Photo: Vinoth Chandar / flickr

ഫെംഗൽ ചുഴലിക്കാറ്റ് വരുന്നു, കേരളത്തിൽ അതിതീവ്രമഴയ്ക്ക് സാധ്യതയില്ല

ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങൾ cyclone സീസണാണ്. ഇപ്പോൾ തമിഴ്‌നാട് തീരത്ത് രൂപപ്പെട്ടത് വളരെ ചെറിയ system ആണ്. നാളെയോടെ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ട്. മഴ കൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങളാകും കൂടുതൽ. തമിഴ്‌നാട്, ആന്ധ്ര കോസ്റ്റൽ ബെൽറ്റിൽ ഈ മഴ ബാധിക്കും. കേരളത്തെ സംബന്ധിച്ച് അതിതീവ്രമഴയുടെ സാധ്യതയില്ല - എസ്. അഭിലാഷ് പറയുന്നു.

ഡീഷയിലെ ദന ചുഴലിക്കാറ്റിനുശേഷം തെക്ക്- പടിഞ്ഞാറൻ ഉൾക്കടലിൽ തമിഴ്‌നാട് തീരത്ത് മറ്റൊരു ചുഴലിക്കാറ്റിന് സാധ്യത. തെക്കു-പടിഞ്ഞാറൻ ഉൾക്കടലിൽ രൂപം കൊണ്ട ശക്തമായ ന്യൂനമർദ്ദം ഫെംഗൽ അടുത്ത 12 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ശ്രീലങ്കൻ തീരം വഴി തമിഴ്‌നാട് കടലോര പ്രദേശങ്ങളിലേക്ക് നീങ്ങുമെന്നാണ് സൂചന. അതിതീവ്ര ന്യൂനമർദ്ദത്തിന്റെ ഫലമായി തമിഴ്‌നാട്ടിൽ കനത്ത മഴ തുടരുകയാണ്. കടലൂർ, തിരുവാരൂർ, തഞ്ചാവൂർ, നാഗപട്ടണം, മയിലാടുതുറ, രാമനാഥപുരം ജില്ലകളിലാണ് രണ്ട് ദിവസമായി കനത്ത മഴ. തീരദേശ ജില്ലകളിൽ കനത്ത നാശവുമുണ്ടായി. 150- ഓളം വീടുകൾക്ക് കേടു പറ്റി. 2000- ത്തിലേറെ ഏക്കർ നെൽകൃഷി നശിച്ചു.

ചെന്നൈയിലടക്കം തീരപ്രദേശങ്ങളിൽ അതിശക്തമായ മഴ പെയ്യുന്നുണ്ട്. തമിഴ്‌നാടിന് പുറമെ ആന്ധ്രപ്രദേശിലും India Meteorological Department (IMD) ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ ഫലമായി നാളെ നെല്ലൂർ തിരുപ്പതി ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഈ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുമുണ്ട്.

കനത്ത മഴയെ തുടർന്ന് തമിഴ്നാട്ടിലെ ത്രിച്ചി, രാമനാഥപുരം, നാഗപട്ടണം, കടലൂർ, വില്ലുപുരം, തിരുവള്ളൂർ ജില്ലകളിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തീരത്ത് 670 കിലോമീറ്റർ അകലെയുള്ള ന്യൂനമർദ്ദം 12 മണിക്കൂറിനിടെ ചുഴലിക്കാറ്റായി മാറുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ചെന്നൈ വിമാനത്താവളത്തിന്റെ പ്രവർത്തനം തടസ്സപ്പെടാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ചുഴലിക്കാറ്റ് മുന്നറിയിപ്പും തമിഴ്‌നാട്ടിലെ തീരപ്രദേശങ്ങളിലെ മഴയും കണക്കിലെടുത്ത് ദേശീയ ദുരന്ത നിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്.

തീരത്ത് 670 കിലോമീറ്റർ  അകലെയുള്ള ന്യൂനമർദ്ദം 12 മണിക്കൂറിനിടെ ചുഴലിക്കാറ്റായി മാറുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
തീരത്ത് 670 കിലോമീറ്റർ അകലെയുള്ള ന്യൂനമർദ്ദം 12 മണിക്കൂറിനിടെ ചുഴലിക്കാറ്റായി മാറുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

തമിഴ്‌നാട് മുതൽ ബംഗാൾ വരെയും ബംഗ്ലാദേശ്, മ്യാൻമർ അടക്കമുള്ള ഈസ്റ്റ് കോസ്റ്റ് തീരത്ത് ഒരു വർഷം അഞ്ച് ചുഴലിക്കാറ്റുകൾ വരെ ഉണ്ടാകാൻ സാധ്യതയുണ്ട്. കഴിഞ്ഞ മെയിൽ ബംഗാൾ - ബംഗ്ലാദേശ് തീരത്ത് റെമാൽ ചുഴലിക്കാറ്റും ഒക്ടോബറിൽ ഒഡീഷ തീരത്ത് ദന ചുഴലിക്കാറ്റും ആഞ്ഞടിച്ചിരുന്നു. അതിൽ നിന്ന് വ്യത്യസ്തമായി ഇപ്പോൾ രൂപപ്പെട്ട ഫെംഗൽ തമിഴ്‌നാടിന്റെയും ആന്ധ്രപ്രദേശിന്റെയും തീരപ്രദേശങ്ങളിൽ കാറ്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെക്കാൾ ശക്തമായ മഴ പെയ്യാനുള്ള സാധ്യതയാണ് ഉണ്ടാക്കുന്നതെന്ന് കുസാറ്റിലെ അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്മോസ്ഫിയറിക് റഡാർ റിസർച്ച് ഡയറക്ടർ ഡോ. എസ്. അഭിലാഷ് ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു.

“ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങൾ cyclone സീസണുകളാണ്. ഇപ്പോൾ തമിഴ്‌നാട് തീരത്ത് രൂപപ്പെട്ടത് വളരെ ചെറിയ system ആണ്. ചുഴലിക്കാറ്റായി നാളെയോടെ മാറാൻ സാധ്യതയുണ്ട്. കാറ്റിന്റെ തീവ്രത കുറവാണെങ്കിലും മഴ ശക്തമാകാൻ സാധ്യതയുണ്ട്. കാറ്റ് മൂലമുള്ളതിനേക്കാൾ മഴ കൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങളാകും കൂടുതൽ. തമിഴ്‌നാട്, ആന്ധ്ര കോസ്റ്റൽ ബെൽറ്റിൽ ഈ മഴ ബാധിക്കും.

എസ്. അഭിലാഷ്
എസ്. അഭിലാഷ്

ഇപ്പോൾ രൂപപ്പെട്ട ന്യൂനമർദ്ദം slow moving system ആയതുകൊണ്ട് മഴ ശക്തമായി പെയ്യാൻ സാധ്യതയുണ്ട്. ഒരു പ്രദേശത്തുതന്നെ വേഗം കുറഞ്ഞ് cyclonic system നീങ്ങുന്നതുകൊണ്ടാണ് തീരദേശത്ത് മഴ ശക്തമാകുന്നത്. കേരളത്തിൽ മൂടിക്കെട്ടിയ അവസ്ഥയ്ക്കും മലയോര മേഖലയിൽ മഴയ്ക്കും സാധ്യതയുണ്ട്. കേരളത്തെ സംബന്ധിച്ച് അതിതീവ്രമഴയുടെ സാധ്യതയില്ല’’ - എസ്. അഭിലാഷ് പറഞ്ഞു.

നവംബർ 30 രാവിലെയോടെ വടക്കൻ തമിഴ്‌നാട് - പുതുച്ചേരി തീരത്ത് കാരയ്ക്കലിനും മഹാബലിപുരത്തിനുമിടയിൽ മണിക്കൂറിൽ 50 -70 കിലോമീറ്റർ വേഗതയിൽ ചുഴലിക്കാറ്റ് കര തൊടുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കനത്ത മഴ ഈ പ്രദേശങ്ങളെ ബാധിച്ചതിനാൽ മുൻകരുതലിന്റെ ഭാഗമായി പുതുച്ചേരിയിലെ സ്‌കൂളുകൾക്കും കോളജുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതികൂല കാലാവസ്ഥയായതിനാൽ ചെന്നൈ, തൂത്തുക്കുടി, മധുര, തിരുച്ചിറപ്പള്ളി, സേലം എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകളെ ബാധിക്കുമെന്ന് ഇൻഡിഗോ അറിയിച്ചിട്ടുണ്ട്.

Comments