1967 ജൂലൈ ഒന്നിനാണ് സംസ്ഥാന നിയമസഭ കൊച്ചി കോർപറേഷൻ രൂപീകരിക്കാൻ അംഗീകാരം നൽകിയത്. എറണാകുളം, മട്ടാഞ്ചേരി ആൻറ് ഫോർട്ട് കൊച്ചി, വെല്ലിങ്ടൺ ഐലന്റ് എന്നീ മുനിസിപ്പാലിറ്റികളും പള്ളുരുത്തി, വെണ്ണല, വൈറ്റില, ഇടപ്പള്ളി പഞ്ചായത്തുകളും ഗുണ്ടു ദ്വീപ്, രാമൻതുരുത്ത് എന്നീ പ്രദേശങ്ങളും അടങ്ങുന്നതായിരുന്നു കോർപറേഷൻ.
1969ൽ ആദ്യ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് 13 സീറ്റും കോൺഗ്രസ് മുന്നണിക്ക് 11 സീറ്റും കിട്ടി. ഇടതുപക്ഷ മേയർ സ്ഥാനാർത്ഥി എം.എം. ലോറൻസും കോൺഗ്രസ് സ്ഥാനാർഥി എ. എ. കൊച്ചുണ്ണി മാസ്റ്ററുമായിരുന്നു. മേയർ തിരഞ്ഞെടുപ്പിൽ രണ്ടു പേർക്കും 12 വോട്ടു വീതം കിട്ടി. നറുക്കെടുപ്പിലൂടെ കൊച്ചുണ്ണിമാസ്റ്റർ കൊച്ചിയുടെ ആദ്യ മേയറായി. പിന്നീട് എൽ.ഡി.എഫും യു.ഡി.എഫും മാറിമാറി കൊച്ചി ഭരിച്ചെങ്കിലും ഒരു ആസൂത്രിത നഗരമാക്കി അതിനെ മാറ്റിയെടുക്കാൻ ആർക്കും കഴിഞ്ഞില്ല. നല്ലൊരു പൊതുയിടം പോലും കൊച്ചിക്ക് ഇല്ല. നഗരത്തിലെ പൊതുയിടങ്ങളുടെ വിസ്തൃതി 15%- ആയിരിക്കണമെന്നിരിക്കേ, കൊച്ചിയിലേത് ഒരു ശതമാനം മാത്രമാണ്.1886-ൽ തന്നെ അന്നത്തെ രാജാവ് സാനിറ്ററി ബോർഡൊക്കെ ഉണ്ടാക്കിയ ചരിത്രമുണ്ടെങ്കിലും കൊച്ചിയിലെ മാലിന്യ സംസ്‌കരണം പണ്ടുമുതലേ തീർത്തും അപര്യാപ്തമായിരുന്നു. കലൂർ ബസ് സ്റ്റാൻറ് പരിസരം അസ്സൽ ‘തീട്ട പറമ്പാ’യിരുന്നു. മനുഷ്യമലം പാട്ടക്കണക്കിന് കൊണ്ടുവന്നു നിക്ഷേപിച്ചിരുന്ന സ്ഥലം. മണപ്പാട്ടിപറമ്പ് പിന്നീട് എളംകുളത്തെ സ്വീവേജ് ട്രീറ്റ് മെൻറ് പ്ലാൻറ് വന്നശേഷമാണ് അവിടെ നിന്നില്ലാതായത്.
നഗര മാലിന്യം പണ്ടു മുതലേ സംസ്‌കരിക്കാതെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി കളയുന്ന പരിപാടിയായിരുന്നു കോർപ്പറേഷന്റേത്. എറണാകുളം നഗരത്തിലെ മിക്കവാറും എല്ലാ ചതുപ്പുസ്ഥലങ്ങളിലും കോർപ്പറേഷൻ നഗര മാലിന്യം നിക്ഷേപിച്ചിട്ടുണ്ട്. ചേരാനല്ലൂരിൽ നാവിക സേനാതാവളത്തിനടുത്തും ഒടുവിൽ ബ്രഹ്മപുരത്തും. അവിടെ ആദ്യം വാങ്ങി 37 ഏക്കറിൽ ശാസ്ത്രീയമായ രീതിയിൽ മാലിന്യ സംസ്‌കരണ സംവിധാനം ഒരുക്കിയിരുന്നെങ്കിൽ ഇപ്പോഴത്തെ പ്രതിസന്ധി ഉണ്ടാകുമായിരുന്നില്ല. അതിനുപകരം മാലിന്യം തരം തിരിക്കാതെ കൊണ്ടുവന്ന് തള്ളാനുള്ള ഒരിടമായി അതിനെ മാറ്റിയതുകൊണ്ടാണ് ഈ പ്രതിസന്ധിയുണ്ടായത്. കോർപറേഷൻ ഉല്പാദിപ്പിക്കുന്ന 200 ടൺ മാലിന്യം തന്നെ സംസ്‌കരിക്കാൻ സംവിധാനമില്ലാതിരിക്കെ സമീപ മുനിസിപ്പാലിറ്റികളായ അങ്കമാലി, ആലുവ, കളമശ്ശേരി, തൃക്കാക്കര, തൃപ്പൂണിത്തുറ, ചേരാനെല്ലൂർ, മരട്, പുത്തൻകുരിശ്, വടവുകോട് എന്നിവിടങ്ങളിലെ മാലിന്യം കൂടി കോർപറേഷൻ ഏറ്റെടുത്ത് പ്രശ്‌നം സങ്കീർണമാക്കി. ഇതാണ് ബ്രഹ്മപുരത്ത് മാലിന്യമല അനുദിനം വളർന്ന് തീപിടുത്തത്തിലെത്തിയത്.
2016-ൽ ഇന്ത്യ സർക്കാർ പാസാക്കിയ മുൻസിപ്പൽ സോളിഡ് വേസ്റ്റുമായി ബന്ധപ്പെട്ട നിയമം എത്ര അലസമായാണ് നാം കൈകാര്യം ചെയ്യുന്നതെന്നതിന്റെ മികച്ച ഉദാഹരണമാണ് ഹരിത ട്രിബ്യൂണലിന്റെ ആയിരക്കണക്കിന് കോടികളുടെ പിഴ.
ഇന്ത്യയിൽ ഇന്ന് 3000 ത്തോളം ലാൻറ് ഫിൽ സൈറ്റുകളുണ്ട്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മാലിന്യമല സ്ഥിതി ചെയ്യുന്നത് ഡൽഹി ഘാസിപുരിലാണ്. അതിശയോക്തിയില്ലാതെ പറഞ്ഞാൽ, ഇതിന് കുത്തബ് മീനാറിന്റെ ഉയരമുണ്ടാകുമെന്ന് പറയപ്പെടുന്നു. കൊൽക്കത്തയിലെ ധാപ്പയിലുള്ള മാലിന്യ മലയും കുപ്രസിദ്ധമാണ്. ദിവസവും കത്തുന്ന മാലിന്യമലയിൽ മൃതദേഹങ്ങൾ മുതൽ ലോറിക്കണക്കണക്കിന് ചോക്കലേറ്റുകളും മരുന്നുകളും നോട്ടുകളും വരെയുണ്ടാകും - 30,000 പേർ ഈ മാലിന്യമലക്കു ചുറ്റുമായി ജീവിക്കുന്നു. ഇവിടുത്തെ ശരാശരി ആയുസ്സ് 50നും 60നും ഇടയിലാണെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ മാലിന്യമലകളുള്ളത് മഹാരാഷ്ട്രയിലും മുംബൈയിലുമാണ്. ദേശീയ ഹരിത ട്രിബ്യൂണൽ ഏഴ് സംസ്ഥാനങ്ങൾക്ക് മാലിന്യ നിർമ്മാർജ്ജനവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്ക് 28,180 കോടിയുടെ പിഴയാണ് വിധിച്ചിട്ടുള്ളത്.
2016-ൽ ഇന്ത്യ സർക്കാർ പാസാക്കിയ മുൻസിപ്പൽ സോളിഡ് വേസ്റ്റുമായി ബന്ധപ്പെട്ട നിയമം എത്ര അലസമായാണ് നാം കൈകാര്യം ചെയ്യുന്നതെന്നതിന്റെ മികച്ച ഉദാഹരണമാണ് ഹരിത ട്രിബ്യൂണലിന്റെ ആയിരക്കണക്കിന് കോടികളുടെ പിഴ. അതിൽ മഹാരാഷ്ട്ര സർക്കാരിനാണ് ഏറ്റവും കൂടിയ പിഴ- 12,000 കോടി രൂപ. പശ്ചിമ ബംഗാളിന് 3500 കോടി രൂപയും കർണാടകക്ക് 2900 കോടി രൂപയും തെലുങ്കാനക്ക് 3800 കോടി രൂപയും ഡൽഹിക്ക് 900 കോടി രൂപയും ആസാമിന് 1000 കോടി രൂപയുമാണ് ചുമത്തിയിട്ടുള്ളത്. ഇങ്ങനെ മാലിന്യ സംസ്‌കരണ വീഴ്ചക്ക് കോടതിയുടെ പിഴ വാങ്ങാത്ത സംസ്ഥാനങ്ങൾ ചുരുക്കമാണ്.
2009- 2023 കാലത്ത് ബ്രഹ്മപുരത്ത് ചെറുതും വലുതുമായ ഒമ്പതു തീപിടുത്തങ്ങളുണ്ടായി. ചിലത് രണ്ടു ദിവസം, ചിലത് നാലു ദിവസം, എഴു ദിവസം, ഇപ്പോൾ 12 ദിവസം. ഈ തീപിടുത്തങ്ങൾ മേഖലയിലെ ആയിരക്കണക്കിന് മനുഷ്യരെയും ജീവജാലങ്ങളെയും ബാധിച്ചു. ഇപ്പോഴത്തെ തീപിടുത്തം 12 ദിവസം നീണ്ടപ്പോൾ ലക്ഷക്കണക്കിന് മനുഷ്യരെയാണ് വിഷപ്പുക ബാധിച്ചത്.
എറണാകുളം ജില്ലയിൽ വ്യവസായ പ്രവർത്തനങ്ങളുടെ ഫലമായി വിഷസംയുക്തങ്ങൾ വൻതോതിൽ കലരുന്നുണ്ടാകാം. അതോടൊപ്പം, ബ്രഹ്മപുരത്തെ മാലിന്യങ്ങൾ കത്തിയതിൽ വൻ തോതിൽ ഡയോക്‌സിൻ അപകടകരമായ വിധം അന്തരീക്ഷവായുവിൽ കലർന്നിട്ടുണ്ടാകാം.
പ്ലാസ്റ്റിക് എന്ന പാരിസ്ഥിതിക ദുരന്തം
1964 ൽ 1.1 മില്യൻ ടൺ പാസ്റ്റിക് ഉല്പാദിപ്പിച്ചിരുന്ന സ്ഥാനത്ത് 2014 ആകുമ്പോഴേക്കും 31.1 മില്യൻ ടണ്ണായി വർദ്ധിച്ചു. ഇപ്പോൾ എട്ട് ബില്യൻ മെട്രിക് ടൺ പ്ലാസ്റ്റിക് ടണ്ണാണ് ലോകത്താകെ ഉല്പാദിപ്പിക്കുന്നുണ്ട്. അതേസമയം, ഇന്ത്യയിലെ പ്ലാസ്റ്റിക് ഉല്പാദനം 1.5 മില്യൻ ടണ്ണുമാണ്. ഇന്ത്യയിൽ പ്രതിവർഷം 3.4 മില്യൺ പ്ലാസ്റ്റിക് മാലിന്യം ഉല്പാദിപ്പിക്കുന്നുണ്ട്. അതിൽ 30 ശതമാനം മാത്രമാണ് റീ സൈക്കിൾ ചെയ്യപ്പെടുന്നത്. ശരിയായ രീതിയിൽ സംസ്‌കരിക്കാതെ കുന്നുകൂട്ടപ്പെടുന്ന 70 ശതമാനം പ്ലാസ്റ്റിക് മാലിന്യങ്ങളാണ് പരിസ്ഥിതിക്ക് ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്നത്. അതിൽ കുറെയേറെ വിവിധ സ്രോതസ്സുകളിലൂടെ ഒഴുകി നദികളിലും കായലുകളിലും കടലിലിലും എത്തുന്നു. ഇവ ജലാശയങ്ങളുടെ അടിത്തട്ടിൽ അടിഞ്ഞുകൂടി ആവാസ വ്യവസ്ഥക്ക് ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്നു. നദികളിലും കായലുകളും കടലിലും അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് ചെറിയ തരികളായി വിഘടിക്കപ്പെടുന്നു. ഇത് ജല ആവാസ വ്യവസ്ഥയിലുണ്ടാക്കുന്ന ആഘാതം വിവരണാതീതമാണ്. ജലത്തിലെ ഊറലുകളിലും പ്രാഥമിക ഉല്പാദകരായ സൂഷ്മജീവികളിലും മൈക്രോ പ്ലാസ്റ്റിക് ധാരാളമായി അടിഞ്ഞുകൂടി നാം കഴിക്കുന്ന മീനടക്കമുള്ള ഭക്ഷ്യ ശൃംഖലകൾ വഴി മനുഷ്യരടക്കമുള്ള ജീവജാലങ്ങൾക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്ക് വഴി വെക്കാം. 2017 ൽ ഇ.വി.രാമസ്വാമിയും റിസർച്ച് ഫെലോയായ ശ്രുതിയും ചേർന്ന് വേമ്പനാട് കായലിൽ നടത്തിയ മൈക്രോ പ്ലാസ്റ്റിക് മലിനീകരണം സംബന്ധിച്ച പഠനത്തിൽ, വേമ്പനാട് കായലിൽ 5 മില്ലിമീറ്ററിൽ താഴെയുള്ള (< 5 mm) മൈക്രോ പ്ലാസ്റ്റിക് (252.80 + 25.75) കണ്ടെത്തി. അതിൽ പോളി എത്തലിൻ (PE) പോളി പ്രോപ്പലിൻ (PP) പോളിസ്റ്റീൻ (PS) പോളി അമൈഡ് (PA) പോളിസ്റ്റർ (PES) ആക്രിലിക് (AC) തുടങ്ങിയ ഘടങ്ങളും കണ്ടെത്തി. 2050- ആകുമ്പോഴേക്കും ജലാശയങ്ങളിൽ മത്സ്യങ്ങളെക്കാൾ കൂടുതൽ പ്ലാസ്റ്റിക്കുണ്ടാകുമെന്ന് ഗവേഷകർ മുന്നറിയിപ്പ് നല്കുന്നു.
ഡയോക്‌സിൻ എന്ന വില്ലൻ
ഡയോക്‌സിൻ എന്ന കൊടും വിഷക്കൂട്ടത്തെക്കുറിച്ച് ഇത്ര വിപുലമായ ചർച്ച നടക്കുന്ന മറ്റൊരു കാലമുണ്ടായിട്ടില്ല. 2005-ൽ ഏലൂരിലെ അന്തരീക്ഷവായുവിൽ സാധാരണ വായുവിൽ കാണുന്നതിനെക്കൾ 150 ഇരട്ടിയിലധികം ഡയോക്‌സിൻ ഘടകമായ ഹെക്‌സാ ക്ലോറോ ബ്യൂട്ടാ ഡീൻ (hexachlorobutadiene) അടക്കം കാൻസറിനു കാരണമാകുന്ന അഞ്ച് രാസവിഷങ്ങൾ കണ്ടെത്തിയിട്ടും 2006-ൽ കോഴിമുട്ടയിൽ അപകടകരമായ നിലയിൽ ഡയോക്‌സിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടും ഞങ്ങൾ കുറച്ചുപേർ ആശങ്കപ്പെട്ടതല്ലാതെ വേറെ ആരെങ്കിലും ആശങ്ക പങ്കുവച്ചില്ല.
പോളിക്ലോറിനേറ്റഡ് ഡൈബൻസോ ഡയോക്‌സിൻ (PCDD s), പോളിക്ലോറിനേററഡ് ഡൈ ബെൻ സോഫൂറാൻ (PCDFs), പോളിക്ലോറിനേറ്റഡ് ബൈ ഫിനയൽസ് (PCB s) എന്നിവയാണ് പൊതുവെ ഡയോക്‌സിൻ എന്നറിയപ്പെടുന്നത്. ക്ലോറിന്റെ പത്ത് ആറ്റങ്ങളും ഹൈഡ്രജൻ ആറ്റവും ചേർന്നാണ് PCB s ഉണ്ടാകുന്നത്. 8 എണ്ണം വീതം ചേർന്നാണ് PCDDs- ഉം PCDFs- ഉം ഉണ്ടാകുന്നത്. എന്നാൽ ഇവയെല്ലാം ഒരുപോലെ ഉഗ്രവിഷങ്ങളാണ്. പോളിക്ലോറിനേറ്റഡ് ബൈ ഫിനയൽസ് അടക്കമുള്ള ഡയോക്‌സിൻ അനുബന്ധ പദാർത്ഥങ്ങളെല്ലാം മനുഷ്യനിർമിതമായ ഉഗ്രവിഷങ്ങളാകയാൽ 2025-ഓടെ ഇവയെ ഭൂമുഖത്തു നിന്ന് നിർമ്മാർജനം ചെയ്യാൻ സ്റ്റോക്ഹോം കൺവെൻഷൻ തീരുമാനമെടുത്തിട്ടുണ്ട്. POPs വിഭാഗത്തിൽപ്പെടുന്നതാണ് ഈ കൊടും വിഷ കൂട്ടം.1980 മുതൽ PC DDsന്റെ യും PCDF s ന്റെയും അളവ് കുറക്കാനുളള ശ്രമങ്ങൾ തുടങ്ങി. 2000- മാണ്ടോടെ അതിന്റെ അളവ് 1970- ലേതിന് തുല്യമാക്കിയെങ്കിലും നിരവധി രാജ്യങ്ങളിൽ മുലപ്പാലിലടക്കം ഈ വിഷസംയുക്തങ്ങളുടെ അപകടകരമായ സാന്നിദ്ധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. വ്യവസായ നഗരങ്ങളുടെ പ്രവർത്തനവും നഗരമാലിന്യങ്ങളുടെ കത്തിക്കലുമാണ് ഈ കൊടും വിഷ കൂട്ടത്തിന്റെ ഉറവിടമെന്ന് നമുക്ക് കാണാം. താരതമ്യേന വ്യവസായങ്ങളില്ലാത്ത രാജ്യങ്ങളിലെ അമ്മമാരുടെ മുലപ്പാലിൽ പോലും ഈ കൊടുംവിഷസാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. അതിവേഗം വായുവിലൂടെ സഞ്ചരിക്കാനും കാലങ്ങളോളം പ്രകൃതിയിൽ നിലനിൽക്കാനുമുള്ള അതിന്റെ കഴിവിനെയാണ് ഇത് സൂചിപ്പിക്കുന്നത്.
2019-ൽ ഏതാണ്ട് 72 മൈക്രോഗ്രാം ഡയോക്‌സിനാണ് തീപിടുത്തത്തിലൂടെ പുറതള്ളപ്പെട്ടത്. അന്ന് അവിടെ ആറ് ഏക്കറിൽ 20 സെന്റിമീറ്റർ കത്തിയമർന്നപ്പോഴാണ് ഇത്ര ഭീതിതമായ തോതിൽ ഡയോക്‌സിൻ പുറംതള്ളപ്പെട്ടതെങ്കിൽ 2023 - ൽ കത്തിയമർന്നത് നാലു മീറ്ററിലധികം ആഴത്തിൽ, 40 ഏക്കറിനടുത്ത് മാലിന്യങ്ങളാണ്.
എറണാകുളം ജില്ലയിൽ വ്യവസായ പ്രവർത്തനങ്ങളുടെ ഫലമായി ഇത്തരം വിഷസംയുക്തങ്ങൾ വൻതോതിൽ കലരുന്നുണ്ടാകാം. അതോടൊപ്പം, ബ്രഹ്മപുരത്തെ മാലിന്യങ്ങൾ കത്തിയതിൽ വൻ തോതിൽ PCB s, PCDD s, PCDF s എന്നിവ അപകടകരാമാം വിധം അന്തരീക്ഷവായുവിൽ കലർന്നിട്ടുണ്ടാകാം. വായുവിലേക്കാളുപരി ഭക്ഷ്യശൃംഖല വഴി ഇത് കൂടുതലായി മനുഷ്യരിലെത്താം. ദീർഘകാലം ഈ വിഷസംയുക്തങ്ങൾ പ്രകൃതിയിൽ നിലനിലനിക്കുന്നതിനാൽ ഭക്ഷ്യശൃംഖല വഴി ജീവികളുടെ കൊഴുപ്പിൽ ഈ വിഷസംയുക്തങ്ങൾ അലിഞ്ഞുചേരും. ആ ജീവികളുടെ മാംസം, പാൽ, പാൽ ഉല്പന്നങ്ങൾ, പച്ചക്കറികൾ, മൽസ്യം, കക്ക, വെള്ളം എന്നിവയിലൂടെയെല്ലാം ഈ കൊടും വിഷക്കൂട്ടം മനുഷ്യരിലെത്താം. ചർമരോഗങ്ങൾ, ഓർമയെ ബാധിക്കുന്ന രോഗങ്ങൾ, കരൾ - പല്ല് സംബന്ധമായ അസുഖങ്ങൾ, പ്രത്യുല്പാദന സംബന്ധമായ രോഗങ്ങൾ, അന്തസ്രാവി ഗ്രന്ഥികളുടെ പ്രവർത്തനത്തെ തടസപ്പെടുത്തുന്ന രോഗങ്ങൾ, ആൺകുഞ്ഞുങ്ങളുടെ എണ്ണത്തിലെ കുറവ്, കാൻസർ, ഹൃദരോഗം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ആരോഗ്യപ്രശ്‌നങ്ങൾക്ക് ഈ കൊടും വിഷക്കൂട്ടത്തിന്റെ അധികരിച്ച സാന്നിദ്ധ്യം വഴിവെക്കും.
ബ്രഹ്മപുരത്ത് അതിബൃഹത്തായ ഒരു എപ്പിഡമോളജിക്കൽ സ്റ്റഡിയും സമഗ്രമായ പരിസ്ഥിതികാഘാത പഠനവും അനിവാര്യമാണ്. അതിൽ ഭക്ഷ്യപദാർത്ഥങ്ങളും പാലും മത്സ്യവും മാംസവും മുലപ്പാലും പച്ചക്കറിയും വെള്ളവും മണ്ണും സെഡിമെൻറുകളും കോഴിമുട്ടയും താറാവ് മുട്ടയും കോഴിയിറച്ചിയും പഠന വിധേയമാക്കണം. കാരണം, ബ്രഹ്മപുരത്ത് ഒമ്പതു തവണ തീപിടുത്തമുണ്ടായിട്ടുണ്ട്. 2019- ലെ തീപിടുത്തത്തെ തുടർന്ന് അതിന്റ പ്രശ്‌നങ്ങൾ പഠിക്കാൻ മലിനീകരണം നിയന്ത്രണ ബോർഡ് സി.എസ്.ഐ.ആറിനെ ചുമതലപ്പെടുത്തിയിരുന്നു. അവരുടെ പഠന പ്രകാരം 2019- ലെ തീപിടുത്തത്തിൽ അന്തരീക്ഷത്തിലെ ഡയോക്‌സിന്റെ അളവ് 50 മടങ്ങ് കൂടുതലാണെന്ന് കണ്ടെത്തി. ഈ പഠനപ്രകാരം 10.3 Picograms (one millionth of a gram) of TEQ (Toxic equivalent) കൂടുതലാണ്. അതായത് ബ്രഹ്മപുരത്ത് ഒരു ക്യൂബിക് മീറ്റർ വായുവിൽ 10- 50 മടങ്ങുവരെ കൂടുതലാണ്. ഒരു കിലോ ചാരത്തിൽ 158.5 നാനോഗ്രാം TEQ യും 6.8 നാനോ ഗ്രാം ടോക്‌സിസിറ്റി ഒരു കിലോ ചതുപ്പിലും കണ്ടെത്തിയിട്ടുണ്ട്. 65 കിലോ ശരീരഭാരമുള്ള ഒരു മനുഷ്യന് 1.66 മൈക്രോഗ്രാം ഡയോക്‌സിൻ ഉൾകൊള്ളാനേ കഴിയൂ. എന്നാൽ 2019-ൽ ഏതാണ്ട് 72 മൈക്രോഗ്രാം ഡയോക്‌സിനാണ് തീപിടുത്തത്തിലൂടെ പുറതള്ളപ്പെട്ടത്. അന്ന് അവിടെ ആറ് ഏക്കറിൽ 20 സെന്റിമീറ്റർ കത്തിയമർന്നപ്പോഴാണ് ഇത്ര ഭീതിതമായ തോതിൽ ഡയോക്‌സിൻ പുറംതള്ളപ്പെട്ടതെങ്കിൽ 2023 - ൽ കത്തിയമർന്നത് നാലു മീറ്ററിലധികം ആഴത്തിൽ, 40 ഏക്കറിനടുത്ത് മാലിന്യങ്ങളാണ്. അപ്പോൾ എത്രത്തോളം ഡയോക്‌സിനുകൾ പുറംതള്ളപ്പെട്ടിട്ടുണ്ടാകാം.
കേരളത്തിൽ പ്രതിദിനം 11, 444 ടൺ മുൻസിപ്പൽ മാലിന്യങ്ങൾ ഉണ്ടാകുന്നണ്ടെന്ന് കണക്കാക്കപ്പെടുന്നു. അതിൽ 480 ടൺ പ്ലാസ്റ്റിക് മാലിന്യങ്ങളാണ്. ഓരോ വർഷം ചെല്ലുന്തോറും മാലിന്യങ്ങൾ പെരുകുകയാണ്.
2019 ലെ തീപിടുത്തത്തിന്റെ പശ്ചാത്തലത്തിൽ നടത്തിയ പഠനത്തിൽ അപകടകരമായ തോതിൽ ഡയോക്‌സിൻ പുറതള്ളപ്പെട്ടതായി കണ്ടെത്തിയതിനെ തുടർന്ന് മണ്ണ്, ജലം, വായു, ഭക്ഷ്യവസ്തുക്കൾ എന്നിവയെക്കുറിച്ച് ആഴത്തിൽ പഠിക്കാൻ നിർദ്ദേശിച്ചിരുന്നെങ്കിലും മലിനീകരണ നിയന്ത്രണ ബോർഡ് ആ നിർദ്ദേശം അട്ടിമറിച്ചു. അന്നവർ അത് ചെയ്തിരുന്നെങ്കിൽ ഇന്ന് നമ്മുടെ കയ്യിൽ ഇതു സംബന്ധിച്ച് നല്ലൊരു ഡാറ്റയുണ്ടാകുമായിരുന്നു.
മാലിന്യപ്രതിസന്ധിക്കെന്താണ് പോം വഴി?
കേരളത്തിൽ പ്രതിദിനം 11, 444 ടൺ മുൻസിപ്പൽ മാലിന്യങ്ങൾ ഉണ്ടാകുന്നണ്ടെന്ന് കണക്കാക്കപ്പെടുന്നു. അതിൽ 480 ടൺ പ്ലാസ്റ്റിക് മാലിന്യങ്ങളാണ്. ഓരോ വർഷം ചെല്ലുന്തോറും മാലിന്യങ്ങൾ പെരുകുകയാണ്. അതുകൊണ്ടുതന്നെ സംസ്ഥാന സർക്കാരിന്റെ ഹരിത കേരള മിഷന്റെ നേതൃത്വത്തിൽ ഉറവിട മാലിന്യ സംസ്‌കരണത്തിന് പ്രാധാന്യം നല്കുന്ന പദ്ധതികൾ എല്ലാ തദ്ദേശ സ്വയം ഭരണ പ്രദേശങ്ങളിലും പ്രാവർത്തികമാക്കി വരികയാണ്. അത് കൂടുതൽ ഊർജ്ജിതമാക്കുകയാണ് വേണ്ടത്.
ഉറവിട മാലിന്യ സംസ്‌കരണം
ചില ആസ്ഥാന വിദഗ്ദർ ഇപ്പോഴും പ്രചരിപ്പിക്കുന്നത്, കേന്ദ്രീകൃത മാലിന്യ സംസ്‌കരണ രീതിയാണ് നാം പിന്തുടരേണ്ടത് എന്നാണ്. വിളപ്പിൽശാലയും ബ്രഹ്മപുരവും ഞെളിയൻ പറമ്പും ലാലൂരുമെല്ലാം ഇവർക്കിപ്പോഴും പാഠമായിട്ടില്ല. തിരുവനന്തപുരവും ആലപ്പുഴയുമെല്ലാം നമുക്ക് പറഞ്ഞുതരുന്ന പാഠം തെറ്റാണന്നാണ് ഈ ‘വിദ്ഗദ്ധർ’ പറഞ്ഞുവരുന്നത്. കൊച്ചിയിൽ പോലും ‘ക്രെഡ’യുടെ മുൻകൈയ്യിൽ ഉറവിട മാലിന്യ സംസ്‌കരണം വിജയകരമായി ചെയ്യുന്നുണ്ട്.
ബയോ കമ്പോസ്റ്റിംഗിനു വിധേയമാകുന്ന ജൈവമാലിന്യങ്ങൾ 60 ദിവസം കൊണ്ട് നല്ല വളമായി മാറും. അത് വീട്ടിലെ ചെടികൾക്കും മരങ്ങൾക്കും ഉപയോഗിക്കാം. പുതിയ രീതിയിലുളള ബയോ കമ്പോസ്റ്റിംഗ് ബിന്നുകൾക്ക് സ്ഥലപരിമിതി പ്രശ്‌നമല്ല.
ഉറവിട മാലിന്യ സംസ്‌കരണത്തിന്റെ ആദ്യ പടി വീട്ടിലുണ്ടാകുന്ന മാലിന്യങ്ങൾ തരംതിരിക്കിൽ തന്നെയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി ലഭിക്കുന്നതോ സ്വന്തമായി വാങ്ങുന്നതോ ആയ ബയോ കമ്പോസ്റ്റ് ബിന്നിലേക്ക് ജൈവമാലിന്യം നിക്ഷേപിച്ച് ഇനോക്കുലം ബാക്ടീരിയ അടങ്ങിയ ചകരിച്ചോർ വിതറുക. അജൈവ മാലിന്യങ്ങളായ പ്ലാസ്റ്റിക്കും വീട്ടുപയോഗത്തിനുശേഷം ഉപേക്ഷിക്കപ്പെടുന്ന ബാറ്ററിയും ഇലക്ട്രിക് അവശിഷ്ടങ്ങളും അടക്കമുള്ളവയും തരംതിരിച്ച് വ്യത്യസ്ത ചാക്കുകളിലോ ബക്കറ്റുകളിലോ സൂക്ഷിച്ചുവച്ച് വാതിൽപ്പടി ശേഖരണക്കാരെ ഏല്പിക്കുക. ബയോ കമ്പോസ്റ്റിംഗിനു വിധേയമാകുന്ന ജൈവമാലിന്യങ്ങൾ 60 ദിവസം കൊണ്ട് നല്ല വളമായി മാറും. അത് വീട്ടിലെ ചെടികൾക്കും മരങ്ങൾക്കും ഉപയോഗിക്കാം. പുതിയ രീതിയിലുളള ബയോ കമ്പോസ്റ്റിംഗ് ബിന്നുകൾക്ക് സ്ഥലപരിമിതി പ്രശ്‌നമല്ല. ഒരു രീതിയിലും വീട്ടിൽ ഇതിന് സാധിക്കാത്തവരുണ്ടെങ്കിൽ വീടിന്റെ പരിസരത്ത് ഒഴിഞ്ഞ കോണുകളിൽ കുറച്ച് വീട്ടുകാർക്ക് ഒന്നാകെ തുമ്പൂർ മൂഴി മോഡൽ കമ്പോസ്റ്റിംഗ് നടപ്പാക്കാം. വലിയ രീതിയിൽ ഉല്പാദിപ്പിക്കപ്പെടുന്ന വളങ്ങൾ ബ്രാൻറ് ചെയ്ത് കർഷകർക്ക് വിൽക്കാം. നഗരത്തിലെ ചെടികൾക്കുപയോഗിക്കാം. നഗരറോഡുകളിലെ മീഡിയനുകൾ ഫിൽ ചെയ്ത് ചെടികൾ നടാം. അങ്ങിനെ ലാഭകരമായ ഒരു സംരംഭമായി ഇതിനെ മാറ്റാനും കഴിയും. ▮