COP29 ഒരാഴ്ച പിന്നിടുമ്പോൾ പ്രതീക്ഷകൾക്ക് അസർബൈജാനിലും വലിയ സ്ഥാനമില്ല എന്നുതന്നെയുള്ള സന്ദേശമാണ് ലോകത്തിന് നൽകുന്നത്. പ്രധാനപ്പെട്ട രാജ്യങ്ങളായ അമേരിക്ക, ചൈന, ഫ്രാൻസ്, ഇന്ത്യ എന്നീ രാജ്യങ്ങളുടെ രാഷ്ട്രത്തലവന്മാർ പങ്കെടുക്കുന്നില്ല. ഇന്ത്യയെ പ്രതിനിധീകരിച്ചുകൊണ്ട് ദേശീയ ഹരിത ട്രിബ്യുണൽ ചെയർമാൻ ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ ആണ് പങ്കെടുക്കുന്നത്. അദ്ദേഹമാവട്ടെ പരിസ്ഥിതി നിയമങ്ങളിൽ ജുഡീഷ്യറിയുടെ നിർണ്ണായകമായ ഇടപെടലുകളെക്കുറിച്ച് മാത്രമാണ് ഊന്നിപറഞ്ഞിരിക്കുന്നത്. കാലാവസ്ഥാവ്യതിയാനം മൂലമുള്ള കടൽക്ഷോഭങ്ങൾ ഏറെയുള്ള പപ്പുവ ന്യൂ ഗിനിയ, സമ്മേളനത്തിനു തൊട്ടുമുമ്പാണ് നാടകീയമായി പിൻമാറിയത്. 'Total Waste of Time' എന്നാണ് അവരുടെ വിദേശകാര്യമന്ത്രിയായ ജസ്റ്റിൻ കാച്ചങ്കോ അഭിപ്രായപ്പെട്ടത്. അക്ഷരാർത്ഥത്തിൽ അസർബൈജാനിൽ നടക്കുന്നത് നിലനിൽപ്പിനായുള്ള വിലപേശലുകളാണ്. ധനികരാജ്യങ്ങൾ പാവപ്പെട്ട രാജ്യങ്ങൾക്ക് ഹരിതവഴിയിൽ സഞ്ചരിക്കാനും കാലാവസ്ഥാവ്യതിയാനത്തിന്റെ കെടുതികളിൽ നിന്നും കരകയറുവാനുമായി വർഷത്തിൽ ഒരു ട്രില്യൺ ഡോളർ നൽകണമെന്ന മുൻധാരണയിൽ ഒരാഴ്ച കഴിയുമ്പോളും പൂർണ്ണമായ ഒരു തീരുമാനം ആയിട്ടില്ല. പ്രധാനപ്പെട്ട പല രാജ്യങ്ങളും പങ്കെടുക്കാത്തതുകൊണ്ടും അത് ഉറപ്പാക്കാൻ സമ്മേളനത്തിന് ആയിട്ടില്ല. എന്നാൽ ഒരു ട്രില്യൺ പര്യാപ്തമല്ലെന്നാണ് ചില രാജ്യങ്ങളുടെ നിലപാട്. എന്തുതന്നെയായാലും ഐക്യരാഷ്ട്രസംഘടനാ തലവൻ അതിനെല്ലാം മറുപടിയായി 'പണം നൽകുക, അല്ലെങ്കിൽ നമുക്കൊരുമിച്ചു കാലാവസ്ഥാദുരന്തങ്ങളെ നേരിടാം' എന്ന് ഒന്നോരണ്ടോ വാക്കിൽ നിലപാട് ഒതുക്കുകയും ചെയ്തിരിക്കുകയുമാണ്. ആഗോള സമ്മേളനങ്ങളുടെ രീതിതന്നെ മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഒരുമിച്ചിരുന്നുകൊണ്ട് ചർച്ചകൾ മാത്രമല്ല, തീരുമാനങ്ങളും ഉറപ്പാക്കികൊണ്ടുവേണം സമ്മേളനം പൂർത്തിയാകുവാൻ അത് ഓരോ രാജ്യത്തിന്റെയും ഉത്തരവാദിത്തമായി മാറണം. അടുത്ത പത്തോ പതിനഞ്ചോ വർഷങ്ങളുടെ ലക്ഷ്യമല്ല; വരും വർഷത്തിൽ തന്നെ നേടാൻ കഴിയുന്ന ലക്ഷ്യങ്ങൾ ആവണം ചർച്ചയിൽ വരേണ്ടത്. അടുത്ത COP30 ബ്രസീലിൽ നടക്കുമ്പോൾ ചെയ്യാൻ പോകുന്നവയെപ്പറ്റിയല്ല, പോയവർഷം ചെയ്ത കാര്യങ്ങളെക്കുറിച്ചാവണം ഓരോ രാഷ്ട്രത്തലവന്മാരും വാചാലരാവേണ്ടത്.” - ഡോ. അബേഷ് രഘുവരൻ പറയുന്നു.

ആഗോള CO₂ ബഹിർഗമനം റെക്കോർഡ് ഉയരത്തിലെത്തും

ഫോസിൽ ഇന്ധനങ്ങൾ കത്തിക്കുമ്പോഴുണ്ടാകുന്നതുൾപ്പെടെയുള്ള ആഗോള കാർബൺ ഡൈ ഓക്‌സൈഡ് ബഹിർഗമനം ഈ വർഷം റെക്കോർഡ് ഉയരത്തിലെത്തുമെന്നും ആഗോള കാലാവസ്ഥാ ഉച്ചകോടിയിൽ ശാസ്ത്രജ്ഞർ പറഞ്ഞിട്ടുണ്ട്. ഉച്ചകോടിയിൽ പ്രസിദ്ധീകരിച്ച ഗ്ലോബൽ കാർബൺ ബജറ്റ് റിപ്പോർട്ടിലാണ് ആഗോള CO₂ ബഹിർഗമനം 2023 നേക്കാൾ 0.8 ശതമാനം വർധിക്കുമെന്ന് കണ്ടെത്തിയത്. 2024 ൽ മൊത്തം 41.6 ബില്യൺ മെട്രിക് ടണ്ണായി ആഗോള കാർബൺ ഡൈ ഓക്‌സൈഡ് ബഹിർഗമനം മാറിയേക്കും. 2023 ൽ ഇത് 40.06 ബില്യൺ മെട്രിക് ടണ്ണായിരുന്നു. എണ്ണ, കൽക്കരി, ഗ്യാസ് എന്നിവയിൽ നിന്നാണ് കൂടുതലായും കാർബൺ ഡൈ ഓക്‌സൈഡ് ബഹിർഗമനം സംഭവിക്കുന്നത്. കാട്ടുതീ മൂലവും കാർബൺ ബഹിർഗമനം സംഭവിക്കുന്നുണ്ട്. ആഗോളതാപനത്തിന്റെ പ്രധാന കാരണങ്ങളിലൊന്നായ ഫോസിൽ ഇന്ധനങ്ങൾ കത്തിക്കുമ്പോഴുണ്ടാകുന്ന ആഗോള CO₂ ബഹിർഗനം സർവ്വകാല റെക്കോർഡായി ഉയരുന്നത് വലിയ വെല്ലുവിളിയാണ്. 2023ലെ മൊത്തം ഹരിത ഗൃഹവാതകങ്ങളുടെ കണക്കെടുപ്പ് നടത്തുമ്പോൾ 2022നേക്കാൾ 1.3% അധികമാണെന്നാണ് വിലയിരുത്തൽ.

അസർബൈജാനിലെ ആഗോള കാലാവസ്ഥാ ഉച്ചകോടിയുടെ കവാടം.
അസർബൈജാനിലെ ആഗോള കാലാവസ്ഥാ ഉച്ചകോടിയുടെ കവാടം.

ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കണമെന്ന നിലപാടിലേക്ക് ലോകം എത്തുമ്പോഴും ആഗോള കാലാവസ്ഥാ ഉച്ചകോടിയുടെ ആതിഥേയരായ അസർബൈജാൻ ആ രാജ്യത്തെ എണ്ണ ഖനനം മൂന്നിരട്ടിയായി വർധിപ്പിക്കാനുള്ള നീക്കങ്ങൾ തകൃതിയായി നടത്തുന്നുണ്ട്. ഇതിനെതിരെയുള്ള ശബ്ദങ്ങളെയെല്ലാം അടിച്ചമർത്തുന്ന അസർബൈജാനിൽ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിയെന്ന നിലയിൽ ഈ ചർച്ചകളും ആതിഥേയരാഷ്ട്രങ്ങളുടെ പാരിസ്ഥിതിക സമീപനങ്ങളും വലിയ ആശങ്ക ഉയർത്തുന്നുണ്ട്.

വായുമലിനീകരണം കുറയ്ക്കുന്നതിൽ ഇടപെടണമെന്ന് ബംഗ്ലാദേശിനോടും പാക്കിസ്ഥാനോടും ഇന്ത്യ അഭ്യർഥിച്ചിരിക്കുകയാണ്. ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംഗ് ടോബ്‌ഗേയുടെ നേതൃത്വത്തിൽ നടന്ന ഹിമാലയൻ രാജ്യങ്ങളുടെ യോഗത്തിലാണ് ഇന്തോ - ഗംഗാറ്റിക് എയർഷെഡിലെ വായുമലിനീകരണം വെല്ലുവിളിയായിരിക്കുകയാണെന്ന് ഇന്ത്യ വാദിച്ചത്. ഹിമാലയൻ രാജ്യങ്ങളിലെ ഭൂരിഭാഗം രാജ്യങ്ങളും ഇന്തോ-ഗംഗാറ്റിക് എയർഷെഡ് പരിധിയിലാണ് വരുന്നത്. ഇത് അതിരുകടന്ന പ്രശ്‌നമാണെന്നും അന്തരീക്ഷ മലിനീകരണം കുറയ്ക്കാൻ എല്ലാ രാജ്യങ്ങളും ഇടപെടണമെന്നുമാണ് പരിസ്ഥിതി, വന, കാലാവാസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറി നരേഷ് പാൽ ഗാങ് വർ പറഞ്ഞത്. ഹിന്ദുകുഷ് ഹിമാലയ (HKH) ഭാഗങ്ങളിലെ ഏറ്റവും വലിയ പാരിസ്ഥിതിക പ്രശ്‌നമായാണ് അന്തരീക്ഷ മലിനീകരണത്തെ ഇന്ത്യ, യോഗത്തിൽ അവതരിപ്പിച്ചത്. Centre For Integrated Mountain Development (ICIMOD) യുടെ പഠനമനുസരിച്ച് അതിർത്തിക്കപ്പുറം വായുമലിനീകരണം കുറയ്ക്കുന്നതിനും സജീവവും പരസ്പര സഹകരണത്തോടെയുമുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് ഇന്ത്യയുടെ നിലപാട്.

Comments