വയനാട് ദുരന്തത്തിന്റെ പല കാരണങ്ങൾ

പശ്ചിമഘട്ടത്തിൽ ഉണ്ടാവുന്ന ഉരുൾപൊട്ടലുകളുടെയെല്ലാം പ്രധാന പ്രേരക ഘടകം കുറഞ്ഞ സമയത്തിനുള്ളിൽ പെയ്യുന്ന കൂടിയ അളവിലുള്ള മഴയാണ്. പരിസ്ഥിതിലോല പ്രദേശങ്ങളിൽ നടക്കുന്ന അനധികൃത നിർമ്മാണ പ്രവർത്തികളും ക്വാറികളും നിയന്ത്രിക്കപ്പെടേണ്ടതുണ്ട്. ഏറെക്കാലമായി ഒരിടത്ത് അധിവസിച്ച് പോരുന്ന മനുഷ്യരെ മാറ്റിപ്പാർപ്പിക്കുക എന്നത് പ്രായോഗികമല്ല. ദുരന്ത നിവാരണ വിദഗ്ധനും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ജിയോളജി, പരിസ്ഥിതി ശാസ്ത്ര വകുപ്പിലെ മുൻ പ്രൊഫസറുമായ ഡോ. എസ്.ശ്രീകുമാർ ട്രൂകോപ്പി തിങ്കിനോട് സംസാരിക്കുന്നു.

മുഹമ്മദ് അൽത്താഫ്: കേരളം വീണ്ടും മറ്റൊരു മണ്ണിടിച്ചിൽ ദുരന്തത്തെ അതിജീവിക്കുകയാണ്. വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും വലിയ ദുരന്തമാണ് സംഭവിച്ചത്. മരണസംഖ്യ ഉയർന്നു കൊണ്ടേയിരിക്കുകയാണ്. എന്തു കൊണ്ടാണ് ഇത്തരത്തിലുള്ള പ്രകൃതി ദുരന്തങ്ങൾ കേരളത്തിൽ ഇടയ്ക്കിടെ സംഭവിക്കുന്നത്?

എസ്.ശ്രീകുമാർ: 2018 മുതൽ ഇങ്ങോട്ടുള്ള വർഷങ്ങളിലെല്ലാം കാലാവസ്ഥയിൽ വലിയ മാറ്റം സംഭവിച്ചതായി കാണാം. കാലാവസ്ഥാ മാറ്റമെന്ന് പറയുമ്പോൾ Extreme Rainfall Events വളരെയധികം കൂടിയിട്ടുണ്ട്. പശ്ചിമഘട്ട മേഖലയിൽ കേരളത്തിൽ സംഭവിക്കുന്ന എല്ലാ ഉരുൾപൊട്ടലിന്റെയും ട്രിഗറിങ് ഫാക്ടർ (പ്രേരക ഘടകം) മഴയാണ്.

അതേസമയം ഹിമാലയത്തിൽ സംഭവിക്കുന്ന ഉരുൾപൊട്ടലുകൾ കൂടുതലും ഭൂകമ്പം കൊണ്ട് സംഭവിക്കുന്നതാണ്. കേരളത്തിൽ മഴ തന്നെയാണ് ഉരുൾപൊട്ടലുകൾ സംഭവിക്കാനുള്ള പ്രധാനപ്പെട്ട ട്രിഗറിങ് ഫോഴ്സ്. കോഴിക്കോട് ജില്ലയിലെ പുല്ലൂരാംപാറയിൽ 2012-ൽ വലിയ ഉരുൾപൊട്ടൽ ഉണ്ടായി. വലിയ ആൾനാശം സംഭവിച്ചില്ലെങ്കിലും പുല്ലൂരാംപാറയിൽ ചുറ്റിലും ഉരുൾപൊട്ടൽ ഉണ്ടായി. അതേക്കുറിച്ച് പരിശോധിച്ചപ്പോഴാണ് ഒരു പ്രദേശത്ത് മാത്രം കേന്ദ്രീകരിച്ച് പെയ്ത അതിശക്തമായ മഴയാണ് ഇത്തരം ഉരുൾപൊട്ടലുകൾക്ക് കാരണമാകുന്നതെന്ന് മനസ്സിലാക്കാൻ സാധിച്ചത്.

 പുല്ലൂരാംപാറയിൽ 2012-ലുണ്ടായ ഉരുൾപൊട്ടൽ / Photo: Jaisal TP
പുല്ലൂരാംപാറയിൽ 2012-ലുണ്ടായ ഉരുൾപൊട്ടൽ / Photo: Jaisal TP

ഇങ്ങനെ ഒരു പ്രദേശത്ത് മാത്രം പെയ്യുന്ന മഴ ലഘുമേഘ വിസ്ഫോടനം എന്നോ മേഘ വിസ്ഫോടനം എന്നോ അറിയപ്പെടുന്നു. ഇത്തരത്തിൽ ഒരു പ്രദേശത്ത് കേന്ദ്രീകരിച്ച് പെയ്യുന്ന മഴ ഉരുൾപൊട്ടലുകൾക്ക് ഒരു കാരണമാണ്.

ഏതെങ്കിലും ഒരു ഘടകം മാത്രമല്ല ഉരുൾപൊട്ടലിന് കാരണമാകുന്നത്. ഇതിൽ ഒരുപാട് ഘടകങ്ങളുണ്ട്. മലയുടെ ചെരിവ്, പ്രദേശത്തിന്റെ ഉയരം, മണ്ണിന്റെ ഘടനയും സ്വഭാവവും തുടങ്ങിയ ഘടകങ്ങളെല്ലാം ഉരുൾപൊട്ടലിന് കാരണമാവുന്നു.

സ്വാഭാവികമായ ഘടകങ്ങൾ കൊണ്ട് തന്നെ ഉരുൾപൊട്ടാൻ സാധ്യത നിലനിൽക്കുന്ന സ്ഥലങ്ങളിലാണ് നിർമാണ പ്രവർത്തനങ്ങളും ക്വാറികളും നടത്തുന്നത്. ഇതെല്ലാം ആ പ്രദേശത്ത് ചെറിയ മാറ്റങ്ങൾ വരുത്തുന്നു. മണ്ണിന്റെ ഘടനയിലും പാറകളുടെ ഘടനയിലുമെല്ലാം ഇത്തരം മനുഷ്യ ഇടപെടലുകൾ വലിയ മാറ്റം വരുത്തുന്നു. ഇതിനൊപ്പം ട്രിഗറിങ് ഫോഴ്സായ ശക്തമായ മഴ കൂടി സംഭവിക്കുന്നതോടെ ഉരുൾപൊട്ടൽ ഉണ്ടാകുന്നു. കാലാവസ്ഥാ വ്യതിയാനവും അശാസ്ത്രീയമായ നിർമാണ രീതികളും മനുഷ്യ ഇടപെടലുകളും ഉരുൾപൊട്ടലുകളിൽ കോൺട്രിബ്യൂട്ടിങ് ഫാക്ടർ ആയി മാറുന്നുണ്ട് എന്ന് തന്നെയാണ് കരുതേണ്ടത്.

അതായത്, പശ്ചിമഘട്ട മലനിരകളിലെ, അല്ലെങ്കിൽ ദക്ഷിണേന്ത്യയിലെ ഉരുൾപൊട്ടലുകളും ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ സംഭവിക്കുന്ന ഉരുൾപൊട്ടലുകളും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് പറയേണ്ടി വരില്ലേ?

എസ്.ശ്രീകുമാർ: തീർച്ചയായും. വലിയ ഗ്രാമങ്ങൾ തന്നെ ഒലിച്ചുപോകുന്ന തരത്തിലുള്ള ഉരുൾപൊട്ടലുകളാണ് ഹിമാചൽ, ഉത്തരാഖണ്ഡ് തുടങ്ങിയ പ്രദേശങ്ങളിൽ സംഭവിക്കുന്നത്. അത് വെച്ച് താരതമ്യം ചെയ്യുമ്പോൾ പശ്ചിമഘട്ട മലനിരകളിൽ സംഭവിക്കുന്ന ഉരുൾപൊട്ടലുകൾ വളരെ ഷാലോ ആയിട്ടുള്ളവയാണ്. പക്ഷെ നമ്മുടെ നാട്ടിൽ റിസ്ക് കൂടുതലാണ്.

വയനാട് മുണ്ടക്കൈയിൽ ഉരുൾപൊട്ടിയ സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്ന സന്നദ്ധ പ്രവർത്തകർ
വയനാട് മുണ്ടക്കൈയിൽ ഉരുൾപൊട്ടിയ സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്ന സന്നദ്ധ പ്രവർത്തകർ

ഉത്തരേന്ത്യയിൽ സംഭവിക്കുന്നതിനേക്കാൾ വലിയ നഷ്ടങ്ങൾ ഇവിടെ സംഭവിക്കുന്നു. അതാണ് ഇപ്പോഴും കേരളത്തിൽ സംഭവിച്ചത്. 1984-ൽ വയനാട്ടിൽ ഉരുൾപൊട്ടി, 14 പേരാണ് അന്ന് മരിച്ചത്. അന്നത്തെ കാലത്തെ വലിയൊരു ഉരുൾപൊട്ടലായിരുന്നു ഇത്. എന്നാൽ അന്നത്തെ ജനസഖ്യയും ഇന്നത്തെ ജനസംഖ്യയും പരിശോധിക്കുമ്പോൾ വലിയ വർധനവ് കാണാം. വീടുകളും കെട്ടിടങ്ങളും ഈ പ്രദേശങ്ങളിലെ ആളുകളുടെ എണ്ണവും കൂടിയതോടെ ഒരു ദുരന്തം സംഭവിക്കുമ്പോൾ ഉണ്ടാവുന്ന നഷ്ടത്തിൻെറ തോതും വർധിച്ചിരിക്കുകയാണ്.

നിരന്തരം ചെറുതും വലുതുമായ ഉരുൾപൊട്ടലുകളും മണ്ണിടിച്ചിലും സംഭവിക്കുമ്പോൾ എല്ലാവർക്കുമുള്ള സംശയമാണ് എങ്ങനെയാണ് ഇത്തരം ദുരന്തങ്ങൾ സംഭവിക്കുന്നതെന്നത്. മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഒന്നാണോയെന്നും പലരും ചോദിക്കാറുണ്ട്.

എസ്.ശ്രീകുമാർ: മലഞ്ചെരിവുകളിൽ പലതരത്തിലുള്ള സ്ലോപ് മൂവ്മെന്റുകളാണ് നടക്കുന്നത്. ഇത് പലതരത്തിലാണ് ഉള്ളത്. ചില സ്ഥലങ്ങളിൽ ചെറിയ മണ്ണിടിച്ചിലാണ് സംഭവിക്കുന്നത്. ചില സ്ഥലങ്ങളിൽ മണ്ണും പാറയും നിരങ്ങുകയാണ് ചെയ്യുന്നത്.

ഒരു പ്രതലത്തിലൂടെ ഇത്തരത്തിൽ മണ്ണും പാറയും നിരങ്ങി നീങ്ങുന്നതിനെയാണ് ലാൻഡ്സ്ലൈഡ് എന്ന് പറയുന്നത്. ഒരു സ്ഥലത്ത് നിന്ന് വലിയ പാറകൾ തെന്നി താഴെക്ക് വീഴുന്ന പ്രതിഭാസത്തെയാണ് ശിലാപതനം (Rock Fall ) എന്ന് പറയുന്നത്. ഇതിൽ നിന്നൊക്കെ വിനാശകരമായതാണ് ഇപ്പോൾ സംഭവിച്ച ഉരുൾപൊട്ടൽ (Debris Flow).

 ഒരു സ്ഥലത്ത് നിന്ന് വലിയ പാറകൾ തെന്നി താഴെക്ക് വീഴുന്ന പ്രതിഭാസത്തെയാണ് ശിലാപതനം (Rock Fall ) എന്ന് പറയുന്നത്. ഇതിൽ നിന്നൊക്കെ വിനാശകരമായതാണ് ഇപ്പോൾ സംഭവിച്ച ഉരുൾപൊട്ടൽ (Debris Flow).
ഒരു സ്ഥലത്ത് നിന്ന് വലിയ പാറകൾ തെന്നി താഴെക്ക് വീഴുന്ന പ്രതിഭാസത്തെയാണ് ശിലാപതനം (Rock Fall ) എന്ന് പറയുന്നത്. ഇതിൽ നിന്നൊക്കെ വിനാശകരമായതാണ് ഇപ്പോൾ സംഭവിച്ച ഉരുൾപൊട്ടൽ (Debris Flow).

ചെങ്കുത്തായ മലഞ്ചെരുവിലെ പാറയും, ദ്രവിച്ച പാറയും മണ്ണും മരങ്ങളും എല്ലാം ശക്തിയായ ജലപ്രവാഹത്തോടൊപ്പം താഴേക്ക് പതിക്കുന്ന പ്രതിഭാസമാണിത്. മറ്റൊരു പ്രധാനപ്പെട്ട പ്രതിഭാസമാണ് കേരളത്തിൽ ഇന്ന് പല സ്ഥലങ്ങളിലും സംഭവിക്കുന്ന സോയിൽ പൈപ്പിങ്. ഒരു ഭൂപ്രദേശം ഒന്നായി താഴേക്ക് പതിക്കുന്ന പ്രതിഭാസമാണിത്. വെട്ടുകല്ലുള്ള പ്രദേശങ്ങളിലാണ് ഇത് സംഭവിക്കുന്നത്. ഇങ്ങനെ മലഞ്ചെരുവുകളിലെ പ്രതിഭാസങ്ങളെ പലതരത്തിൽ വേർതിരിക്കാൻ സാധിക്കും.

എന്താണ് സോയിൽ പൈപ്പിങ്? എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്?

എസ്.ശ്രീകുമാർ: 2018-ന് ശേഷം കേരളത്തിൽ വളരെ കൂടുതലായി കണ്ടു വരുന്ന ഒരു പ്രതിഭാസമാണ് സോയിൽ പൈപ്പിങ്. പല സ്ഥലങ്ങളിലും റോഡുകളും വീടുകളും മറ്റ് നിർമാണ പ്രവർത്തികളുമെല്ലാം നടക്കുമ്പോൾ ധാരാളം മരങ്ങൾ വെട്ടുന്നുണ്ട്. മുമ്പ് ഉയർന്ന പ്രദേശങ്ങളിൽ ധാരാളമായി ഉണ്ടായിരുന്ന തേക്ക്, ഈട്ടി പോലുള്ള വലിയ വൃക്ഷങ്ങളുടെ വേരുകൾ താഴോട്ട് പോവുകയും താഴെയുള്ള ഉറച്ച പാറകളിൽ ചെന്ന് മുകളിലുള്ള മേൽമണ്ണിനെ നന്നായി ഘടിപ്പിച്ച് നിർത്തുകയും ചെയ്യും. റൂട്ട് ബോൾട്ടിങ് എന്നാണ് അതിനെ പറയുന്നത്. പണ്ട് കാലത്തുള്ള മരങ്ങൾ അങ്ങനെയായിരുന്നു. എന്നാൽ ഇപ്പോൾ ഇത്തരത്തിലുള്ള ഡീപ്പ് റൂട്ടഡ് മരങ്ങളെല്ലാം വെട്ടി മാറ്റി ഏലം, റബ്ബർ പോലുള്ള ഷാലോ റൂട്ടഡ് മരങ്ങൾ വെച്ച് പിടിപ്പിക്കുന്നു.

ഷാലോ റൂട്ട് മരങ്ങളിലെ വേരുകൾ അധികം താഴോട്ട് പോകുന്നില്ല. അപ്പോൾ മേൽമണ്ണിനെയും താഴെയുള്ള പാറകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന അവസ്ഥ ഇല്ലാതാകുന്നു. മുമ്പുള്ള വലിയ വേരുകളുള്ള മരങ്ങൾ വെട്ടിമാറ്റിയാലും വേരുകൾ മണ്ണിനടിയിൽ തന്നെ ഉണ്ടാകും. അപ്പോൾ വെട്ടുകല്ലുള്ള പ്രദേശങ്ങളിൽ ഇത്തരത്തിൽ മഴ പെയ്യുമ്പോൾ വെള്ളം ഈ വേരുകളിലേക്ക് ഇറങ്ങിച്ചെന്ന് വെട്ടുകല്ലിന്റെ താഴെയുള്ള കളിമണ്ണിൽ എത്തുകയും കളിമണ്ണ് ഒലിച്ചുപോവുകയും ചെയ്യും.

അതോടെ ഭൂമിക്കടിയിൽ ചെറിയ തരത്തിലുള്ള പൈപ്പ് പോലെയുള്ള ഭാഗങ്ങൾ ഉണ്ടാകുന്നു. അങ്ങനെ ഓരോ വർഷവും ഇത് സംഭവിക്കുമ്പോൾ വലിയ അറകൾ പോലെയുള്ള ഭാഗങ്ങൾ ഭൂമിക്കടിയിൽ ഉണ്ടാകുന്നു. അതറിയാതെയാണ് പലപ്പോഴും ഇത്തരം സ്ഥലങ്ങളിൽ വീടുകൾ നിർമിക്കുന്നത്. പിന്നീട് ഏതെങ്കിലും സമയത്ത് ശക്തിയായ മഴ ഉണ്ടാകുമ്പോൾ വെള്ളം ഇതിനകത്തേക്ക് ഇറങ്ങിച്ചെന്ന് മണ്ണ് താഴേക്ക് ഇടിഞ്ഞു പോകുന്നു. കിണറുകളിലും ഇത് സംഭവിക്കുന്നു. ഇങ്ങനെയാണ് വെട്ടുകല്ലുള്ള പ്രദേശങ്ങളിൽ സോയിൽ പൈപ്പിങ് സംഭവിക്കുന്നത്.

പശ്ചിമഘട്ട മലനിരകളിൽ ഇപ്പോൾ അടിക്കടി ഇത്തരത്തിലുള്ള പ്രകൃതി ദുരന്തങ്ങൾ സംഭവിക്കുന്നുണ്ട്. ഇത്തരം ദുരന്തങ്ങളെ എങ്ങനെ വിലയിരുത്തുന്നു?

എസ്.ശ്രീകുമാർ: ഇപ്പോൾ വയനാടിനെയാണ് നമ്മൾ ശ്രദ്ധിക്കുന്നത്. ഇടുക്കി പോലെയുള്ള എല്ലാ ജില്ലകളിലും ഇതുപോലെയുള്ള High Hazard Zone ഉണ്ട്. കണ്ണൂരിലും കോഴിക്കോടും മലപ്പുറത്തുമെല്ലാം ഇത്തരത്തിലുള്ള മേഖലകളുണ്ട്. കർണാടകയിലും തമിഴ്നാട്ടിലും മഹാരാഷ്ട്രയിലുമെല്ലാം ഇത്തരം അപകട സാധ്യതാ പ്രദേശങ്ങളുണ്ട്. കർണാടകയിലേത് നമ്മൾ ഇപ്പോൾ കണ്ട് കഴിഞ്ഞു. വെട്ടുകൽ പ്രദേശങ്ങൾ ധാരാളം ഉള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും നിരവധി ഹൈ ഹസാർഡ് സോണുകൾ ഉണ്ട്.

കർണാടകയിലെ ഷിരൂരിൽ ഉണ്ടായ ഉരുൾപൊട്ടൽ / Photo: Ajmal MK
കർണാടകയിലെ ഷിരൂരിൽ ഉണ്ടായ ഉരുൾപൊട്ടൽ / Photo: Ajmal MK

കഴിഞ്ഞ 30 വർഷത്തോളമായി ഈ മേഖലയിൽ ഗവേഷണം ചെയ്യുന്ന വ്യക്തി എന്ന നിലയിൽ ഞങ്ങളുടെ പഠനങ്ങളിൽ നിന്ന് മനസിലാകുന്നത് ഏതാണ്ട് 100/120 മില്ലി മീറ്ററിൽ കൂടുതൽ മഴ രണ്ടോ മൂന്നോ ദിവസത്തിൽ പെയ്താൽ കേരളത്തിൽ ഉരുൾപൊട്ടൽ സംഭവിക്കുന്നുണ്ടെന്നാണ്. വയനാട്ടിൽ സംഭവിച്ചതും ഇത് തന്നെയാണ്. ഇത്രയും കൂടുതൽ മഴ പെയ്യുമ്പോൾ നമ്മുടെ മറ്റ് പ്രദേശങ്ങളിലെ മലഞ്ചെരിവുകളിലെയും അപകടസാധ്യത തിരിച്ചറിയണം. അതിന് ജില്ലാ ഭരണകൂടങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമെല്ലാം കൃത്യമായ ജാഗ്രത പുലർത്തേണ്ടതുണ്ട്.

ദുരന്ത നിവാരണ അതോറിറ്റിയുടെ വെബ്സൈറ്റിൽ കൊടുത്ത മാപ്പിൽ ഇത്തരത്തിലുള്ള ഒട്ടേറെ ഹൈ ഹസാർഡ് സോണുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. 1:50000 സ്ക്വയർ കിലോമീറ്റർ എന്ന തോതിലാണ് ഇത് ചെയ്തിരിക്കുന്നത്. അവിടെയാണ് പ്രധാന പ്രശ്നം. അതിനെ 1:1000 സ്ക്വയർ കിലോമീറ്റർ എന്നോ 1:5000 സ്ക്വയർ കിലോമീറ്റർ എന്നോ ഉള്ള തോതിലേക്ക് മാറ്റുകയാണെങ്കിൽ സൂക്ഷ്മതലത്തിൽ എല്ലാവർക്കും അത് കാണാനും അതാത് പ്രദേശങ്ങളിൽ മുൻകരുതലുകൾ സ്വീകരിക്കാനും സാധിക്കും. അതുപോലെ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ പുതിയ മാപ്പുകളും തയ്യാറാക്കിയിട്ടുണ്ട്. ഇതെല്ലാം എല്ലാ പഞ്ചായത്തുകൾക്കും റഫറൻസായി എടുക്കാൻ സാധിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി ഇത്തരത്തിൽ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാനും ജനങ്ങളെ ബോധവത്കരിക്കാനും സാധിക്കേണ്ടതുണ്ട്.

ദക്ഷിണേന്ത്യയിലെ അന്തരീക്ഷ താപനിലയും കാലാവസ്ഥയും നിയന്ത്രിക്കുന്നതിൽ പശ്ചിമഘട്ട മലനിരകളുടെ പങ്ക് വളരെ വലുതാണ്. ഈ മലനിരകൾ അതിർത്തിയായി വരുന്ന ആറ് സംസ്ഥാനങ്ങളിലായുള്ള അഞ്ച് കോടിയോളം വരുന്ന ജനങ്ങളും മറ്റ് ജീവജാലങ്ങളും പശ്ചിമഘട്ടത്തെ ആശ്രയിച്ചിരിക്കുന്നു. യുനെസ്കോ തയ്യാറാക്കിയിട്ടുള്ള, അന്താരാഷ്ട്ര തലത്തിൽ തന്നെ ജൈവവൈവിധ്യം സംരക്ഷിക്കേണ്ട മേഖലകളുടെ പട്ടികയിൽ പശ്ചിമഘട്ടമലനിരകളും ഉൾപ്പെടുന്നുണ്ട്. ഈ അർഥത്തിൽ പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണം വലിയ ആവശ്യകതയല്ലേ?

എസ്.ശ്രീകുമാർ: അതിനകത്ത് സംശയമൊന്നുമില്ല. കാരണം നമ്മുടെ പുഴകളുടെയെല്ലാം സ്രോതസ്സുകൾ പശ്ചിമഘട്ട മലനിരകളാണ്. ജൈവവൈവിധ്യത്തിന്റെ കലവറ കൂടിയാണ് ഇത്. പുഴകളിലെ എക്കോ സിസ്റ്റം, പുഴയോരങ്ങളിലെ എക്കോ സിസ്റ്റം, പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട ജലാശയങ്ങളുടെ എക്കോ സിസ്റ്റം ഇതെല്ലാം വളരെ പ്രധാനപ്പെട്ട ഘടകങ്ങളാണ്. ഉരുൾപൊട്ടൽ മാത്രമല്ല, വെള്ളപ്പൊക്കം വന്നു കഴിഞ്ഞാലും ഇതിനെയെല്ലാം ബാധിക്കും.

മുണ്ടക്കൈ ഉരുൾപൊട്ടലുണ്ടായ സ്ഥലത്ത് രക്ഷാപ്രവർത്തകർ
മുണ്ടക്കൈ ഉരുൾപൊട്ടലുണ്ടായ സ്ഥലത്ത് രക്ഷാപ്രവർത്തകർ

പല സ്ഥലങ്ങളിലെയും അധിക വെള്ളത്തിനെ സ്റ്റോർ ചെയ്യുന്നത് പശ്ചിമഘട്ട മലനിരകളിലെ ഇടനാടൻ പ്രദേശങ്ങളിലുള്ള തണ്ണീർത്തടങ്ങളും കായലുകളുമൊക്കെയാണ്. വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകവും ഇതെല്ലാം ആണ്. അപ്പോൾ പുഴകളുടെയും മറ്റ് ജലാശയങ്ങളുടെയും വീതി കുറയുന്നതും വിസ്തൃതി കുറയുന്നതും വെള്ളപ്പൊക്കത്തിന് സാധ്യത കൂട്ടുന്നു. ആ അർഥത്തിൽ പശ്ചിമഘട്ട മലനിരകളുടെയും ഇതിനോട് ചേർന്ന് കിടക്കുന്ന ജലാശയങ്ങളുടെയും സംരക്ഷണം അത്യാവശ്യമാണ്.

വികസനത്തിന്റെ പേരിലും, ഖനനം, വ്യവസായം, ടൂറിസം, വൈദ്യുത നിലയങ്ങൾ എന്നിവയ്ക്ക് വേണ്ടിയും നടന്നുവരുന്ന അതിരുവിട്ട കൈയേറ്റങ്ങൾ പശ്ചിമഘട്ട മലനിരകളെ ദുർബലപ്പെടുത്തുകയല്ലേ?

എസ്.ശ്രീകുമാർ: 2018-നു ശേഷം സംഭവിച്ച കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ നിരീക്ഷിക്കുമ്പോൾ പശ്ചിമഘട്ട മലനിരകൾ ദുർബലാവസ്ഥയിലാണെന്ന് കാണാൻ സാധിക്കും. ഇപ്പോൾ സംഭവിച്ച ദുരന്തങ്ങളെല്ലാം കാണിക്കുന്നത് നമുക്ക് ഈ വലിയ പ്രൊജക്ടുകൾ താങ്ങാൻ പറ്റുമോ എന്നാണ്. ഇതെല്ലാം നമ്മുടെ സ്വപ്നപദ്ധതികൾ തന്നെയാണ്. ജനങ്ങൾ മറ്റ് സ്ഥലങ്ങളിലെ പോലെ, ഇവിടെ നല്ല റോഡുകളില്ല എന്ന തരത്തിൽ മുറവിളി കൂട്ടുന്നതിനാൽ ഭരണാധികാരികൾ തങ്ങൾക്ക് പറ്റുന്ന തരത്തിലുള്ള വികസന പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിക്കും. പക്ഷെ, ഇപ്പോൾ ദുരന്തങ്ങൾ ആവർത്തിക്കുന്നത് ഗൗരവത്തോടെ കാണേണ്ടതുണ്ട്. വികസന പ്രവർത്തനങ്ങൾ നടത്തുമ്പോൾ അത് പ്രകൃതിക്ക് താങ്ങാൻ പറ്റുന്നതാണോ എന്ന് കൂടി ചിന്തിക്കേണ്ടതുണ്ട്.

മലയോര മേഖലയിൽ ഒരു റോഡ് നിർമിക്കുമ്പോൾ 40 ഡിഗ്രിയിലുള്ള കുന്നുകളെല്ലാം ഇടിച്ചാണ് നിർമാണം നടക്കുന്നത്. ഇവിടെയെല്ലാം പലപ്പോഴും 90 ഡിഗ്രിയിലൊക്കെയാണ് മല ഇടിക്കുന്നത്. ശക്തമായ മഴപെയ്യുകയും വലിയ വാഹനങ്ങൾ അതിലെ പോവുകയും ചെയ്യുമ്പോഴുള്ള ചെറിയ പ്രകമ്പനങ്ങൾ പോലും മണ്ണിടിച്ചിലിന് വഴിവെക്കാം എന്നാണ് മനസ്സിലാക്കാൻ സാധിച്ചിട്ടുള്ളത്. നമുക്ക് ചില ഉദാഹരണങ്ങൾ നോക്കാം. 2013-ൽ ആണെന്നാണ് എന്റെ ഓർമ. കൊച്ചി - മധുര റോഡിൽ ഒരു ചെറിയ മണ്ണിടിച്ചിൽ സംഭവിച്ചു. അപ്പോൾ തന്നെ വലിയ ജെ.സി.ബിയെത്തി ആ മണ്ണും മറ്റുമെല്ലാം മാറ്റിക്കൊണ്ടിരിക്കുകയായിരുന്നു. ആ പ്രവർത്തി നടന്നു കൊണ്ടിരിക്കുമ്പോൾ തന്നെ മെഷീനിന്റെ പ്രകമ്പനം കൊണ്ടെല്ലാമായിരിക്കാം തൊട്ടടുത്ത് വലിയ ഉരുൾപൊട്ടൽ ഉണ്ടാവുകയും സമീപത്തെ ചായക്കടയിൽ ഉണ്ടായിരുന്ന മൂന്ന് പേർ മരിക്കുകയും ചെയ്തു.

മലയോര മേഖലയിൽ ഒരു റോഡ് നിർമിക്കുമ്പോൾ 40 ഡിഗ്രിയിലുള്ള കുന്നുകളെല്ലാം ഇടിച്ചാണ് നിർമാണം നടക്കുന്നത്. / Photo: Johaan Yesudasan
മലയോര മേഖലയിൽ ഒരു റോഡ് നിർമിക്കുമ്പോൾ 40 ഡിഗ്രിയിലുള്ള കുന്നുകളെല്ലാം ഇടിച്ചാണ് നിർമാണം നടക്കുന്നത്. / Photo: Johaan Yesudasan

മഴയുള്ള സമയങ്ങളിൽ ക്വാറികളിലെ പ്രകമ്പനങ്ങളും അപകട സാധ്യത ഉണ്ടാക്കുന്നതാണ്. അതുകൊണ്ടാണ് മൺസൂൺ കാലങ്ങളിൽ ക്വാറികൾ പ്രവർത്തിക്കരുതെന്ന് കർശനമായി ജില്ലാഭരണകൂടം പറയുന്നത്. ഇത്തരത്തിലുള്ള ഇടപെടലുകൾ നടത്തുമ്പോഴും എവിടെയെങ്കിലും മഴക്കാലത്ത് ക്വാറികൾ പ്രവർത്തിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം. പ്രത്യേകിച്ച് പ്രാദേശിക ഭരണകൂടമാണ് ഇത്തരം കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടത്.

വികസനം എന്നാൽ ഇത്തരം നിർമാണപ്രവർത്തികൾ മാത്രമാണ് എന്ന ചിന്തയിൽ നിന്ന് എന്തുകൊണ്ടാണ് ഭരണകൂടങ്ങൾ മാറാത്തത്?

എസ്.ശ്രീകുമാർ: മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് നമുക്ക് വലിയ പരിമിതികളുണ്ട്. അതുകൊണ്ട് തന്നെ വികസനം വേണ്ട എന്നൊന്നും പറയാൻ പറ്റില്ലെങ്കിലും വികസനം നടത്തുമ്പോൾ സേഫ്റ്റി പ്രധാന കാര്യമായിരിക്കണം. ഷിരൂരിലടക്കം സംഭവിച്ചത് അതാണ്. അതുകൊണ്ട് വികസനം എന്നുപറയുന്നത് സുരക്ഷയെ പരിഗണിച്ച് കൊണ്ട് മാത്രമെ നടത്താൻ പാടുള്ളൂ. സുരക്ഷ ആയിരിക്കണം വികസനങ്ങളുടെ മുഖമുദ്ര. സേഫ്റ്റി കണക്കാക്കി ഇൻവെസ്റ്റ് ചെയ്യാൻ ഭരണകൂടം തയ്യാറാകണം. നിലവിൽ സേഫ്റ്റിക്ക് പ്രാധാന്യം കൽപ്പിക്കാത്തതാണ് പല ദുരന്തങ്ങളുടെയും കാരണം. ഏത് വികസനം നടത്തുമ്പോഴും സേഫ്റ്റിയ്ക്ക് പ്രാധാന്യം നൽകുമ്പോൾ കൂടുതൽ ഫണ്ട് വേണ്ടി വരും. ആ ഫണ്ട് വിനിയോഗിക്കാൻ കഴിയുമെങ്കിൽ മാത്രം ഇത്തരം വികസനങ്ങൾ നടത്തിയാൽ മതി.

മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ് കരിങ്കൽ ക്വാറികൾ. കേരളത്തിൽ ധാരാളം കരിങ്കൽ ക്വാറികളുണ്ട്. ഇവയ്ക്ക് അനുമതി നൽകുന്നതിന് നിബന്ധനകൾ നിലനിൽക്കുമ്പോഴും ക്വാറികളുടെ പ്രവർത്തനത്തിൽ നിയമലംഘനങ്ങൾ സംഭവിക്കുന്നില്ലേ?

എസ്.ശ്രീകുമാർ: നിബന്ധനകൾ വെച്ചുകൊണ്ട് മാത്രമേ ക്വാറികളെ പ്രവർത്തിപ്പിക്കാൻ പാടുള്ളൂ. നമുക്ക് സംസ്ഥാനത്ത് സ്റ്റേറ്റ് എൻവയോൺമെൻറൽ അപ്രൈസൽ കമ്മിറ്റിയുണ്ട്. ജില്ലാ ജിയോളജി വകുപ്പിന്റെ പെർമിഷനും പലതലത്തിൽ നിന്നുള്ള എൻ.ഒ.സി സർട്ടിഫിക്കറ്റുകളും പരിശോധിച്ച ശേഷമാണ് ഈ കമ്മിറ്റി ക്വാറികൾക്ക് അനുമതി നൽകുന്നത്. ഞാൻ കഴിഞ്ഞ മൂന്ന് വർഷം ആ കമ്മിറ്റിയിൽ അംഗമായിരുന്നു. അവിടെ ക്വാറി ഉടമകൾ കൃത്യമായി നോംസ് പാലിച്ചിട്ടുണ്ടോ എന്ന് മാത്രമെ അപ്രൈസൽ കമ്മിറ്റിക്ക് നോക്കാൻ കഴിയുകയുള്ളൂ. ക്വാറികൾ വെടിമരുന്ന് ഉപയോഗിക്കുന്നതിൽ ഒരു പരിധിയുണ്ട്. അതനുസരിച്ച് മാത്രമെ പാറപൊട്ടിക്കാൻ പാടുള്ളൂ. കൃത്യമായി നോംസ് പാലിക്കണമെങ്കിൽ ക്വാറി ഉടമയെ സംബന്ധിച്ച് വലിയ സാമ്പത്തിക ചിലവ് വരും. പുതിയ നിയമം വരുന്നതിന് മുമ്പ് വെർട്ടിക്കലായി കുഴിച്ചു വെക്കാറായിരുന്നു പതിവ്. എന്നാൽ ഇന്ന് അങ്ങനെയല്ല. അതനുസരിച്ച് മാത്രമെ ക്വാറികൾ പ്രവർത്തിപ്പിക്കാൻ സാധിക്കുകയുള്ളൂ. ഇതൊക്കെ നടക്കുന്നുണ്ടോ എന്ന് നോക്കി മാത്രമെ ക്ലിയറൻസ് കൊടുക്കാൻ സാധിക്കുകയുള്ളൂ. പിന്നെ ഹൈ ഹസാർഡ് സോണിൽ ആണ് ഈ ക്വാറി വരുന്നതെങ്കിലും അനുമതി കൊടുക്കാറില്ല.

ക്വാറികൾ വെടിമരുന്ന് ഉപയോഗിക്കുന്നതിൽ ഒരു പരിധിയുണ്ട്. അതനുസരിച്ച് മാത്രമെ പാറപൊട്ടിക്കാൻ പാടുള്ളൂ.  / Photo: Rejish V R
ക്വാറികൾ വെടിമരുന്ന് ഉപയോഗിക്കുന്നതിൽ ഒരു പരിധിയുണ്ട്. അതനുസരിച്ച് മാത്രമെ പാറപൊട്ടിക്കാൻ പാടുള്ളൂ. / Photo: Rejish V R

ഹൈ ഹസാർഡ് സോണിൽ അല്ലെങ്കിലും സൈറ്റ് സന്ദർശിക്കുമ്പോൾ അവിടെ ദുരന്ത സാധ്യത ഉണ്ടെന്ന് കണ്ടുകഴിഞ്ഞാലും ക്വാറി പെർമിഷൻ കൊടുക്കാതിരിക്കാം. പീരുമേട്ടിൽ ഒരു ക്വാറിക്ക് അങ്ങനെ ഹൈ ഹസാർഡ് സോൺ അല്ലാതിരുന്നിട്ടും അപകട സാധ്യത കണ്ട് ഞാൻ പെർമിഷൻ നൽകിയിരുന്നില്ല. പക്ഷെ, പെർമിഷൻ നൽകിയ ശേഷം മോണിറ്ററിങ്ങിനുള്ള സംവിധാനം ഇപ്പോഴും ഇല്ല. ക്വാറികൾക്ക് അഞ്ചും പതിനാലും വർഷത്തേക്കെല്ലാമാണ് ലീസ് നൽകുന്നത്. ആ കാലയളവിൽ പെർമിഷൻ നൽകിയ ശേഷം അവർ എന്താണ് അവിടെ ചെയ്യുന്നത് എന്ന് മോണിറ്റർ ചെയ്യാനുള്ള സംവിധാനം ഇപ്പോഴുമില്ല. അങ്ങനെ ഒരുപാട് പരാതികൾ പ്രദേശവാസികളിൽ നിന്നെല്ലാം ലഭിക്കാറുണ്ട്. ഇങ്ങനെയെല്ലാമുള്ള ചില ലൂപ്ഹോൾസ് ഇതിനകത്തുണ്ട്.

പശ്ചിമഘട്ടമലനിരകളിലെ ഉരുൾപൊട്ടൽ സാധ്യത എത്രത്തോളമാണ്?

എസ്.ശ്രീകുമാർ: വയനാട് തന്നെ നോക്കുമ്പോൾ, ജില്ലയിലെ നല്ല ശതമാനം പ്രദേശങ്ങളും ഹൈ ഹസാർഡ് സോണിലാണ്. വയനാട്ടിലെ 21% പ്രദേശങ്ങളും ക്രിട്ടിക്കൽ സോൺ ആണ്. 1043 സ്ക്വയർ കിലോമീറ്റർ മീഡിയം സോണിലാണ്. 640 സ്ക്വയർ കിലോമീറ്ററിൽ മാത്രമേ കുറഞ്ഞ ദുരന്ത സാധ്യതയുള്ളൂ. ഇത്രയും പ്രദേശങ്ങൾ വയനാട്ടിൽ മാത്രമാണ്. ഇതുപോലെ എല്ലാ ജില്ലകളിലും ദുരന്ത നിവാരണ വകുപ്പിന്റെ മാപ്പിൽ അപകട സാധ്യതയുള്ള സ്ഥലങ്ങൾ കാണാം. ഇതാണ് പ്രധാന പ്രശ്നം. ഹൈ ഹസാർഡ് സോൺ ആണെങ്കിലും വയനാട്ടിൽ ആളുകൾക്ക് താമസിക്കാൻ സ്ഥലം വേണമല്ലോ. പ്രായോഗികമായ പ്രശ്നം ഇതാണ്.

അവിടെയാണ് ഭരണകർത്താക്കൾക്കുള്ള പ്രധാന പ്രശ്നം. ഇപ്പോൾ ദുരന്തം സംഭവിച്ച മുണ്ടക്കൈ ഹൈഹസാർഡ് സോണാണ്. അവിടെ 400ഓളം കുടുംബങ്ങളാണ് ഉള്ളത്. സുഗമമായി വർഷങ്ങളായി അവർ അവിടെ താമസിച്ചു വന്നതാണ്. അവരെയെല്ലാം മാറ്റിതാമസിപ്പിക്കുക എന്നത് നടക്കുന്ന കാര്യമാണോ? അവിടെയാണ് പ്രായോഗിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നത്. അപ്പോഴാണ് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടെല്ലാം പ്രധാനപ്പെട്ടതാകുന്നത്. അതാണ് നടക്കേണ്ടത്. അതാണ് നടപ്പാക്കേണ്ടത്. എന്നാൽ നടപ്പാക്കാൻ ശ്രമിക്കുമ്പോഴെല്ലാം വലിയ പ്രക്ഷോഭങ്ങൾ നടക്കുന്നു. അപ്പോൾ ഏത് ഭരണാധികാരികളും അതിൽ നിന്ന് പിന്മാറും. അതാണ് ഇവിടെ നടക്കുന്നത്. എന്റെ കാഴ്ചപ്പാടിൽ ഗാഡ്കിൽ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കുക മാത്രമേ ഒരു മാർഗമായി കാണുന്നുള്ളൂ. പക്ഷെ അത് പ്രായോഗികമാണോ എന്നത് സംശയമാണ്.

ഉരുൾപൊട്ടൽ സാധ്യതാ മാപ്
ഉരുൾപൊട്ടൽ സാധ്യതാ മാപ്

2018-ൽ മാത്രം കേരളത്തിൽ 683 ഉരുൾപൊട്ടലുകൾ ഉണ്ടായെന്നാണ് കണക്ക്. ഇതിനുപുറമെ 516 ചെറുമണ്ണിടിച്ചിലുകൾക്കും കേരളം സാക്ഷിയായി. മനുഷ്യ ഇടപെടൽ കൊണ്ട് മാത്രമാണോ ഉരുൾപൊട്ടലുകളും പ്രളയവും ഇങ്ങനെ ആവർത്തിക്കുന്നത്?

എസ്.ശ്രീകുമാർ: കേരളത്തിൽ റിസ്ക് വളരെ കൂടുതലാണ്. ഹൈ ഹസാർഡ് സോണുകളിലെ ജനസംഖ്യയും വീടുകളുടെ എണ്ണവുമെല്ലാം പ്രശ്നമാണ്. അതുകൊണ്ട് തന്നെ കേരളത്തിൽ മറ്റ് സംസ്ഥാനങ്ങളിൽ ഉള്ളതിനേക്കാൾ റിസ്ക് കൂടുതലാണ്. നമ്മൾ ആ റിസ്ക് അതിജീവിച്ചാണ് പല സ്ഥലങ്ങളിലും ജീവിക്കുന്നത്. അതിനകത്ത് യാതൊരു തർക്കവുമില്ല. പക്ഷെ ജനങ്ങളെ പരിഭ്രാന്തരാക്കിയാലും പ്രശ്നമാണ്.

ഞാൻ 1980- കളിലാണ് ഉരുൾപൊട്ടലുകളെക്കുറിച്ച് പഠിച്ച് തുടങ്ങുന്നത്. എന്റെ പി.എച്ച്.ഡി തിസീസ് തന്നെ ഉരുൾപൊട്ടലുമായി ബന്ധപ്പെട്ടാണ്. 1983-ൽ കേന്ദ്ര സർക്കാരും കേരള സർവകലാശാലയുമായി ചേർന്ന് ഉരുൾപൊട്ടൽ സാധ്യതയുമായി ബന്ധപ്പെട്ട് പഠനം നടത്തി. അതിന് ശേഷം കേരള സർവകലാശാലയിൽ തന്നെ 'മലഞ്ചെരിവുകളിലെ സ്ഥിരത' എന്ന വിഷയത്തിൽ ഞാൻ പി.എച്ച്.ഡി ചെയ്തു. പിന്നീട് കേന്ദ്ര സർക്കാരും കേരള സർവകലാശാലയും ചെയ്ത റിപ്പോർട്ടിന്റെയും എന്റെ പി.എച്ച്.ഡി തീസിസിന്റെയും അടിസ്ഥാനത്തിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇതെല്ലാം പരിഭാഷപ്പെടുത്തി.

ഇക്കാര്യങ്ങൾ വിശദീകരിച്ച് ജനങ്ങളെ ബോധവത്കരിക്കാനുള്ള ശ്രമം നടത്തി. എന്നാൽ അന്ന് ഞങ്ങൾ പ്രതീക്ഷിച്ചത് പോലെയുള്ള ജനപിന്തുണയും സ്വീകാര്യതയും ലഭിച്ചില്ല. റിപ്പോർട്ടുമായി വന്ന് ഓരോ പ്രദേശങ്ങളിലും ഓരോന്ന് പാടില്ല എന്ന് പറയുമ്പോൾ വലിയ പ്രശ്നമാണ് എന്നാണ് ജനങ്ങൾ കരുതിയത്. പക്ഷെ പിന്നീട് 2018-19 കാലഘട്ടം ആയപ്പോഴേക്കും ജനങ്ങളുടെ ഈ മനോഭാവത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. എവിടെ വീട് നിർമിക്കാൻ കഴിയും, എവിടെ കഴിയില്ല എന്നെല്ലാം ജനങ്ങൾ ചോദിച്ച് മനസ്സിലാക്കാൻ തുടങ്ങി. ഇനി ചെയ്യാൻ കഴിയുന്നത് ഒരു വീടോ മറ്റ് നിർമാണ പ്രവർത്തിയോ തുടങ്ങുന്നതിന് മുമ്പ് തന്നെ തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ദുരന്ത നിവാരണ അതോറിറ്റിയുടെ മാപ്പ് പരിശോധിക്കുക എന്നതാണ്. അങ്ങനെ മാപ്പ് അനുസരിച്ച് നിർമാണപ്രവർത്തി നടത്താൻ പറ്റാത്ത സ്ഥലമാണെങ്കിൽ അവിടെ നിർമാണം നടത്താൻ പാടില്ല. അങ്ങനെയുള്ള തിരിച്ചറിവ് ജനങ്ങൾക്ക് ഉണ്ടാകണം.

ഗുജറാത്തിലും ഹിമാലയൻ പ്രദേശത്തും ഭൂകമ്പങ്ങൾ ഉണ്ടായപ്പോൾ ആദ്യ ഘട്ടങ്ങളിൽ ഈ തരത്തിലുള്ള മാർഗനിർദേശങ്ങൾ അംഗീകരിക്കാൻ ജനങ്ങൾ തയ്യാറായിരുന്നില്ല. പിന്നീട് ഫീൽഡിൽ പോയി ജനങ്ങൾക്ക് കൃത്യമായി അവബോധം ഉണ്ടാക്കിയപ്പോൾ അവർ അത് ഏറ്റെടുത്തു. ഭൂകമ്പത്തിനെ റെസിസ്റ്റ് ചെയ്യുന്നത് റൗണ്ട് ഷെയിപ്പ് വീടുകൾ ആണ്. അതെല്ലാം അവരെ പറഞ്ഞ് മനസ്സിലാക്കിയപ്പോൾ അവർ അംഗീകരിച്ചു. അത് തന്നെയാണ് ഇനി കേരളത്തിലും നടത്തേണ്ടത്. നമുക്ക് റിപ്പോർട്ടുകൾക്ക് യാതൊരു കുറവുമില്ല. ഞാൻ തന്നെ നാല് റിപ്പോർട്ടുകൾ ഉണ്ടാക്കിയിട്ടുണ്ട്. ഈ റിപ്പോർട്ടുകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പരിഭാഷപ്പെടുത്തി ജനങ്ങളിലേക്കിറങ്ങി പറഞ്ഞുകൊടുക്കണം. ഞാൻ ഇപ്പോൾ ജോലി ചെയ്യുന്നത് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷനിലാണ് (KILA). ഇത്തരം സ്ഥാപനങ്ങൾക്ക് കേരളത്തിലെ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളെ സഹായിക്കാൻ സാധിക്കും. ദുരന്ത നിവാരണ അതോറിറ്റി അത്തരം പദ്ധതികൾ ആസൂത്രണം ചെയ്യണം.

വയനാട്ടിൽ ഉണ്ടായ ഏറ്റവും വലിയ അഞ്ച് ഉരുൾപ്പൊട്ടലുകളിൽ ഒന്നാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. ഇതിൽ പ്രധാനപ്പെട്ട കാര്യം ഇതിൽ മൂന്ന് തവണയും ഉരുൾപൊട്ടലുണ്ടായത് മുണ്ടക്കൈ മേഖലയിലാണെന്നതാണ്. 2019-ലെ പുത്തുമല ദുരന്തം സംഭവിച്ചിടത്ത് നിന്ന് വളരെയടുത്ത് തന്നെയാണ് ഇപ്പോൾ ഉരുൾപൊട്ടലുണ്ടായത്. വയനാട്ടിൽ ഇനിയൊരു ദുരന്തം സംഭവിക്കാതിരിക്കാൻ നമ്മൾ എന്തെല്ലാമാണ് ചെയ്യേണ്ടത്?

എസ്.ശ്രീകുമാർ: അത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. കേരള ദുരന്ത നിവാരണ അതോറിറ്റിക്ക് ഓറഞ്ച് ബുക്ക് എന്നൊരു ബുക്കുണ്ട്. മഴക്കാലത്തിന് മുമ്പ് പ്രാദേശിക ഭരണകൂടങ്ങളും മറ്റ് ഡിപ്പാർട്ട്മെന്റുകളും ചെയ്യേണ്ട പ്രൊജക്ടുകളാണ് അതിൽ പറയുന്നത്. നീർച്ചാലുകളുടെ വിന്യാസം മാപ്പ് ചെയ്തെടുക്കുക എന്നത് അതിൽ പറയുന്ന പ്രധാനപ്പെട്ട കാര്യമാണ്. നമുക്ക് കോളേജുകളിലെ എൻ.എസ്.എസ് വളണ്ടിയേഴ്സിനെയും ജിയോളജി വകുപ്പിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികളെയുമെല്ലാം ഉൾപ്പെടുത്തി നീർച്ചാലുകളുടെ മാപ്പിങ് നടത്താൻ കഴിയും. അങ്ങനെ ചെയ്യുമ്പോൾ പണ്ടുണ്ടായിരുന്ന നീർച്ചാലുകൾ അപ്രത്യക്ഷമായതും ചിലത് ബ്ലോക്ക് ചെയ്യപ്പെട്ടതായതും കാണാൻ സാധിക്കും. അത്തരം കാര്യങ്ങൾ ഉണ്ടെങ്കിൽ അത് ക്ലിയർ ചെയ്യുന്ന പ്രൊജക്ട് നടപ്പിലാക്കാൻ സാധിക്കണം. മലമ്പ്രദേശങ്ങളിൽ വെള്ളത്തിൻെറ സുഗമമായ ഒഴുക്ക് സാധ്യമാക്കി കൊടുക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. ഒരിക്കൽ ഉരുൾപൊട്ടിയ സ്ഥലങ്ങളിൽ വീണ്ടും ഉരുൾപൊട്ടാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. അതിന് സാധ്യത കൂടുതലുണ്ട്. കാരണം അത് അസ്ഥിരപ്പെട്ടു പോയിട്ടുണ്ടാവും. ഇങ്ങനെ അസ്ഥിരപ്പെട്ട സ്ഥലങ്ങളിൽ പത്ത് വർഷം കഴിഞ്ഞു വീട് വെക്കുന്നത് നിരുത്സാഹപ്പെടുത്തണം.

പശ്ചിമഘട്ട മലനിരകളിൽ വയനാട് എങ്ങനെയാണ് വേറിട്ടു നിൽക്കുന്നത്?

എസ്.ശ്രീകുമാർ: കേരളത്തിൽ പണ്ട് ഏറ്റവും കൂടുതൽ മഴ ലഭിച്ചിരുന്നത് വയനാട്ടിലാണ്. 2015-16 കാലം ആയപ്പോഴേക്കും മഴ തീരെ ലഭിക്കാത്ത പ്രദേശമായി മാറി. പക്ഷെ ഇപ്പൊ അതെല്ലാം മാറി. മഴ കൂടുതലായി കിട്ടുന്നുണ്ട്. വയനാടിന് ഒരുപാട് പ്രത്യേകതയുണ്ട്. വലിയ മലനിരകളും താഴ്വരകളും നിറഞ്ഞ ഒരു പ്രദേശമാണിത്. ഇടുക്കിയിലും ഇത് പോലെ തന്നെയാണ് ഭൂപ്രകൃതി. ഇടുക്കിയും വയനാടും ഏതാണ്ട് ഒരേ സ്വഭാവമാണ് എന്ന് പറയേണ്ടി വരും. പക്ഷെ മലഞ്ചെരിവുകളിലെ ഇടപെടലും ജനസഖ്യയുമാണ് ഇതിനകത്തെ പ്രധാന പ്രശ്നം. വയനാട്ടിലെ ഭൂമിശാസ്ത്രം വളരെ പ്രധാനപ്പെട്ട കാര്യമാണ്. വലിയ മേഘങ്ങൾ മലകളുടെ തലപ്പുകളിൽ തട്ടി അത് മഴയായി മാറാനുള്ള ഭൂമിശാസ്ത്രപരമായ സൗകര്യം കൂടുതലുള്ള സ്ഥലമാണ് വയനാട് എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്.

Comments