ഒരു സംഗതി പറയാനുണ്ട്. പ്രണയമോ വേദാന്തമോ ദുരിതമോ ദുഖമോ ഒന്നുമല്ല. വാക്കുകളുടെ ഭംഗിയും ഘടനയും ഒന്നും കാര്യമാക്കുന്നുമില്ല. ഇത് ഒരു അഭ്യർത്ഥനയാണ്, അല്ലെങ്കിൽ ഒരു വിവരം തരൽ. കാട് വന്യമൃഗങ്ങൾ എന്നിവയേക്കുറിച്ചുള്ള ആളുകളുടെ പൊതുധാരണയിൽ ഒരു തകരാറുണ്ട്. ഉദാഹരണത്തിന് നരഭോജിയോ അല്ലാത്തതോ ആയ ഒരു കടുവയെ ആളുകൾ പ്രതീക്ഷിക്കുന്നതും സങ്കൽപ്പിക്കുന്നതും അതിഘോരമായ ഒരു വനത്തിലാണ്. ജനവാസമുള്ളതും ഒരു ഗ്രാമസ്വഭാവമുള്ളതുമായ ഇടങ്ങളിൽ അവർ ഒരു കടുവയേ പ്രതീക്ഷിക്കുന്നില്ല എന്ന് സാരം. കൊറോണക്കാലം കഴിഞ്ഞ് ആളുകൾ യാത്രകൾ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.
അതിന്റെ ഭാഗമായി ചുരംകയറി വയനാട്ടിലെത്തുന്ന പലരും യാത്രയുടെ ഇടവേളകളിൽ വഴിയരികിലെ മേൽപ്പറഞ്ഞതരം വനപ്രദേശങ്ങളിൽ വിശ്രമിക്കുകയോ വിനോദിക്കുകയോ ചെയ്യുക എന്നത് പതിവാണ്. യഥാർത്ഥ വനത്തിലേക്കോ, ആന തുടങ്ങിയ വന്യജീവികളുടെ അടുത്തേക്കോ സെൽഫിസ്റ്റിക്കുകളുമായി ഒരുമ്പെട്ടിറങ്ങുന്ന വിവരദോഷികളായ അഹങ്കാരികൾ വേറെയുമുണ്ട്. അവരെ ഈ കുറിപ്പ് ലക്ഷ്യം വെക്കുന്നില്ല എനിക്ക് പറയാനുള്ളത് ആദ്യം പറഞ്ഞ കൂട്ടരോടാണ്. വനത്തേയും വന്യജീവികളേയും കുറിച്ചുള്ള ചില അറിവില്ലായ്മകളെ കൊണ്ട് അബദ്ധത്തിൽ ആ വിധം ചെയ്യുന്ന നിർദ്ദോഷികളായ യാത്രികരോട്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഞാൻ നിത്യവും കാണുന്ന ചില കാഴ്ചകളാണ് ഈ വിധം എഴുതാൻ പ്രേരിപ്പിക്കുന്നത്. സഞ്ചാരികളിൽ പലരും താരതമ്യേന അപകടരഹിതം എന്ന് അവർ തെറ്റിദ്ധരിക്കുന്ന ഇത്തരം വനപ്രദേശങ്ങളിൽ വളരെ ലാഘവത്തോടെ വിശ്രമിക്കുന്നത് ഞാൻ നിത്യേന കാണുന്നു.
നവവിവാഹിതരോ, ചെറിയ കുട്ടികളോടൊപ്പമുള്ള നവ മാതാപിതാക്കളോ ആണ് അവരിൽ പലരും കുട്ടികൾക്ക് ഭക്ഷണം കൊടുക്കാനും,അവരുടെ ഉടുപ്പുകൾ മാറ്റാനും, കുട്ടികൾക്കോ അവർക്ക് തന്നെയോ മൂത്രമൊഴിക്കാനും, ദീർഘ യാത്രയുടെ മടുപ്പകറ്റി ഒന്ന് പുറത്തിറങ്ങി നടക്കാനും എന്നിങ്ങനെ അതി സാധാരണമായി ആളുകൾ ചെയ്യുന്ന കാര്യങ്ങൾക്ക് വേണ്ടിയാണ് യാത്രക്കാർ വണ്ടി നിർത്തി വനത്തിലിറങ്ങുന്നത്.
ബസ് കാത്ത് നിൽക്കുന്നവർ, കാലികളെ മേക്കുന്നവർ, പലവിധ ജോലികൾക്ക് പോകുന്നവർ എന്നിങ്ങനെയുള്ള തദ്ദേശിയരായ ആളുകളുടെ സാന്നിദ്ധ്യവും ആ ഇടങ്ങൾ സേഫ് ആണ് എന്നൊരു ബോധം അപരിചിതരിൽ ഉണ്ടാക്കുന്നു. അപ്രതീക്ഷിതമായി കണ്ടു കിട്ടുന്ന വീണുകിടക്കുന്ന ഒരു മരമോ, കാട്ടുവള്ളിയോ, പൂവോ കുരങ്ങനോ ഒക്കെ, വാഹനം വിട്ട് കുറച്ച് കൂടി ഉള്ളിലേക്ക് കയറാനും അവരെ മോഹിപ്പിക്കുന്നു. ഇന്നത്തെ യാത്രകളുടെ അവിഭാജ്യ സംഗതിയായ സെൽഫികൾക്ക് ചേരുന്ന ഭംഗിയുള്ള ബാക്ക് ഡ്രോപ്പുകളും അവരെ പ്രലോഭിപ്പിക്കും. ശുദ്ധവായു, ഹരിതാഭ പച്ചപ്പ് എന്നിങ്ങനെയുള്ള സങ്കൽപ്പങ്ങളും ആളുകളെ അലസമനസരാക്കും. ആ സമയങ്ങളിൽ, മനസിൽ പോലും സങ്കൽപ്പിക്കാൻ കഴിയാത്തവിധം ഭീകരമായ ഒരു അപകടത്തിന്റെ വക്കിലാണ് അവരെന്ന് അവർക്ക് ഒരിക്കൽ പോലും സങ്കൽപ്പിക്കാൻ കഴിയാത്തവണ്ണം അലസരും സൗഖ്യമുള്ളവരും ആയിരിക്കും അവരപ്പോൾ എന്നതാണ് ഇതിലെ ഏറ്റവും വലിയ അപകടം.
കാട് എന്നത് ഒരു തുടർച്ചയാണ് എന്നും ബന്ദിപ്പൂർ മുതൽ നാഗർഹോളെ വരെ അത് വയനാട്ടിലൂടെ പടരുന്ന ഒന്നാണ് എന്നുമാണ് നാം മനസിലാക്കേണ്ടത്. അതിനിടയിൽ അപകടം കൂടിയ ഒരിടം എന്നും കുറഞ്ഞ ഒരിടം എന്നും ഒരു വേർ തിരിവ് ഇല്ല എന്നതും ഓർക്കണം, പ്രത്യേകിച്ചും നിങ്ങൾ വാഹനത്തിന് പുറത്താണ് എങ്കിൽ. ‘അപകടമുണ്ടായേക്കാം' എന്ന ജാഗ്രത ഉൾവനങ്ങളിൽ നിങ്ങളെ കുറച്ചുകൂടി ശ്രദ്ധാലുവാക്കും എന്നതിനാൽ അപകടരഹിതം എന്ന് നമുക്ക് മനസിൽ തോന്നുന്ന വനഭാഗങ്ങളിലാണ് കൂടുതൽ അപകടസാധ്യത എന്നാണ് ഞാൻ പറയാൻ ശ്രമിക്കുന്നത്.
വാർത്തകൾ പ്രാദേശിക പേജുകൾ വിട്ട് പുറത്ത് കടക്കുന്നുണ്ടെങ്കിൽ വയനാട്ടിൽ ഇത് കടുവാക്കാലമാണ് എന്ന് നിങ്ങൾക്ക് അറിയാമല്ലോ. നെയ്യാർ ഡാമിൽ കൂട് പൊളിച്ച് പുറത്തു ചാടിയ ആ കടുവയെ കെണിവെച്ച് പിടിച്ചത് വയനാട്ടിലെ ചീയമ്പം എന്നു പറയുന്ന ഒരു ഗ്രാമത്തിൽ നിന്നാണ്. ഇന്നലെ കൽപ്പറ്റ ബത്തേരി റോഡിലെ ജനസാന്ദ്രമായ ബീനാച്ചി എന്ന സ്ഥലത്ത് ഒരു കടുവയേയും അതിന്റെ കുഞ്ഞുങ്ങളേയും ആളുകൾ കണ്ടത് ബീനാച്ചിയിലെ റേഷൻ കടയുടെ പുറകിലാണ്. പുൽപ്പള്ളിയിൽ ഒരു ആദിവാസി യുവാവിനെ കടുവ കൊന്ന് തിന്നത് പാക്കം എന്ന ജനവാസ കേന്ദ്രത്തിലാണ്
അയൽ ഗ്രാമമായ പന്തല്ലൂരിൽ തേയില നുള്ളുന്ന ഒരു സ്ത്രീയെയാണ് കടുവ കൊന്നു തിന്നത്. പറഞ്ഞുവരുന്നത് കാടകം എന്ന് നമുക്ക് ഒരിക്കലും തോന്നാത്ത ഇത്തരം ഇടങ്ങളിലും കടുവകൾ കാണപ്പെടുന്നു എന്ന അറിവ് പങ്ക് വെക്കാനാണ്. തന്നെയുമല്ല കാട് വിട്ട് ജനവാസകേന്ദ്രങ്ങളിലേക്ക് കടക്കുന്ന കടുവയേപ്പോലുള്ള മൃഗങ്ങൾ കൂടുതൽ അപകടകാരികളാണ് എന്നതുമാണ്. ഉൾക്കാടുകളിൽ മറ്റുള്ളവയോട് തോറ്റു മടങ്ങുന്നവയോ, കാട്ടുമൃഗങ്ങളെ വേട്ടയാടാൻ മാത്രം ശേഷിയില്ലാത്തവയോ ആയിരിക്കും അവ എന്നതാണ്. വളർത്തുമൃഗങ്ങളേയും പിന്നീട് കുറച്ചുകൂടി ദുർബലനായ മനുഷ്യരെത്തന്നെയും ഇരയാക്കും വിധമുള്ള ആ ട്രാൻസിഷൻ നടക്കുന്നത് അത്തരം ഇടങ്ങളിൽ വെച്ചാണ്.
(കുട്ടികളേയോ, മൂത്രമൊഴിക്കാനോ വെളിക്കിരിക്കാനോ വേണ്ടി കുനിഞ്ഞിരിക്കുന്നവരെയൊ(സ്ക്വാറ്റിംഗ്) പിടിച്ചുകൊണ്ടാണ് ഒരു കടുവ അതിന്റെ നരഭോജി ജീവിതം സാധാരണ ആരംഭിക്കുക) കടുവകളുടെ ഇരപിടിക്കൽ രീതി നിങ്ങൾക്ക് അറിയാവുന്നതാണല്ലോ യാതൊരു സൂചനയും നൽകാതെ അത്രയും സൂക്ഷ്മമായി ആണ് അവ വരിക മാർജ്ജാരപാദങ്ങൾ എന്ന വാക്ക് വെറുതെയല്ല
അർദ്ധനിമിഷം പോലും വേണ്ട ആഘോഷവേളകൾ അതിദാരുണ ദുരന്തമാകാൻ. അനുഭവങ്ങൾ ധാരാളമുണ്ട് ലോകത്ത് ആ ഇനത്തിൽ ഒരു കുറ്റിച്ചെടിക്കപ്പുറത്ത് ഒരുപക്ഷേ ഉണ്ടായേക്കാവുന്ന ആ അപകടത്തെക്കുറിച്ച് ദയവായി ഒന്ന് മനസിൽവെക്കുക വാഹനങ്ങളിൽ നിന്ന് ഇറങ്ങുകയും കാടുകളിൽ വിനോദത്തിൽ ഏർപ്പെടുകയും ചെയ്യുക എന്നത് ദയവായി ഒഴിവാക്കുക.
വാഹനത്തിൽ നിങ്ങൾ ഒരു വിധം സുരക്ഷിതരാണ്, കാഴ്ചയുടെ ആനന്ദങ്ങൾ നിങ്ങൾക്ക് വാഹനത്തിൽ നിന്ന് സാധ്യമാകുന്ന ഒന്നാണ് കടുവ എന്ന് പ്രത്യേക സാഹചര്യത്തിൽ പറഞ്ഞു എന്നേ ഉള്ളൂ ക്രുദ്ധനായി ഓടിവരുന്ന ഒരു കാട്ടുപന്നിയോ, അക്രമകാരിയായ ഒരു കുരങ്ങനോ അപ്രതീക്ഷിതമായി നമ്മെക്കണ്ട് പരിഭ്രാന്തിയിൽ പെടുന്ന ഒരു ആനയോ എന്തിന് വനത്തിൽ മേയുന്ന, വന്യസ്വഭാവമുള്ള ഒരു നാടൻ പശുപോലുമോ മതി ഒരു അപകടമുണ്ടാക്കാൻ.
നമ്മൾ പൊടുന്നനേ പകച്ചു പോകും, ഒരു പ്രതിരോധവും സാധ്യമല്ലാത്ത വിധം സ്തബ്ധമായിപ്പോകും നമ്മുടെ ശരീരവും പ്രഞ്ജയും. അതിശയോക്തി ഇത്തിരി അധികമുണ്ട് എന്ന് തോന്നാം ഈ കുറിപ്പിന്റെ ആദ്യ വായനയിൽ. എന്നാൽ അത് സത്യമല്ല, നിങ്ങൾക്ക് സംഭവിച്ചിട്ടില്ല എന്നതുകൊണ്ട് മാത്രം ഒരു സംഗതിയിലെ അപകട സാധ്യത ഇല്ലാതാവുന്നില്ല എന്ന് ദയവായി അറിയുക.
ഇതൊക്കെ അറിവിലുണ്ടായിട്ടും വിരുദ്ധമായി പെരുമാറുന്ന അഹംഭാവികളായ ചില യാത്രക്കാരെക്കുറിച്ച് ഞാൻ മുന്നേ സൂചിപ്പിരുന്നുവല്ലോ, ആ മനുഷ്യരോട് ഈ കുറിപ്പിന് ഒന്നും സംസാരിക്കാനില്ല. ഇത് മേൽപ്പറഞ്ഞ വിവരങ്ങൾ അറിയാത്തത് കൊണ്ട് മാത്രം അങ്ങനെ ചെയ്തു പോകുന്ന മാന്യരും സാധുക്കളുമായ യാത്രക്കാർക്ക് വേണ്ടിയാണ്. കാടിനെക്കുറിച്ചും വന്യമൃഗസ്വഭാവത്തെക്കുറിച്ചും കൃത്യമായ ധാരണകളില്ലാത്ത യാത്രക്കാർക്ക് വേണ്ടി. പറയാമായിരുന്നല്ലോ എന്ന് പിന്നീട് ഖേദിക്കാതിരിക്കാൻ വേണ്ടിയുള്ള ഒരു എഴുത്ത്. ഒരാളെങ്കിലും മനസിൽ വെച്ചാൽ അത്രയും നന്ന് എന്ന ഉദ്ദേശ ശുദ്ധിയാൽ എഴുതപ്പെട്ടത്. പറഞ്ഞതിൽ കാര്യമുണ്ട് എന്ന് തോന്നിയാൽ വനദേശങ്ങളിലേക്ക് യാത്ര പോകുന്ന നിങ്ങളുടെ സ്നേഹിതർക്ക് വേണ്ടി നിങ്ങൾക്ക് പങ്ക് വെക്കാവുന്ന ഒന്ന്.
ഞാൻ നിത്യവും ജോലിക്ക് പോകുന്ന വഴിയിൽ നിന്ന് പകർത്തിയത്, ഒന്നാം ചിത്രത്തിൽ പത്തിലധികം ആനകൾ നിറഞ്ഞു നിൽക്കുന്ന അതേ സ്ഥലം തന്നെയാണ് കാലിമേക്കുന്നവർ അലസം സൊറപറയുന്ന ഒരു വിശ്രമകേന്ദ്രമായി നമുക്ക് രണ്ടാം ചിത്രത്തിൽ അനുഭവപ്പെടുന്നത്. ഹൈ ടെൻഷൻ ഇലക്ട്രിക് പോസ്റ്റുകൾ ആ സ്ഥലത്തെ കൃത്യമായി അടയാളപ്പെടുത്തുവാൻ പാകത്തിൽ ഉണ്ട് എന്നതുകൊണ്ടാണ് ഈ ചിത്രം.