ഒരു പുഴയെ എങ്ങനെ കൊല്ലാം? കല്ലായിപ്പുഴയുടെ ജീവിതത്തിലൂടെ...

തുടർച്ചയായ വെള്ളപ്പൊക്കങ്ങൾ, രൂക്ഷമായ കുടിവെള്ള ക്ഷാമം, മാലിന്യം പ്രശ്നം, കോഴിക്കോട് നഗരം നേരിടുന്ന വിവിധങ്ങളായ പാരിസ്ഥിതിക - സാമൂഹിക പ്രശ്നങ്ങളുടെ ഉത്ഭവം അന്വേഷിച്ചാൽ എത്തുന്നത് നഗരത്തിലെ പ്രധാന ജലസ്രോതസ്സായ കല്ലായി പുഴയിലാണ്. മഴക്കാലത്ത് നഗരത്തിലെ വെള്ളം കനോലി കനാൽ വഴി ഒഴുകി കല്ലായി പുഴയിലൂടെ അറബിക്കടലിലേക്കെത്തണം. എന്നാൽ അനധികൃത കയ്യേറ്റം കാരണം വർഷങ്ങളായി നവീകരിക്കപ്പെടാതെ കിടക്കുന്ന കല്ലായി പുഴ, നഗരവാസികളുടെയും, കല്ലായിയിലെ മരക്കച്ചവടക്കാരുടെയും, കോതിയിലെ മത്സ്യത്തൊഴിലാളികളുടെയുമെല്ലാം ജീവിതം ദുസ്സഹമാക്കുകയാണ്.

ഈ പുഴയുടെ ആക്കത്തേയും, ആഴത്തേയും ആശ്രയിച്ചാണ് ഒരുകാലത്ത് ഏറ്റവും സമൃദ്ധമായ മരവ്യവസായം കല്ലായിയിൽ തഴച്ചുവളർന്നത്. പുഴയിലെ ഉയർന്ന വെള്ളം കുത്തിയൊലിച്ച് കോതിയിലെ അഴിമുഖത്തിലൂടെ അറബിക്കടലിൽ ചേരുന്നത് പ്രദേശവാസികൾക്ക് സാധാരണ കാഴ്ചയായിരുന്നു. അനധികൃത കയ്യേറ്റങ്ങൾ കല്ലായി പുഴയുടെ ആവാസവ്യവസ്ഥയെത്തന്നെ പാടെ മാറ്റി.

പ്രളയത്തിന് ശേഷം സംസ്ഥാനത്തുടനീളം ജലായങ്ങൾ നവീകരിക്കുന്നതിന് സർക്കാർ മുൻഗണന നൽകിയിരുന്നെങ്കിലും സംസ്ഥാന സർക്കാരിന്റെ ജലഗതാഗത പദ്ധതിയിൽ ഉൾപ്പെട്ട കല്ലായി പുഴയുടെ ശോചനീയാവസ്ഥയ്ക്ക് വർഷങ്ങളായി മാറ്റമില്ല.

Comments