ഇപ്പോൾ നാട്ടിലെമ്പാടും ഡയോക്‌സിനെക്കുറിച്ചുള്ള എഴുത്തും ചർച്ചകളുമാണ്. ഡയോക്‌സിൻ എന്ന കൊടും വിഷക്കൂട്ടത്തെക്കുറിച്ച് ഇത്ര വിപുലമായ ചർച്ചകൾ നടക്കുന്ന മറ്റൊരു കാലമുണ്ടായിട്ടില്ല. 2005-ൽ ഏലൂരിലെ അന്തരീക്ഷ വായുവിൽ സാധാരണ വായുവിൽ കാണുന്നതിനെക്കൾ 150 ഇരട്ടിയിലധികം ഡയോക്‌സിൻ ഘടകമായ ഹെക്‌സാക്ലോറോ ബ്യൂട്ടാ ഡീൻ (hexachlorobutadiene) അടക്കം കാൻസറിനു കാരണമാകുന്ന അഞ്ച്രാസവിഷങ്ങൾ കണ്ടെത്തിയിട്ടും 2006-ൽ കോഴിമുട്ടയിൽ അപകടകരമായ നിലയിൽ ഡയോക്‌സിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടും ഞങ്ങൾ കുറച്ചുപേർ ആശങ്കപ്പെട്ടതല്ലാതെ വേറെയാരെങ്കിലും ആശങ്ക പങ്കുവച്ചില്ല. എന്തായാലും 17 വർഷം കഴിഞ്ഞ് കേരളത്തിലെ ആളുകൾ ഡയോക്‌സിൻ എന്ന കൊടും വിഷക്കൂട്ടത്തെ കുറിച്ച് ചർച്ച ചെയ്യുന്നതിൽ സന്തോഷമുണ്ട്.
ഡയോക്‌സിനും ഡയോക്‌സിൻ അനുബന്ധ ഘടങ്ങളും
പോളിക്ലോറിനേറ്റഡ് ഡൈബൻസോ ഡയോക്‌സിൻ (PCDD s), പോളിക്ലോറിനേററഡ് ഡൈ ബെൻ സോഫൂറാൻ (PCDFs), പോളിക്ലോറിനേറ്റഡ് ബൈ ഫിനയൽസ് (PCB s) എന്നിവയാണ് പൊതുവെ ഡയോക്‌സിൻ എന്നു പറയുന്നത്. ക്ലോറിന്റെ പത്ത് ആറ്റങ്ങളും ഹൈഡ്രജൻ ആറ്റവും ചേർന്നാണ് PCB s ഉണ്ടാകുന്നത് 8 എണ്ണം വീതം ചേർന്നാണ് PCDDs ഉം, PCDFs ഉം ഉണ്ടാകുന്നത് ഇവയെല്ലാം ഒരുപോലെ ഉഗ്രവിഷങ്ങളാണ്. പോളിക്ലോറിനേറ്റഡ് ബൈ ഫിനയൽസ് അടക്കമുള്ള ഡയോക്‌സിൻ അനുബന്ധ പദാർത്ഥങ്ങളെല്ലാം മനുഷ്യനിർമിതമായ ഉഗ്രവിഷങ്ങളാകയാൽ 2025- ഓടെ ഇവയെ ഭൂമുഖത്തു നിന്ന് നിർമ്മാർജനം ചെയ്യാൻ സ്റ്റോക്ഹോം കൺവെൻഷൻ തീരുമാനമെടുത്തിട്ടുണ്ട്. POPs വിഭാഗത്തിൽപ്പെടുന്നതാണ് ഈ കൊടും വിഷ കൂട്ടം.1980 മുതൽ PC DDs- ന്റെയും PCDF s- ന്റെയും അളവ് കുറക്കാനുളള ശ്രമങ്ങൾ തുടങ്ങി. 2000- മാണ്ടോടെ അതിന്റെ അളവ് 1970 ലേതിതിന് തുല്യമാക്കിയെങ്കിലും നിരവധി രാജ്യങ്ങളിൽ മുലപ്പാലിൽ അടക്കം ഈ വിഷസംയുക്തങ്ങളുടെ അപകടകരമായ സാന്നിദ്ധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. വ്യവസായ നഗരങ്ങളുടെ പ്രവർത്തനവും നഗരമാലിന്യങ്ങളുടെ കത്തിക്കലുമാണ് ഈ കൊടും വിഷക്കൂട്ടത്തിന്റെ ഉറവിടമെന്ന് നമുക്ക് കാണാം.
താരതമ്യേന വ്യവസായങ്ങളില്ലാത്ത രാജ്യങ്ങളിലെ അമ്മമാരുടെ മുലപ്പാലിൽ പോലും ഈ കൊടു വിഷസാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. അതിവേഗം വായുവിലൂടെ സഞ്ചരിക്കാനും കാലങ്ങളോളം പ്രകൃതിയിൽ നിലനിക്കാനുള്ള അതിന്റെ കഴിവുമാണ് ഇത് സൂചിപ്പിക്കുന്നത്. എറണാകുളം ജില്ലയിൽ വ്യവസായ പ്രവർത്തനങ്ങളുടെ ഫലമായി ഇത്തരം വിഷസംയുക്തങ്ങൾ വൻതോതിൽ കലരുന്നുണ്ടാകാം. അതോടൊപ്പം ബ്രഹ്‌മപുരത്തെ മാലിന്യങ്ങൾ കത്തിയതിൽ വൻതോതിൽ PCB s, PCDD s, PCDF s എന്നിവ അപകടകരമാം വിധം അന്തരീക്ഷവായുവിൽ കലർന്നിട്ടുണ്ടാകാം.
വായുവിലേക്കാളുപരി ഭക്ഷ്യശൃംഖല വഴി ഇത് കൂടുതലായി മനുഷ്യരിലെത്താം. ദീർഘകാലം ഈ വിഷസംയുക്തങ്ങൾ പ്രകൃതിയിൽ നിലനിലനിക്കുന്നതിനാൽ ഭക്ഷ്യശൃംഖല വഴി ജീവികളുടെ കൊഴുപ്പിൽ ഈ വിഷസംയുക്തങ്ങൾ അലിഞ്ഞുചേരും. ആ ജീവികളുടെ മാംസം, പാൽ, പാലുല്പന്നങ്ങൾ, പച്ചക്കറി, മൽസ്യം, കക്ക, വെള്ളം എന്നിവയിലൂടെയെല്ലാം ഈ കൊടും വിഷക്കൂട്ടം മനുഷ്യരിലെത്താം. ഇത് മനുഷ്യരിൽ ചർമരോഗങ്ങൾ, ഓർമയെ ബാധിക്കുന്ന രോഗങ്ങൾ, കരൾ - പല്ല് സംബന്ധമായ അസുഖങ്ങൾ, പ്രത്യുല്പാദന സംബന്ധമായ രോഗങ്ങൾ, അന്തസ്രാവി ഗ്രന്ഥികളുടെ പ്രവർത്തനം തടസപ്പെടുത്തുന്ന രോഗങ്ങൾ, ആൺകുഞ്ഞുങ്ങളുടെ എണ്ണത്തിലെ കുറവ്, കാൻസർ, ഹൃദ്രോഗം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ആരോഗ്യപ്രശ്‌നങ്ങൾക്ക് ഈ കൊടും വിഷക്കൂട്ടത്തിന്റെ അധികരിച്ച സാന്നിദ്ധ്യം വഴിവെക്കും.
ബ്രഹ്‌മപുരത്ത് അതിബൃഹത്തായ എപ്പിഡമോളജിക്കൽ സ്റ്റഡിയും സമഗ്രമായ പരിസ്ഥിതി ആഘാതപഠനവും അനിവാര്യമാണ്. അതിൽ മുഴുവൻ ഭക്ഷ്യ പദാർത്ഥങ്ങളും- പാൽ, മത്സ്യം, മാംസം, മുലപ്പാൽ, പച്ചക്കറി, വെള്ളം, മണ്ണ്, സെഡിമെൻറ്, കോഴിമുട്ട, താറാവ് മുട്ട , കോഴിയിറച്ചി തുടങ്ങിയവ പഠന വിധേയമാക്കണം. കാരണം, ബ്രഹ്‌മപുരത്ത് 2009, 2010, 2013, 2014 , 2015, 2019, 2021, 2022, 2023 എന്നിങ്ങനെ ഒമ്പതു പ്രാവശ്യം തീപിടുത്തമുണ്ടായിട്ടുണ്ട്. 2019 ലെ തീ പിടുത്തത്തിന്റെ പ്രശ്‌നം പഠിക്കാൻ PCB CSIR-നെ ചുമതലപ്പെടുത്തിയിരുന്നു. അവരുടെ പഠനപ്രകാരം 2019- ലെ തീപിടുത്തത്തിൽ അന്തരീക്ഷത്തിലെ ഡയോക്‌സിന്റെ അളവ് 50 മടങ്ങ് കൂടുതലാണെന്ന് കണ്ടെത്തി. CSIR - ന്റെ പഠന പ്രകാരം 10.3 Pico grams (one millionth of a gram) of TEQ (Toxic equivalent)- അതായത് ബ്രഹ്‌മപുരത്ത് ഒരു ക്യൂബിക് മീറ്റർ വായുവിൽ 10 മുതൽ 50 മടങ്ങുവരെ കൂടുതലാണ്. ഒരു കിലോ ചാരത്തിൽ 158.5 നാനോഗ്രാം TE Q യും, 6.8 നാനോ ഗ്രാം ടോക്‌സിസിറ്റി ഒരു കിലോ ചതുപ്പിലും (swam P) കണ്ടെത്തിയിട്ടുണ്ട്. 65 കിലോ ശരീരഭാരമുള്ള ഒരു മനുഷ്യന് 1.66 മൈക്രോഗ്രാം ഡയോക്‌സിൻ ഉൾകൊള്ളാനേ കഴിയൂ. എന്നാൽ, 2019ൽ ഏതാണ്ട് 72എം.ജി ഡയോക്‌സിനാണ് തീപിടുത്തത്തിലൂടെ പുറതള്ളപ്പെട്ടത്. അന്ന് അവിടെ 6 ഏക്കറിൽ 20 സെന്റിമീറ്റർ കത്തിയമർന്നപ്പോഴാണ് ഇത്ര ഭീതിതമായ തോതിൽ ഡയോക്‌സിൻ പുറന്തള്ളപ്പെട്ടതെങ്കിൽ 2023 - ൽ കത്തിയമർന്നത് നാലു മീറ്ററിലധികം ആഴത്തിൽ 40 ഏക്കറിനടുത്ത് മാലിന്യങ്ങളാണ്.
അപ്പോൾ എത്രത്തോളം ഡയോക്‌സിനുകൾ പുറംതള്ളപ്പെട്ടിട്ടുണ്ടാകാം. 2019- ലെ കത്തിപ്പിടുത്തത്തിന്റെ പശ്ചാത്തലത്തിൽ നടത്തിയ പഠനത്തിൽ അപകടകരമായ തോതിൽ ഡയോക്‌സിൻ പുറതള്ളപ്പെട്ടതായി കണ്ടെത്തിയതിനെ തുടർന്ന് മണ്ണ്, ജലം, വായു, ഭക്ഷ്യവസ്തുക്കൾ ഇവ ആഴത്തിൽ പഠിക്കാൻ നിർദ്ദേശിച്ചിരുന്നെങ്കിലും മലിനീകരണ നിയന്ത്രണ ബോർഡ് ആ നിർദ്ദേശം അട്ടിമറിച്ചു. അന്നവർ അത് ചെയ്തിരുന്നെങ്കിൽ ഇന്ന് നമ്മുടെ കയ്യിൽ ഇതു സംബന്ധിച്ച് നല്ലൊരു ഡാറ്റയുണ്ടാകുമായിരുന്നു.