‘കോപ് 29’ (COP 29) ഇന്നലെ അവസാനിച്ചു. 'ഫിനാൻസ് കോപ്' എന്ന് ഏറെ കൊട്ടിഘോഷിക്കപ്പെട്ട ബാകു ഉച്ചകോടി അവികസിത / വികസ്വര രാജ്യങ്ങളുടെ ആവശ്യങ്ങളെ പൂർണ്ണമായും തള്ളിക്കളയുന്നതും അപമാനിക്കുന്നതുമായി.
‘കോപ് 29’-ന്റെ അവസാന മണിക്കൂറുകളിൽ അവതരിപ്പിക്കപ്പെട്ട ധനകാര്യ കരട് രേഖ - New Collective Quantified Goal- NCQG - കാലാവസ്ഥാ പ്രതിസന്ധിയുടെ നേരിട്ടുള്ള ഇരകളായ ദക്ഷിണാർധ ഗോള രാജ്യങ്ങളുടെ ആവശ്യങ്ങളോട് പുറംതിരിഞ്ഞുനിന്നുവെന്ന് മാത്രമല്ല, കാർബൺ ഉദ്‌വമനത്തിന്റെ ചരിത്രപരമായ ഉത്തരവാദിത്തം (historical emission responsibility) ഏറ്റെടുക്കാൻ ഉത്തരാർധ ഗോളത്തിലെ സമ്പന്ന രാഷ്ട്രങ്ങൾ വിസമ്മതിക്കുകയാണെന്ന പരസ്യപ്രഖ്യാപനം കൂടിയായി. ആഗോള കാലാവസ്ഥാ പ്രതിസന്ധിയെ മറികടക്കാൻ അവികസിത / വികസ്വര രാഷ്ട്രങ്ങൾക്കുള്ള സാമ്പത്തിക പിന്തുണയായി പ്രതിവർഷം 1.3 ട്രില്യൺ ഡോളർ എന്ന ആവശ്യത്തെ പൂർണ്ണമായും നിരാകരിച്ച് 250 ബില്യൺ ഡോളറായി ചുരുക്കുകയാണ് ഫിനാൻസ് കോപിൽ ഉണ്ടായത്. അതോടൊപ്പം, കാലാവസ്ഥാ പ്രതിസന്ധി സൃഷ്ടിക്കുന്ന സാമ്പത്തിക തകർച്ചകൾക്ക് നേരിട്ട് നഷ്ടപരിഹാരം നൽകണമെന്ന ആവശ്യങ്ങളെ - ലോസ് ആന്റ് ഡാമേജ്- മുഖവിലയ്‌ക്കെടുക്കാനും വികസിത രാഷ്ട്രങ്ങൾ തയ്യാറായതുമില്ല.
ഈയൊരൊറ്റ തീരുമാനം, അല്ലെങ്കിൽ തീരുമാനമില്ലായ്മ -പുതിയ കാലാവസ്ഥാ സാമ്പത്തിക ലക്ഷ്യങ്ങൾ അംഗീകരിക്കാനുള്ള വിസമ്മതം - നമ്മുടെ ഗ്രഹത്തിന്റെ ഭാവി കൂടുതൽ അനിശ്ചിതത്വം നിറഞ്ഞതും ഇരുളടഞ്ഞതുമാക്കിത്തീർക്കുന്നുവെന്നതാണ് വാസ്തവം. തുടർച്ചയായി രണ്ടാം തവണയാണ് കാലാവസ്ഥാ ഉച്ചകോടി പെട്രോ- സ്റ്റേറ്റുകളിൽ നടക്കുന്നത് എന്നത് പെട്രോളിയം ഉത്പന്നങ്ങളുടെ ഉപഭോഗങ്ങളിൽ വെട്ടിക്കുറക്കലുകൾ നടത്തുന്നതിന് വിഘാതമായി വരുന്നുണ്ടെന്നത് വാസ്തവമാണ്.
വികസ്വര രാജ്യങ്ങൾ കാലാവസ്ഥാ പ്രതിസന്ധിയെ നേരിടാൻ പ്രതിവർഷം 1.3 ട്രില്യൺ ഡോളർ ആവശ്യപ്പെടാൻ ആരംഭിച്ചിട്ട് ഏറ്റവും കുറഞ്ഞത് മൂന്ന് ഉച്ചകോടികളെങ്കിലും കടന്നുപോയി. ഏറ്റവും പുതിയ കരട് രേഖ പോലും നഷ്ടപരിഹാരത്തുക ട്രില്ല്യണിൽ ആയിരിക്കണമെന്ന ആവശ്യത്തെ അംഗീകരിക്കുന്നതായി കാണാം. എന്നിട്ടും, എണ്ണമറ്റ ഉന്നതതല യോഗങ്ങൾക്കും ശേഷം, വികസിത രാജ്യങ്ങൾ ഒന്നും വാഗ്ദാനം ചെയ്തിട്ടില്ലെന്ന യാഥാർത്ഥ്യം അവശേഷിക്കുന്നു.
കാലാവസ്ഥാ പ്രതിസന്ധികൾക്ക് ഏറ്റവും കൂടുതൽ ഇരകളാക്കപ്പെട്ടുകൊണ്ടിരിക്കുന്ന അവികസിത /വികസ്വര രാജ്യങ്ങളിലെ മിക്കവാറും ഭരണകൂടങ്ങളും- പ്രത്യേകിച്ച് സബ് സഹാറൻ, തെക്കനേഷ്യൻ രാജ്യങ്ങൾ- സാമൂഹിക സംഘടനകളും ‘കോപ് 29’- ന്റെ തീരുമാനമില്ലായ്കയെ അപലപിക്കാൻ മുന്നോട്ടുവന്നിട്ടുണ്ടെന്നത് ആശ്വാസകരമായ കാര്യമാണ്. ഏഴ് ലക്ഷത്തോളം വരുന്ന ക്ലൈമറ്റ് ആക്ടിവിസ്റ്റുകൾ ഒപ്പുവെച്ച മെമ്മോറാണ്ടം ‘കോപ് 29’-ന്റെ ഗ്രീൻ സോണിൽ വെച്ച് ഇന്നലെ പ്രകാശിപ്പിക്കപ്പെട്ടു.
''ഈ ഡ്രാഫ്റ്റ് ടെക്സ്റ്റ് അത് രൂപപ്പെടുത്താൻ ഉപയോഗിച്ച ബാക്ക്റൂം രഹസ്യത്തെ പ്രതിഫലിപ്പിക്കുന്നു. പാരീസ് ഉടമ്പടിയുടെ ആത്മാവിനെ മാനിക്കുന്നതിൽ ഈ വാചകം പരാജയപ്പെടുന്നു, ചരിത്രപരമായ ഉദ് വമനത്തിന് ഉത്തരവാദികൾ അവർ വരുത്തിയ ദോഷത്തിന് സാമ്പത്തിക നഷ്ടപരിഹാരം നൽകാനുള്ള ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്നു. നമ്മുടെ ജനങ്ങളെയും ഗ്രഹത്തെയും സംരക്ഷിക്കാൻആവശ്യമായ സാമ്പത്തിക ലക്ഷ്യത്തിൽ നിന്ന് വളരെ അകലെയാണിത്. $250b എന്ന തുക തികച്ചും അപര്യാപ്തവും ലജ്ജാകരവുമാണ്’’ എന്ന് വിവിധ ദ്വീപ് രാഷ്ട്രങ്ങളുടെ പ്രതിനിധികൾ സംയുക്ത പ്രസ്താവനയിലൂടെ തുറന്നടിച്ചു.
''ഭൂമിയിലെ ജീവൻ രക്ഷിക്കാൻ നമുക്ക് പാരീസിലെ 1.5 ഡിഗ്രി ലക്ഷ്യം കൈവരിക്കേണ്ടതുണ്ട്, അതിനാൽ ഈ ബഹുമുഖ പ്രക്രിയ നിർണായകമാണ്. യൂറോപ്യൻ യൂണിയന് ട്രില്യൺ ഡോളറിന്റെ കാലാവസ്ഥാ കടമുണ്ട്. നിലവിലെ ചർച്ചകളിൽ നിന്ന് ഉരുത്തിരിഞ്ഞ NCQG അസ്വീകാര്യവും ഭൂമിയെയും മനുഷ്യജീവനെയും രക്ഷിക്കാൻ നമുക്ക് ആവശ്യമുള്ളതിൽ നിന്ന് വളരെ അകലെയുമാണ്. കത്തുന്ന ഗ്രഹത്തിൽ ഏറ്റവും ദുർബലരായവരെ ഉപേക്ഷിക്കുന്ന ഈ നടപടി അസ്വീകാര്യമാണ്’’
ചർച്ചകൾ തുടരുന്നു;
ഉദ്‍വമനവും
‘COP 29’-വിന്റെ ആദ്യ ദിവസങ്ങളിൽ, ആഗോള കാർബൺ ബജറ്റ് സംബന്ധിച്ച ഏറ്റവും പുതിയ കണ്ടെത്തലുകൾ അവതരിപ്പിച്ചു - കാർബൺ ഉദ്‌വമനം കുറയ്ക്കാനുള്ള രാജ്യങ്ങളുടെ പ്രതിജ്ഞകൾ ഉണ്ടായിരുന്നിട്ടും, 2024-ൽ ആഗോള ഫോസിൽ ഇന്ധനത്തിൽ നിന്നുള്ള CO2 ഉദ്‍വമനം 0.8% ഉയരുമെന്നാണ് ആ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത്. ഇത് കഴിഞ്ഞ ദശകത്തിലെ ശരാശരി വാർഷിക വളർച്ചാനിരക്കിനേക്കാളും കൂടുതലാണെന്നതാണ് സത്യം. കൂടാതെ പാരീസ് ഉടമ്പടിക്ക് മുമ്പുള്ളതിനേക്കാളും CO2 ഉദ്‍വമനം 8% കൂടുതലുമാണ്. 120 ശാസ്ത്രജ്ഞർ ഉൾപ്പെടുന്ന ഒരു അന്താരാഷ്ട്രസംഘം നൽകുന്ന വിവരങ്ങൾ അനുസരിച്ച്, നിലവിലെ നിരക്കിൽ, ആഗോളതാപനം 1.5 ഡിഗ്രി സെൽഷ്യസായി പരിമിതപ്പെടുത്താനുള്ള, 50% സാധ്യതയുള്ള, ശേഷിക്കുന്ന കാർബൺ ബജറ്റ് 2025 ജനുവരി മുതൽ ആറ് വർഷത്തേക്ക് മതിയാകുകയുള്ളൂ. നിലവിലെ ഉദ് വമനം കുറയ്ക്കുന്നത് സംബന്ധിച്ച് രാജ്യങ്ങൾ ഇപ്പോൾ തുടരുന്ന വഴികൾ, 2100 ആകുമ്പോഴേക്കും ആഗോള താപനത്തോത് 3.1 ഡിഗ്രി സെൽഷ്യസിലേക്ക് എത്തിക്കുന്നതിന് മാത്രമേ സഹായിക്കൂ എന്ന് യു എൻ ഇ പിയും മുന്നറിയിപ്പ് നൽകുന്നു. ഇത്രയൊക്കെ മുന്നറിയിപ്പുകൾ ശാസ്ത്രസംഘടനകൾ നൽകിക്കൊണ്ടിരിക്കുമ്പോഴും പുതിയ ഫോസിൽ ഇന്ധന പദ്ധതികളിൽ വൻ കുതിച്ചുചാട്ടമാണ് പ്രതീക്ഷിക്കുന്നതെന്ന് ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സസ്റ്റെയ്നബിൾ ഡെവലപ്മെന്റ് പ്രവചിക്കുന്നു.
COP 29 നടന്നുകൊണ്ടിരിക്കുന്ന വേളയിൽ പുറത്തിറക്കിയ ഗ്ലോബൽ വിറ്റ്നെസ് റിപ്പോർട്ട് അനുസരിച്ച്, ഏറ്റവും ലാഭകരമായ 30 ഫോസിൽ ഇന്ധന കമ്പനികൾ മാത്രം പാരീസ് ഉടമ്പടിക്ക് ശേഷം പ്രതിവർഷം ശരാശരി 400 ബില്യൺ ഡോളർ ലാഭം നേടി - കാലാവസ്ഥാ ദുർബലമായ രാജ്യങ്ങൾക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നാശനഷ്ടം നികത്താൻ ഇത് മതിയാകും. കൂടാതെ, പുതിയ എണ്ണ, വാതക ശേഖരം കണ്ടെത്തുന്നതിനായി എണ്ണ, വാതക കമ്പനികൾ പ്രതിവർഷം ശരാശരി 61 ബില്യൺ ഡോളർ ചെലവഴിക്കുന്നതായും ഗ്ലോബൽ വിറ്റ്‌നെസ്സ് റിപ്പോർട്ട് കണ്ടെത്തി.
Exxon Mobil- ഉം, Shell- ഉം, British Petroleum- ഉം അടങ്ങുന്ന പെട്രോളിയം കാർട്ടലുകളുടെ 1700 പ്രതിനിധികളാണ് ബാകു ഉച്ചകോടിയുടെ ബാക് റൂം ചർച്ചകളെ നിയന്ത്രിച്ചു കൊണ്ടിരുന്നത് എന്നത് രഹസ്യമേ അല്ലാതായിരിക്കുന്നു. പെട്രോളിയം കമ്പനികൾ അരങ്ങ് തകർത്ത കാലാവസ്ഥാ ചർച്ചകളുടെ അന്ത്യം ഇതല്ലാതെ മറ്റെന്താകാൻ?
ശാസ്ത്രം ശാസ്ത്രത്തിന്റെ വഴിക്കും, രാഷ്ട്രീയ ഭരണകൂടങ്ങൾ അവയുടെ വഴിക്കും സഞ്ചരിക്കുന്നു എന്നതാണ് കാലാവസ്ഥാ ഉച്ചകോടികൾ നമുക്ക് കാണിച്ചുതരുന്നത്. അടുത്ത കാലാവസ്ഥാ ഉച്ചകോടി - കോപ് 30 -ന് ബ്രസീൽ ആതിഥ്യം നൽകും. കൂടുതൽ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾ ഉയർന്നുവരിക എന്നത് മാത്രമാണ് വിവേകശൂന്യരായ ഭരണാധികാരികളെ ശരിയായ തീരമാനങ്ങളിലേക്കെത്തിക്കാനുള്ള ഫലപ്രദമായ മാർഗ്ഗം.