ആമസോണിലെ നായയും ഒ.വി. വിജയന്റെ പൂച്ചകളും

ആമസോണില്‍ സാധനം വാങ്ങാനുള്ള തിരച്ചിലിനിടയില്‍ അവരുടെ സൈറ്റിന് എന്തെങ്കിലും സാങ്കേതിക തടസമുണ്ടാവുകയാണെങ്കില്‍ പെട്ടെന്ന് ഒരു നായയുടെ ചിത്രം തെളിയും. അത് ആമസോണിന്റെ ആസ്ഥാനഓഫീസില്‍ ജീവനക്കാര്‍ക്കൊപ്പം എത്തുന്ന പതിനായിരത്തോളം നായകളില്‍ ഒന്നാകുന്നു.

Mixed Bag | മിക്സഡ് ബാഗ്

‘‘ചേട്ടാ പ്രാവ് തലയിട്ട് വെട്ടിക്കുന്നതിന് ഒരു ഗുളികയൊണ്ടല്ല്, പത്ത് രൂപേരെ. വെള്ളത്തി കലക്കി കൊടുക്കണത്. ആ ഗുളികയൊണ്ടാ ചേട്ടാ’’

എന്റെ നായക്ക് മരുന്ന് വാങ്ങാനാണ് മൃഗങ്ങള്‍ക്കുള്ള മരുന്നും മറ്റും വില്‍ക്കുന്ന ആ കടയില്‍ പോയത്. ഈ കൊച്ചു ശബ്ദം കേട്ട് ഞാനൊന്ന് തിരിഞ്ഞു നോക്കി. ഒരു 10-12 വയസ് പ്രായം വരുന്ന മെലിഞ്ഞ ഒരു പയ്യന്‍. ആകെ വിയര്‍ത്തൊലിച്ചിരിക്കുന്നു. അവന് ആകെ വെപ്രാളം.
‘ആ ഗുളികയൊണ്ടാ ചേട്ടാ’, കടയിലെ വില്‍പ്പനക്കാരന്‍ എന്തോ ഗുളികയുടെ പേര് പറഞ്ഞു. അവിടത്തെ പെണ്‍കുട്ടി അത് എടുക്കാനായി അകത്തേക്ക് പോയി.
‘അതിന്റെ പേര് ഒരു കൊച്ച് പേപ്പറീ എഴുതി തരുമോ ചേട്ടാ’, പയ്യന്‍ ചോദിക്കുന്നു.

‘പത്ത് രൂപയല്ല, പതിന്നാല് രൂപയാണ്. വില കൂടി’, കടക്കാരന്‍ പറഞ്ഞപ്പോള്‍ പയ്യന്റെ മുഖത്ത് നിരാശ. അവന്‍ പോക്കറ്റില്‍ തപ്പി ചില്ലറയൊക്കെ എടുത്തിട്ടു. ഭാഗ്യം പൈസ തികയും.

ഞാന്‍ അവനെ ഒന്ന് കൂടി നോക്കി, എന്നിട്ട് ചോദിച്ചു: ‘എത്ര പ്രാവുണ്ട്?’
‘20 എണ്ണമുണ്ട്.’
‘മീനുണ്ടോ?’
‘മീന്‍ ഒരുപാടൊന്നും ഇല്ല. കൊറെയെണ്ണം ഫിഷ് ടാങ്കില്‍ ഇട്ടിറ്റൊണ്ട്. പിന്നെ പട്ടിയുണ്ട്. പൂച്ചയൊണ്ട്.’

Representational Image
Representational Image

ഞാന്‍ ഒന്ന് ചിരിച്ചു.
അവനെന്നെ കൊണ്ടുപോയത് എന്റെ അപ്പര്‍ പ്രൈമറി കാലത്തേക്കാണ്. ആ പ്രായത്തിലാണ് കുട്ടികള്‍ക്ക്, വിശേഷിച്ച് ആണ്‍കുട്ടികള്‍ക്ക് പ്രാവ് വളര്‍ത്തലിലും, മീന്‍ വളര്‍ത്തലിലുമെല്ലാം കമ്പം കയറുന്നത്. മുതലയെ വേണമെങ്കിലും വളര്‍ത്താന്‍ മോഹിക്കുന്ന പ്രായം!

എനിക്ക് അത്രയും ആവേശമില്ലായിരുന്നുവെങ്കിലും ഞാനും ആ വഴിക്ക് കുറെ ശ്രമിച്ചിരുന്നു. പക്ഷേ ഇതില്‍ ഭ്രാന്ത് കയറിയ കുറെ കൂട്ടുകാരുണ്ടായിരുന്നു.
ബ്ലാക്ക് മോളി, സില്‍വര്‍ ഫിഷ്, ഗോള്‍ഡ് ഫിഷ്, ചിലപ്പോള്‍ ടൈഗര്‍. ഇത്രയൊക്കെ മാത്രമാണ് അന്ന് ലഭ്യമായ അരുമ മീനുകള്‍. ഇത് വില കുറഞ്ഞവയാണ്. അതൊക്കെ വാങ്ങാനുള്ള പാങ്ങേ അന്ന് എന്റെ പ്രായത്തിലുള്ള കുട്ടികള്‍ക്കുള്ളൂ. ഇത് വച്ച് കൈമാറ്റം ചെയ്യലാണ് മറ്റൊരു പരിപാടി. ബ്ലാക്ക് മോളി ഉള്ളവന്‍ അതിലൊരു ജോഡി കൊടുത്ത് സില്‍വര്‍ ഫിഷ് വാങ്ങും. മീന്‍ നീന്തുന്ന പോളിത്തീന്‍ കവര്‍ ഒരു കൈയില്‍ പിടിച്ച് ഒറ്റക്കൈ കൊണ്ട് സൈക്കിള്‍ ഹാന്‍ഡില്‍ പിടിച്ച് പാഞ്ഞ രസികന്‍ ബാല്യം!

Photo: Wikimedia Commons
Photo: Wikimedia Commons

ഞങ്ങളുടെ സ്കൂളില്‍ നിന്ന്​ മെഡിക്കല്‍ കോളേജിലേക്ക് പോകാന്‍ ഒരു കുറുക്കു വഴിയുണ്ട്. അവിടെ വയലാണ്. പിന്നെ കുറെ ചെറിയ ജലാശയങ്ങളും തോടും ഒക്കെയുണ്ട്. സമരം ഉള്ള ദിവസവും എന്തെങ്കിലും കാരണത്താല്‍ സ്ക്കൂള്‍ നേരത്തെ വിടുന്ന ദിവസവും ഞങ്ങള്‍ അവിടെ മീന്‍ തേടി പോകും. അച്ഛന്‍ കുളിച്ചിട്ട് ഇട്ട തോര്‍ത്ത് ആരും കാണാതെ അടിച്ചുകൊണ്ട് വന്ന ചില വിരുതന്മാര്‍ അത് വച്ചാണ് മീന്‍ പിടിക്കാന്‍ ശ്രമിക്കുക. കിട്ടുന്നത് മാനത്തുകണ്ണികള്‍ മാത്രമാവും. ചിലപ്പോള്‍ പേരറിയാത്തതും കാണാന്‍ ഭംഗിയുള്ളതുമായ ചില മീനുകളെ കിട്ടിയിട്ടുണ്ട്. പെരുമഴക്കുശേഷം ഏതോ പുഴയില്‍ നിന്നുമൊക്കെ വഴിതെറ്റി വന്നവയാവാം. അത് കിട്ടുന്നവന് വലിയ സന്തോഷമാണ്.

ആ വയലുകള്‍ എല്ലാം നികത്തി. അവിടെ ഫ്ലാറ്റും വീടുകളും വന്നു. ചിലപ്പോള്‍ അന്ന് തോര്‍ത്തിട്ട് മീന്‍ പിടിച്ച പയ്യന്‍മാരില്‍ ചിലര്‍ വളര്‍ന്നുവലുതായി ആ ഫ്ലാറ്റുകളിലൊന്നില്‍ തന്നെ താമസിക്കുന്നുണ്ടാവും. അപ്പോള്‍ അവരുടെ കുഞ്ഞുങ്ങള്‍ അരുമകളായി ആരെ വളര്‍ത്തും?

തകഴിയുടെ വെള്ളപ്പൊക്കത്തിലെ നായയും ടി. പത്മനാഭന്റെ ശേഖൂട്ടിയും കഥകളിലൂടെ നമ്മുടെ കണ്ണ് നനയിച്ചപ്പോള്‍ ഹച്ചിക്കോ എന്ന ജാപ്പനീസ് നായയുടെ യഥാര്‍ത്ഥ ജീവിതം തന്നെ നമ്മുടെ ഹൃദയത്തെ തൊട്ടു. ഇത്രമേല്‍ മനുഷ്യനുമായി ബന്ധം സ്ഥാപിച്ച മറ്റൊരു ജീവി വേറെയില്ല.

Photo: pixfuel
Photo: pixfuel

ആമസോണില്‍ സാധനം വാങ്ങാനുള്ള തിരച്ചിലിനിടയില്‍ അവരുടെ സൈറ്റിന് എന്തെങ്കിലും സാങ്കേതിക തടസമുണ്ടാവുകയാണെങ്കില്‍ പെട്ടെന്ന് ഒരു നായയുടെ ചിത്രം തെളിയും. അത് ആമസോണിന്റെ ആസ്ഥാനഓഫീസില്‍ ജീവനക്കാര്‍ക്കൊപ്പം എത്തുന്ന പതിനായിരത്തോളം നായകളില്‍ ഒന്നാകുന്നു. ആമസോണിന്റെ തുടക്കക്കാലത്ത് അവിടെ ജോലി ചെയ്തിരുന്ന ദമ്പതിമാര്‍ തങ്ങളുടെ നായയെ ഓഫീസില്‍ കൊണ്ടു വന്നത് മുതലാണ് ഈ ബന്ധം തുടങ്ങുന്നത്. വെല്‍ഷ് കോര്‍ഗി ഇനത്തില്‍ പെട്ട അവന്റെ പേര് റൂഫസ് എന്നായിരുന്നു. ഈ അരുമനായയുടെ സാന്നിധ്യം തങ്ങളുടെ ജീവനക്കാരുടെ കാര്യശേഷി വര്‍ധിപ്പിക്കുന്നുവെന്നും അവര്‍ക്ക് മാനസികോല്ലാസം നല്‍കുന്നുവെന്നും മനസിലാക്കിയ കമ്പനി ജീവനക്കാര്‍ക്ക് തങ്ങളുടെ വളര്‍ത്തു നായകളെ ഓഫീസില്‍ കൊണ്ടു വരാന്‍ അനുമതി നല്‍കി. സംഗതി വിജയകരമായി. ഇതിനോടകം റൂഫസ് തന്റെ ആയുസ് പൂര്‍ത്തിയാക്കിയെങ്കിലും ഇന്നും ആമസോണില്‍ അവന്‍ ആദരിക്കപ്പെടുന്നു. അവന്റെ ഓര്‍മ്മയ്ക്കായി സൗത്ത് ലേക്ക് യൂണിയനിലെ ഒരു കെട്ടിടത്തിന് റൂഫസിന്റെ പേരാണ് നല്‍കിയിരിക്കുന്നത്. ഓഫീസില്‍ പലയിടത്തും റൂഫസിന്റെ ചിത്രങ്ങളുമുണ്ട്.

ആമസോണില്‍ നിന്ന്​ പ്രചോദനം ഉള്‍ക്കൊണ്ടിട്ടാവണം ചില ഇന്ത്യന്‍ കമ്പനികളും നായ, പൂച്ച തുടങ്ങിയ അരുമ മൃഗങ്ങളെ ഓഫീസില്‍ കൊണ്ട് വരാനുള്ള അനുമതി നല്‍കുന്നുണ്ട്. ഇവയില്‍ കൂടുതലും സോഫ്റ്റ് വെയര്‍, സേവന മേഖലകളില്‍ ഉള്ളവയാണ്. ഇക്കൂട്ടത്തില്‍ രംഗ് ദേ എന്ന മൈക്രോഫിനാന്‍സ് കമ്പനി അല്‍പം വ്യത്യസ്തമാണ്. അവിടെ ജീവനക്കാര്‍ അരുമകളെ കൊണ്ടു വരുന്നില്ല പകരം ഒരു ജീവനക്കാരന്‍ തെരുവില്‍ നിന്നെടുത്ത ബെറി എന്ന നായ കമ്പനി ജീവനക്കാരുടെ അരുമയായി മാറുകയായിരുന്നു. എല്ലാ ജീവനക്കാരും ബെറിയെ ഓമനിക്കുന്നു, ഭക്ഷണം നല്‍കുന്നു.

ഒല്ലൂരിലെ കണ്മണി എന്ന നായയ്ക്ക് ആദരാഞ്ജലി നേര്‍ന്ന് പ്രദേശത്തുള്ളവര്‍ സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡ്.
ഒല്ലൂരിലെ കണ്മണി എന്ന നായയ്ക്ക് ആദരാഞ്ജലി നേര്‍ന്ന് പ്രദേശത്തുള്ളവര്‍ സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡ്.

കേരളത്തില്‍ ഇത് വരെ അരുമസൗഹൃദ ഓഫീസുകള്‍ ഉണ്ടായിട്ടില്ലെങ്കിലും ചില കവലകള്‍ കേന്ദ്രീകരിച്ച് കച്ചവടക്കാരുടെ സ്നേഹവാല്‍സല്യങ്ങള്‍ നേടി വളരുന്ന ചില നായകളുണ്ട്. ഓരോ കടയുടെ മുമ്പിലും ഓരോ നേരത്ത് അവന്‍ അല്ലെങ്കില്‍ അവളുണ്ടാവും. ഓരോ കടക്കാരും ഊഴം വച്ച് അതിന് ഭക്ഷണം നല്‍കും. ഇങ്ങനെ എല്ലാവരാലും സ്നേഹിക്കപ്പെട്ട് വളര്‍ന്ന ചില നായകള്‍ മരണമടയുമ്പോള്‍ ആദരാഞ്ജലികള്‍ എന്നെഴുതി അതിന്റെ പേരും ചിത്രവും ഉള്‍പ്പെടുന്ന ഫ്ലക്സുകള്‍ പല കവലകളിലും കാണാനിടയായിട്ടുണ്ട്. അരൂര്‍ പൊലീസ് സ്റ്റേഷനില്‍ അരുമയായി സൂസി എന്ന തെരുവുനായ ഉണ്ടായിരുന്നു. അവളുടെ മരണം പൊലീസുകാരെ വല്ലാതെ ഉലച്ചുകളഞ്ഞു എന്ന വാര്‍ത്ത വായിച്ചത് ഓര്‍ക്കുന്നു. പശ്ചിമബംഗാളില്‍ ഇതുപോലെ തൃണമൂല്‍ കോണ്‍ഗ്രസ് ഓഫീസില്‍ അഭയം തേടിയെത്തിയ ഒരു നായ പിന്നീട് ആ തെരുവിന്റെ തന്നെ അരുമയായി മാറി. ടോമി എന്ന പേരുള്ള അവന്‍ വണ്ടി തട്ടി മരണമടഞ്ഞപ്പോള്‍ ഗ്രാമീണര്‍ അനുശോചന യോഗവും ചേര്‍ന്നത്രെ!

ടോമിയുടെ അനുശോചന യോഗത്തില്‍ നിന്ന്
ടോമിയുടെ അനുശോചന യോഗത്തില്‍ നിന്ന്

മലയാളത്തില്‍ മൃഗങ്ങള്‍ കഥാപാത്രമായി വരുന്ന കഥകള്‍ ധാരാളമുണ്ട്. തകഴിയുടെ വെള്ളപ്പൊക്കത്തിലും ടി. പത്മനാഭന്റെ ശേഖൂട്ടിയിലും എം. പി. നാരായണപിള്ളയുടെ പരിണാമത്തിലും നായയാണ് പ്രധാന കഥാപാത്രം. എസ്. ഹരീഷിന്റെ ആദം വ്യത്യസ്ത സാഹചര്യങ്ങളില്‍ വളര്‍ത്തപ്പെടുന്ന നായകളുടെ വിധിയെ കുറിച്ച് പ്രതിപാദിക്കുന്ന കഥയാണ്. ഒരു കുടിയാനും അവന്റെ കാളയും തമ്മിലുള്ള കണ്ണ് നനയിക്കുന്ന കഥയാണ് ലളിതാംബിക അന്തര്‍ജനത്തിന്റെ മാണിക്കന്‍.

മരണാസന്നനായ ഒരു നായ തന്റെ നല്ല കാലം അയവിറക്കുന്ന ഹൃദയസ്പര്‍ശിയായ കഥയാണ് ടി. പത്മനാഭന്റെ ശേഖൂട്ടി. എന്നാല്‍ പത്മനാഭന് ഏറെ പ്രിയം പൂച്ചകളോടാണ്. ഒ.വി. വിജയനും ഇഷ്ടം പൂച്ചകളോട് തന്നെ. പൂച്ചകളുമൊത്ത് ഇരിക്കുന്ന വിജയന്റെ ചിത്രങ്ങള്‍ പ്രസിദ്ധമാണ്. പൂച്ചകളുടെ ദാര്‍ശനിക ഭാവമായിരിക്കണം വിജയനെ ആകര്‍ഷിച്ചത്. പൂച്ചകളും തത്വചിന്തയുമായി ബന്ധിപ്പിക്കുന്ന ആഴമേറിയ പഠനങ്ങളാണ് പ്രസിദ്ധ തത്വചിന്തകനായ ജോണ്‍ ഗ്രേയുടെ Feline Philoshophy: Cats and the meaning of life എന്ന പുസ്തകത്തില്‍. വിജയന്റെ കൃതികള്‍ ആഴത്തില്‍ പഠിച്ചിട്ടുള്ള നിരൂപകന്‍ പി. കെ. രാജശേഖരനും ഇഷ്ടം പൂച്ചകളോടാണ്. എന്നാല്‍ നായകളോട് വിപ്രതിപത്തി ഒന്നും ഇല്ല താനും.

ഹാചികോ സിനിമയില്‍ നിന്ന്
ഹാചികോ സിനിമയില്‍ നിന്ന്

മൃഗങ്ങളുമായി ഇടപഴകി വളരുന്ന കുട്ടികള്‍ മുതിര്‍ന്നവരാകുമ്പോള്‍ സ്വാഭാവികമായും ഈ മൃഗസ്നേഹവും ഒപ്പമുണ്ടാകും. കുട്ടിക്കാലത്ത് കുന്നത്തൂരിലെ വീട്ടില്‍ കുറഞ്ഞത് മൂന്ന് നായകളെങ്കിലും ഉണ്ടാവുമായിരുന്നു എന്നാണ് കെ. ആര്‍. മീര പറഞ്ഞത്. എല്ലാ മൃഗങ്ങളെയും ഇഷ്ടമാണെങ്കിലും മീരയ്ക്ക് നായകളോട് അല്‍പ്പം ഇഷ്ടം കൂടുതലുണ്ട്. ആരോഗ്യപരമായി ഏറെ ദുര്‍ബലമായ ഡാഷ്ഹണ്ട് ഇനത്തില്‍ പെട്ട നായയെ ദത്തെടുത്ത് വളര്‍ത്തുകയാണ് മീര. പാര്‍വോ വൈറസ് ആക്രമണത്തില്‍ മരണത്തെ മുഖാമുഖം കണ്ട ടെഡി എന്ന ഈ ഡാഷ്ഹണ്ടിനെ വളരെ കഷ്ടപ്പെട്ടാണ് മീര ജീവിതത്തിലേക്ക് തിരികെ എത്തിച്ചത്.

പൂച്ചയോട് വലിയ അടുപ്പമില്ലാത്തവരില്‍ പോലും അതിനോട് സ്നേഹമുണര്‍ത്തുന്ന തരത്തില്‍ 'ഒരു വളര്‍ത്തു പൂച്ചയുടെ ജീവിതകഥ' എന്ന കഥയെഴുതിയ വി. ആര്‍. സുധീഷിനും ഇഷ്ടം പൂച്ചകളോട് തന്നെ. ഒരു പൂച്ചയുടെ പ്രസവവും മരണവും കഠിനകാലത്തിലൂടെ കടന്നുപോകുന്ന എഴുത്തുകാരനില്‍ സഹാനുഭൂതിയുടെയും സഹജീവിസ്നേഹത്തിന്റെയും തരളമുദ്രകള്‍ പതിപ്പിക്കുകയാണ്.

ഒ.വി. വിജയനും പൂച്ചയും / Photo:keerthik śaśidharan
ഒ.വി. വിജയനും പൂച്ചയും / Photo:keerthik śaśidharan

വൈക്കം മുഹമ്മദ് ബഷീറിന്റെ ഒരു കഥയുടെ പേര് തന്നെ മാന്ത്രികപ്പൂച്ച എന്നാണ്. തന്റെ വീട്ടില്‍വന്നു കയറുന്ന പൂച്ചയുടെ ജീവിതവും ബഷീറിന്റെ അയല്‍ക്കാരും പൂച്ചയും തമ്മില്‍ ഉടലെടുക്കുന്ന വിചിത്ര ബന്ധവും ചിത്രീകരിക്കുന്ന ഈ കഥ സമൂഹത്തിലെ അനാചാരങ്ങള്‍ക്കെതിരെ നര്‍മരൂപത്തില്‍ പ്രതികരിക്കുന്ന ഒന്നാണ്. എന്നാല്‍ ഭൂമിയുടെ അവകാശികളില്‍ ബഷീര്‍ മൃഗങ്ങളും പക്ഷികളും വവ്വാലുകളും അടക്കം ഭൂമിയുടെ സമസ്ത ജീവജാലങ്ങളോടും സ്നേഹവും കരുണയും പ്രഖ്യാപിക്കുകയാണ്. വയലാലില്‍ വീട്ടിലെ ഹരിതവും വിശാലവുമായ പറമ്പിലെത്തുന്ന പക്ഷികളോടും പാമ്പുകളോടും വരെ ബഷീര്‍ ആശയവിനിമയം നടത്തുമായിരുന്നത്രെ. മൃഗങ്ങളുടെ ഭാഷ മനസിലാക്കാന്‍ കഴിവുള്ള അവധൂതന്മാരെ കുറിച്ചുള്ള കഥകളും ഏറെ പ്രചാരത്തിലുണ്ടല്ലോ.

ചട്ടമ്പിസ്വാമിയെ കുറിച്ചുള്ള കഥ അത്തരത്തില്‍ ഒന്നാണ്. ഒരിക്കല്‍ ഒരു പ്രമാണി ചട്ടമ്പിസ്വാമിയെ ഊണിന് ക്ഷണിച്ചു. തന്റെ കൂടെ ഏതാനും കൂട്ടുകാര്‍കൂടിയുണ്ടാവുമെന്നും അവര്‍ക്കും കൂടി ഭക്ഷണം കരുതണമെന്നും സ്വാമി പറഞ്ഞു. ഉച്ചയൂണിന് സ്വാമി എത്തിയപ്പോള്‍ ഏതാനും നായകളെ അദ്ദേഹത്തോടൊപ്പം കണ്ട ആതിഥേയന്‍ ഞെട്ടി. പക്ഷേ വീട്ടുകാരെ അമ്പരപ്പിച്ചുകൊണ്ട് അവ വളരെ അച്ചടക്കത്തോടെ സ്വാമിക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിച്ച് നന്ദിയോടെ മടങ്ങി എന്നാണ് കഥ.

എലിഫെൻറ്​ വിസ്പറേഴ്സ് സിനിമയില്‍ നിന്ന്
എലിഫെൻറ്​ വിസ്പറേഴ്സ് സിനിമയില്‍ നിന്ന്

രഘു എന്ന ആനക്കുട്ടിയും അതിന്റെ സംരക്ഷകരും തമ്മിലുള്ള ഹൃദ്യമായ ബന്ധത്തെ കുറിച്ചാണ് എലിഫന്റ് വിസ്പറേഴ്സ് എന്ന മനോഹരമായ ഡോക്യുമെന്ററി പറയുന്നത്. ഈ ലഘുചിത്രത്തിന് ഓസ്ക്കാര്‍ പുരസ്ക്കാരം കിട്ടിയ വാര്‍ത്തയുടെ ചൂടാറും മുമ്പേയാണ് അരിക്കൊമ്പന്‍ മാധ്യമങ്ങളില്‍നിറഞ്ഞത്.

എലിഫെൻറ്​ വിസ്പറേഴ്സ് ഇമ ചിമ്മാതെയാണ് എന്റെ കുട്ടികള്‍ കണ്ടത്. അരിക്കൊമ്പനെ എന്ത് ചെയ്യണമെന്ന വിഷമം പിടിച്ച ചോദ്യം അവരുടെയും മനസിനെ അസ്വസ്ഥമാക്കുന്നുണ്ട്.

വെള്ളപ്പൊക്കത്തിലും മാണിക്കനും വായിച്ച് മകളുടെ കണ്ണു നിറ‍ഞ്ഞിട്ടുണ്ട്. വയല്‍വരമ്പിലെ തോട്ടില്‍ മാനത്തുകണ്ണികളെ തിരഞ്ഞ ബാല്യം അന്യം നിന്നു പോയിട്ടില്ല. ഉപാധികള്‍ ഇല്ലാത്ത സ്നേഹവുമായി വാലാട്ടിയും ചുണ്ടു നനച്ചും ചുരുണ്ടു കൂടിയും വളര്‍ത്തുമൃഗങ്ങള്‍ എന്നും മനുഷ്യനൊപ്പം ഉണ്ടാവും.


Mixed Bag പരമ്പരയിലെ മറ്റു ലേഖനങ്ങള്‍ വായിക്കൂ…

Comments