ഡോ. കെ.പി. അരവിന്ദൻ / photo: Agasthya surya

കേരളത്തിൽ പരിസ്ഥിതിയുടെ പേരിൽ 'നിഹിലിസം’ വളരുന്നു,
പരിഷത്ത് അതിനൊപ്പമില്ല

ശാസ്ത്രീയം എന്നു പറയുന്നതിന് ഒരു മാന്യത കൊടുക്കുന്നതിൽ പരിഷത്ത് ഒരു ചെറിയ പങ്ക് വഹിച്ചിട്ടുണ്ട്. പരിഷത്തിന്​ ഇന്റലക്ച്വൽ റിസോഴ്‌സ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു എന്നത്​ വലിയ ന്യൂനത. ഏറ്റവും പുതിയ തലമുറയുമായി പരിഷത്തിന് ഗ്യാപുണ്ട്. കേരളത്തിന്റെ വികസന കാഴ്ചപ്പാടുമായി ബന്ധപ്പെട്ട് കേരളത്തിലെ ഇടതുപക്ഷ രാഷ്​ട്രീയവുമായി പരിഷത്തിന്​ വൈരുധ്യമില്ല. കെ റെയിൽ വിഷയത്തിൽ പരിഷത്തിനകത്ത്​ അഭിപ്രായവ്യത്യാസങ്ങളുണ്ട്. പരിഷത്ത് ശാസ്ത്രമാത്രവാദികളല്ല.

കെ. കണ്ണൻ: ശാസ്ത്രസാഹിത്യപരിഷത്ത് 60 വർഷം പൂർത്തിയാക്കുന്ന സന്ദർഭത്തിലാണ് നമ്മുടെ ഈ സംഭാഷണം. കേരളത്തിലെ നിരവധി തലമുറകളെ പുരോഗമനപരമായി സ്വാധീനിച്ച ഒരു മൂവ്‌മെന്റുകൂടിയാണ് പരിഷത്ത്. വ്യക്തിപരമായി പറയുകയാണെങ്കിൽ, 1987ൽ ഡിഗ്രി വിദ്യാർഥിയായിരിക്കുമ്പോൾ, ഒരു വലിയ പ്രക്ഷോഭരംഗത്തുവച്ചാണ് പരിഷത്ത് എന്ന സംഘടനയെ ശ്രദ്ധിക്കുന്നത്. ഭോപ്പാൽ ദുരന്തത്തിനുശേഷം യൂണിയൻ കാർബൈഡിനെതിരായി പരിഷത്ത് നടത്തുന്ന കാമ്പയിന്റെ കാലമായിരുന്നു അത്. എവറെഡി ബാറ്ററിക്കെതിരായ കാമ്പയിനുകൾ. ഇങ്ങനെ, ഓരോ തലമുറക്കും പലതരത്തിലുള്ള എൻഗേജ്‌മെന്റാണ് പരിഷത്തുമായുള്ളത് എന്നു തോന്നാറുണ്ട്. താങ്കളുടെ പരിഷത്തുമായുള്ള ബന്ധം തുടങ്ങുന്നത് എങ്ങനെയാണ്?

ഡോ. കെ.പി. അരവിന്ദൻ: ഞാൻ മെഡിക്കൽ കോളേജിൽ പഠിച്ചത് എഴുപതുകളിലാണ്, അത്​ അടിയന്തരാവസ്ഥയുടെ സമയം കൂടിയാണ്. അതുകഴിഞ്ഞ് പിന്നീടുള്ള കാലഘട്ടവുമാണ്. പരിഷത്തിനെക്കുറിച്ച് അറിയുന്നത് കെ.കെ. കൃഷ്ണകുമാറിൽനിന്നാണ്. പക്ഷെ, അന്നൊന്നും ഞാൻ പരിഷത്തിൽ അംഗമല്ല. മെഡിസിൻ പോസ്റ്റ് ഗ്രാജ്വേഷൻ കഴിഞ്ഞശേഷം, ഡൽഹിയിൽനിന്ന് തിരിച്ചെത്തി കോഴിക്കോട് മെഡിക്കൽ കോളേജിൽ ജോയിൻ ചെയ്ത സമയത്താണ്, വീണ്ടും കൃഷ്ണകുമാർ വഴി ഡോ. ബി. ഇക്ബാൽ എന്നെ ബന്ധപ്പെടുന്നത്​, പരിഷത്തിൽ വർക്ക് ചെയ്യണം എന്നുപറഞ്ഞ്. അന്ന് ഒരു ആരോഗ്യരേഖ വയനാട്ടിൽ പോയി അവതരിപ്പിക്കാനാണ് ആദ്യം തന്നെ ഏൽപ്പിച്ചത്. അത് അപ്പോൾ തന്നെ പഠിച്ച് അവതരിപ്പിച്ചു. പിന്നീട്, ഓരോ കാര്യങ്ങൾ ഏൽപ്പിക്കും, അങ്ങനെയങ്ങനെ പരിഷത്തായി മാറുകയായിരുന്നു. കേഡർ ക്യാമ്പുകളിലൊക്കെ പങ്കെടുക്കുന്നു. സംഘടനയെക്കുറിച്ച്​ ഏറ്റവും ആകർഷകമായി തോന്നിയത്, വളരെ ഓപണായ ഡെമോക്രാറ്റിക് സ്‌പെയ്‌സ് ആയി തോന്നി എന്നതാണ്. കാരണം, വലിയ നേതാക്കളില്ല. എം.പി. പരമേശ്വരനാണ് അന്ന് ഏറ്റവും വലിയ നേതാവ്. എം.പിയോട് നമുക്ക് എന്തും സംസാരിക്കാം. അത്തരത്തിൽ നേതാവ്- അണി എന്ന സംഗതിയില്ലാത്ത ഒരു ഡെമോക്രാറ്റിക് സ്‌പെയ്‌സ് പരിഷത്തിലുണ്ടായിരുന്നു. പിന്നെ, സൗഹൃദങ്ങൾ. ഏറക്കുറെ ആശയങ്ങളോടെല്ലാം യോജിപ്പുണ്ടായിരുന്നു, സത്യം പറഞ്ഞാൽ വലിയ ഒരു ആദർശവുമൊക്കെയായിട്ടല്ല ഞാൻ പരിഷത്തിൽ വരുന്നത്. ഈയൊരു കൂട്ടായ്മയുടെ ഭാഗമായി തീർന്നതാണ് സത്യത്തിൽ. പിന്നീട്, കഴിഞ്ഞ 40 വർഷം സംഘടനയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു.

സയൻസിന്റെ ഡമോക്രൈറ്റേഷന്റെ ചരിത്രം നോക്കിയാലറിയാം, ഏറ്റവും വലിയ ഡമോക്രൈറ്റേഷൻ വിപ്ലവം തുടങ്ങുന്നത്, ഗലീലിയോ ഇറ്റാലിയനിൽ പുസ്തകങ്ങൾ എഴുതിതുടങ്ങിയ ആ പ്രക്രിയയിലൂടെയാണ്. മലയാളത്തിലേക്ക് ഇത് കൊണ്ടുവരിക എന്നത് ഏറെ പ്രസക്തമായിരുന്നു.

രൂപീകരണകാലത്തെ അക്കാദമിക് സ്വഭാവം വിട്ട് എഴുപതുകളിലാണല്ലോ പരിഷത്ത് ജനകീയ ശാസ്ത്രപ്രസ്ഥാനമായി വികസിക്കുന്നത്. അതിനുവേണ്ട എനർജി പരിഷത്ത് എങ്ങനെയാണ് നേടിയെടുക്കുന്നത്?

എഴുപതുകളിൽ വന്നതിനെ വലിയൊരു മാറ്റം എന്നതിനേക്കാളുപരി, ഒരു പ്രോഗ്രഷനായിട്ടുതന്നെയാണ് കാണുന്നത്. അടിസ്ഥാനപരമായി, സംഘടന പ്രഥമ ദൗത്യമായി ഏറ്റെടുത്തത്​, സയൻസിനെ കേരളത്തിലെ സാധാരണ ജനങ്ങളിലെത്തിക്കുക എന്നതാണ്. സ്വഭാവികമായും മലയാളത്തിൽ സയൻസ് ഇല്ലെങ്കിൽ ഈ ലക്ഷ്യം നടക്കില്ല. സയൻസിന്റെ ഡമോക്രൈറ്റേഷന്റെ ചരിത്രം നോക്കിയാലറിയാം, ഏറ്റവും വലിയ ഡമോക്രൈറ്റേഷൻ വിപ്ലവം തുടങ്ങുന്നത്, ഗലീലിയോ ഇറ്റാലിയനിൽ പുസ്തകങ്ങൾ എഴുതിതുടങ്ങിയ ആ പ്രക്രിയയിലൂടെയാണ്. മലയാളത്തിലേക്ക് ഇത് കൊണ്ടുവരിക എന്നത് ഏറെ പ്രസക്തമായിരുന്നു. അതൊരു ചെറിയ കാര്യവുമല്ല.

ഡോ. ബി. ഇക്​ബാൽ, ഡോ. കെ.പി. അരവിന്ദൻ, ടി.പി. കുഞ്ഞിക്കണ്ണൻ, കാവുമ്പായി ബാലകൃഷ്​ണൻ, കെ.ടി. രാധാകൃഷ്​ണൻ തുടങ്ങിയവർ പരിഷത്തിന്റെ ഒരു വാർഷിക സമ്മേളനത്തിനിടെ / Photo : Ekbal Bappukunju, FB

എഴുപതുകളായപ്പോൾ സയൻസ് ക്ലാസുകൾ തുടങ്ങി, ‘പ്രകൃതി സമൂഹം ശാസ്ത്രം' എന്ന പേരിൽ നാടുമുഴുവൻ ആയിരക്കണക്കിന് ക്ലാസുകൾ എത്തിക്കുന്ന ഒരു പ്രക്രിയയിലേക്ക് വളരുകയാണ്. ഈ ക്ലാസുകളുടെ സവിശേഷത, നമ്മൾ സയൻസ് മാത്രം പറഞ്ഞാൽ പോലും, അത് വളരെ റാഡിക്കലായിരിക്കും, ആ സമൂഹത്തിൽ. എനിക്ക് ഇപ്പോഴും ചെയ്യാൻ ഏറ്റവുമിഷ്ടമുള്ള പ്രവർത്തനം, എവലൂഷനെക്കുറിച്ച് സാധാരണ ജനങ്ങളോട് സംസാരിക്കുക എന്നതാണ്. എവലൂഷൻ മാത്രം പറഞ്ഞാൽ മതി, മറ്റൊന്നും പറയേണ്ട. പരിഷത്തിൽ വന്നശേഷം, ഞാൻ ഏറ്റവും കൂടുതൽ പ്രവർത്തിച്ച ഒരു മേഖല, ക്ലാസുകൾ എടുക്കുന്നതിലാണ്. ‘നാം ജീവിക്കുന്ന ലോകം' എന്ന ക്ലാസ് പരമ്പരയുണ്ടായിരുന്നു. ഭൗതികലോകം, ജൈവലോകം, നാളത്തെ ലോകം, ശാസ്ത്രലോകം തുടങ്ങി നാലു സീരീസിൽ. ഈ ക്ലാസ് എത്ര പേരിലേക്ക് എത്തി എന്നതല്ല, എത്ര പേർ ഇതിനുവേണ്ടി തയാറെടുപ്പ് നടത്തി എന്നതാണ് പ്രധാനം. ഉദാഹരണത്തിന്, ഞാൻ സ്‌കൂളിലോ മെഡിക്കൽ കോളേജിലോ എവലൂഷനറി ബയോളജി പഠിച്ചിട്ടില്ല, കാരണം, നമ്മുടെ സിലബിൽ അതില്ല. ഈ ക്ലാസുകളെടുക്കാൻ വേണ്ടിയാണ് എവലൂഷനറി ബയോളജി പഠിക്കുന്നത്. പരിഷത്ത് ഭവനിൽ ദിവസവും എം. ശിവശങ്കരൻ മാഷ് വരും, അദ്ദേഹത്തെപ്പോലുള്ളവരിൽനിന്നാണ് ഇത് പഠിക്കുന്നത്. പിന്നീട് അതൊരു ആവേശമായി, കൂടുതൽ ആഴത്തിൽ വായിക്കാൻ തുടങ്ങി. ഞാനൊരു പാത്തേളജിസ്റ്റാണ്. പാത്തോളജിയിലും മെഡിസിനിലുമൊക്കെ ഇതിന്റെ വലിയ ആപ്ലിക്കേഷനുകളുണ്ടെന്നത് മനസ്സിലാവുന്നതും ഇങ്ങനെയാണ്. ഒരർഥത്തിൽ, എന്നെപ്പോലെയുള്ള ഒരാളെ വളരാൻ സഹായിച്ച ഒരു പ്രക്രിയ കൂടിയാണിത്. ഞാൻ മാത്രമല്ല, അത്തരത്തിൽ ഒരുപാടുപേരുണ്ട്. എം.പി. പരമേശ്വരൻ പല സ്‌കൂൾ മാഷന്മാരോടും പറയുമായിരുന്നു, നിങ്ങൾ പിഎച്ച്.ഡി എടുക്കണം എന്ന്. അങ്ങനെ, എഡ്യുക്കേഷൻ വിഷയങ്ങളിലൊക്കെ പിഎച്ച്.ഡി എടുത്ത നിരവധി അധ്യാപകർ പരിഷത്തിൽ വന്നിട്ടുണ്ട്. അങ്ങനെ ഒരുപാട് പേർക്ക് ഇതിലൂടെ വളരാൻ കഴിഞ്ഞു. ക്ലാസുകൾ എടുക്കാൻ കുറെപേരെയുണ്ടാക്കി എന്നതാണ് ഇന്നും ഏറ്റവും വലിയ കാര്യമായി ഞാൻ കാണുന്നത്.

സയൻസ് ക്ലാസുകളിലെ ഓഡിയൻസിന്റെ റപ്രസന്റേഷൻ എത്തരത്തിലുള്ളതായിരുന്നു?

യുറീക്ക കവർ

സ്‌കൂളുകൾ, പബ്ലിക് ലൈബ്രറികൾ, പൊതുഇടങ്ങൾ എന്നിവിടങ്ങളിലാണ് ക്ലാസുകൾ നടന്നിരുന്നത്. പരിഷത്ത്​ യൂണിറ്റുകൾ ഓർഗനൈസ് ചെയ്യുന്നവരൊക്കെയാണ് നാട്ടിൻപുറങ്ങളിൽ ക്ലാസിനെത്തുക. ഇവരെല്ലൊവരെയും എല്ലാം പഠിപ്പിച്ചു എന്ന അർഥത്തിലല്ല, സയൻസ് വളരെ പ്രധാനപ്പെട്ട സംഗതിയാണ് എന്ന ബോധം ഒന്നോ രണ്ടോ തലമുറയ്ക്ക് കൊടുക്കാൻ പരിഷത്തിന് കഴിഞ്ഞു. യുറീക്കയുടെ സബ്‌സ്‌ക്രിപ്ഷന് ചോദിക്കുമ്പോഴുള്ള അനുഭവം ഒരു ഉദാഹരണമായി പറയാം. കഴിഞ്ഞ യുറിക്ക സബ്‌സ്‌ക്രിപ്ഷന്റെ സമയത്ത്, ഞാൻ ഫേസ്ബുക്കിൽ ഒരു പോസ്റ്റിട്ടു. മുന്നൂറോളം പേർ അതുവായിച്ച് സബ്‌സ്‌ക്രിപ്ഷൻ എടുത്തു. പലരും എനിക്ക് എഴുതുകയും ചെയ്തു, പണ്ട് യുറീക്ക വായിച്ചു വളർന്ന കുട്ടിക്കാലത്തെക്കുറിച്ച്.

ഇപ്പോൾ, ഒരു കാര്യം ശാസ്ത്രീയം എന്നു പറഞ്ഞാൽ അതാണ് ഏറ്റവും പ്രധാനം എന്നു വന്നിരിക്കുന്നു. ശാസ്ത്രീയം എന്നു പറയുന്നതിന് മാന്യത കൊടുക്കുന്നതിൽ പരിഷത്ത് ഒരു ചെറിയ പങ്ക് വഹിച്ചിട്ടുണ്ട്.

ഒരു കാലത്ത് പറഞ്ഞത് അതേപടി പിന്നീടും ആവർത്തിക്കണം എന്നില്ല. സ്വാഭാവികമായും പരിഷത്തിൽ മാറ്റം വന്നിട്ടുണ്ട്.

സയൻസിന്റെ മാർഗത്തിലൂടെയുള്ള ജനകീയ ശാസ്ത്രപ്രവർത്തനമാണ്, 60 വർഷമായി പരിഷത്ത് പിന്തുടരുന്നത്. പരിഷത്തിന്റെ ഈ ദിശയിലുള്ള പ്രവർത്തനത്തെ ശാസ്ത്രീയമായ ഓഡിറ്റിംഗിന് വിധേയമാക്കിയാൽ, കേരളീയ സമൂഹം ഈ ലക്ഷ്യം എത്രത്തോളം ഉൾക്കൊണ്ടിട്ടുണ്ട്? പരിഷത്തിനെ മലയാളി എത്രത്തോളം ‘ഓൺ' ചെയ്തിട്ടുണ്ട്?

വലിയ തോതിലുള്ള ഓണർഷിപ്പ് തീർച്ചയായും പരിഷത്തിനുണ്ട്. പരിഷത്തിനെ ആ രീതിയിൽ കാണുന്ന നിരവധി പേരുണ്ട്. ഇന്ന് ആക്റ്റീവായി പരിഷത്ത് പ്രവർത്തനത്തിൽ ഇല്ലാതിരിക്കുന്ന, ആ കാലത്തെ നൊസ്റ്റാൽജിക്കായി കാണുന്ന നിരവധി പേരുണ്ട്. വളരെ ഡൈനാമിക്കായ, ഡയലക്റ്റിക്കലായ പ്രോസസിൽ കൂടിയാണ് നാം പോകുന്നത്. എല്ലാം മാറ്റങ്ങൾക്ക് വിധേയമാണ്. അതിനനുസരിച്ച് നമ്മളും പല രീതിയിൽ മാറിക്കൊണ്ടിരിക്കണം. ഒരു കാലത്ത് പറഞ്ഞത് അതേപടി പിന്നീടും ആവർത്തിക്കണം എന്നില്ല. സ്വാഭാവികമായും പരിഷത്തിൽ മാറ്റം വന്നിട്ടുണ്ട്. അതോടൊപ്പം, മുമ്പില്ലാതിരുന്ന നിരവധി സംഘടനകൾ, സയൻസും യുക്തിവാദവും പരിസ്ഥിതിയുമൊക്കെ പറയുന്ന സംഘടനകൾ, ഈ രംഗത്ത് പ്രവർത്തിക്കുന്നുമുണ്ട്. ഇത്തരം മാറ്റങ്ങളെ കാണാതിരുന്നുകൂടാ.

പരിഷത്തിന്റെ വികസന ജാഥയിൽ നിന്ന് / Photo : Dr.T.M Thomas Isaac, FB

പ്രത്യക്ഷത്തിൽ, പുരോഗമനപരമായി ചിന്തിക്കുന്നതും ശാസ്ത്രീയമനോഭാവുമുള്ളതുമായ ഒരു ജനതയായി മലയാളിയെ വിലയിരുത്താം. എന്നാൽ, ഇതേ ജനതയെ പ്രതിനിധീകരിക്കുന്ന പൊതുബോധം ഏറെ പ്രതിലോമകരമായി അനുഭവപ്പെടാറുണ്ട്. കേരളീയ സമൂഹത്തെ ഈ വൈരുധ്യത്തിൽ തളച്ചിടുന്ന ഘടകങ്ങൾ എന്തൊക്കെയാണ്?

മലയാളി സമൂഹം മുഴുവനായി പ്രതിലോമകരമായ സ്വഭാവത്തിലേക്കുപോയി എന്നു ഞാൻ വിശ്വസിക്കുന്നില്ല, ഇപ്പോഴും നമ്മൾ മുന്നോട്ടുതന്നെയാണ് പോകുന്നത്. അത്തരം ആളുകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. പക്ഷെ, ഇത്തരം പ്രതിലോമകരമായ ഗ്രൂപ്പുകൾക്കുള്ള വിസിബിലിറ്റി കൂടിയിട്ടുണ്ട്. ഒരു ചെറിയ ഗ്രൂപ്പിനുപോലും ഇന്ന് ഏറെ വിസിബിളാകാൻ കഴിയും. വല്ലാതെ, ആശങ്കപ്പെടേണ്ട കാര്യമായി ഇതിനെ കാണേണ്ടതില്ല എന്നാണ് തോന്നുന്നത്.

നിരന്തര പഠനപ്രവർത്തനങ്ങളിലൂടെയാണ് പരിഷത്ത് മുന്നോട്ടുപോകുന്നത്. ഈ പഠനങ്ങളിലെ കണ്ടെത്തലുകളോടുള്ള നമ്മുടെ സർക്കാറുകളുടെ സമീപനമെന്താണ്? ഭരണപരമായ നയരൂപീകരണത്തിന്റെ തലത്തിലേക്ക് ഇവയെ പരിവർത്തിപ്പിക്കാൻ കഴിയാറുണ്ടോ?

അതിന് ഒരു മിക്‌സഡ് റിസൾട്ടാണുള്ളത്. പരിഷത്ത് പറയുന്നതുമുഴുവൻ ഒരു സർക്കാർ ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കാനാകില്ല. എന്നാൽ, നമ്മൾ നന്നായി വർക്കപ്പ് ചെയ്തിട്ടുള്ള കാര്യമാണെങ്കിൽ, തീർച്ചയായും അത് സ്വീകരിക്കപ്പെടുന്ന അനുഭവമുണ്ട്. ഇപ്പോൾ തന്നെ, പേവിഷബാധയുടെ ഇഷ്യൂവിൽ, പബ്ലിക് ഹെൽത്ത് മേഖലയിലും വെറ്ററിനറി രംഗത്തും പ്രവർത്തിക്കുന്നവരെ ചേർത്ത് ഓൺലൈനായി ചർച്ച നടത്തി ഒരു രേഖ പോലെ തയാറാക്കി. ആരോഗ്യമന്ത്രിക്ക് ഇത് സമർപ്പിച്ചപ്പോൾ അവർ അതിനോട് വളരെ പൊസിറ്റീവായി പ്രതികരിക്കുക മാത്രമല്ല, അതിലെ പല കാര്യങ്ങളും സ്വീകരിക്കുകയും ചെയ്​തു. അത്തരം റോളുകൾ വഹിക്കാൻ പല കാര്യങ്ങളിലും കഴിയുന്നുണ്ട്. കേരളത്തിൽ പുതിയ പാഠ്യപദ്ധതി വന്ന സമയത്ത്, അത് രൂപീകരിക്കുന്നതിൽ വളരെ വലിയ പങ്ക് പരിഷത്തിന് വഹിക്കാൻ കഴിഞ്ഞു. ജനകീയാസൂത്രണത്തിന്റെ ഭാഗമായി മാറാൻ കഴിഞ്ഞിരുന്നു. സർക്കാറിന്റെ ഭാഗമാകാതെ തന്നെ ഇത്തരം പരിപാടികളുമായി ചേർന്ന് പ്രവർത്തിക്കാനും അതിനെ സ്വാധീനിക്കാനും കഴിഞ്ഞിട്ടുണ്ട്.

കളിച്ചും ചെയ്തുമൊക്കെ തലച്ചോറിനെ പ്രവർത്തിപ്പിക്കുന്ന തരത്തിലുള്ള വികാസത്തിനുവേണ്ടിയുള്ള പഠനരീതിയും ഭാഷയും വേണം എന്നതിനപ്പുറത്തേക്ക് വളരെ വലിയ ശാഠ്യങ്ങളൊന്നും പരിഷത്തിന് ഭാഷയുടെ കാര്യത്തിലില്ല.

ഇടതുപക്ഷ സർക്കാറാകുമ്പോൾ കുറെക്കൂടി വ്യത്യസ്തമായ സാഹചര്യമുണ്ടാകാറുണ്ടോ?

ഉണ്ട്, വ്യത്യാസം അനുഭവപ്പെടാറുണ്ട്. ഇല്ല എന്നു പറഞ്ഞിട്ട് കാര്യമില്ലല്ലോ. ഞാൻ പരിഷത്ത്​ നിർവാഹക സമിതിയിൽ പ്രവർത്തിച്ചയാളാണ്, ഇത്തരം വിഷയങ്ങളുമായി ബന്ധപ്പെട്ട് ചർച്ചകൾ നടക്കുന്ന ഒരു ഘട്ടത്തിൽ പോലും ഇടതുപക്ഷ- വലതുപക്ഷ സർക്കാർ എന്ന നിലയ്ക്ക് പരിഷത്ത് സമീപിക്കാറില്ല, സർക്കാറിനെ സർക്കാറായി മാത്രമാണ് കാണാറ്. അതേസമയം, സ്വീകരിക്കപ്പെടുന്ന കാര്യത്തിൽ വ്യത്യാസമുണ്ടാകാറുണ്ട്. ആശയത്തിലെ സമാനതകൾ മൂലമാകാം അത്, പരിഷത്തിന്റെ ശാസ്ത്രീയസമീപനങ്ങളോട് ഇടതുപക്ഷത്തിനാണ് കൂടുതൽ ആഭിമുഖ്യമുള്ളത് എന്നതുകൊണ്ടാകാം, അല്ലെങ്കിൽ വ്യക്തികളുമായുള്ള ബന്ധങ്ങൾ മൂലമാകാം.

മലയാളം പഠനഭാഷയും ഭരണഭാഷയുമാക്കാൻ പരിഷത്ത് നിരവധി ഇടപെടലുകൾ നടത്തിയിട്ടുണ്ട്, സമരങ്ങൾ തന്നെ നടത്തിയിട്ടുണ്ട്. ശാസ്ത്രാഭ്യസനം മലയാളത്തിലൂടെ വേണം എന്നത് പരിഷത്തിന്റെ രൂപീകരണ കാലത്തെ ലക്ഷ്യവുമാണ്. എന്നാൽ, ഇന്ന് ശാസ്ത്രസാങ്കേതികവിദ്യയുടെ വലിയ തോതിലുള്ള വികാസം, ഭാഷയുടെ അടിസ്ഥാന സങ്കേതങ്ങളെ പോലും മാറ്റിമറിക്കുന്നുണ്ട്. അതായത്, വൊക്കാബുലറി മുതൽ ഭാഷയുടെ ടൂളുകൾ വരെ നിരന്തരം നവീകരിക്കപ്പെടുന്നു. ഈയൊരു കോൺടെക്‌സ്റ്റിൽ, ഭാഷയുമായി ബന്ധപ്പെട്ട പരിഷത്തിന്റെ ചിന്തയും പ്രയോഗവും അടിമുടി നവീകരണം ആവശ്യപ്പെടുന്നില്ലേ?

എനിക്ക് അങ്ങനെ തോന്നുന്നില്ല. ഭാഷയുടെ കാര്യത്തിൽ പരിഷത്തിന്​ അടിസ്ഥാനപരമായ കാഴ്ചപ്പാടുണ്ട്. ഒരു ചെറിയ കുട്ടി ശാസ്ത്രവും ഗണിതവുമൊക്കെ പഠിക്കേണ്ടത്​ നന്നായി മനസ്സിലാക്കിയാകണം. ഇങ്ങനെ പഠിക്കാനുള്ള ഏറ്റവും നല്ല രീതി എന്തൊക്കെയാണ്. ഒന്ന്, വീട്ടിൽ അറിയുന്ന ഭാഷയായിരിക്കണം പഠനത്തിനും ഉപയോഗിക്കേണ്ടത്, അത് സ്വാഭാവികമാണ്. കളിച്ചും ചെയ്തുമൊക്കെ തലച്ചോറിനെ പ്രവർത്തിപ്പിക്കുന്ന തരത്തിലുള്ള വികാസത്തിനുവേണ്ടിയുള്ള പഠനരീതിയും ഭാഷയും വേണം എന്നതിനപ്പുറത്തേക്ക് വളരെ വലിയ ശാഠ്യങ്ങളൊന്നും പരിഷത്തിന് ഭാഷയുടെ കാര്യത്തിലില്ല. സാങ്കേതികവിദ്യ വളർന്നുവരുന്ന സമയത്ത് ഒരിക്കലും ഇംഗ്ലീഷിനെ ഇല്ലാതാക്കാൻ കഴിയില്ല. നന്നായി ഇംഗ്ലീഷ് പഠിപ്പിക്കണം എന്നാണ് പരിഷത്ത് പറയുന്ന മറ്റൊരു കാര്യം. ഇതിനായി കാമ്പയിൻ തന്നെ നടത്തുന്നുണ്ട്. പക്ഷെ, ഒരു പ്രൈമറി സ്‌കൂൾ കുട്ടിയെ ഇംഗ്ലീഷിലൂടെ പഠിപ്പിക്കണം എന്ന് നിർബന്ധം പിടിക്കണോ എന്നതാണ് പ്രശ്‌നം. അതാണ്, മുന്നോട്ടുപോകാനുള്ള ഉപാധി എന്ന തെറ്റിധാരണയുണ്ട്. രക്ഷിതാക്കൾ വിചാരിക്കുന്നത്, മുകളിലെത്തുന്ന എല്ലാവരും ഇംഗ്ലീഷ് പഠിച്ചുവരുന്നവരാണ് എന്നാണ്. ഈ തെറ്റിധാരണ ഒരു ക്ലാസ് ഇഷ്യൂ ആണ്. ഒരു പ്രത്യേക ക്ലാസിൽ പെട്ടവർ ഇംഗ്ലീഷ്​ മീഡിയത്തിൽ പഠിച്ചു, അവർ അവിടെയെത്തി. അങ്ങനെ എല്ലാവരും എത്തണമെന്നില്ല. നേരെമറിച്ച്, ഒരു കുട്ടിക്ക് ഇന്നത്തെ കാലത്ത് ചാൻസ് കിട്ടുന്നത്, മനസ്സിലാക്കി പഠിക്കുന്നതിലൂടെയാണ്. അതിന് മാതൃഭാഷയാണ് വേണ്ടത് എന്ന രീതിക്കപ്പുറത്തേക്ക് വലിയ ശാഠ്യങ്ങൾ പരിഷത്തിനുണ്ടെന്ന് തോന്നുന്നില്ല.

വികസനം, ആരോഗ്യം, വിദ്യാഭ്യാസം, ജൻഡർ, പരിസ്ഥിതി ഇങ്ങനെ അടിസ്ഥാന മേഖലകളെയെല്ലാം സ്പർശിക്കുന്നതാണ് പരിഷത്തിന്റെ പ്രവർത്തനം. പുരോഗമനപരമായ ഒരു ജനകീയപ്രയോഗമെന്ന നിലയ്ക്കായിരുന്നു ഈ മേഖലകളിലെല്ലാം പരിഷത്തിന്റെ ഇടപെടൽ. അതായത്, വിദ്യാർഥികൾ, അധ്യാപകർ, രാഷ്ട്രീയപ്രവർത്തകർ, ബൗദ്ധിക മേഖലയിലുള്ളവർ എന്നിവരെല്ലാം അടങ്ങുന്ന ഒരു ആക്റ്റിവിസമായിരുന്നു പരിഷത്തിന്റേത് എന്നു പറയാം. പരിഷത്തിന്റെ ജനകീയാടിത്തറ രൂപപ്പെടുന്നതും ഇത്തരം പ്രവർത്തനങ്ങളിലൂടെയാണ്. എന്നാൽ, എൺപതുകളിലെ ജനകീയമായ ആക്റ്റിവിസത്തിൽനിന്ന്, ഇൻസ്റ്റിറ്റ്യൂഷനലൈസ്ഡ് ആയ ഇന്റലക്ച്വൽ ഐഡൻറിറ്റിയിലേക്ക് പരിഷത്ത് ഒതുങ്ങിപ്പോയിട്ടുണ്ടെന്ന വിമർശനം ഉന്നയിച്ചാൽ അതിനോടുള്ള പ്രതികരണമെന്തായിരിക്കും?

ശരിക്കും പരിഷത്ത് നേരിടുന്ന ഒരു ന്യൂനതയാണ്, താങ്കൾ ഈ വിമർശനത്തിലൂടെ ചൂണ്ടിക്കാണിച്ചത്. സത്യത്തിൽ നേരെ മറിച്ചാണ് എന്റെ ആശങ്ക മുഴുവൻ. പരിഷത്തിന്റെ ഏറ്റവും വലിയ ന്യൂനതയായി എനിക്ക് തോന്നുന്നത്, ഈയൊരു ഇന്റലക്ച്വൽ റിസോഴ്‌സ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു എന്നതാണ്. ശാസ്ത്രസാങ്കേതിക വിദ്യകളൊക്കെ വളരെ സങ്കീർണമായിക്കൊണ്ടിരിക്കുകയാണ്. ഓരോ മേഖലയിലും കൂടുതൽ കൂടുതൽ ഡൊമെയ്ൻ നോളജുകൾ സ്‌പെഷലൈസ് ചെയ്ത് പഠിച്ച് അറിവ് നേടുന്നവരെ കൂടുതൽ വേണം, സംഘടനക്ക്. നമുക്ക് അതില്ല. പണ്ട് ഈ പ്രശ്‌നമില്ല. ജനറലിസ്റ്റ് ആയ ആളുകൾക്ക് എല്ലാ കാര്യങ്ങളും ഡീൽ ചെയ്യാം. എം.പി. പരമേശ്വരനും ആർ.വി.ജി. മേനോനുമുണ്ടെങ്കിൽ മുമ്പ് എല്ലാ കാര്യവും നടക്കുമെന്ന സ്ഥിതിയായിരുന്നു. ഇന്ന് അങ്ങനെയല്ല, അതിസൂക്ഷ്മമായ പല മേഖലകളിലും സാങ്കേതികജ്ഞാനമുള്ളവർ വേണം. അങ്ങനെയുള്ളവരില്ല എന്നതാണ് പരിഷത്ത് ഇന്ന് നേരിടുന്ന പ്രശ്‌നം. ഇന്റലക്ച്വൽ റിസോഴ്‌സ് വച്ച്, ഈ നോളജിനെ മനസ്സിലാക്കി, സംഗതികളെ അനലൈസ് ചെയ്യാൻ കപ്പാസിറ്റിയുള്ളവരെ വളർത്തിയെടുക്കുക എന്നതാണ് ഏറ്റവും പ്രധാനം. പിന്നീട് അത് എല്ലാ തലങ്ങളിലേക്കും വ്യാപിപ്പിക്കുക രണ്ടാമത്തെ ഘട്ടമാണ്. ഇത് രണ്ടും ചെയ്താണ് എല്ലാ കാലവും പരിഷത്ത് മുന്നോട്ടുപോയിട്ടുള്ളത്. ഇന്ന് ആ റിസോഴ്‌സിലാണ് കുറവ് വന്നിട്ടുള്ളത്.

എം.പി. പരമേശ്വരൻ, ആർ.വി.ജി. മേനോൻ

പരിഷത്ത് ഒരു തുടക്കം കുറിച്ചിട്ടുള്ളത്, ലൂക്ക പോലുള്ള സംരംഭം വച്ചുകൊണ്ടാണ്. കേരളത്തിലെ ഏറ്റവും നല്ല ഓൺലൈൻ സയൻസ് മാസികയും പോർട്ടലുമാണത്. അതിൽ സ്ഥിരമായി ഇരുനൂറോളം പേർ നിരന്തരം എഴുതുന്നുണ്ട്. അവരിൽ അമ്പതോ അറുപതോ ശതമാനം 40 വയസ്സിന് താഴെയുള്ളവരാണ്. അവർ തന്നെ ലോകത്തിന്റെ പല ഭാഗങ്ങളിൽ ഗവേഷണമൊക്കെ ചെയ്യുന്നവാണ്. അത്തരം ഒരു റിസോഴ്‌സ് ഉണ്ടാക്കിയെടുക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. അത് കുറെക്കൂടി വിപുലീകരിച്ച് സംഘടനയുടെ ഇന്റലക്ച്വൽ റിസോഴ്‌സ് ബിൽഡപ് ചെയ്യുകയാണ് വേണ്ടത്.

പരിഷത്തിന്റെ അടിസ്ഥാനവിഷയം സയൻസാണ്. ഏറ്റവും ആധുനിക രീതിയിലുള്ള സയൻസ് മനസ്സിലാക്കിവേണം പ്രവർത്തനങ്ങൾക്ക് രൂപം നൽകാൻ. അതിനുവേണ്ടിയുള്ള ആൾക്കാരില്ലാതെ കുറെ പ്രസംഗിച്ചു നടന്നിട്ട് കാര്യമില്ല. വെറും പ്രസംഗം നടത്തുന്ന സംഘടനയല്ല പരിഷത്ത്. നിർഭാഗ്യവശാൽ, ചിലപ്പോഴെല്ലാം അങ്ങനെയായിപ്പോകുന്നുണ്ടോ എന്നുപോലും എനിക്ക് വിമർശനമുണ്ട്. എക്‌സ്‌പെർട്ടൈസും ജനകീയതയും തമ്മിൽ മിക്‌സ് ചെയ്തു പോകണം. ജനകീയത എന്നാൽ, എല്ലാതരം ആളുകളിലേക്കും ഇത്തരം കാര്യങ്ങൾ എത്തിക്കാനുള്ള സംവിധാനം. അതിനാണ്, യൂണിറ്റുകൾ. യൂണിറ്റുകളുടെ ശക്തി വല്ലാതെ കുറഞ്ഞുപോയിട്ടുണ്ട്. പണ്ടത്തെപ്പോലെ, ആക്റ്റീവായ സംഗതികളില്ല എന്നു കാണാം. അത് പരിഷത്തിന്റെ മാത്രം പ്രശ്‌നമല്ല. കേരള സമൂഹത്തിൽ വരുന്ന അർബനൈസേഷൻ അടക്കമുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ടതാണത്. ചെറുപ്പക്കാർക്ക് ഇതിനൊന്നും സമയമില്ല. നേരെ മറിച്ച്, യൂണിറ്റ് എന്നു പറഞ്ഞ് ഒരു വാട്‌സ്ആപ് ഗ്രൂപ്പ് ഉണ്ടാക്കിനോക്കൂ, വളരെ വിജയകരമായി അത് നടത്താൻ പറ്റും. കോവിഡ് സമയത്ത്, കഴിഞ്ഞ രണ്ടുവർഷം, ഇത്തരം ഗ്രൂപ്പുകൾ വഴിയും ഓൺലൈൻ മീറ്റിംഗുകൾ വഴിയും നടത്തിയ സംഗതികൾ വളരെ വിജയകരമായിരുന്നു. പരിഷത്തിന്റെ പല വിഷയസമിതികളും ചെറിയ ഗ്രൂപ്പുകളുമൊക്കെ ആക്റ്റീവായി. ഈയൊരു ട്രാൻസിഷൻ കാണുമ്പോൾ നമുക്ക് തോന്നും, പഴയതെല്ലാം പോയല്ലോ എന്ന്. വേറൊരു രീതിയിൽ അത് ഉണ്ടായിവരുന്നുണ്ട് എന്നതാണ് കാണേണ്ടത്.

രണ്ടാമത്തെ കേരള പഠനം കാണിക്കുന്നത്, കേരള സമൂഹം 75 ശതമാനം മിഡിൽ ക്ലാസ് ആയ സമൂഹമായി മാറി എന്നാണ്. 25 ശതമാനമാണ് പോവർട്ടി. അതിൽ തന്നെ അതിദരിദ്രരായവർ വെറും നാലോ അഞ്ചോ ശതമാനം മാത്രമാണ്. സാമ്പത്തികമായും മറ്റും വലിയ തോതിൽ പുരോഗതിയുണ്ടായിട്ടുണ്ട്.

ശാസ്ത്രബോധം എന്നത് ഇന്ന് വലിയ ആക്രമണം നേരിടുകയാണ്. അശാസ്ത്രീയ നിലപാടുകൾക്ക് ഭരണകൂടത്തിന്റെ അംഗീകാരം ലഭിക്കുന്നു, അതിലൂടെ അവ ഔദ്യോഗിക നയങ്ങൾ പോലുമാകുന്നു. ഏറ്റവും പുതിയ തലമുറയെ കൂടി ഉൾക്കൊള്ളുന്ന ഒരു ജനകീയ പ്രതിരോധത്തിനുള്ള പൊട്ടൻഷ്യൽ, പരിഷത്തിനുണ്ട് എന്ന ബോധ്യത്തിൽനിന്നുകൂടിയാണ് ഈ വിമർശനം ഉന്നയിക്കുന്നത്.

അതേ, തീർച്ചയായും ജനകീയപ്രതിരോധം തന്നെയാണ് വേണ്ടത്. അന്ധവിശ്വാസങ്ങൾക്കെതിരെ മഹാരാഷ്ട്രയിൽ ധാബേൽക്കറെപ്പോലുള്ളവർ നടത്തിയതുപോലുള്ള പ്രവർത്തനങ്ങൾ, യുക്തിവാദിസംഘങ്ങളും പരിഷത്തുമൊക്കെ ചെയ്തിരുന്നു. ആ രീതിയിലുള്ള പ്രവർത്തനം ഇന്ന് നടക്കുന്നില്ല എന്നു പറയാം. എന്നാൽ, ഇതിനെ മറ്റൊരു രീതിയിൽ കാണാം. ഇപ്പോൾ മറ്റുതരത്തിലുള്ള ഗ്രൂപ്പുകളുണ്ട്. മരുന്നു തട്ടിപ്പുകൾക്കെതിരെ പരിഷത്ത് ‘കാപ്‌സ്യൂൾ' എന്ന ഗ്രൂപ്പുണ്ടാക്കിയിട്ടുണ്ട്. എത്തിക്‌സും ലോയും വച്ച്​ ഇത്തരം തട്ടിപ്പുകളെ ചെറുക്കുന്ന പ്രസ്ഥാനം എന്ന നിലയ്ക്കാണ്. ഡ്രഗ് കൺട്രോളർക്ക് വിവരങ്ങൾ കൈമാറിയും തട്ടിപ്പുപരസ്യങ്ങൾ തുറന്നുകാട്ടിയും കേസുകൾ കൊടുത്തുമൊക്കെ ഈ ഗ്രൂപ്പ് വളരെയധികം കാര്യങ്ങളിൽ സജീവമായി ഇടപെടുന്നുണ്ട്. പണ്ടത്തെ മന്ത്രവാദം പോലുള്ളവക്കുപകരമായി പുതിയ രീതിയിലുള്ള തട്ടിപ്പുകളാണ് ഇന്നുള്ളത്. ഇവക്കെതിരെ പ്രവർത്തനം നടക്കുന്നുണ്ട്, അത് വേറൊരു തലത്തിലാണ് എന്നുമാത്രം. അല്ലാതെയുള്ള പ്രവർത്തനത്തിനും തീർച്ചയായും സ്‌കോപ്പുണ്ട്.

നരേന്ദ്ര ധാബോൽക്കർ / Photo : indianculturalforum

ഏറ്റവും പുതിയ തലമുറയുമായി പരിഷത്തിന് ഇപ്പോൾ ഒരു ഗ്യാപ് അനുഭവപ്പെടുന്നുണ്ടോ?

തീർച്ചയായും ഉണ്ട്. പരിഷത്ത് മാത്രമല്ല, കേരളത്തിൽ എല്ലാവരും നേരിടുന്ന ഒരു പ്രശ്‌നമായിട്ടാണ് തോന്നുന്നത്. തലമുറകൾ മാറുകയാണ്. ഫേസ്ബുക്ക് തലമുറയിൽ നിന്ന് പെട്ടെന്നാണ് ഇൻസ്റ്റഗ്രാം തലമുറയായത്. അവർ ഫേസ്ബുക്ക് നോക്കില്ല. വളരെ ഷോർട്ടായ, ഇൻസ്റ്റന്റായ, ഇമേജുകൾ ഉപയോഗിച്ച് കമ്യൂണിക്കേറ്റ് ചെയ്യുന്ന തലമുറയെ ഡീൽ ചെയ്യാൻ നമ്മളാരും പഠിച്ചിട്ടുണ്ടെന്ന് തോന്നുന്നില്ല. അത് വേറെ തന്നെ ആലോചിച്ച് ചെയ്യേണ്ട സംഗതിയാണ്.

ഈ തലമുറയുമായി എൻഗേജ് ചെയ്യുന്നതിനെക്കുറിച്ചുള്ള ആലോചനകൾ പരിഷത്തിൽ നടക്കുന്നുണ്ടോ?

ഒരു തലത്തിൽ നടക്കുന്നുണ്ട്. പരിഷത്തിലെ ചെറുപ്പക്കാർക്കിടയിൽ അത്തരം ആലോചനകളുണ്ട്. പക്ഷെ, ഇതൊരു വലിയ ഗ്യാപാണ്. അവരുടെ കമ്യൂണിക്കേഷൻ ശൈലികളിലേക്ക് കൂടുതൽ പോകേണ്ട ഒരാവശ്യമുണ്ട്.

മിഡിൽ ക്ലാസിലേക്ക് കയറിപ്പറ്റി, അവിടെത്തന്നെ ഒരു മധ്യമാന വരുമാനം 10,000- 15,000 രൂപയിൽ സ്തംഭിച്ചുനിൽക്കുകയാണ്. അതിനപ്പുറത്തേക്ക് പോകാനൊന്നും കാണുന്നില്ല. ഇത് മുറിച്ചുകടന്ന് എങ്ങനെ അടുത്ത സ്‌റ്റെപ്പിലേക്ക് പോകാൻ കഴിയും എന്ന ചിന്ത ആവശ്യമാണ്.

2006ലാണ് പരിഷത്തിന്റെ ‘കേരള പഠനം’ പുറത്തുവന്നത്. താങ്കൾ അതിന്റെ എഡിറ്ററും പങ്കാളികളിൽ ഒരാളുമാണ്. ‘കേരള പഠനം’ കഴിഞ്ഞുള്ള ഒന്നര ദശാബ്ദം എന്നത് ദ്രുതഗതിയിലുള്ള മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ച ഒരു കാലഘട്ടം കൂടിയാണ്. കേരളീയ സമൂഹത്തെക്കുറിച്ച് പലതരം വ്യാജമായ കാമ്പയിനുകൾ നടക്കുന്ന ഈ കാലത്ത്, കേരളത്തിന്റെ മനുഷ്യവികസന സൂചകങ്ങളിൽ വന്ന മാറ്റങ്ങളെക്കുറിച്ച്, പുതിയ യാഥാർഥ്യങ്ങളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിൽ രേഖപ്പെടുത്തേണ്ട സമയമല്ലേ ഇത്?

ശരിയാണ്. ഒരു കാര്യം കൂടി പറയാം. 2004ലാണ് കേരള പഠനം നടത്തിയത്. 15 വർഷം കഴിഞ്ഞ് ഇത് റിപ്പീറ്റ് ചെയ്ത് 2018- 19ൽ പഠനം നടത്തി. അതിന്റെ റിപ്പോർട്ട് ഏറെക്കുറെ ആയിട്ടുണ്ട്. പബ്ലിക്കേഷൻ തലത്തിൽ ആയിട്ടില്ല. ഈ വർഷം അത് പൂർത്തിയാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു.

1987ൽ പരിഷത്ത് ഒരു സർവേ നടത്തിയിരുന്നു. അതിന്റെ റിപ്പീറ്റേഷനായി 10 ശതമാനം സാമ്പിൾ വച്ച് 1996ൽ ചെയ്തു, 2004ൽ കേരള പഠനം ഒന്നും 2019ൽ കേരള പഠനം രണ്ടും നടത്തി. ഇങ്ങനെ നാലു പഠനങ്ങളുടെ ഡാറ്റയുണ്ട്. 1987 മുതൽ 2019 വരെയുള്ള കാലഘട്ടത്തിൽ വന്ന മാറ്റങ്ങൾ ഈ ഡാറ്റകളിൽ വ്യക്തമാണ്. കേരളം ദരിദ്രർ കൂടുതലായിരുന്ന ഒരു സമൂഹമാണ്. ആ ദരിദ്രസമൂഹം ഒരു മിഡിൽ ക്ലാസ് സമൂഹമായി മാറി എന്നതാണ് പ്രധാന മാറ്റം. രണ്ടാമത്തെ കേരള പഠനം കാണിക്കുന്നത്, കേരള സമൂഹം 75 ശതമാനം മിഡിൽ ക്ലാസ് ആയ സമൂഹമായി മാറി എന്നാണ്. 25 ശതമാനമാണ് പോവർട്ടി. അതിൽ തന്നെ അതിദരിദ്രരായവർ വെറും നാലോ അഞ്ചോ ശതമാനം മാത്രമാണ്. സാമ്പത്തികമായും മറ്റും വലിയ തോതിൽ പുരോഗതിയുണ്ടായിട്ടുണ്ട്. ഹൗസിംഗ്, ജീവിതഗുണനിലവാരം, മീഡിയൻ വരുമാനം തുടങ്ങിയ കാര്യങ്ങളിലെല്ലാം വർധനവുണ്ടായിട്ടുണ്ട്. അതായത്, ദുത്രഗതിയിലുള്ള മാറ്റങ്ങളാണ് സംഭവിച്ചത്. സ്വഭാവികമായും ആ മാറ്റത്തിനനുസരിച്ച് നമ്മുടെ സ്ട്രാറ്റജികൾ മാറേണ്ടതുണ്ട്.

വളരെ ഷോർട്ടായ, ഇൻസ്റ്റന്റായ, ഇമേജുകൾ ഉപയോഗിച്ച് കമ്യൂണിക്കേറ്റ് ചെയ്യുന്ന തലമുറയെ ഡീൽ ചെയ്യാൻ നമ്മളാരും പഠിച്ചിട്ടുണ്ടെന്ന് തോന്നുന്നില്ല

മുമ്പ്, നാം പ്രധാനമായും കേന്ദ്രീകരിച്ചിരുന്ന ഇഷ്യൂ ദാരിദ്ര്യമാണ്. ദാരിദ്ര്യം ഇല്ലാതാക്കാൻ എന്തുചെയ്യണം എന്നതായിരുന്നു പ്രധാന ആശങ്ക. ഇന്ന്, മിഡിൽ ക്ലാസിലേക്ക് കയറിപ്പറ്റി, അവിടെത്തന്നെ ഒരു മധ്യമാന വരുമാനം 10,000- 15,000 രൂപയിൽ സ്തംഭിച്ചുനിൽക്കുകയാണ്. അതിനപ്പുറത്തേക്ക് പോകാനൊന്നും കാണുന്നില്ല. ഇത് മുറിച്ചുകടന്ന് എങ്ങനെ അടുത്ത സ്‌റ്റെപ്പിലേക്ക് പോകാൻ കഴിയും എന്ന ചിന്ത ആവശ്യമാണ്. എല്ലാവരുടെയും തിംങ്കിങ്ങിൽ തന്നെ ഒരു റീ അഡ്ജസ്റ്റുമെൻറ്​ വേണം. പണ്ടത്തെ മുദ്രാവാക്യങ്ങളും പരിഹാരങ്ങളുമല്ല ഇനി വേണ്ടത്. അതിനുവേണ്ടിയുള്ള മാറ്റങ്ങൾക്ക് എന്തുചെയ്യണം എന്നാണ് ആലോചിക്കേണ്ടത്. കേരളീയ സമൂഹം മൊത്തത്തിൽ ഏറ്റെടുക്കേണ്ട ഒരു കാര്യമാണിത്.

‘കേരള പഠന’ത്തിൽ കാണിക്കുന്ന മറ്റൊരു സംഗതി, സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം കഴിഞ്ഞ 15 വർഷത്തിനിടെ കൂടിയിട്ടുണ്ടെങ്കിലും, 18 വയസ്സിനുമുകളിലുള്ളവരുടെ കാര്യത്തിൽ അത് 25 ശതമാനത്തിൽ നിൽക്കുകയാണ്. സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം കൂട്ടിയാൽ തന്നെ കുടുംബവരുമാനം കൂട്ടാൻ കഴിയും. അതുപോലെ, 10000- 15000 രൂപ ശമ്പളമുള്ള ഒരുപാട് ജോലികളിൽനിന്ന്, അവരവരുടെ വിദ്യാഭ്യാസത്തിനനുസരിച്ചുള്ള സ്‌കിൽ ഉപയോഗിക്കുന്ന രീതിയിലുള്ള തൊഴിലുകൾ എങ്ങനെ ലഭ്യമാക്കാം തുടങ്ങിയ കാര്യങ്ങളാണ് ‘കേരള പഠന’ത്തിലെ കണ്ടെത്തലിൽനിന്ന് എത്തിച്ചേരാവുന്ന വിഷയങ്ങൾ.

നവലിബറൽ വികസന സമീപനത്തിലൂടെ പാർശ്വവൽക്കരണത്തിന്റെയും ദാരിദ്ര്യവൽക്കരണത്തിന്റെയും തോത് കൂടിവരികയാണ് എന്ന നിഗമനം, കേരളത്തിന്റെ കോൺടെക്‌സ്റ്റിൽ തെറ്റാണ് എന്നാണല്ലോ, പുതിയ കേരള പഠനം കാണിക്കുന്നത്?

കേരളത്തിന്റെ സാഹചര്യത്തിൽ, പാർശ്വവൽക്കരണത്തെ കുറെയൊക്കെ കൗണ്ടർ ചെയ്യാൻ കഴിഞ്ഞിട്ടുണ്ട് എന്നാണ് ഡാറ്റ കാണിക്കുന്നത്. എന്തൊക്കെ പറഞ്ഞാലും സർക്കാർ ഇടപെടലുകൊണ്ട്- പൊതുവിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും അടക്കം- ഈ പ്രശ്‌നത്തെ നേരിടാൻ കഴിഞ്ഞിട്ടുണ്ട്. ഒരു പൊസിറ്റീവ് ഗ്രോത്ത് തന്നെയാണുണ്ടായിട്ടുള്ളത്. അതിൽനിന്ന് മുന്നോട്ടുപോകണം. കാരണം, ഇത് സസ്‌റ്റെനബിൾ ആയി എത്രകാലം നിൽക്കുമെന്നതിന്​ ഒരുറപ്പുമില്ല.

പരിഷത്ത് നിലപാടുകൾക്ക് ഇടതുപക്ഷ ഐഡിയോളജിയുടെ അടിത്തറയാണുള്ളത്. മാത്രമല്ല, ഇടതുപക്ഷ രാഷട്രീയത്തിലെ പുതിയ ചിന്താപദ്ധതികൾ ചർച്ചക്കുവിധേയമാക്കുന്ന സംഘടനയുമാണ് പരിഷത്ത്. എം.പി. പരമേശ്വരൻ വിവർത്തനം ചെയ്ത മാർത്താ ഹാർനേക്കറുടെ ‘ഇടതുപക്ഷത്തിന്റെ പുനർനിർമാണം’ പോലുള്ള പുസ്തകങ്ങളെക്കുറിച്ച് ഓർക്കാം. പരിഷത്തിന്റെ ഇടതുപക്ഷ ഐഡിയോളജിയും, കേരളത്തിലെ മുഖ്യധാരാ ഇടതുപക്ഷ കക്ഷിരാഷ്ട്രീയവുമായി സംഘർഷത്തിലേർപ്പെടുന്ന സന്ദർഭങ്ങളുണ്ടാകാറുണ്ടോ?

ഇഷ്യൂകളുടെ അടിസ്ഥാനത്തിൽ, അതിനുമേലുള്ള പെർസെപ്ഷന്റെ കാര്യത്തിൽ ഭിന്നാഭിപ്രായം സ്വഭാവികമാണ്. അത് പല ഇഷ്യൂകളിലും വരാറുണ്ട്. അതിലപ്പുറം, മൊത്തത്തിൽ കേരളത്തിന്റെ വികസന കാഴ്ചപ്പാടുമായി ബന്ധപ്പെട്ട് വലിയൊരു വൈരുധ്യമുണ്ടെന്നുതോന്നുന്നില്ല. ഇടതുപക്ഷം എന്ന നിലയ്ക്കുമാത്രമല്ല, കേരളത്തിൽ ആരാണ് വലതുപക്ഷം, ബി.ജെ.പി ഒഴികെ. കോൺഗ്രസ് അടക്കം ഇടതുപക്ഷം എന്നാണ് പറയുന്നത്. വിശാലമായി നോക്കിയാൽ അത്തരം വലിയ വ്യത്യാസങ്ങളില്ല. പക്ഷെ, സൂക്ഷ്മമായി കാര്യങ്ങളിലേക്ക് വരുന്ന സമയത്ത് പ്രശ്‌നങ്ങളുണ്ടാകാം, അത് പ്രായോഗികതയുടെയും ഐഡിയലിസത്തിന്റെയും പ്രശ്‌നങ്ങൾ തമ്മിലുള്ള വിടവായിരിക്കാം ചിലപ്പോൾ. പരിസ്ഥിതിരംഗത്താണ് ഇത്തരം കോൺഫ്ലിക്റ്റുകൾ വരാറ്​. പ്രാദേശികമായ പരിസ്ഥിതി ഇഷ്യൂകളെ നേരിടുക എന്നത് മെനക്കെട്ട പ്രശ്‌നമാണ്. ഓരോന്നിനും രണ്ടു വശമുണ്ടാകും. രണ്ടു വശങ്ങളും അനലൈസ് ചെയ്ത് തീരുമാനങ്ങളെടുക്കാൻ പലപ്പോഴും ബുദ്ധിമുട്ടാണ്​. അത്തരം കാര്യങ്ങളിലാണ് അഭിപ്രായവ്യത്യാസമുണ്ടാകാറ്. അല്ലാതെ, ബ്രോഡായ തലത്തിൽ, ഐഡിയോളജിക്കൽ വ്യത്യാസമുണ്ടെന്ന് പറയാൻ കഴിയില്ല.

കേരളത്തിന്റെ കോൺടെക്‌സിറ്റിൽ ഇടതുപക്ഷ രാഷ്ട്രീയം വലിയ വിമർശനങ്ങൾക്ക് പാത്രമാകുന്നുണ്ട്. അതായത്, വികസനവുമായും മറ്റും ബന്ധപ്പെട്ട്, വലതുപക്ഷത്തിന്റെ നവലിബറൽ സമീപനങ്ങളാണ് ഇടതുപക്ഷ ഭരണകൂടം പിന്തുടരുന്നത് എന്ന വിമർശനമുണ്ടാകാറുണ്ട്. ഇടതുപക്ഷ രാഷ്ട്രീയത്തിൽ ആരോപിക്കപ്പെടുന്ന ഇത്തരം വ്യതിയാനങ്ങളെ പരിഷത്ത് എങ്ങനെയാണ് കാണുന്നത്? പരിഷത്ത് മുന്നോട്ടുവക്കുന്ന ഇടതുപക്ഷ നിലപാടുകളെ, ഇത് എങ്ങനെയാണ് സ്വാധീനിക്കുന്നത്?

ഈ ചോദ്യത്തിന്, പരിഷത്തിന്റെ വക്താവായി എനിക്ക് മറുപടി പറയാൻ കഴിയില്ല. കാരണം, ഞാനിപ്പോൾ പരിഷത്ത് ഭാരവാഹിയല്ല. പരിഷത്തിനകത്തുതന്നെ ഭിന്നാഭിപ്രായങ്ങളുണ്ടാകാം. ഇടതുപക്ഷത്തിനകത്തും ഭിന്നാഭിപ്രായമുണ്ടാകാം. യഥാർഥ ഇഷ്യൂ അതല്ല. ഗ്രോത്തും സസ്‌റ്റൈനബിലിറ്റിയുമാണ് ഇഷ്യൂ. ഒരുപാട് ആപേക്ഷിക ദാരിദ്ര്യം അനുഭവിക്കുന്ന, ലോവർ മിഡിൽ ക്ലാസിലുമൊക്കെയായി സ്തംഭിച്ചുകിടക്കുന്ന കുറെ മനുഷ്യരുടെ ജീവിതം വളർച്ചയില്ലാതെ മെച്ചപ്പെടുത്താൻ സാധിക്കില്ല. അതോടൊപ്പം, സസ്‌റ്റൈനബിലിറ്റിയുടെ ഇഷ്യൂവുമുണ്ട്. ഗ്രോത്ത് സസ്‌റ്റൈനബിൾ ആണോ എന്ന ആശങ്ക വരുന്നുണ്ട്, പാരിസ്ഥിതിക പ്രശ്‌നങ്ങളിലും മറ്റും. ഇതു രണ്ടും ബാലൻസ് ചെയ്ത് കൊണ്ടുപോകുക എന്നത് വളരെ സ്‌കില്ലോടെ ചെയ്യേണ്ട പ്രവർത്തനമാണ്. അത് ചെയ്യുമ്പോഴാണ് വിവാദങ്ങളുണ്ടാകുന്നത്. ഗ്രോത്തിനുവേണ്ടിയും സസ്‌റ്റൈനബിളിറ്റിക്കുവേണ്ടിയും വാദിക്കുന്നവരുടെ ഭാഗത്ത് ശരികളുണ്ട്. പക്ഷെ, സസ്‌റ്റൈനബിളായ സംഗതികൾക്കുവേണ്ടി ഗ്രോത്ത് വേണ്ട എന്ന് പറഞ്ഞുകഴിഞ്ഞാൽ, അവിടെയാണ് ആരോപണം വരുന്നത്. ഈ പറയുന്നവരെല്ലാം വലിയ കുഴപ്പമില്ലാതെ സുഖമായി ജീവിക്കുന്നവരാണ്, മറ്റുള്ളവരൊക്കെ അങ്ങനെത്തന്നെ കിടന്നോട്ടെയെന്ന് പറയുകയാണ് എന്ന എലീറ്റിസമാണ് സത്യത്തിൽ ഈ ഇന്റലക്ച്വൽസ് പലരും ചെയ്യുന്നത് എന്നതാണ് ആരോപണം. പരിഷത്ത്, ബാലൻസ് ചെയ്യാൻ ശ്രമിക്കുന്ന സംഘടനയാണ് എന്നാണ് തോന്നിയിട്ടുള്ളത്. അതുകൊണ്ടുതന്നെ, എക്‌സ്ട്രീമായ പരിസ്ഥിതിവാദികൾ നമ്മളെ ചീത്ത പറയും, എല്ലാ സൈഡിൽനിന്നും ചീത്ത കേൾക്കുന്ന സംഘടന കൂടിയാണ് പരിഷത്ത്. ബാലൻസ് ചെയ്യാനുള്ള ശ്രമം നടത്തുന്നതുകൊണ്ടാണിത്.

കെ റെയിൽ പെട്ടെന്ന് വലിയൊരു വിവാദ വിഷയമായി മാറി എന്നതുകൊണ്ട് പെട്ടെന്ന് പ്രതികരണം നടത്തേണ്ടിവന്നു എന്നതിലപ്പുറം പരിഷത്ത് അതിൽ അന്തിമമായ നിലപാട് എടുത്തിട്ടുണ്ട് എന്നെനിക്ക് തോന്നുന്നില്ല.

കെ റെയിലാണലോ, സമീപകാലത്ത്, പരിഷത്ത് ഏറ്റെടുത്ത പ്രധാനപ്പെട്ട വിഷയങ്ങളിൽ ഒന്ന്. പരിഷത്ത് ഇതുവരെ പിന്തുടർന്നുവന്ന ശാസ്ത്രീയ പഠനരീതിയുടെ അടിസ്ഥാനത്തിലല്ലാതെ, ഒരു ഉടൻ പ്രതികരണത്തിന്റെ മട്ടിലാണ് കെ റെയിൽ പാടില്ല എന്ന വാദം തുടക്കത്തിൽ മുന്നോട്ടുവച്ചത് എന്ന് ഇടതുപക്ഷ പാർട്ടികളിൽനിന്നുതന്നെ വിമർശനമുണ്ടായി. സൈലൻറ്​ വാലി പ്രശ്‌നത്തിൽ പോലും എം.കെ പ്രസാദ് പ്രശ്‌നം പരിഷത്തിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടും തുടക്കത്തിൽ സംഘടന ഇടപെടാൻ മടിച്ചിരുന്നുവെന്ന് കേട്ടിട്ടുണ്ട്. ആ മടി, ശാസ്ത്രീയമായ പഠനത്തിനുള്ള സാവകാശം കൂടിയായിരുന്നുവെന്നും പറയാം. അത്തരമൊരു ജാഗ്രതയുടെ അഭാവം, കെ റെയിൽ വിഷയത്തിൽ പരിഷത്തിനുണ്ടായിട്ടുണ്ടോ?

കെ റെയിൽ പെട്ടെന്ന് വലിയൊരു വിവാദ വിഷയമായി മാറി എന്നതുകൊണ്ട് പെട്ടെന്ന് പ്രതികരണം നടത്തേണ്ടിവന്നു എന്നതിലപ്പുറം പരിഷത്ത് അതിൽ അന്തിമമായ നിലപാട് എടുത്തിട്ടുണ്ട് എന്നെനിക്ക് തോന്നുന്നില്ല.

​കെ റെയിൽ വേണ്ട എന്നുതന്നെയല്ലേ പരിഷത്ത് പറയുന്നത്?

തൽക്കാലം അത് നിർത്തിവച്ച്​, പഠിച്ചശേഷം ചെയ്യണം എന്നതിനപ്പുറത്തേക്ക് പരിഷത്ത് പോയിട്ടുണ്ട് എന്നെനിക്ക് തോന്നുന്നില്ല. തുറന്നുപറയാമല്ലോ, ഇക്കാര്യത്തിൽ പരിഷത്തിനകത്തുതന്നെ അഭിപ്രായവ്യത്യാസങ്ങളുണ്ട്. അതുകൊണ്ടുതന്നെ കർശന നിലപാടെന്നും ഇക്കാര്യത്തിൽ എടുത്തിട്ടില്ല. ഇത്തരമൊരു ഇഷ്യൂ വരുന്ന സമയത്ത്, എല്ലാ കാര്യങ്ങളും ആലോചിക്കണം. മറുവശത്താണെങ്കിൽ, ഈ സംഗതി കേരളത്തിന്റെ ഗ്രോത്തിനുവേണ്ടി ഉപയോഗപ്പെടുത്താം? കാസർകോടുനിന്ന് തിരുവനന്തപുരത്തേക്ക് നാലു മണിക്കൂറു കൊണ്ട് എത്താനുള്ള പരിപാടിയെന്ന നിലയ്ക്ക് കെ റെയിലിന് വലിയ പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ല. അതേസമയം, നേരത്തെ സൂചിപ്പിച്ച, പുതിയ തൊഴിലുകളും മറ്റും ഉണ്ടാക്കാൻ കഴിയുന്ന രീതിയിലുള്ള ഗ്രോത്തിന് ഇൻഫ്രാസ്ട്രക്ചർ ആവശ്യമാണ്. അത്തരത്തിലൊരു ഇൻഫ്രാസ്ട്രക്ചർ വരികയാണെങ്കിൽ എങ്ങനെ അത് ഗ്രോത്തായി ട്രാൻസ്‌ലേറ്റ് ചെയ്യപ്പെടും എന്ന കേസ് കുറച്ചുകൂടി നല്ല രീതിയിൽ അവതരിപ്പിച്ചിരുന്നുവെങ്കിൽ, ഇന്നുള്ള അത്ര എതിർപ്പുണ്ടാകുമായിരുന്നില്ല. ഈ വിഷയത്തിലുള്ള കോൺഫ്ലിക്റ്റ് അതാണ്. പാരിസ്ഥിതികമായി കേരളത്തെ കീറിമുറിക്കുന്നു തുടങ്ങിയ വിമർശനങ്ങളോട്, വ്യക്തിപരമായി എനിക്ക് യോജിപ്പില്ല. അതൊന്നും സീരിയസ് ഇഷ്യൂ ആണെന്ന് തോന്നുന്നില്ല. ഏത് പദ്ധതിയാണെങ്കിലും കുറച്ച് പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാകും, മാത്രമല്ല, കെ റെയിൽ അന്തിമമായി കൂടുതൽ ഗ്രീൻ ആയ ട്രാൻസ്‌പോർട്ട് സിസ്റ്റവുമാണ്.

സാമ്പത്തികമായി ഇതിന് ചെലവാക്കപ്പെടുന്നത് എങ്ങനെയാണ്, ഗ്രോത്തും എംപ്ലോയ്‌മെന്റുമൊക്കെയായി ട്രാൻസ്‌ലേറ്റ് ചെയ്യപ്പെടുക എന്നത് കൺവിൻസിംഗായ രീതിയിൽ അവതരിപ്പിക്കപ്പെട്ടിട്ടില്ല എന്നാണ് തോന്നുന്നത്. ഇക്കാര്യങ്ങളിൽ വ്യക്തത വരണം എന്നതിലപ്പുറം കെ റെയിൽ വേണ്ട എന്ന നിലപാട് പരിഷത്ത് എടുത്തിട്ടില്ല.

കെ റെയിലുമായി ബന്ധപ്പെട്ട് പരിഷത്തിൽ അഭിപ്രായവ്യത്യാസമുണ്ടെന്നു പറഞ്ഞല്ലോ. ഏതുതരം വാദഗതികളാണ് ഇതുസംബന്ധിച്ചുണ്ടായത്?

ഈ പറഞ്ഞതുതന്നെയാണ്. പാരിസ്ഥിതികമായ കാര്യങ്ങൾക്ക് മുൻതൂക്കം നൽകുന്നവരുണ്ട്. അതല്ല, ഇഷ്യൂ എന്നു പറയുന്നവരുണ്ട്. ഗേജുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിച്ചാൽ ഇത് പ്രശ്‌നമാകില്ല എന്നു പറയുന്നവരുണ്ട്. ഒരു മൂന്നാം പാത എന്തായാലും വേണം; പക്ഷെ അത് ഇന്നുള്ള ഈ ഗേജിലല്ല എന്ന അഭിപ്രായമുള്ളവരുണ്ട്. അങ്ങനെ വ്യത്യസ്ത നിലപാടുകളുള്ളവരുണ്ട്. എന്നാൽ, കെ റെയിൽ വേണ്ട എന്ന് അന്തിമമായി പരിഷത്ത് പറഞ്ഞിട്ടില്ല.

പരിഷത്തിന്റെ കെ റെയിൽ വിമർശനങ്ങൾ ചർച്ചയായ സമയത്ത്, പരിഷത്ത് തീവ്ര ഇടതുപക്ഷക്കാരുടെ പിടിയിലാണ് എന്നൊരു വിമർശനം, സി.പി.എമ്മിലെ ചില ഉത്തരവാദപ്പെട്ടവർ തന്നെ ഉയർത്തിയിരുന്നു? അത്തരം തീവ്ര ഇടതുപക്ഷക്കാർ പരിഷത്തിലുണ്ടോ?

തീവ്ര ഇടതുപക്ഷക്കാരോ തീവ്ര വലതുപക്ഷക്കാരോ ഉള്ള സംഘടനയല്ല പരിഷത്ത്.

വികസന വിരുദ്ധർ എന്നൊരു ആക്ഷേപം വീണ്ടും പരിഷത്തിനുനേരെ ഉയർന്നത് കെ- റെയിൽ ചർച്ചയുടെ കാലത്താണ്. വികസനത്തെയും പരിസ്ഥിതിയെയും വിരുദ്ധപക്ഷത്തുനിർത്തുന്ന ഒരു സമീപനം കേരളത്തിൽ ശക്തമായി വരുന്നു എന്നുതോന്നുന്നുണ്ടോ?

പാരിസ്ഥിതിക പ്രശ്‌നങ്ങൾ പലപ്പോഴും ലോക്കൽ ആണ്. ഇവ ഉടനടി അവിടെയുള്ള ഏതെങ്കിലും സംഘടനകൾ ഏറ്റെടുക്കും. സ്വഭാവികമായും മറ്റു പലരും അതിനൊപ്പം ചേരും, അതിന് നിർബന്ധിതരാകും. നിങ്ങൾ അഭിപ്രായമൊന്നും പറഞ്ഞില്ലല്ലോ എന്ന് പറഞ്ഞുകൊണ്ടിരിക്കും. എവിടെയെങ്കിലും എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ ഉടൻ പരിഷത്ത് ഒന്നും പറഞ്ഞില്ല എന്ന സമ്മർദമുണ്ടാക്കും. ഞാൻ പരിഷത്ത് പ്രസിഡന്റായിരുന്ന സമയത്തും ഇത്തരം അനുഭവങ്ങളുണ്ടായിട്ടുണ്ട്. ഇത്തരം സമ്മർദങ്ങൾക്കുവഴങ്ങാതെ കാര്യങ്ങൾ പഠിച്ച് ചെയ്യണം എന്നാണ് പരിഷത്ത് നിലപാട്. എന്നാൽ, ഇത് എല്ലായിപ്പോഴും കഴിയണമെന്നില്ല. കാര്യങ്ങൾ പെട്ടെന്ന് പഠിക്കാനൊന്നും പറ്റിയെന്നുവരില്ല. അതുകൊണ്ട്, ചില പ്രാദേശിക പരിഷത്തുകാർ അതിനോടൊപ്പം പോകും. ഉദാഹരണത്തിന്, മാലിന്യ നിർമാർജനം. ഇതിന് ഒരു സംവിധാനമുണ്ടാക്കുകയാണെങ്കിൽ ഉടൻ അതിനെ എതിർക്കുന്ന പ്രവണതയുണ്ട്. അന്തിമമായി ഇത് പരിസ്ഥിതിവിരുദ്ധമായി തീരുകയാണ്. തെരുവുനായ പ്രശ്‌നമെടുക്കുക. ഇവക്ക്​ ഷെൽട്ടർ തുടങ്ങാം എന്നുവക്കുക. ഷെൽട്ടർ തുടങ്ങുന്ന സ്ഥലത്തിനുചുറ്റുമുള്ളവർ ഉടൻ അതിനെതിരെ സമരം തുടങ്ങും. ഇതിനെ ബാലൻസ് ചെയ്ത് എങ്ങനെ കൊണ്ടുപോകും എന്നതാണ് പ്രശ്‌നം. നിർഭാഗ്യവശാൽ കേരളത്തിൽ പരിസ്ഥിതിയുടെ പേരിൽ ഇത്തരം ‘നിഹിലിസ'മാണ് വളർന്നുവരുന്നത്. ചിലപ്പോൾ, പ്രാദേശിക പരിഷത്ത് പ്രവർത്തകർ അതിനൊപ്പം കൂടാറുണ്ടെങ്കിലും ആ ‘നിഹിലിസ'ത്തിനൊപ്പം പരിഷത്ത് മിക്കവാറും പോകാറില്ല. അതുകൊണ്ടുതന്നെ, സർക്കാർ ഏജന്റാണ്, കോർപറേറ്റ് ഏജന്റാണ് എന്നൊക്കെയുള്ള ആക്ഷേപം പരിഷത്ത് കേൾക്കാറുമുണ്ട്.

‘റൈറ്റ് ലൈവ്​ലി ഹുഡ്' വെബ്​സൈറ്റിൽ പരിഷത്തിനെക്കുറിച്ചുള്ള പേജ്​. 1996ൽ ജനറൽ സെക്രട്ടറിയായിരുന്ന ഇ.കെ. നാരായണൻ, പ്രസിഡൻറായിരുന്ന പി.കെ. രവീന്ദ്രൻ

മൂന്നുനാലു ദശകങ്ങളോളമെങ്കിലും കേരള രാഷ്ട്രീയത്തിന് അസന്നിഗ്ധമായ ഒരു ഇടതുപക്ഷ ഛായയുണ്ടായിരുന്നു, ഭരിക്കുന്ന പാർട്ടി ഏതാണെങ്കിലും എന്ന് കേരള പഠനം പറയുന്നുണ്ട്. കേരള രാഷ്ട്രീയത്തിന് ഈ ഇടതുപക്ഷഛായ ഇന്ന് നഷ്ടമായിട്ടുണ്ട് എന്നുകൂടി ഇതിനെ വ്യാഖ്യാനിക്കാമോ?

ഇല്ല, ഒരിക്കലും അങ്ങനെ വ്യാഖ്യാനിക്കാനാകില്ല. നേരത്തെ പറഞ്ഞതുപോലെ, സാമ്പത്തികവളർച്ചയുണ്ടായ ഈ കാലഘട്ടത്തിൽ, എല്ലാ വിഭാഗക്കാരെയും കൊണ്ടുപോകാൻ കഴിഞ്ഞിട്ടുണ്ട് എന്നത് കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഒരു നേട്ടമാണ്. ഇന്ത്യയിൽ ഒരു സംസ്ഥാനത്തിനും ഇത് കഴിഞ്ഞിട്ടില്ല. അതേസമയം, ഏതു സർക്കാർ വന്നാലും നേരിടുന്ന ഒരു പ്രശ്‌നമാണ്, വളർച്ചക്കുവേണ്ടി എന്തു ചെയ്യണം എന്നത്. അതില്ലാതെ, സീറോ ഗ്രോത്തുമായി ഇരുന്നാൽ ജനം വോട്ടുചെയ്യാതെ അവരെ പുറന്തള്ളുകയേ ചെയ്യുകയുള്ളൂ. സോവിയറ്റ് യൂണിയൻ തകരാനുണ്ടായ ഒരു കാരണം, അവിടെ പല രീതിയിലും ജനം ഒരു ഘട്ടം വരെ എത്തി. അഭൂതപൂർവമായ ചരിത്രമാണ് ആദ്യ കാലഘട്ടത്തിൽ സോവിയറ്റ് യൂണിയനുള്ളത്. വിദ്യാഭ്യാസം ലഭിച്ചു, ജീവിതനിലവാരം ഉയർന്നു, പട്ടിണിയില്ലാതായി... ഇതെല്ലാം കഴിഞ്ഞ് ആ ലെവലിൽ സ്ട്രക്കായി, മുന്നോട്ടുപോകാൻ കഴിയാതെയായി. വെസ്‌റ്റേൺ രാജ്യങ്ങളാകട്ടെ മുന്നോട്ടുപോകുന്നു, അവിടെ മാർക്കറ്റിൽ സാധനങ്ങളുണ്ട്, ഇവിടെയാകട്ടെ റേഷനിംഗ് ആണ്. ഇവിടെനിന്ന് മുന്നോട്ടുപോകാൻ സോവിയറ്റ് ഭരണകൂടത്തിന് കഴിഞ്ഞില്ല. അതിന്റെ ഫലം കൂടിയാണല്ലോ, ആ രാജ്യം ഇല്ലാതായത്. ഈ പാഠം പഠിച്ചു എന്ന് ഇന്നത്തെ ചൈനയെ നോക്കിയാലറിയാം. അവിടെ എല്ലാം നല്ലതാണ് എന്നൊന്നുമല്ല പറയുന്നത്. എന്നാൽ, അത് വൻ സാമ്പത്തിക സക്‌സസ് സ്‌റ്റോറിയായി മാറി. പ്രായോഗികമായ ചില നിലപാടുകൾ എടുത്തതുകൊണ്ടുകൂടിയാണിത് സംഭവിച്ചത്. അത്തരം നിലപാടുകൾ എടുക്കുന്നതിനെ പഴിക്കുന്നതിൽ കാര്യമുണ്ട് എന്ന് വ്യക്തിപരമായി എനിക്ക് തോന്നുന്നില്ല.

ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഇ മാഗസിൻ കമ്മറ്റി തൃശൂർ പരിഷത്ത് ഭവനിൽ ചേർന്നപ്പോൾ (2014)

കേരളത്തിലെ മാധ്യമങ്ങളിൽ പരിഷത്ത് വാർത്തയാകാറുള്ളത്, സി.പി.എമ്മുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവാദങ്ങളുടെ പാശ്ചാത്തലത്തിൽ മാത്രമാണ്. ഉദാഹരണത്തിന്, ഈയടുത്ത് കെ റെയിൽ. നമ്മുടെ മാധ്യമങ്ങൾക്ക് പരിഷത്തിനോടുള്ള സമീപനത്തെ എങ്ങനെയാണ് വിലയിരുത്തുന്നത്?

കേരളത്തിലെ മാധ്യമങ്ങൾ സി.പി.എം ഫിക്‌സേറ്റഡ് ആണ്, അവർക്ക് ആകെ ഒരു അജണ്ടയേയുള്ളൂ, സി.പി.എം. അതിനെ ചുറ്റിപ്പറ്റിമാത്രം വാർത്തയുണ്ടാക്കുകയാണ് ചെയ്യുന്നത്. അത്തരം ഇഷ്യൂകളുണ്ടെങ്കിലേ അവർ പരിഗണിക്കുകയുള്ളൂ. കെ റെയിൽ വന്ന സമയത്ത് പരിഷത്തിന് കുറെ പബ്ലിസിറ്റി കിട്ടി. അല്ലാതെ, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ ചെയ്യുന്ന ഒരു കാര്യവും ഒരു മാധ്യമത്തിലും വരില്ല. എന്നിട്ട്, ആൾക്കാര് ചോദിക്കും, പരിഷത്ത് ഇപ്പോൾ ഒന്നും ചെയ്യാറില്ല അല്ലേ എന്ന്. പരിഷത്ത് പ്രവർത്തകർ വിശ്രമമില്ലാതെ പണിയെടുത്തുകൊണ്ടിരിക്കുകയാണ്, അതിനിടയ്ക്കാണ് ഈ ചോദ്യം. വിസിബിലിറ്റി എന്നു പറയുന്ന സാധനം കിട്ടുന്നില്ല. വാർത്താസമ്മേളനം വിളിച്ച് ഒരു കാര്യം പറഞ്ഞാൽ പോലും ചിലർ പ്രസിദ്ധീകരിക്കുക തന്നെയില്ല. ഈ സാഹചര്യത്തിലാണ്, ഓൾട്ടർനേറ്റീവായ മാധ്യമങ്ങൾ വരുന്നത്. ഇന്ന് പരമ്പരാഗതമായ മാധ്യമങ്ങളെ ആശ്രയിക്കേണ്ട ആവശ്യമില്ല. പുതിയ മാധ്യമരീതികളിലൂടെ ജനങ്ങളിലേക്കെത്താൻ ശ്രമിക്കുകയാണ്. അല്ലാതെ, ഇവർക്കുവേണ്ടി ക്യൂ നിൽക്കേണ്ട ആവശ്യം ഞങ്ങൾക്കുമില്ല.

പരിഷത്തിന് കുറെ കൂടി ആളെ കിട്ടണം എന്നാണ് എനിക്കു തോന്നുന്നത്, എക്‌സ്‌പെർട്ട് ആയവരും അതോടൊപ്പം നമ്മുടെ വിഷൻ ഷെയർ ചെയ്യാൻ കഴിയുന്നവരുമായവർ. അതായത്, മനുഷ്യരെല്ലാം ഒന്നാണെന്ന സങ്കൽപം ഷെയർ ചെയ്യുന്ന, എക്‌സ്‌പെർട്ടൈസുള്ള മനുഷ്യരെ കൂടുതൽ നമുക്ക് കിട്ടണം. അതാണ്, പരിഷത്ത് നേരിടുന്ന ഒരു വെല്ലുവിളി.

സോഷ്യൽ മീഡിയയുടെ കാലത്ത്, പുതിയൊരു സോഷ്യൽ മീഡിയ ആക്റ്റിവിസത്തിലേക്ക് പരിഷത്തിന് എങ്ങനെയാണ് വികസിക്കാനാകുക?

അതിന് ശ്രമം നടക്കുന്നുണ്ട്. ഒരുപാട് വാട്‌സ്ആപ് ഗ്രൂപ്പുകളുമൊക്കെയായി ശ്രമിക്കുന്നുണ്ടെങ്കിലും വേണ്ടത്രയില്ല. അംഗത്വത്തിലെ ചെറിയൊരു ഗ്രൂപ്പേ ഫംഗ്ഷനലി ആക്റ്റീവായിട്ടുള്ളൂ. ന്യൂജനറേഷന്റെ ഗ്യാപുമായി ബന്ധപ്പെട്ട വിഷയമുണ്ട്. സാങ്കേതിക ജ്ഞാനത്തിന്റെ പരിമിതികളുള്ളവരുണ്ട്. എങ്കിലും കുറെ കാര്യങ്ങൾ ചെയ്യുന്നുണ്ട്. അവയിൽ പ്രധാനം ലൂക്കയും സയൻസ് കേരള എന്ന യു ട്യൂബ് ചാനലുമാണ്. ഈ പ്ലാറ്റ്‌ഫോമുകളിലൂടെ നിരവധി ചർച്ചകൾ സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ ഫലം കിട്ടാൻ കുറച്ചുകൂടി സമയമെടുക്കും.

പരിഷത്ത് മുന്നോട്ടുവക്കുന്ന ശാസ്ത്രീയാവബോധത്തിലൂന്നിയുള്ള പ്രവർത്തനങ്ങളിൽ പുതിയ കാലത്ത് വരുത്തേണ്ട നവീകരണങ്ങൾ എന്തൊക്കെയാണ്?

ശാസ്ത്രാവബോധം എന്നു പറയുന്നതിൽ, രണ്ട് ഭാഗങ്ങളുണ്ട്. സയൻസിന്റെ ഫാക്റ്റുകളും പുതിയ കണ്ടുപിടുത്തങ്ങളും രീതികളുമെല്ലാം അതിവേഗത്തിലാണ് മാറിക്കൊണ്ടിരിക്കുന്നത്. പ്രത്യേകിച്ച്​, ബയോ ടെക്‌നോളജിയിലും ജിനോമിക്‌സിലുമൊക്കെ. ഇതിന് സാമൂഹിക പ്രസക്തി കൂടിയുണ്ടായിരിക്കും. ജീനോമിക്‌സ് ഉപയോഗിച്ച്​, പണ്ട് മോഹൻജേദാരോവിൽ കുഴിച്ചിട്ടിരുന്ന മൃതദേഹങ്ങളിൽനിന്ന് ഡി.എൻ.എ എടുത്ത് അതിന്റെ ജീനോം നോക്കിയുള്ള പഠനങ്ങൾ നടത്തുന്നു. അതിന്റെ പ്രസക്തി ഭയങ്കരമാണ്, കാരണം, അത് നമ്മുടെ ചരിത്രം പറയുകയാണ്. പല കാര്യങ്ങളും ഈ പഠനത്തിൽ കൂടി പുറത്തുവരും. അടിസ്ഥാന സയൻസ് എത്തിയാലേ ഇതൊക്കെ മനസ്സിലാകൂ. പിന്നെ, അതിന്റെ സോഷ്യൽ ഇംപ്ലിക്കേഷൻസ് എന്താണെന്നുള്ളതാണ്​. ഇത് രണ്ടും വേണം.

മാറിക്കൊണ്ടിരിക്കുന്ന ടെക്‌നോളജി മനസ്സിലാക്കി നമുക്ക് പറഞ്ഞുതരാനുള്ള ആളുകൾ വേണം. സെക്കൻറ്​ സ്‌റ്റേജിൽ, എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ, ലളിതമായി മൊഴിമാറ്റം ചെയ്ത് എത്തിക്കാൻ കഴിവുള്ള എഴുത്തുകാരും പ്രാസംഗികരും വേണം. ഇതൊക്കെ വളർത്തിയെടുക്കുക എന്നതാണ് പുതിയ കാലഘട്ടത്തിലെ വെല്ലുവിളി. പരിഷത്തിന് കുറെ കൂടി ആളെ കിട്ടണം എന്നാണ് എനിക്കു തോന്നുന്നത്, എക്‌സ്‌പെർട്ട് ആയവരും അതോടൊപ്പം നമ്മുടെ വിഷൻ ഷെയർ ചെയ്യാൻ കഴിയുന്നവരുമായവർ. അതായത്, മനുഷ്യരെല്ലാം ഒന്നാണെന്ന സങ്കൽപം ഷെയർ ചെയ്യുന്ന, എക്‌സ്‌പെർട്ടൈസുള്ള മനുഷ്യരെ കൂടുതൽ നമുക്ക് കിട്ടണം. അതാണ്, പരിഷത്ത് നേരിടുന്ന ഒരു വെല്ലുവിളി.

പരിഷത്തിനുനേരെയുള്ള ശാസ്ത്രമാത്രവാദികൾ എന്ന ആക്ഷേപം ഇപ്പോഴും മുടക്കമില്ലാതെ ആവർത്തിക്കപ്പെടുന്ന ഒന്നാണ്​.

ശാസ്ത്രമാത്രവാദികൾ എന്നു പറയുന്നതിൽ വലിയ തെറ്റ് കാണുന്നില്ല. ശാസ്ത്രത്തിന്റെ ഇംപ്ലിക്കേഷൻസ് വളരെ വലുതാണ്. അത്, ഒരിടത്തുതന്നെ നിൽക്കുന്നില്ല. ശാസ്ത്രം നമുക്ക് പറഞ്ഞുതരുന്ന കാര്യങ്ങളുടെ സാമൂഹികമായ ഇംപ്ലിക്കേഷൻസ് എന്താണ് എന്നുള്ളതുകൂടി ആലോചിക്കുമ്പോൾ, പരിഷത്ത് ശാസ്ത്രമാത്രവാദികളൊന്നുമല്ല. അത്, പലതരം അന്ധവിശ്വാസങ്ങൾ പറയുന്നവർ ഉന്നയിക്കുന്ന ആരോപണമാണ്. സയൻസിനെ അരോജകമായ ഒന്നായി കാണുന്നവരുടെ ഈ ആരോപണം ഗൗരവത്തോടെ കാണുന്നില്ല. ▮


കെ. കണ്ണൻ

ട്രൂകോപ്പി എക്സിക്യൂട്ടീവ് എഡിറ്റർ.

ഡോ. കെ.പി. അരവിന്ദൻ

പ്രമുഖ ജനകീയാരോഗ്യ പ്രവർത്തകനും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ സംസ്ഥാന പ്രസിഡന്റുമാണ്. കോഴിക്കോട് മെഡിക്കൽ കോളേജ് പാത്തോളജി ഡിപ്പാർട്ടുമെൻറ്​ മേധാവിയും പ്രൊഫസറുമായിരുന്നു. കോഴിക്കോട്​ ജില്ലാ കോ ഓപ്പറേറ്റീവ്​ ഹോസ്​പിറ്റലിൽ സീനിയർ കൺസൽട്ടൻറ്​ പാത്തോളജിസ്​റ്റ്​. നിരവധി ജേണലുകളിൽ ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി പുസ്തകങ്ങളും പ്രസിദ്ധീകരിച്ചു.

Comments