COP29: ചർച്ചയാകും ക്ലൈമറ്റ് ഫിനാൻസ്, തീരുമാനമോ?

‘‘COP29 എന്ന കാലാവസ്ഥാ മെഗാ ഇവന്റ് അസർബൈജാന് ഗുണകരമാകാൻ പോകുന്നത് അവരുടെ ടൂറിസം രംഗത്താണ്. ലോകം ഉറ്റുനോക്കുന്ന അസർബൈജാൻ ചുളുവിൽ ലോകത്തിന്റെ ശ്രദ്ധ നേടി അവരുടെ ടൂറിസം സാധ്യതയിൽ കുതിച്ചുചാട്ടം നടത്തുന്നു എന്നതിനപ്പുറം കാലാവസ്ഥാ വിഷയത്തിൽ യാതൊരു പ്രതീക്ഷയും ഈ ഉച്ചകോടിയിൽ ഉണ്ടാകാൻ പോകുന്നില്ല’’ - ഡോ.അബേഷ് രഘുവരൻ പറയുന്നു.

29 -ാം യു.എൻ കാലാവസ്ഥാ ഉച്ചകോടിക്ക് (COP29) അസർബൈജാനിൽ തുടക്കമായി. രണ്ടാഴ്ചയോളം നീണ്ടുനിൽക്കുന്ന കാലാവസ്ഥാ ഉച്ചകോടിയിൽ ദരിദ്ര രാജ്യങ്ങൾക്കുള്ള കാലാവസ്ഥാ സഹായധനമാണ് പ്രധാന ചർച്ചാവിഷയം. കഴിഞ്ഞ വർഷം ദുബായിൽ നടന്ന ഉച്ചകോടിയിൽ ഈ വിഷയങ്ങളിൽ അന്തിമകരാറിലെത്തിയിരുന്നില്ല.

48 രാജ്യങ്ങളുടെ തലവൻമാരുൾപ്പെടെ 198 രാജ്യങ്ങളിൽ നിന്നായി 32000 പ്രതിനിധികളാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. National Collective Quantification Goal (NCQG) എന്ന കാലാവസ്ഥാ ധനസഹായത്തിനായുള്ള അന്തിമ ചർച്ചകൾ ഇത്തവണത്തെ കാലാവസ്ഥാ ഉച്ചകോടിയിൽ ഉണ്ടായേക്കുമെന്നാണ് കരുതുന്നത്. ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തി ഊർജസുരക്ഷ ഉറപ്പുവരുത്താനും ദരിദ്ര രാജ്യങ്ങൾക്ക് ശുദ്ധോർജോപയോഗത്തിലേക്ക് നീങ്ങുന്നതിനുമാണ് ഈ ധനസഹായം നൽകുന്നത്. 100 ബില്യൺ ഡോളർ ഒരു വർഷം കൊണ്ട് സമാഹരിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെങ്കിലും ഒരു ലക്ഷം കോടി സമാഹരിക്കണമെന്നാണ് ദരിദ്രരാജ്യങ്ങളുടെയും കാലാവസ്ഥാ വിദഗ്തരുടെയും പ്രധാന ആവശ്യം. ഇന്ത്യയും അറബ് രാജ്യങ്ങളുമെല്ലാം സമാന ആവശ്യമാണ് മുന്നോട്ട് വെച്ചിട്ടുള്ളത്. 2020-ലാണ് 100 ബില്യൺ ഡോളർ ധനസഹായം നൽകാമെന്ന തീരുമാനത്തിലെത്തിയതെങ്കിലും 2022-ലാണ് ആദ്യമായി ധനികരാജ്യങ്ങൾ സാമ്പത്തിക സഹായം നൽകിയത്. 2020 മുതൽ 2022 വരെയുള്ള കാലയളവിൽ ആകെ നൽകിയത് 116 ബില്യൺ ഡോളർ മാത്രമാണ്.

2015-ലെ പാരീസ് ഉടമ്പടിയിലായിരുന്നു ദരിദ്രരാജ്യങ്ങൾക്ക് സമ്പന്ന രാജ്യങ്ങൾ ധനസഹായം നൽകി പരിസ്ഥിതി സാമ്പത്തിക അസന്തുലിതാവസ്ഥ പരിഹരിക്കണമെന്ന തീരുമാനമുണ്ടാകുന്നത്. കാലാവസ്ഥാ വ്യതിയാനങ്ങളെ ചെറുക്കുന്നതിനും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കും താരതമ്യേനെ ദരിദ്ര രാജ്യങ്ങൾക്ക് സാധിക്കാതെ വന്നതോടെയാണ് പാരീസ് ഉടമ്പടിയിൽ ഈ തീരുമാനം ഉണ്ടാകുന്നതെങ്കിലും ഇത് കൃത്യമായി പാലിക്കപ്പെട്ടിട്ടില്ല. ദുബായിൽ വെച്ച് നടന്ന 28 -ാം ആഗോള കാലാവസ്ഥാ ഉച്ചകോടിയിലും ഇത് സംബന്ധിച്ച തീരുമാനങ്ങൾ ഉണ്ടായിരുന്നില്ല. ദരിദ്രരാജ്യങ്ങൾക്കുള്ള സാമ്പത്തിക സഹായം ഉറപ്പു വരുത്തുന്നതോടെ 2025 ആവുമ്പോഴേക്കും ആ രാജ്യങ്ങൾക്ക് അവരുടെ ദേശീയ കാലാവസ്ഥാ പദ്ധതികൾ രൂപപ്പെടുത്താൻ സഹായകമാകും.

ഇത്തരം രാജ്യങ്ങൾക്ക് 2030 ആവുമ്പോഴേക്കും പരിസ്ഥിതി സംരക്ഷണ പദ്ധതികൾ നടപ്പിലാക്കാൻ ഏറ്റവും ചുരുങ്ങിയത് 6 ട്രില്യൺ ഡോളർ ആവശ്യമാണെന്നാണ് 2021-ൽ ആഗോള കാലാവസ്ഥാ ഉച്ചകോടിയുടെ ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നത്. കാലാവസ്ഥാ ധനകാര്യ പദ്ധതികളെ കുറിച്ച് പഠനം നടത്തിയ മറ്റ് ചില സ്വതന്ത്ര സംഘടനകളുടെ റിപ്പോർട്ട് പ്രകാരം ഇതേ കാലയളവിൽ ഈ ദരിദ്രരാജ്യങ്ങൾക്ക് 7.8 ട്രില്യൺ മുതൽ 13.6 ട്രില്യൺ വരെ സാമ്പത്തിക സഹായം ആവശ്യമാണെന്ന് പറയുന്നുണ്ട്. 2030 ആവുമ്പോഴേക്കും പരിസ്ഥിതി സംരക്ഷണ പദ്ധതികളെ ലക്ഷ്യത്തിലെത്തിക്കാൻ ചൈന ഒഴികെയുള്ള മറ്റ് വികസിത രാജ്യങ്ങൾക്ക് പ്രതിവർഷം 2.4 ട്രില്യൺ ഡോളർ ആവശ്യമാണെന്നും ഈ പഠനങ്ങൾ പറയുന്നതായി പരിസ്ഥിതിയുടെയും വികസനത്തിന്റെയും രാഷ്ട്രീയത്തെ കേന്ദ്രീകരിച്ചുള്ള ഡൗൺ ടു ഏർത്ത് മാഗസിൻ റിപ്പോർട്ട് ചെയ്യുന്നു.

രണ്ടാഴ്ചയോളം നീണ്ടുനിൽക്കുന്ന കാലാവസ്ഥാ ഉച്ചകോടിയിൽ ദരിദ്ര രാജ്യങ്ങൾക്കുള്ള കാലാവസ്ഥാ സഹായധനമാണ് പ്രധാന ചർച്ചാവിഷയം.
രണ്ടാഴ്ചയോളം നീണ്ടുനിൽക്കുന്ന കാലാവസ്ഥാ ഉച്ചകോടിയിൽ ദരിദ്ര രാജ്യങ്ങൾക്കുള്ള കാലാവസ്ഥാ സഹായധനമാണ് പ്രധാന ചർച്ചാവിഷയം.

പാരിസ് ഉടമ്പടിയിൽ തീരുമാനിക്കപ്പെട്ട, ദരിദ്രരാജ്യങ്ങൾക്ക് കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുവാനും പരിസ്ഥിതി സംരക്ഷണത്തിനുമായുള്ള പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താൻ വികസിതരാജ്യങ്ങൾ സാമ്പത്തികസഹായം നൽകണമെന്ന ഉടമ്പടി കൃത്യമായി പാലിക്കപ്പെടാതെപോകുന്ന അവസ്ഥ തുടരുന്നതായി കുസാറ്റിലെ (സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റി) അസിസ്റ്റന്റ് പ്രൊഫസറായ ഡോ.അബേഷ് രഘുവരൻ ട്രൂ കോപ്പി തിങ്കിനോട് പറഞ്ഞു:

“ക്ലൈമറ്റ് ഫിനാൻസ് ചർച്ചചെയ്യാൻ തുടങ്ങിയിട്ട് നാളേറെയായിട്ടുണ്ട്. ഇപ്പോൾ അത് കൂടുതൽ ചർച്ചയാവുന്നത് അത് ഒരു ശതമാനം പോലും പാലിക്കപ്പെടുന്നില്ല എന്നതുകൊണ്ടുകൂടിയാണ്. അമേരിക്കയും റഷ്യയും ചൈനയും പോലെയുള്ള ധനിക രാജ്യങ്ങളാണ് ലോകത്തെ ഹരിതഗൃഹ വാതകങ്ങളിൽ ബഹുഭൂരിപക്ഷവും ഉൽപ്പാദിപ്പിക്കുന്നത്. അവിടങ്ങളിലെ വ്യവസായസ്ഥാപനങ്ങൾ പുറംതള്ളുന്ന മാലിന്യങ്ങളുടെ ദൂഷ്യഫലങ്ങൾ പേറുന്നതാവട്ടെ ദരിദ്രരായ രാജ്യങ്ങളും. ഇത്തരത്തിൽ ഉണ്ടാകുന്ന അസന്തുലിതാവസ്ഥയെ മറികടക്കാനായാണ് കാർബൺ കൂടുതൽ പുറംതള്ളുന്ന രാജ്യങ്ങൾ ദരിദ്രരാജ്യങ്ങൾക്ക് സാമ്പത്തികസഹായം നൽകുക എന്ന ആശയം മുന്നോട്ടുവച്ചതും അംഗീകരിക്കപ്പെട്ടതും. എന്നാൽ തീരുമാനങ്ങൾക്കപ്പുറം ഇത് നൽകാനോ കാർബൺ ബഹിർഗ്ഗമനം കുറയ്ക്കാനോ വികസിതരാജ്യങ്ങൾ തയ്യാറാകുന്നില്ല. അതുകൊണ്ടുതന്നെ ഇത്തവണയെങ്കിലും ശക്തമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്’’.

‘‘ഈ വർഷത്തെ സാമ്പത്തിക നൊബേൽ നേടിയ ഡാരൻ എയ്സ്മാഗ്ലു, സൈമൺ ജോൺസൺ, ജയിംസ് എ റോബിൻസൺ എന്നിവരുടെ കണ്ടെത്തൽ, എങ്ങനെ ചില രാജ്യങ്ങൾ എന്നും സമ്പന്നരായിരിക്കുന്നു എന്നും ചില രാജ്യങ്ങൾ ദരിദ്രരായും തുടരുന്നു എന്നതുമായിരുന്നല്ലോ. അത് കാലാവസ്ഥാ- പരിസ്ഥിതി വിഷയങ്ങളിലും ബാധകമാണ്. ധനിക രാജ്യങ്ങൾ യാതൊരു നിയന്ത്രണവുമില്ലാതെ കാർബൺ ബഹിർഗ്ഗമനം നടത്തുകയും അന്താരാഷ്ട്രനിയമങ്ങളെ കാറ്റിൽ പറത്തി ഹരിതഗൃഹ വാതകങ്ങൾ അനിയന്ത്രിതമായി ഉൽപ്പാദിപ്പിക്കുകയും ചെയ്യുന്നു. അവർക്ക് അതിന്റെ ദോഷഫലങ്ങൾ മറികടക്കാൻ പണവും സാങ്കേതികവിദ്യയുമുണ്ട്. എന്നാൽ ഇത് മൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനത്തിന്റെ ദോഷഫലങ്ങൾ മറ്റു രാജ്യങ്ങൾ കൂടി അനുഭവിക്കുകയാണ്. അവർക്ക് സമ്പത്തും, സാങ്കേതികയും നൽകുക വഴി മാത്രമേ കാലാവസ്ഥാ വ്യതിയാനത്തെ പൂർണ്ണമായും വരുതിയിലാക്കാൻ സാധിക്കുകയുള്ളൂ. അതിന് കാർബൺ ഫിനാൻസിംഗ് കൃത്യമായി നടപ്പാക്കണം. അയഞ്ഞ തീരുമാനങ്ങൾക്ക് ഇനി സ്ഥാനമില്ല. അതിനാലാണ് അതിന്റെ മേന്മയെക്കാൾ കൂടുതൽ അത് അളക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ മാറുന്നത്. കാർബൺ ഫിനാൻസിംഗ് കൃത്യമായി അളന്നുകുറിച്ചു നടപ്പാക്കാൻ ഇത്തവണ ശ്രമം ഉണ്ടാകുമെന്നതിന്റെ ഭാഗമായാണ് ന്യൂ കളക്ടീവ് ക്വാന്റിഫൈഡ് ലക്ഷ്യങ്ങൾ (NCQG) മുന്നോട്ടുവെക്കുന്നത്. അതുകൊണ്ട് കൃത്യമായ കാർബൺ ഫിനാൻസിംഗ് ഇത്തവണ ചർച്ചയായേക്കുമെന്നാണ് പ്രതീക്ഷ. ചർച്ചയ്ക്കപ്പുറം പ്രായോഗികമായി അത് നടക്കുമോയെന്ന് കാത്തിരുന്നുതന്നെ കാണേണ്ടിവരും.” - ഡോ. അബേഷ് രഘുവരൻ പറയുന്നു.

 ഡോ. അബേഷ് രഘുവരൻ
ഡോ. അബേഷ് രഘുവരൻ

ഐക്യ രാഷ്ട്രസഭയിലെ 77 വികസ്വര രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ജി.77 യും ചൈനയും ആഗോള കാലാവസ്ഥാ ഉച്ചകോടിയിലെ ക്ലൈമറ്റ് ഫിനാൻസ് ചർച്ചകളിലെ ആദ്യ ഡ്രാഫ്റ്റ് തള്ളിയിട്ടുണ്ട്. National Collective Quantification Goal (NCQG) കോ. ചെയർമാൻ തയ്യാറാക്കിയ ആദ്യ ഡ്രാഫ്റ്റ് ഒക്ടോബറിലാണ് പുറത്തിറങ്ങിയത്. ക്ലൈമറ്റ് ഫിനാൻസുമായി ബന്ധപ്പെട്ട് രാജ്യങ്ങൾ ചർച്ച ചെയ്യേണ്ട് ആദ്യത്തെ ഔപചാരിക രേഖയായിരുന്നു ഈ ഡ്രാഫ്റ്റ് റിപ്പോർട്ട്. ഈ റിപ്പോർട്ട് അംഗീകരിക്കപ്പെട്ടിരുന്നെങ്കിൽ അതിൻമേലുള്ള ചർച്ചകൾ നടക്കുകയും അസർബൈജാനിലെ ഉച്ചകോടിയിൽ ക്ലൈമറ്റ് ഫിനാൻസിങ്ങുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനമാവുകയും ചെയ്യുമായിരുന്നു. ചർച്ചകൾക്കായി കോ ചെയർമാൻ പുതിയ കരട് തയ്യാറാക്കണമെന്നാണ് ജി.77 ആവശ്യപ്പെടുന്നത്. എല്ലാ വികസ്വര രാജ്യങ്ങൾക്കും 1.3 ട്രില്യൺ ഡോളർ വീതം വികസിത രാജ്യങ്ങൾ നൽകണം തുടങ്ങിയവയാണ് ജി.77 പ്രധാനമായും ആവശ്യപ്പെടുന്നത്.

അമേരിക്ക പോലുള്ള ധനികരാജ്യങ്ങൾ പുറം തള്ളുന്ന ഹരിതഗൃഹവാതകങ്ങളുടെയും ഇത്തരം രാഷ്ട്രങ്ങളിലെ വ്യവസായ സ്ഥാപനങ്ങളിലെ മാലിന്യങ്ങളുടെയും ദൂഷ്യഫലങ്ങൾ അനുഭവിക്കേണ്ടി വരുന്ന ദരിദ്ര രാജ്യങ്ങൾക്ക് സമ്പന്ന രാജ്യങ്ങൾ ധനസഹായം നൽകണമെന്ന തീരുമാനം 2015 ൽ അംഗീകരിക്കപ്പെട്ടെങ്കിലും ഇത് പ്രാവർത്തികമായിട്ടില്ല. ഇത്തവണത്തെ കാലാവസ്ഥാ ഉച്ചകോടിയിൽ അസർബൈജാനിൽ സംഭവിക്കാനിക്കുന്ന അല്ലെങ്കിൽ സംഭവിക്കേണ്ട പ്രധാന ഉടമ്പടി കാലാവസ്ഥാ ധനസഹായവുമായി ബന്ധപ്പെട്ട് തന്നെയാകും. കാലാവസ്ഥാ ധനസഹായമല്ലാതെ അസർബൈജാനിൽ നിന്ന് കാലാവസ്ഥയ്ക്ക് അനുകൂലമായ മറ്റൊരു ഉടമ്പടിയോ ചർച്ചകളോ ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. അസർബൈജാനിൽ ഇത് സംബന്ധിച്ച ചർച്ചകൾ നടക്കുമ്പോഴും അത് വികസ്വര രാജ്യങ്ങളുടെ ആവശ്യങ്ങൾ അറിഞ്ഞുള്ളതാകുന്നുമില്ല.

അമേരിക്ക പോലുള്ള ധനികരാജ്യങ്ങൾ പുറം തള്ളുന്ന ഹരിതഗൃഹവാതകങ്ങളുടെയും ഇത്തരം രാഷ്ട്രങ്ങളിലെ വ്യവസായ സ്ഥാപനങ്ങളിലെ മാലിന്യങ്ങളുടെയും ദൂഷ്യഫലങ്ങൾ അനുഭവിക്കേണ്ടി വരുന്ന ദരിദ്ര രാജ്യങ്ങൾക്ക് സമ്പന്ന രാജ്യങ്ങൾ ധനസഹായം നൽകണമെന്ന തീരുമാനം 2015 ൽ അംഗീകരിക്കപ്പെട്ടെങ്കിലും ഇത് പ്രാവർത്തികമായിട്ടില്ല.

ഇത്തവണത്തെ ആഗോള കാലാവസ്ഥാ ഉച്ചകോടിയിലെ മറ്റൊരു പ്രധാന വിരോധാഭാസം, ആ രാജ്യത്തിന്റെ വരുമാന സ്രോതസും കാലാവസ്ഥയും പരിസ്ഥിതിയുമായി ബന്ധപ്പെട്ട അവരുടെ പ്രവർത്തനങ്ങളുമാണ്. അസർബൈജാനിലെ ക്ലൈമറ്റ് ജേർണലിസ്റ്റുകളെയും ആക്ടിവിസ്റ്റുകളെയും ജയിലിലിട്ടുകൊണ്ടാണ് ഇത്തവണ ആ കുഞ്ഞു രാജ്യം കാലാവസ്ഥാ ഉച്ചകോടിയുടെ ആതിഥേയരാകുന്നത്.
“എണ്ണ ഉൽപാദനത്തിൽ യാതൊരു മാറ്റവും വരുത്താത്ത, കയറ്റുമതിയുടെ 95%വും പെട്രോളിയം ഉത്പന്നങ്ങളെ ആശ്രയിച്ച് കഴിയുന്ന അസർബൈജാനിലാണ് ഇത്തവണ ആഗോള കാലാവസ്ഥാ ഉച്ചകോടിയെന്ന നാടകം അരങ്ങേറുന്നത്. കാർബൺ ബഹിർഗമനത്തിൽ തീരെ പിന്നിലല്ലാത്ത അസർബൈജാനിൽ വെച്ച് നടക്കുന്ന ആഗോള കാലാവസ്ഥാ ഉച്ചകോടി വലിയ പ്രഹസനമാണ്” ഡോ. അബേഷ് രഘുവരൻ പറയുന്നു.

“കാലാവസ്ഥയുമായി ബന്ധപ്പെട്ട ആഗോള സമ്മേളനങ്ങൾ എന്നും പ്രഹസനമാണ്. കാരണം മറ്റൊന്നുമല്ല. ഇതിന് നേതൃത്വം വഹിക്കുന്ന ഒന്നാം ലോകരാജ്യങ്ങൾ തന്നെയാണ് കാലാവസ്ഥാ വ്യതിയാനത്തിന് പ്രധാന കാരണക്കാർ. നമ്മുടെ നിലനിൽപ്പിന്റെ കാര്യമാണ് കാലാവസ്ഥയും ബന്ധപ്പെട്ട പ്രശ്നങ്ങളും. എന്നാൽ വികസിത രാജ്യങ്ങളാവട്ടെ അതിനെ അവരുടെ സാങ്കേതികവിദ്യ കൊണ്ട് താൽക്കാലികമായെങ്കിലും മറികടക്കുമ്പോൾ ഒന്നും ചെയ്യാനാവാതെ തിക്തഫലം അനുഭവിക്കാൻ ദരിദ്രരാജ്യങ്ങൾ ബാക്കിയാവുകയാണ്. അസർബൈജാനിലും വലിയ പ്രതീക്ഷ പുലർത്തേണ്ടതില്ല. അതിൽ ഒന്നാമത്തെ കാരണം ഏവർക്കും അറിയാവുന്നതുപോലെ ആ രാജ്യത്തിന്റെതന്നെ പ്രത്യേകതയാണ്. ഫോസിൽ ഇന്ധനങ്ങളുടെ കയറ്റുമതിക്ക് പേരുകേട്ട, അവരുടെ സമ്പദ് വ്യവസ്ഥ തന്നെ അതിൽ അന്തർലീനമായ അവർക്ക് കാലാവസ്ഥാ വ്യതിയാനത്തിനെതിരെ എത്രമാത്രം ഉച്ചത്തിൽ ശബ്ദിക്കാനാവും? അടുത്തകാലത്ത് ടൂറിസം വികസനത്തിൽ കുതിച്ചുചാട്ടം നടത്തിയ രാജ്യമാണ് അസർബൈജാൻ. ഇത്തരമൊരു കാലാവസ്ഥാ മെഗാ ഇവന്റ് അവർക്ക് ഗുണകരമാകാൻ പോകുന്നത് അവരുടെ ടൂറിസം രംഗത്താണ്. ലോകം ഉറ്റുനോക്കുന്ന അസർബൈജാൻ ചുളുവിൽ ലോകത്തിന്റെ ശ്രദ്ധ നേടി അവരുടെ ടൂറിസം സാധ്യതയിൽ കുതിച്ചുചാട്ടം നടത്തുന്നു എന്നതിനപ്പുറം കാലാവസ്ഥാ വിഷയത്തിൽ യാതൊരു പ്രതീക്ഷയും ഇവിടെ ഉണ്ടാകാൻ പോകുന്നില്ല.” - ഡോ. അബേഷ് രഘുവരൻ പറയുന്നു.

നിഗർ മുബാരിസ്, നർഗീസ് അബ്‌സലാമോയ, അനർ മമ്മാദിലി, ഉൽവി ഹസ്സാൻലി, എൽനാര ഗാസിമോവ, ഹാഫിസ് ബബാലി തുടങ്ങി ഡസൻ കണക്കിന് ക്ലൈമറ്റ് ജേർണലിസ്റ്റുകളെയും ആക്ടിവിസ്റ്റുകളെയും ജയിലിടച്ചു കൊണ്ടാണ് അസർബൈജാനിൽ ആഗോള കാലാവസ്ഥാ ഉച്ചകോടി നടക്കുന്നത്.
നിഗർ മുബാരിസ്, നർഗീസ് അബ്‌സലാമോയ, അനർ മമ്മാദിലി, ഉൽവി ഹസ്സാൻലി, എൽനാര ഗാസിമോവ, ഹാഫിസ് ബബാലി തുടങ്ങി ഡസൻ കണക്കിന് ക്ലൈമറ്റ് ജേർണലിസ്റ്റുകളെയും ആക്ടിവിസ്റ്റുകളെയും ജയിലിടച്ചു കൊണ്ടാണ് അസർബൈജാനിൽ ആഗോള കാലാവസ്ഥാ ഉച്ചകോടി നടക്കുന്നത്.

29-ാമത് ആഗോള കാലാവസ്ഥാ ഉച്ചകോടി പ്രഖ്യാപിച്ചത് മുതൽ അസർബൈജാനിലെ ആക്ടിവിസ്റ്റുകളെയും ക്ലൈമറ്റ് ജേർണലിസ്റ്റുകളെയും അടിച്ചമർത്താനും അവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനു മേൽ കൂച്ചുവിലങ്ങിടാനുമാണ് അവിടുത്തെ സർക്കാർ ശ്രമിച്ചത്. ഏകദേശം മുന്നൂറിലധികം ആളുകളെയാണ് ഇത്തരത്തിൽ അസർബൈജാൻ സർക്കാർ തടങ്കലിലടച്ചത്. നിഗർ മുബാരിസ്, നർഗീസ് അബ്‌സലാമോയ, അനർ മമ്മാദിലി, ഉൽവി ഹസ്സാൻലി, എൽനാര ഗാസിമോവ, ഹാഫിസ് ബബാലി തുടങ്ങി ഡസൻ കണക്കിന് ക്ലൈമറ്റ് ജേർണലിസ്റ്റുകളെയും ആക്ടിവിസ്റ്റുകളെയും ജയിലിടച്ചു കൊണ്ടാണ് അസർബൈജാനിൽ ആഗോള കാലാവസ്ഥാ ഉച്ചകോടി നടക്കുന്നത്. അസർബൈജാനിലെ ലെസ്സർ കോക്കസ് പർവ്വത നിരകളിലെ സ്വർണ്ണഖനികളിൽ നിന്ന് പുറന്തള്ളുന്ന സയനൈഡ് കലർന്ന ദശലക്ഷക്കണക്കിന് ക്യൂബിക് മീറ്റർ വിഷജലം ജനങ്ങളുടെ കുടിവെള്ള സ്രോതസ്സുകളിലേക്ക് ഒഴുക്കിവിടുന്നത് സംബന്ധിച്ച റിപ്പോർട്ട് തയ്യാറാക്കിയതിനാണ് നിഗറിനെയും നർഗീസിനെയും അസർബൈജാൻ ഭരണകൂടം ജയിലിലടച്ചത്. മാത്രമല്ല ആഗോള കാലാവസ്ഥാ ഉച്ചകോടിയിൽ സമ്മേളനങ്ങളുടെ അധ്യക്ഷനായ മുക്താർ ബാബയേവിന് എണ്ണക്കമ്പനികളുമായുള്ള മുൻ ബന്ധങ്ങളും ചർച്ചയാകുന്നുണ്ട്.

ഇന്ത്യ, ചൈന, അമേരിക്ക, ബ്രിട്ടൺ, റഷ്യ തുടങ്ങി പന്ത്രണ്ടോളം രാഷ്ട്രങ്ങളുടെ തലവൻമാർ ഈ ഉച്ചകോടിയിൽ പങ്കെടുക്കാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ. കാലാവസ്ഥാ വ്യതിയാനം തട്ടിപ്പാണെന്ന് പരസ്യമായി പറഞ്ഞ ഡോണാൾഡ് ട്രംപ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടെ കാലാവസ്ഥാ വ്യതിയാന ചർച്ചകൾക്ക് വലിയ തിരിച്ചടിയാകുമോയെന്നും ലോകം വീക്ഷിക്കുന്നുണ്ട്. ട്രംപ് പ്രസിഡന്റായി ഇരിക്കുമ്പോൾ അമേരിക്കൻ നിലപാടിൽ പ്രതീക്ഷ വേണ്ടെന്നാണ് ഡോ. അബേഷ് രഘുവരൻ പറയുന്നത്.

“ട്രംപ് പ്രസിഡന്റാകുമ്പോൾ അമേരിക്കയുടെ നിലപാടിൽ പ്രതീക്ഷ വേണ്ട. ട്രംപിന് ഒരു കാലത്തും കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവുമൊന്നും വിഷയമേ ആയിരുന്നില്ല. അങ്ങനെ ആ വിഷയത്തെ അഭിസംബോധന ചെയ്താൽ വികസനത്തിൽ വലിയ വിട്ടുവീഴ്ച അമേരിക്കയ്ക്ക് വേണ്ടിവരും. മാത്രമല്ല ട്രംപ് ദീർഘദർശിയും ജനോപകാരിയുമായ ഒരു ഭരണാധികാരി അല്ലാത്തതുകൊണ്ടുതന്നെ, പരിസ്ഥിതി വിഷയങ്ങൾക്ക് ഒരുതരം മുൻകൈയും ലഭിക്കില്ല. അമേരിക്ക മാത്രമല്ല, റഷ്യ, ചൈന, ഇന്ത്യ എന്നിങ്ങനെ മുൻനിര രാജ്യങ്ങൾ ആരും പങ്കെടുക്കാൻ ഇടയില്ല. പങ്കെടുത്താൽ തന്നെയും പത്തോ അമ്പതോ വർഷങ്ങൾക്കുള്ളിൽ കാർബൺ ബഹിർഗ്ഗമനം കുറയ്ക്കുമെന്ന പ്രഖ്യാപനം നടത്തി കാണികളെ കോൾമയിർ കൊള്ളിക്കുന്നതിനപ്പുറം പ്രായോഗിക നടപടിക്ക് സാധ്യതയില്ല. നമ്മുടെ തലമുറയല്ല, അടുത്ത തലമുറയാണ് ഇതിന്റെ ദോഷഫലം അനുഭവിക്കാൻ പോകുന്നത്. നമ്മുടെ കാലത്തിനപ്പുറം എന്തായാലെന്ത് എന്ന് ഒരു ഭരണാധികാരി ചിന്തിക്കുന്നിടത്താണ് പ്രശ്നം. നല്ല ഭരണാധികാരി വരും തലമുറയെക്കൂടി പരിഗണിക്കണം. തൽക്കാലം അത്തരമൊരു നേതൃത്വം മേൽപ്പറഞ്ഞ ഒരു രാജ്യത്തിനുമില്ല എന്നത് ഖേദകരമാണ്,” ഡോ. അബേഷ് രഘുവരൻ വ്യക്തമാക്കി.

Comments