ഇന്ത്യയിലെ നഗരങ്ങളിൽ ഇന്ന് നടന്നുകൊണ്ടിരിക്കുന്ന 'ബയോ-മൈനിംഗ്' (Bio-Mining) പ്രക്രിയയെ നാം നോക്കിക്കാണുന്നത് കേവലം ഒരു ശുചീകരണ ദൗത്യമായി മാത്രമാണ്. മറിച്ച്, അതിന് പിന്നിലെ രാഷ്ട്രീയ-സാമ്പത്തിക വശങ്ങളെ നം വായിച്ചെടുക്കാറില്ല. നഗരസഭകൾ 'ലെഗസി വേസ്റ്റ്' (Legacy waste) നീക്കം ചെയ്യുമ്പോൾ, അവിടെ യഥാർത്ഥത്തിൽ സംഭവിക്കുന്നത് നഗരവികസനത്തിന് ഉപയോഗിക്കാൻ കഴിയാതിരുന്ന ഭൂമിയെ സാമ്പത്തിക മൂല്യമുള്ളതാക്കി മാറ്റുന്ന 'അർബൻ ലാൻഡ് റീക്ലമേഷൻ' (Urban Land Reclamation) പ്രക്രിയയാണ്. ഈ പ്രക്രിയയെ ഗവേഷകർ വിശേഷിപ്പിക്കുന്നത് 'ഡിസ്പൊസഷൻ ബൈ ബ്യൂട്ടിഫിക്കേഷൻ' (Dispossession by Beautification) എന്നാണ്; അതായത്, പുറമെ നഗര സൗന്ദര്യവൽക്കരണം എന്ന സദുദ്ദേശ്യം മുന്നോട്ടുവച്ച്, ഭരണകൂടവും മറ്റ് കോർപ്പറേറ്റ് ശക്തികളും ബയോ-മൈനിംഗിനെ ഒരു കുടിയൊഴിപ്പിക്കൽ തന്ത്രമായി ഉപയോഗിക്കുന്ന രീതിയാണിത്.
ഇന്നത്തെ പ്രമുഖ നഗരങ്ങളിലെ ഭൂമിയുടെ ആകെ സ്വഭാവം പരിശോധിക്കുമ്പോൾ വ്യക്തമാകുന്നത്. നഗരവൽക്കരണത്തിന്റെ ആദ്യഘട്ടങ്ങളിൽ ജനവാസ കേന്ദ്രങ്ങളിൽ നിന്ന് അകലെയായിരുന്ന ലാൻഡ്ഫില്ലുകൾ (Landfills), ഇന്ന് നഗരത്തിന്റെ വികാസത്തോടെ തന്ത്രപ്രധാനമായ 'പ്രൈം ലാൻഡുകളായി' മാറിയിരിക്കുന്നു എന്നതാണ്. അഹമ്മദാബാദിലെ പിരാനയിൽ (Pirana) 84 ഹെക്ടർ ഭൂമി ഇത്തരത്തിൽ ബയോ-മൈനിംഗിലൂടെ വീണ്ടെടുത്ത് ഏകദേശം 300 കോടി രൂപ വിപണി മൂല്യമുള്ള വാണിജ്യ ഭൂമിയാക്കി മാറ്റാനുള്ള നഗരസഭയുടെ നീക്കം ഇതിന് ഒരു ഉദാഹരണമായി ചൂണ്ടിക്കാണിക്കാം ഇതുപോലെ ഡൽഹിയിലെ ഗാസിപ്പൂരിലും (Ghazipur) മാലിന്യമലകൾക്ക് ചുറ്റും ദേശീയപാതകളും ആഡംബര ഫ്ലാറ്റുകളും ഉയർന്നതോടെ ഭൂമിവിലയിൽ വൻ വർദ്ധനവാണ് പിൽക്കാലത്ത് രേഖപ്പെടുത്തിയത്.
വിപണിയിൽ ഈ ഭൂമിക്ക് മൂല്യമില്ലാതിരുന്ന കാലം മുതൽ ഈ ചവറ് കൂമ്പാരവുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുകയും ഈ പ്രദേശത്തിനരുകിൽ ജീവിക്കുകയും ചെയ്തിരുന്ന അനൗദ്യോഗിക മാലിന്യത്തൊഴിലാളികൾ (Informal Waste Pickers) ഈ പ്രദേശത്തിന്റെ സ്വാഭാവിക അവകാശികളായിരുന്നെങ്കിലും, ‘ഡിസ്പൊസഷൻ ബൈ ബ്യൂട്ടിഫിക്കേഷൻ’ (Bhan, 2016) എന്ന തന്ത്രത്തിലൂടെ ഇവരെ പുറന്തള്ളി ഭൂമി റിയൽ എസ്റ്റേറ്റ് ലോബികൾക്ക് ഇന്ന് പാകപ്പെടുത്തി. 2016-ലെ സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് ചട്ടങ്ങൾ (SWM Rules, 2016) ഇത്തരം തൊഴിലാളികളുടെ സോഷ്യൽ ഇൻക്ലൂഷൻ രാജ്യത്താകമാനം ഉറപ്പാക്കണമെന്ന് നിഷ്കർഷിക്കുന്നുണ്ടെങ്കിലും പ്രായോഗിക തലത്തിൽ ബയോ-മൈനിംഗ് കരാറുകൾ ഇവരെ സൈറ്റുകളിൽ നിന്ന് പൂർണ്ണമായും പുറന്തള്ളുകയാണ് ചെയ്യുന്നത്. ഇവിടെയാണ് 'ഗ്രീൻ ജെൻട്രിഫിക്കേഷൻ' (Green Gentrification) എന്ന പ്രതിഭാസം പ്രവർത്തിക്കുന്നത്. പരിസ്ഥിതിയെ സംരക്ഷിക്കാനെന്ന പേരിൽ നടത്തുന്ന ഇത്തരം ക്ലീൻ-അപ്പ് ഡ്രൈവുകൾ സത്യത്തിൽ നിലവിലെ ഭൂമിയുടെ ഉപയോഗവിഭാഗം മാറ്റാനായി (Re-zoning) ആസൂത്രണം ചെയ്യപ്പെട്ടതാണ്.

ഗവേഷകർ തങ്ങളുടെ പഠനങ്ങളിൽ ചൂണ്ടിക്കാട്ടുന്നത്, നഗരത്തിലെ ഉപരിവർഗത്തിന്റെ 'വൃത്തിയുള്ള നഗരം' എന്ന സങ്കല്പം പലപ്പോഴും ദരിദ്രരുടെ 'ഉപജീവനത്തിനുള്ള അവകാശത്തെ' (Right to Livelihood) റദ്ദ് ചെയ്തുകൊണ്ടാണ് നിലനിൽക്കുന്നത് എന്നാണ്. പൊതുജനാരോഗ്യത്തിന്റെ പേരിൽ ഈ ഭൂമി വീണ്ടെടുത്ത ശേഷം, നഗരസഭകൾ പലപ്പോഴും ഈ പ്രദേശങ്ങൾ വൻകിട വാണിജ്യ സമുച്ചയങ്ങൾക്കോ പാർക്കുകൾക്കോ വേണ്ടി മാറ്റിവെക്കുകയാണ് ചെയുന്നത് (CSE Report, 2020). ഇത് വികസിത രാജ്യങ്ങളിൽ നാം കണ്ടു വരുന്ന 'ലാൻഡ് മോണിറ്റൈസേഷൻ' (Land Monetization) തന്ത്രത്തിന്റെ ഇന്ത്യൻ പതിപ്പാണ്.
ഈ പ്രക്രിയയിലെ ഏറ്റവും വലിയ യുക്തിഹീനത എന്നത് ഈ തൊഴിലാളികളുടെ അദൃശ്യവൽക്കരണമാണ്. ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന ഖരമാലിന്യത്തിന്റെ 20 മുതൽ 25 ശതമാനം വരെ പുനരുപയോഗ പ്രവർത്തനത്തിന് ആക്കം കൂട്ടുന്നത് ഈ അനൗദ്യോഗിക തൊഴിലാളികളാണ്. എന്നാൽ, 'ബ്യൂട്ടിഫിക്കേഷൻ' പദ്ധതികൾ വരുമ്പോൾ ഇവർ നഗരത്തിന് പുറത്തുള്ള മറ്റു ചേരികളിലേക്ക് മാറ്റിപ്പാർപ്പിക്കപ്പെടുന്നു. ചെന്നൈയിലെ പള്ളിക്കരണൈ (Pallikaranai) ചതുപ്പ് നിലങ്ങൾ ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായി അവിടുത്തെ തൊഴിലാളികൾ നഗരത്തിന് 30 കിലോമീറ്റർ അകലെയുള്ള പെരുമ്പാക്കത്തിലേക്ക് കുടിയൊഴിപ്പിക്കപ്പെട്ടത് ഇതിന്റെ മറ്റൊരു തെളിവാണ്. ഇതോടെ നഗരമധ്യത്തിലെ ഭൂമി റിയൽ എസ്റ്റേറ്റ് ഗ്രൂപ്പുകൾക്ക് പ്രയോജനകരമായ രീതിയിൽ മാറ്റപ്പെടുകയാണുണ്ടാകുന്നത്.
ചുരുക്കത്തിൽ, 'ഡിസ്പൊസഷൻ ബൈ ബ്യൂട്ടിഫിക്കേഷൻ' എന്നത് ഒരു പുതിയ തരം 'ലാൻഡ് ഗ്രാബ്' ആണ്. ഇത് നടപ്പിലാക്കുന്നതാവട്ടെ ക്രമസമാധാന പ്രശ്നങ്ങളിലൂടെയല്ല, മറിച്ച് 'പരിസ്ഥിതി സംരക്ഷണം' എന്ന നിയമപരമായ പഴുതിലൂടെയാണ്. ഈ ഭൂമി കൈമാറ്റങ്ങളുടെയും കരാറുകളിലെ 'ഹിഡൻ ക്ലോസുകളുടെയും' പിന്നിലെ യാഥാർത്ഥ്യം അന്വേഷിക്കേണ്ടത് 2025-ലെ ഇന്ത്യൻ തൊഴിൽ-പരിസ്ഥിതി രാഷ്ട്രീയത്തിൽ അത്യന്താപേക്ഷിതമാണ്.
'റിയൽ എസ്റ്റേറ്റ്' നെക്സസ്
ബയോ-മൈനിംഗ് കരാറുകളിലെ നിയമപരമായ നിബന്ധനകൾ (Tender Conditions) സൂക്ഷ്മമായി പരിശോധിച്ചാൽ വ്യക്തമാകുന്നത്; പലപ്പോഴും 'മാലിന്യം നീക്കം ചെയ്യുക' എന്നത് കരാറിന്റെ ഒരു ഭാഗം മാത്രമാണെന്നതാണ്. പല സ്വകാര്യ-പൊതുപങ്കാളിത്ത (PPP) മോഡലുകളിലും, മാലിന്യം നീക്കം ചെയ്തതിന് ശേഷം വീണ്ടെടുക്കുന്ന ഭൂമിയുടെ നിശ്ചിത ശതമാനം വാണിജ്യ ആവശ്യങ്ങൾക്കായി കരാർ കമ്പനിക്ക് തന്നെ ദീർഘകാല പാട്ടത്തിന് (Lease) നൽകുന്ന 'ഹിഡൻ ക്ലോസുകൾ' ഇന്ന് നിലനിൽക്കുന്നുണ്ട്. ഇതാവട്ടെ ഒരു 'ലാൻഡ് വാല്യൂ ക്യാപ്‌ചർ' (Land Value Capture) എന്ന സാമ്പത്തിക തന്ത്രത്തിന്റെ ഭാഗം കൂടിയാണ്. സർക്കാരിന്റെ പണം ഉപയോഗിച്ച് ഭൂമി ശുദ്ധീകരിച്ച ശേഷം, അതിന്റെ ഗുണഫലം വൻകിട റിയൽ എസ്റ്റേറ്റ് ലോബികളിലേക്ക് എത്തിക്കുന്ന ഈ പ്രക്രിയയിൽ സാധാരണ പൗരരും മാലിന്യനീക്കവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന തൊഴിലാളികളും പൂർണ്ണമായും പുറത്താണ്.
പല സ്വകാര്യ-പൊതുപങ്കാളിത്ത (PPP) മോഡലുകളിലും മാലിന്യം നീക്കം ചെയ്യുക എന്നത് കരാറിന്റെ ഒരു ഭാഗം മാത്രമാണ്. ഇത്തരം ടെൻഡറുകളിൽ 'വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ്' (Viability Gap Funding) എന്ന പേരിൽ, മാലിന്യ നിർമ്മാർജ്ജനത്തിന് നഗരസഭ നൽകുന്ന തുകയ്ക്ക് പുറമെ വീണ്ടെടുക്കുന്ന ഭൂമിയുടെ നിശ്ചിത ശതമാനം വാണിജ്യ ആവശ്യങ്ങൾക്കായി വികസിപ്പിക്കാനുള്ള അധികാരം കരാർ കമ്പനിക്ക് തന്നെ നൽകുന്ന ഒരു രീതി ഇതിൽ നില നിലനിൽക്കാറുണ്ട്. ഇത് യഥാർത്ഥത്തിൽ അറിയപ്പെടുന്നത് 'ലാൻഡ് വാല്യൂ ക്യാപ്‌ചർ' എന്ന സാമ്പത്തിക തന്ത്രം എന്ന നിലക്കാണ് ; അതായത് സർക്കാരിന്റെ പണം ഉപയോഗിച്ച് ഭൂമി ശുദ്ധീകരിച്ച ശേഷം അതിന്റെ മൂല്യവർദ്ധനവ് സ്വകാര്യ കമ്പനികൾ സ്വന്തമാക്കുന്ന രീതിയാണിത്. അതുപോലെതന്നെ 30 മുതൽ 99 വർഷം വരെയുള്ള ദീർഘകാല പാട്ട വ്യവസ്ഥകളിലൂടെ, ഈ ഭൂമിയിൽ ഷോപ്പിംഗ് മാളുകളോ ആഡംബര ഫ്ലാറ്റുകളോ നിർമ്മിക്കാനുള്ള അനുമതി 'മിക്സഡ് ലാൻഡ് യൂസ്' നിയമങ്ങളിലൂടെ കമ്പനികൾ നേടിയെടുക്കുന്നു. അമൃത് 2.0 (AMRUT 2.0) പോലുള്ള പദ്ധതികൾ വഴി ലാൻഡ്‌ഫില്ലുകളെ പണമാക്കി മാറ്റാനുള്ള (Land Monetization) നീക്കം സജീവമാകുമ്പോൾ, പൊതുജനങ്ങൾക്ക് ലഭിക്കേണ്ട ഇടങ്ങൾ നഷ്ടപ്പെടുകയും അവ സ്വകാര്യ ആസ്തികളായി മാറുകയും ചെയ്യുന്നു. ഈ കരാറുകളിലൊന്നും തന്നെ അവിടെ കാലങ്ങളായി ജോലി ചെയ്തിരുന്ന ജീവിച്ചിരുന്ന മാലിന്യത്തൊഴിലാളികളുടെ പുനരധിവാസത്തെക്കുറിച്ച് പരാമർശിക്കാറില്ല. പകരം, കമ്പനികൾക്ക് 'തടസ്സമില്ലാത്ത ഭൂമി' കൈമാറുന്നതിനായി ഭരണകൂടം ഈ തൊഴിലാളികളെ അടിച്ചമർത്തുകയും, പോലീസിനെ ഉപയോഗിച്ച് കുടിയൊഴിപ്പിക്കുകയും ചെയ്യുന്നു. ചുരുക്കത്തിൽ പറഞ്ഞാൽ , ബയോ-മൈനിംഗ് എന്നത് ഒരു സേവനമെന്ന നിലയിൽ നിന്ന് മാറി ഭൂമി കൈക്കലാക്കാനുള്ള ഒരു 'റിയൽ എസ്റ്റേറ്റ് ഡീൽ' ആയി മാറിയിരിക്കുകയാണ്.

മാലിന്യമലകളുടെ രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥ
ഇന്ത്യയിലെ നഗരങ്ങൾ മാലിന്യനിർമ്മാർജ്ജനത്തിനായി പണ്ട് ആശ്രയിച്ചിരുന്ന നിയമ വ്യവസ്ഥകൾ പരിശോധിക്കുമ്പോൾ മനസിലാക്കാനാവുന്നത്, 2000-ലെ മുനിസിപ്പൽ സോളിഡ് വേസ്റ്റ് (MSW) ചട്ടങ്ങൾ കേവലം മാലിന്യം ശേഖരിക്കുന്നതിനും നിക്ഷേപിക്കുന്നതിനും മാത്രമായിരുന്നു മുൻഗണന നൽകിയിരുന്നത് എന്നാണ്. അക്കാലത്ത് നഗരപരിധിക്ക് പുറത്തുള്ള പുറമ്പോക്ക് ഭൂമികളോ ചതുപ്പുകളോ ആയിരുന്നു ലാൻഡ്‌ഫില്ലുകൾക്കായി തിരഞ്ഞെടുത്തിരുന്നത്. എന്നാലാവട്ടെ, 2016-ലെ പുതിയ സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് (SWM) ചട്ടങ്ങൾ വന്നതോടെ ഈ കാഴ്ചപ്പാടിൽ വലിയ മാറ്റമാണ് ഉണ്ടായത്. പുതിയ നിയമം 'ബയോ-മൈനിംഗ്', 'ലാൻഡ് റീക്ലമേഷൻ' എന്നീ പ്രക്രിയകൾക്ക് വലിയ തരത്തിൽ നിയമപരമായ സാധുത നൽകി. ഈ നിയമപരിഷ്കാരം ഒരു പരിധിവരെ പരിസ്ഥിതി സൗഹൃദപരമാണെന്ന് തോന്നിപ്പിക്കുമെങ്കിലും, യഥാർത്ഥത്തിൽ ഇതിന് നഗരമധ്യത്തിലെ വിലപിടിപ്പുള്ള ഭൂമി റിയൽ എസ്‌റ്റേറ്റ് വിപണിയിലേക്ക് തിരികെ എത്തിക്കാനുള്ള ഒരു ഒരു സ്വഭാവമുണ്ട്. തുടർന്ന് വന്ന 2016-ലെ നിയമത്തിൽ മാലിന്യത്തൊഴിലാളികളുടെ സാമൂഹികമായ ഉൾക്കൊള്ളലിനെക്കുറിച്ച് (Social Inclusion) പരാമർശിക്കുന്നുണ്ടെങ്കിലും, പ്രായോഗിക തലത്തിൽ ഇത് നടപ്പിലാക്കുന്നതിൽ നഗരസഭകൾക്ക് കർശനമായ ബാധ്യതകളില്ല എന്നതാണ് മറ്റൊരു അതിശയോക്തി. ഇതേത്തുടർന്നാണ് പല സ്വകാര്യ-പൊതുപങ്കാളിത്ത (PPP) മോഡലുകളിലും മാലിന്യം നീക്കം ചെയ്യുക എന്നത് കരാറിന്റെ ഒരു ഭാഗം മാത്രമായി മാറുകയും, അതിനപ്പുറം ഭൂമി കൈക്കലാക്കാനുള്ള തന്ത്രങ്ങൾ രൂപപ്പെടുകയും ചെയ്തത്.
സ്വച്ഛ് ഭാരത് (SBM 2.0) പദ്ധതിയുടെ ഭാഗമായി കോടിക്കണക്കിന് രൂപയുടെ ഫണ്ടുകൾ നഗരസഭകളിലേക്ക് ഒഴുകിയെത്തിയതോടെ, മാലിന്യസംസ്കരണം ഇന്ന് വെറുമൊരു സേവനമല്ല, മറിച്ച് ഇന്ത്യയിലെ ഏറ്റവും ലാഭകരമായ 'സൺറൈസ് സെക്ടറുകളിൽ' (Sunrise Sectors) ഒന്നായി മാറിയിരിക്കുന്നു. പണ്ട് മുനിസിപ്പാലിറ്റികൾ നേരിട്ട് നടത്തിയിരുന്ന ഈ ശുചീകരണ ജോലികൾ ഇന്ന് വൻകിട കോർപ്പറേറ്റുകളുടെ സാമ്രാജ്യമാണ്. 'ടിപ്പിംഗ് ഫീ' (Tipping Fee) എന്ന പേരിൽ ഓരോ ടൺ മാലിന്യത്തിനും സർക്കാരിൽ നിന്ന് നിശ്ചിത തുക വാങ്ങുന്നതിനൊപ്പം, സംസ്കരണത്തിലൂടെ ലഭിക്കുന്ന പ്ലാസ്റ്റിക്കും ലോഹങ്ങളും വിറ്റ് വീണ്ടും ലാഭം കൊയ്യുന്ന ഒരു 'ഇരട്ട ലാഭ' (Double Profit) മാതൃകയാണ് ഈ കമ്പനികൾ ഇന്ന് പിന്തുടരുന്നത്. ഇന്ത്യയിലെ ബയോ-മൈനിംഗ് വിപണിയിലെ ആധിപത്യം ഉറപ്പിച്ചിരിക്കുന്ന ചില പ്രമുഖ കമ്പനികളുടെ പ്രവർത്തനം പരിശോധിച്ചാൽ ഈ 'വേസ്റ്റ്-ബിസിനസ്' രാഷ്ട്രീയത്തിന്റെ ആഴം വ്യക്തമാകും:
സിഗ്മ ഗ്ലോബൽ എൻവയോൺ (Zigma Global Environ Solutions):
തമിഴ്നാട്ടിലെ ഈറോഡിൽ നിന്ന് തുടങ്ങിയ ഈ കമ്പനി ഇന്ന് ഇന്ത്യയിലെ ലെഗസി വേസ്റ്റ് മാനേജ്‌മെന്റിലെ വൻ ഭീമന്മാരാണ്. കുംഭകോണത്തെ ഒരു ചെറിയ പ്രോജക്റ്റിൽ നിന്ന് പടർന്നു പന്തലിച്ച് ഇന്ന് 16-ലധികം സംസ്ഥാനങ്ങളിൽ ഇവർക്ക് ഈ മേഖലയിൽ വലിയ സ്വാധീനമുണ്ട്. 2023 മുതൽ ഇതുവരെ ഏകദേശം 300 കോടി രൂപയുടെ കരാറുകളാണ് ഇവരുടെ കൈവശം ഉള്ളത്.

റീ സസ്റ്റൈനബിലിറ്റി (Re Sustainability):
പണ്ട് 'രാംകി എൻവിറോ' എന്നറിയപ്പെട്ടിരുന്ന ഈ ഹൈദരാബാദ് കമ്പനി ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പരിസ്ഥിതി മാനേജ്‌മെന്റ് ഗ്രൂപ്പാണ്. ഡൽഹിയിലെയും ഹൈദരാബാദിലെയും പടുകൂറ്റൻ മാലിന്യമലകൾ ഇവർക്ക് വരുമാന സ്രോതസ്സുകളാണ്. പ്രതിവർഷം 6 ദശലക്ഷം ടണ്ണിലധികം മാലിന്യം കൈകാര്യം ചെയ്യുന്ന ഇവർ, മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കുന്ന പ്ലാന്റുകളിലൂടെ (Waste-to-Energy) തങ്ങളുടെ വിപണി വിപുലീകരിക്കുന്നു.
സോണ്ട ഇൻഫ്രാടെക് (Zonta Infratech):
കേരളീയർക്ക് ബ്രഹ്മപുരം തീപിടുത്തത്തിലൂടെ സുപരിചിതമായ പേരാണിത്. കൊച്ചിയിലെ ബയോ-മൈനിംഗിനായി 54 കോടി രൂപയുടെ കരാർ നേടിയെടുത്ത ഇവർ, യഥാർത്ഥത്തിൽ എങ്ങനെയാണ് ഇത്തരം കമ്പനികൾ നഗരങ്ങളെ പ്രതിസന്ധിയിലാക്കുന്നത് എന്നതിന്റെ ഉത്തമ ഉദാഹരണമാണ്. കരാർ വ്യവസ്ഥകൾ പാലിക്കാതെയും ശാസ്ത്രീയമായ സംസ്കരണം നടത്താതെയും മുന്നോട്ട് പോയ സോണ്ടയെ ഒടുവിൽ കരിമ്പട്ടികയിൽ പെടുത്തേണ്ടി വന്നു. കൂടാതെ കൊല്ലം, കണ്ണൂർ കോർപ്പറേഷനുകളിലും സമാനമായ സാഹചര്യങ്ങൾ ഈ കമ്പനിയുമായി ബന്ധപ്പെട്ട് ഉണ്ടായി.
ഓരോ സ്മാർട്ട് സിറ്റി പദ്ധതിയും പടുത്തുയർത്തുന്നത് ആരുടെയൊക്കെയോ കുടിയൊഴിപ്പിക്കലിന് മുകളിലാണെന്ന യുക്തിഭദ്രമായ തിരിച്ചറിവാണ് പുതിയ കാലത്തെ നഗരരാഷ്ട്രീയം ആവശ്യപ്പെടുന്നത്. 'ശുചിത്വം', 'സൗന്ദര്യവൽക്കരണം' എന്നീ ആകർഷകമായ വാക്കുകൾക്ക് പിന്നിൽ മറഞ്ഞിരിക്കുന്നത് ദരിദ്രരെ നഗരത്തിന് പുറത്തേക്ക് തള്ളുന്ന കൃത്യമായ അധികാരതന്ത്രങ്ങളാണ്. ലാൻഡ്‌ഫില്ലുകൾ ശുദ്ധീകരിക്കപ്പെടുമ്പോൾ അവിടെയുള്ള മാലിന്യകൂമ്പാരങ്ങൾ നീക്കം ചെയ്യപ്പെടുന്നുണ്ടെങ്കിലും, ആ മാലിന്യത്തിനൊപ്പം അവിടെ ജീവിതം കെട്ടിപ്പടുത്ത മനുഷ്യരുടെ അധ്വാനവും അവകാശങ്ങളും കൂടി തുടച്ചുനീക്കപ്പെടുകയാണ് ചെയ്യുന്നത്. നഗരമധ്യത്തിലെ പ്രൈം ലാൻഡുകൾ റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് പാകപ്പെടുത്തിയെടുക്കുന്ന ഈ 'ഡിസ്പൊസഷൻ ബൈ ബ്യൂട്ടിഫിക്കേഷൻ' പ്രക്രിയ, ജനാധിപത്യപരമായ നഗരവികസനത്തിന് ഭീഷണിയാണ്. വികസനം എന്നത് കേവലം കെട്ടിടങ്ങളുടെയും പാർക്കുകളുടെയും നിർമ്മാണമല്ല, മറിച്ച് ആ നഗരത്തെ നിലനിർത്തുന്ന അവസാനത്തെ മനുഷ്യരുടെയും ഉപജീവനത്തെയും അന്തസ്സിനെയും സംരക്ഷിക്കലാണെന്ന തിരിച്ചറിവ് ഭരണകൂടങ്ങൾക്ക് ഉണ്ടാകേണ്ടതുണ്ട്.
