Talking Trash പ്ലാസ്റ്റിക് കോർപറേറ്റുകൾ നമ്മെ ഭരിക്കുന്നത് ഇങ്ങനെ

ചേഞ്ചിംഗ് മാർക്കറ്റ്‌സ് ഫൗണ്ടേഷൻ 2020 സപ്തംബറിൽ പ്രസിദ്ധീകരിച്ച Takling Trash - The corporate playbook of false solutions to the plastic crisis എന്ന റിപ്പോർട്ടിന് ഒരു അനുബന്ധക്കുറിപ്പ്. രൂക്ഷമായ പ്ലാസ്റ്റിക് മലിനീകരണം നടത്തുന്ന ഇന്ത്യയിലെ പ്ലാസ്റ്റിക് വ്യവസായത്തെക്കുറിച്ചും കൺസ്യൂമർ ബ്രാന്റുകളെക്കുറിച്ചും മറ്റു കമ്പനികളെക്കുറിച്ചുമുള്ള അന്വേഷണമാണിത്. പ്ലാസ്റ്റിക് മലിനീകരണവുമായി ബന്ധപ്പെട്ട ഇന്ത്യൻ കോർപറേറ്റുകളുടെ ഇരട്ടത്താപ്പും നിരുത്തരവാദിത്തവും വെളിപ്പെടുത്തപ്പെടുന്നു. വൻകിട കമ്പനികളുടെ ആത്മാർത്ഥ സഹകരണമില്ലാതെ ഇന്ത്യക്ക് പ്ലാസ്റ്റിക് മാലിന്യ പ്രതിസന്ധി മറികടക്കാൻ കഴിയില്ലെന്ന് അന്താരാഷ്ട്ര പരിസ്ഥിതി നയവിശകലന വിദഗ്ധനായ ലേഖകൻ വ്യക്തമാക്കുന്നു

പ്ലാസ്റ്റിക് മലിനീകരണമുണ്ടാക്കുന്ന പ്രതിസന്ധി ഒരേസമയം കാലാവസ്ഥ, ജൈവവൈവിദ്ധ്യം, പൊതുജനാരോഗ്യം, സാമൂഹ്യ ഉത്തരവാദിത്തം എന്നിവയെയൊക്കെ ഒരുമിച്ച് പ്രതിസന്ധിയിലേക്ക് തള്ളിവിടും. പ്ലാസ്റ്റിക് മലിനീകരണത്തിനെതിരായ അവബോധം വർദ്ധിച്ചുകൊണ്ടിരിക്കുകയും ക്ലീനപ്പുകളെക്കുറിച്ചും പുനഃചംക്രമണത്തെക്കുറിച്ചും സംസാരിച്ചുകൊണ്ടിരിക്കുകയും ചെയ്യുമ്പോൾ തന്നെ പ്ലാസ്റ്റിക് ഉൽപാദനം കുതിച്ചുകയറുകയും നമ്മുടെ മലനിരകളിലും നദികളിലും സമുദ്രങ്ങളിലും പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞുകൂടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.

ഡൽഹി ഗാസിപുരിലെ മാലിന്യക്കൂമ്പാരത്തിനോട്​ ചേർന്ന ​തെരുവ്​

ജനരോഷം മറികടക്കാനെന്നവണ്ണം പ്ലാസ്റ്റിക് മലിനീകരണത്തിന് ഉത്തരവാദികളായ പെട്രോളിയം കമ്പനികളും കൺസ്യൂമർ ഉൽപന്ന നിർമാതാക്കളും പാക്കേജിംഗ് ഉൽപാദകരും വിതരണക്കാരുമെല്ലാം ഒത്തു ചേർന്ന് തിരക്കിട്ട് കൂട്ടായ്മകളുണ്ടാക്കുകയും പരിഹാര പരിപാടികൾ സംഘടിപ്പിക്കുകയുമാണ്. പുറമേ നിന്ന്​ നോക്കിയാൽ പ്ലാസ്റ്റിക് മാലിന്യ പ്രതിസന്ധിക്കുള്ള പരിഹാരങ്ങളാണ് അവർ മുന്നോട്ടുവെക്കുന്നതെന്ന് തോന്നും. എന്നാൽ പിന്നാമ്പുറത്ത് സ്വന്തം ലാഭം സംരക്ഷിക്കുന്നതിന് കൂടുതൽ ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക്കുകൾ പുറന്തള്ളിക്കൊണ്ടേയിരിക്കുകയാണവർ. ചേഞ്ചിംഗ് മാർക്കറ്റ്‌സ് പുറത്തിറക്കിയ ‘Talking Trash - The corporate playbook of false solutions to the plastic crisis' എന്ന റിപ്പോർട്ട് ഈ കളികളുടെ വിശദാംശങ്ങൾ വെളിപ്പെടുത്തുന്നു.

നഷ്ടം 8000- 12000 കോടി ഡോളർ

ഈ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ രൂക്ഷമായ പ്ലാസ്റ്റിക് മലിനീകരണം നടത്തുന്ന ഇന്ത്യയിലെ പ്ലാസ്റ്റിക് വ്യവസായത്തെക്കുറിച്ചും കൺസ്യൂമർ ബ്രാന്റുകളെക്കുറിച്ചും മറ്റു കമ്പനികളെക്കുറിച്ചുമുള്ള അന്വേഷണമാണ് ഈ കുറിപ്പ്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കു പ്രകാരം ഇന്ത്യയിലെ 60 പ്രധാന നഗരങ്ങളിൽ നിന്ന് പ്രതിവർഷം 25,940 ടൺ പ്ലാസ്റ്റിക്കാണ് പുറന്തള്ളപ്പെടുന്നത്. ഇവയുടെ 60 ശതമാനം അസംഘടിത മേഖലയിലെ ആക്രി പെറുക്കലുകാരുടെ സഹായത്താൽ പുനഃചംക്രമണം ചെയ്യപ്പെടുകയും ശേഷിക്കുന്നവ (ഏകദേശം 9400 ടൺ) നമ്മുടെ ചുറ്റുപാടിൽ അടിഞ്ഞു കൂടുകയും ചെയ്യുന്നു. ഒരുപക്ഷേ യഥാർത്ഥത്തിലുള്ളതിനേക്കാളും വളരെ കുറഞ്ഞ കണക്കാണ് ഇതെന്നോർക്കണം. ഇന്ത്യയിലെ ഏറ്റവും പ്രധാന പ്ലാസ്റ്റിക് വ്യവസായക്കൂട്ടായ്മയായ പ്ലാസ്റ്റ് ഇന്ത്യ ഫൗണ്ടേഷന്റെ കണക്കനുസരിച്ച് ഇന്ത്യയിലെ പ്ലാസ്റ്റിക് ഉപഭോഗം (2017-18) 1.65 കോടി ടൺ ആണ്. അതിന്റെ 43 ശതമാനം, അതായത് 70 ലക്ഷം ടൺ പ്ലാസ്റ്റിക്കും പുനഃചംക്രമണ മൂല്യമില്ലാത്ത ഒറ്റത്തവണ ഉപയോഗത്തിനുള്ള ഉൽപന്നങ്ങളോ പാക്കിംഗ് സാധനങ്ങളോ ആണ്.

photo : piqsels

ഏറ്റവും പ്ലാസ്റ്റിക് ഉപഭോഗം നടക്കുന്നത് പാക്കേജിംഗ് മേഖലയിലാണ്. ആകെ ഉൽപാദിപ്പിക്കപ്പെടുന്ന പ്ലാസ്റ്റിക്കുകളുടെ 40 ശതമാനവും ഈ മേഖലയിലാണ് ഉപയോഗിക്കപ്പെടുന്നത്. അവയുടെ ഭൂരിഭാഗവും ഒറ്റത്തവണമാത്രം ഉപയോഗത്തിനുള്ളതും. ഇങ്ങനെ ഒറ്റത്തവണത്തെ ഉപയോഗത്തിനുശേഷം ലോകമെമ്പാടും വലിച്ചെറിയപ്പെടുന്ന 95% പാക്കേജിംഗ് ഉൽപന്നങ്ങൾ വഴി പ്രതിവർഷം 8000- 12000 കോടി ഡോളർ ലോക സമ്പദ് വ്യവസ്ഥയിൽ നിന്ന് നഷ്ടമാകുന്നുണ്ട്. 1950 കളിൽ പ്ലാസ്റ്റിക് ഉൽപാദനം തുടങ്ങിയശേഷം ഇതുവരെ ഉൽപാദിപ്പിക്കപ്പെട്ട പ്ലാസ്റ്റിക്കുകളുടെ വെറും ഒമ്പതു ശതമാനം മാത്രമാണ് പുനഃചംക്രമണത്തിന് വിധേയമാക്കപ്പെട്ടിട്ടുള്ളത്. 12 ശതമാനം പ്ലാസ്റ്റിക് മാലിന്യങ്ങളും ഇൻസിനറേറ്ററുകളുപയോഗിച്ച് കത്തിച്ചു കളഞ്ഞു. ബാക്കി 79 ശതമാനവും ലാന്റ് ഫില്ലുകളിലോ നമ്മുടെ പരിസ്ഥിതിയിലോ അടിഞ്ഞുകൂടി ഇപ്പോഴും അവശേഷിക്കുന്നു.

പ്ലാസ്റ്റിക് വ്യവസായത്തിന്റെ കൺകെട്ട് വിദ്യകൾ

എങ്ങനെയാണ് തങ്ങൾക്കനുകൂലമല്ലാത്ത നിയമസംവിധാനങ്ങളെ ലോകമെമ്പാടും പ്ലാസ്റ്റിക് വ്യവസായം തകർക്കുന്നതെന്ന് ചേഞ്ചിംഗ് മാർക്കറ്റ്സ് ഫൗണ്ടേഷൻ റിപ്പോർട്ട് വെളിവാക്കുന്നു. പ്രതികൂലമായ നിയമസംവിധാനങ്ങൾക്കെതിരെ സ്വാധീനം ഉപയോഗിച്ച് നടപടി വൈകിപ്പിക്കുകയോ ദീർഘകാലത്തേക്ക് മരവിപ്പിച്ച് നിർത്തുകയോ ഭാവിയിലുണ്ടാകുന്ന നിയമങ്ങളെപ്പോലും ദുർബലപ്പെടുത്താനുള്ള അവസരങ്ങളെ സ്വാധീനിക്കുകയോ ചെയ്തുകൊണ്ടാണ് പ്ലാസ്റ്റിക് വ്യവസായം പ്രവർത്തിക്കുന്നത്.
പൊതുജന ശ്രദ്ധ അകറ്റുന്നതിനും പ്ലാസ്റ്റിക്കുകൾക്കെതിരായ നിയമനിർമാണങ്ങൾ വൈകിപ്പിക്കുന്നതിനും നിരവധി മാർഗങ്ങളാണ് ഇവർ അവലംബിക്കുന്നത്. ഉപരിപ്ലവമായ പരിഹാര മാർഗങ്ങൾ നിർദ്ദേശിച്ചോ ബീച്ച് ക്ലീനപ്പുകളും പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നതിനുള്ള താൽകാലിക സംവിധാനം ഒരുക്കിയോ പ്ലാസ്റ്റിക്കിന്റെ പുനഃചംക്രമണം വർദ്ധിപ്പിക്കാൻ പരസ്യം നൽകിയോ ജൈവ പ്ലാസ്റ്റിക്കുപോലുള്ള ഉൽപന്നങ്ങളെ പ്രോത്സാഹിപ്പിച്ചോ ആണ് ഇത് നടപ്പാക്കപ്പെടുന്നത്. പ്ലാസ്റ്റിക്കിൽ നിന്ന് ഊർജ്ജം, ഇന്ധനം, പ്ലാസ്റ്റിക്ക് മാലിന്യങ്ങളിൽ നിന്ന് കെട്ടിട നിർമാണ വസ്തുക്കൾ തുടങ്ങിയ സുസ്ഥിര പരിഹാര മാർഗങ്ങളെന്ന് തോന്നിപ്പിക്കുന്ന പദ്ധതികളിലേക്ക് പണം മുടക്കുകയും അതിലേറെ പണം മാധ്യമങ്ങൾക്കും പരസ്യ ഏജൻസികൾക്കും നൽകി പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് ഇതാ പരിഹാരമായി എന്ന് പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ നടത്തുന്ന ക്യാംപെയ്നുകളും അതിന്റെ ഭാഗമാണ്. ഇത്തരം കൺകെട്ട് പരിപാടികളിലേക്ക് സൽപ്പേരുള്ള സംഘടനകളുടെയോ സ്ഥാപനങ്ങളുടെയോ മേൽവിലാസം കൂടി ഉപയോഗിക്കുന്നത് പതിവാണ്.

എന്തെങ്കിലും തരത്തിലുള്ള നിയമ സംവിധാനങ്ങൾ ഉരുവപ്പെടുന്നതിനു മുന്നേ അവയെ പാളം തെറ്റിക്കാനും പ്ലാസ്റ്റിക് വ്യവസായം തക്കം പാർത്തിരിക്കുന്നു. പ്രധാന കൺസ്യൂമർ ഉൽപന്നങ്ങളുടെ ബ്രാന്റുടമകൾ എണ്ണമറ്റ വ്യാപാര സംഘടനകൾ വഴിയും നേരിട്ടും സർക്കാർ നയങ്ങളെ തങ്ങൾക്കനുകൂലമായി സ്വാധീനിക്കാൻ ലോകമെങ്ങും ആളുകളെയും സംവിധാനങ്ങളെയും ഒരുക്കിയിട്ടുണ്ട്. നിയമങ്ങൾ നടപ്പിലാക്കുന്നത് വൈകിപ്പിക്കാനോ ദുർബലപ്പെടുത്താനോ പ്ലാസ്റ്റിക് മലിനീകരണത്തെ ഒരുതരത്തിലും കൈകാര്യം ചെയ്യാനാവാത്ത പരിഹാര മാർഗങ്ങളെ പ്രോത്സാഹിപ്പിച്ച് സർക്കാരുകളെ വഴിതെറ്റിക്കാനോ ഇവർക്ക് കഴിയും.

നിയമഭേദഗതികളെല്ലാം കമ്പനികൾക്ക് അനുകൂലം

എങ്ങനെയാണ് ഇത്തരം തന്ത്രങ്ങൾ കമ്പനികൾ ഇന്ത്യയിൽ നടപ്പിലാക്കുന്നത്? പ്ലാസ്റ്റിക് പ്രതിസന്ധിയുടെ വളർച്ചയോട് പ്രതികരിക്കുന്ന രീതിയിലാണ് ഇന്ത്യയിൽ പ്ലാസ്റ്റിക് മാലിന്യ നിയന്ത്രണത്തിനുള്ള നയങ്ങൾ രൂപംകൊണ്ടത്. 20 മൈക്രോണിൽ താഴെ കനമുള്ള പ്ലാസ്റ്റിക് ക്യാരിബാഗുകളും ഭക്ഷ്യവസ്തുക്കൾ പൊതിയാനുപയോഗിക്കുന്ന റീസൈക്കിൾഡ് പ്ലാസ്റ്റിക്കുകൊണ്ട് നിർമിച്ച കവറുകളും പാത്രങ്ങളും ഷീറ്റുകളും നിരോധിക്കാൻ 1999 സെപ്റ്റംബറിൽ നിലവിൽ വന്നതാണ് ഇന്ത്യയിൽ പ്ലാസ്റ്റിക്കുമായി ബന്ധപ്പെട്ട ആദ്യ നിയമം. എന്നാൽ ക്യാരിബാഗുകളുടെ മേലുള്ള നിരോധനം ദുർബലപ്പെടുത്താൻ പ്ലാസ്റ്റിക് ക്യാരിബാഗ് ഉൽപാദകർ മലിനീകരണ നിയന്ത്രണബോർഡിനു കീഴെ രജിസ്റ്റർ ചെയ്താൽ മതിയെന്ന പഴുതുമായി 1999ലെ നിയമത്തെ 2003ൽ ഭേദഗതി ചെയ്തു. പ്ലാസ്റ്റിക് ക്യാരിബാഗുകളുടെ പ്രശ്നത്തിൽ നിന്ന് പ്ലാസ്റ്റിക് മലിനീകരണപ്രശ്നം പിന്നെയും വളർന്നപ്പോൾ പ്ലാസ്റ്റിക് (ഉൽപാദന-ഉപയോഗ-മാലിന്യ നിർമാർജന) ചട്ടങ്ങളുടെ കരട് 2000ൽ പ്രസിദ്ധപ്പെടുത്തി. ഒരൽപം അമിത പ്രതീക്ഷയോടെ നിലവിൽ വന്ന കരട് ചട്ടങ്ങളിൽ പാക്കേജിംഗ് മേഖലയിൽ മൾട്ടിലെയർ പ്ലാസ്റ്റിക്കുകളുടെ അനിയന്ത്രിത ഉപയോഗം നിയന്ത്രിക്കാൻ ലാക്കാക്കിയുള്ളതായിരുന്നു. കരടിന്മേലുള്ള ഏകദേശം ഒരു വർഷം നീണ്ട ചർച്ചക്കും സമവായങ്ങൾക്കും ശേഷം 2011 ഫെബ്രുവരിയിൽ പ്ലാസ്റ്റിക്ക് മാലിന്യ (പരിപാലനവും കൈകാര്യവും) ചട്ടം നിലവിൽ വന്നു. എന്നാൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിംഗും (ഐ. ഐ. പി.) ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്റ് ഇൻഡസ്ട്രീസും (ഫിക്കി) സമർപ്പിച്ച നിവേദനങ്ങൾ പരിഗണിച്ച് കരട് ചട്ടങ്ങളെ വിശകലനം ചെയ്ത വിദഗ്ധ സമിതി, മൾട്ടിലെയർ പ്ലാസ്റ്റിക്കുകളുടെ മേലുള്ള നിയന്ത്രണം എടുത്തുകളയുകയാണുണ്ടായത്.

ദേശീയ വാണിജ്യ-വ്യവസായ മന്ത്രാലയത്തിനു കീഴിലെ സ്വയം ഭരണാധികാര സ്ഥാപനമാണ് ഐ. ഐ. പി. എന്നാൽ അവർ പ്ലാസ്റ്റിക് വ്യവസായ മേഖലയിലുള്ള കമ്പനികളെ അംഗങ്ങളായി ക്ഷണിക്കുന്നുണ്ട്. 593 കമ്പനികളാണ് ഐ.ഐ.പിയിൽ അംഗങ്ങളായുള്ളത്. ഇതിൽ ആയുഷ്‌കാല അംഗത്വമുള്ള ഹിന്ദുസ്ഥാൻ കൊക്ക കോള ലിമിറ്റഡും ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡും കോൾഗേറ്റ് പാമൊലീവ് ഇന്ത്യാ ലിമിറ്റഡും, ഐ.ടി.സി ലിമിറ്റഡും പ്രോക്ടർ ആന്റ് ഗാംബിളും ഒക്കെ ഉൾപ്പെടും. ആയുഷ്‌കാല അംഗത്വത്തിന് 15 കോടി രൂപയാണ് ഫീസ്.

2011 ലെ നിയമം - ക്ലാസ് 5(എഫ്) അപ്പാടെ നീക്കുകയും തൽസ്ഥാനത്ത് കമ്പോസ്റ്റിബിൾ ക്യാരിബാഗുകളുടെ മാനദണ്ഡങ്ങൾ പറയുകയും ചെയ്യുന്നു. 2011ലെ നിയമത്തെ അസ്ഥിരപ്പെടുത്തി 2016 ൽ പ്ലാസ്റ്റിക് മാലിന്യ പരിപാലന ചട്ടം നിലവിൽ വന്നു. പ്ലാസ്റ്റിക് ഉൽപാദകരുടെയും ബ്രാന്റ് ഉടമകളുടെയും മേൽ ഉത്തരവാദിത്തം ഏൽപ്പിക്കുന്ന വകുപ്പുകളുമായി വന്ന ഈ നിയമം പുരോഗമനപരമെന്ന് വിശേഷിപ്പിച്ചിരുന്നു. ഇതു കൂടാതെ ഈ നിയമത്തിൽ ഉൽപാദകന്റെ അധികരിച്ച ഉത്തരവാദിത്തം (ഇ.പി. ആർ) എന്ന സംവിധാനത്തിനുള്ള ചട്ടക്കൂടുകളും ഉൾപ്പെട്ടിരുന്നു. രണ്ടുവർഷം കൊണ്ട് മൾട്ടി ലെയർ പ്ലാസ്റ്റിക്കുകളെ നിശ്ശേഷം ഇല്ലാതാക്കാൻ ലക്ഷ്യമിട്ടിരുന്ന ഈ നിയമത്തെ ഏറ്റവും ശക്തമെന്ന് വിളിച്ചിരുന്നു. ഈ നിയമത്തിലെ ക്ലാസ് 9 (3) പ്രസ്താവിച്ചിരുന്നത് നിയമം നിലവിൽ വന്നുകഴിഞ്ഞ് രണ്ടു വർഷത്തിനുള്ളിൽ മൾട്ടി ലെയർ പ്ലാസ്റ്റിക്കുകളും പുനഃചംക്രമണ സാധ്യതയില്ലാത്ത പ്ലാസ്റ്റിക്കുകളും ഉന്മൂലനം ചെയ്തിരിക്കണം എന്നായിരുന്നു.

എന്നാൽ 2018 ലെ ഭേദഗതിയിലൂടെ ഈ നിയമത്തിന്റെ പല്ലുകൾ തല്ലിക്കൊഴിച്ചു. 2016 ലെ പ്ലാസ്റ്റിക് മാലിന്യ പരിപാലന ചട്ടങ്ങളിലെ ക്ലാസ് 9(3) നെ ഉന്നംവെച്ചായിരുന്നു 2018 ലെ പ്ലാസ്റ്റിക് മാലിന്യ പരിപാലന (ഭേദഗതി) ചട്ടങ്ങൾ. പുനഃചംക്രമണ സാധ്യതയില്ലാത്ത മൾട്ടി ലെയർ പ്ലാസ്റ്റിക്കുകൾ എന്ന വാചകത്തെ പുനഃചംക്രമണ സാധ്യതയോ ഊർജ്ജം വീണ്ടെടുക്കാൻ സാധ്യതയില്ലാത്തതോ മറ്റുപയോഗങ്ങളില്ലാത്തതോ ആയ മൾട്ടി ലെയർ പ്ലാസ്റ്റിക്കുകൾ എന്ന് തിരുത്തി. (ഒട്ടും പുനഃചംക്രമണ സാധ്യതയില്ലാത്ത പ്ലാസ്റ്റിക്കുകളാണെങ്കിലും കത്തിച്ച് അവശേഷിക്കുന്ന ഊർജ്ജം പ്രയോജനപ്പെടുത്താം എന്ന ന്യായത്തിന്മേലാണ് കത്തിക്കലിനെ പുനഃചംക്രമണമായി വ്യാഖ്യാനിച്ച് നിയമത്തിൽ തിരുത്തൽ വരുത്തിയത്.)
ആൾ ഇന്ത്യാ പ്ലാസ്റ്റിക് മാനുഫാക്ചേഴ്സ് അസോസിയേഷനും പി.ഇ.ടി പാക്കേജിംഗ് അസോസിയേഷൻ ഫോർ ക്ലീൻ എൻവയേൺമെന്റും ചേർന്ന് നടത്തിയ അതിശക്തമായ ചരടുവലികളെത്തുടർന്നാണ് ഇത്തരത്തിലൊരു ഭേദഗതി ഉണ്ടായത്.

ഭാഗം-2: കമ്പനികളുടെ ഇരട്ടത്താപ്പ്

ക്രിയാത്മകമായി പ്ലാസ്റ്റിക് മാലിന്യം നേരിടുന്നതിനുള്ള പ്രവർത്തനങ്ങളിൽ നിന്ന് ബഹുരാഷ്ട്ര കമ്പനികളുടെ ഇന്ത്യൻ സബ്സിഡിയറി കമ്പനികളും ഒളിച്ചോടുകയാണ്. ഇന്ത്യയിൽ ഇതുവരെയുള്ള അവരുടെ പ്രവർത്തനം വിലയിരുത്തുകയാണെങ്കിൽ, പ്ലാസ്റ്റിക് മാലിന്യങ്ങൾക്കെതിരെ അവർ സ്വയം സന്നദ്ധമായി ഏറ്റെടുത്ത പ്രവർത്തനങ്ങളുടെ പുരോഗതിയെക്കുറിച്ചോ ഫലങ്ങളെക്കുറിച്ചോ വ്യക്തമായ ധാരണ ലഭിക്കാത്ത വിധം സുതാര്യമല്ലാത്ത രീതിയിലാണ് അവരുടെ നടപടികൾ. ഉദാഹരണത്തിന് ഏറെ കൊട്ടിഘോഷിക്കപ്പെട്ട പ്ലാസ്റ്റിക് പാക്കേജിംഗുകളിലെ റീ സൈക്ലിങ്​നമ്പരുകളുടെ കാര്യം നോക്കൂ. അതനുസരിച്ച് എത്ര റീ സൈക്കിൾ ചെയ്യപ്പെട്ടുവെന്നോ ശേഖരിക്കപ്പെട്ടുവെന്നോ എന്നതിന് കണക്കും വിവരവും ഇല്ല. അതുപോലെ, പ്ലാസ്റ്റിക്ക് ഉരുക്കി റോഡുണ്ടാക്കുന്നതും പ്ലാസ്റ്റിക് മാലിന്യം സിമന്റ് ഫാക്ടറികളിൽ കത്തിക്കുന്നതും റീസൈക്ലിംഗ് ആണെന്ന് ഇത്തരം കമ്പനികൾ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്.

നെസ്‌ലെ: 2018ൽ ഗതി ഫൗണ്ടേഷനുമായി ചേർന്ന് നെസ്‌ലെ ഇന്ത്യ ഡെറാഡൂണിലെയും മസ്സൂറിയിലെയും ചെറു പട്ടണങ്ങളിൽ മാഗി നൂഡിൽസിന്റെ കവറുകൾ തിരികെയെടുത്ത് പത്ത് കവറുകൾക്ക് പകരം ഒരു പാക്കറ്റ് മാഗി നൂഡിൽസ് കൊടുക്കുന്ന പദ്ധതി നടപ്പിലാക്കിയിരുന്നു. മാഗി നൂഡിൽസ് കവറുകൾ നെസ്‌ലെയുടെ ഡ്രോപ് സെന്ററുകളിലെത്തിക്കുന്നതിന് ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നതിനായാണ് പദ്ധതി നടപ്പിലാക്കിയത്. എന്നാൽ ഈ പദ്ധതി ഇന്ത്യയിലെ മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കുകയോ പദ്ധതി പ്രകാരം എത്ര പ്ലാസ്റ്റിക് കവറുകൾ ശേഖരിച്ചെന്ന വിവരം പുറത്തുവിടുകയോ ചെയ്തിട്ടില്ല. അതേസമയം, ന്യൂ പ്ലാസ്റ്റിക്സ് ഇക്കോണമി ഇനിഷ്യേറ്റീവിൽ അവർ നൽകിയ റിപ്പോർട്ടനുസരിച്ച് യൂറോപ്യൻ നാടുകളിൽ മാഗിയുടെ പാക്കേജിംഗ് ഏക സ്വഭാവമുള്ളതും റീസൈക്ലിംഗിന് എളുപ്പമുള്ളതുമായ പോളി പ്രൊപ്പിലീനിലേക്ക് മാറ്റുകയും ചുവപ്പ്, മഞ്ഞ നിറങ്ങൾ ഒഴിവാക്കി വെള്ള നിറം ഉപയോഗിക്കുകയും ചെയ്തതുവഴി അവരുടെ പ്ലാസ്റ്റിക് ഉപയോഗത്തിൽ ഏകദേശം 33 ശതമാനം കുറവ് (പ്രതിവർഷം 130 ടൺ) ഉണ്ടാക്കിയതായും അവർ അവകാശപ്പെടുന്നു. എന്നാൽ ഇന്ത്യയിൽ എന്തുകൊണ്ട് അത്തരം പ്ലാസ്റ്റിക് പാക്കേജിംഗ് ലഭ്യമാക്കുന്നില്ല എന്നോ എന്ന് ലഭ്യമാക്കുമെന്നോ അവർ പറയുന്നില്ല. ഇത് ഇരട്ടത്താപ്പാണ്.

യൂണിലിവർ: ന്യൂ പ്ലാസ്റ്റിക്സ് ഇക്കോണമി ഗ്ലോബൽ കമ്മിറ്റ്മെന്റ് റിപ്പോർട്ടനുസരിച്ച് ലോകത്തെ അഞ്ചാമത്തെ ഏറ്റവും വലിയ എഫ്. എം. സി. ജി കമ്പനിയായ യൂണിലിവർ 190 രാജ്യങ്ങളിലായി പ്രതിദിനം 250 കോടി ഉപഭോക്തക്കളിലേക്കാണ് ഉൽപ്പന്നങ്ങളെത്തിക്കുന്നത്. പ്രതിവർഷം ഏഴു ലക്ഷം ടൺ പ്ലാസ്റ്റിക്കുകളാണ് ഈ കമ്പനി പാക്കേജിംഗിൽ ഉപയോഗിക്കുന്നത്.
യുണൈറ്റഡ് നേഷൻസ് ഡവലപ്മെന്റ് പ്രോഗ്രാമുമായി ചേർന്ന് ഒക്ടോബർ 2019ൽ യൂണിലിവറും കൊക്കൊകോളയും ഇന്ത്യയിലെ 25 നഗരങ്ങളിൽ ആക്രി പെറുക്കുന്ന തൊഴിലാളികളുമായി ചേർന്ന് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനുള്ള സംവിധാനങ്ങളൊരുക്കാൻ പദ്ധതിയാരംഭിച്ചു. ഈ പദ്ധതിയിലേക്ക് കൊക്കൊകോള 10.28 കോടി രൂപയും യൂണിലിവർ 2.15 കോടി രൂപയുമാണ് സംഭാവന ചെയ്തത്. എന്നാൽ 2018 ഏപ്രിൽ മുതൽ ഡിസംബർ വരെ യൂണിലിവർ പരസ്യങ്ങൾക്കായി മാത്രം ചെലവഴിച്ചത് 3,445 കോടി രൂപയാണ്. അതേസമയം, കൊക്കൊകോള ഇന്ത്യൻ പ്രിമിയർ ലീഗിൽ സ്പോൺസർഷിപ്പിന് ചെലവാക്കിയിരുന്ന 30 കോടി രൂപ വർദ്ധിപ്പിച്ച് 100 കോടി രൂപയായി ഉയർത്തുകയും ചെയ്തു. അവരുടെ തന്നെ റിപ്പോർട്ട് അനുസരിച്ച് ഈ പദ്ധതി പ്രകാരം ഇതുവരെ 30,000 ടൺ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു കഴിഞ്ഞെന്നും ഒരു ലക്ഷം ടൺ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ലക്ഷ്യമിടുന്നതെന്നും പറയുന്നുണ്ട്. ഈ കമ്പനികൾ പ്രതിവർഷം ഉണ്ടാക്കുന്ന പ്ലാസ്റ്റിക് മാലിന്യം 30 ലക്ഷം ടൺ ആണെന്ന വസ്തുത മറച്ചു വെച്ചാണ് അവർ വീമ്പു പറയുന്നത്. മാത്രവുമല്ല ഈ പരിപാടിയിലൂടെ ശേഖരിക്കപ്പെടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ റോഡു നിർമാണത്തിനും, സിമന്റ് ഫാക്ടറികളിൽ കത്തിക്കാനുമാണ് ഉപയോഗിക്കപ്പെടുന്നത്. അല്ലാതെ അവ വീണ്ടും ഉപയോഗമുള്ള വസ്തുക്കൾ ആയി മാറുന്നില്ല.

കോൾഗേറ്റ് പാമോലിവ്: 2018ൽ ഗുജറാത്തിലും മഹാരാഷ്ട്രയിലുമായി കോൾഗേറ്റ് - പാമോലീവ് ഇന്ത്യ പ്ലാസ്റ്റിക് റീസൈക്ലിംഗിന് പദ്ധതികളാരംഭിച്ചു. 2017-18ലെ കമ്പനിയുടെ വാർഷിക റിപ്പോർട്ടിൽ പറയുന്നത് ‘കമ്പനിയുടെ ഉൽപാദന പ്രക്രിയയിലുണ്ടാകുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളുടെ 90 ശതമാനത്തിലധികവും പുനഃചംക്രമണത്തിന് വിധേയമാക്കുന്നുണ്ട്. വിപണിയിൽ നിന്ന് കമ്പനിയുടെ പ്ലാസ്റ്റിക് പാക്കേജിംഗ് മാലിന്യം ശേഖരിച്ച് സംഭരിച്ച തരംതിരിച്ച് പുനഃചംക്രമണത്തിനും ഇന്ധനമായി ഉപയോഗിക്കുന്നതിനും എൻ. ഇ. പി. ആർ. എ എൻവയേൺമെന്റൽ സൊല്യൂഷൻസ് എന്ന സ്ഥാപനവുമായി കരാറും ഒപ്പിട്ടിട്ടുണ്ട്. ഇത് പ്ലാസ്റ്റിക് മാലിന്യങ്ങൾ പൊതുയിടങ്ങളിലും ലാന്റ്ഫില്ലുകളിലും അടിയുന്നത് തടയും. കമ്പനിയുടെ ഉൽപന്നങ്ങൾ കടത്തിക്കൊണ്ട് പോകുന്നതിനുപയോഗിക്കുന്ന പ്ലാസ്റ്റിക് പാക്കേജിംഗ് മാലിന്യങ്ങളും പ്രാഥമിക - ദ്വിതീയ പ്ലാസ്റ്റിക് പാക്കേജിംഗ് മാലിന്യങ്ങളും പുനരുപയോഗിക്കുകയോ പുനഃചംക്രമണം ചെയ്യുകയോ ചെയ്യുന്നുണ്ട്.’
പക്ഷേ ഇതുവരെ എത്ര പ്ലാസ്റ്റിക്കുകൾ ശേഖരിച്ചെന്നോ പുനഃചംക്രമണം ചെയ്തെന്നോ ഉള്ള വിവരങ്ങളൊന്നും ലഭ്യമല്ല.

പെപ്‌സി കോ: ആഗോളതലത്തിൽ പ്രതിവർഷം 23 ലക്ഷം ടൺ പ്ലാസ്ററിക് മാലിന്യമാണ് പെപ്സികോ സൃഷ്ടിക്കുന്നത്. പെപ്സികോ ഇന്ത്യ പ്ലാസ്റ്റിക് മാലിന്യം കൈകാര്യം ചെയ്യുന്നതിന് ഒന്നോ രണ്ടോ സംസ്ഥാനങ്ങളിലെ ചിലയിടങ്ങളിൽ മാത്രമാണ് ഒന്നു രണ്ടുപദ്ധതികൾ നടപ്പിലാക്കുന്നതെങ്കിലും മഹാരാഷ്ട്രയിലും ഡൽഹിയിലും 100 ശതമാനം പെറ്റ് ബോട്ടിലുകളും ശേഖരിച്ച് പുനഃചംക്രമണം ചെയ്യുന്നതായി കമ്പനി അവകാശപ്പെടുന്നുണ്ട്. ജി.ഇ.എം എൻവിറോ മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമായി ചേർന്ന് മഹാരാഷ്ട്രയിലെ 36 ജില്ലകളിൽ 100 പ്ലാസ്റ്റിക് ബോട്ടിൽ കളക്ഷൻ കേന്ദ്രങ്ങളാണുള്ളത്. എന്നാൽ 2021 ഓടെ നൂറു ശതമാനം പ്ലാസ്റ്റിക് മാലിന്യവും ശേഖരിച്ച് സംഭരിച്ച് തരം തിരിച്ച് പുനഃചംക്രമണം ചെയ്യുമെന്നാണ് കമ്പനി വക്താവ് അവകാശപ്പെടുന്നത്. എന്നാൽ കമ്പനിയുടെ വെബ്സൈറ്റിലോ വാർഷിക റിപ്പോർട്ടിലോ പെപ്സികോയിൽ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് ബോട്ടിലുകൾ റീസൈക്കിൾ ചെയ്തതിന്റെ കണക്കോ വിവരങ്ങളോ തെളിവുകളോ ലഭ്യമല്ല.

എൻ.ഇ.പി.ആർ.എ എൻവിറോൺമെന്റൽ സൊല്യൂഷൻസ് പ്രൈ. ലി. എന്ന സ്ഥാപനവുമായി ചേർന്ന് പെപ്സികോ മൾട്ടിലെയർ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നതിന് പശ്ചിമബംഗാളിൽ ഒരു പദ്ധതി നടത്തിയിരുന്നു. തെരെഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിലെ സംഭരണ കേന്ദ്രങ്ങളിലേക്ക് വിദ്യാർത്ഥികളെക്കൊണ്ട് മൾട്ടി ലെയർ പ്ലാസ്റ്റിക് കവറുകൾ സംഭാവന ചെയ്യിപ്പിക്കുക വഴി എട്ടു ലക്ഷം ടൺ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുക എന്നതായിരുന്നു പദ്ധതിയുടെ ഉദ്ദേശ്യം. ന്യൂഡൽഹി കേന്ദ്രമാക്കിയുള്ള വേസ്റ്റ് എഫിഷ്യന്റ് കളക്ഷൻ ആന്റ് റീസൈക്ലിംഗ് എഫർട്ട്സ് (വി കെയർ) എന്ന സംരംഭത്തിൽ പെപ്സി കോയും അംഗമാണ്. മൾട്ടി ലെയർഡ് പ്ലാസ്റ്റിക് മാലിന്യങ്ങൾ ആക്രിപെറുക്കുന്ന തൊഴിലാളികളുടെ സഹകരണത്തോടെ ശേഖരിച്ച് കിഴക്കൻ ഡെൽഹി മുനിസിപ്പൽ കോർപ്പറേഷന്റെ കീഴിൽ ഘാസിപൂരിൽ പ്രവർത്തിക്കുന്ന വേസ്റ്റ് ടു എനർജി പ്ലാന്റിലേക്ക് എത്തിച്ച് കത്തിച്ചുകളയുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. എന്നാൽ ഇത്തരം സംരഭങ്ങളുടെയോ പദ്ധതികളുടെയോ വിശദവിവരങ്ങൾ ഒന്നും പൊതുസമൂഹത്തിൽ ലഭ്യമാക്കിയിട്ടുമില്ല.

എന്താണ് നമുക്കുവേണ്ടത്?

വ്യവസായങ്ങളും വ്യവസായികളും പരിഹാരമാർഗ്ഗമായി സ്വയം സന്നദ്ധമായി മുന്നോട്ടു വെക്കുന്ന പദ്ധതികളും സംരംഭങ്ങളും പ്രവർത്തിക്കുന്നില്ലെന്ന് മാത്രമല്ല ലോകമെമ്പാടുമുള്ള നിയമങ്ങളെ തുരങ്കം വെക്കുകയുമാണെന്ന് ഈ റിപ്പോർട്ട് ബോധ്യപ്പെടുത്തുന്നു.
ഈയൊരു സാഹചര്യത്തിൽ ചുവടെ കൊടുക്കുന്ന പ്രധാന ഘടകങ്ങളെ ഉൾക്കൊള്ളുന്ന പുരോഗമനപരമായ നയങ്ങളും നിയമങ്ങളും ഉണ്ടാക്കണമെന്ന് ദേശീയ നയരൂപീകരണവിദഗ്ധരോട് ആവശ്യപ്പെടുന്നു.
1. 2016 ലെ പ്ലാസ്റ്റിക് വേസ്റ്റ് റൂൾസ് സമയബന്ധിതമായതും വ്യക്തമായതുമായ ലക്ഷ്യങ്ങളും ഇ.പി.ആറുമായി ബന്ധപ്പെട്ട് ഉൽപാദകരുടെ ചുമതലകളും കൃത്യമായി നിർവചിച്ചിട്ടുണ്ട്. ദേശീയ ഹരിത ട്രിബ്യൂണലിന്റെ വിധി ഉണ്ടായിട്ടും അത് നടപ്പിലാക്കുന്നതിൽ ചുമതലപ്പെട്ടവർ വീഴ്ചവരുത്തിയിരിക്കുകയാണ്. ഉൽപാദകരും ബ്രാന്റ് ഉടമകളും അവരുടെ ബാധ്യതകൾ എത്രയും പെട്ടെന്ന് നിർവഹിക്കുന്നുവെന്ന് കേന്ദ്ര സർക്കാർ ഉറപ്പാക്കണം
2. എല്ലാ ഉൽപാദകർക്കും ബ്രാന്റ് ഉടമകൾക്കും ബാധകമാകുന്ന രീതിയിലുള്ള ദേശീയ പാക്കേജിംഗ് നയം വ്യക്തമായ ലക്ഷ്യങ്ങളോടെയും സമയക്രമത്തോടെയും രൂപീകരിക്കണം.
3. ബ്രോമിനേറ്റഡ്, ഫ്ളെയിം റിട്ടാർഡന്റ്സ്, ബിസ്ഫിനോൾ എ, താലേറ്റുകൾ, ലെഡ് തുടങ്ങിയ ദോഷകരമായ രാസവസ്തുക്കൾ പാക്കേജിംഗ് പ്ലാസ്റ്റിക്കുകളിൽ നിന്നും ഒഴിവാക്കുന്നതിനുള്ള നിയമനിർമാണം നടത്തണം
4. 2018ലെ പ്ലാസ്റ്റിക് മാലിന്യ പരിപാലന (ഭേദഗതി) ചട്ടങ്ങൾ റദ്ദു ചെയ്യുകയും 2016 ലെ പ്ലാസ്റ്റിക് മാലിന്യ പരിപാലന ചട്ടങ്ങൾ പുനഃസ്ഥാപിക്കുകയും ചെയ്യുക. കൂടാതെ 2 വർഷങ്ങൾ കൊണ്ട് മൾട്ടി ലെയർ പ്ലാസ്റ്റിക്കുകളെ ഉന്മൂലനം ചെയ്യാനുള്ള സമയപരിധി തിരികെക്കൊണ്ടുവരുക.
5. പ്ലാസ്റ്റിക്കിനുള്ള ബദൽ ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് പ്ലാസ്റ്റിക് പാക്കേജിംഗിനുമേൽ ഇ പി ആർ സെസ് ചുമത്തുകയും നിശ്ചിത അളവിൽ റീസൈക്കിൾഡ് പ്ലാസ്റ്റിക് പാക്കേജിംഗിൽ ഉപയോഗിക്കുന്ന ഉൽപന്നങ്ങൾക്ക് നികുതിയിളവ് നൽകുകയും ചെയ്യുക
6. പുനഃചംക്രമണത്തിന്റെ മറവിൽ പ്ലാസ്റ്റിക് മാലിന്യങ്ങളെ കത്തിക്കലും, സിമന്റ് ഫാക്ടറികളിൽ കത്തിക്കലും ഉരുക്കി റോഡു നിർമാണത്തിനുപയോഗിക്കലും തുടങ്ങിയ തെറ്റായ രീതികളാണ് 2018ലെ ഭേദഗതിയിലൂടെ രാജ്യത്ത് പ്രചരിപ്പിക്കപ്പെട്ടത്. ഇത് അടിയന്തിരമായി നിർത്തിവെക്കുകയും ഇത്തരം തെറ്റായ പരിഹാരമാർഗങ്ങളെ പുനഃചംക്രണമെന്ന നിർവചനത്തിൽ നിന്നൊഴിവാക്കുകയും വേണം.
7. തുടക്കമെന്ന നിലയിൽ പാനീയ കുപ്പികളിൽ ഏറ്റവും കുറഞ്ഞത് 50 ശതമാനവും മറ്റ് പാക്കേജിംഗുകളിൽ ഏറ്റവും കുറഞ്ഞത് 30 ശതമാനവും റീസൈക്കിൾഡ് പ്ലാസ്റ്റിക്കുൾ ഉണ്ടായിരിക്കണമെന്നത് ഒരു ലക്ഷ്യമാക്കി നടപ്പിലാക്കിയെടുക്കണം. ഇത് റീസൈക്ലിംഗ് വിപണിക്ക് ഉണർവ് നൽകുകയും ഡൗൺ സൈക്ലിംഗ് ഒഴിവാക്കി വീണ്ടും വീണ്ടും റീസൈക്കിൾ ചെയ്യാൻ കഴിവുള്ള പ്ലാസ്റ്റിക്കുകളുടെ പ്രചാരത്തിനും ഇടയാക്കും
8. വിർജിൻ (പുതിയതും പരിശുദ്ധമായതുമായ) പ്ലാസ്റ്റിക്കുകളുടെ ഉപയോഗം കുറച്ചു കൊണ്ടു വരുന്നതിനും റീസൈക്കിൾഡ് പ്ലാസ്റ്റിക്കുകളുടെ ഉപയോഗം വർദ്ധിപ്പിക്കുന്നതിനും വേണ്ടി വിർജിൻ പ്ലാസ്റ്റിക്കുകൾക്കുമേൽ അധികമായി നികുതി ഈടാക്കാനുള്ള മാർഗ്ഗങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരിഗണിക്കണം.. ജൈവ പ്ലാസ്റ്റിക്കുകൾ, ജൈവ വിഘടനത്തിന് കഴിവുള്ള പ്ലാസ്റ്റിക്കുകൾ, കമ്പോസ്റ്റബിൾ പ്ലാസ്റ്റിക്കുകൾ എന്നിങ്ങനെയുള്ള ബദലുകളുടെ കാര്യത്തിൽ - അവ എവിടെ ഉപയാഗിക്കാമെന്നും എവിടെ, എന്തിന് ഉപയോഗിക്കാൻ പാടില്ല എന്നും - കൃത്യമായ നിലപാടും സർക്കാർ സ്വീകരിക്കണം.

പി.വി.സി, പോളി സ്റ്റൈറീൻ തുടങ്ങിയ ഉപദ്രവകരവും അനാവശ്യവുമായ പ്ലാസ്റ്റിക്കുകൾക്കുമേൽ നിരോധനം കൊണ്ടു വരണം. പുനരുപയോഗം ചെയ്യാവുന്ന ഉൽപന്നങ്ങൾക്ക് മുൻഗണന കൊടുക്കുകയും സിംഗിൾ യൂസ് പ്ലാസ്റ്റിക്കുകൾക്ക് ബദലായി ജൈവ പ്ലാസ്റ്റിക്കുകളോ ജൈവ വിഘടനത്തിന് സാധ്യതയുള്ള പ്ലാസ്റ്റിക്കുകളോ കമ്പോസ്റ്റിബിൾ പ്ലാസ്റ്റിക്കുകളോ ഉപയോഗിക്കുന്ന അവസ്ഥക്കിടയുണ്ടാക്കരുത്. അത്തരം പ്രവണതകളും മാലിന്യത്തിന്റെ അളവ് വർദ്ധിപ്പിക്കുകയും പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുകയും ചെയ്യും. കത്തിക്കാതെയും കുഴിച്ചുമൂടാതെയും മറ്റു നാടുകളിലേക്ക് കയറ്റിവിടാതെയും മാലിന്യങ്ങളുടെ അളവ് ഘട്ടം ഘട്ടമായി കുറച്ചു കൊണ്ടുവരുന്ന, ചിലയിനം മാലിന്യങ്ങളെ ഘട്ടം ഘട്ടമായി ഒഴിവാക്കുന്ന സീറോ വേസ്റ്റ് സിറ്റീസ് എന്ന സമീപനത്തിന് ഇന്ത്യയിലെ നഗര തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പിന്തുണ നൽകണം. പ്ലാസ്റ്റിക്കുകളുടെ ജീവിതചക്രം മുഴുവനും പരിഗണിക്കുന്നതും പുനഃചംക്രമണം സാധ്യമാക്കുക വഴി പ്ലാസ്റ്റിക്കുകൾക്ക് ചാക്രിക സമ്പദ്‌വ്യവസ്ഥയിൽ ഇടം നൽകുന്നതും ഒപ്പം, പരിസ്ഥിതിയിലേക്ക് പ്ലാസ്റ്റിക് മാലിന്യം തള്ളുന്നത് ഒഴിവാക്കുന്നതിനും രാഷ്ട്രങ്ങൾക്കിടയിൽ സമവായമുണ്ടാക്കുന്നതിനുള്ള രാജ്യാന്തര സമിതിക്ക് രൂപം കൊടുക്കാനും ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി സമ്മേളനത്തിൽ പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ ഉടമ്പടി രൂപപ്പെടുത്തുന്നതിനുള്ള ചർച്ചകൾക്കും ഇന്ത്യ ഗവൺമെന്റ് നേതൃത്വം കൊടുക്കണം.

(ഇംഗ്ലീഷിൽനിന്ന് വിവർത്തനം ഷിബു കെ.എൻ. ഗുജറാത്ത് സ്വദേശിയായ ധർമേഷ് ഷാ ഇപ്പോൾ ഇടുക്കിയിലാണ് താമസം)

Comments