'It's Freezing NewYork, Where the hell is global warming?'
- Donald J Trump
''കാലാവസ്ഥാ വ്യതിയാനം എന്നത് തട്ടിപ്പാണ്’’ എന്ന് പരസ്യപ്രഖ്യാപനം നടത്തിയ ഡോണൾഡ് ട്രംപ് വീണ്ടും അമേരിക്കൻ പ്രസിഡണ്ട് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഈ തെരഞ്ഞെടുപ്പ്, മുൻകാല ഉച്ചകോടികളിലെ പല തീരുമാനങ്ങളെയും പ്രതികൂലമായി ബാധിച്ചേക്കാമെന്ന് വിദഗ്ധർ സൂചിപ്പിക്കുന്നു. നവംബർ 11ന് തുടങ്ങുന്ന, ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള കാലാവസ്ഥാ ഉച്ചകോടിയിൽ (UN Climate Change Conference- COP 29) യു.എസിനെ പ്രതിനിധീകരിച്ച്, ഇപ്പോൾ പ്രസിഡന്റ് സ്ഥാനത്തുള്ള ബൈഡനാണ് പങ്കെടുക്കേണ്ടതെങ്കിലും, പരാജയത്തോടെ അതിൽനിന്ന് വിട്ടുനിൽക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിച്ച് ഡോണൾഡ് ട്രംപ് നാളിതുവരെ നടത്തിയിട്ടുള്ള പരസ്പര വിരുദ്ധങ്ങളായ എല്ലാ പ്രസ്താവനകളും തുടർന്നങ്ങോട്ടുള്ള നയരൂപീകരണങ്ങളിൽ പ്രതിഫലിക്കും എന്നതിൽ സംശയമില്ല.
മുൻകാലങ്ങളിൽ കാലാവസ്ഥാ ഉച്ചകോടിയിൽ സജീവമായി പങ്കെടുത്തിരുന്ന രാഷ്ട്രത്തലവന്മാരിൽ പലരും, രാജ്യങ്ങൾ തന്നെയും, ഇത്തവണ അതിൽനിന്ന് ഒഴിഞ്ഞുനിൽക്കുകയാണ്.
അസർബൈജാനിലെ ബാകുവിൽ ആരംഭിക്കുന്ന കാലാവസ്ഥാ ഉച്ചകോടിയുടെ പ്രധാന ചർച്ചാ വിഷയം കാലാവസ്ഥാ ഫണ്ടിനെ സംബന്ധിച്ചായിരിക്കും. വികസ്വര- അവികസിത രാജ്യങ്ങൾ കാർബൺ ഉദ്‌വമനത്തിന്റെ ചരിത്രപരമായ ഉത്തരവാദിത്തം ഏറ്റെടുത്ത് തങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ വികസിത രാജ്യങ്ങളോട് ശക്തിയോടെ ആവശ്യപ്പെടും. National Collective Quantified Goal (NCQG) എന്ന് വിശേഷിപ്പിക്കുന്ന കാലാവസ്ഥാ ഫണ്ടിംഗിനായുള്ള ചർച്ചകൾ ഈ വർഷത്തോടെ അവസാനിക്കുന്ന 100 ബില്യൺ ഡോളർ പ്രതിജ്ഞ പുതുക്കുന്നതിനുള്ള ശ്രമം ശക്തമാക്കും. അതിനപ്പുറം, കാലാവസ്ഥാ സംരക്ഷണ പ്രവർത്തനങ്ങളിൽ എന്തെങ്കിലും ക്രിയാത്മക ഇടപെടൽ ‘കോപ് 29’ൽ സംഭവിക്കുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. മുൻകാലങ്ങളിൽ കാലാവസ്ഥാ ഉച്ചകോടിയിൽ സജീവമായി പങ്കെടുത്തിരുന്ന രാഷ്ട്രത്തലവന്മാരിൽ പലരും, രാജ്യങ്ങൾ തന്നെയും, ഇത്തവണ അതിൽനിന്ന് ഒഴിഞ്ഞുനിൽക്കുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഡോണൾഡ് ട്രംപിന്റെ തിരിച്ചുവരവ് ഗ്രീൻ എനർജിയിലേക്കുള്ള പരിവർത്തനങ്ങൾക്കും കാലാവസ്ഥാ സംരക്ഷണ പ്രവർത്തനങ്ങൾക്കും വലിയ തടസ്സം സൃഷ്ടിക്കുമെന്ന് ഈ മേഖലയിലെ നിരീക്ഷകർ പറയുന്നു. ട്രംപിന്റെ വിജയത്തിൽ ആശംസ നേർന്ന് അമേരിക്കൻ എനർജി അലയൻസ് (American Energy Alliance- AEA) പുറപ്പെടുവിച്ച പ്രസ്താവന, ഫോസിൽ ഇന്ധന ലോബിയുടെ ആഹ്ലാദം വ്യക്തമാക്കുന്നതായിരുന്നു. അമേരിക്കൻ എണ്ണ- വാതക മേഖലയ്ക്ക് പരിപൂർണ്ണ പിന്തുണ നൽകുമെന്നും താപനിലയങ്ങളുമായി ബന്ധപ്പെട്ട ഉദ്‌വമനം കുറയ്ക്കുന്നതിനായി നിർമ്മിക്കപ്പെട്ട നിയമങ്ങൾ പരിമിതപ്പെടുത്തുമെന്നും ഇലക്ട്രിക് വാഹനങ്ങൾക്കുള്ള സർക്കാർ പിന്തുണ പിൻവലിക്കുമെന്നും ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഊർജ്ജ മേഖലയിൽ ശക്തമായി ഇടപെടുന്ന വൻകിട കോർപ്പറേറ്റുകളുടെ വലിയൊരു നിര റിപ്പബ്ലിക്കൻസിന്റെയും ട്രംപിന്റെയും പിന്നിൽ ശക്തമായി നിലയുറപ്പിച്ചിരുന്നു.
പലപ്പോഴും ട്രംപ് കാമ്പെയ്‌നർമാരുടെ പ്രചാരണ പ്രവർത്തനങ്ങളെ നേരിടാനാകാതെ, ഷേൽ വാതക ശേഖരണത്തിനായുള്ള ഫ്രാക്കിംഗ് സാങ്കേതികവിദ്യ നിരോധിക്കുമെന്ന ഡെമോക്രാറ്റുകളുടെ മുൻ പ്രഖ്യാപനത്തെ കമലാ ഹാരിസിന് തള്ളിക്കളയേണ്ടിവന്നുവെന്ന് കാണാം. എല്ലായ്‌പ്പോഴുമെന്ന പോലെ കാലാവസ്ഥാ പ്രതിസന്ധിയുടെ ഇക്കാലത്തും ഫോസിൽ ഇന്ധനലോബി അമേരിക്കൻ തെരഞ്ഞെടുപ്പിൽ എത്രമാത്രം ശക്തമായ സ്വാധീനം സൃഷ്ടിക്കുന്നുവെന്നതിന്റെ ഉദാഹരണം കൂടിയാണത്.
ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് എണ്ണ കമ്പനികളിൽ നിന്ന് 75 മില്യൺ ഡോളറിലധികം ലഭ്യമായിട്ടുണ്ടെന്ന വസ്തുതകൾ പുറത്തുവരികയാണ്.
ബൈഡൻ- ഹാരിസ് ഭരണകൂടം ഊർജ്ജമേഖലയിൽ നടത്തിയ പരിഷ്‌കരണങ്ങൾ എടുത്തുകളയാൻ ട്രംപിനോടൊപ്പം പ്രവർത്തിക്കാൻതയ്യാറാണെന്നായിരുന്നു ട്രംപിന്റെ വിജയവാർത്ത അറിഞ്ഞതിന് മണിക്കൂറുകൾക്കുള്ളിൽ അമേരിക്കൻ എനർജി അലയൻസ് പ്രസ്താവനയിൽ സൂചിപ്പിച്ചത്.
ഡോണൾഡ് ട്രംപിനുവേണ്ടി പ്രവർത്തിക്കുകയും 2025-ലെ 'പ്രസിഡൻഷ്യൽ ട്രാൻസിഷൻ പ്രൊജക്റ്റ്' സംഘടിപ്പിക്കുകയും ചെയ്ത ഹെറിറ്റേജ് ഫൗണ്ടേഷൻ ടീമിൽ അംഗമായ 'ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എനർജി റിസർച്ച്' (IER), ട്രംപ് ഭരണകൂടം നടപ്പിലാക്കാൻ സാധ്യതയുള്ള എനർജി റോഡ് മാപ്പ് തയ്യാറാക്കിയിട്ടുണ്ട്. അതനുസരിച്ച്, ആഭ്യന്തര എണ്ണ- വാതക ഉത്പ്പാദനം വർധിപ്പിക്കാനും ബൈഡൻ- ഹാരിസ് ഗവൺമെന്റ് മുന്നോട്ടുവെച്ച 'ഗ്രീൻ ന്യൂ ഡീൽ' (Green New Deal Policy) നയങ്ങൾഎടുത്തുകളയാനും ട്രംപ് ഗവൺമെന്റ് തയ്യാറാകും. പുതുക്കാവുന്ന ഊർജ്ജസ്രോതസ്സുകളുമായി ബന്ധപ്പെട്ട് ബൈഡൻ ഭരണകൂടം നടപ്പിലാക്കിയ മൂന്ന് സുപ്രധാന നിയമ നിർമ്മാണങ്ങൾ- ചിപ്സ് ആക്റ്റ് (Creating Helpful Incentives to Produce Semiconductors- CHIPS Act), ബൈപാർട്ടിസൻ ഇൻഫ്രാസ്ട്രക്ചർ ലോ (The Bipartisan Infrastructure Law-BIL), ഇൻഫ്ലേഷൻ റിഡക്ഷൻ ആക്റ്റ് (The Inflation Reduction Act- IRA)- ട്രംപ് ഭരണകൂടം പിൻവലിക്കാനുള്ള സാധ്യത തള്ളിക്കളയാവുന്നതല്ല. ട്രംപിന്റെ ജയം ഉറപ്പായതോടെ പുതുക്കാവുന്ന ഊർജ്ജ മേഖലയിലെ കമ്പനികളുടെ ഓഹരിവില വലിയ തോതിൽ ഇടിഞ്ഞതായി റിപ്പോർട്ട് ചെയ്യപ്പെട്ടു.
ട്രംപിന്റെ തിരിച്ചുവരവിൽ ഉത്കണ്ഠ രേഖപ്പെടുത്തിയവരിൽ പ്രധാനികൾ യൂണിയൻ ഓഫ് കൺസേൺഡ് സയന്റിസ്റ്റ് (Union of Concerned Scientists- UCS) എന്ന സംഘടനയാണ്. രണ്ടാം ട്രംപ് ഭരണത്തിൽ ‘കാലാവസ്ഥ, ഊർജം, നീതിമുൻഗണനകൾ എന്നിവക്കുമേലുള്ള ആക്രമണം’ കൂടുതലായി പ്രതീക്ഷിക്കുന്നുവെന്നാണ് യു.സി.എസിന്റെ ക്ലൈമറ്റ് ആന്റ് എനർജി പ്രോഗ്രാം മാനേജിംഗ് ഡയറക്ടർ ചിത്ര കുമാർ ബ്ലോഗിൽ എഴുതിയത്: ''എന്തായിരിക്കും അടുത്തത് എന്നതിനെക്കുറിച്ച് ആഴത്തിലുള്ള ആശങ്കകളുണ്ട്''. ഫോസിൽ ഇന്ധനമേഖലയിൽ 'സമ്മാനം' പ്രതീക്ഷിക്കുന്നുവെന്നാണ് ചിത്രയുടെ എഴുത്തിന്റെ ചുരുക്കം.
ഫോസിൽ ഇന്ധന വ്യവസായത്തിന് നൽകാനിരിക്കുന്ന ഈ ‘സമ്മാന’ങ്ങൾ പ്രധാനമായും എണ്ണ- വാതക ഉത്പാദനത്തിന്റെ വിപുലീകരണം, കയറ്റുമതിയിലെ വർധനവ്, ഹരിതോർജ്ജ വികസന നയങ്ങൾക്ക് തടയിടൽ എന്നിവയായിരിക്കും. ഈയൊരു നയപരമായ പിൻമാറ്റം ഉറപ്പുവരുത്തുന്നതിനായി ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് എണ്ണ കമ്പനികളിൽ നിന്ന് 75 മില്യൺ ഡോളറിലധികം ലഭ്യമായിട്ടുണ്ടെന്ന വസ്തുതകളും പുറത്തുവരികയാണ്. എക്കാലത്തെയും പോലെ എണ്ണ ഉത്പാദന മേഖലയിൽ കൂടുതൽ നിക്ഷേപങ്ങൾ സാധ്യമാക്കുന്ന നയങ്ങൾക്ക് ട്രംപ് ഭരണകൂടം ആക്കം കൂട്ടും. എണ്ണ ഉത്പാദത്തെക്കുറിച്ചുള്ള റിപ്പബ്ലിക്കൻസിന്റെ അടിസ്ഥാന മുദ്രാവാക്യം, ‘ഡ്രിൽ ബേബി, ഡ്രിൽ', കൂടുതൽ ശക്തിയോടെ മുഴങ്ങും.
ആഗോള കാലാവസ്ഥാ മുന്നേറ്റത്തിന് തുരങ്കം വെക്കുന്ന, കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏറ്റവും മോശമായ ആഘാതങ്ങൾ പരിമിതപ്പെടുത്താനുള്ള അന്താരാഷ്ട്ര ഉടമ്പടിയായ പാരീസ് ഉടമ്പടിയിൽ നിന്ന് വീണ്ടും പുറത്തുകടക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ കാർബൺ എമിറ്റർ എന്ന നിലയിൽ പാരീസ് ഉടമ്പടിയുടെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ അമേരിക്കയുടെ പങ്കാളിത്തം വളരെ പ്രധാനമാണ്. അമേരിക്കയുടെ പിൻമാറ്റം ആഗോള കാലാവസ്ഥാ സംരക്ഷണ ശ്രമങ്ങൾക്ക് വരിയ തിരിച്ചടിയായിരിക്കുമെന്നതിൽ തർക്കമില്ല.